Monday, November 17, 2008

പ്രണയകലയില്‍ എം ബി എ, പ്രിയതമക്കു പ്രാണന്‍ പോരേ?

അഥവാ ഒരു പൈങ്കിളിക്കഥ



മാനേജ്‌മെന്‍റ് വിദ്യാഭ്യാസം എന്നു പറയുന്നത് ഒരു ഭയങ്കര സംഭവമാണ്. തന നിറയെ മണ്ടത്തരങ്ങള്‍, ഒരല്പം മന്ദബുദ്ധിത്തരം, ധാരാളം വിവരക്കേട്‌, ഏതു പച്ചക്കള്ളവും ഉആതൊരു ഭാവവ്യത്യാസവുമില്ലാതെ വിളിച്ചു പറയാനുള്ള വൈദഗ്ധ്യം, ആരെങ്കിലും മുഖത്തു നോക്കി തന്തക്കു വിളിച്ചാലും മന്ദസ്മിതം തൂകുവാനുള്ള അപാരമായ തൊലിക്കട്ടി, ഒപ്പം മോന്ത ക്ലീന്‍ ഷേവ് ചെയ്ത് മുട്ടത്തോടു പോലെ ആക്കുകയും കൂടി ചെയ്താല്‍ ഇതില്പരം ഒരു യോഗ്യതയില്ല ഈ പണിക്ക്. ഒരു കാരണവശാലും കൊള്ളാവുന്ന സര്‍വ്വകലാശാലകളില്‍ നിന്നൊന്നും ഈ ‘അഭ്യാസം’ പഠിച്ചെടുക്കരുത്. മുംബൈയിലെ ഉല്ലാസ് നഗര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ ശിവാജി നഗര്‍ യൂണിവേഴ്സിറ്റി, എറണാകുളം ഫോര്‍ട്ട് കൊച്ചി യൂണിവേഴ്സിറ്റി, തിരുവനന്തപുരം ചെങ്കല്‍ച്ചൂള യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ മാത്രം ചേര്‍ന്നു പഠിക്കുക. എം ബി ബി എസ്സിന് 12000, എം ബി എ 6000 തുടങ്ങി വിവിധ വിലകളില്‍ ‘സാധനം’ കയ്യില്‍ കിട്ടുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

ധാരാളം മണ്ടന്മാര്‍ക്ക് സ്വന്തമായി കമ്പനികളുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം അഭ്യസ്ത വിദ്യന്മാര്‍ക്ക് ഒരു ജോലി കിട്ടാനും വളരെ എളുപ്പം.

നമ്മുടെ കഥാപാത്രം 2003 വരെയും കല്‍ക്കട്ടക്കാരനായിരുന്നു. കല്‍ക്കട്ടയിലുള്ള ഏതോ ഉഡായിപ്പു യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റും കൊണ്ടാണ് അന്നദ്ദേഹം അവതരിച്ചിരുന്നത്‌. മധുരക്കാരനായ ഞങ്ങളുടെ മധുരാക്ഷന്‍ മുതലാളിക്ക്‌ എം ബി എ എന്നു കേട്ടപ്പോഴേ കണ്ണു മഞ്ഞളിച്ചു. ചെന്തമിഴ് മന്നന്‍റെ ചെന്താമരക്കണ്ണുകളില്‍ തൊട്ടു മുന്‍പിലിരിക്കുന്ന സുന്ദരക്കുട്ടപ്പനോട്‌ എന്തെന്നില്ലാത്ത ഒരു അഭിനിവേശം. തോളറ്റം കിടക്കുന്ന തന്‍റെ കാര്‍കുന്തളങ്ങളില്‍ തഴുകിക്കൊണ്ട്‌ അദ്ദേഹം മൊഴിഞ്ഞു. യൂ ആര്‍ അപ്പോയിന്‍റഡ്‌. ഈ മധുരവചസ്സുകള്‍ കേട്ട് തൊട്ടപ്പുറത്തെ കാബിനിലിരുന്ന്‌ അന്നത്തെ ഡെയിലി റിപ്പോര്‍ട്ടില്‍ എന്തെങ്കിലുമൊക്കെ ഒന്നു വരച്ചു വയ്ക്കുവാന്‍ പെടാപ്പാടു പെട്ടുകൊണ്ടിരുന്ന ഈയുള്ളവന്‍ ഒന്നു പാളി നോക്കി. ഇടക്കിടെ പാതി തുറന്ന് അടിയനെ ചീത്ത പറയുവാനായി മാത്രം സ്ഥാപിതമായിട്ടുള്ള ചില്ലു ജാലകത്തിലൂടെ മുതലാളിയുടെയും, ഭാവി തൊഴിലാളിയുടേയും മോന്തക്ക് പതിനായിരം വാട്ട്‌സിന്‍റെ പ്രകാശം കണ്ട്‌ രോമാഞ്ചമണിഞ്ഞു പോയി. നവാഗതന്‍ നറുനെയ്യില്‍ വറുത്ത്, നറുതേനില്‍ കുതിര്‍ത്ത്, നാണത്തില്‍ കുളിച്ച് പറഞ്ഞ തന്‍റെ കഴിവുകളില്‍ മതിമയങ്ങി ബഹുമാനപ്പെട്ട മുതലാളി അല്പ സമയം മറ്റേതോ ലോകങ്ങളിലൊക്കെ കറങ്ങിത്തിരിഞ്ഞ് വന്നപ്പൊഴേക്കും ഓഫര്‍ ലെറ്ററും പോക്കറ്റിലിട്ട്‌ ആശാന്‍ സ്ഥലം വിട്ടിരുന്നു.

ചീത്ത വിളിക്കാനായി തുറക്കപ്പെടുന്ന ചില്ലുജാലകത്തിന്‍റെ മെല്ലെയുള്ള ഞരക്കം കേട്ട് പുതിയ ചീത്തകള്‍ കേള്‍ക്കുവാന്‍ കാതുകള്‍ തയ്യാറെടുത്തു. എന്നാല്‍ മൈലാഞ്ചി തേച്ച കപ്പടാമീശയുടെ അടിയില്‍ തിളങ്ങുന്ന, കോറ്റ്പ്പറേഷന്‍ പുതുതായി പെയിന്‍റടിച്ച മയില്‍ക്കുറ്റി പോലുള്ള പല്ലുകള്‍ എന്നെ നോക്കി ഫ്ലാഷടിച്ചു. ഞാനും ഒരു വിഡ്ഢിപ്പുഞ്ചിരി തിരിച്ചു നല്‍കുവാന്‍ മറന്നില്ല. അങ്ങനെ അവിടെയൊരു പുഞ്ചിരിയുടെ പൂനിലാവു പരക്കെ അദ്ദേഹം മധുരമൃദുലമായി മൊഴിഞ്ഞു... ജെ.കെ ഹീ ഈസ് ഗോയിംഗ് റ്റൊ ജോയിന്‍ വിത്ത് അസ്‌...

ഒരു ഭാഗ്യവാനെ സഹപ്രവര്‍ത്തകനായി കിട്ടിയ അത്മനിര്‍വൃതിയില്‍ ഈയുള്ളവനും നീരാടി...

വന്നതിന്‍റെ മൂന്നാം ദിവസം മുതല്‍ പുതിയ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അപ്രത്യക്ഷനായി. ആര്‍ക്കും ഒരു വിവരവുമില്ല.ഏഴാം ദിവസം മുതലാളിയുടെ സഹധര്‍മ്മിണിയും ഞങ്ങളുടെ ഓപ്പറേഷന്‍സ് ഹെഡുമായ സാക്ഷാല്‍ ഭഗവതി വെങ്കിടാചലം രംഗപ്രവേശം ചെയ്തു. വന്ന പാടേ താന്‍ ടൂറിലായിരുന്ന സമയങ്ങളില്‍ ഇവിടെയുള്ള പ്രജകള്‍ എന്തൊക്കെ ചെയ്തു എന്നു തിരക്കി. ചില സത്യങ്ങളും കുറേ ക്രിയേറ്റീവായ കള്ളങ്ങളും അടിയനും തട്ടി വിട്ടു. (ഓഫീസിലിരിക്കുന്ന കെട്ടിയവനെ കാണാന്‍ ആരൊക്കെ വന്നു എന്തൊക്കെ മിണ്ടി എന്നൊക്കെ ചോദിച്ചാല്‍ കള്ളമല്ലാതെ വേറെന്തു പറയും? മിണ്ടിയാല്‍ വലിയ പ്രയോജനമൊന്നുമില്ലെങ്കിലും സ്വന്തമായി ആകെക്കൂടിയുള്ള തല അതിയാന്‍ വെട്ടിയെടുക്കും) അതിനു ശേഷം അറ്റന്‍ഡന്‍സ് ബുക്കില്‍ ആരെയൊക്കെ ചീത്ത വിളിക്കാന്‍ ചാന്‍സ് ഉണ്ടെന്നു പരതി. അപ്പോഴാണ് നമ്മുടെ ഭാഗ്യവാന്‍റെ പേരു കാണുന്നത്.

പ്രതീക്ഷിച്ചതു പോലെ തന്നെ തൊട്ടടുത്തിരുന്ന പണ്ടാരം നിലവിളിക്കാന്‍ തുടങ്ങി. മറ്റൊന്നുമല്ല ഒരു ചില്ലുജാലകത്തിന്‍റെ അകലം മാത്രമുള്ള തൊട്ടപ്പുറത്തെ കാബിനില്‍ നിന്നും അടിയനെ വിളിക്കാന്‍ അവിടെ സ്ഥാപിതമായിരിക്കുന്ന സാക്ഷാല്‍ ഫോണ്‍!!!

ശാന്തമായി, ഗംഭീരമായി, ചെമ്പുകുടത്തില്‍ വെള്ളം കോരുന്നതുപോലെയുള്ള ‘കുയില്‍ നാദം’ ഫോണിലൂടെ ഒഴുകിയെത്തി... ജെ. കെ ഇന്ത പക്കം കൊഞ്ചം വരുവാങ്കളാ...

ആ കാബിനില്‍ കയറണമെങ്കില്‍ ചില നിയമങ്ങളൊക്കെയുണ്ട്‌. കയ്യിലൊരു സ്ക്രിബ്ലിംഗ് പാഡും, എഴുതിയാല്‍ തെളിയുന്ന പേനയും കയ്യിലുണ്ടായിരിക്കണം, ഷര്‍ട്ടും ടൈയുമെല്ലാം നീറ്റ് ആന്‍ഡ് ക്ലീന്‍ ആയിരിക്കണം ഇങ്ങനെ പോകും... അതില്ലെങ്കില്‍ പിന്നെ അവിടെ നടക്കുന്ന കോലാഹലമൊന്നും പറയാതിരിക്കുകയാവും ഭേദം. മേല്‍ പറഞ്ഞ കുണ്ടാമണ്ടികളെല്ലാം വാരിയെടുത്തു കെട്ടി ഈയുള്ളവന്‍ സമക്ഷം ചെന്നപ്പോള്‍ കിട്ടിയ പണി ഊരു ചുറ്റാനുള്ള ആജ്ഞയായിരുന്നു. കൊണ്ടു പോയ കടലാസ്സില്‍ ഒന്നും എഴുതാതെ തലയില്‍ എഴുതിയ തമ്പുരാന് എന്‍റെ കുടുംബത്തില്‍ ആരോടോ ഉള്ള തീര്‍ത്താല്‍ തീരാത്ത പകയെ മനസ്സാ ശപിച്ച് തിരിച്ചിറങ്ങി പോന്നു...

സംഭവം മറ്റൊന്നുമല്ല. ചെന്നപാടേ എന്നോടു ചോദിച്ചു നമ്മടെ ‘ലവന്‍‘ എവിടെ പോയെന്ന്‌. കാണ്മാനില്ലെന്ന്‌ അടിയന്‍റെ മറുപടി. അന്വേഷിക്കാത്തതെന്താണെന്നു മറുചോദ്യം. സീനിയര്‍ വിഷ്വലൈസറുടെ പണി അതല്ലെന്നു മറുപടി. കയ്യിലിരുന്ന അറ്റന്‍ഡന്‍സ് ബുക്ക് മലര്‍ക്കെ തുറന്ന് പൊക്കിക്കാണിച്ച് ഡെസിഗനേഷന്‍ വായിക്കാന്‍ ആജ്ഞ. അപ്പോഴാണ് സത്യത്തില്‍ അതു വരെ കാണാത്ത പുതിയൊരു സാഹിത്യം അടിയന്‍ അതില്‍ കാണുന്നത്. (അപ്പോള്‍ എഴുതി ചേര്‍ത്തതാണോ എന്നും സംശയമില്ലാതില്ല) “സീനിയര്‍ വിഷ്വലൈസര്‍ കം ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍!!!“ (വേറൊന്നുമല്ല, വരുന്നവന്‍റേം പോകുന്നവന്‍റേം ജാതകം നോക്കണം, അറ്റന്‍ഡന്‍സ് ബുക്ക് രാവിലെ ഒന്‍പതരയാകുമ്പോള്‍ എടുത്ത് പൂഴ്ത്തി വച്ച് ബാക്കിയുള്ളവന്‍റെ തന്തക്കു വിളി കേള്‍ക്കണം, ഓഫീസ് സ്റ്റേഷണറികള്‍ ആവശ്യമായവര്‍ക്ക് മാത്രം കൊടുത്ത് ബാക്കിയുള്ളവന്‍ പൂട്ടി വയ്ക്കണം. ചുരുക്കത്തില്‍ സ്റ്റോര്‍ കീപ്പറിന്‍റെ പണി...) സംഗതി കൊള്ളാം. പക്ഷേ ഇത്രയും നീളത്തില്‍ ശമ്പളവും ഒന്നു നീണ്ടു വന്നെങ്കില്‍ എന്ന മധുരസ്മൃതിയില്‍ ഒരു ഇളിഞ്ഞ ചിരി മാത്രം സമര്‍പ്പിച്ച് അടിയന്‍ മിണ്ടാതെ നിന്നു. (ശമ്പളം നീളാറുണ്ടെന്നതു സത്യം. കിട്ടുന്ന തുകയല്ല. കിട്ടാനുള്ള തീയതിയും, കാത്തിരിപ്പുമാണു നീളുന്നതെന്നു മാത്രം) അപ്പോ ഇന്ത വേല ഇങ്കെ യാരു പാക്കണോ... ശൊല്ലപ്പാ... താളാത്മകമായ മൊഴിയുടെ ഒടുവില്‍ പോയി ആളെപ്പിടിക്കേണ്ട ചുമതല ഇവനാണെന്നു ബോധ്യമാക്കിത്തന്നു.

ഫോണില്‍ വിളിച്ചപ്പോള്‍ ആശാന്‍ പറഞ്ഞത് തീരെ സുഖമില്ലെന്നാണ്. എന്തായാലും പോയിപ്പിടിക്കാതെ തരമില്ലല്ലോ. ആകയാല്‍ അടിയന്‍ ബാംഗ്ലൂര്‍ തെരുവുകളിലൂടെ തേരാ പാരാ നടന്നു... ഒടുവില്‍ അദ്ദേഹം താമസിക്കുന്ന പേയിംഗ് ഗസ്റ്റ് അക്കൊമഡേഷന്‍ കണ്ടെത്തി. ‘അന്വേഷിക്കുവിന്‍ കണ്ടെത്തുമെന്ന‘ വചനത്തിന്‍റെ പൂര്‍ണ്ണതയെ മനസ്സാ വണങ്ങി നേരേ കേറിച്ചെന്നു. അവിടുത്തെ അരിവെപ്പുകാരന്‍ ഒരു മലയാളിയാണ്. അയാള്‍ പറഞ്ഞു തന്നു രോഗവിവരം. പുതിയ പണി കിട്ടിയതൊന്നാഘോഷിച്ചതാണ് ആശാന്‍. ഏതോ പട്ടാളക്കാരന്‍റെ കയ്യില്‍ ചിലവാകാതെയിരുന്ന മദ്യം മുഴുവന്‍ മൊത്തവിലയ്ക്കു വാങ്ങി സംഭരിച്ചിരിക്കുകയാണ്. അതു തീരാതെങ്ങനെയാ ആപ്പീസില്‍ വരുന്നത്? അടുത്ത കടയില്‍ നിന്നും ചിക്കന്‍ കബാബ് വാങ്ങാനും, പുറത്തു പറയാന്‍ കൊള്ളാത്ത സി ഡി എടുക്കാനുമല്ലാതെ നമ്മുടെ കഥാനായകന്‍ പുറത്തു പോകാറുമില്ലെന്ന സത്യവാങ്മൂലം അടിയന്‍ വിശ്വസിച്ചു. അടിയനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം നടത്തിയെ അഭിനയത്തിന്‍റെ ദൃക്‌സാക്ഷി വിവരണവും അരിവപ്പുകാരന്‍റെ സത്യവാങ്മൂലവും സഹിതം (കയ്യില്‍ നിന്നും യാതൊന്നും ചേര്‍ക്കാതെ) അടിയന്‍ മേലാവിലറിയിച്ചു.

പിന്നീടെന്തു സംഭവിച്ചുവെന്നറിയില്ല. അടുത്ത ദിവസം ആഘോഷത്തിനു വിരാമമിട്ടുകൊണ്ട്‌ എം ബി എക്കാരന്‍ ആപ്പീസിലെത്തി. ഇവനും കിട്ടി മഹാത്മാവിന്‍റെ വക ഒരു ‘നോട്ടം‘. ഹൊ... വായീനോക്കികള്‍ പെണ്ണുങ്ങളെ പോലും ഇങ്ങനെ നോക്കത്തില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ഞാനങ്ങു നാണിച്ചു പോയെന്നെ...

തുടര്‍ന്നുള്ള രണ്ടുമൂന്നു ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ഓഫീസുകളിലുള്ളവരെല്ലാം ബോസിന്‍റെ വിവിധ തരത്തിലുള്ള പഞ്ചവര്‍ണ്ണത്തെറികള്‍ കേട്ട് കോരിത്തരിച്ചു. ഞങ്ങളും. ആ വിളികള്‍ എനിക്കിട്ടാണു കിട്ടിയതെന്നു മറ്റുള്ളവര്‍ കരുതുമോ എന്നു ഞാന്‍ ശങ്കിച്ചു.

കാലങ്ങള്‍ അങ്ങനെ കടന്നു പോയി. കാലങ്ങളെന്നു പറഞ്ഞാല്‍ വര്‍ഷങ്ങളൊന്നുമല്ല. ഇവിടെ മാസത്തിലോ, ആഴ്ചയിലോ, ദിവസത്തിലോ അതുമല്ല സെക്കന്‍റിലോ ഒക്കെ കാലത്തെ അളന്നാല്‍ മതി.

ഇതിനിടെ ഈ കഥാപാത്രത്തിനെയും കൊണ്ട്‌ മുതലാളി അഹമ്മദാബാദ് കാണാന്‍ പോയി. ഇടക്കെവിടെയോ ഒരു സ്ഥലത്തെത്തിയപ്പോള്‍ രണ്ടു പേര്‍ക്കും ഒരു മൂത്രശങ്ക. ഡ്രൈവര്‍ കാപ്പികുടിക്കാന്‍ പോയ ഇടവേളയില്‍ രണ്ടു പേരും ഇറങ്ങി ശങ്ക തീര്‍ത്തു. മുതലാളി തിരിച്ചു വന്നപ്പോള്‍ തൊഴിലാളിയെ കാണാനില്ല. മെട്രോ നഗരത്തില്‍ പുതുമുഖമായ ഇതിയാനെ തേടി ഈ പാതിരാത്രിയില്‍ എവിടെ പോകുമെന്നായി അദ്ദേഹത്തിന്‍റെ ചിന്ത. അന്വേഷിച്ചു നടന്നപ്പോള്‍ അതാ ഇരിക്കുന്നു അവിടെ കിടന്ന ഒരു ലോക്കല്‍ ബസ്സിന്‍റെയുള്ളില്‍! ഇവര്‍ പോയത് ഐരാവതം എന്ന കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഹൈടെക്ക് ലക്ഷ്വറി ബസ്സില്‍. ആശാന്‍ ഇരുന്നത്‌ ഒരു തുരുമ്പെടുത്ത തല്ലിപ്പൊളി പാട്ടയില്‍.

പിറ്റേ ദിവസം ഒരു പതിനൊന്നു മണിയായപ്പോള്‍ ഫോണിലൂടെ അയാളെക്കുറിച്ച് മുതലാളി പറഞ്ഞ തെറികള്‍ ഭഗവതിയമ്മ ഞങ്ങളെ സ്പീക്കര്‍ ഫോണിലൂടെ കേള്‍പ്പിച്ചു. ദൈവമേ... ഇംഗ്ലീഷ്, തമിഴ് ഭാഷകളെ ഇങ്ങനെയും ഒക്കെ ഉപയോഗിക്കാമോ? വൃത്തവും, വ്യാകരണവുമൊന്നും തെറ്റാതെ പ്രാസമൊപ്പിച്ച് തെറി പറയുന്ന കാര്യത്തില്‍ അദ്ദേഹം ഒരു സര്‍വ്വകലാശാല തന്നെയായിരുന്നു.

പിന്നെയും കാലത്തിന്‍റെ കച്ചടാവണ്ടി ഞൊണ്ടിയും, തെണ്ടിയും, പഞ്ചറൊട്ടിച്ചും മുന്‍പോട്ടു പോകവേ... ഓഫീസിലെ പ്രൊഡക്ഷന്‍ മാനേജരുമായി ആശാന്‍ പ്രണയബദ്ധനായി. ഈയുള്ളവന്‍റെ തലക്കു മുകളില്‍ കസേരയുള്ള പ്രൊഡക്ഷന്‍ മാനേജരുടെ പ്രണയലീലകള്‍ക്ക് മൂകസക്ഷിയാകാനേ അടിയനു കഴിഞ്ഞുള്ളൂ. മുപ്പത്തിയഞ്ചാം വയസ്സിലും അവരുടെ കണ്ണുകളില്‍ മുപ്പതു വയസ്സു മാത്രം പ്രായമുള്ള നമ്മുടെ കഥാനായകന്‍റെ മധുരമന്ത്രണങ്ങളുടെ പ്രതിഫലനങ്ങള്‍ നന്നേ ദൃശ്യമായിരുന്നു. ആ കണ്ണുകള്‍ കവിത രചിക്കുമായിരുന്നു. തെങ്ങുകള്‍ക്കു മണ്ടരി ബാധിക്കുന്നതിനു മുന്‍പുള്ള കാലത്തെ വെള്ളക്കാ പോലുള്ള ആ കണ്ണുകളില്‍ നവരസങ്ങളില്‍ ചിലതൊക്കെ പകര്‍ന്നാടുന്നത് ഒരു നല്ല ആസ്വാദകന്‍റെ മാനസിക വിശുദ്ധിയോടെ ഇവന്‍ കണ്ടിരുന്നിട്ടുണ്ട്‌. തന്‍റെ മോട്ടോര്‍സൈക്കിളില്‍ എണ്‍പതുകളിലെ മലയാളസിനിമയെ അനുസ്മരിപ്പിക്കുമാറ്‌ അയാള്‍ ആ ‘അമ്മച്ചിയെ‘ കൊണ്ടു നടക്കുന്നതു കണ്ടപ്പോള്‍ ലാല്‍ബാഗിലെ പൂക്കള്‍ക്കു പോലും നാണം വന്നു. കബന്‍ പാര്‍ക്കില്‍ വായീനോക്കാന്‍ വരുന്ന യുവമിഥുനങ്ങള്‍ അതു കണ്ടിരുന്നെങ്കില്‍ അവന്‍ അന്നത്തോടെ ആ പണി നിര്‍ത്തിയേനെ. കൂടെ ജോലി ചെയ്യുന്ന അരസികന്മാരായ അസൂയക്കാരില്‍ ചിലര്‍ പറഞ്ഞു ‘മേലുദ്യോഗസ്ഥയെ സോപ്പിടുവാണെന്ന്’. ആ പറഞ്ഞ വാക്കുകള്‍ക്ക് ആരൊക്കെ മാപ്പു കൊടുത്താലും ഞാന്‍ മാപ്പു കൊടുക്കില്ല. രണ്ടു കമിതാക്കളുടെ മാനസിക വിശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കെന്താണവകാശം?

വാരാന്ത്യത്തിലെ മദ്യലഹരിയില്‍ പെണ്‍കുട്ടികള്‍ ‘അര്‍ദ്ധ നിമീലിത കാതര നയന’ങ്ങളുമായി, റോഡിന്‍റെ അരികു ചേര്‍ന്നു മിണ്ടാതെ പോകുന്ന എന്നെപ്പോലെയുള്ള നിഷ്കളങ്കന്മാരെ മാടി വിളിക്കുന്ന ഒരു ശനിയാഴ്ച വൈകുന്നേരം, ഷോപ്പിംഗ് മാളുകളിലെയും, ഓഫീസ് വരാന്തകളിലെയും എക്സിക്യൂട്ടീവ് പ്രണയം കഴിഞ്ഞ് പ്രണയാലസ്യത്താല്‍ തോളില്‍ ചാഞ്ഞു കിടക്കുന്ന പ്രിയതമയെയും വഹിച്ചു കൊണ്ട്‌ (ചുമന്നു കൊണ്ട്‌ എന്നു പറയുന്നത്‌ കാമുക ഹൃദയങ്ങളെ മുറിപ്പെടുത്തുമത്രേ) കാമുകക്കൂട്ടങ്ങള്‍ ജാഥ പോലെ തിരക്കിട്ടും, അല്ലാതെയും നീങ്ങുന്ന പെരുവഴിയിലേക്ക് വെറുതേ വായീനോക്കി നിന്ന എന്നൊട്‌ ഒരു സഹപ്രവര്‍ത്തക വന്ന്‌ ഒരു സത്യം രഹസ്യമായി പറഞ്ഞു. നമ്മുടെ കഥാപാത്രങ്ങള്‍ രണ്ടും സ്ഥലം വിട്ടു!!!

മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി.

ഒന്നാമതായി ഒരു പ്രണയം വിജയിച്ചല്ലോ, കാത്തു കാത്തിരുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നായല്ലോ എന്ന, സഹജീവികളുടെ ഉന്നമനത്തിനായി എന്നും ആഗ്രഹിക്കുന്നവനും സര്‍വ്വോപരി പ്രണയം മനസ്സില്‍ സൂക്ഷിക്കുകയും കൊള്ളാവുന്ന ആളെ കിട്ടാത്തതിനാല്‍ പ്രയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നിഷ്കളങ്കന്‍ എന്ന നിലയില്‍.

രണ്ടാമതായി ഒഴിയാബാധ പോലെ തലക്കു മുകളില്‍ തൂങ്ങിക്കിടന്ന ഒരു കൊടുവാള്‍ ഒരുത്തന്‍റെ കൂടെ ചാടിപ്പോയല്ലോ എന്ന വിനീതനായ ഒരു കീഴ്ജീവനക്കാരന്‍റെ ആശ്വാസത്തില്‍ നിന്നും ഉടലെടുത്ത സന്തോഷം.

മൂന്നാമതായി, ഒരു പണിയും ചെയ്യാതെ കമ്പ്യൂട്ടറില്‍ ചീട്ടും കളിച്ച്, യാഹൂ മെസ്സഞ്ചറില്‍ ചാറ്റും ചെയ്തിരിക്കുന്ന മേല്‍ പറഞ്ഞ പ്രൊഡക്ഷന്‍ മാനേജര്‍ കാരണം തൊട്ടപ്പുറത്തെ ഓഫീസിലെ റിസപ്ഷനിസ്റ്റായ ഒരു സര്‍വ്വാംഗസുന്ദരിയുടെ കടാക്ഷങ്ങള്‍ക്ക് ഒരിക്കല്‍ പോലും ദര്‍ശനം കൊടുക്കാന്‍ കഴിയാതിരുന്ന എന്നിലെ കാമുകഹൃദയം ചുമ്മാ കേറിയങ്ങു സന്തോഷിച്ചതാ. ഞാന്‍ വേണമെന്നു വച്ചിട്ടല്ല.

തുടര്‍ന്നു വന്ന ദിവസങ്ങളില്‍ ഒരു പുതിയ ഡിക്ഷണറിയുണ്ടാക്കുവാനും മാത്രം പോരുന്ന പുതിയ പുതിയ പഞ്ചവര്‍ണ്ണത്തെറികളാല്‍ മുതലാളി ആ നവദമ്പതികളെ വേണ്ടുവോളം ശകാരിച്ചുകൊണ്ടിരുന്നു. (കുറ്റം പറയാന്‍ പറ്റുകേല... കുറ്റം പറയരുത്‌)

അങ്ങനെ വീണ്ടും കാലത്തിന്‍റെ കച്ചടാവണ്ടി, ലൈസന്‍സും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാതെ, ഇന്‍ഷുറന്‍സും പുതുക്കാതെ മുന്നോട്ട്...

കൃത്യമായി മുപ്പതാം തീയതി ശമ്പളം കിട്ടുന്ന കമ്പനിയില്‍ ജോലി ചെയ്തു മടുത്തതു കൊണ്ടും, ഒരു സായിപ്പ്‌ ചിരിച്ചു കാണിച്ചതു കൊണ്ടും അടിയന്‍ അവിടെ നിന്നും വിട കൊണ്ടു. (സായിപ്പിനെ കണ്ടാല്‍ പണ്ടേ നമ്മള്‍ മലയാളികള്‍ക്ക് അല്പം ഇളക്കം ഉണ്ടാവുന്നതു പതിവാണല്ലോ)

കാലം കുറച്ചു കൂടി വേഗത്തില്‍ പോകാന്‍ തുടങ്ങി. (പുതിയ വണ്ടി വാങ്ങി... ഞാനല്ല. കാലം) അങ്ങനെയിരിക്കേ സായിപ്പിന്‍റെ പൂമുഖപ്പടിയില്‍ ഒരു തേജോമയമായ മുഖകമലം കണ്ടു ഞാനൊന്നമ്പരന്നു. നമ്മടെ പഴയ കാമുകന്‍!

പതിയെ ചെന്നു പരിചയം പുതുക്കി. അല്പം പോലും ചമ്മലില്ലാതെ ആശാന്‍ എന്നോടു സംസാരിച്ചു. സംസാര മധ്യേ കൈവശമുണ്ടായിരുന്ന ആത്മപ്രശംസാപത്രിക വാങ്ങി ഒന്നു തുറന്നു നോക്കി. അന്നു കൊണ്ടുവന്ന ഉഡായിപ്പു യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഒന്നു കൂടിക്കണ്ട്‌ സായൂജ്യമടയാനാണ് തുറന്നു നോക്കിയത്. പക്ഷേ കണ്ടതു മറ്റൊരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മാരിറ്റല്‍ സ്റ്റാറ്റസ്‌ എഴുതി വച്ചിരിക്കുന്നു ആശാന്‍ ഇപ്പൊഴും ഒറ്റക്കാണെന്ന്‌!!! നമ്മുടെ പഴയ പ്രൊഡക്ഷന്‍ മാനേജരെ വഴിയാധാരമാക്കിയിട്ടാണോ അദ്ദേഹം ഇങ്ങോട്ടു നാടു വിട്ടത്? അതോ അമ്മച്ചി ഈ പയ്യന്‍സിനെയാണോ വഴിയാധാരമാക്കിയത്?

ഇതിനിടെ സായിപ്പിന്‍റെ കിങ്കരന്‍ വന്ന് ആശാനെ അകത്തോട്ടു കൊണ്ടു പോയി. ഞാന്‍ എന്‍റെ വഴിക്കും പോയി... പിന്നീടിതു വരെ ഞാനയാളെ കണ്ടിട്ടില്ല. പക്ഷേ അയാള്‍ അപേക്ഷിച്ചിരുന്ന പോസ്റ്റില്‍ കൊള്ളാവുന്ന ഒരുത്തന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്‌. ഏകദേശം അഞ്ചാറു മാസമായിക്കാണും.


© ജയകൃഷ്ണന്‍ കാവാലം

Friday, November 7, 2008

ഒരു അപേക്ഷ

എത്രയും ബഹുമാനപ്പെട്ട എം.ഡി സാറിന് കായംകുളം താപനിലയത്തിന്‍റവിടുന്ന് ചേപ്പാട്ടോട്ടു പോകുമ്പം മമ്മൂഞ്ഞിന്‍റെ ഷാപ്പിന്‍റവിടുന്ന് മൂന്നാമത്തെ വീട്ടില്‍ സ്ഥിരതാമസക്കാരനായ ശശി എന്ന ഞാന്‍ സമര്‍പ്പിക്കുന്ന കമ്പനി തൂപ്പു ജോലിക്കുള്ള അപേക്ഷ.

സാര്‍,

സാറിന്‍റെ സ്ഥാപനത്തില്‍ ഒരു ഒഴിവുള്ളത് അറിയാനിടയായി. എനിക്ക് ആ ജോലി തരുന്നതുകൊണ്ട്‌ എന്തുകൊണ്ടും സാറിന് പ്രയോജനമല്ലാതെ മറ്റൊന്നും ഉണ്ടാവില്ലെന്ന് സാര്‍ മനസ്സിലാക്കണം. ഈ സ്ഥാപനത്തിന്‍റെ എം ഡി ആയ സാര്‍ കുറഞ്ഞത് ഒരു എം എ ബിരുദ ധാരിയെങ്കിലും ആയിരിക്കുമല്ലോ. തീര്‍ച്ചയായും ഏഴാം ക്ലാസ് വരെയെ പെഠിച്ചിട്ടുള്ളെങ്കിലും ഞാനും സാര്‍ പള്ളിക്കൂടത്തിലും കോളേജിലുമായി ചിലവഴിച്ച അത്രയും കാലം കൊണ്ടാണ് ഏഴു ക്ലാസ്സുകള്‍ പിന്നിട്ടത്. അതായത് നമ്മുടെ രണ്ടു പേരുടെയും വിദ്യാഭ്യാസകാലഘട്ടം ഏകദേശം ഒന്നുതന്നെയാണ്. എന്തു പഠിച്ചു എന്നതിനേക്കാള്‍ എത്രകാലം പഠിച്ചു എന്ന പുരോഗമനാത്മകമായ ചിന്തയിലേക്ക് സാര്‍ മാറിച്ചിന്തിക്കും എന്നെനിക്കുറപ്പുണ്ട്‌.

മറ്റൊന്നുള്ളത് ഞാന്‍ ഒരു അവിവാഹിതന്‍ ആണെന്നുള്ളതാണ്. ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സാവധാനം സാറിന്‍റെ ഏക മകളെ എനിക്കു വിവാഹം ചെയ്യാന്‍ കഴിയും. സാറിന്ന് ഈ വയസ്സുകാലത്ത് ഈ കഷണ്ടിയും, കുടവയറും എല്ലാമായി ഈ കമ്പനി ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതിന്‍റെ കഷ്ടപ്പാടുകള്‍ എനിക്കു മനസ്സിലാകും. സാറിന്‍റെ മരുമകന്‍ എന്ന നിലയില്‍ ഈ കമ്പനി ഏറ്റെടുത്തു നടത്താനും ഞാന്‍ തയ്യാറാണ്.

ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിക്കു വരുമ്പോള്‍ സാറിനെക്കേറി അമ്മാവാ എന്നു വിളിക്കുവാന്‍ താല്പര്യപ്പെടുന്നു. അല്ലെങ്കില്‍ പിന്നീട് മാറ്റി വിളിക്കുന്നത് ബിദ്ധിമുട്ടായിത്തീരുമല്ലോ. ഇപ്പൊഴത്തെ ജീവിതച്ചിലവുകളും, ഞാന്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളേക്കുറിച്ച് ഭാവിയിലേക്കു നീണ്ടു നില്‍ക്കുന്ന ചിന്തയും കണക്കിലെടുത്ത് കുറഞ്ഞത് സാര്‍ എനിക്ക് ഒരു പതിനായിരം രൂപയില്‍ കുറയാതെ ശമ്പളം തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നായാലും ഇതെല്ലാം എനിക്കു വന്നു ചേരേണ്ടതാണല്ലോ.

എന്തായാലും നമ്മുടെ ഈ ആസൂത്രണങ്ങളെക്കുറിചൊന്നും സാറിന്‍റെ മകള്‍ ഇപ്പോള്‍ അറിയണ്ട. അവളുടെ ഭാവിയെ കരുതിയാണ് ഞാനിതു പറയുന്നത്. പിന്നെ ഒരു കാര്യം അവള്‍ ചുരിദാറിടുന്നത് എനിക്കിഷ്ടമില്ല. അതു കൊണ്ട്‌ അവളോട്‌ ഇനു മുതല്‍ സാരി ഉടുത്താല്‍ മതിയെന്ന് ഉപദേശിക്കണം. ഇക്കാര്യം ജോലിക്കുള്ള അപേക്ഷയില്‍ സൂചിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് സാറിന് തോന്നുമായിരിക്കാം. പക്ഷേ എന്‍റെ സുതാര്യവും, സത്യസന്ധവുമായ പ്രകൃതം സാറിന്‍റെ മുന്‍പില്‍ ആവിഷ്കരിക്കാന്‍ വേണ്ടി മാത്രമാണ് ഇതു കൂടി കൂട്ടിച്ചേര്‍ത്തത്.


എന്ന്
മോഹനപ്രതീക്ഷകളും, സ്വപ്നങ്ങളും,
ആത്മവിശ്വാസവുമായി

ശശി
പുലിമടയില്‍ ഹൌസ്
നിയര്‍ താപനിലയം,
ബിഹൈന്‍ഡ് മമ്മൂഞ്ഞ്‌സ് ഷാപ്പ്
ചേപ്പാട് പ്.ഒ.
കായംകുളം
ആലപ്പുഴ,കേരള,ഇന്‍ഡ്യ,ഏഷ്യ,എര്‍ത്ത്.

© ജയകൃഷ്ണന്‍ കാവാലം
 
Site Meter