പൂനയില്‍ പഠിക്കുന്ന കാലത്താണ് റെയില്‍വേപാളത്തിലൂടെ നടക്കുന്ന ശീലം എനിക്കുണ്ടായത്. രണ്ടു വരിയായി പരന്നു കിടക്കുന്ന കപ്പലണ്ടിപ്പാടങ്ങളുടെയും, പട്ടാള ക്യാമ്പിന്‍റെയുമെല്ലാം ഇടയിലൂടെ നീണ്ട പാത. വസന്തകാലമാകുമ്പോള്‍ ഈ പാതയുടെ ഇരു വശവും അല്ലിച്ചെന്താമരകള്‍ വിടരാറുണ്ടായിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂവുകള്‍ക്കു മുകളില്‍ പറന്നു കളിക്കുന്ന ചിത്ര ശലഭങ്ങളും.
ഈ പാളത്തിലൂടെ ഏകനായി നടക്കുന്നത് എന്തുകൊണ്ടോ ഞാന്‍ ഏറെയിഷ്ടപ്പെട്ടു. വളരെ അപകടമാണ് അതിലേ നടക്കുന്നത്. ഒന്നു മുരടനക്കുക പോലും ചെയ്യാതെ മരണം എപ്പോഴാണ് പിന്നിലൂടെ പാഞ്ഞു വരികയെന്നു പറയാന്‍ കഴിയില്ല. ലോക്കല്‍ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് ശബ്ദം നന്നേ കുറവാണ്. എങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഓരത്തുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഇരുന്നു വിശ്രമിക്കുമായിരുന്നു. അല്ലിച്ചെന്താമരകള്‍ക്കൊപ്പം എന്‍റെ ഒത്തിരി സ്വപ്നങ്ങളും അവിടെ വിടര്‍ന്നിട്ടുണ്ട്. എന്‍റെ ഒത്തിരി കണ്ണുനീരും അവിടെ വീണലിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്ഥലത്ത് ഒരിക്കല്‍ക്കൂടി പോകണമെന്ന് ഇന്ന് ഞാന്‍ ആശിക്കുന്നില്ല.
അന്നൊരിക്കല്‍, ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വന്നതും അതു വഴി തന്നെ. ട്രെയിനിറങ്ങി സാവധാനം പാളത്തിലൂടെ ഞാന്‍ നടന്നു. ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്. നടന്നു വരുന്ന വഴിയില്‍ ഇലക്ട്രിക് പോസ്റ്റിനു ചുവട്ടിലായി ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരു കുഞ്ഞു കിളി. പച്ചയും നീലയും നിറമുള്ള അവളുടെ പട്ടുകുപ്പായം രക്തത്തില്‍ മുങ്ങിയിരുന്നു. കഴുത്ത് അറ്റു തൂങ്ങാറായ അവസ്ഥ. എന്നിട്ടും അതിനു ജീവനുണ്ട്. അവള്‍ ഞരങ്ങിയിരുന്നോ?, ഞാനതു കേട്ടിരുന്നോ? എനിക്കോര്‍മ്മയില്ല. പാഞ്ഞു വന്ന ലോഹവാഹനത്തിന്‍റെ ഏതെങ്കിലും കോണുമാത്രമേ അവളെ തട്ടിയിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ അതു താങ്ങാനുള്ള ശേഷി ആ കുഞ്ഞു കിളിക്കുണ്ടാവുമോ? ആ ദയനീയതയിലും അവളുടെ കണ്ണുകള്‍ ചിമ്മുന്നുണ്ടായിരുന്നു. ഈ ലോകത്തില്‍ പാറിക്കളിച്ചും, പാട്ടുപാടിയും കൊതിതീരാത്ത ജന്മം. അവള്‍ ഭൂമിയിലെ വസന്തോത്സവത്തിന്‍റെ വര്‍ണ്ണാഭയിലേക്ക് കൊതിയോടെ നോക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനില്‍ക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അസഹ്യമായ വേദനയില്‍ അവള്‍ എത്രനേരം കഴിഞ്ഞുകൂടിയാലാണ് മരണം വന്നവളെ കൂട്ടിക്കൊണ്ടു പോവുക എന്നറിയില്ല. ഇടക്കിടെ വേദനയോടെ വെട്ടിത്തിരിഞ്ഞു പോകുന്ന അവളുടെ തലയും ചേതനയറ്റ ശരീരവും...
കൊല്ലുകയായിരുന്നു ഞാനവളെ. മാറുപിളരുന്ന വേദനയോടെ, ഒഴുകുന്ന കണ്ണുകളോടെ അവളെ ഞാന്‍ കൊന്നു. വേദനയില്‍ പിടഞ്ഞു പിടഞ്ഞ് മണിക്കൂറുകള്‍ കിടന്ന ശേഷം തീരുന്നതിലും ഒരു നിമിഷമെങ്കിലും നേരത്തേ പോകട്ടെയെന്നു കരുതി. അരുകിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലില്‍ നിന്നും ഞാനവള്‍ക്കൊരിറ്റു ദാഹജലം പകര്‍ന്നിരുന്നുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ച് അവളെ ഞാന്‍ കഴുത്തു ഞെരിച്ചു കൊന്നു. സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വരുന്ന ഒരച്ഛന്‍റെ ഹൃദയവേദന എന്തുകൊണ്ടാണ് എന്നിലുണ്ടായതെന്നെനിക്കറിയില്ല. എങ്കിലും ഈശ്വരന്‍റെ കോടതിയില്‍ ഞാന്‍ ചെയ്തത് ഒരു ജീവകാരുണ്യ പ്രവര്‍ത്തിയായി മാത്രം പരിഗണിക്കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
എത്രയും സ്നേഹമുള്ള കിളിമകളേ... നീ എനിക്കു മാപ്പു തരിക. ഉറുമ്പുകളുടെ കടിയേറ്റും, ദാഹജലത്തിനായി കേണും, വിശന്നും ഇഞ്ചിചായി നീ മരിക്കാതിരിക്കാന്‍... അതിനു വേണ്ടി മാത്രം ഞാനതു ചെയ്തു. നിന്നെ രക്ഷപ്പെടുത്താന്‍ ഒരു പഴുതെങ്കിലുമുണ്ടായെങ്കില്‍...
© ജയകൃഷ്ണന്‍ കാവാലം
Sunday, May 31, 2009
Thursday, May 21, 2009
രണ്ടാം ക്ലാസ്സ് പ്രണയം രണ്ടാം ഭാഗം - അഥവാ പ്രിയദര്‍ശിനി (916 പരിശുദ്ധിയുള്ളവള്‍)
ജന്മജന്മാന്തരങ്ങളായി പിന്തുടര്‍ന്നു പോന്ന ഒരു വിശുദ്ധപ്രേമത്തിന്‍റെ നാഡിമിടിപ്പുകള്‍ ക്രീം കളര്‍ ഷര്‍ട്ടിട്ട എന്‍റെ കുഞ്ഞു നെഞ്ചകത്തേക്കു പകര്‍ന്നു കൊണ്ടാണ് അവള്‍ രണ്ടാം ക്ലാസ്സില്‍ വന്നു ചേര്‍ന്നത്. ക്ലാസ്സില്‍ വന്ന അവളുടെ താടിക്കു പിടിച്ച് ടീച്ചര്‍ ചോദിച്ചു,
എന്താ മോളുടെ പേര്?
ഞാന്‍ കാതോര്‍ത്തു, എനിക്കവളുടെ പേരറിഞ്ഞാല്‍ മാത്രം പോരാ ആ ശബ്ദവും കേള്‍ക്കണമായിരുന്നു.
അവള്‍ പറഞ്ഞു, പ്രിയദര്‍ശിനി.
പ്രിയദര്‍ശിനീ, നിന്‍റെ പ്രിയതമന്‍ ഞാനാണെന്നു പറയാന്‍ പോന്ന വകതിരിവും, വിവരവും അന്നെനിക്കില്ലായിരുന്നു. എങ്കിലും എനിക്കു നാണം വന്നു. വെറുതേ ഒരു നാണം!.
കൂടെപ്പിറപ്പുകളൊന്നുമില്ലാതെ ഒറ്റക്കു വളര്‍ന്ന എനിക്ക് സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും സഹോദരീസഹോദരന്‍മാരായിരുന്നു. പക്ഷേ ഇവള്‍ മാത്രം മറ്റെന്തോ ആയി അനുഭവപ്പെട്ടു. അവള്‍ വന്നതോടു കൂടി ആ രണ്ടാം ക്ലാസ്സ് വസന്തകാലത്തെ പൂന്തോട്ടമായി എനിക്കനുഭവപ്പെടാന്‍ തുടങ്ങി. എങ്കിലും അവളെയോ, അവളിരിക്കുന്ന ഭാഗത്തേക്കോ നോക്കാന്‍ എനിക്കു വല്ലാത്ത പേടിയായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്‍റെ പ്രണയപാരവശ്യം മനസ്സിലാക്കാന്‍ ആരാണുണ്ടാവുക?
എന്‍റെ സ്വപ്നങ്ങള്‍ അവളേക്കൊണ്ടു നിറഞ്ഞു. കല്ലുപെന്‍സില്‍, വളപ്പൊട്ടുകള്‍, പൂക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഞാന്‍ അവള്‍ക്കായി സൂക്ഷിച്ചു വച്ചു. പക്ഷേ ഒന്നു പോലും കൊടുത്തില്ല. അവള്‍ക്കും എന്നെ നോക്കാന്‍ നാണമായിരുന്നു. എന്നോടു മിണ്ടാനും. ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുമ്പോള്‍ ആദ്യം എന്നെ ഒളികണ്ണിട്ടു നോക്കിയിട്ടേ അവള്‍ ഉത്തരം പറയുമായിരുന്നുള്ളൂ. ഞാനും
ഞാന്‍ എന്നും സ്വപ്നം കാണുമായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വലുതാകും, കല്യാണം കഴിക്കും, ഹണിമൂണിനു പോകും, അവള്‍ എനിക്കു ഭക്ഷണം ഉണ്ടാക്കി തരും. വീട്ടിലെ ബോട്ട് അപ്പൂപ്പന്‍ എനിക്കു തരും,(ഇല്ലെങ്കില്‍ അപ്പൂപ്പന്‍ അറിയാതെ അഴിച്ചു കൊണ്ടു പോകും) അതില്‍ കയറി ഞങ്ങള്‍ കായലായ കായലുകളും, തോടായ തോടുകളുമെല്ലാം യാത്ര ചെയ്യും. ഇതു കണ്ട് വാവക്കുട്ടനമ്മാവന് അസൂയ തോന്നും. അവളെ ഞാന്‍ കൈതപ്പൂ ചൂടിക്കും. എന്നും അവളേക്കൊണ്ടു ഞാന്‍ പാട്ടു പാടിക്കും, തിരുവാതിര കളിപ്പിക്കും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ നിന്ന് ഞങ്ങള്‍ പരല്‍മീനുകളെ കാണും, വടക്കുവശത്ത് ഗന്ധരാജന്‍റെ ചുവട്ടിലെ കല്‍പ്പടവുകളില്‍ ഇരുന്ന് ഒരുപാടൊരുപാട് കഥ പറയും. ഗന്ധരാജന്‍റെ പൂ നുള്ളി ഞാനവളുടെ തലയില്‍ ചാര്‍ത്തും, അവിടെയിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടി അപ്പുറത്തെ അനുവിനോടും, ആന്‍റിയോടും വര്‍ത്തമാനം പറയും. ഇങ്ങനെ സ്വപ്നം ഒരു മഹാവൃക്ഷമായി വളര്‍ന്നതിനൊപ്പം ഞങ്ങള്‍ ക്ലാസ്സുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.
ഇതിനിടയില്‍ ഇവന്‍ സ്കൂളുകള്‍ ചിലതു മാറി, അപ്പൊഴും അവള്‍... അവള്‍ മാത്രം മനസ്സില്‍ നിന്നു മാറിയില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് കാവാലത്തെത്തിയപ്പോള്‍ ഞാനവളെ കണ്ടു. പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവനാളുകളിലെന്നോ, പാതി വിടര്‍ന്ന താമരമൊട്ടുപോലെ പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളുമായി, തിരുമേനി ശ്രീകോവിലില്‍ നിന്നു തളിച്ച തീര്‍ത്ഥബിന്ദുക്കള്‍ അവിടവിടെ ചിതറി വീണ്, അതില്‍ ഉദയസൂര്യന്‍റെ പൊന്‍കിരണങ്ങള്‍ പ്രതിഫലിക്കുന്ന മുഖവുമായി അവള്‍. ആ കാഴ്ചക്ക് അകമ്പടിയെന്നോണം ഉത്സവപ്പറമ്പിലെ മൈക്കില്‍ നിന്നും
‘ലാവണ്യ ദേവതേ നിന്നെ കാണുവാനിന്നു ഞാന്‍ വന്നു,
ഓമല്‍ക്കിനാവുകളാലെ പൂമാല കോര്‍ത്തു ഞാന്‍ നിന്നു‘
എന്ന ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ ശബ്ദത്തില്‍ ഒഴുകിക്കൊണ്ടിരുന്നു.
ഞാന്‍ കണ്ണനെ കണ്ടില്ല. പകരം അവളെ കണ്ടു. രാജീവലോചനനെ തൊഴുതില്ല പകരം ഞാന്‍ മാധവന്‍ തന്നെയായി മാറി. എന്‍റെ മനസ്സ് ഒരു യുഗം പിന്‍പോട്ട് സഞ്ചരിച്ച് വൃന്ദാവനത്തിലെത്തി. പക്ഷേ അവള്‍ എന്‍റെ കൂടെ പോന്നില്ല. പകരം അലുവാ തിന്ന പട്ടിയേപ്പോലെ അമ്പരന്നു നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ വിളിച്ചു ചോദിച്ചു, താനിതെന്നു വന്നെന്ന്.
ഞാന്‍ യാന്ത്രികമായി മറുപടി പറഞ്ഞെന്നാണെന്‍റെ ഓര്‍മ്മ. അല്‍പസമയം പഠനകാര്യങ്ങളെല്ലാം സംസാരിച്ച് ഞങ്ങള്‍ പിരിഞ്ഞു. അന്നു മുതല്‍ എനിക്ക് ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങള്‍ ആരംഭിച്ചു.
ഇതിനിടയില്‍ ഒരു സാമദ്രോഹി എന്‍റെയടുത്തു വന്നു പറഞ്ഞു അവന് പ്രിയദര്‍ശിനിയെ ഭയങ്കര ഇഷ്ടമാണ് അവളില്ലാതെ അവനൊരു ജീവിതമില്ലെന്ന്. അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇന്നും എനിക്കു വിവരിക്കാന്‍ അറിയില്ല. എന്തെല്ലാം പാര പണിഞ്ഞാണ് അവനെ ഞാനതില്‍ നിന്നും പിന്‍തിരിപ്പിച്ചതെന്ന് എനിക്കു മാത്രമേ അറിയൂ. അവടച്ഛന് ഭ്രാന്താണെന്നു വരെ പറഞ്ഞു. എന്‍റെ മാത്രം പ്രിയതമയെക്കുറിച്ച്, പുറത്തു നിന്നു കാണുന്ന ഭംഗി മാത്രമേ അവള്‍ക്കുള്ളെന്നും, അവള്‍ മഹാ തറയാണെന്നും, അവളൊരു യക്ഷിയാണെന്നും വരെ പറയേണ്ടി വന്നു. അതും പോരാഞ്ഞ് അവനൊരു കള്ളുകുടിയനും, ആഭാസനും, വായീ നോക്കിയും, കുടുംബത്തു കയറ്റാന്‍ കൊള്ളാത്തവനുമാണെന്ന് അവളെ അറിയിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്തു.
ഇതെല്ലാം ആണെങ്കിലും ഞാന്‍ അവളോട് ഒന്നും പറഞ്ഞില്ല. പറയാന്‍ ധൈര്യമില്ലായിരുന്നു. കാലം കുറേ കഴിഞ്ഞു. ഞങ്ങള്‍ കൌമാരം പിന്നിട്ട് യൌവ്വനത്തിലെത്തി. അപ്പൊഴും പറഞ്ഞില്ല. പകരം ഗുരുവായൂരപ്പനെ ദല്ലാളുപണി ഏല്‍പ്പിച്ചു മിണ്ടാതിരുന്നു. കള്ളകൃഷ്ണന്‍ തനി സ്വഭാവം കാണിച്ചു. എന്നെ പറ്റിച്ചു. അവളെ വീട്ടുകാര്‍ കൊള്ളാവുന്ന ഒരുത്തനു കെട്ടിച്ചു കൊടുത്തു. അതും പോരാഞ്ഞ് അവള്‍ രണ്ട് തടിയന്‍ പിള്ളേരടെ തള്ളയുമായി. ഇന്ന് വല്ലപ്പോഴും കാണുമ്പോള്‍ അവളുടെ എളിയിലിരുന്നുള്ള കൂട്ടത്തില്‍ ഇളയവന്‍റെ നോട്ടം കാണുമ്പോള്‍ എനിക്കെന്തോ വല്ലാത്ത ഒരു നാണം തോന്നാറുണ്ട്. അന്ന് രണ്ടാം ക്ലാസ്സിലെ മുന്‍ ബഞ്ചിലിരുന്ന്, അവള്‍ ടീച്ചറിനോട് പേരു പറഞ്ഞപ്പോള്‍ തോന്നിയ അതേ നാണം.
© ജയകൃഷ്ണന്‍ കാവാലം
Tuesday, May 19, 2009
രണ്ടാംക്ലാസ്സിലെ സംശുദ്ധ പ്രണയം
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
മൂന്നിഞ്ചു പൊക്കവും, മെറൂണ്‍ കളര്‍ നിക്കറും, ക്രീം കളര്‍ കുട്ടിയുടുപ്പുമിട്ട് ജയകൃഷ്നന്‍ എന്നു പേരുള്ള കരുമാടിക്കുട്ടന്‍ ഉത്സാഹത്തോടെ ഓടിക്കളിക്കുന്ന കാലം. അന്നേ അവന്‍ സുന്ദരന്‍ ആയിരുന്നെങ്കിലും, ഇന്നുള്ള അത്രയും ഗ്ലാമറോ, നിറമോ ഇല്ലായിരുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഈ പറഞ്ഞ രണ്ടാം ക്ലാസ്സ് ജയകൃഷ്ണന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു പിടി മാറ്റങ്ങള്‍ക്ക് സാക്ഷിയായതുമാണ്.
അന്നൊക്കെ ദിവസവും രാവിലെ സ്ലേറ്റിന്‍റെ ഒരു വശത്ത് മലയാളവും, മറു വശത്ത് കണക്കും പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു ചെല്ലണമെന്നതായിരുന്നു ഗൃഹപാഠം. ചില വിരുതന്മാര്‍ എഴുതാതെ ചെല്ലും, ടീച്ചര്‍ ചോദിക്കുമ്പോള്‍ കുഞ്ഞു കിളിനാദത്തില്‍ കരച്ചിലിന്‍റെ പ്രത്യേക ‘ടോണ്‍‘ ഒക്കെ വരുത്തി, ടീച്ചറിന്‍റെ സഹതാപവും, ചൂരലില്‍ നിന്ന് രക്ഷയും കിട്ടാന്‍ ആവശ്യമായ എല്ലാ ചേരുവയും ചേര്‍ത്ത് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘തൂന്നു പോയി’. എഴുതിയിരുന്നതാണ് പക്ഷേ മാഞ്ഞു പോയി എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ടീച്ചര്‍ ഞങ്ങളുടെ ടീച്ചറായതുകൊണ്ടും, ഞങ്ങളേക്കാള്‍ നിരവധി ഓണങ്ങള്‍ - വിഭവസമൃദ്ധമായി തന്നെ - ഉണ്ടിട്ടുള്ളതിനാലും അടി കിട്ടുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എന്തെങ്കിലുമൊക്കെ കുത്തിവരച്ച് വിദഗ്ദ്ധമായി മായ്ച്ചു കളഞ്ഞ് എഴുതിയതു മാഞ്ഞു പോയി എന്നു സ്ഥാപിച്ചെടുക്കുന്ന ചില മിടുക്കന്മാരും കൂട്ടത്തില്‍ അപൂര്‍വ്വമായുണ്ടായിരുന്നു. ഒന്നു രണ്ട് അത്യാവശ്യ ഘട്ടത്തില്‍ ഈയുള്ളവനും ആ പ്രക്രിയ ചെയ്യേണ്ടി വന്നത് കാലത്തിന്‍റെ ആവശ്യമായിരുന്നു എന്ന് ഇന്ന് ഒരു കള്ളച്ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു.
ഈ സമയത്താണ് ഞാന്‍ ആദ്യമായി കടല്‍ കാണുന്നത്. മുതുകുളത്ത്, അപ്പൂപ്പന്‍റെ വീട്ടില്‍ നിന്നു മടങ്ങി വരുമ്പോള്‍ അങ്ങു ദൂരെയായി ഭൂമിക്കു ചാര്‍ത്തിയ വെള്ളി അരഞ്ഞാണം പോലെ കടല്‍. ബസ്സിന്‍റെ സീറ്റില്‍ കയറ്റി നിര്‍ത്തി അപ്പൂപ്പന്‍ കാണിച്ചു തന്നു. ഇന്നിപ്പോള്‍ കടല്‍ ഇങ്ങടുത്തെത്തി. അന്ന് വളരെ ദൂരെയായി ഒരു തിളക്കം മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കടലിനു പ്രായമായതു കൊണ്ടാവാം പഴയ ആ കൌമാര കൌതുകമൊന്നും ഇപ്പോഴത്തെ കടലിനില്ല. ചിലപ്പോള്‍ സുനാമിഭ്രാന്തെടുത്ത് അവള്‍ കാണിച്ച അക്രമം പൊറുക്കാന്‍ മനസ്സിനു കഴിയാത്തതിനാലാവാം എനിക്കവളോട് പണ്ടത്തെ അത്ര മമത ഇല്ലെന്നാണ് തോന്നുന്നത്.
കടലും കണ്ട്, ശ്രീകൃഷ്ണഭവന്‍ ഹോട്ടലിലെ ജനിച്ചിട്ടു വെള്ളം ദേഹത്തു വീണിട്ടില്ലാത്ത നമ്പൂരിച്ചന്‍റെ മസാലദോശയും, അശോക ബേക്കറിയിലെ ഐസ്‌ക്രീമും കഴിച്ച് വീട്ടിലെത്തിയ ഞാന്‍ ഹോം വര്‍ക്ക് എന്ന കുണ്ടാമണ്ടി മറന്നേ പോയി. രാവിലെ സ്കൂളീല്‍ പോകാന്‍ നേരത്താണ് വരാനിരിക്കുന്ന അടി ഒരു ഞെട്ടലോടെ ഓര്‍ക്കുന്നത്. തല്ലു കൊള്ളുന്നതല്ല പ്രശ്നം. എനിക്കടി കൊള്ളുമ്പോള്‍ തൊട്ടപ്പുറത്തെ ബഞ്ചിലിരിക്കുന്ന അനുവും, മഞ്ചുവും, ഉഷാകുമാരിയുമൊക്കെ സന്തോഷിക്കുമല്ലോ എന്നോര്‍ത്തിട്ട് എനിക്കു സഹിക്കാന്‍ മേലാതായി. ടീച്ചറിനെ പറ്റിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം തരികിട വേലകള്‍ അന്നേ വശമുണ്ടായിരുന്നതു കൊണ്ട് മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നു.
സ്ലേറ്റിന്‍റെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടു,
കടലില്‍ തിരമാലകള്‍ തുള്ളിക്കളിക്കുന്നതു പോലെ
എനിക്കും കളിക്കുവാന്‍ മോഹം
കടലില്‍ കപ്പലിനു പുറത്ത് കിടന്ന്
ഒന്നുറങ്ങുവാന്‍ മോഹം
സഹപാഠികളായ ദ്രോഹികള്‍ കാണാതെ സ്ലേറ്റ് മൂടിപ്പിടിച്ച് ഞാനവിടെയിരുന്നു. അടി കിട്ടാനുള്ള സാദ്ധ്യത രണ്ടു കയ്യിലും ഭാരവുമായി പോകുമ്പോള്‍ കഷണ്ടിയില്‍ വന്നു പതിച്ച കാക്കയുടെ പ്രസാദം പോലെ നില്‍ക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. അങ്ങനെ രാധാമണിടീച്ചര്‍ സ്ലേറ്റുകള്‍ ഒന്നൊന്നായി പരിശോധിക്കാന്‍ തുടങ്ങി. എന്‍റെ ഊഴമായി. ടീച്ചര്‍ സ്ലെറ്റ് വാങ്ങിയതും രണ്ടും കല്‍പ്പിച്ചൊരു കാച്ചു കാച്ചി. ടീച്ചറേ ഇതു ഞാന്‍ സൊന്തമായി എഴുതിയതാണ്. അതു കൊണ്ടാ ഹൃഹപാഠമെഴുതാഞ്ഞത്. കേവലം ഒരു അടിയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിച്ച ഈ വികൃതി, ടീച്ചര്‍ ഒരു വലിയ സംഭവമാക്കി മാറ്റി. അമ്മാവന്‍റെ പാരമ്പര്യം, എഴുത്തിനിരുത്തിയ വല്യമ്മാവന്‍റെ പുണ്യം തുടങ്ങി ടീച്ചര്‍ ആ പീരിയഡ് മുഴുവന്‍ ഇവനെ പുകഴ്ത്തിക്കൊണ്ടിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന അന്നമ്മ ടീച്ചറും ഒപ്പം കൂടി. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവനും അവിടെയിരുന്നു. ഈ കവിതയെഴുത്തിന്‍റെ പിന്നിലെ പ്രേരകശക്തി എന്തായിരുന്നെന്ന് എന്‍റെ ടീച്ചര്‍മാര്‍ അറിയുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിടീച്ചറിന്‍റെ സെന്‍റ് ഓഫിന് ഇവന്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മാത്രമായിരുന്നു.
ഇതേ രണ്ടാം ക്ലാസ്സില്‍ വച്ചു തന്നെയായിരുന്നു ഇവന്‍റെ ആദ്യ പ്രണയവും നാമ്പിടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരനുഭവമാണ് പ്രണയം എന്നു ഞാനറിയുന്നത് അന്നാണ്.
തുടരും

Saturday, March 28, 2009
സ്മിതയും ഭഗദ്‌സിംഗും കവര്‍ന്നെടുത്ത ഹിന്ദിവിജ്ഞാനം
ഒരു സുപ്രഭാതത്തില്‍ പെട്ടിയും, പൊക്കാണവുമെടുത്ത് പൂനായ്ക്ക് വണ്ടി കയറുമ്പോള്‍ ഹിന്ദി എന്നൊരു കുണ്ടാമണ്ടി എനിക്കു പാരയായി അവിടെയുണ്ടെന്നുള്ള കാര്യമൊന്നും ഞാനോര്‍ത്തില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഹിന്ദി എനിക്കൊരു കീറാമുട്ടിയായിരുന്നു. ഗ്രാഫിക്സിലും എഡിറ്റിംഗിലും പുലിയാകാനുള്ള രാജ്യത്തെ ഒന്നാം കിട കോളേജില്‍ അവസരം കിട്ടിയ സന്തോഷത്തില്‍ ഈയൊരു കുരിശ് ഞാനോര്‍ത്തതുമില്ല.
അവിടെ താമസം 6 മാസം കുഞ്ഞമ്മയുടെ വീട്ടിലും 6 മാസം കുഞ്ഞമ്മാവന്‍റെ വീട്ടിലും എന്ന അനുപാതത്തിലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ കൊച്ചച്ചന്‍ കാത്തു നിന്നു കൂട്ടിക്കൊണ്ടു പോയി. ഇലക്ട്രിക് ട്രെയിനില്‍ ചാഞ്ചാടിയാടി പോകുന്ന വഴിയില്‍ തന്നെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ഭഗവാനേ മലയാളം മാത്രമറിയുന്ന ഞാന്‍ എങ്ങനെ ഈ മഹാനഗരത്തില്‍ ജീവിക്കും. ചുറ്റും വെള്ള തൊപ്പിയും വച്ച് കയ്യില്‍ പാല്‍പ്പാത്രങ്ങളുമായിരുന്ന് തമ്പാക്കടിക്കുന്ന കക്ഷികള്‍ മറാത്തിയില്‍ തകര്‍ക്കുകയാണ്. അന്നെനിക്ക് ഇംഗ്ലീഷ് പോലും ശരിക്കറിയില്ല. അന്നൊക്കെ ഞാന്‍ ഇംഗ്ലീഷ് പറയുന്നതു സായിപ്പ് കേട്ടാല്‍ അന്നത്തോടെ സായിപ്പ് ഇംഗ്ലീഷു പറച്ചില്‍ നിര്‍ത്തി മലയാളം പഠിക്കും. ഭൂതവും ഭാവിയുമെല്ലാം എനിക്ക് വര്‍ത്തമാനമായിരുന്നു. ഇവിടെയിപ്പോള്‍ ഇംഗ്ലീഷ് നന്നായി അറിയാമെങ്കിലും ഒരു പ്രയോജനവുമില്ല. കാരണം കേള്‍ക്കുന്നവനു കൂടി അറിയണ്ടേ ഇംഗ്ലീഷ്!!!.
അങ്ങനെ ജയകൃഷ്ണന്‍റെ വിശ്വവിഖ്യാതമായ പഠനം ആരംഭിച്ചു. സീസണ്‍ ടിക്കറ്റെടുത്ത് ദിവസവും രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നിറങ്ങും. ശിവാജി നഗര്‍ റെയില്‍വേസ്റ്റേഷനിലിറങ്ങി ഏകദേശം പത്തു കിലോമീറ്റര്‍ നടക്കും. ആ വഴി ബസ്സില്ല. പോകുന്ന വഴി മുന്‍പരിചയമില്ലാത്തതും, ഇവിടെ വന്നു പരിചയപ്പെട്ടവരുമായ കുറേ ദൈവങ്ങള്‍ അമ്പലങ്ങളിലുണ്ട്. ഒരു ഗുഹാക്ഷേത്രമുള്‍പ്പെടെ പത്തോളം അമ്പലങ്ങള്‍. പോകുന്ന വഴി എല്ലാവരെയും കണ്ട് നമസ്കാരം പറഞ്ഞ് അവിടെയെത്തുമ്പോഴേക്കും കൃത്യം ക്ലാസ് തുടങ്ങാന്‍ സമയമായിരിക്കും. തിരിച്ച് വരുന്നത് രാത്രി പന്ത്രണ്ടിനുള്ള ട്രെയിനില്‍. വര്‍ഷങ്ങള്‍ നീണ്ട ഈ സഞ്ചാരത്തിനൊടുവിലും ജയകൃഷ്ണന്‍ ഹിന്ദിയും പഠിച്ചില്ല, മറാത്തിയും പഠിച്ചില്ല. കൂടെ പഠിക്കുന്നവരെല്ലാം പെണ്‍കുട്ടികള്‍. ഇവന്‍ മാത്രം അവരുടെയിടയില്‍ ഗോപീജനവല്ലഭനായി സസുഖം കഴിഞ്ഞുകൂടി. അവരുടെ കൃപാകടാക്ഷമാണ് എന്നെ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ പ്രാപ്തനാക്കിയത്.
എനിക്ക് ഹിന്ദി അറിയില്ല എന്നത് കുഞ്ഞമ്മയുടെ മക്കള്‍ (മൂത്തവന്‍ അന്ന് എട്ടാം ക്ലാസ്സിലും ഇളയവള്‍ നാലാം ക്ലാസ്സിലും) ഒരു ആഘോഷമാക്കി കൊണ്ടാടുന്ന കാലം. വീട്ടില്‍ പുതുതായി ആരെങ്കിലും വന്നാല്‍ പരിചയപ്പെടുത്തുന്നതേ യേ മേരാ ഭയ്യാ ഹേ ലേക്കിന്‍ ഹിന്ദി ഓര്‍ മറാത്തി മാലൂം നഹി എന്നു പറഞ്ഞാണ്.
പത്താംക്ലാസ്സില്‍ സരസ്വതി പിള്ള ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുമ്പോള്‍ ഇവന്‍ പാഠപുസ്തകത്തിലെ ഭഗത് സിംഗിനേയും, അപ്പുറത്തെ ബഞ്ചിലിരുന്ന സ്മിതയേയും വരച്ചുകൊണ്ടിരുന്നത് ഒരു തെറ്റായിപ്പോയെന്നും, ഇതു കണ്ട് സരസ്വതിപിള്ള ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞെണീപ്പിക്കുകയും, തുടര്‍ന്ന്, പത്താംക്ലാസ്സില്‍ പഠിക്കുന്ന വീരകേസരിയാണെങ്കിലും ഇവന്‍ എന്‍റെ സ്വന്തത്തില്‍ പെട്ട കുട്ടിയാണെന്ന അവകാശപ്രഘ്യാപനത്തോടെ ചന്തി അടിച്ച് പരത്തുകയും ചെയ്തത് തികച്ചും ഒരു നല്ല പ്രവൃത്തിയായിരുന്നെന്നും ഇവനറിയുന്നത് അന്നാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ ഭഗത് സിംഗും സ്മിതയും മാത്രമാണ്.
ഹിന്ദി അറിയാന്‍ മേലെന്നും പറഞ്ഞ് വീടിനകത്തിരുന്നാല്‍ പഠിക്കാന്‍ പറ്റില്ല പുറത്തിറങ്ങി ആള്‍ക്കാരോട് വര്‍ത്തമാനം പറയണം എന്ന കൊച്ചച്ചന്‍റെയും, കുഞ്ഞമ്മാവന്‍റെയും ഉപദേശം ശിരസാ വഹിച്ച് ഇവന്‍ പുറത്തിറങ്ങി നടപ്പ് തുടങ്ങി. കൂട്ടിന് കുഞ്ഞമ്മയുടെ ഇളയ മകളേയും കൂട്ടും. അവള്‍ക്ക് മലയാളം സംസാരിക്കാനും അറിയാം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ആംഗ്യഭാഷ ഇവകളും നന്നായി കൈകാര്യം ചെയ്യും.
അങ്ങനെ ഒരു ദിവസം ഞങ്ങള്‍ മാര്‍ക്കറ്റില്‍ പോയി. ജയകൃഷ്ണന്‍ ചേട്ടന്‍ സംസാരിച്ചോ ഞാന്‍ സഹായിക്കാം എന്നവള്‍ വാക്കു തന്നിരുന്നതാണ്. പക്ഷേ പുറത്തിറങ്ങിയതും അവള്‍ കാലു മാറി. അവള്‍ ഒറ്റ അക്ഷരം സംസാരിക്കാതെ ഞാന്‍ പറയുന്ന മണ്ടത്തരങ്ങള്‍ കേട്ടാസ്വദിക്കാന്‍ തുടങ്ങി.
അപ്പോഴുണ്ട് അവിടെ ഞാവല്‍പഴം വില്‍ക്കാന്‍ വച്ചിരിക്കുന്നു. ഈ കുന്ത്രാണ്ടത്തിന്‍റെ പേരറിയാതെങ്ങനെയാണ് വില ചോദിക്കുന്നത്? അവളോട് ചോദിച്ചിട്ട് അവളൊട്ട് പറയുന്നുമില്ല. എന്നാല്‍ ആദ്യം അതിന്‍റെ പേര് ചോദിക്കാമെന്നു കരുതി, അത് വില്‍ക്കാന്‍ ഇരുന്ന സ്ത്രീയോട് ചോദിച്ചു ഏ ക്യാഹേ എന്ന്. അവര്‍ പറഞ്ഞു ജാംബുള്‍. എന്നാല്‍ അവര്‍ പറഞ്ഞത് എനിക്കു മനസ്സിലായില്ല. ഞാന്‍ പിന്നെയും ഇസ് കാ നാം എന്നൊക്കെ അറിയാവുന്ന രീതിയിലെല്ലാം ചോദിച്ചുകൊണ്ടേയിരുന്നു. കുറേ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വിളിച്ചു കൂവി. ‘അരേ പാഗല്‍ ഹേ ക്യാ‘ എന്ന്. പാഗല്‍ എന്ന വാക്ക് മാത്രം തിരിഞ്ഞു. ഞാന്‍ കരുതി ഞാവല്‍പഴത്തിന്‍റെ പേരായിരിക്കും പാഗല്‍ എന്ന്. ഞാന്‍ പറഞ്ഞു ഹാ ഹാ പാഗല്‍ പാഗല്‍, ഏക് കിലോ കിത്തനാ പൈസാ
അവര്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ തുറിച്ചു നോക്കി ഇരിപ്പാണ്. കൂടെ വന്ന അനിയത്തി പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെയും വലിച്ച് മാര്‍ക്കറ്റിനു പുറത്തിറങ്ങി. തിരിഞ്ഞു നടക്കുന്ന വഴിക്കാണ് അവള്‍ പറഞ്ഞത്, ജയകൃഷ്ണന്‍ ചേട്ടന് വട്ടാണോന്നാ അവര് ചോദിച്ചതെന്ന്.
ഇളിഞ്ഞ മുഖഭാവവുമായി തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടു, മുടിയിഴകള്‍ പാറിപ്പടര്‍ന്നു കിടക്കുന്ന മനോഹരമായ കവിളുള്ള, നീളന്‍ കണ്ണുള്ള ആ സുന്ദരിയെ... സ്മിതയെ... ഒപ്പം കൊച്ചരിവാലന്‍ മീശയും പിരിച്ച് എന്‍റെ ഹിന്ദിപ്പുസ്തകത്തില്‍ നിന്നിരുന്ന ഭഗത്‌സിംഗിനെയും.

Wednesday, March 25, 2009
ആശാന്
ഒരു പരസ്യ കമ്പനിയില്‍ കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്യുന്ന കാലം. ഞാനവിടെ കോപ്പി റൈറ്ററായതിനു പിന്നില്‍ ഒരു കഥയുണ്ട്...
നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ക്കും എന്ന മുദ്രാവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു ഹിന്ദിക്കാരന്‍റെ കമ്പനിയിലെ അടിമപ്പണി വലിച്ചെറിഞ്ഞ്, എയര്‍പോര്‍ട്ടില്‍ നിന്നു കൊണ്ട് ഇനിയീ രാജ്യത്തു കാലു കുത്തുന്ന പ്രശ്‌നമില്ല എന്ന് ശപഥവും ചെയ്ത് വന്ന വരവാണ്. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ വലിയൊരു സത്യം മനസ്സിലായി. ആദര്‍ശം പുഴുങ്ങിത്തിന്നാല്‍ വയര്‍ നിറയില്ല എന്ന മഹാസത്യം. എന്നാലും വിദേശത്തെ ജയിലിലെ ഗോതമ്പുണ്ടയേക്കാള്‍ എന്തുകൊണ്ടും നല്ലത് സ്വന്തം നാട്ടിലെ വായുഭക്ഷണം തന്നെ എന്ന ആശ്വാസം എന്നെ ആശ്വസിപ്പിച്ചു.
ഞാന്‍ പ്രവാസം ആരംഭിച്ച കാലം മുതല്‍ -അതു വരെ തിരിഞ്ഞു നോക്കാതിരുന്ന- ചില ബന്ധുക്കള്‍ക്ക് ജയകൃഷ്ണനോട് അളവില്ലാത്ത സ്നേഹം. ഐ എസ് ഡി വിളിച്ചു വരെ അവരെന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചെന്നെ കൊല്ലാറാക്കിയ ഒരു ബന്ധുവീട് എയര്‍പോര്‍ട്ടിനടുത്താണ്. വിമാനമിറങ്ങി നേരെ അവിടെ ചെന്നു. സംഭവങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ ആ സ്ത്രീരത്നം എനിക്ക് മറ്റൊരു ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു. മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതിച്ചു. മറ്റൊരാളിന്‍റെ ശുപാര്‍ശയില്‍ എന്‍റെ ആത്മവിശ്വാസം അംഗീകരിക്കപ്പെടുന്നത് എനിക്കിഷ്ടമില്ലായിരുന്നു. ഇത്രയൊക്കെ സ്നേഹിച്ചതല്ലേയെന്നു കരുതി കൊണ്ടു വന്ന വലിയ പെട്ടി കാലിയാക്കി ഞാന്‍ തിരിച്ചു പോന്നു. വിദ്യാഭ്യാസമുണ്ടെങ്കിലും, ഉയര്‍ന്ന ഉദ്യോഗമുണ്ടെങ്കിലും ചിലര്‍ക്ക് ചിലതിനോടെല്ലാം ഭയങ്കര ആക്രാന്തമാണ്. അത് നമ്മള്‍ മനസ്സിലാക്കണമല്ലോ.
അങ്ങനെ അവര്‍ക്ക് നല്ല പരിചയമുള്ള ഒരു പരസ്യ കമ്പനിയിലാണ് ഞാന്‍ ജോലിക്കായി ചെല്ലുന്നത്. ‘ഞാന്‍ എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്’ എന്ന അവരുടെ ധൈര്യപ്പെടുത്തലുകള്‍ ഉള്‍ക്കൊണ്ട് മുതലാളിയുടെ മുന്‍പില്‍ ഇവന്‍ സവിനയം ഇരിപ്പുറപ്പിച്ചു. ബോസ് ബയോഡാറ്റയൊക്കെ വായിച്ച് കഴിഞ്ഞു പറഞ്ഞു ഇവിടെയിപ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഒരു ഒഴിവില്ല. പിന്നെയുള്ളതൊരു കോപ്പി റൈറ്ററുടെ വേക്കന്‍സിയാണ്. ആരെയെങ്കിലും അറിയുമെങ്കില്‍ പറയണം. (നല്ല കോപ്പി റൈറ്ററെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്).
ഞാന്‍ പറഞ്ഞു, ഞാന്‍ ചെയ്യാമെന്ന്.
അദ്ദേഹം ചോദിച്ചു: അതിന് ഇതിനു മുന്‍പ് എപ്പോഴെങ്കിലും കോപ്പി എഴുതിയിട്ടുണ്ടോ?
ഞാന്‍ പറഞ്ഞു: ഇല്ല, പക്ഷേ കിട്ടിയാല്‍ ചെയ്യും.
പോയാലൊരു വാക്ക്, കിട്ടിയാലൊരു ജോലി ഞാനിത്രയേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ കിട്ടി.
ബോസ് പറഞ്ഞു, ഈ ആത്മവിശ്വാസം എനിക്കിഷ്ടമായി. തല്‍ക്കാലം അസിസ്റ്റന്‍റ് ആയി ജോയിന്‍ ചെയ്തോ.മാസം നാലായിരം രൂപ ശമ്പളം തരാം. രണ്ടു മാസം കഴിഞ്ഞ് ബോദ്ധ്യപ്പെട്ടാല്‍ ശമ്പളം കൂട്ടിത്തരാം എന്ന്.
ഇവന്‍ ഇവിടുന്ന് വിദേശത്തേക്ക് വിമാനം കയറുമ്പോള്‍ പഴയ കമ്പനിയില്‍ ലഭിച്ചിരുന്ന ശമ്പളം ഇരുപത്തിയേഴായിരം, ഇപ്പോള്‍ നാലായിരം... മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നിവിടെ പറയാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ആ സിറ്റിയില്‍ താമസിച്ച് ഈ ജോലിയില്‍ തുടരണമെങ്കില്‍ കയ്യില്‍ നിന്നു കൂടി കാശു ചിലവാകും എന്നതാണ് സത്യം. ഏതായാലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഒരു ജോലിയും നാലായിരം രൂപയും എന്നു സമാധാനിച്ചു ജോലിയില്‍ പ്രവേശിച്ചു.
സര്‍ഗ്ഗധനനായ നാരായണന്‍ നമ്പൂതിരിയെന്ന പ്രഗത്ഭനായ കോപ്പിറൈറ്ററുടെ ജൂനിയര്‍ ആയി ജോലി ആരംഭിച്ചു. ഞങ്ങള്‍ മൂന്നു പേര്‍ ചേര്‍ന്ന് ഒരു കൊച്ചു വാടകവീട്ടില്‍ താമസവും ആരംഭിച്ചു
ആദ്യത്തെ കാപ്ഷന്‍ തന്നെ അപ്രൂവല്‍ ആയപ്പോള്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിച്ചു. ആ സ്ഥാപനത്തില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഇവനെഴുതിയെ ഏറെക്കുറേ മുഴുവന്‍ കോപ്പികളും വിജയം കണ്ടതില്‍ നാരായണന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. എഴുതാനുള്ള കഴിവ് മാത്രം പോര, ഒരു സാങ്കേതിക എഴുത്തെന്നു വിശേഷിപ്പിക്കാവുന്ന കോപ്പി റൈറ്റിംഗിന്. ആ കുറവുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ നാരായണന്‍ എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചിട്ടുണ്ട്.
നല്ല ഒരു എഴുത്തുകാരന്‍ കൂടിയാണ് നാരായണന്‍. നാരായണീയം എന്ന പേരില്‍ അദ്ദേഹം ഒരു ആത്മകഥ എഴുതിയിട്ടുണ്ട്. ജീവിതാനുഭവങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതി.
ആ സ്ഥാപനത്തിലെ ആര്‍ട്ട് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ വിഷ്വലൈസറാണ് ആശാന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന പ്രതിഭാധനനായ വലിയ മനുഷ്യന്‍. ജീവിതയാത്രയില്‍ അപൂര്‍വ്വമായി മാത്രം കണ്ടെത്താന്‍ കഴിയുന്ന പ്രതിഭയുടെയും നര്‍മ്മത്തിന്‍റെയും കൂടി ആശാനാണദ്ദേഹം. മനസ്സു നിറയെ സ്നേഹവും, വാക്കുകളില്‍ നിറയെ തമാശകളും, ചിന്തയില്‍ നിറയെ ജീവിതപ്രാരബ്‌ധങ്ങളുമുള്ള അസാധാരണക്കാരനായ ഒരു സാധാരണക്കാരന്‍.
ആ സ്ഥാപനത്തിന്‍റെ ഉണര്‍വ്വാണ് ആശാന്‍. അദ്ദേഹമവിടെയുണ്ടെങ്കില്‍ ചിരിയൊഴിഞ്ഞ നേരമില്ല. ഞാന്‍ ഒരു പല്ലു പോയ സീനിയര്‍ വിഷ്വലൈസര്‍ ആണെന്ന് അദ്ദേഹം കുറച്ചു നാള്‍ കഴിഞ്ഞാണ് അറിയുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന് എന്നോട് അല്പം കൂടുതല്‍ സ്നേഹം തോന്നിത്തുടങ്ങിയിരുന്നോ എന്നെനിക്കു സംശയമുണ്ട്. വര്‍ഗ്ഗസ്നേഹം!!!.
പതിയെപ്പതിയെ ആശാന്‍ എന്നെ കുറേശ്ശെയായി തട്ടിയെടുക്കാന്‍ തുടങ്ങി. ആശാനു കിട്ടുന്ന ടാസ്ക്കുകളില്‍ എന്നെയും പങ്കാളിയാക്കി. ഇന്നും ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു, ആ കലാകാരന്‍റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് എന്‍റെ ഒരു വലിയ ഭാഗ്യം തന്നെയായിരുന്നു എന്നത്. നാരായണന്‍ തമാശ രൂപേണ ആശാനോട് പരിഭവിക്കുമായിരുന്നു, ആശാനേ എനിക്ക് ആറ്റു നോറ്റിരുന്ന് ഒരു അസിസ്റ്റന്‍റിനെ കിട്ടിയതാണ്, ആശാന് അഞ്ചാറസിസ്റ്റന്‍റുമാരില്ലേ എനിക്കാകെക്കൂടിയുള്ള ഒരെണ്ണത്തിനെ ആശാന്‍ അടിച്ചോണ്ടു പോകരുത് തുടങ്ങി നാരായണന്‍റെ പരിഭവിക്കലും, ആശാന്‍റെ മറുപടിയുമൊക്കെയായി ദിവസങ്ങള്‍ കഴിഞ്ഞു പോയി.
ഇടക്കാണറിയുന്നത് എന്നെ അവിടെ കൊണ്ടു ചെന്നാക്കിയ ശ്രീമതി ബോസിനോട് പറഞ്ഞു കേള്‍പ്പിച്ച കഥകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയിലേ അല്ല ആ കമ്പനി എനിക്ക് ജോലി തന്നത്. അത്ര പരിതാപകരമായി ചിത്രീകരിച്ചാണ് അവര്‍ അവിടെ എന്നെ തിരുകി കയറ്റിയത്. ശുപാര്‍ശകളെ അങ്ങേയറ്റം വെറുക്കുന്ന ഞാന്‍ വാസ്തവത്തില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആ കമ്പനിയില്‍ ചേര്‍ന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റവും, അവിടുത്തെ അന്തരീക്ഷവും എന്നെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. എന്നാല്‍ ഈ വൃത്താന്തം അറിഞ്ഞതു മുതല്‍ എനിക്ക് അവിടെ തുടരാന്‍ മനസ്സുകൊണ്ട് കഴിയാതെ വന്നു. ആത്മവിശ്വാസമുള്ള ഒരു കലാകാരന് ഒരിക്കലും ഇത്തരം താഴ്ത്തിക്കെട്ടലുകള്‍ ഒരു കാലത്തും സഹിക്കുവാനും ക്ഷമിക്കുവാനും കഴിയില്ല.
ഈ പറഞ്ഞ ബന്ധു(?) ഇങ്ങനെ ചെയ്തതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്. ഇവരുടെ കുട്ടിക്കാലങ്ങളില്‍ എന്‍റെ അമ്മയുടെ അച്ഛന്‍ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്തിരുന്നു. അതിലും കൂടുതല്‍ ഒരു മഹാപരാധം വേറെയില്ലല്ലൊ ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് വൈരാഗ്യം ഉണ്ടാകുവാന്‍. ഉണ്ട ചോറിന്‍റെ നന്ദി എന്നു പറയുന്നത് ഇതാണ്. ഇംഗ്ലീഷില്‍ ഇന്‍ഫീരിയോരിറ്റി കോംപ്ലക്സെന്നോ മറ്റോ പറയാം. എത്രയൊക്കെ പഠിച്ചാലും, ഉയര്‍ന്ന ജോലി നേടിയാലും ഈ പറഞ്ഞ നന്ദി രക്തത്തില്‍ നിന്നും പോകില്ലല്ലോ. ഞാന്‍ ആ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റു ചില വഴിയില്‍ ചില ലാഭങ്ങള്‍ കണ്ടിരുന്ന അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെ എന്നെ ആ കമ്പനിയില്‍ നിന്നു പുറത്തു ചാടിക്കാനായി അവരുടെ ശ്രമം. എന്നെക്കുറിച്ച് പറയാവുന്ന അപവാദങ്ങളെല്ലാം പറഞ്ഞു കൂട്ടി എന്നത് പല അവസരങ്ങളിലായുള്ള സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.
ഞാന്‍ മറ്റൊരു തൊഴിലിനായി ശ്രമം ആരംഭിച്ചു. ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു ഇടത്തരം കമ്പനിയില്‍ ഒരു ജോലി തരപ്പെട്ടു. ദിവസവും പോയി വരാവുന്ന, പഴയതിലും മികച്ച ശമ്പളമുള്ള ഒരു ജോലി. ഞാന്‍ ബോസിനോട്, എനിക്ക് ഒരു ഓഫര്‍ കിട്ടിയിട്ടുണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ബോസിന്‍റെ സ്വഭാവം മാറി. ഒരു ബോസിന് തന്‍റെ തൊഴിലാളിയോട് - 6 മാസം ശമ്പളം നല്‍കിയ അധികാരത്തില്‍- ഇത്രമാത്രം വിലയിടിച്ചു സംസാരിക്കാനുള്ള അവകാശമുണ്ടെന്ന് അന്നാണെനിക്കു മനസ്സിലായത്.
എന്നാല്‍ ഇന്നും, ഈ നിമിഷവും എനിക്കദ്ദേഹത്തോട് യാതൊരു വിരോധവുമില്ല, പരിഭവവുമില്ല. നിറഞ്ഞ നന്മയുള്ള വലിയ ഒരു മനസ്സിനുടമയാണദ്ദേഹം. ആ സ്ഥാപനത്തില്‍ ഞാന്‍ ജോലി നോക്കിയിരുന്ന അത്രയും കാലം വളരെയധികം പ്രോത്സാഹനവും, പിന്‍തുണയും അദ്ദേഹത്തില്‍ നിന്നെനിക്കു കിട്ടിയിട്ടുണ്ട്. എന്തു ശുപാര്‍ശയുടെ പേരിലായാലും ഒരു മുന്‍പരിചയവുമില്ലാത്ത ഒരു ഒരു പുതുമുഖത്തെ ഉത്തരവാദിത്വമുള്ള ഒരു ജോലിയില്‍ ഭാഗ്യപരീക്ഷണം നടത്തുവാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവം തന്നെ ഒരു നല്ല കലാകാരന്‍ കൂടിയായ ആ വലിയ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ മാത്രമെന്നതില്‍ സംശയമില്ല.
തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ് അദ്ദേഹത്തെ എന്നോടങ്ങനെ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന സത്യം വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. പുറം ലോകമറിയുന്ന സ്വഭാവവും, വ്യക്തിത്വവുമല്ല ആ സ്ത്രീയുടെ യഥാര്‍ത്ഥ ഭാവം എന്നത് അവരെ നന്നായി അടുത്തറിയുന്ന ഞങ്ങള്‍ ബന്ധുക്കളുടെ അനുഭവമാണ്. അത് തെളിയിക്കേണ്ട ബാദ്ധ്യത കാലത്തിനാണ്.
ഞാന്‍ അദ്ദേഹത്തോട് പുതിയ ജോലിയുടെ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ ആശാന്‍റെ ഒരു ജോലിയില്‍ ആശാനെ സഹായിക്കുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി കമ്പ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ ഒരു കലാകാരനെന്ന നിലയില്‍ മുന്‍പനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വ ബോധവും, ഉണര്‍വ്വുമാണ് മനസ്സിന്. ഒരു തികഞ്ഞ കലാകാരനു മാത്രം പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ഊര്‍ജ്ജം ആശാന്‍റെ ഓരോ വാക്കുകളില്‍ നിന്നും ഞാനനുഭവിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയും കൊതിയോടെയുമാണ് ഞാന്‍ ആശാനോടൊപ്പം ആ ജോലി ചെയ്തുകൊണ്ടിരുന്നത്. രാത്രി എട്ടുമണിയോടു കൂടി ഞാന്‍ സാറിന്‍റെ കാബിനില്‍ എത്തിയപ്പോള്‍ ആശാനും അവിടെയുണ്ടായിരുന്നു. ഞാന്‍ സാറിനോട് ‘സാര്‍ അനുവദിക്കുമെങ്കില്‍ എനിക്കു പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ കൊള്ളാം’ എന്നാണ് അറിയിച്ചത്. എന്നാല്‍ ബോസ് പറഞ്ഞത് വേണ്ട തനിക്കിപ്പോള്‍ തന്നെ പോകാമെന്നായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ കണക്കെടുത്താല്‍, ആശാനോടൊത്ത് ചെയ്തിരുന്ന, പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ആ ജോലി മുന്‍പന്തിയില്‍ വരും.
ഞാന്‍ തിരിച്ചിറങ്ങി വരുമ്പോള്‍ യാത്രചോദിക്കാനെന്ന പോലെ, യാന്ത്രികമായി ആശാനെ നോക്കി. ആശാന്‍റെ മുഖം കുനിഞ്ഞിരുന്നു. ആശാന്‍ എന്‍റെ മുഖത്തോട്ടു നോക്കിയില്ല. അധികമവിടെ നില്‍ക്കാതെ ഞാന്‍ ആ സ്ഥാപനത്തിന്‍റെ പടിയിറങ്ങി. ഞാന്‍ തിരിച്ചിറങ്ങി വരുമ്പൊഴും ആശാന്‍ ആ കാബിനില്‍ ചാരി തല കുനിച്ചു നിന്നിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ? എനിക്കറിയില്ല. പക്ഷേ ആ വലിയ കലാകാരന്‍റെ മനസ്സ് എന്നെ നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവാം. ഗുരുതുല്യം ബഹുമാനിക്കുന്ന അദ്ദേഹത്തിന്‍റെ പക്കല്‍ ഈയുള്ളവനു നല്‍കുവാന്‍ അതിലേറെ വിലമതിക്കുന്ന വേറെന്താണുണ്ടാവുക.

Subscribe to:
Posts (Atom)