Sunday, June 29, 2008

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി... (ഒരു സ്വതന്ത്ര വീക്ഷണം)

മനുവിന് ദിവ്യചക്ഷുസ്സുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല.
ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പറയുമായിരുന്നില്ല. സൂക്ഷ്മമായ വ്യാഖ്യാനത്തില്‍ ഈ വാചകത്ത്ലെ അര്‍ത്ഥത്തിന് നേരിയ ഒരു ആശയച്യുതി കല്‍പ്പിച്ച്‌ വളച്ചൊടിക്കാമെങ്കിലും ‘നേരേ’യുള്ള അര്‍ത്ഥത്തില്‍ നോക്കിക്കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍നിന്നും, ഭാരതസ്ത്രീകള്‍ വ്യതിചലിച്ച്‌ ചിന്തിച്ചു തുടങ്ങിയതിന്‍റെ അസ്വാരസ്യങ്ങള്‍ സമൂഹത്തില്‍ പ്രകടമാണ്.

ഞങ്ങള്‍ എന്തിനും പോന്നവരാണെന്നുള്ള ആത്മവിശ്വാസം അവരെ ശൂന്യാകാശത്തും, കാക്കിക്കുള്ളിലും, നിയമ സഭയിലും, തെങ്ങിന്‍റെ മണ്ടയിലും വരെയെത്തിച്ചു എന്നത്‌ ‘ആധുനികര്‍ക്ക്‌‘ അഭിമാനത്തിനു വക നല്‍കുന്നു. എന്നാല്‍ ചില ഫെമിനിസ്റ്റ് ആന്‍റിമാരുടെ, ആന്‍റി സോഷ്യലിസം മാധ്യമങ്ങളിലൂടെയും മറ്റും അറിയുമ്പോള്‍ നാം കണ്ണുതള്ളാറുമുണ്ട്‌. മാധ്യമങ്ങള്‍ക്ക് മാംസചക്ഷുസ്സില്ലാത്തതിനാല്‍ ആ കണ്ണുകള്‍ തള്ളാറില്ലായിരിക്കാം; എങ്കിലും പലതും കാണുന്ന കാമറക്കണ്ണുകള്‍ക്ക്‌ ‘നമസ്കാരം’.

ഭാരതത്തിന്‍റെ ഉദ്യാന നഗരം. രാജ്യത്തെ തന്നെ തിരക്കേറിയ സിറ്റികളിലൊന്നായിരുന്നിട്ടും ഇത്രയേറെ മനോഹാരിത തുടിച്ചു നില്‍ക്കുന്ന സ്ഥലം അപൂര്‍വ്വമാണ്. സര്‍ക്കാര്‍ ചിലവിനു കൊടുക്കുന്ന പാര്‍ക്കുകളും നിരത്തിലെ വൃക്ഷങ്ങളും വേറെയും. അവിടെ സ്വന്തമായി മാനേജര്‍ ഇല്ലാത്ത ഇവന്‍റ് മാനേജിംഗ് കമ്പനിയുടെ സീനിയര്‍ വിഷ്വലൈസറുടെ കസേര പ്രകൃതിക്കഭിമുഖമായേ കിടക്കുവാന്‍ പാടുള്ളൂ. അയാളുടെ കണ്ണുകളില്‍ എപ്പോഴും പ്രകൃതിയുടെ പച്ചപ്പും, ആധുനികതയുടെ പ്ലാസ്റ്റിക് പച്ചപ്പും (മുപ്പത് മൈക്രോണില്‍ താഴെയുള്ളത്‌) , സാങ്കേതികതയുടെ ഇലക്ട്രോണിക് പച്ചപ്പും ഉണ്ടായിരിക്കണം. കാതുകളില്‍ കവികള്‍ പറയാറുള്ള ‘മര്‍മ്മരം’ എന്ന സാധനം, സി.പി.യു. ഫാനിന്‍റെ മൂളലായും, മൊബൈല്‍ ഫോണിന്‍റെ പോളിഫോണിക് മര്‍മ്മരങ്ങളായും, വീഡിയോ കാമറയുടെ മൂളലായും ഒക്കെ എപ്പോഴും സജ്ജമായിരിക്കും. കലാകാരന്മാരുടെ ആത്മാവില്‍ പ്രചോദനമാകുന്ന ‘കുളിര്‍‘ നിറയാറുണ്ടത്രേ!!!. പ്രകൃതിയുടെ ദളഛായയിലൂടെ അരിച്ചിറങ്ങുന്ന, ഹിമകണങ്ങളെ തഴുകി തലോടി ആ മരത്തിലും, ഈ മരത്തിലും എങ്ങാണ്ടൊക്കെയും കറങ്ങിത്തിരിഞ്ഞു വരുന്ന നമ്മുടെ കാറ്റുണ്ടല്ലോ... നമ്മുടെ ഒത്തിരി കവികള്‍ എടുത്തിട്ടു തലങ്ങും വിലങ്ങും പൂശിയ അതേ കാറ്റ്...

വിഷ്വലൈസര്‍പ്പണി ഒരു കലയാണെന്നിരിക്കേ ഈ പറഞ്ഞ കാറ്റു കൂടിയില്ലെങ്കില്‍ പ്രസ്തുത കലക്കു പൂര്‍ണ്ണത വരുമോ?. ഇലക്ട്റോണിക് കാലഘട്ടത്തില്‍, ബാറ്ററിയിട്ടാല്‍ പ്രവര്‍ത്തിക്കുന്ന അച്ഛനും, അമ്മയും വരെയുള്ള ഈ കാലഘട്ടത്തില്‍, ഷോ കേസില്‍ ഇരിക്കാന്‍ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പ്രത്യേകമായി പരിശീലിപ്പിക്കുന്ന നമ്മുടെ നാടിന്‍റെ ഇന്നത്തെ ‘സമ്പന്നതയില്‍‘ ഈ പറഞ്ഞ കാറ്റിനെ മരത്തിന്‍റെ ഇലയിലും, പാറക്കെട്ടിലുമൊക്കെ അരിച്ചെടുക്കുന്ന തത്രപ്പാടൊഴിവാക്കാന്‍ എയര്‍കണ്ടീഷണറിനോളം വിരുത്‌ മറ്റാര്‍ക്കാ ഉള്ളത്‌?. ചുരുക്കത്തില്‍ അതും റെഡി.

ഉയര്‍ന്ന ഉദ്യോഗം ലഭിക്കുമെന്നു ജാതകത്തിലുണ്ടായിരുന്നതു കൊണ്ട് പത്താം നിലയുടെ മണ്ടയ്ക്കു കിട്ടിയ ഉദ്യോഗം ജീവിതത്തിലെ ഒരു ഉയര്‍ന്ന ‘തലം’ തന്നെയെന്നു വിശ്വസിച്ച് മേൽപ്പറഞ്ഞ ജാതകമെഴുതിയെ ഭവാനി കണിയാട്ടിയുടെ ശാസ്ത്രയുക്തിയെ മനസ്സാ വണങ്ങി കാലം കഴിച്ചു. ‘ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുക്കാമായിരുന്നു’ എന്നു കരുതിയ എനിക്കു തെറ്റി. ഞായറാഴ്ച്ച പോലും ഇരിക്കപ്പൊറുതിയില്ലാതായി. എങ്കിലും വല്ലപ്പോഴും വീണുകിട്ടുന്ന ‘അര’ ഞായറാഴ്ച്ചകളില്‍ വായീനോട്ടം എന്ന ജന്മസിദ്ധമായ വൈഭവത്തിനെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കാലം. ഞാനും; കൂട്ടുകാരനും, മലയാളിയും, സ്നേഹസമ്പന്നനും, സഹൃദയനും, കുടിയനും ആയ ആദിത്യചന്ദ്രനും ഒന്നിച്ച്‌ ചില സമയങ്ങളില്‍ ‘കബന്‍‘ പാര്‍ക്കില്‍ പോയിരിക്കുക പതിവുണ്ടയിരുന്നു. രാത്രി പത്തുമണിയാകുമ്പോള്‍ പോയാല്‍ അര്‍ദ്ധരാത്രിയോടെ തിരിച്ചെത്തും. ഒരിക്കല്‍ മാത്രം പകല്‍വെളിച്ചത്തില്‍ കണ്ടിട്ടുള്ള ആ സ്ഥലം അതി മനോഹരമായ ഒരു ഉദ്യാനമാണ്. പലപ്പോഴും ആ പൂന്തോട്ടത്തിന്‍റെ സൌന്ദര്യം എന്‍റെ സ്ഥാപനത്തില്‍ മോഡലിംഗ് എന്നു പറഞ്ഞ്‌ വേഷം കെട്ടിവരുന്ന നമ്മുടെ ആധുനികത്തിമാരുടെ ‘വിചിത്ര’ സൌന്ദര്യം മാത്രം കണ്ടു കോങ്കണ്ണു ബാധിച്ച എന്‍റെ കാമറക്കണ്ണുകള്‍ക്ക്‌ കാണിച്ചു കൊടുക്കണമെന്നു തോന്നിയിട്ടുണ്ട്‌. എന്നാല്‍ പകലിന്‍റെ പ്രകാശത്തിലെ, പ്രേമത്താല്‍ (ഈ കോപ്രായങ്ങളെ ‘പ്രേമം’ എന്ന വാക്കുപയോഗിച്ചു വിളിച്ചാല്‍ പോലും പാപം കിട്ടും... എന്നാലും...) അന്ധത ബാധിച്ച കമിതാക്കളുടെ നമ്മുടെ സാക്ഷാല്‍ വാത്സ്യായന മഹര്‍ഷി ആത്മഹത്യ ചെയ്തു പോകുന്ന തരത്തിലുള്ള ലീലാവിലാസങ്ങള്‍ കണ്ട് എന്‍റെ കാമറ എന്നെ തന്തക്കു വിളിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു. രാത്രിയില്‍ പോയി ഷൂട്ട് ചെയ്യാന്‍ അത്ര ധൈര്യവുമില്ല കാരണം രാത്രി എന്നെയും ആദിയെയും പോലുള്ള ഭ്രാന്തന്മാരല്ലാതെ മറ്റാരും അവിടെ വന്നിരിക്കാറില്ല. പാതിരാത്രിയില്‍ അലഞ്ഞു തിരിയുന്ന സദ്ഗുണന്മാരോ, സമാധാന പാലകരോ ‘ഇതൊന്നു കിട്ടിയിരുന്നെങ്കില്‍‘ എന്നു കരുതിയാല്‍ കമ്പനിയുടെ ഔദാര്യത്തിനു ഞാന്‍ വില കൊടുക്കേണ്ടി വരും. ആകയാല്‍ ആ മനോഹര ദൃശ്യങ്ങളെ പ്രിയ കമിതാക്കള്‍ക്കു മാത്രമായി വിട്ടു കൊടുത്തു. രാത്രിയുടെ സംഗീതം വല്ലപ്പോഴും പോയി ആസ്വദിച്ചു മടങ്ങുന്നതാണ് നല്ലതെന്ന്‌ തീരുമാനിച്ചു.

ഉദ്യാന നഗരിയുടെ ഹൃദ്യസൌന്ദര്യത്തെ വാനോളം പുകഴ്ത്തിയ ലോകത്തിലെ എല്ലാ മഹാപാപികളും എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു ‘സ്ത്രീത്വത്തിന്‍റെ’ പ്രാകട്യം മറച്ചു വച്ചത്?. (ഒരു പക്ഷേ ‘മറയ്ക്കാന്‍‘ ഒന്നുമില്ലാത്തതുകൊണ്ടാവാം). ആധുനിക സൌന്ദര്യാസ്വാദകരോട്‌ ക്ഷമ ചോദിച്ചു കൊണ്ട്‌ ഒന്നു പറഞ്ഞോട്ടേ... അയ്യേ...

ചന്ദ്രനില്‍ ചായക്കട തുടങ്ങിയ, പാതാളത്തിലെ കള്ളുഷാപ്പു തുറന്ന, നരകത്തില്‍ മുറുക്കാന്‍ കട നടത്തുന്ന അങ്ങനെ ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും എന്തെങ്കിലുമൊക്കെ ചെയ്തും ഒന്നും ചെയ്യാതെയും വിലസുന്ന മലയാളി സാന്നിധ്യത്താലും സമ്പന്നമാണ് ബാംഗ്ലൂര്‍.

ഞാന്‍ കണ്ടിട്ടുള്ള, ഞാന്‍ അറിയുന്ന ബാംഗ്ലൂര്‍ മലയാളിമങ്കിമാരില്‍ (അക്ഷരത്തെറ്റായിരിക്കുമോ?) ഒന്നിനു പോലും ഭാരതസ്ത്രീയുടെ ഭാവശുദ്ധിസര്‍ട്ടിഫിക്കറ്റില്ല എന്നത്‌ വളരെ വേദനാജനകമായ ഒരു സത്യമാണ്. പലരുടേയും നെറ്റി ചുളിയുന്ന ഈ സത്യം പറഞ്ഞു പോയതിന്‍റെ പേരില്‍ എനിക്കൊന്നു കുളിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. കാരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘നഗ്ന’ സത്യമാണത്‌.

വൈകുന്നേരം ഏഴരക്കെങ്കിലും ഓഫീസില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയുക ഒരു ഭാഗ്യമാണ്. എന്നാല്‍ ശനിയാഴ്ചകളിലാണ് ഈ ഭാഗ്യം കൈവരുന്നതെങ്കില്‍ മനഃപൂര്‍വ്വം താമസിച്ചേ വീട്ടില്‍ പോകൂ. ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള നടപ്പാതയില്‍ ഒരു ‘പബ്‌‘ ഉണ്ട്‌. കള്ളു കുടിച്ച്‌ നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ കുടിയന്മാര്‍ നടത്തുന്ന ‘കൂത്താട്ടത്തിന്‘ അവിടെ ഫീസീടാക്കുമത്രേ!!. പണ്ട്‌ തിരുവനന്തപുരത്ത്‌ വരാന്‍ പോകുന്നു എന്നു പറഞ്ഞപ്പൊഴേ നാട്ടുകാര്‍ കെട്ടു കെട്ടിച്ച നിശാ നൃ്ത്തശാലകള്‍ ബാംഗ്ലൂരില്‍ സുലഭം. അത്‌ സൌന്ദര്യ ബോധത്തിനും, സുന്ദരിമാരുടെ അംഗലാവണ്യത്തിനും, കലാവൈഭവത്തിനും ഒരു നിശ്ചിത സംഖ്യ ഈടാക്കിക്കൊണ്ട്!് അവരെ പ്രോത്സാഹിപ്പിക്കുന്നു!!. കാശു മേടിച്ചിട്ടായാലും പ്രോത്സാഹിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?.

ഓഫീസില്‍ നിന്നും അബദ്ധവശാല്‍ ആ സമയം ആ വഴിക്കെങ്ങാനും പോയാല്‍ അതിനു മുന്‍പില്‍ അരക്കണ്ണുമായി (ഇതായിരിക്കും കവികള്‍ വാഴ്ത്തുന്ന ‘അര്‍ദ്ധനിമീലിത കാതര‘ നയനം എന്നു പറയുന്ന സാധനം!!) നിന്നു ചാഞ്ചാടുന്ന ‘പൂവാലിമാര്‍‘ നമ്മളെ കമന്‍റടിക്കും. ഒത്തു കിട്ടിയാല്‍ തോണ്ടി വിളിക്കുകയും ചെയ്യും. എല്ലാം വിദ്യാര്‍ത്ഥിനികള്‍. അത്ഭുതം ഇതൊന്നുമല്ല മദ്യം സ്വന്തം വ്യക്തിത്വം വെളിവാക്കുമെന്നു പറഞ്ഞ ഏതോ മഹാനായ കുടിയനേ മനസാ സ്മരിച്ചു കൊണ്ടു പറയട്ടെ... ഏറിയ ശതമാനവും മലയാളിപ്പെണ്‍കുട്ടികള്‍. പക്ഷേ വായില്‍ നിന്നും മലയാളം പൊഴിയണമെങ്കില്‍ അല്പം ‘വീര്യം’ അകത്തു ചെല്ലണം.

മക്കളെ പഠിപ്പിക്കാന്‍ ഇല്ലാത്ത കാശും കൊടുത്ത്‌, മനസ്സിലെ പ്ലാസ്മ മോണിട്ടറില്‍ വര്‍ണ്ണാഭമായ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന വന്ദ്യ രക്ഷാകര്‍ത്താക്കളോട്‌ സഹതാപം മാത്രം. എന്നാല്‍ കിട്ടുന്ന പോക്കറ്റ്മണി തികയാഞ്ഞിട്ടോ, അതോ കിട്ടിയത്‌ കൂടിയതിന്‍റെ ഉന്മാദമോ അതുമല്ല മനുവിന്‍റെ ശാപമോ ആ രക്ഷാകര്‍ത്താക്കളുടെ പൊന്നോമനകളുടെ കയ്യിലിരുപ്പ്‌ കണ്ടാല്‍ കരണത്ത്‌ പൊട്ടിക്കാനാണ് മുഖത്ത്‌ കണ്ണുള്ള, കണ്ണിന് (ശരിയായ) കാഴ്ച്ചയുള്ള എല്ലാവര്‍ക്കും തോന്നുക.

നാട്ടില്‍ വന്നീ കഥകളൊക്കെ പറയുമ്പോള്‍ മെട്രോ സിറ്റിയുടെ തോന്ന്യാസങ്ങളെന്ന്‌ കുറ്റം പറയും ചിലര്‍. ഒന്നു പോയാല്‍ കൊള്ളാമെന്ന്‌ ചില തൈക്കിളവന്മാര്‍ ആശിക്കും. നല്ല അമ്മമാര്‍ക്ക്‌ വെപ്രാളം കൂടും. നല്ല അച്ഛന്മാര്‍ക്ക് രക്തം തിളക്കും. ആങ്ങളമാര്‍ക്ക്‌ അത്രടം വരെ ഒന്നു പോയാല്‍കൊള്ളാമെന്നു തോന്നും (ഉദ്ദേശ്യം രണ്ടായാലും) ഇനിയും ചിലര്‍ക്ക്‌ ഓക്കാനം വരും. പക്ഷേ ദൈവത്തിന്‍റെ സ്വന്തം മക്കളുടെ പോക്കിപ്പോള്‍ എങ്ങോട്ടാ?.

ചിലരിലെങ്കിലും ആധുനികത, സ്വാതന്ത്ര്യം, സൌകര്യം ഇങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളില്‍ ഇത്തരം ആഭാസത്തരങ്ങളോട്‌ അല്പം മമത തോന്നിത്തുടങ്ങിയിട്ടില്ലേ എന്നു ചോദിച്ചാല്‍ എല്ലാവരും ആകാശത്തോട്ട് നോക്കും. ആകാശം എന്നൊന്നില്ലായിരുന്നെങ്കില്‍ ഉത്തരം മുട്ടുന്നവര്‍ എങ്ങോട്ടു നോക്കിയേനെ?.

‘ക്യാറ്റ് വാക്ക്’ എന്ന പേരില്‍ ഒരു സമ്പ്രദായമുണ്ടല്ലോ. ‘പൂച്ച നടത്തം’ എന്നാണിതിന്‍റെ അര്‍ത്ഥമെങ്കില്‍ പൂച്ച കണ്ടാല്‍ ഓടിച്ചിട്ടു കടിക്കും സംശയമില്ല. എന്നാല്‍ ഫാഷന്‍ ഷോകളില്‍ നടക്കുന്നതെന്ന്‌ ഓക്സ്‌ഫോര്‍ഡ്‌ ഡിക്ഷണറി പറയുന്ന ഈ നടത്തം പെരുവഴിയിലായാലോ?. പണ്ട്‌ കാലത്ത്‌; അതായത്‌ കേരളം സാനിട്ടേഷനില്‍ അത്ര കണ്ട്‌ വിജയം കൈവരിക്കുന്നതിനും മുന്‍പ്‌... പറമ്പില്‍ നിന്നും കുളത്തിലേക്കോ, തോട്ടിലേക്കോ ഒക്കെ ശുദ്ധാത്മാക്കളായ ചില കാരണവന്മാര്‍ നടന്നു പോകുന്നത്‌ കാണാമായിരുന്നു.

ആധുനികവത്കരിക്കപ്പെട്ട ഭാരതീയ സംസ്കാരം എന്ന്‌ ഈ നടത്തത്തിനെ വിശേഷിപ്പിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍ കേരളത്തിന്‍റെ പഴയ സംസ്കാരം മേല്‍ സൂചിപ്പിച്ച ‘കാരണവന്മാരുടെ ആ പ്രവൃത്തിയിലായിരുന്നോ’ എന്നു ചിന്തിച്ചിട്ടു വേണം.

പറഞ്ഞു കേട്ടും, നേരിട്ടുമുള്ള ചില ബാംഗ്ലൂര്‍ മലയാളിപ്പെണ്‍കുട്ടികളുടെ കഥ പറയാം. ഒരുത്തി ഉപരി പഠനത്തിനാണെന്നും പറഞ്ഞ്റങ്ങിയതാണ്. തൊഴില്‍ പ്രണയ പഠനം. ആ കുട്ടി തന്നെ കുമ്പസാരിച്ച കണക്കനുസരിച്ച്‌ ഏകദേശം പന്ത്രണ്ടോളം പ്രണയങ്ങള്‍ സുഗമമായി ഇപ്പോഴും മുന്‍പോട്ടു പോകുന്നു. പല ഭാഷക്കാര്‍, ദേശക്കാര്‍... ‘പ്രേമോദര്യം’ എന്നൊരു വാക്ക്‌ മലയാളഭാഷക്ക് വേണമായിരുന്നു... സാഹോദര്യം പോലെ... തുടര്‍ന്നു പറഞ്ഞാല്‍ ഭാഷയുടെ ശാപം എനിക്കു കിട്ടും.

മറ്റൊരുത്തി ബാംഗ്ലൂരില്‍ തന്നെ ജനിച്ചു വളര്‍ന്നവള്‍, പ്രൊഫസറുടെ മകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി... സെന്‍റിമന്‍സ്‌ വര്‍ക്കൌട്ട് ചെയ്ത്‌ കാമുകന്മാരെ തിരയുന്നു. ആഘോഷമായി പ്രേമലേഘനങ്ങള്‍ അയക്കുന്ന കലാപരിപാടിയും വശമുണ്ട്‌. പക്ഷേ ഒരു സമയം ഒരാള്‍ മാത്രം. ആദ്യത്തേതു കഴിയുന്നതിനു മുന്‍പേ തന്നെ അടുത്തയാളെ വളച്ചിരിക്കും.

കൂടുതല്‍ അറിയണമെന്നു തോന്നാഞ്ഞതിനാല്‍ മലയാളിയെ കണ്ടാല്‍ മുഖം തിരിക്കാന്‍ റ്ശീലിച്ചു. ഇപ്പൊഴും “ഞങ്ങള്‍ ഇനിയും സ്വതന്ത്രരല്ല“ എന്നാണ് ഫെമിനിസ്റ്റ്‌ കുഞ്ഞമ്മമാരും, ആധുനികതയുടെ പൂനിലാവെളിച്ചത്തിലേക്ക്‌ സ്വപ്നേന്ദ്രിയങ്ങള്‍ വിക്ഷേപിച്ച്‌... ഞങ്ങളുടെ ഭാവി അവിടെയാണ്, അവിടെയാണ് എന്നു വിലപിക്കുന്ന പുരോഗമന(തീവ്ര)വാദി പെണ്‍കുട്ടികളും വിളിച്ചു കൂവുന്നത്‌.

സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയത്തിലെ മുഖ്യ ഘടകം പുരുഷന്മാരുടെ ദ്രോഗങ്ങളില്‍ നിന്നും, മറ്റുള്ള ന്യായീകരിക്കാന്‍ കഴിയാത്ത സാമൂഹികമായ വിലക്കുകളില്‍ നിന്നുമുള്ള മോചനമാണെങ്കില്‍ അത്‌ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകത്തിലൂടെ സ്ത്രീയെ മുറിയില്‍ പിടിച്ചു പൂട്ടിയിടണമെന്നോ, അവള്‍ക്ക്‌ ഉണ്ണാനും ഉടുക്കാനും കൊടുക്കരുതെന്നോ, നിരന്തരം ഉപദ്രവിക്കണമെന്നോ ആണ് വിവക്ഷിച്ചിരിക്കുന്നതെങ്കില്‍ ആ വാചകത്തേല്‍ കരിഓയില്‍ ഒഴിക്കാം. എന്നാ അതല്ല യാഥാര്‍ഥ്യം എന്നത്‌ മനസ്സിലാക്കണമെങ്കില്‍ മനുസ്മൃതി ഒരിക്കലെങ്കിലും ഒന്നു വായിച്ചു നോക്കണം. കേവലം എവിടെയോ, ആരോ പറഞ്ഞു കേട്ട ഒരു വാക്കേല്‍ പിടിച്ചു തൂങ്ങി സ്ത്രീയെ പൂട്ടിയിടണമെന്നാണ് അതിനര്‍ത്ഥമെന്നു ശഠിച്ചാല്‍ സമ്മതിച്ചു തരാന്‍ പ്രയാസമുണ്ട്‌.

പ്രിയമുള്ള, ബഹുമാനപ്പെട്ട, സ്നേഹം നിറഞ്ഞ....... ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന സ്മൃതി വാചകത്തെ തലതിരിച്ചു വ്യാഖ്യാനിച്ച്‌, തലങ്ങും വിലങ്ങും ‘ഒരിറ്റ് സ്വാതന്ത്ര്യത്തിനായി’ നെട്ടോട്ടമോടുന്ന സ്ത്രീവിമോചന സേനയുടെ മുന്നണിപ്പോരാളികളേ....... ഒരു ചോദ്യം, ഒരേയൊരു ചോദ്യം മാത്രം...

സ്വാതന്ത്ര്യം എന്നതു കൊണ്ട്‌ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌?. സാമൂഹികവും, സദാചാരപരവുമായ എല്ലാ മാനദണ്ഡങ്ങളേയും വെല്ലു വിളിക്കാനോ?. അതോ പുരുഷനേപ്പോലെ മീശ വയ്ക്കാനോ?. അതെ എന്നാണുത്തരമെങ്കില്‍ കൂടുതലൊന്നും അറിയാന്‍ ആഗ്രഹമില്ല.

നേരേ മറിച്ച്‌, കരിയും പുകയും പിടിച്ച, ആഹാരം കഴിക്കാനോ, സ്വന്തമായി ഒരു വാക്കെഴുതാനോ, ചിന്തിക്കുവാനോ, ഉറങ്ങുവാനോ പോലും സ്വാതന്ത്ര്യമില്ലാത്ത, അത്തരം പല പല മേഖലകളില്‍ അടിച്ചമര്‍ത്തപ്പെടുന്ന പൈശാചികമായ ദുരവസ്ഥയില്‍ നിന്നും ഉള്ള മോചനമാണെങ്കില്‍ സാമാന്യ ബുദ്ധിയും, ധര്‍മ്മബോധവുമുള്ള എല്ലാ പേരും നിങ്ങളോടൊപ്പമുണ്ടാവും. മേല്‍ പറഞ്ഞ സ്മൃതിവചനത്തെ സങ്കിചിതമായ ഒരു തലത്തിലേക്ക്‌ ഒരു കാലത്ത്‌ തളയ്ക്കപ്പെട്ടിട്ടുണ്ടാകാം എന്ന സത്യം മറക്കുന്നില്ല. പക്ഷേ ആ വാചകത്തിലെ ധ്വനി സ്ത്രീക്ക്‌ എല്ലാ സം രക്ഷണവും എല്ലാ പ്രായത്തിലും ഉറപ്പു വരുത്തുന്നതായിരുന്നു. അന്നും, ഇന്നും, എന്നും സ്ത്രീ, ഭാരതീയര്‍ക്ക്‌ പൂജനീയയാണ്. അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുക തന്നെ ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും പവിത്രമായ വാക്കാണ് ‘അമ്മ’. ആ വാക്കിന്‍റെ എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യം.

സാന്ത്വനം എന്നു കൂടി അര്‍ത്ഥം തോന്നിപ്പിക്കുന്ന ‘സഹോദരി’യുടെ സ്വാതന്ത്ര്യം.

വീടിന് വിളക്കാകുന്ന, ധര്‍മ്മത്തിനും, കര്‍മ്മത്തിനും, കര്‍മ്മഫലങ്ങള്‍ക്കും തുല്യ പങ്കാളിത്തമുള്ള അര്‍ദ്ധനാരീശ്വര സങ്കൽപ്പത്തിലൂടെ എന്നും ഭാരതീയര്‍ പൂജിക്കുക തന്നെ ചെയ്തിട്ടുള്ള ‘ഭാര്യയുടെ’ സ്വാതന്ത്ര്യം.

ജീവിതത്തിലെ പ്രഥമ സാഫല്യമായി തന്നെ കരുതാവുന്ന ‘മകളുടെ’ സ്വാതന്ത്ര്യം.

പൂര്‍ണ്ണതയുടെ പ്രതീകമായി, ഐശ്വര്യത്തിന്‍റെ പ്രതീകമായി, സമ്പന്നതയുടെ പ്രതീകമായി, ലക്ഷ്മിയായി, ഭൂമിയായി, വിദ്യയായി എല്ലാം വേദങ്ങള്‍ മുതല്‍ വാഴ്ത്തുന്ന സ്ത്രീ സ്വതന്ത്രയാവേണ്ടത്‌ ലോകവിജയത്തിന്‍റെ തന്നെ ആവശ്യമാണ്, എന്നാല്‍ അത്‌ ലോക നാശത്തിന്‍റെ മൂലകാരണമാകാതിരിക്കട്ടെ. ‘നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്‍റെ നാരായ വേരുകള്‍‘ എന്നു പാടിയ കവിയെ പഴിക്കുന്നതിനു പകരം ആ കവി കണ്ട ‘നാരിയെ’ നമ്മുടെ നാരീസങ്കല്പത്തില്‍നിന്നും തുടച്ചു മാറ്റാം. ആ നാരിയായിത്തീരാനുള്ള സ്വാതന്ത്ര്യം നമുക്ക്‌ വേണ്ടെന്നു വയ്ക്കാം...

© ജയകൃഷ്ണന്‍ കാവാലം
 
Site Meter