Friday, October 24, 2008

മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 2 (അവസാന ഭാഗം)


ആദ്യ ഭാഗം ഇവിടെ

ഇപ്പൊ വന്നേയുള്ളോ?

അതേ

എല്ലാവരും പോയോ?

പോയി

ഇനി എത്ര നാള്‍?

ആര്‍ക്കറിയാം... കാത്തിരിക്കാതെ നിവൃത്തിയില്ലല്ലോ...

രണ്ടു പേരും പരേതാത്മാക്കളാണ്. ഒരാളെ ഇപ്പോള്‍ കൊണ്ടു വന്ന് ചിതയില്‍ വച്ചതേയുള്ളൂ. മറ്റേ വിദ്വാന്‍ കുറേ ദിവസമായ ലക്ഷണമുണ്ട്‌. ഏതായാലും ഞാനും അവരുടെ കൂട്ടത്തില്‍ കൂടി. എന്നെക്കണ്ടപ്പോള്‍ അവര്‍ക്കാകെ ഒരു പരിഭ്രമം. ഞാന്‍ കൂട്ടു കൂടാന്‍ ചെന്നപ്പോള്‍ ഒരുത്തന്‍ പറഞ്ഞു.

നീ മനുഷ്യനല്ലേ? ഞങ്ങള്‍ ഒരു വിധത്തില്‍ ആ വൃത്തികെട്ട വേഷത്തില്‍ നിന്നു പുറത്തു ചാടിയതേയുള്ളൂ. നീ ശരിയാവില്ല.

ഞാന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു: സുഹൃത്തേ... ഞാന്‍ ചത്തില്ലെന്നേയുള്ളൂ മനസ്സുകൊണ്ട് ഞാന്‍ നിങ്ങളോടൊപ്പമാ. മനുഷ്യന്‍റെ തോന്ന്യാസങ്ങളൊന്നും ഞാനും കാണിക്കാറില്ല. എന്നെക്കൂടി നിങ്ങളുടെ സുഹൃത്താക്കണം. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം

എന്‍റെ നിഷ്കളങ്കമായ മുഖത്തേക്ക്. മനുഷ്യരൂപമാര്‍ന്ന മഞ്ഞു പോലെയുള്ള ആ രണ്ടു പേരും അല്പനേരം സൂക്ഷിച്ചു നോക്കി. ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.

എത്ര നിഷ്കളങ്കമായ മുഖം. ഇത്രയും നിഷ്കപടതയാര്‍ന്ന ഇവരുടെ രൂപം കാണുമ്പോള്‍ മനുഷ്യന് ഇരിക്കപ്പൊറുതിയില്ലാതാവുന്നതെന്തു കൊണ്ടാ? എവിടെയെങ്കിലും ഇവരുടെ വെട്ടം കണ്ടു പോയെങ്കില്‍ നിലവിളിയായി, ബഹളമായി, മന്ത്രവാദിയുടെ അടുത്തേക്ക് നെട്ടോട്ടമായി... അതും പോരാഞ്ഞ് മന്ത്രവാദിയുടെ കയ്യില്‍ നിന്നു നല്ല വീക്കും അവസാനം ഏതെങ്കിലും ആണിയില്‍ വല്ല മരത്തിലോ, കുടത്തിലോ... കഷ്ടം ചത്താലും വിടാതെ ദ്രോഹിക്കാന്‍ മനുഷ്യര്‍ ചെയ്യുന്നതിലും എന്തു ദ്രോഹമാണിവര്‍ ചെയ്യുന്നത്?

എന്തായാലും എന്‍റെ വാക്കുകള്‍ അവര്‍ക്കു വിശ്വാസമായി. അങ്ങനെ ഞങ്ങള്‍ അല്പനേരം സംസാരിച്ചിരുന്നു. സംസാരമദ്ധ്യേ ഞാന്‍ ചോദിച്ചു.

ഇവിടെ എല്ലാവരും നല്ല ഉറക്കമാണെന്നു തോന്നുന്നല്ലോ. ആരെയും കാണുന്നില്ല. നിങ്ങള്‍ മാത്രമെന്താ ഇവിടിങ്ങനെ ചുറ്റിക്കറങ്ങി നടക്കുന്നത്‌?

അപ്പൊള്‍ കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു. ഞങ്ങള്‍ മാത്രമല്ല അതാ അങ്ങോട്ടു നോക്കൂ വേറെയും ചിലരുണ്ട്‌.

ശരിയാണ്. വേറെ കുറേപ്പേര്‍ കൂടിയുണ്ട്‌. കുറേപ്പേര്‍ കപ്പലണ്ടിത്തോട്ടത്തില്‍ കറങ്ങി നടന്ന് വിളവെത്തിയ കപ്പലണ്ടികള്‍ മാന്തിത്തിന്നുന്നു. വേറെ ചിലര്‍ മരങ്ങളില്‍ തലകീഴായി ആടിക്കളിക്കുന്നു. ഇനിയും ചിലര്‍ കാര്യമായെന്തൊക്കെയോ ചിന്തിച്ചും, കണക്കു കൂട്ടിയും അവിടവിടെ ചുറ്റിത്തിരിയുന്നു. ഇനിയും ചിലര്‍ ചിതയില്‍ കത്തിക്കൊണ്ടിരിക്കുന്ന തലയോട്ടി എടുത്തു തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ അഭിപ്രായങ്ങള്‍ തമ്മില്‍ തമ്മില്‍ പറയുന്നു.

ഞാന്‍ ചോദിച്ചു. എന്താ നിങ്ങള്‍ക്കൊക്കെ ഇങ്ങനെ നടന്നാല്‍ മതിയോ? പരലോകം എന്നൊരു സ്ഥലമുണ്ടെന്നു കേട്ടിട്ടുണ്ട്‌. അങ്ങോട്ടേക്കു പോകുന്നില്ലേ?

അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു. പോകണമെന്നു ഞങ്ങള്‍ക്കാഗ്രഹമുണ്ട്‌. എന്നാല്‍ ചത്തു മേലോട്ടു ചെന്നപ്പോഴാണ് അവിടെ ചെല്ലുന്നതിന്‍റെ നൂലാമാലകള്‍ പിടികിട്ടിയത്.

എന്തു നൂലാമാലകള്‍? ഞാന്‍ ചോദിച്ചു

ഭൂമിയില്‍ പിള്ളേര്‍ക്ക് നേഴ്സറിയില്‍ അഡ്മിഷന്‍ കിട്ടാനുള്ളതിനേക്കാള്‍ കഷ്ടമാ അവിടേക്ക് പ്രവേശനം കിട്ടാന്‍. മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വാസനകള്‍ നമ്മെ പിന്തുടരുമെന്നുള്ള കാര്യം അറിയാമല്ലോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പാപമൂല്യം ഒരു നരകത്തിനും ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു. അഫിലിയേഷന്‍ ഇല്ലാത്തതു കൊണ്ട്‌ രണ്ടുമൂന്നു നരകങ്ങള്‍ പൂട്ടുക കൂടി ചെയ്തതോടെ വളരെ കര്‍ക്കശമാണ് അവിടുത്തെ നിയമങ്ങളിപ്പോള്‍. അതുകൊണ്ട്‌ ഭൂമിയില്‍ തന്നെ പുനര്‍ജനിച്ചോ, എല്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന, ഞങ്ങള്‍ക്കൊപ്പം പാപബലമുള്ള ആരുടെയെങ്കിലും ശരീരത്തില്‍ കൂടിയോ ഇനിയും നിറവേറാന്‍ കഴിയാത്ത ആഗ്രഹങ്ങളെല്ലാം സാധിച്ചിട്ട് അങ്ങോട്ടു ചെന്നാല്‍ മതിയെന്നു പറഞ്ഞു.

എന്നാല്‍ പിന്നെ നേരം കളയാതെ പോയി പുനര്‍ജനിച്ചു കൂടേ? ഞാന്‍ ചോദിച്ചു.

അയ്യോ വയ്യ. ഇനി ഒരിക്കല്‍ക്കൂടി ആ വൃത്തികെട്ടവന്മാരുടെ കൂടെ ജീവിക്കാന്‍ വയ്യ.

എന്നാൽപ്പിന്നെ പറ്റിയ ആരുടെയെങ്കിലും ശരീരം കണ്ടെത്തി കൂടെ കൂടാമല്ലോ... അങ്ങനെയൊരു ഓപ്ഷന്‍ കൂടി കാലന്‍ തന്നിട്ടില്ലേ?

അതു ശരിയാണ്. പക്ഷേ അതിനു പറ്റിയ ഒരുത്തനെ അന്വേഷിച്ചിട്ട് കിട്ടുന്നില്ല.

ഞാന്‍ ചോദിച്ചു. ആട്ടേ, ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ ആരൊക്കെയായിരുന്നു?

ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. വിഗ്രഹം അടിച്ചോണ്ട് പോയവഴിക്ക്‌ നാട്ടുകാരു തല്ലിക്കൊന്നതാ.

രണ്ടാമന്‍ പറഞ്ഞു: ഞാന്‍ കേരളത്തില്‍ ഒരു സ്വകാര്യ പ്രൊഫഷണല്‍ കോളേജിന്‍റെ ഉടമയായിരുന്നു. നാടു വിട്ടു പോന്നതാ ഇങ്ങോട്ട്. ഇവിടെ വച്ചായിരുന്നു അന്ത്യം.

ഓഹോ... അപ്പോള്‍ മലയാളിയാണല്ലേ? ഞാനും മലയാളിയാ... കണ്ടുമുട്ടിയതില്‍ സന്തോഷം... ഞാന്‍ പറഞ്ഞു.

ഓര്‍ക്കാപ്പുറത്ത് അയാള്‍ അയ്യോ എന്നൊരു വിളി വിളിച്ചു.

ഞാന്‍ പറഞ്ഞു, പേടിക്കണ്ട ഞാനൊന്നും ചെയ്യില്ല. എങ്കിലും അയാള്‍ പിന്നീട് ഒരു അകലം പാലിച്ചേ നിന്നുള്ളൂ. ഇതിനിടയില്‍ ഒന്നിച്ചു കെട്ടിത്തൂങ്ങിച്ചത്ത കമിതാക്കളുടെ ആത്മാക്കള്‍ പരസ്പരം ശൃംഗരിച്ചു കൊണ്ടു കടന്നു പോയി. അവര്‍ ഞങ്ങളെ കണ്ടതേയില്ല.

എന്തായാലും കഴിയുമെങ്കില്‍ ഇവരെ അനുയോജ്യമായ ശരീരങ്ങള്‍ കണ്ടെത്താന്‍ ഒന്നു സഹായിക്കാമെന്നു തോന്നി.

നാട്ടിലെ രാഷ്ട്രീയക്കാര്‍, പ്രൊഫഷണല്‍ കോളേജുടമകള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, ബാംഗ്ലൂരില പെണ്‍കുട്ടികള്‍, മഹാരാഷ്ട്രയിലെ ദാദാമാര്‍, തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, ചങ്ങനാശ്ശേരിയിലെ ലോറി ഡ്രൈവര്‍മാര്‍, തമിഴ്നാട്ടിലെ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്ന പ്രൊഫഷണത്സ്, തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ ജീവനക്കാര്‍, ആന്ധ്രയിലെ കാളക്കച്ചവടക്കാര്‍, എനിക്കറിയാവുന്ന നാട്ടിലെ കോളേജുകളിലെ ബലാത്സംഗ വീരന്മാരായ അദ്ധ്യാപകര്‍, ജനിച്ചിട്ടു കള്ളം മാത്രം പറഞ്ഞിറ്റൂള്ള ജ്യോത്സ്യന്മാര്‍, കെ.എസ്.ആര്‍.ടി.സി യില്‍ കാന്‍റീന്‍ നടത്തുന്നവര്‍, കാശു മേടിച്ചു കീശയിലാക്കിയിട്ട് മൂക്കു പോലും പൊത്താതെ ബസ്സ്സ്റ്റേഷനുകളിലെ മൂത്രപ്പുരക്കു കാവല്‍ നില്‍ക്കുന്നവന്മാര്‍, കാവാലത്തെ ബോട്ട് ജട്ടികളിലും, കലുങ്കുകളിലും വായീ നോക്കാനിരിക്കുന്നവന്മാര്‍, മെഗാസീരിയല്‍ പ്രവര്‍ത്തകര്‍, അഴിമതിക്കാരായ മന്ത്രിമാര്‍ തുടങ്ങി ഓര്‍മ്മയില്‍ തെളിഞ്ഞു വന്ന എല്ലാ മഹാപാപികളുടെ പേരുകളും ഞാന്‍ പറഞ്ഞു നോക്കി.

അവരൊക്കെ ഞങ്ങളേക്കാള്‍ റേഞ്ച് കൂടിയവരാ... അത്രേം മഹാപാപം ഞങ്ങള്‍ ചെയ്തിട്ടില്ല. അവരോടൊപ്പം കൂടിയാല്‍ ഞങ്ങള്‍ വഴി പിഴച്ചു പോകും. പോറ്റിപ്രേതം പറഞ്ഞു.

ഞാന്‍ പ്രൊഫഷണല്‍ കോളേജ് തുടങ്ങി ഒന്നര മാസത്തിനകം ചത്തു. അതു കൊണ്ട്‌ എനിക്കു യോജിച്ചവന്മാരും ഇല്ല. അവരൊക്കെ ഇപ്പോള്‍ പാപത്തിന്‍റെ കാര്യത്തില്‍ എന്നെക്കാള്‍ സീനിയേഴ്സായി. മറ്റേ പ്രേതവും നിസ്സഹായനായി.

അങ്ങനെ എങ്ങുമെങ്ങുമെത്താതെ ഞങ്ങള്‍ പിരിഞ്ഞു. പിന്നെയും ഇടക്കിടെ ഞങ്ങള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

അങ്ങനെ നാളുകള്‍ കുറേ കഴിഞ്ഞപ്പോള്‍ പോറ്റിപ്രേതത്തിന് വിദ്യാഭ്യാസം കഴിഞ്ഞ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നു മണിക്കൂറുകള്‍ മാത്രം പിന്നിട്ട ഒരു ഡോക്ടറുമായി പാപം മാച്ചായി. വേദനയോടെ യാത്ര പറഞ്ഞ് ആ പ്രേതം അയാളുടെ കൂടെ കൂടി. പിന്നീടുള്ള കണ്ടുമുട്ടലുകളില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമായി. മനുഷ്യനായ എന്നോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ സഹപ്രേതങ്ങളുടെ കുത്തുവാക്കുകള്‍ അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ദിവസം അയാള്‍ വിഷമത്തോടെ എന്നോടു പറഞ്ഞു:

നിങ്ങളോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ അവരാരും എന്നെ അടുത്തേക്കു പോലും ചെല്ലാന്‍ അനുവദിക്കുന്നില്ല. ഞാന്‍ നടക്കുന്ന വഴിയില്‍ അവര്‍ വെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടേ നടക്കുകയുള്ളൂ. ഏകാന്തതയില്‍ ഞാന്‍ ഒരു പാട്ടു പാടിയാല്‍ തന്നെ അതു കേട്ടവര്‍ ചെവി പൊത്തുന്നു. മനുഷ്യനായ നിങ്ങളോടു കൂട്ടു കൂടിയാല്‍ എന്‍റെ പാപം ഇനിയും കൂടുമെന്നാണവര്‍ കരുതുന്നത്‌. എങ്കിലും എനിക്കു നിങ്ങളുടെ സൌഹൃദം അവസാനിപ്പിക്കാന്‍ മനസ്സു വരുന്നില്ല. മനുഷ്യന്‍റെ കൂടെ കൂടുന്നതിലും ഭേദം വല്ല ആണിയിലോ, പാലമരത്തിലോ നൂറ്റാണ്ടുകളോളം ശ്വാസം മുട്ടി കഴിയുന്നതാണെന്നാണവരു പറയുന്നത്.

അയാളുടെ ദൈന്യ സ്ഥിതിയില്‍ എനിക്കു വിഷമം തോന്നി. അങ്ങനെ കറങ്ങി നടന്നപ്പോള്‍ അതു വഴി ഒരു സന്യാസി പോകുന്നതു കണ്ടു. ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. ആ പോകുന്നയാള്‍ എങ്ങനെയുണ്ട്‌? തനിക്കു പറ്റുമോ?

അയാള്‍ മെല്ലെപ്പറന്ന് ആ സന്യാസിയെ ഒന്നു വലം വച്ചു തിരിച്ചു വന്നു. അയാളുടെ മുഖം പ്രസന്നമായിരുന്നു. മഞ്ഞു പോലെ വെളുവെളുത്ത ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നിന്നിരുന്നു. സ്നേഹപൂര്‍വം അയാള്‍ എന്‍റെ താടിക്കു പിടിച്ചു കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു. നീയെന്‍റെ സുഹൃത്ത് തന്നെയാണ്. ആ പോകുന്നവന്‍ ഒരു പൂച്ച സന്യാസിയാ. അയാളുടെ കാവി വസ്ത്രത്തിനുള്ളീല്‍ ഒരു പായ്കറ്റ് ‘വിത്സും’ ഒരു ഫോറിന്‍ ലൈറ്ററുമുണ്ട്‌. അവന്‍ ഇട്ടിരിക്കുന്ന ചെരുപ്പ് ‘ബാറ്റാ’യുടേതാണ്. നരച്ച മുടിയില്‍ മുഴുവനും വില കൂടിയ ‘ഡൈ’ തേച്ചിരിക്കുവാ. അവനിപ്പോള്‍ പായ്ക്കറ്റ് ചാരായം അടിക്കാനുള്ള പോക്കാ. അവന്‍ അതു കുടിച്ചു കഴിഞ്ഞാല്‍ അവന്‍റെ പാപമൂല്യം ഇനിയും കൂടും. പിന്നെ എനിക്കവനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങളുടെ പാപങ്ങള്‍ ഏതാണ്ടു തുല്യമാ. ഞാന്‍ പോയി വരട്ടേ...

പ്രേതത്തിന്‍റെ നനുനനുത്ത പഞ്ഞിക്കൈകള്‍ എന്‍റെ താടിയില്‍ ആത്മീയമായ ഒരു കുളിരു പകര്‍ന്നു. അയാള്‍ തിരിഞ്ഞു നോക്കാതെ ആ സന്യാസിയിലേക്കു മെല്ല പറന്നടുത്തു. ആ പ്രേതം പ്രവേശിച്ചതിലൂടെ അപ്പോഴുണ്ടായിരുന്നതിലും ഭേദപ്പെട്ട ഒരു രൂപമായി ആ സന്യാസി മാറി...

പിന്നീടൊരിക്കലും ഞാന്‍ ആ ശ്മശാന ഭൂമിയില്‍ പോയിട്ടില്ല. സ്വസ്ഥതയാഗ്രഹിക്കുന്ന പ്രേതാത്മാക്കള്‍ക്ക് മനുഷ്യന്‍റെ സാമീപ്യം എത്രമാത്രം ദുഃസ്സഹമാണെന്നത് ആ പ്രേതത്തിന്‍റെ ദയനീയ അവസ്ഥയില്‍ നിന്നും എനിക്കു ബോദ്ധ്യമായിരുന്നു.

© ജയകൃഷ്ണന്‍ കാവാലം

Wednesday, October 22, 2008

മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 1

ഇത് ഒരു പ്രേതകഥയാണ്. ആരും പേടിക്കില്ല എന്നു വിശ്വസിക്കുന്നു. രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കട്ടെ.

അദ്ധ്യായം ഒന്ന്

പൂനായില്‍ പഠിക്കുന്ന കാലം...

പഠനത്തിന്‍റെ വസന്തകാലം... പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്ന അഭ്യാസം തകൃതിയായി
നടക്കുമ്പൊഴും ഉള്ളിലുറങ്ങുന്ന കാവാലത്തുകാരന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന്‍റെ അസ്ക്യതകള്‍ അല്പാല്പം പ്രകടമായിരുന്നു.

മലയാളം പറ്റില്ല എന്നൊരു ദുരവസ്ഥയുണ്ടായിരുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ ശുഭം. എങ്കിലും മലയാളിയുടെ വിലയെന്തെന്നറിഞ്ഞ മനോഹര കാലം. മലയാളിക്ക് ബുദ്ധി കൂടുതലാണത്രേ!!! (അപ്പോള്‍ അല്പം കൂടിയ മലയാളിയായ കാവാലത്തുകാരനോ? തീര്‍ച്ചയായും വക്രബുദ്ധിയാവില്ല. ഞങ്ങള്‍ കാവാലത്തുകാര്‍ ശുദ്ധന്മാരല്ലേ...) രാവിലെ ഒന്‍പതു പണിക്കു മുന്‍പേ വീട്ടില്‍ നിന്നിറങ്ങിയാല്‍ പ്രോജക്ട്, വായീനോട്ടം ഇവയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പാതിരാത്രിയാകും. വല്ലപ്പോഴും നമ്മുടെ എം എല്‍ എ മാര്‍ മണ്ടന്മാരായ പ്രജകളെ കാണാന്‍ സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നതു പോലെ ഒരു ഒഴിവു ദിനം ലഭിക്കും. ആ ഒഴിവു ദിനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അടുത്തു തന്നെ ഒരു ശ്മശാനം ഉണ്ടായിരുന്നു.

അതൊരു പ്രത്യേക ശ്മശാനം തന്നെയായിരുന്നു. ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗ,കക്ഷി,റ്രാഷ്ട്രീയ ഭേദമെന്യേ ധാരാളം ആത്മാക്കള്‍ അവിടെ വിശ്രമിക്കുന്നു. നീണ്ട റെയില്പാളത്തിന്‍റെ ഒരു വശത്ത് കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ മൂന്നു ചിതകള്‍. പരേതന്മാര്‍ക്ക് സൌകര്യം പോലെ അവിടെ വന്നു വെന്തടങ്ങാം. അങ്ങനെ വെന്തടങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മണ്ണിനടിയില്‍ കിടന്നുറങ്ങാനുള്ള സൌകര്യവും അവിടെയുണ്ട്‌. അങ്ങനെ മണ്ണിനടിയില്‍ കിടത്തിയുറക്കി, എഴുന്നേറ്റു പോകാതിരിക്കാന്‍ ബന്ധുക്കള്‍ സ്ഥലം വിടുന്നതിനു മുന്‍പേ വച്ച കല്ലുകളും ചുമന്ന് വേറേ കുറേ ആത്മാക്കളും അവിടെ വിശ്രമിക്കുന്നു. അതിനോടു ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുമുണ്ട്‌. മറു വശത്ത് കണ്ടാല്‍ മുസ്ലീം പള്ളി പോലെ തോന്നിക്കുന്ന ഒരു ചെറിയ മണ്ഡപവും, അതിനോട്‌ ചേര്‍ന്ന് വള്ളിപ്പടര്‍പ്പുകളാല്‍ മൂടിയ ഒരു കുളവും, കുളത്തിനുള്ളില്‍ ഒരു ചെറിയ അറയില്‍ ശിവലിംഗം പോലെ തോന്നിക്കുന്ന ഒരു വിഗ്രഹവും ഇരുവശവും നോക്കെത്താദൂരത്തോളം കപ്പലണ്ടിപ്പാടങ്ങളും, മരങ്ങളും എല്ലാം കൂടി ഏകാന്തമായ ഒരു സ്ഥലം.

അവിടെ വന്നിരുന്നുള്ള വിശ്രമം വളരെ സുഖകരമാണ്. ആരും ശല്യം ചെയ്യാന്‍ വരില്ല. പരേതാത്മാക്കളും, ചിലപ്പോള്‍ കയ്യില്‍ കരുതുന്ന പുസ്തകവും മാത്രം കൂട്ട്.

ഒരു ദിവസം കോളേജില്‍ വലിയൊരു യുദ്ധം നടന്നു. കൂടെ പഠിച്ചിരുന്ന മണാലി എന്നൊരു അല്പവസ്ത്രധാരിണി എന്നിലെ കാമുകനെ തൊട്ടുണര്‍ത്താന്‍ ശ്രമിച്ചു. പ്രേമിക്കാനുള്ള പ്രായവും, പക്വതയും, മൂഡും ഇല്ലാതിരുന്ന ഞാന്‍ അതു നിരസിച്ചു. മലയാളം അറിയുന്ന കൊച്ചായിരുന്നെങ്കില്‍ പിന്നെയും വേണ്ടില്ലായിരുന്നു. എനിക്കാണെങ്കില്‍ ഹിന്ദിയില്‍ ചക്കരേ പഞ്ചാരേ എന്നൊന്നും വിളിക്കാനും അറിയില്ല. ഇംഗ്ലീഷില്‍ പ്രേമത്തിന്‍റെ ഒരു ‘ഇത്’ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ടു കൂടിയാണ് നിരസിച്ചത്. മാത്രവുമല്ല അവര്‍ കുടുംബത്തോടെ ബോഡി ബില്‍ഡേഴ്സാണ്. ഈ ഗുസ്തിക്കാരുടെ കയ്യേല്‍ പറ്റി പോകാനുള്ള ജന്മമല്ല എന്‍റേതെന്ന തിരിച്ചറിവ് അന്നേയെനിക്കുണ്ടായിരുന്നു. അവള്‍ക്കെന്നോട്‌ തോന്നിയ അമര്‍ഷം തീര്‍ക്കാന്‍ അവള്‍ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്‌.

മലയാളിക്ക് സംഗീതബോധമില്ല, സ്വരം കൊള്ളില്ല, പാട്ടിനു മധുരമില്ല, പാട്ടെഴുതാന്‍ അറിയില്ല, വിഷ്വലൈസ് ചെയ്യാന്‍ അറിയില്ല, കേട്ടാല്‍ ഓക്കാനം വരും ഇങ്ങനെ പോകും പ്രതികാരം വീട്ടല്‍. നാലാളു കേള്‍ക്കെ സ്വന്തം ഭാഷയേയും, കലാകാരന്മാരെയും അവഹേളിച്ചാല്‍ സഹിക്കാന്‍ പറ്റുമോ? കയ്യില്‍ ഊത്തുകാടു വെങ്കിടസുബ്ബയ്യരുടെ, യേശുദാസ് പാടിയ ‘സ്വാഗതം കൃഷ്ണാ...’ എന്ന കീര്‍ത്തനമുണ്ടായിരുന്നു. എല്ലാത്തിനേം വിളിച്ച് ആഡിയോ സ്യൂട്ടില്‍ കൊണ്ടു പോയി കേള്‍പ്പിച്ചു കൊടുത്തു.

ഗന്ധര്‍വ്വന്‍റെ, ആത്മാവില്‍ അമൃതം പൊഴിക്കുന്ന നാദമാധുരിയില്‍ എല്ലാം മയങ്ങി. തീര്‍ന്നപ്പോള്‍ ഓക്കാനിക്കേണ്ടവര്‍ക്ക് പോയി ഓക്കാനിക്കാമെന്നു പറഞ്ഞു. എല്ലാം സ്ഥലം വിട്ടു. സന്മനസ്സുള്ളവര്‍ മലയാളഭാഷയേയും, കലാകാരന്മാരെയും കയ്യടിച്ചും, വാവു, മ്യാവു തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍പ്പിച്ചും പുകഴ്ത്തി.

ഒരിക്കല്‍ ഞാന്‍ മുണ്ടുടുത്തുകൊണ്ട്‌ പഠിക്കാന്‍ പോയി. അന്ന് ഞങ്ങളുടെ ഒരു അദ്ധ്യാപകനായ ഭാല്‍ചന്ദ്ര് കനിട്കര്‍, ഇങ്ങനെ മുണ്ടുടുക്കുന്നതിന്‍റെ ടെക്നിക് ഒന്നു പഠിപ്പിച്ചു കൊടുക്കാമോ എന്നു ചോദിച്ചു. അവര്‍ ആകെക്കൂടി ചുറ്റിക്കെട്ടിയാണല്ലോ ഉടുക്കുന്നത്. ഇങ്ങനെ ഉടുക്കുമ്പോള്‍ എന്തുകൊണ്ട്‌ ഉരിഞ്ഞു പോകുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സംശയം. സ്വന്തമായി മുണ്ടുടുക്കാന്‍ പോലുമറിയാത്ത നിങ്ങളാണോ ഞങ്ങള്‍ മലയാളിയുടെ സംഗീതബോധത്തെ ചോദ്യം ചെയ്യുന്നതെന്ന് റിക്കാര്‍ഡിംഗ് തീയറ്ററിന്‍റെ ഇടനാഴിയില്‍ക്കൂടി സ്ഥലം വിടാന്‍ ഭാവിച്ച മാന്യ സഹപാഠിനിയെ പിടിച്ചു നിര്‍ത്തി ചോദിക്കുക കൂടി ചെയ്തപ്പോള്‍ ഇവന്‍ അല്പം കൂടിയ ഇനമാണെന്നു പുള്ളിക്കാരിക്കു ബോധ്യമായി.

ഈ വിജയഗാഥാസ്മരണയുടെ ആത്മഹര്‍ഷം ആത്മാവിനെ വീര്‍പ്പു മുട്ടിച്ചപ്പോള്‍, വല്ലപ്പോഴും കണ്ടുമുട്ടുന്നു പ്രിയ പരേതാത്മാക്കളോട്‌ സന്തോഷം പങ്കു വയ്ക്കുവാന്‍ അവധി ദിവസമായിരുന്ന അടുത്ത ദിവസം ഞാന്‍ ശ്മശാനഭൂമിയിലേക്കോടി. എന്നാല്‍ സുഖമായുറങ്ങുന്ന അവരെ ശല്യപ്പെടുത്താന്‍ മനഃസ്സാക്ഷി അനുവദിച്ചില്ല. സ്ഥിരമായിരിക്കുന്ന മരത്തിലെ വള്ളിയില്‍ ചാരിക്കിടന്ന് ഒന്നു മയങ്ങി. സ്ഥലകാലബോധമില്ലാത്ത ഏതോ കിറുക്കന്‍ തീവണ്ടിയുടെ കൂക്കി വിളിയില്‍ ഉണര്‍ന്നപ്പോള്‍ മൂന്നു റീലുകള്‍ മാത്രം ഓടിയ സ്വപ്നം എവിടെയോ പോയൊളിച്ചു.

തൊട്ടപ്പുറത്തു നിന്നൊരു സംസാരം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.

തുടര്‍ന്നു വായിക്കാന്‍ ഇതിലേ പോവുക

© ജയകൃഷ്ണന്‍ കാവാലം

Friday, October 17, 2008

കരള്‍ പറഞ്ഞ കഥ

തിരുവനന്തപുരം ഒരു നല്ല സ്ഥലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശ്രീപദ്മനാഭന്‍റെയും, പാറശാല മഹാദേവന്‍റെയുമൊക്കെ സാന്നിധ്യമോ, അവിടെയുള്ള കറയില്ലാത്ത സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന കുറെയാളുകളുടെ ഒപ്പം അല്പകാലം ചിലവഴിച്ചതിന്‍റെ ഓര്‍മ്മകളോ, മഹത്തായ ഒരു കലയില്‍ വിദ്യാരംഭം കുറിക്കാനിടയായ സ്ഥലമായതു കൊണ്ടോ, സഹൃദയരും, ദീര്‍ഘ ദര്‍ശികളും, കലാകാരന്മാരും, ചിന്തകന്മാരും, പണ്ഡിതന്മാരും ധാരാളമുള്ള സ്ഥലമായതു കൊണ്ടോ, ധാരാളം ചാനലുകളും, കലാകേന്ദ്രങ്ങളും ഉള്ളതു കൊണ്ടാണോ, വിജ്ഞാനമാര്‍ഗ്ഗങ്ങള്‍ നിരവധിയുള്ളതു കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല, പഴയ രാജഭരണത്തിന്‍റെ തിരുശേഷിപ്പുകള്‍ ഇന്നും അവിടവിടെയായി പൊടി പിടിച്ചു കിടക്കുന്ന അനന്തപുരിയോടെനിക്ക് പ്രണയമാണ്...

കയ്യിലിരുപ്പ് തീരെ ശരിയല്ലാത്തവന്മാര്‍ ധാരാളമുള്ള സ്ഥലമെന്നു പേരു കേട്ട തലസ്ഥാന നഗരിക്ക് തീരാക്കളങ്കമാണ് മേല്പറഞ്ഞ വസ്തുതകളെങ്കിലും, ഭരണകൂടത്തിന്‍റെ മൂക്കിനു താഴെ നടക്കുന്നതിലധികം തോന്നിവാസം മറ്റെങ്ങും നടക്കുന്നില്ലെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ കേരളം ഭരിച്ചിരുന്ന മ്യ്ഖ്യമന്ത്രിയോടും, ഗതാഗതവകുപ്പ് മന്ത്രിയോടും തുറന്നു പറഞ്ഞ (എന്നിട്ടും അംഗഭംഗങ്ങള്‍ ഒന്നുമില്ലാതെ ബാക്കി നില്‍ക്കുന്ന) എന്നെ സ്വാധീനിച്ചത് ഇതൊക്കെത്തന്നെയാണ്.

അവിടുത്തെ ബന്ധങ്ങളില്‍ പോലും എനിക്കനുഭവപ്പെട്ടിട്ടുള്ള സുദൃഢത ഒരു പക്ഷേ കൂടുതല്‍ വ്യക്തികളിലേക്കിറങ്ങി പരിശോധിക്കുമ്പോള്‍ നിലനിന്നില്ലെന്നു വരാം. പക്ഷേ ഇതു വരെയുള്ളവയെല്ലാം ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘കവിത പോലെയുള്ള’ ബന്ധങ്ങള്‍.

പ്രകൃതിഭംഗി നിറഞ്ഞ ഈ നാട്ടില്‍ ഏകദേശം എട്ടുപത്തു വര്‍ഷത്തോളം ജീവിച്ചെന്നാണ് എന്‍റെ വിശ്വാസം.എന്നാലും അമേരിക്കയില്‍ നിന്നും സായിപ്പന്മാര്‍ പോലും വന്നു കണ്ടു പോകുന്ന കോവളം കടപ്പുറം ഞാന്‍ കണ്ടത് കൃത്യം രണ്ടു പ്രാവശ്യം മാത്രം.അവിടെയൊരു സിനിമാ തേയറ്ററില്‍ കയറി സിനിമ കണ്ടതും രണ്ടു പ്രാവശ്യം മാത്രം. ആ നാട്ടില്‍ ചെന്നാല്‍ എനിക്ക് സുഹൃത്തുക്കളോടും, ക്ഷേത്രങ്ങളോടുമാണ് കൂടുതല്‍ ആകര്‍ഷണം. എത്ര മണിക്കൂറുകള്‍ ഒന്നിച്ചു ചിലവഴിച്ചാലും ഒരു നിമിഷം പോലും കഴിഞ്ഞെന്നു തോന്നാത്ത സൌഹൃദങ്ങള്‍ നിരവധി. കൂട്ടുകാര്‍ക്ക് സ്വന്തം ജീവനേക്കാളധികം വില നല്‍കുന്ന കുറേ കൂട്ടുകാരുണ്ടെനിക്കവിടെ. അതു പോലെ തന്നെ അവിടത്തെ ക്ഷേത്രങ്ങളില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള സാന്നിധ്യവും, ചൈതന്യവും വളരെ ദിവ്യമായ ഒന്നാണ്.

അല്പ സമയം കിട്ടുന്നതു കൂടുതലും ഒറ്റക്കിരിക്കാന്‍ ഉപയോഗിക്കും. തിരുവനന്തപുരത്ത് എല്ലായിടങ്ങളിലേക്കും നടന്നു പോകാനാണ് എനിക്കിഷ്ടം.

ഒരിക്കല്‍ ഞാന്‍ മെഡിക്കല്‍ കോളേജിനു മുന്‍പിലൂടെ നടന്നു പോയപ്പോള്‍ എനിക്കൊരു പുതിയ സുഹൃത്തിനെ കിട്ടി. മെഡിക്കല്‍ കോളേജിന്‍റെ ഏകദേശം മുക്കാല്‍ പങ്കും കാടു കയറിക്കിടക്കുകയാണല്ലോ. അതിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനും കുഞ്ഞുങ്ങള്‍ക്കുമായി ‘വിശാല ഹൃദയന്മാരായ’ ആരോഗ്യ വകുപ്പധികൃതര്‍ പുതിയൊരു വാര്‍ഡു തുറന്നിട്ടിരിക്കുന്നു... (എത്ര നല്ല നാടാണല്ലേ കേരളം!!!)

നടന്നു പോയ വഴിയില്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നിരുന്ന ഒരു കരളിനെ ഞാന്‍ കണ്ടു മുട്ടി. പരസ്പരം ഒരു പുഞ്ചിരി സമ്മാനിച്ചതിലൂടെ തന്നെ ആ കരളിന്‍റെ കരളും എന്‍റെ സ്വന്തം കരളും തമ്മില്‍ കൂട്ടുകാരായി.

എനിക്കയാളോടല്പം ബഹുമാനവും കൂടി തോന്നി. കാരണം ചുമ്മാ മനുഷ്യ ശരീരത്തിന്‍റെയുള്ളില്‍ കൂപമണ്ഡൂകത്തിനെപ്പോലെ കിടക്കാതെ സ്വാതന്ത്ര്യത്തിന്‍റെ നറു തേന്‍ നുകരുവാന്‍ പുറത്തു ചാടിയതല്ലേ. ആരായാലും ബഹുമാനിച്ചു പോകും.

അയാളുടെ ശരീരം പോലെ തന്നെ ലോലമായിരുന്നു സംസാരവും. ഞാന്‍ പറഞ്ഞു നിങ്ങള്‍ കരളുകളും ഹൃദയങ്ങളും ഭാഗ്യവാന്മാരാണ്. സൂക്ഷിച്ചു വയ്ക്കുവാന്‍ വളരെ ബുദ്ധിമുട്ടിള്ള അമൂല്യ നിധികള്‍. കണ്ണു തെറ്റിയാല്‍ ആളുകള്‍ അടിച്ചോണ്ടു പോകും. കൈവിട്ടു പോയിക്കഴിഞ്ഞേ അറിയുക പോലുമുള്ളൂ.

മനോഹരമായ നീളന്‍ കണ്ണുകളിറുക്കിയുള്ള അയാളുടെ ചിരി കണ്ട്‌ ഞാന്‍ പതിയെ എന്‍റെ കരളിനെ ഒളികണ്ണിട്ടു നോക്കി. സൂക്ഷിച്ചില്ലെങ്കില്‍ എന്‍റെ കരളും ചാടിപ്പോയാലോ. അത്രേം വലിയ ഇന്ദ്രജാലക്കാരാണവര്‍. എല്ലും അതിനു മുകളില്‍ മാംസവും, കാണ്ടാമൃഗം തോറ്റു പോകുന്നത്ര കട്ടിയുള്ള തൊലിയും ഉണ്ടായിട്ടും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെന്നും, കമ്പിയടിക്കലെന്നുമൊക്കെ ജനം കേള്‍ക്കുന്നതിനും മുന്‍പു തന്നെ അകത്തിരുന്ന്‌ ആശയവിനിമയം നടത്താന്‍ തുടങ്ങിയ കക്ഷികളല്ലേ ഇവര്‍. അങ്ങനെ ഞങ്ങള്‍ കുറേ നേരം കഥ പറഞ്ഞു നിന്നു. ഞാന്‍ കരളിന്‍റെ രൂപത്തെയും കഴിവുകളെയും തുടങ്ങി അറിയാവുന്ന കാര്യങ്ങളെല്ലാം വച്ച് മതിയാവോളം പുകഴ്ത്തി.

സുവോളജി ക്ലാസ്സുകളില്‍ മര്യാദക്കിരുന്നു പഠിക്കാതെ പൂക്കൈതയാറിന്‍റെ വളകിലുക്കം കേട്ട്, അവളുടെ കുഞ്ഞോളങ്ങള്‍ക്കൊപ്പം മനസ്സിനെ ചാഞ്ചാട്ടി, വായീനോക്കിയിരുന്നതിന്‍റെ കുഴപ്പങ്ങള്‍ എനിക്കപ്പോഴാണ് മനസ്സിലായത്. അല്ലായിരുന്നെങ്കില്‍ കരളിനേക്കുറിച്ച് കുറച്ചു കൂടി ആധികാരികമായി പറഞ്ഞ് അയാളെ സന്തോഷിപ്പിക്കാമായിരുന്നു.

മുള്ളിനുള്ളില്‍ കയറിയിരിക്കുന്നതെന്തിനാണെന്നു ഞാന്‍ ചോദിച്ചു. മനുഷ്യരേക്കാള്‍ ഭേദമല്ലേ ചങ്ങാതീ മുള്ളും മൂര്‍ഖന്‍ പാമ്പുമെന്നു മറുപടി.മുള്ളിനേക്കാള്‍ മുനയുള്ള വാക്കുകളും, മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള മനസ്സുമുള്ള മനുഷ്യന്‍ ! സത്യമല്ലേ കരളിന്‍റെ കണ്ടെത്തല്‍. എത്രയോ മധുരമായി സംസാരിക്കാന്‍ കഴിയുന്ന മനുഷ്യന്‍ എത്രയും ക്രൂരമായി സംസാരിക്കാമോ, അത്രയും ക്രൂരമായി സംസാരിക്കും. ഇനിയഥവാ അവന്‍ മധുരമായി സംസാരിച്ചാലും സൂക്ഷിക്കണം. പഴച്ചാറില്‍ പാഷാണം കലക്കിക്കുടിക്കുന്നതാ ഇപ്പഴത്തെ ഫാഷന്‍. അതു പോലെ തന്നെയാ ഇതും. അവന്‍റെ വാക്കിലെ മാധുര്യത്തില്‍ നമ്മുടെ ധനം, മനസ്സ്, തൊഴില്‍, കുടുംബം തുടങ്ങി എന്തിനെയോ ലക്ഷ്യ്മിട്ടുള്ള ഉഗ്ര വിഷം കാണുമോ എന്നു ഭയപ്പെടാതെ വയ്യ.

കരള്‍ ആളൊരു തത്വശാസ്ത്ര നിപുണന്‍ ആണെന്നെനിക്കു തോന്നി. വല്ല പ്രണയ പരാജയവും ഏറ്റുവാങ്ങേണ്ടി വന്നവന്‍റെ കരളായിരുന്നിരിക്കാം ഇവന്‍. തത്വശാസ്ത്രത്തിലേക്കുള്ള ഒരു വാതില്‍ പ്രണയപരാജയത്തിന്‍റെ മുന്‍പിലും ആരോ കൊണ്ടു ചെന്നു വച്ചിട്ടുണ്ടല്ലോ. ഒരു വഴി അടയുമ്പോള്‍ തുറക്കപ്പെടുന്ന ‘മറ്റേ’ വഴി പോലെ.

ഞാന്‍ ചോദിച്ചു: താങ്കളെ വഹിച്ചിരുന്ന ശരീരം ഏതായിരുന്നു?

കരള്‍ പറഞ്ഞു: ദോണ്ടെ അപ്പുറത്തു കിടപ്പുണ്ട്‌. മെഡിക്കല്‍ കോളേജിന്‍റെ അകത്ത്. ഇങ്ങേരി ശരിയാകുന്ന ലക്ഷണമൊന്നുമില്ലെന്ന് പുറത്തു നിന്നാരോ പറയുന്നതു ഞാന്‍ കേട്ടു. എന്നാല്‍ പിന്നെ സ്ഥലം വിട്ടേക്കാമെന്നു കരുതിയാ ഞാന്‍ പുറത്തു കടന്നത്. എത്ര നാളെന്നു കരുതിയാ ഞാന്‍ വെറുതെ ശ്വാസം മുട്ടി...

അവന്‍റെ ചുവന്ന മുഖത്ത് പരിഭവത്തിന്‍റെ നിഴല്‍പ്പാടുകള്‍ ഞാന്‍ കണ്ടു. ചിരിക്കുമ്പോഴും പരിഭവിക്കുമ്പോഴുമൊക്കെ അവന്‍റെ മുഖത്തിന് എത്ര മനോഹാരിതയാണ്. ചുമ്മാതെയാണോ പാര്‍ക്കിലും, പാടവരമ്പിലുമൊക്കെയിരുന്നു കണ്ണും മൂക്കുമില്ലാതെ പ്രേമിക്കുന്ന കള്ളക്കാമുകന്മാര്‍ സ്നേഹം മൂക്കുമ്പോള്‍ പ്രിയതമയെക്കേറി എന്‍റെ കരളേ... കരളിന്‍റെ കരളേ... എന്നൊക്കെ വിളിച്ചു കൂവുന്നത്. കരള്‍ ഒരു അതി മനോഹരനായ വ്യക്തി തന്നെ. വ്യക്തികള്‍ക്കുള്ളിലെ വ്യക്തിത്വം. അതുമല്ല വ്യക്തികള്‍ക്ക് വ്യക്തിത്വമുണ്ടാകുന്നതു തന്നെ ഇദ്ദേഹത്തിന്‍റെ വ്യാപാര വിശേഷങ്ങള്‍ക്കനുസരിച്ചാണെന്നു പറയുന്നതാവും ശരി.

കരളുറപ്പുള്ളവന്‍, കരളലിവുള്ളവന്‍, കരളില്ലാത്തവന്‍, കരളിനു പകരം കരിങ്കല്ലുള്ളവന്‍ തുടങ്ങി വ്യക്തിയെ വിശേഷിപ്പിക്കുവാന്‍ എത്രയോ രീതികളില്‍ നാം കരളിന്‍റെ കൂട്ടു പിടിക്കുന്നു. ഒന്നു പ്രേമിക്കണമെങ്കില്‍ പോലും കരളിന്‍റെ സഹായവും, സാന്നിധ്യവും കൂടിയേ തീരൂ. കള്ളു കുടിച്ചു നശിക്കണമെന്നു വച്ചാലോ... അപ്പൊഴും വേണം ‘ഫ്യൂസ്’ അടിച്ചു പോകാന്‍ ഒരു കരള്‍!!!. കരള്‍ വെറും നിസ്സാരന്‍ അല്ലേയല്ല.

ഞാന്‍ ചോദിച്ചു: ആപത്തു വരുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നതു ശരിയാണോ? ഒന്നുമില്ലെങ്കിലും ഇത്ര നാള്‍ തന്നെ ചുമന്നോണ്ടു നടന്ന ശരീരമല്ലേ അത്? ഇപ്പോള്‍ ആപത്തിലും കൂടെക്കാണേണ്ടതല്ലേ?

അതു കേട്ട് കരളിന്‍ ദേഷ്യം വന്നെന്നു തോന്നുന്നു. എന്നാലും അയാള്‍ അതൊന്നും പ്രകടിപ്പിക്കാതെ വാശിയോടെ പറഞ്ഞു:

എത്രയോ കാലങ്ങളായി ഇയാളെ പിന്‍തുടരുന്ന ആപത്തുകള്‍ക്കു ദൃക്‌സാക്ഷിയാണു ഞാന്‍, മാത്രവുമല്ല ആ മനുഷ്യന്‍റെ അനുഭവങ്ങളുടെയെല്ലാം ബാക്കി പത്രവും ദാ നോക്കൂ...

ഇത്രയും പറഞ്ഞയാള്‍ അയാളുടെ ചുവന്ന കുപ്പായം അല്പം ഉയര്‍ത്തിയെന്നെ കാട്ടി. ഞെട്ടിപ്പോയി. രക്തം വാര്‍ന്നൊഴുകുന്ന ആഴത്തിലുള്ള മുറിവുകള്‍. ഒന്നല്ല അനേകം. വൃണം വമിക്കുന്ന മുറിവുകള്‍ക്കു ചുറ്റും ദ്രവിച്ചു തുടങ്ങിയ ശരീരഭാഗങ്ങള്‍. ഞാന്‍ ചിന്തിച്ചു... കരളിനേക്കുറിച്ചു മാത്രമല്ല, കരളിനേയും മനുഷ്യരേയും കുറിച്ച്...

ഒരുറുമ്പു കടിച്ചാല്‍, ഒരു കൊതുക് (ദൈവം അവനനുവദിച്ചു കൊടുത്ത്ഇരിക്കുന്ന അവകാശമായ ഒരു തുള്ളി ചോരയ്ക്കായി) കുത്തിയാല്‍ വേദന സഹിക്കാതെ പിടയുന്ന, വാശിയോടെ അവയെ കൊല്ലാന്‍ തിരയുന്ന മനുഷ്യന്‍! അവന്‍റെയുള്ളില്‍ ഇത്രയധികം വേദന കടിച്ചമര്‍ത്തി യാതൊരു പരിഭവവും പരാതിയുമില്ലാതെ കഴിയുന്ന കരളുകള്‍. ഇപ്പൊഴും അവന്‍റെ മുഖത്തേയ്ക്കു നോക്കൂ, എത്ര പ്രസന്നത. ഈ വേദനയിലും അവന്‍റെ മുഖത്ത് പുഞ്ചിരി. ഭൌതിക പ്രപഞ്ചത്തിന്‍റെ മറുപുറം കണ്ട ഒരു യോഗിയുടേതെന്നു തോന്നിപ്പിക്കുന്ന നിസ്സംഗ ഭാവം, നിര്‍വ്വികാരത!!! എനിക്കു കരളിനോടുള്ള ബഹുമാനം വീണ്ടും വര്‍ദ്ധിച്ചു.

ഞാന്‍ ചോദിച്ചു: ഇതെങ്ങനെ സംഭവിച്ചു? മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നടന്നപ്പോള്‍ മുള്ളു കൊണ്ടതാണോ? ഇത്രയേറെ ആഴത്തില്‍ ഇത്രയധികം മുറിവുകള്‍ താങ്കളുടെ ശരീരത്തില്‍ എങ്ങനെയുണ്ടായി?

കരള്‍ തന്‍റെ നിര്‍വ്വികാരത കൈവെടിയാതെ തന്നെ പറഞ്ഞു: ഇതു മുള്ളു കൊണ്ടതല്ല. മുനയുള്ള വാക്കുകള്‍ കൊണ്ട മുറിവെന്നിലുണ്ട്‌. എന്നെ വഹിച്ചിരുന്ന ശരീരത്തെ നോക്കി അവന്‍റെ മനസ്സിലേയ്ക്കയച്ച ക്രൂരമായ വാക്കുകളേല്പിച്ച മുറിവുകള്‍, വഞ്ചനയേല്പിച്ച മുറിവുകള്‍, സ്നേഹം ഏല്പിച്ച മുറിവുകള്‍... ഈ മുറിവുകളെല്ലാം ഏറ്റു വാങ്ങേണ്ടി വന്നവന്‍ ഞാനാണ്. അവന്‍റെ കണ്ണുകള്‍ പൊഴിച്ചിരുന്ന കണ്ണുനീര്‍ എന്‍റേതായിരുന്നു. അവനില്‍ പ്രകടമായിരുന്ന ഓരോ ഭാവവും എന്‍റേതായിരുന്നു. അവനിലെ എല്ലാ സന്തോഷവും ഹൃദയം ഏറ്റുവാങ്ങിയപ്പോള്‍ എല്ലാ വേദനയും സ്വയം ഏറ്റു വാങ്ങിയവനാണു ഞാന്‍. അതെന്‍റെ ധര്‍മ്മമാണെന്നു ഞാന്‍ വിശ്വസിച്ചു. അതിനാല്‍ എനിക്കിന്നു ദുഃഖമില്ല. ഇന്നെന്‍റെ കര്‍മ്മം അവസാനിച്ചുവെന്നെനിക്കു തോന്നി. അതിനാലാണു ഞാന്‍ പുറത്തു വന്നത്. അവനോടൊപ്പം ചിതയില്‍ വെന്തടങ്ങാന്‍ എനിക്കു മനസ്സില്ല. ത്യാഗോജ്ജ്വലമായ എന്‍റെ ജീവിതത്തിന്‍റെ പരിസമാപ്തി അഗ്നിക്കുള്ളതല്ല ഈ ഭൂമിക്കാണത് അവകാശപ്പെട്ടിരിക്കുന്നത്. എന്‍റെ ശരീരം ഈ മണ്ണില്‍ അലിഞ്ഞില്ലാതാവട്ടെ. അതു ചെടികള്‍ക്കു വളമാകട്ടെ, കീടങ്ങള്‍ക്ക് ഭക്ഷണമാവട്ടെ.

ഞാന്‍ അയാളെക്കുറിച്ചറിയാന്‍ കൂടുതല്‍ ആഗ്രഹിച്ചു. കരള്‍ തന്‍റെയും തന്നെ വഹിച്ചിരുന്ന ശരീരത്തിന്‍റെയും കഥ പറഞ്ഞു തുടങ്ങി...

കരളിന് ഓര്‍മ്മ വച്ച നാളില്‍ അയാള്‍ ഒരു കുഞ്ഞു ശരീരത്തിന്‍റെയുള്ളിലായിരുന്നു. അല്ലലില്ലാത്ത ജീവിതം. നിത്യവും തന്നില്‍ നിക്ഷിപ്തമായിരുന്ന കര്‍മ്മങ്ങള്‍ അവന്‍ ചെയ്തു പോന്നു. പാല്‍, ശുദ്ധ ജലം തുടങ്ങിയ വസ്തുക്കളും അവയില്‍ നിന്നു വേര്‍തിരിഞ്ഞു വരുന്ന മറ്റു പദാര്‍ത്ഥങ്ങളെയും വേര്‍തിരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ജോലി. പതിയെപ്പതിയെ അവന്‍റെ ജോലിഭാരം കൂടിക്കൂടി വന്നു. അവനിലേക്കൊഴുകിയെത്തിയിരുന്ന ജലവും മറ്റു വസ്തുക്കളും കാഠിന്യമുള്ളതായവന് അനുഭവപ്പെട്ടു. ഇത്ര നാള്‍ ചെയ്തു പോന്ന തൊഴിലിന്‍റെ കൈവഴക്കത്തില്‍ അവനതൊരു അധിക ജോലിയായി അനുഭവപ്പെട്ടില്ല. പതിയെപ്പതിയെ തന്നില്‍ ഉണ്ടായിക്കൊണ്ടിരുന്ന ക്ഷീണം വകവയ്ക്കാതെ അവന്‍ തന്‍റെ ജോലി തുടര്‍ന്നു. അവനെ വഹിചിരുന്ന ശരീരത്തിന്‍റെ ദൈനംദിന വ്യാപാരങ്ങള്‍ക്കനുസൃതമായി അവന്‍റെ ആരോഗ്യം കുറഞ്ഞു കുറഞ്ഞു വന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു. എങ്കിലും അവന്‍ പരാതിപ്പെട്ടില്ല. പണിയെടുക്കാതിരുന്നില്ല. അയാളില്‍ വേദന സമ്മാനിച്ചു കടന്നു പോയ നിരവധി ആളുകള്‍, അവരേല്പിച്ച മുറിവുകളെല്ലാം സ്നേഹനിധിയായ ഒരു കൂട്ടുകാരനെപ്പോലെ നല്ലവനായ കരള്‍ ഏറ്റുവാങ്ങി. ഒരു ദിവസം അവനൊരു കൂട്ടുകാരിയെ കിട്ടി... അവനെ ചുമക്കുന്ന മറ്റവന്‍ വിളിച്ചോണ്ടു വന്നതാണ്, മറ്റൊരു പെണ്‍കരള്‍! അവന്‍ അവളോടും സ്നേഹമായിത്തന്നെ പെരുമാറി. ആ ശരീരങ്ങള്‍ തമ്മില്‍ അനുരാഗബദ്ധരായിരുന്നുവത്രേ!

ആ ശരീരങ്ങളുടെ തീവ്രാനുരാഗം പകര്‍ന്ന ചൂട്‌ നല്ലവനായ കരളിന് കുളിരായി തോന്നി. അവരുടെ സന്തോഷത്തില്‍ അവനും സന്തോഷിച്ചു. എന്നാല്‍ ശരീരങ്ങള്‍ പരസ്പരം മടുത്തപ്പോള്‍ അവര്‍ പിരിഞ്ഞു. എന്നാല്‍ പാവം കരള്‍... അവന്‍റെ മനഃസാക്ഷി അതിനവനെ അനുവദിച്ചില്ല. ധര്‍മ്മിഷ്ഠനായ അവനത്‌ തീരാത്ത വേദനയായി. ആഴത്തിലുള്ള മുറിവായി ആ വേര്‍പാടവനില്‍ അവശേഷിച്ചു. അവന്‍ വസിച്ചിരുന്ന ശരീരം ഇതൊക്കെ അറിയുന്നുണ്ടായിരുന്നോ... അങ്ങനെ വീണ്ടും ദിവസങ്ങള്‍ കടന്നു പോകവേ, അപ്പൊഴും മുടക്കം വരുത്താതെ അവന്‍ തന്‍റെ ജോലികളില്‍ വ്യാപൃതനായിരിക്കവേ, പൊടുന്നനെ അതി തീവ്രമായ ഒരു ദ്രാവകം അവനിലേക്കൊഴുകിയെത്തി. ഇതു വരെ അവന്‍ കൈകാര്യം ചെയ്തിട്ടില്ലാത്തത്ര കഠിനമായ എന്തോ ഒന്ന്. അതില്‍നിന്നൊഴുകിയ രൂക്ഷ ഗന്ധത്തില്‍ അവനു തല ചുറ്റുന്നതു പോലെ തോന്നി. അതിന്‍റെ കാഠിന്യം അവനു താങ്ങാന്‍ കഴിയുന്നതല്ലായിരുന്നു. മെല്ലെ മെല്ലെ അവന്‍ തളര്‍ച്ചയിലേക്കു വീഴുന്നതിനു മുന്‍പേ അവന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു... മദ്യം... താന്‍ ഇത്ര നാള്‍ സത്യസന്ധമായി സേവിച്ചിരുന്ന, വിടുവേല ചെയ്തു കാത്തു സൂക്ഷിച്ചിരുന്ന ശരീരം ഇന്നിതാ തന്നിലേക്ക് മദ്യം ഒഴുക്കിയിരിക്കുന്നു... അത് അവന്‍റെ മുറിവുകളില്‍ അസഹ്യമായ നീറ്റലും, വിങ്ങലും ഏല്പിക്കുന്നു.

അതിനുമപ്പുറം താന്‍ ഇത്ര നാള്‍ സേവിച്ച ആ ശരീരം തന്നോടു ചെയ്ത വിശ്വാസവഞ്ചനയോര്‍ത്തവന്‍ വേദനിച്ചു. എങ്കിലും അവന്‍ തന്‍റെ ജോലി വളരെ ആയാസപ്പെട്ടു ചെയ്തു തീര്‍ത്തു. എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും അവനിലേക്കുള്ള മദ്യപ്രവാഹം തുടര്‍ന്നുകൊണ്ടേയിരുന്നു. അത് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടുമിരുന്നു... കാലങ്ങള്‍ അധികം കഴിയുന്നതിനു മുന്‍പേ അവന്‍ ക്ഷീണിതനായി. പഴയതു പോലെ പണിയെടുക്കാന്‍ വയ്യാതെയായി. പലപ്പോഴും അവന്‍ വീണു പോയി... അപ്പോഴെല്ലാം എന്തൊക്കെയോ ഉത്തേജനൌഷധങ്ങള്‍ നല്‍കി ദുഷ്ടനായ ആ ശരീരം അവനെക്കൊണ്ടു വീണ്ടും പണിയെടുപ്പിച്ചു. അവസാനം അവന്‍ തീര്‍ത്തും ക്ഷീണിതനായപ്പോള്‍ വിഡ്ഢിയായ ആ മനുഷ്യന്‍ തിരിച്ചറിഞ്ഞു കരള്‍ ദുര്‍ബലമായതോടെ അയാളുടെ വ്യക്തിത്വം, ആരോഗ്യം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്. ഇതിനോടകം തന്നെ മുഴുക്കുടിയനെന്നു പേരു കേട്ട അയാള്‍ക്ക് നാട്ടിലും വീട്ടിലും അപമാനവും, കുത്തു വാക്കുകളും കേള്‍ക്കേണ്ടി വന്നു... ആ വേദനയും ക്ഷീണാവസ്ഥയിലും കരള്‍ ഏറ്റു വാങ്ങി... അങ്ങനെ അവസാനം അയാള്‍ ആ ആശുപത്രിക്കിടക്കയില്‍ ആസന്നമരണത്തെ കാത്തു കാത്തു കിടപ്പായി.

അയാളിലൂടെ പകര്‍ന്നു കിട്ടിയ മുറിവുകളും, വേദനയും കരളിന് ക്ഷമിക്കാവുന്നതായിരുന്നു. പക്ഷേ താന്‍ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ആ മനുഷ്യന്‍ തന്നിലേക്ക് മദ്യം പകര്‍ന്നത് ക്ഷമിക്കുവാന്‍ അവനു കഴിഞ്ഞില്ല. മഹാ ത്യാഗിയായ അവന് അക്കാര്യത്തില്‍ മാത്രമാണയാളോട്‌ പരിഭവമുണ്ടായിരുന്നത്. അതു കൊണ്ട്‌... അതു കൊണ്ടു മാത്രമാണത്രേ അയാള്‍ പുറത്തു പോന്നത്‌.

കരള്‍ തന്‍റെ കഥ പറഞ്ഞവസാനിപ്പിച്ചു. എനിക്ക് ആ മഹാ ത്യാഗിയായ കരളിനോട്‌ അളവറ്റ ആദരവു തോന്നി. സ്വന്തം ശരീരത്തിനുള്ളിലിരുന്നു കൊണ്ട്‌ നമ്മെ ഇത്രയധികം സഹായിക്കുന്ന കരളിനോടു പോലും നീതി കാട്ടാന്‍ നമുക്കാവുന്നില്ലല്ലോ. അപ്പോള്‍ പിന്നെ നീതിക്കായി നടത്തുന്ന സമരങ്ങള്‍ക്കും, പ്രകടനങ്ങള്‍ക്കും ഒക്കെ എന്തര്‍ത്ഥം? പ്രകടനങ്ങള്‍ വെറും പ്രകടനങ്ങള്‍ മാത്രം.

ഇത്രയുമായപ്പോള്‍ എന്‍റെയുള്ളില്‍... ഉള്ളിന്‍റെയുള്ളില്‍ ഒരു തുള്ളി അഗ്നിജലം വീണതു ഞാനറിഞ്ഞു. ആ കരളിന്‍റെ കഥ കേട്ട് എന്‍റെ കരള്‍ പൊഴിച്ച കണ്ണുനീരായിരുന്നു അത്‌...

© ജയകൃഷ്ണന്‍ കാവാലം

Monday, October 6, 2008

സര്‍ട്ടിഫിക്കറ്റ് ചരിതം ആട്ടക്കഥ (നാലു ദിവസവും)

ഇതൊരു സംഭവ കഥയേയല്ല കേട്ടോ

കുട്ടനാട്ടിലെ മനോഹരിയായ ഒരു നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കലാക്ഷേത്രത്തിലെ ഓഫീസ് മുറിയാണു രംഗം. അവിടെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി തന്‍റെ ഏതോ ഒരു സര്‍ട്ടിഫിക്കറ്റിനായി ചെന്ന കഥ.

ഈ കഥക്കു നമ്മുടെ നളചരിതം ആട്ടക്കഥയുമായി അല്പം സാമ്യം ഉണ്ട്‌. അതായത് നളചരിതവും ഈ കഥയും നാലു ദിവസമായേ പറഞ്ഞു തീര്‍ക്കാന്‍ പറ്റൂ.

രംഗം 1
ഒന്നാം ദിവസം

വിദ്യാര്‍ത്ഥി വിദ്യാലയത്തിലെത്തുന്നു. നീട്ടിപ്പിടിച്ചെഴുതിയ തന്‍റെ അപേക്ഷ താഴ്മയായി സമര്‍പ്പിച്ചു മാറി നില്‍ക്കുന്നു. വായിലെ പാന്‍പരാഗും, വെറ്റിലയും ചേര്‍ന്ന തീര്‍ത്ഥജലം തുപ്പേണ്ടി വന്നതിലെ അമര്‍ഷം വെളിവാക്കിക്കൊണ്ടു തന്നെ കണക്കെഴുത്താശാന്‍റെ ആക്രോശം.

പോയേച്ചു നാളെ വാ. ഇവിടത്തെ അലമാരേടെ താക്കോല്‍ ലാബ് അസിസ്റ്റന്‍റിന്‍റെ കയ്യിലാ.

ആ സാറു വരുന്നവരെ ഞാന്‍ കാത്തി നിക്കാം സാറേ (വിദ്യാര്‍ത്ഥിയുടെ ദൈന്യത കലര്‍ന്ന വാക്കുകള്‍)

ആ സാറു വന്നിട്ട് നീ ഇന്നു സര്‍ട്ടിഫിക്കറ്റും കൊണ്ടു പോയതു തന്നെ.

അതെന്താ സാര്‍? ആ സാറിന്നു വരില്ലേ?

ഹും അയാള്‍ താക്കോലും കൊണ്ടു മധുരക്കു പോയേക്കുവാ കുളിച്ചു തൊഴാന്‍.

വിദ്യാര്‍ത്ഥി മടങ്ങി. വിദ്യാലയത്തിന്‍റെ അലമാരക്കുള്ളില്‍ തനിക്കു കിട്ടിയ സ്ത്രീധനത്തുക വച്ചു പൂട്ടിയേക്കുന്നതിന്‍റെ സുരക്ഷയും, ആ സമ്പാദ്യത്തിന്‍റെ താക്കോല്‍ മധുരമീനാക്ഷിയുടെ തിരു സന്നിധിയില്‍ പൂജിച്ചു കൊണ്ടു വരേണ്ടതായ ഭക്തന്‍റെ സമര്‍പ്പണവും സഹപ്രവര്‍ത്തകര്‍ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ആരു മനസ്സിലാക്കാന്‍? ആ മനസ്സിലാക്കല്‍ വിദ്യാര്‍ത്ഥിയിലല്ലാതെ മറ്റാരില്‍ അടിച്ചേല്പിക്കാന്‍?

അങ്ങനെ ആ രംഗത്തിനു പാന്‍പരാഗിന്‍റെ നിറമുള്ള തിരശ്ശീല വീണു.

രംഗം 2
രണ്ടാം ദിവസം

വീണ്ടുമൊരിക്കല്‍ക്കൂടി ആ പാവം പൂര്‍വവിദ്യാര്‍ത്ഥിയുടെ സൈക്കിള്‍വീലുകള്‍ ആ പാടവരമ്പിലൂടെ ഉരുണ്ടു. തന്നെ വഹിക്കുന്നതിന്‍റെ പ്രായശ്ചിത്തമെന്ന വണ്ണം പാലങ്ങളും, ചാലുകളും ഉള്ള ആ വഴിയില്‍ അവന്‍ ഇടക്കിടെ സൈക്കിളിനെ ചുമന്നു. അങ്ങനെ ആ കൂട്ടായ പ്രവര്‍ത്തനത്തിനൊടുവില്‍ അവര്‍ രണ്ടു പേരും കിതച്ചു വിയര്‍ത്ത് വീണ്ടും പള്ളിക്കൂടത്തിലെത്തി.

ഇന്നലത്തെ കണക്കപ്പിള്ള ഇത്തവണ തീര്‍ത്ഥവര്‍ഷത്തിനു തയ്യാറായില്ല. പകരം തന്‍റെ മുഖം 45ഡിഗ്രി ആംഗിളില്‍ മുകളിലേക്കു പൊന്തിച്ചു കാര്യം പറഞ്ഞു.

നീ പോയേച്ചും നാളെയെങ്ങാനും വാ കൊച്ചനേ, ലാബ്‌ അസിസ്റ്റന്‍റ്‌ വന്നു, പക്ഷേ പ്രിന്‍സിപ്പാള്‍ ഗുരുവായൂര്‍ക്കു പോയേക്കുവാ... കുളിച്ചു തൊഴാന്‍. പ്രിന്‍സിപ്പാള്‍ വരാതെങ്ങനെയാ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു കിട്ടുന്നേ?

വിദ്യാലയത്തിലെ അദ്ധ്യാപകര്‍ക്കും, അനദ്ധ്യാപകര്‍ക്കും എല്ലാവര്‍ക്കും ഭക്തി തലക്കു പിടിച്ചോ എന്നു ചിന്തിച്ചു കൊണ്ട്‌ വിദ്യാര്‍ത്ഥിയും അവന്‍റെ സൈക്കിളും വീണ്ടും പരസ്പരം ചുമന്നു.

വീണ്ടും പാന്‍പരാഗിന്‍റെ നിറമുള്ള...

രംഗം3
മൂന്നാം ദിവസം

തുടര്‍ച്ചയായി മൂന്നാം ദിവസവും മനുഷ്യനും യന്ത്രവുഇം തമ്മിലുള്ള ആ സാഹോദര്യപ്രകടനത്തിനു വഴിയിലെ നെല്ലോലകളും തെങ്ങിന്‍ തൈകളും സാക്ഷ്യം വഹിച്ചു. വലിയ തെങ്ങുകള്‍ ഒന്നുമറിയാതെ അവിടെത്തന്നെ നിന്നു. ഉന്നതന്മാര്‍ താഴേക്കു നോക്കാന്‍ പാടില്ലല്ലൊ.

ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു വൈകുന്നതെന്തു ഹരി നാരായണായ നമഃ

ഇങ്ങനെ ഒത്തിരി പ്രാര്‍ത്ഥിച്ചിട്ടുള്ള നമ്മുടെ കഥാനായകനെ ഭക്തിയുടെ യഥാര്‍ഥ അര്‍ത്ഥവും, ആ ‘ടൈപ്പ്’ ഭക്തന്മാരുടെ അപദാനങ്ങളും പാടിക്കേള്‍പ്പിച്ച് അന്നും മടക്കി അയച്ചു. അന്നും നമ്മുടെ പ്രിന്‍സിപ്പാള്‍ മടങ്ങിയെത്തിയിട്ടില്ലത്രേ!

ഗോപികാരമണനായ താമരക്കണ്ണനെ കാണുവാനുള്ള സമയവും കാലവും നിശ്ചയിക്കേണ്ടതു മറ്റുള്ളവരല്ല. അത് ഭക്തനും ഭക്തവത്സലനും തമ്മിലുള്ള ഏര്‍പ്പാടാണ്. അതിനാല്‍ നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഒന്നും മിണ്ടിയില്ല. കുറച്ചു നാള്‍ പഠിച്ചത് ആ കലാലയത്തിലാണെങ്കിലും, സുകൃതം ചെയ്ത അനേകം അദ്ധ്യാപകരുടെ ശിക്ഷണം ‘അതിരു കടക്കാന്‍‘ അവനെ പ്രേരിപ്പിച്ചില്ല.

രംഗം4
നാലാം ദിവസം

അന്നും പതിവു പോലെ ലോകത്തിന്‍റെ കിഴക്കേ അറ്റത്തു പ്രകൃതി ആട്ടവിളക്കു കൊളുത്തി വച്ചു. ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു കുളിച്ചു കുറിയും തൊട്ട് നമ്മുടെ ‘പൂര്‍വന്‍‘ മനമുരുകി പ്രാര്‍ത്ഥിച്ചു.... ദൈവമേ ഇന്നെങ്കിലും ആവശ്യമുള്ള സാറന്മാരെല്ലാം അവിടെ കാണണേ, അലമാര തുറന്നു കിടക്കണേ... അടഞ്ഞാലും ലാബ് അസിസ്റ്റന്‍റ് സാറിന്‍ പുതിയ ഭക്തിയും ഉള്‍വിളിയും ഒന്നും ഉണ്ടാകരുതേ... ഏതായാലും ആ വിളി ഭഗവാന്‍ കേട്ടു. ആര്‍ക്കും ഉള്‍വിളികള്‍ ഒന്നുമുണ്ടായില്ല. എല്ലാവരും തങ്ങളുടെ ജോലികളില്‍ ഉത്സുകരായി അവിടെത്തന്നെയുണ്ടായിരുന്നു.

അങ്ങനെ ‘പൂര്‍വന്‍റെ’ അപേക്ഷ പരിഗണിക്കപ്പെട്ടു. ഒരു സര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുക്കാന്‍ 5 മണിക്കൂര്‍ തന്നെ നിര്‍ത്തിയതു വിനീത ശിഷ്യന്‍ ക്ഷമിച്ചു. അങ്ങനെ അവസാനം നമ്മുടെ പഴയ കണക്കെഴുത്താശാന്‍റെ ‘തിരു’സന്നിധിയില്‍ ശിഷ്യന്‍ എത്തപ്പെട്ടു. സെണ്ട്രല്‍ ജയിലില്‍ കൊലപ്പുള്ളിയോടു പറയുന്നതു പോലെ പാന്‍പരാഗിന്‍റെ ഗന്ധമുള്ള ആജ്ഞ ഉയര്‍ന്നു.

ഒപ്പിടടാ

കടലാസ്സു വായിച്ചു നോക്കിയപ്പോള്‍ പൂര്‍വന്‍ ഒന്നു പരുങ്ങി. ഒപ്പിടേണ്ടിടത്തു ‘രക്ഷാകര്‍ത്താവിന്‍റെ ഒപ്പ്’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ ഒറ്റക്കാണ് വന്നത്. പാവം രക്ഷാകര്‍ത്താവ് ഇതൊന്നുമറിയാതെ വീട്ടിലെ ചാരുകസേരയില്‍ പുഞ്ചകൃഷിയുടെ ലാഭനഷ്ടങ്ങള്‍ കയ്യിലും, കാലിലും, വീടിന്‍റെ ഉത്തരങ്ങളിലും എല്ലാം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഉത്തരം, കടം കയറുമ്പോള്‍ ആശ്രയം വാഗ്ദാനം ചെയ്തു മാടി വിളിക്കുന്നത് കണ്ട ഭാവം നടിക്കാതെ കാരണവര്‍ കണക്കുകൂട്ടല്‍ തുടരുന്നു. ആ രക്ഷാകര്‍ത്താവിനെയാണ് നമ്മുടെ കടലാസ്സ് അന്വേഷിക്കുന്നത്!!

മനസ്സില്‍ തോന്നിയ സംശയം അപ്പാടെ കണക്കപ്പിള്ളക്കു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടു.

സാര്‍... ഇവിടെ ദോണ്ടെ രക്ഷാകര്‍ത്താവിന്‍റെ ഒപ്പാ ചോദിച്ചേക്കണെ, അച്ഛന്‍ വീട്ടിലാ... എനിക്കു പ്രായപൂര്‍ത്തിയായി. ഞാന്‍ ഒപ്പിടട്ടേ?

"രക്ഷാകര്‍ത്താവിന്‍റെ സ്ഥാനത്താണെങ്കില്‍ ഞാന്‍ ഒപ്പിടാം... " സരസ്വതീക്ഷേത്രത്തിലെ പൂജ്യ കണക്കപ്പിള്ളയുടെ സംസ്കാരമില്ലായ്മയായി അതിനെ പുഛിക്കാന്‍ വരട്ടെ. കയ്യിലിരുപ്പിന്‍റെ ‘ഗുണം’ നന്നായി തിരിച്ചറിഞ്ഞ ഭാര്യ, ഇതുപോലൊരു അവതാരം ഒന്നുകൂടി ഉണ്ടായി നാട്ടുകാരെ സേവിക്കാതിരിക്കാനായി ഒരു അകലം പാലിച്ചതിനാലാവാം (?) അദ്ദേഹത്തിന് ഇന്നേവരെ ആരുടെയും രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അങ്ങനെ മനസ്സു മരുഭൂമിയായിരിക്കുന്ന അവസരത്തില്‍, തറവാട്ടില്‍ പിറന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്താവിനു വരാന്‍ അസൌകര്യമുണ്ടായാല്‍ അവനു രക്ഷാകര്‍തൃത്വം തന്നെ വാഗ്ദാനം ചെയ്ത ആ വലിയ മനസ്സിന്‍റെ ഉദ്ദേശശുദ്ധിയെ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല.

അതു പോലെ തന്നെ സ്കൂള്‍ രേഖകള്‍ക്കൊപ്പം മേശവലിപ്പുകളില്‍ പത്തോ ഇരുപതോ പായ്ക്കറ്റ് പാന്‍പരാഗോ, സിഗരറ്റോ ഒക്കെ സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ ഇത്രകണ്ടു വികാരം കൊള്ളാന്‍ ഇതാരുടെയും തറവാട്ടു സ്വത്തൊന്നുമല്ലല്ലോ? ഏതോ വിവരദോഷികള്‍ താനിരിക്കുന്ന സിംഹാസനത്തിന്‍റെ അപ്പുറത്തെ ഭിത്തിയില്‍ “പുകയില തിന്നല്ലേ അതു കൊല്ലും” എന്നു സ്റ്റിക്കര്‍ എഴുതി ഒട്ടിച്ചിരിക്കുന്നെന്നു വച്ച് താന്‍ അതനുസരിക്കണമെന്നുണ്ടോ? അതുമില്ല.

പിന്നെ അവിടത്തെ അദ്ധ്യാപകരുടെ കാര്യം. ഒരു ജോലി കിട്ടാന്‍ തന്നെ ഒത്തിരി കഷ്ടപ്പാടുള്ള ഈ കാലത്ത ‘കഠിനാദ്ധ്വാനം’ കൊണ്ടും ഏതോ ഒരു ‘ഭഗവാന്‍റെ’ അപാരമായ കൃപ കൊണ്ടും ഇന്‍ഡ്യയിലും വിദേശത്തും ഒരുമിച്ച് ജോലി കിട്ടിയതില്‍ വിദേശ ജോലി കളഞ്ഞിട്ട് ഈ ‘മഹദ്‌‘ സേവനം മുഴുവനും ഭാരത മണ്ണിനു മാത്രം കൊടുക്കാന്‍ പറയാന്‍ ആര്‍ക്കാ അവകാശം? ഇനി അതുമല്ല രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ഈരണ്ടു മാസം വീതം വന്നു ഞാന്‍ പഠിപ്പിച്ചു കൊടുക്കുന്നുമുണ്ടല്ലോ. അപ്പോള്‍ പിന്നെ ഇത് അത്യാഗ്രഹമല്ലേ? പിന്നെ, വാര്‍ഷികപ്പരീക്ഷയില്‍ ജയിക്കുന്നതു മൂന്നു പേരായാലും, ഒരാളായാലും, ഇനി ആരും ജയിച്ചില്ലെങ്കില്‍ തന്നെയും അത് എന്‍റെ കുറ്റമാണോ? അവരുടെ വിധി... ആരും അദ്ധ്യാപകരെ കുറ്റം പറയാന്‍ പാടുള്ളതല്ല. കാരണം അദ്ധ്യാപനം വളരെ പരിപാവനമായ ഒരു പണിയല്ലേ?

ഒരു വര്‍ഷത്തില്‍ തന്നെ രണ്ടോ മൂന്നോ ഒക്കെ പ്രസവിക്കുന്ന സ്ത്രീകള്‍ സര്‍ക്കാരാപ്പീസുകളില്‍ വരുന്ന ഒരു കാലം ഉണ്ടായാല്‍ അന്ന് അത് ലീവ് എടുക്കാനാണെന്ന് ആരും പറയരുത് കേട്ടോ... വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ശാപം കിട്ടും. ആ കാലത്തിനും ഇനി അധികം കാലവിളംബം ഉണ്ടാകില്ല. പുരുഷന്മാര്‍ക്കു വരെ ഗര്‍ഭം ഉണ്ടായെന്നും, പ്രസവാവധി ആവശ്യമായി വന്നെന്നും ഇരിക്കും. ഒന്നോ രണ്ടോ ഹര്‍ത്താലുകള്‍ നടത്തി ഇങ്ങനെ ഒരവകാശം കൂടി നമുക്കു നേടിയെടുക്കാം.

അപ്പോള്‍ പൂര്‍വന്‍റെ കഥ അവസാനിക്കുന്നില്ല. അവസാനം സര്‍ട്ടിഫിക്കറ്റ് തയ്യാറായി.

കണക്കപ്പിള്ള സാര്‍ ഇടം കയ്യില്‍ സര്‍ട്ടിഫിക്കറ്റും വച്ചു കൊണ്ടു വലം കൈ നീട്ടി... മോന്‍ ഈ വര്‍ഷത്തെ പി ടി എ ഫണ്ട്‌ തന്നേച്ചു സര്‍ട്ടിഫിക്കറ്റും വാങ്ങി സ്ഥലം വിട്ടോ...

പൂര്‍വന്‍ ഒന്നമ്പരന്നു. രണ്ടു വര്‍ഷം മുന്‍പേ പടിയിറങ്ങിയ വിദ്യാലയത്തില്‍ ഈ വര്‍ഷത്തെ പി ടി എ ഫണ്ട്‌ താനെന്തിനു കൊടുക്കണം?!!!

അപ്പോഴാണ് നമ്മുടെ കണക്കപ്പിള്ള സാര്‍ മനസ്സിലാക്കി കൊടുത്തത്, ഇത്രേം ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് എഴുതിത്തരുമ്പോള്‍ നീ പഠിച്ച പള്ളിക്കൂടമല്ലേടാ കൊച്ചനേ ഒരു പ്രത്യുപകാരമൊക്കെ വേണ്ടേ?

ആരെങ്കിലും ഇതിനെ പുട്ടടിക്കല്‍ ഫണ്ടെന്നോ, കൈക്കൂലിയെന്നോ എങ്ങാനും പറഞ്ഞാല്‍ കൊന്നുകളയും. കലാക്ഷേത്രത്തില്‍ കൈക്കൂലിയോ? ഇതു പി ടി എ ഫണ്ടാ... ഹല്ല പിന്നെ.

അങ്ങനെ പൂര്‍വന്‍റെ 50 രൂപയ്ക്കു പകരം ഒരു രസീതു കിട്ടി.

പൂര്‍വന്‍ അതെല്ലാം ക്ഷമിച്ചു. പക്ഷേ കൊള്ളാവുന്ന തറവാട്ടില്‍ ജനിച്ച തന്‍റെ അച്ഛനെ പറഞ്ഞതു ക്ഷമിച്ചില്ല. അവന്‍ നേരേ കിഴക്കോട്ടു വണ്ടി കയറി. അവിടെ ചെന്ന് ഈ ടൈപ്പ് സ്കൂളുകളുടെയെല്ലാം ചുമതലയുള്ള മാനേജരോടു സങ്കടമുണര്‍ത്തിച്ചു. എഴുതിയും കൊടുത്തു. എന്നിട്ടും സങ്കടം തീരാതെ പയ്യന്‍ അവിടെയുള്ള കുറേ കൂടിയ നായന്മാര്‍ക്കും അഞ്ചാറു പേജില്‍ ഉപന്യാസം എഴുതി അയച്ചു.

നായര്‍ സാര്‍ എന്തൊക്കെയോ ആക്ഷന്‍ എടുത്തെന്നോ എടുക്കാന്‍ പോണെന്നോ ഒക്കെ നാട്ടുകാരു പറയുന്നതു കേട്ടു. പക്ഷേ ഒന്നും നടന്നില്ലെന്നു മാത്രമല്ല, പരാതിക്കാരന് ഒരു മറുപടി കൊടുക്കാനോ, കാര്യം തിരക്കാനോ പോലും അദ്ദേഹം മിനക്കെട്ടില്ല. വലിയ തിരക്കൊക്കെ ഉള്ള ആളല്ലേ. പിന്നെ, സാറു പറയുന്നതെല്ലാം മറ്റുള്ളവര്‍ അനുസരിക്കണമെന്നു പറയാനും അദ്ദേഹത്തിനു പേടി കാണും. അതെല്ലാം പഴയ മുതലാളിത്ത കാലഘട്ടത്തിലെ ഇടുങ്ങിയ മനഃസ്ഥിതിയായി ചിത്രീകരിക്കപ്പെട്ടാലോ?

പക്ഷേ സാറിന്‍റെ ഒരു ആക്ഷന്‍ നായര്‍സാറിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന നമ്മുടെ പയ്യന്‍റെ ഒരു ബന്ധുവിനു കിട്ടി. അനൌദ്യോഗികമായ ഒരു അറിയിപ്പ്. ‘നിന്‍റെ മറ്റവന്‍ ഇനീം കേറി ചൊറിഞ്ഞാല്‍, നിന്നെ നാം ഏതെങ്കിലും പട്ടിക്കാട്ടിലേക്കു സ്ഥലം മാറ്റും’. പാവം കുടുംബസ്ഥനായ ‘ബന്ധു’ വിഷമത്തിലായി. ചെറുക്കനാണേല്‍ വിവരം കെട്ടവനാ... അവന്‍ ഇനീം വേണ്ടാതീനം കാണിച്ചാല്‍...? വിവരം പയ്യനും അറിഞ്ഞു. പയ്യന്‍ കരുതി, താന്‍ കാരണം കൂടിയ നായന്മാര്‍ ആള്‍ക്കാരെ വിരട്ടാന്‍ തുടങ്ങിയെങ്കില്‍ തന്നെക്കൊണ്ട്‌ അത്രേം സാധിക്കുമല്ലോ. അപ്പോള്‍ പിന്നെ മതി. ഇനി അല്പം വിശ്രമിക്കാം.

അങ്ങനെ സര്‍ട്ടിഫിക്കറ്റ് ചരിതം ആട്ടക്കഥയുടെ അവസാന രംഗവും ആടിത്തീര്‍ന്നു.

പാന്‍പരാഗിന്‍റെ നിറമില്ലാത്ത, അല്പം ആത്മസംതൃപ്തിയുടേയും, പൌരബോധത്തിന്‍റെയും ഹരിതാഭമായ തിരശ്ശീല വീണു.

© ജയകൃഷ്ണന്‍ കാവാലം

Saturday, October 4, 2008

ഒരു ബോധക്കേടിന്‍റെ ഓര്‍മ്മയ്ക്ക്ബോര്‍ഡിംഗില്‍ താമസിച്ചു പഠിച്ചാല്‍ നന്നായിരുന്നു എന്നെനിക്കു തോന്നാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായിരിക്കുന്നു. പ്രധാന കാരണം ഞാന്‍ അന്നു പഠിച്ചു കൊണ്ടിരുന്ന കാവാലം എന്‍ എസ്സ് എസ്സ് ഹൈസ്കൂളിലെ അദ്ധ്യാപകരുടെ പക്ഷപാതപരമായ പെരുമാറ്റം തന്നെയായിരുന്നു. എല്ലാവരുമില്ല. പക്ഷേ ചിലര്‍. കാരണം മറ്റൊന്നുമല്ല. നായര്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി ഞങ്ങളുടെ തറവാട്ടില്‍ നിന്നും സൌജന്യമായി വിട്ടു കൊടുത്ത സ്ഥലത്താണ് പ്രസ്തുത കെട്ടിടം ഇന്നും നിലകൊള്ളുന്നത്. ആ കുടുംബത്തില്‍ നിന്നും പഠിക്കാന്‍ വരുന്ന കുട്ടികളോട്‌ വൈരാഗ്യപൂര്‍വം പെരുമാറാന്‍ വേറേ കാരണം ഒന്നും വേണ്ടല്ലോ. എന്‍റെ കുടുംബത്തിലെ പല തലമുറകളും അനുഭവിച്ചിട്ടുള്ള ഒന്നാണ് ഈ കൊടുത്ത കൈയ്ക്കു കടിക്കല്‍ നടപടി.

അപ്പൊഴും സ്നേഹവാത്സല്യങ്ങളുടെ അമര നക്ഷത്രങ്ങളായ ഏതാനും ചില അദ്ധ്യാപകരെയും, അദ്ധ്യാപികമാരെയും, അനദ്ധ്യാപകരെയും ഒരിക്കലും മറക്കാന്‍ കഴിയില്ല. മഹേശ്വരി ദേവി ടീച്ചര്‍, പറവേലില്‍ ശാന്തമ്മ ടീച്ചര്‍, വിജയലക്ഷ്മിടീച്ചര്‍ തുടങ്ങി ഏതാനും ചിലര്‍ മാതൃസഹജമായ വാത്സല്യം എന്നും പകര്‍ന്നു നല്‍കിയിട്ടുള്ളവരാണ്. കൂട്ടത്തില്‍ വടക്കേമഠത്തില്‍ ശാന്തമ്മടീച്ചറിന് ഇനിയും പ്രത്യേകതകളുണ്ട്‌. എന്‍റെ അമ്മയെയും എന്നെയും പഠിപ്പിച്ചതാണ് ടീച്ചര്‍. അല്പ നാളെങ്കിലും ആ ടീച്ചറിന്‍റെ മകള്‍ ശ്രീകുമാരിടീച്ചറും എന്നെ പഠിപ്പിച്ചിട്ടുണ്ട്‌. അഞ്ചാം ക്ലാസില്‍.


ഇവരുടെയൊക്കെ സ്നേഹത്തില്‍ നിന്നും എനിക്കു വിട്ടു പോകുവാന്‍ മനസ്സു വന്നത് തീര്‍ച്ചയായും, എല്ലാവരെയും അളവറ്റു സ്നേഹിച്ചിട്ടും ചിലരില്‍ നിന്നു കിട്ടിയ വലിയ നോവുകള്‍ തന്നെയാണ്. ഇവിടെയെന്നല്ല പൊതുവേ എന്‍ എസ് എസ്സിന്‍റെ പല സ്കൂളുകളുടെയും അവസ്ഥ കാണാന്‍ ശ്രീ മന്നത്ത് പദ്മനാഭന്‍ ഇന്നുണ്ടായിരുന്നെങ്കില്‍, പണ്ട്‌ സൊസൈറ്റിയുടെ രൂപീകരണത്തിനായി വീടുകള്‍ തോറും കയറിയിറങ്ങി നടന്ന അദ്ദേഹം ചില സ്കൂളുകളിലെ തോന്നിവാസം അവസാനിപ്പിക്കുന്നതിനായി കോടതികള്‍ കയറിയിറങ്ങുന്നതു കാണാമായിരുന്നു. എന്‍റെ കുടുംബത്തിലെ കാരണവന്മാര്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യേണ്ടിയിരുന്നോ എന്ന് - വാവക്കുട്ടനമ്മാവന്‍ അടക്കം കുടുംബത്തിലെ പലരും ഇന്നും എന്‍ എസ് എസ്സില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും - ഞാന്‍ ഇന്നും ഇടക്കിടെ ചിന്തിക്കാറുണ്ട്.

വീടിന്‍റെ പടിപ്പുരമുറ്റത്തെ വിദ്യാലയത്തില്‍ നിന്നും ദൂരെ ബോര്‍ഡിംഗില്‍ പോയി പഠിക്കാനുള്ള ഇവന്‍റെ ആഗ്രഹം വളരെ കരച്ചിലിനും, അപേക്ഷകള്‍ക്കും ശേഷം വീട്ടില്‍ അംഗീകരിക്കപ്പെട്ടു. പഠന നിലവാരം തീര്‍ച്ചയായും ഉയരും, സ്വഭാവം നന്നാകും (അത് ഈ സ്കൂളില്‍ പഠിച്ചാല്‍ പോക്കാണ്), ജീവിതത്തില്‍ തികഞ്ഞ അച്ചടക്കവും നിഷ്ഠയും കൈവരും തുടങ്ങിയ പരമ്പരാഗത ബോര്‍ഡിംഗ് സങ്കല്പങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടിലുള്ളവര്‍ ആകെയുള്ള പൊന്നോമന ദൂരെ പോയി താമസിച്ചു പഠിക്കുന്നതിനെ സ്വയം ന്യായീകരിക്കുവാന്‍ ശ്രമിച്ചു.

അമ്മയുടെ കൂട്ടുകാരിയുടെ ആങ്ങള പോള്‍ സാര്‍ ചങ്ങനാശ്ശേരി സെന്‍റ് ബര്‍ക്ക്‌മാന്‍സ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായി വിരമിച്ച ആളാണ്. അദ്ദേഹത്തെയും കൂട്ടി അഡ്മിഷന്‍ എന്ന കടമ്പ കടക്കുവാന്‍ അന്നത്തെ സ്കൂള്‍ മാനേജരായിരുന്ന ഫാദര്‍ ജോസ് പി കൊട്ടാരത്തിലിനെ സമീപിച്ചു. ധാരാളം ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം അദ്ദേഹം സമ്മതിച്ചു.

പെട്ടി, കിടക്ക, കോപ്പ്, കോസടികളൊക്കെയായി ആര്‍ഭാടപൂര്‍വ്വം ജയകൃഷ്ണന്‍ ബോര്‍ഡിംഗ് വാസത്തിനായി പുറപ്പെട്ടു. അതൊരു പോക്കു തന്നെയായിരുന്നു. അന്തരീക്ഷവും, ബോര്‍ഡിംഗിലെ ചിട്ടവട്ടങ്ങളുമെല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാ ദിവസത്തെയും പ്രഭാതപ്രാര്‍ത്ഥനകള്‍ ഒരു അനുഭവം തന്നെയായിരുന്നു. കൊട്ടാരത്തിലച്ചന്‍റെ മുഴങ്ങുന്ന ആ സ്വരം ഇന്നും എന്‍റെ മനസിലുണ്ട്. നല്ല അച്ചടക്കമുള്ള കുട്ടികളായിരുന്നു അവിടെയുണ്ടായിരുന്നത്. വിദ്യാലയ രാഷ്ട്രീയം പടികടക്കാന്‍ മടിച്ച് പരുങ്ങി നില്‍ക്കുന്ന അന്തരീക്ഷം. എങ്കിലും ഒരിക്കല്‍ കുട്ടികള്‍ വെറുതെ ഒന്നു സമരം ചെയ്തു നോക്കിയത് ഇപ്പൊഴും ഓര്‍ക്കുന്നു. സമരമെന്നു കേട്ടപ്പൊഴേ ഞങ്ങള്‍ ബോര്‍ഡിംഗ് വാസികളെയെല്ലാം ബ്രദര്‍. ജോബ് അകത്തു കയറ്റി കതകടച്ചു. ഒരു ചൂരലുമായി കാവല്‍ നില്പായി. വലിയൊരു സംഘം കുട്ടികള്‍ മുദ്രാവാക്യം വിളിയുമായി സ്കൂളിന്‍റെ അങ്കണത്തിലേക്കു വന്നു. ഉയരം കൂടിയ സ്കൂള്‍ വരാന്തയില്‍ കയ്യിലൊരു ചൂരലുമായി അന്നത്തെ പ്രധാനാദ്ധ്യാപകനായ ജോണ്‍ സാര്‍ പ്രത്യക്ഷപ്പെട്ടു. ആരവങ്ങളുമായി തടിച്ചു കൂടിയ എല്ലാ നേതാക്കന്മാരും സാറിനെ കണ്ട മാത്രയില്‍ ചിതറിയോടി അവരവരുടെ ക്ലാസ്സില്‍ കയറിയിരുപ്പായി. എല്ലാം കൂടി പതിനഞ്ചു മിനുട്ടിനുള്ളില്‍ കഴിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ ക്ലാസ്സ് തുടരുകയും ചെയ്തു. നേതാക്കന്മാര്‍ക്കെല്ലാം പിന്നീടു വേണ്ടതു കിട്ടുകയും ചെയ്തെന്നാണ് ഇവന്‍റെ വിശ്വാസം. സമരം ഇങ്ങനെയാണെങ്കില്‍ വലിയ തെറ്റില്ലെന്നാണ് ഇവന്‍റെ നിരീക്ഷണം.


ദിവസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ ഇവനാകെയൊരു പരിക്ഷീണത അനുഭവപ്പെട്ടു തുടങ്ങി. ആകെപ്പാടെയൊരു സങ്കടവും, ഒറ്റക്കിരുപ്പും. ഹോം സിക്നസ് എന്ന ഏതാണ്ട് ഭയങ്കര ഒരു രോഗമാണിതെന്നും ഉപദേശിച്ചാല്‍ മാറുമെന്നും ഒക്കെ അറിഞ്ഞു. ഇടതടവില്ലാതെ ഉപദേശങ്ങളും കിട്ടി തുടങ്ങി. അപ്പൊഴാണ് ഇവനൊരു വലിയ സത്യം മനസ്സിലാകാന്‍ തുടങ്ങിയത്. കാവാലത്തെ മണ്ണിന്‍റെ മണമില്ലാതെ, പൂക്കൈതയാറിന്‍റെ വളകിലുക്കം കേള്‍ക്കാതെ, മരങ്ങളുടെ മര്‍മ്മരം കേള്‍ക്കാതെ, കിളികളുടെ കഥകള്‍ കേള്‍ക്കാതെ, ദിവസം ഒരു പ്രാവശ്യമെങ്കിലും വാവക്കുട്ടനമ്മാവന്‍റെ കയ്യില്‍ നിന്നും രണ്ടടി കൊള്ളാതെ ജയകൃഷ്ണന്‍റെ ബാല്യം പൂര്‍ണ്ണമാവില്ല എന്ന നഗ്ന സത്യം. പക്ഷേ ഈ കേസ്‌ അതേപടി മുന്‍പോട്ടു വച്ചാല്‍ ഏതു കോടതിയും തള്ളിക്കളയുമെന്നും, വാദി പ്രതിയാകുമെന്നും ഞാന്‍ ഭയന്നു. കാരണം ഇവന്‍റെ നിര്‍ബന്ധം ഒന്നു കൊണ്ടു മാത്രമായിരുന്നല്ലോ പെട്ടിയും പൊക്കാണവുമെടുത്ത് അങ്ങോട്ടു കെട്ടിയെടുത്തത്‌. കൂട്ടിയും കിഴിച്ചും നോക്കി ഒടുവില്‍ ഒരു പോം വഴി തെളിഞ്ഞു.

രാവിലെ അഞ്ചരയാകുമ്പോള്‍ കുട്ടികളെല്ലാവരും എഴുന്നേറ്റു കുളിച്ച് സ്റ്റഡി റ്റേബിളില്‍ വന്നിരിക്കണം. അതിനായി ഒരു മണിയടിക്കും. എന്നിട്ടും എഴുന്നേല്‍ക്കാത്ത മടിയന്മാരെ എഴുന്നേല്പ്പിക്കാന്‍ ബ്രദര്‍ വരും. അച്ചനാകാന്‍ പഠിക്കുന്ന ചെമ്മാച്ചനാണ് അത്. അദ്ദേഹവും അവിടെ തന്നെയാണ് താമസിക്കുന്നത്. കുലുക്കി വിളി, തോണ്ടി വിളി, താക്കോലു കൊണ്ട് കൊട്ടി വിളി തുടങ്ങിയ ചില പ്രക്രിയകളിലൂടെ അദ്ദേഹം എല്ലാവരെയും എഴുന്നേല്പിക്കുകയാണ് പതിവ്‌.

എന്നും രാവിലെ ആരും വിളിക്കാതെ തന്നെ കൃത്യമായി ഉണരുന്ന ജയകൃഷ്ണന്‍ അന്നുണര്‍ന്നില്ല. കുലുക്കി വിളിച്ചിട്ടു കുലുങ്ങിയില്ല, തോണ്ടി വിളിച്ചിട്ട് ഇളകിയില്ല, താക്കോലുകൊണ്ട് കൊട്ടിയിട്ടു കണ്ണുകള്‍ തുറന്നില്ല. ചില സഹജീവികളും കൂടി വന്ന് ജയകൃഷ്ണനെ ഉണര്‍ത്തല്‍ എന്ന പ്രക്രിയ ഒരു ആഘോഷമാക്കി മാറ്റി. എന്നിട്ടും ഉണരല്‍ എന്ന പ്രതിഭാസം ഉണ്ടായിക്കണ്ടില്ല. ‘ഇതിവന്‍റെ അടവാണെന്നാ തോന്നുന്നേ‘ എന്നൊരു ദുഷ്ടന്‍ അടുത്തു നിന്നു മന്ത്രിച്ചതു ഞാനറിഞ്ഞു. നിര്‍മ്മല ഹൃദയരായ ചില സഹജീവികള്‍ അവനെ എതിര്‍ത്തു. അവസാനം ഒരു മഗ്ഗ് നിറയെ വെള്ളം കൊണ്ടുവരപ്പെട്ടു. ബ്രദറിന്‍റെ കാര്‍മ്മികത്വത്തില്‍ അത് കണ്ണിലേക്കു ധാര ചെയ്യപ്പെട്ടു. പിന്നീടത് ഐസ് വാട്ടറായി എന്നിട്ടും രക്ഷയില്ല. അവസാനം ആ ഭയങ്കരന്‍ രംഗപ്രവേശം ചെയ്തു. സാക്ഷാല്‍ ഐസ് കട്ട! കൂട്ടത്തിലുള്ള ഏതോ ഒരു കുശാഗ്രബുദ്ധിയുടെ കണ്ടുപിടുത്തമായിരുന്നു അത്. രണ്ട്‌ ഐസ് ക്യൂബ്സ് മുഴുവനായും അലിയുന്നതു വരെ എന്‍റെ കണ്‍പോളയില്‍ നിലകൊണ്ടു. അറിയാവുന്ന സകലമാന ദൈവങ്ങളെയും വിളിച്ചു കൊണ്ടും കണ്ണുകളില്‍ പടരുന്ന മരവിപ്പിനെ സര്‍വ്വ നാഡിഞരമ്പുകളിലേക്കും ആവാഹിച്ചു കൊണ്ടും സാക്ഷാല്‍ നടരാജമൂര്‍ത്തിയെ ആപാദചൂഡം സ്മരിച്ചു കൊണ്ടും ആ രംഗത്തിന്‍റെ തന്മയീഭാവത്തിന്‍റെ പൂര്‍ണതയ്ക്കായി ഇവന്‍ നിശ്ചേഷ്ടനായി അവിടെ കിടന്നു. അപ്പൊഴേക്കും കണ്ണില്‍ ഐസ് വച്ച കാപാലികനെ ബ്രദര്‍ വന്ന് ഓടിച്ചു വിട്ടു.

അന്യഗ്രഹത്തില്‍ നിന്നും വന്ന ഏതോ വിചിത്ര ജീവിയുടെ ചുറ്റുമെന്ന പോലെ കുട്ടികള്‍ സ്ഥിരമായി ഇവനെ സന്ദര്‍ശിച്ചുകൊണ്ടും, തങ്ങളുടേതായ പരീക്ഷ്ണങ്ങള്‍ ഇവന്‍റെ നെഞ്ചത്തു പരീക്ഷിച്ചു കൊണ്ടുമിരുന്നു. ഇടക്കിടെ നല്ലവനായ ബ്രദര്‍ വന്ന് സഹതാപപൂര്‍വം നെടുവീര്‍പ്പുകള്‍ ഇടുമായിരുന്നു. എല്ലാം ഇവന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷേ ഉള്ളില്‍ തുടിക്കുന്ന കാവാലമെന്ന സൌന്ദര്യത്തെ ഇനിയും കണ്ടും ഉള്‍ക്കൊണ്ടും കൊതി തീര്‍ന്നിട്ടില്ലാത്ത ഇവന്‍റെ ഹൃദയം ആ നെടുവീര്‍പ്പുകളോടു പ്രതികരിക്കുവാന്‍ തയ്യാറായില്ല. ഏകദേശം നാലു ദിവസം ഭക്ഷണവും, ജലപാനം പോലുമില്ലാതെയുള്ള ആ ജീവിതാഭിനയത്തിനിടയില്‍ പലവട്ടം എല്ലാവരും കൂടി പൊക്കിയെടുത്ത് ഇവന്‍റെ ലോക്കല്‍ ഗാര്‍ഡിയനായി പേരു വച്ചിരുന്ന, അമ്മാവനായ ഡോക്ടര്‍. ആര്‍ വി നായരുടെ അടുത്തേക്ക് ഘോഷയാത്ര നടത്തി. അമ്മാവനു കാര്യം പിടികിട്ടി. പക്ഷേ സ്ട്രെക്ചറില്‍ കിടക്കുന്ന ഇവന്‍ കൂടി സമ്മതിക്കണ്ടേ, ഇവനു രോഗമൊന്നുമില്ലെന്ന്‌. ഇതിനിടെ ഇടക്കിടെ ബോധം തെളിയാന്‍ തന്നെ തീരുമാനിച്ചു. അല്ലെങ്കില്‍ ഇവനു മുന്‍പോട്ടു വയ്ക്കാനുള്ള വാദഗതികള്‍ ആരു പറയും? അങ്ങനെ ഇടക്കിടെ ബോധം തെളിഞ്ഞു കിട്ടുന്ന സുവര്‍ണ്ണാവസരങ്ങളില്‍, ഞരങ്ങിയും മൂക്കിയും, വിക്കിയുമൊക്കെ അതി മനോഹരമായി തന്നെ സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു തന്നെയാണ്, തിരിഞ്ഞു നോക്കുമ്പോള്‍ ഇവനു തോന്നുന്നത്.

വീട്ടുകാര്‍ക്ക്, ബോധം കെട്ടു കിടക്കുന്നവനെ കാണാനും, ചികിത്സിക്കാനുമൊക്കെയുള്ള വരവും പോക്കും ഒരു ദിനചര്യയായി മാറി. മാനസിക വിഭ്രാന്തിയോ, ഭ്രാന്തിന്‍റെ തുടക്കമോ ആയിരിക്കുമോ എന്ന ഭയം നിമിത്തം അമ്മാവന്‍റെ വളരെ അടുത്ത സുഹൃത്തായ സൈക്യാട്രിസ്റ്റ് ഡോക്ടര്‍ രാധാകൃഷ്ണന്‍റെ അടുത്തു കൊണ്ടു പോയി നോക്കി. ഓര്‍മ്മ വച്ച കാലം മുതലേ അദ്ദേഹത്തിന്‍റെ കയ്യില്‍ തൂങ്ങി നടന്നിട്ടുള്ള ഇവന്‍റെ കള്ളക്കിടപ്പു കണ്ടപ്പോള്‍ അദ്ദേഹത്തിനും കാര്യം പിടികിട്ടി. സംഭവങ്ങളുടെ സത്യാവസ്ഥയറിയാന്‍ ഒന്നൊളികണ്ണിട്ടു നോക്കാന്‍ പോലുമാവാതെയുള്ള ഇവന്‍റെ പരിതാപകരമായ അവസ്ഥ തിരിച്ചറിഞ്ഞിട്ടായിരിക്കണം, അദ്ദേഹം എന്‍റെയടുത്തു വന്ന് ‘വേണമെങ്കില്‍ ഇടക്കൊക്കെ ഒന്നു കണ്ണു തുറന്നു നോക്കുന്നത് ബോധക്കേടിനെ ബാധിക്കില്ലെന്നു’ പറഞ്ഞത്.

നല്ല പൂന്തോട്ടങ്ങളും, മികച്ച വിദ്യാഭ്യാസ നിലവാരവും, സ്നേഹം നിറഞ്ഞ അന്തരീക്ഷവുമുള്ള ആ വിദ്യാലയത്തിലെ അക്ഷരസൌഭാഗ്യം ഇവന്‍ നഷ്ടപ്പെടുത്തുക തന്നെയായിരുന്നു എന്നത് അവിതര്‍ക്കമാണ്. എങ്കിലും കാവാലം എനിക്കത്ര പ്രിയങ്കരിയാണ്. കൊട്ടാരത്തിലച്ചന്‍, എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഒരു വൈദികന്‍ എന്നതിലുപരി വളരെ വലിയ ഒരു മനുഷ്യസ്നേഹിയായിരുന്നു. തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കുമ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇടറിയിരുന്നത് ഞാനിന്നും ഓര്‍ക്കുന്നു. കാരണം അത്രയേറെ സ്നേഹം അദ്ദേഹം ഓരോ കുട്ടിയെക്കുറിച്ചും മനസ്സില്‍ കരുതിയിരുന്നു. ഇന്നദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറല്‍ ആണ്. അവിടെ നിന്നു പോന്നതിനു ശേഷം വളരെ നാളുകള്‍ക്കു ശേഷം ഒരിക്കല്‍ മാത്രമേ എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ആ വലിയ മനുഷ്യന്‍റെ സാന്നിദ്ധ്യം നഷ്ടപ്പെട്ടു പോയ, ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ വിദ്യാലയത്തിന്‍റെ ഓര്‍മ്മകളോടൊപ്പം എന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്‌. ആ സ്നേഹം ഒരിക്കലെങ്കിലും അനുഭവിക്കാന്‍ കഴിയുക ഒരു ഭാഗ്യമാണ്.


അവിടെ വളരെ പ്രായമുള്ള ഒരു അച്ചനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് അന്നും ഇന്നും ഇവനറിയില്ല. കുട്ടികളെ ‘മക്കളേ’ എന്നു മാത്രം വിളിച്ച് അതിയായി സ്നേഹിച്ചിരുന്ന ഒരു പുരോഹിതന്‍. ഒരിക്കല്‍ അദ്ദേഹം അതുവഴി വന്നപ്പോള്‍ ബോധം കെട്ടു കിടക്കുന്ന ഇവനെ കണ്ടു. ഇല്ലാത്ത രോഗം പറഞ്ഞ് ഹോസ്റ്റലില്‍ കൂടിയിരിക്കുന്നവന്മാരെ തുരത്താന്‍ വന്നതാണദ്ദേഹം. എന്‍റെ ബോധക്കേട് കള്ളത്തരമാണെന്നദ്ദേഹത്തിനു തോന്നി. വണ്ണം കുറഞ്ഞ ചെറിയ ചൂരല്‍ കൊണ്ട്‌ അദ്ദേഹം ഇവനെ തുടയില്‍ പൂശാന്‍ തുടങ്ങി. ചത്തു കിടക്കുന്നവന്‍ എഴുന്നേറ്റു നിലവിളിച്ചു കൊണ്ട്‌ ഓടും. ആ ടൈപ്പ് പൂശായിരുന്നു അത്. ലോകോത്തര സിനിമകള്‍ തീയറ്ററില്‍ കയറിയിരുന്ന് കണ്ട്‌ അതിന് അവാര്‍ഡ് കൊടുക്കാനല്ലേ ഇവിടുത്തെ ബുദ്ധിജീവികള്‍ക്ക് കഴിയൂ? സ്വന്തം അഭിനയത്തിന്‍റെ പൂര്‍ണതയ്ക്കായി ആ അടി മുഴുവന്‍ കൊണ്ടിട്ടും, ഒന്നനങ്ങുക പോലും ചെയ്യാതെ കിടന്ന ഇവന് അവാര്‍ഡ് തരാന്‍ ഈ ലോകത്തില്‍ ഇന്നോളം നിലവില്‍ വന്ന ഏത് അവാര്‍ഡ് നിര്‍ണയ കമറ്റിക്കാണ് യോഗ്യതയുള്ളത്? അവസാനം, ഇതു ശരിക്കുമുള്ള ബോധക്കേടാണെന്നു തെറ്റിദ്ധരിച്ച അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട്‌ എന്‍റെയടുത്തിരുന്ന് അനന്തമായി പ്രാര്‍ത്ഥിച്ചു. ബോധശൂന്യനായ ഇവനെ തല്ലിയതിന്‍റെ പേരില്‍ ദൈവത്തോട്‌ മാപ്പപേക്ഷിച്ചു. ഇവനാണെങ്കില്‍ അച്ചന്‍ പോകാതെ അടി കിട്ടിയ സ്ഥലം എങ്ങനെ ഒന്നു തടവും എന്ന ചിന്തയിലായിരുന്നു.

ജയകൃഷ്ണന്‍റെ ബോധം പോയ വിവരം കാട്ടു തീ പോലെ പടര്‍ന്നു. അഭ്യുദയകാംക്ഷികളായ ചില ബന്ധുമിത്രാദികള്‍ ‘അവളുടെ അഹങ്കാരം കൊണ്ടാണ് അവനെ ബോര്‍ഡിംഗില്‍ ആക്കിയത’ എന്നു വരെ പാവം എന്‍റെ അമ്മയെ കുറ്റപ്പെടുത്തി. ‘മുറ്റത്തു സ്കൂള്‍ കിടന്നിട്ടു ചെറുക്കനെ അവിടെ കൊണ്ടു ചെന്നാക്കേണ്ടിയിരുന്നോ?’ എന്ന് അപ്പൂപ്പനും പരിഭവിച്ചു. ഇതൊക്കെ അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും ഇവനെ തിരിച്ചെഴുന്നള്ളിക്കാനുള്ള യാതൊരു ലക്ഷണവും കാണാതിരുന്നപ്പോള്‍ അഭിനയം ഒന്നു കൂടി ഊര്‍ജ്ജിതപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ബോധക്കേടു കൊണ്ടു മാത്രം കാര്യം നടക്കില്ല. എന്തെങ്കിലും കൂടി ഉണ്ടെങ്കിലേ കാര്യം നടപ്പാകൂ. ബോധം കെട്ടു കിടന്ന സമയങ്ങളിലെല്ലാം ആലോചിച്ച് ഒരു വഴി കൂടി പിടി കിട്ടി. വാട്ടര്‍ കളര്‍ തൂവാലയില്‍ കലക്കിയൊഴിച്ച് മൂത്രമൊഴിച്ചപ്പോള്‍ വന്ന രക്തമാണെന്നു പറഞ്ഞു നോക്കി. അതും ചീറ്റിപ്പോയി. അവസാനം തിരിച്ചു വീട്ടിലോട്ടു കൊണ്ടു പോവുകയല്ലാതെ ഈ രോഗത്തിന് വേറേ പരിഹാരമില്ലെന്ന് ഡോക്ടര്‍മാര്‍ അസന്ദിഗ്ധമായി പ്രഘ്യാപിച്ചു.

അങ്ങനെ ടി സി വാങ്ങാന്‍ ചെന്നപ്പോള്‍ അടുത്ത പ്രശ്നം തുടങ്ങി. ‘എന്തായാലും അവന്‍റെ ടി സി ഞാന്‍ തരില്ല. ഇവിടെ നിന്നും നല്ല ഒരു വിജയം കരസ്ഥമാക്കി ആ സര്‍ട്ടിഫിക്കറ്റും കൊണ്ടല്ലാതെ അവനെ ഞങ്ങള്‍ വിടില്ല. ഞങ്ങള്‍ക്കെല്ലാം ഒത്തിരി ഇഷ്ടമുള്ള മിടുക്കന്‍ കുട്ടിയാണവന്‍‘ കൊട്ടാരത്തിലച്ചന്‍ തീര്‍ത്തു പറഞ്ഞു. എന്തുകൊണ്ടായിരിക്കാം അന്നദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഇന്നും ഇവനറിയില്ല. ഹെഡ്മാസ്റ്റര്‍ ജോണ്‍ സാറും അതേ വാശിയില്‍. രണ്ടു മാസത്തിനിടെ പതിനഞ്ചു ദിവസത്തെ അറ്റന്‍ഡന്‍സ് പോലുമില്ലാത്ത ഇവന് ടി സി തരാന്‍, ചെറിയ ഒരു തെറ്റിനു പോലും മാപ്പു നല്‍കാതെ അപ്പോള്‍ തന്നെ പറഞ്ഞു വിടുന്ന, അറ്റന്‍ഡന്‍സിന്‍റെയും, അതു പോലെ തന്നെ പഠനത്തിന്‍റെയും സ്വഭാവത്തിന്‍റെയുമെല്ലാം കാര്യത്തില്‍ അത്യന്തം നിഷ്കര്‍ഷ പുലര്‍ത്തുന്ന അദ്ദേഹത്തിനും മനസ്സില്ല എന്നത് അന്നത്ഭുതമായി തോന്നിയെങ്കിലും ഇന്ന് അത് അത്യന്തം ദുഃഖവും കുറ്റബോധവുമാണുണര്‍ത്തുന്നത്. ഇവന്‍ കുറേപ്പേരുടെ സ്നേഹവും, വാത്സല്യവും തിരിച്ചറിയാതെ പോയിരിക്കുന്നു. മാപ്പര്‍ഹിക്കാത്ത കുറ്റമായിരിക്കുമോ അത് എന്നറിയില്ല. എങ്കിലും ഒന്നറിയാം അവരെല്ലാം ഇവനോട് ക്ഷമിച്ചിരിക്കുന്നു. അവര്‍ക്കാര്‍ക്കും സ്നേഹമല്ലാതെ ഒട്ടും പരിഭവം ഇവനോടു തോന്നിയിട്ടില്ല. ഇങ്ങനെ ക്ഷമിക്കാന്‍ ഗുരുക്കന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക? ആര്‍ക്കും കഴിയില്ല.

ഒടുവില്‍ ടി.സിയും വാങ്ങി തിരികെ നടക്കുമ്പോള്‍ ഇവന്‍ തിരിഞ്ഞൊന്നു നോക്കി. നന്മനിറഞ്ഞ അമ്മയുടെ കാരുണ്യം നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ഇവന്‍ കണ്ടു. ക്രൂശിതനായ തന്‍റെ മകന്‍റെ തിരുശരീരം വാരിയെടുത്തു മടിയില്‍ കിടത്തി അന്ന് അമ്മ നോക്കിയ അതേ നോട്ടം... കാരുണ്യത്തിന്‍റെ, അളവില്ലാത്ത സ്നേഹത്തിന്‍റെ, നന്മയുടെ നോട്ടം... ആ മുഖം വ്യക്തമല്ലായിരുന്നു. ഇവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ നോട്ടം... അത് പിന്നീടൊരിക്കലും ഇവന്‍ കണ്ടതില്ല. എങ്കിലും സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളുടെ സാന്നിദ്ധ്യം ഇന്നും ഇവന്‍ അറിയുന്നു.


© ജയകൃഷ്ണന്‍ കാവാലം
 
Site Meter