Sunday, May 31, 2009

കിളിമകളേ നീയറിഞ്ഞിരുന്നുവോ...

പൂനയില്‍ പഠിക്കുന്ന കാലത്താണ് റെയില്‍വേപാളത്തിലൂടെ നടക്കുന്ന ശീലം എനിക്കുണ്ടായത്. രണ്ടു വരിയായി പരന്നു കിടക്കുന്ന കപ്പലണ്ടിപ്പാടങ്ങളുടെയും, പട്ടാള ക്യാമ്പിന്‍റെയുമെല്ലാം ഇടയിലൂടെ നീണ്ട പാത. വസന്തകാലമാകുമ്പോള്‍ ഈ പാതയുടെ ഇരു വശവും അല്ലിച്ചെന്താമരകള്‍ വിടരാറുണ്ടായിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂവുകള്‍ക്കു മുകളില്‍ പറന്നു കളിക്കുന്ന ചിത്ര ശലഭങ്ങളും.


ഈ പാളത്തിലൂടെ ഏകനായി നടക്കുന്നത് എന്തുകൊണ്ടോ ഞാന്‍ ഏറെയിഷ്ടപ്പെട്ടു. വളരെ അപകടമാണ് അതിലേ നടക്കുന്നത്. ഒന്നു മുരടനക്കുക പോലും ചെയ്യാതെ മരണം എപ്പോഴാണ് പിന്നിലൂടെ പാഞ്ഞു വരികയെന്നു പറയാന്‍ കഴിയില്ല. ലോക്കല്‍ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് ശബ്ദം നന്നേ കുറവാണ്. എങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഓരത്തുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഇരുന്നു വിശ്രമിക്കുമായിരുന്നു. അല്ലിച്ചെന്താമരകള്‍ക്കൊപ്പം എന്‍റെ ഒത്തിരി സ്വപ്നങ്ങളും അവിടെ വിടര്‍ന്നിട്ടുണ്ട്. എന്‍റെ ഒത്തിരി കണ്ണുനീരും അവിടെ വീണലിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്ഥലത്ത് ഒരിക്കല്‍ക്കൂടി പോകണമെന്ന് ഇന്ന് ഞാന്‍ ആശിക്കുന്നില്ല.


അന്നൊരിക്കല്‍, ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വന്നതും അതു വഴി തന്നെ. ട്രെയിനിറങ്ങി സാവധാനം പാളത്തിലൂടെ ഞാന്‍ നടന്നു. ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്‌. നടന്നു വരുന്ന വഴിയില്‍ ഇലക്ട്രിക് പോസ്റ്റിനു ചുവട്ടിലായി ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരു കുഞ്ഞു കിളി. പച്ചയും നീലയും നിറമുള്ള അവളുടെ പട്ടുകുപ്പായം രക്തത്തില്‍ മുങ്ങിയിരുന്നു. കഴുത്ത് അറ്റു തൂങ്ങാറായ അവസ്ഥ. എന്നിട്ടും അതിനു ജീവനുണ്ട്. അവള്‍ ഞരങ്ങിയിരുന്നോ?, ഞാനതു കേട്ടിരുന്നോ? എനിക്കോര്‍മ്മയില്ല. പാഞ്ഞു വന്ന ലോഹവാഹനത്തിന്‍റെ ഏതെങ്കിലും കോണുമാത്രമേ അവളെ തട്ടിയിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ അതു താങ്ങാനുള്ള ശേഷി ആ കുഞ്ഞു കിളിക്കുണ്ടാവുമോ? ആ ദയനീയതയിലും അവളുടെ കണ്ണുകള്‍ ചിമ്മുന്നുണ്ടായിരുന്നു. ഈ ലോകത്തില്‍ പാറിക്കളിച്ചും, പാട്ടുപാടിയും കൊതിതീരാത്ത ജന്മം. അവള്‍ ഭൂമിയിലെ വസന്തോത്സവത്തിന്‍റെ വര്‍ണ്ണാഭയിലേക്ക് കൊതിയോടെ നോക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനില്‍ക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അസഹ്യമായ വേദനയില്‍ അവള്‍ എത്രനേരം കഴിഞ്ഞുകൂടിയാലാണ് മരണം വന്നവളെ കൂട്ടിക്കൊണ്ടു പോവുക എന്നറിയില്ല. ഇടക്കിടെ വേദനയോടെ വെട്ടിത്തിരിഞ്ഞു പോകുന്ന അവളുടെ തലയും ചേതനയറ്റ ശരീരവും...


കൊല്ലുകയായിരുന്നു ഞാനവളെ. മാറുപിളരുന്ന വേദനയോടെ, ഒഴുകുന്ന കണ്ണുകളോടെ അവളെ ഞാന്‍ കൊന്നു. വേദനയില്‍ പിടഞ്ഞു പിടഞ്ഞ് മണിക്കൂറുകള്‍ കിടന്ന ശേഷം തീരുന്നതിലും ഒരു നിമിഷമെങ്കിലും നേരത്തേ പോകട്ടെയെന്നു കരുതി. അരുകിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലില്‍ നിന്നും ഞാനവള്‍ക്കൊരിറ്റു ദാഹജലം പകര്‍ന്നിരുന്നുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ച് അവളെ ഞാന്‍ കഴുത്തു ഞെരിച്ചു കൊന്നു. സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വരുന്ന ഒരച്ഛന്‍റെ ഹൃദയവേദന എന്തുകൊണ്ടാണ് എന്നിലുണ്ടായതെന്നെനിക്കറിയില്ല. എങ്കിലും ഈശ്വരന്‍റെ കോടതിയില്‍ ഞാന്‍ ചെയ്തത് ഒരു ജീവകാരുണ്യ പ്രവര്‍ത്തിയായി മാത്രം പരിഗണിക്കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


എത്രയും സ്നേഹമുള്ള കിളിമകളേ... നീ എനിക്കു മാപ്പു തരിക. ഉറുമ്പുകളുടെ കടിയേറ്റും, ദാഹജലത്തിനായി കേണും, വിശന്നും ഇഞ്ചിചായി നീ മരിക്കാതിരിക്കാന്‍... അതിനു വേണ്ടി മാത്രം ഞാനതു ചെയ്തു. നിന്നെ രക്ഷപ്പെടുത്താന്‍ ഒരു പഴുതെങ്കിലുമുണ്ടായെങ്കില്‍...


© ജയകൃഷ്ണന്‍ കാവാലം

Thursday, May 21, 2009

രണ്ടാം ക്ലാസ്സ് പ്രണയം രണ്ടാം ഭാഗം - അഥവാ പ്രിയദര്‍ശിനി (916 പരിശുദ്ധിയുള്ളവള്‍)

ജന്മജന്മാന്തരങ്ങളായി പിന്തുടര്‍ന്നു പോന്ന ഒരു വിശുദ്ധപ്രേമത്തിന്‍റെ നാഡിമിടിപ്പുകള്‍ ക്രീം കളര്‍ ഷര്‍ട്ടിട്ട എന്‍റെ കുഞ്ഞു നെഞ്ചകത്തേക്കു പകര്‍ന്നു കൊണ്ടാണ് അവള്‍ രണ്ടാം ക്ലാസ്സില്‍ വന്നു ചേര്‍ന്നത്. ക്ലാസ്സില്‍ വന്ന അവളുടെ താടിക്കു പിടിച്ച് ടീച്ചര്‍ ചോദിച്ചു, 

എന്താ മോളുടെ പേര്?
ഞാന്‍ കാതോര്‍ത്തു, എനിക്കവളുടെ പേരറിഞ്ഞാല്‍ മാത്രം പോരാ ആ ശബ്ദവും കേള്‍ക്കണമായിരുന്നു.
അവള്‍ പറഞ്ഞു, പ്രിയദര്‍ശിനി.
പ്രിയദര്‍ശിനീ, നിന്‍റെ പ്രിയതമന്‍ ഞാനാണെന്നു പറയാന്‍ പോന്ന വകതിരിവും, വിവരവും അന്നെനിക്കില്ലായിരുന്നു. എങ്കിലും എനിക്കു നാണം വന്നു. വെറുതേ ഒരു നാണം!.

കൂടെപ്പിറപ്പുകളൊന്നുമില്ലാതെ ഒറ്റക്കു വളര്‍ന്ന എനിക്ക് സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും സഹോദരീസഹോദരന്‍‍മാരായിരുന്നു. പക്ഷേ ഇവള്‍ മാത്രം മറ്റെന്തോ ആയി അനുഭവപ്പെട്ടു. അവള്‍ വന്നതോടു കൂടി ആ രണ്ടാം ക്ലാസ്സ് വസന്തകാലത്തെ പൂന്തോട്ടമായി എനിക്കനുഭവപ്പെടാന്‍ തുടങ്ങി. എങ്കിലും അവളെയോ, അവളിരിക്കുന്ന ഭാഗത്തേക്കോ നോക്കാന്‍ എനിക്കു വല്ലാത്ത പേടിയായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്‍റെ പ്രണയപാരവശ്യം മനസ്സിലാക്കാന്‍ ആരാണുണ്ടാവുക?

എന്‍റെ സ്വപ്നങ്ങള്‍ അവളേക്കൊണ്ടു നിറഞ്ഞു. കല്ലുപെന്‍‍സില്‍, വളപ്പൊട്ടുകള്‍, പൂക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഞാന്‍ അവള്‍ക്കായി സൂക്ഷിച്ചു വച്ചു. പക്ഷേ ഒന്നു പോലും കൊടുത്തില്ല. അവള്‍ക്കും എന്നെ നോക്കാന്‍ നാണമായിരുന്നു. എന്നോടു മിണ്ടാനും. ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേല്‍‍പ്പിച്ചു നിര്‍ത്തുമ്പോള്‍ ആദ്യം എന്നെ ഒളികണ്ണിട്ടു നോക്കിയിട്ടേ അവള്‍ ഉത്തരം പറയുമായിരുന്നുള്ളൂ. ഞാനും

ഞാന്‍ എന്നും സ്വപ്നം കാണുമായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വലുതാകും, കല്യാണം കഴിക്കും, ഹണിമൂണിനു പോകും, അവള്‍ എനിക്കു ഭക്ഷണം ഉണ്ടാക്കി തരും. വീട്ടിലെ ബോട്ട് അപ്പൂപ്പന്‍ എനിക്കു തരും,(ഇല്ലെങ്കില്‍ അപ്പൂപ്പന്‍ അറിയാതെ അഴിച്ചു കൊണ്ടു പോകും) അതില്‍ കയറി ഞങ്ങള്‍ കായലായ കായലുകളും, തോടായ തോടുകളുമെല്ലാം യാത്ര ചെയ്യും. ഇതു കണ്ട്‌ വാവക്കുട്ടനമ്മാവന് അസൂയ തോന്നും. അവളെ ഞാന്‍ കൈതപ്പൂ ചൂടിക്കും. എന്നും അവളേക്കൊണ്ടു ഞാന്‍ പാട്ടു പാടിക്കും, തിരുവാതിര കളിപ്പിക്കും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ നിന്ന് ഞങ്ങള്‍ പരല്‍മീനുകളെ കാണും, വടക്കുവശത്ത് ഗന്ധരാജന്‍റെ ചുവട്ടിലെ കല്‍‍പ്പടവുകളില്‍ ഇരുന്ന് ഒരുപാടൊരുപാട്‌ കഥ പറയും. ഗന്ധരാജന്‍റെ പൂ നുള്ളി ഞാനവളുടെ തലയില്‍ ചാര്‍ത്തും, അവിടെയിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടി അപ്പുറത്തെ അനുവിനോടും, ആന്‍റിയോടും വര്‍ത്തമാനം പറയും. ഇങ്ങനെ സ്വപ്നം ഒരു മഹാവൃക്ഷമായി വളര്‍ന്നതിനൊപ്പം ഞങ്ങള്‍ ക്ലാസ്സുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ഇവന്‍ സ്കൂളുകള്‍ ചിലതു മാറി, അപ്പൊഴും അവള്‍... അവള്‍ മാത്രം മനസ്സില്‍ നിന്നു മാറിയില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് കാവാലത്തെത്തിയപ്പോള്‍ ഞാനവളെ കണ്ടു. പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവനാളുകളിലെന്നോ, പാതി വിടര്‍ന്ന താമരമൊട്ടുപോലെ പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളുമായി, തിരുമേനി ശ്രീകോവിലില്‍ നിന്നു തളിച്ച തീര്‍ത്ഥബിന്ദുക്കള്‍ അവിടവിടെ ചിതറി വീണ്, അതില്‍ ഉദയസൂര്യന്‍റെ പൊന്‍‍കിരണങ്ങള്‍ പ്രതിഫലിക്കുന്ന മുഖവുമായി അവള്‍. ആ കാഴ്ചക്ക് അകമ്പടിയെന്നോണം ഉത്സവപ്പറമ്പിലെ മൈക്കില്‍ നിന്നും  
‘ലാവണ്യ ദേവതേ നിന്നെ കാണുവാനിന്നു ഞാന്‍ വന്നു, 
ഓമല്‍ക്കിനാവുകളാലെ പൂമാല കോര്‍ത്തു ഞാന്‍ നിന്നു‘
എന്ന ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ ശബ്ദത്തില്‍ ഒഴുകിക്കൊണ്ടിരുന്നു.

ഞാന്‍ കണ്ണനെ കണ്ടില്ല. പകരം അവളെ കണ്ടു. രാജീവലോചനനെ തൊഴുതില്ല പകരം ഞാന്‍ മാധവന്‍ തന്നെയായി മാറി. എന്‍റെ മനസ്സ് ഒരു യുഗം പിന്‍പോട്ട് സഞ്ചരിച്ച് വൃന്ദാവനത്തിലെത്തി. പക്ഷേ അവള്‍ എന്‍റെ കൂടെ പോന്നില്ല. പകരം അലുവാ തിന്ന പട്ടിയേപ്പോലെ അമ്പരന്നു നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ വിളിച്ചു ചോദിച്ചു, താനിതെന്നു വന്നെന്ന്.

ഞാന്‍ യാന്ത്രികമായി മറുപടി പറഞ്ഞെന്നാണെന്‍റെ ഓര്‍മ്മ. അല്‍‍പസമയം പഠനകാര്യങ്ങളെല്ലാം സംസാരിച്ച് ഞങ്ങള്‍ പിരിഞ്ഞു. അന്നു മുതല്‍ എനിക്ക് ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങള്‍ ആരംഭിച്ചു. 

ഇതിനിടയില്‍ ഒരു സാമദ്രോഹി എന്‍റെയടുത്തു വന്നു പറഞ്ഞു അവന് പ്രിയദര്‍ശിനിയെ ഭയങ്കര ഇഷ്ടമാണ് അവളില്ലാതെ അവനൊരു ജീവിതമില്ലെന്ന്. അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇന്നും എനിക്കു വിവരിക്കാന്‍ അറിയില്ല. എന്തെല്ലാം പാര പണിഞ്ഞാണ് അവനെ ഞാനതില്‍ നിന്നും പിന്‍‍തിരിപ്പിച്ചതെന്ന് എനിക്കു മാത്രമേ അറിയൂ. അവടച്ഛന് ഭ്രാന്താണെന്നു വരെ പറഞ്ഞു. എന്‍റെ മാത്രം പ്രിയതമയെക്കുറിച്ച്, പുറത്തു നിന്നു കാണുന്ന ഭംഗി മാത്രമേ അവള്‍ക്കുള്ളെന്നും, അവള്‍ മഹാ തറയാണെന്നും, അവളൊരു യക്ഷിയാണെന്നും വരെ പറയേണ്ടി വന്നു. അതും പോരാഞ്ഞ് അവനൊരു കള്ളുകുടിയനും, ആഭാസനും, വായീ നോക്കിയും, കുടുംബത്തു കയറ്റാന്‍ കൊള്ളാത്തവനുമാണെന്ന് അവളെ അറിയിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്തു.

ഇതെല്ലാം ആണെങ്കിലും ഞാന്‍ അവളോട്‌ ഒന്നും പറഞ്ഞില്ല. പറയാന്‍ ധൈര്യമില്ലായിരുന്നു. കാലം കുറേ കഴിഞ്ഞു. ഞങ്ങള്‍ കൌമാരം പിന്നിട്ട് യൌവ്വനത്തിലെത്തി. അപ്പൊഴും പറഞ്ഞില്ല. പകരം ഗുരുവായൂരപ്പനെ ദല്ലാളുപണി ഏല്‍‍പ്പിച്ചു മിണ്ടാതിരുന്നു. കള്ളകൃഷ്ണന്‍ തനി സ്വഭാവം കാണിച്ചു. എന്നെ പറ്റിച്ചു. അവളെ വീട്ടുകാര്‍ കൊള്ളാവുന്ന ഒരുത്തനു കെട്ടിച്ചു കൊടുത്തു. അതും പോരാഞ്ഞ് അവള്‍ രണ്ട് തടിയന്‍ പിള്ളേരടെ തള്ളയുമായി. ഇന്ന് വല്ലപ്പോഴും കാണുമ്പോള്‍ അവളുടെ എളിയിലിരുന്നുള്ള കൂട്ടത്തില്‍ ഇളയവന്‍റെ നോട്ടം കാണുമ്പോള്‍ എനിക്കെന്തോ വല്ലാത്ത ഒരു നാണം തോന്നാറുണ്ട്‌. അന്ന്‌ രണ്ടാം ക്ലാസ്സിലെ മുന്‍ ബഞ്ചിലിരുന്ന്, അവള്‍ ടീച്ചറിനോട്‌ പേരു പറഞ്ഞപ്പോള്‍ തോന്നിയ അതേ നാണം.

© ജയകൃഷ്ണന്‍ കാവാലം

Tuesday, May 19, 2009

രണ്ടാംക്ലാസ്സിലെ സംശുദ്ധ പ്രണയം

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
മൂന്നിഞ്ചു പൊക്കവും, മെറൂണ്‍ കളര്‍ നിക്കറും, ക്രീം കളര്‍ കുട്ടിയുടുപ്പുമിട്ട് ജയകൃഷ്നന്‍ എന്നു പേരുള്ള കരുമാടിക്കുട്ടന്‍ ഉത്സാഹത്തോടെ ഓടിക്കളിക്കുന്ന കാലം. അന്നേ അവന്‍ സുന്ദരന്‍ ആയിരുന്നെങ്കിലും, ഇന്നുള്ള അത്രയും ഗ്ലാമറോ, നിറമോ ഇല്ലായിരുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഈ പറഞ്ഞ രണ്ടാം ക്ലാസ്സ് ജയകൃഷ്ണന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു പിടി മാറ്റങ്ങള്‍ക്ക് സാക്ഷിയായതുമാണ്.


അന്നൊക്കെ ദിവസവും രാവിലെ സ്ലേറ്റിന്‍റെ ഒരു വശത്ത് മലയാളവും, മറു വശത്ത് കണക്കും പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു ചെല്ലണമെന്നതായിരുന്നു ഗൃഹപാഠം. ചില വിരുതന്മാര്‍ എഴുതാതെ ചെല്ലും, ടീച്ചര്‍ ചോദിക്കുമ്പോള്‍ കുഞ്ഞു കിളിനാദത്തില്‍ കരച്ചിലിന്‍റെ പ്രത്യേക ‘ടോണ്‍‘ ഒക്കെ വരുത്തി, ടീച്ചറിന്‍റെ സഹതാപവും, ചൂരലില്‍ നിന്ന് രക്ഷയും കിട്ടാന്‍ ആവശ്യമായ എല്ലാ ചേരുവയും ചേര്‍ത്ത് പറയുന്ന ഒരു ഡയലോഗ് ഉണ്ട്‌ ‘തൂന്നു പോയി’. എഴുതിയിരുന്നതാണ് പക്ഷേ മാഞ്ഞു പോയി എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ടീച്ചര്‍ ഞങ്ങളുടെ ടീച്ചറായതുകൊണ്ടും, ഞങ്ങളേക്കാള്‍ നിരവധി ഓണങ്ങള്‍ - വിഭവസമൃദ്ധമായി തന്നെ - ഉണ്ടിട്ടുള്ളതിനാലും അടി കിട്ടുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എന്തെങ്കിലുമൊക്കെ കുത്തിവരച്ച് വിദഗ്ദ്ധമായി മായ്ച്ചു കളഞ്ഞ് എഴുതിയതു മാഞ്ഞു പോയി എന്നു സ്ഥാപിച്ചെടുക്കുന്ന ചില മിടുക്കന്മാരും കൂട്ടത്തില്‍ അപൂര്‍വ്വമായുണ്ടായിരുന്നു. ഒന്നു രണ്ട് അത്യാവശ്യ ഘട്ടത്തില്‍ ഈയുള്ളവനും ആ പ്രക്രിയ ചെയ്യേണ്ടി വന്നത് കാലത്തിന്‍റെ ആവശ്യമായിരുന്നു എന്ന് ഇന്ന് ഒരു കള്ളച്ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു.


ഈ സമയത്താണ് ഞാന്‍ ആദ്യമായി കടല്‍ കാണുന്നത്. മുതുകുളത്ത്, അപ്പൂപ്പന്‍റെ വീട്ടില്‍ നിന്നു മടങ്ങി വരുമ്പോള്‍ അങ്ങു ദൂരെയായി ഭൂമിക്കു ചാര്‍ത്തിയ വെള്ളി അരഞ്ഞാണം പോലെ കടല്‍. ബസ്സിന്‍റെ സീറ്റില്‍ കയറ്റി നിര്‍ത്തി അപ്പൂപ്പന്‍ കാണിച്ചു തന്നു. ഇന്നിപ്പോള്‍ കടല്‍ ഇങ്ങടുത്തെത്തി. അന്ന് വളരെ ദൂരെയായി ഒരു തിളക്കം മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കടലിനു പ്രായമായതു കൊണ്ടാവാം പഴയ ആ കൌമാര കൌതുകമൊന്നും ഇപ്പോഴത്തെ കടലിനില്ല. ചിലപ്പോള്‍ സുനാമിഭ്രാന്തെടുത്ത് അവള്‍ കാണിച്ച അക്രമം പൊറുക്കാന്‍ മനസ്സിനു കഴിയാത്തതിനാലാവാം എനിക്കവളോട് പണ്ടത്തെ അത്ര മമത ഇല്ലെന്നാണ് തോന്നുന്നത്.


കടലും കണ്ട്, ശ്രീകൃഷ്ണഭവന്‍ ഹോട്ടലിലെ ജനിച്ചിട്ടു വെള്ളം ദേഹത്തു വീണിട്ടില്ലാത്ത നമ്പൂരിച്ചന്‍റെ മസാലദോശയും, അശോക ബേക്കറിയിലെ ഐസ്‌ക്രീമും കഴിച്ച് വീട്ടിലെത്തിയ ഞാന്‍ ഹോം വര്‍ക്ക് എന്ന കുണ്ടാമണ്ടി മറന്നേ പോയി. രാവിലെ സ്കൂളീല്‍ പോകാന്‍ നേരത്താണ് വരാനിരിക്കുന്ന അടി ഒരു ഞെട്ടലോടെ ഓര്‍ക്കുന്നത്. തല്ലു കൊള്ളുന്നതല്ല പ്രശ്നം. എനിക്കടി കൊള്ളുമ്പോള്‍ തൊട്ടപ്പുറത്തെ ബഞ്ചിലിരിക്കുന്ന അനുവും, മഞ്ചുവും, ഉഷാകുമാരിയുമൊക്കെ സന്തോഷിക്കുമല്ലോ എന്നോര്‍ത്തിട്ട് എനിക്കു സഹിക്കാന്‍ മേലാതായി. ടീച്ചറിനെ പറ്റിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം തരികിട വേലകള്‍ അന്നേ വശമുണ്ടായിരുന്നതു കൊണ്ട്‌ മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നു.


സ്ലേറ്റിന്‍റെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടു,


കടലില്‍ തിരമാലകള്‍ തുള്ളിക്കളിക്കുന്നതു പോലെ
എനിക്കും കളിക്കുവാന്‍ മോഹം
കടലില്‍ കപ്പലിനു പുറത്ത് കിടന്ന്
ഒന്നുറങ്ങുവാന്‍ മോഹം


സഹപാഠികളായ ദ്രോഹികള്‍ കാണാതെ സ്ലേറ്റ് മൂടിപ്പിടിച്ച് ഞാനവിടെയിരുന്നു. അടി കിട്ടാനുള്ള സാദ്ധ്യത രണ്ടു കയ്യിലും ഭാരവുമായി പോകുമ്പോള്‍ കഷണ്ടിയില്‍ വന്നു പതിച്ച കാക്കയുടെ പ്രസാദം പോലെ നില്‍ക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. അങ്ങനെ രാധാമണിടീച്ചര്‍ സ്ലേറ്റുകള്‍ ഒന്നൊന്നായി പരിശോധിക്കാന്‍ തുടങ്ങി. എന്‍റെ ഊഴമായി. ടീച്ചര്‍ സ്ലെറ്റ് വാങ്ങിയതും രണ്ടും കല്‍‍പ്പിച്ചൊരു കാച്ചു കാച്ചി. ടീച്ചറേ ഇതു ഞാന്‍ സൊന്തമായി എഴുതിയതാണ്. അതു കൊണ്ടാ ഹൃഹപാഠമെഴുതാഞ്ഞത്. കേവലം ഒരു അടിയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിച്ച ഈ വികൃതി, ടീച്ചര്‍ ഒരു വലിയ സംഭവമാക്കി മാറ്റി. അമ്മാവന്‍റെ പാരമ്പര്യം, എഴുത്തിനിരുത്തിയ വല്യമ്മാവന്‍റെ പുണ്യം തുടങ്ങി ടീച്ചര്‍ ആ പീരിയഡ്‌ മുഴുവന്‍ ഇവനെ പുകഴ്ത്തിക്കൊണ്ടിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന അന്നമ്മ ടീച്ചറും ഒപ്പം കൂടി. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവനും അവിടെയിരുന്നു. ഈ കവിതയെഴുത്തിന്‍റെ പിന്നിലെ പ്രേരകശക്തി എന്തായിരുന്നെന്ന് എന്‍റെ ടീച്ചര്‍മാര്‍ അറിയുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിടീച്ചറിന്‍റെ സെന്‍റ് ഓഫിന് ഇവന്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മാത്രമായിരുന്നു.


ഇതേ രണ്ടാം ക്ലാസ്സില്‍ വച്ചു തന്നെയായിരുന്നു ഇവന്‍റെ ആദ്യ പ്രണയവും നാമ്പിടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരനുഭവമാണ് പ്രണയം എന്നു ഞാനറിയുന്നത് അന്നാണ്.


തുടരും


© ജയകൃഷ്ണന്‍ കാവാലം
 
Site Meter