Tuesday, August 31, 2010

തെരുവുപട്ടിയുടെ ആത്മബന്ധുത്വം

റെയില്‍വേസ്റ്റേഷനിലിറങ്ങിയ രമേഷ് വെറുതേ ചുറ്റും നോക്കി.

ആരുമില്ല.

അങ്ങനെ തനിക്കു വേണ്ടി കാത്തിരിക്കാന്‍ ആരുമുണ്ടാവില്ലെന്നറിയുമെങ്കിലും വെറുതേ ആശിച്ചു പോയതായിരുന്നു.

ഏറിയാല്‍ ഒരാഴ്ച അതിനുള്ളില്‍ ഇടപാടുകളെല്ലാം തീര്‍ത്ത് എന്നെന്നേക്കുമായി വിട വാങ്ങണം. ഇനിയൊരിക്കലും ഈ ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ പോലും അവശേഷിക്കാത്ത രഹസ്ഥലികളില്‍ അലയണം. ഒടുക്കം... ഒടുക്കം എവിടെയെങ്കിലും ഒരു അനാഥനെപ്പോലെ...

നന്ദന എനിക്കു പ്രിയപ്പെട്ട അനിയത്തി തന്നെയാണ് ഇപ്പൊഴും. അവള്‍ എന്തൊക്കെ കുത്തുവാക്കുകളും ഗുരുത്വദോഷവും പറഞ്ഞിട്ടുണ്ടെങ്കിലും, പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും എനിക്കതെല്ലാം ക്ഷമിക്കാവുന്നതേയുള്ളൂ. അമ്മയുടെ കത്തിനേക്കാള്‍ അവളുടെ ദുഃഖമാണെന്നെ വീണ്ടും ഈ ഗ്രാമത്തിലേക്കു വലിച്ചടുപ്പിച്ചത്. അവളുടെ വിവാഹസമയത്ത് ഞാന്‍ കൊടുത്തിരുന്ന വാക്കാണത്.എന്‍റെ പേരിലുള്ള മൂന്നേക്കര്‍ അവള്‍ക്കു കൊടുത്തേക്കാമെന്ന്. ഇന്ന് അതിന്‍റെ പേരില്‍ അവളുടെ ഭര്‍ത്താവും കുടുംബവും നോവിക്കുന്നത് എനിക്കു സഹിക്കില്ല. അതവളുടെ പേരില്‍ എഴുതി നല്‍കണം. രണ്ടു ദിവസം അമ്മയുടെ കൂടെ കഴിയണം. എന്നെന്നേക്കുമായി തിരികെ പോകണം.

രമേശ് ഇങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ട്‌ റെയില്‍‍വേസ്റ്റേഷന്‍റെ വെളിയിലേക്കു നടന്നു. പെട്ടെന്നാണ് ഓര്‍ക്കാപ്പുറത്ത് തറയില്‍ കിടന്നുറങ്ങിയിരുന്ന ഒരു കില്ലപ്പട്ടിയുടെ നെഞ്ചത്ത് കയറി ചവിട്ടിയത്.

ഭൈ ഭൈ എന്ന നിലവിളിയോടെ പട്ടി എടുത്ത് ചാടിയതും തൊട്ടടുത്ത് ചാരുബഞ്ചില്‍ ഇരുന്ന പെണ്‍കുട്ടിയെ കടിച്ചതും ഒന്നിച്ചായിരുന്നു. കുട്ടിയുടെ കയ്യില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങി. രമേശ്‌ എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്നു. പലരും പലതും പറയാന്‍ തുടങ്ങി. ഒടുവില്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ഉത്തരവാദിത്വം രമേശിന്‍റെ തലയിലായി. അപ്പൊഴും ചോര വാലുന്ന കയ്യുമായി, പരിഭവങ്ങളൊന്നുമില്ലാതെ, ഒന്നു കരയുക പോലും ചെയ്യാതെ ആ കുട്ടി നിന്നു. അവളുമായി ഓട്ടോയിലിരിക്കുമ്പൊഴും അവള്‍ ഒന്നും സംസാരിച്ചില്ല. ഇടക്കെപ്പൊഴോ രമേശ് ചോദിച്ചു.

കുട്ടിയുടെ പേരെന്താണ്?

അശ്വതി. അവള്‍ നിര്‍വികാരമായി പറഞ്ഞു.

ഓട്ടോ കുറച്ചു കൂടി നീങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു. ഞാനിവിടെ ഇറങ്ങിക്കോളാം.

രമേശ്‌ ചോദിച്ചു ആശുപത്രിയില്‍ പോകണ്ടേ?

വേണ്ട

അയ്യോ മുറിവുണ്ടല്ലോ. അതു പറ്റില്ല. ആശുപത്രിയില്‍ പോയി മരുന്നു വയ്ക്കണം.

എന്തു കൊണ്ടോ അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. അവര്‍ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്ത് പുറത്തിറങ്ങി. രമേശ് ചോദിച്ചു കുട്ടിക്കെവിടെയാണ് പോകേണ്ടത് ഞാന്‍ കൊണ്ടു വിടാം. അവള്‍ ഒന്നും പറഞ്ഞില്ല.എന്നാല്‍ അവളുടെ കണ്ണുകള്‍ നിറയുന്നത് രമേശ് കണ്ടു.

എന്തുകൊണ്ടോ അവന്‍ അവളുടെ കഥ അറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. വളരെ നിര്‍ബന്ധിച്ച ശേഷമാണവള്‍ പറഞ്ഞു തുടങ്ങുന്നത്.

കുട്ടിക്കാലത്തേ അനാഥത്വത്തിന്‍റെ വേദനയില്‍ വളര്‍ന്ന അവള്‍ക്ക് താങ്ങും തണലുമായിരുന്നത് അവളുടെ അമ്മാവനായിരുന്നു. അവിവാഹിതനായ അയാള്‍ ഒരു കുറവും അറിയിക്കാതെ അവളെ വളര്‍ത്തി. കുഞ്ഞു പാവാടയില്‍ നിന്നും ദാവണിസ്വപ്നങ്ങളുടെ വര്‍ണ്ണപ്രപഞ്ചത്തിലേക്ക് അവള്‍ വളര്‍ന്നപ്പോള്‍, വര്‍ദ്ധിച്ചു വന്ന അമ്മാവന്‍റെ സ്നേഹം ആദ്യമൊന്നും തെല്ലും സംശയമില്ലാതെയാണ് അവള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ നാളുകള്‍ ചെല്ലും തോറും വന്യമായ കാമാസക്തിയോടെ അവളെ പ്രാപിക്കാനടുക്കുന്ന ചെകുത്താന്‍റെ രൂപം അയാളില്‍ തെളിഞ്ഞു വരുന്നത് നിസ്സഹായതയോടെ അവള്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ ഒരു രാത്രിമഴ താണ്ഡവമാടിയ ദുര്‍ദിനത്തില്‍ അവള്‍ അയാളില്‍ നിന്നും കുതറിയോടി മരണം എന്ന അനിവാര്യത തേടി യാത്രയാവുകയായിരുന്നു. ആ രാത്രി അവള്‍ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ചു. രാവിലെ ആരോടും പറയാതെ പുറപ്പെടുകയായിരുന്നു. റെയില്‍വേസ്റ്റേഷനില്‍ ആള്‍സഞ്ചാരം കുറയുന്ന ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണത്തിന്‍റെ ചൂളം വിളീയുമായെത്തുന്ന തീവണ്ടി വന്നണയുന്ന നിമിഷം വരെ, തന്‍റെ സ്ത്രീത്വത്തിനു പോറലേല്‍ക്കാതെ സുരക്ഷിതയായിരിക്കാന്‍ ഒരിടം. അതു മാത്രമായിരുന്നു ആ റെയില്‍‍വേസ്റ്റേഷനിലെ കാത്തിരുപ്പ്.


രമേഷ് അവളുടെ കഥ കേട്ട്, ഉത്തരമൊന്നും പറയുവാനാകാതെ അല്പസമയം നിലകൊണ്ടു. അയാള്‍ ആലോചിച്ചു. ഈശ്വരാ ഇതെന്തൊരു നിയോഗം. ആത്മഹത്യചെയ്യാന്‍ പോയിരുന്ന ആ പെണ്‍കുട്ടി ഇങ്ങനെയൊരു സംഭവമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിനോടകം... എന്തുകൊണ്ടോ അവന് അവളെ മരണത്തിനു വിട്ടു കൊടുക്കുവാന്‍ മനസ്സു വന്നില്ല. ഏതോ ജന്മങ്ങളുടെ ബന്ധം അവനവളോടു തോന്നി. അവാച്യമായ ഒരു സുരക്ഷിതത്വബോധത്തില്‍ നിന്നും ഉടലെടുത്ത ഒരു വിധേയത്വം അവള്‍ക്കും. അല്ലായിരുന്നുവെങ്കില്‍ അവളിതൊന്നും രമേഷിനോട്‌ തുറന്നു പറയുമായിരുന്നില്ല.

അവന്‍ ചോദിച്ചു. അശ്വതിക്കു മരിക്കാതിരുന്നു കൂടേ?
അവള്‍ ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു. മുഖത്തേക്കു പാറിക്കിടന്നിരുന്ന ചുരുള്‍മുടികളില്‍ തട്ടി ഒരു കാറ്റു കടന്നു പോയത് അവളെ അസ്വസ്ഥപ്പെടുത്തിയില്ല. അവളുടെ കണ്ണുകളില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണീര്‍മുത്തുകള്‍ തുടയ്ക്കുവാന്‍ കൂട്ടാക്കാതെ അവള്‍ ചലനമില്ലാതെ നിലകൊണ്ടു. രമേഷിന്‍റെ കൈത്തലങ്ങള്‍ക്ക് ആ കണ്ണുനീര്‍ തുടയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അജ്ഞാതമായ ഏതോ അവകാശത്തിന്‍റെ പ്രഘ്യാപനമെന്ന വണ്ണം അവന്‍ അവളുടെ കണ്ണുനീര്‍ തുടച്ചു. ആര്‍ദ്രമായ നോട്ടത്തോടെ അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി. അവന്‍റെ അവകാശപ്രഘ്യാപനത്തിന് അവള്‍ നല്‍കിയ അംഗീകാരമായിരുന്നു ആ നോട്ടം. അവന്‍റെ കണ്ണുകളും സജലങ്ങളായിരുന്നു. ആ സമയം ഈ പ്രപഞ്ചത്തില്‍ അവര്‍ രണ്ടു പേര്‍ മാത്രമേയുള്ളുവെന്ന് അവര്‍ക്കു തോന്നി.

അവന്‍ അവളോടു പറഞ്ഞു. ഞാനും അനാഥനാണ്.ഈ നല്ല ജീവിതം എന്തിനാണ് നശിപ്പിക്കുന്നത്? അനാഥത്വത്തിന്‍റെ വേദന സനാഥനായിരിക്കേ തന്നെ അനുഭവിച്ചവനാണ് ഞാന്‍.
ഇന്നത്തെ എന്‍റെയീ തിരിച്ചു വരവിന് ഞാന്‍ കരുതിയിരുന്നതൊന്നുമല്ല കാരണമെന്നു ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇത് കാലത്തിന്‍റെ നിയോഗമായിരുന്നു. നമുക്കൊന്നായി കൂടേ. ചെറിയൊരു ജോലിയും, താമസിക്കാന്‍ ഒരു വാടകവീടും മാത്രമാണ് എനിക്കു സ്വന്തമായുള്ളതെങ്കിലും, ഈ കണ്ണുകള്‍ നിറയാതെ നോക്കാന്‍ ഒരു മനസ്സെനിക്കുണ്ട്‌. ആ മനസ്സ് ഒത്തിരി സ്നേഹം കൊതിക്കുന്നുമുണ്ട്. നമുക്കു പരസ്പരം കൈമാറാന്‍ കഴിയുന്നതും അതു മാത്രമാണല്ലോ.

അവള്‍ നിയന്ത്രണം വിട്ടു കരയുവാന്‍ തുടങ്ങി. ആരൊക്കെയോ അവരെ ശ്രദ്ധിച്ചും, ശ്രദ്ധിക്കാതെയും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ തീരുമാനിച്ചു... ഒന്നായൊഴുകാന്‍... തീരത്തെ പ്രണയിച്ച തിരമാല പോലെ അവരുടെ മനസ്സില്‍ വിവരണാതീതമായ ഓളങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. സ്നേഹം ലഭിക്കുന്നതിന്‍റെ സന്തോഷം, അനുഭൂതി; അതെ അത് അനിര്‍വ്വചനീയമാണ്.

................................................................

തേക്കിന്‍ കാടു മൈതാനം ചുറ്റി അവര്‍ വടക്കുംനാഥന്‍റെ തിരുമുന്‍പിലെത്തുമ്പോള്‍ ഭഗവാന്‍ ഉച്ചശ്രീബലിക്കായി പുറത്തെഴുന്നള്ളി നിന്നിരുന്നു. അവര്‍ക്ക് അനുവാദം ചോദിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ജീവിതം നഷ്ടപ്പെട്ട രണ്ടു ജന്മങ്ങള്‍. എന്നാല്‍ ഇന്ന് ഈ നിമിഷം വളരെ വലിയ എന്തോ ഒന്നു നേടിയ ധന്യത രണ്ടു പേര്‍ക്കും. ആഢ്യനായ വിശ്വനാഥന്‍റെ മുന്‍പില്‍ അവര്‍ കണ്ണുകള്‍ കൊണ്ടു പരസ്പരം വരിച്ചു. കണ്ണു നീര്‍ത്തുള്ളികള്‍ കൊണ്ട്‌ പരസ്പരം മാല ചാര്‍ത്തി. അവളുടെ കരപല്ലവങ്ങള്‍ അവന്‍റെ കൈകളില്‍ അഭയവും, സ്നേഹവും, സുരക്ഷയും തേടി സമര്‍പ്പിതമായപ്പോള്‍, പ്രപഞ്ചത്തിന്‍റെ കരഘോഷം പോലെ, പ്രകൃതിയുടെ കുരവ പോലെ ക്ഷേത്രഗോപുരത്തിന്‍റെ മുകളില്‍ നിന്നും പറന്നുയര്‍ന്ന മാടപ്രാവുകളുടെ ചിറകടിയൊച്ച ആ മംഗളനിമിഷത്തെ മുഖരിതമാക്കി. മന്ത്രം ജപിച്ച് പൂജാരി തൂകിയ ബലിച്ചോറ് അവരുടെ വിവാഹസദ്യയായി. വിതയ്ക്കാതെ, വിളവെടുപ്പു നടത്താതെ, നാളേക്ക് യാതൊന്നും സംഭരിച്ചു വയ്ക്കാതെ അനന്താകാശത്തിന്‍റെ നീലിമയില്‍ പാറിപ്പറന്നും, പ്രകൃതിയുടെ മാസ്മര സംഗീതത്തില്‍ ശ്രുതി ചേര്‍ത്തും നിസ്വാര്‍ത്ഥരായി ജീവിക്കുന്ന പക്ഷികള്‍ അവരുടെ വിവാഹ സദ്യ ഉണ്ടു. അവന്‍ അവളുടെ കൈപിടിച്ച് തിരികെ നടന്നു.

അവന്‍ വീട്ടില്‍ ചെന്നു കയറിയ നിമിഷവും, തുടര്‍ന്നും അവളാരാണെന്ന് ആരും ചോദിച്ചില്ല. ഉമ്മറപ്പടിയില്‍ നിന്നിരുന്ന നന്ദനയുടെ മുഖത്ത് ഒരു പുഞ്ചിരി പോലും അവന്‍ ദര്‍ശിച്ചില്ല. ഇനി മേല്‍ അവനതിന്‍റെ ആവശ്യമില്ലെന്ന സത്യം നന്ദനയുമറിഞ്ഞില്ല. അതേ, അവനു സ്നേഹിക്കാനും, ഒരു യുഗം മുഴുവന്‍ അവനു വേണ്ടി പുഞ്ചിരിക്കാനും അവന് ഇന്ന് അശ്വതിയുണ്ട്. അവര്‍ അമ്മയുടെ കാല്‍ തൊട്ടു തൊഴുതു. ആര്‍ക്കോ വേണ്ടിയെന്ന പോലെ അവര്‍ ‘നന്നായി വരട്ടെ’ എന്നവരെ അനുഗ്രഹിച്ചു. പിറ്റേന്നു തന്നെ ഭൂമിയുടെ ഇടപാടുകള്‍ തീര്‍ത്ത് അവര്‍ യാത്ര തിരിച്ചു.

തിരികെ റെയില്‍‍വേസ്റ്റേഷനിലെത്തുമ്പോള്‍ അവന്‍ കയ്യില്‍ ഒരു പൊതി കരുതിയിരുന്നു. വണ്ടി വരാന്‍ ഇനിയും അല്പസമയം കൂടി മാത്രം. അവന്‍റെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. വളരെ വേണ്ടപ്പെട്ട ആരെയോ കാണാത്തതിന്‍റെ പരവശ്യം അവന്‍റെ മുഖത്തു പ്രകടമായിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അശ്വതി അതൊന്നും കാണുന്നില്ലായിരുന്നു. ഒടുവില്‍ അവന്‍റെ കണ്ണുകള്‍ ആ കാഴ്ച കണ്ട് തെളിഞ്ഞു. അന്നവന്‍ ചവുട്ടിയ ആ തെരുവുപട്ടി. അതെ അതിനെയായിരുന്നു രമേഷ് തിരഞ്ഞിരുന്നത്. നന്ദിപൂര്‍വ്വം, സ്നേഹപൂര്‍വ്വം അവനാ പൊതിയഴിച്ച് അതിനു കൊടുത്തു. വരുന്ന വഴി വാങ്ങിയ ബിരിയാണി. കണ്ടു നിന്ന ഏതാനും ചിലര്‍ അത്യത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. അവനു ഭ്രാന്താണെന്നു കരുതിയിരിക്കും ചിലപ്പോഴവര്‍.

വണ്ടി വന്നു. നിറവിലേക്ക്, നന്മയിലേക്ക്, ജീവിതത്തിലേക്ക്, സ്നേഹത്തിന്‍റെ അളവില്ലാത്ത ആഴങ്ങളിലേക്കുള്ള ആ യാത്ര അവിടെ തുടങ്ങുകയായി... വണ്ടി ചലിച്ചു തുടങ്ങുമ്പൊഴും, കണ്ണില്‍ നിന്നു മായുവോളം തങ്ങള്‍ കൊടുത്ത ഭക്ഷണം മറ്റൊന്നും ശ്രദ്ധിക്കാതെ ആര്‍ത്തിയോടെ തിന്നുന്ന ആ പട്ടിയെ അവര്‍ നന്ദിപൂര്‍വ്വം നോക്കിയിരുന്നു... ആ നാട്ടില്‍ അവര്‍ക്ക് അവശേഷിച്ച ഒരേയൊരു ബന്ധു ആ തെരുവുപട്ടിയായിരുന്നു.

© ജയകൃഷ്ണന്‍ കാവാലം
 
Site Meter