Saturday, February 14, 2009

ജയകൃഷ്ണന്‍റെ വനവാസം അവസാനഭാഗം (കഷ്ടകാണ്ഡം)

ഒന്നാം ഭാഗം യാത്രാകാണ്ഡം ഇവിടെ വായിക്കുക
രണ്ടാം ഭാഗം പാരാകാണ്ഡം ഇവിടെ വായിക്കുക
മൂന്നാം ഭാഗം പരിതാപകാണ്ഡം ഇവിടെ വായിക്കുക


വാസ്തവത്തില്‍ ഒരു മീഡിയം ലെവല്‍ കമ്പനിയായ ഞങ്ങള്‍ക്ക് താങ്ങാവുന്നതായിരുന്നില്ല അഞ്ചു നഗരങ്ങളിലായി ഏറ്റെടുത്ത ഈ വലിയ പദ്ധതികള്‍. കമ്പനിയുടെ ഇച്ഛാശക്തിയും, ടീം സ്പിരിറ്റും ഒന്നു മാത്രമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന ധൈര്യം. കരാര്‍ പ്രകാരം അതതു സമയങ്ങളില്‍ പണി പൂര്‍ത്തിയാകുന്നതനുസരിച്ച് ഓരോ ഗഡുക്കളായി പണം വാങ്ങേണ്ടതുണ്ടായിരുന്നു. അക്കൌണ്ടന്‍റിനെയാണ് ആ ചുമതല ഏല്‍പ്പിച്ചിരുന്നത്. സമയാസമയങ്ങളില്‍ കമ്പനി റോ മെറ്റീരിയത്സ് വാങ്ങിയിരുന്ന സപ്ലയേഴ്സിന് പണം കൊടുക്കുകയും, അതു പോലെ തന്നെ നമുക്കു ലഭിക്കാനുള്ള പണം വാങ്ങിയെടുക്കുകയും ചെയ്യേണ്ടിയിരുന്ന അക്കൌണ്ടന്‍റ് ആയ വിജയ് ചെയ്തത് മറ്റൊന്നായിരുന്നു. സപ്ലയേഴ്സിനു കൊടുക്കുവാനുണ്ടായിരുന്ന പണം മുഴുവനും അയാള്‍ കൃത്യമായി കൊടുത്തു തീര്‍ത്തു. കരാര്‍ പ്രകാരം പണം വാങ്ങേണ്ടിയിരുന്ന സമയങ്ങളിലൊന്നും പണം വാങ്ങിയതുമില്ല. പദ്ധതി മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞതോടെ ആ പണം വാങ്ങിയെടുക്കുന്നതിനും പ്രയാസമായി. അവര്‍ ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് പേയ്മെന്‍റ് പെന്‍ഡിംഗില്‍ ഇട്ടു.

പുതുതായി ഒരു സ്റ്റാഫ് ജോയിന്‍ ചെയ്താല്‍ പോക്കറ്റ്മണി എന്ന പേരില്‍ ആയിരം രൂപ നല്‍കുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിക്ക്. മാഡം തുടങ്ങി വച്ചതാണിത്. ആ കമ്പനിയെ പ്രതിമാസം ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കാന്‍ വിജയുടെ ആ ഒരു പ്രവൃത്തി വഴി തെളിച്ചു. ഒരു ദിവസം നിവൃത്തിയില്ലാഞ്ഞ ഘട്ടത്തില്‍ മുഖമടച്ചൊന്നു കൊടുക്കേണ്ടി വന്നതൊഴിച്ചാല്‍ അപ്പൊഴും വിജയിനെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നല്ലവനായ ഞങ്ങളുടെ ബോസ്‌ തയ്യാറായില്ല.

കമ്പനി സ്റ്റാഫില്‍ ഞാനും വിജയും ഒഴികെ ബാക്കിയെല്ലാവരും ബാംഗ്ലൂര്‍ സ്ഥിരവാസികളാണ്. വിജയ് എവിടെയോ ഇത്തിള്‍ക്കണ്ണിയായി കൂടിയതു കൊണ്ട്‌ അവനും സാമ്പത്തിക പ്രതിസന്ധികളൊന്നും കാര്യമായുണ്ടായില്ല. മൂന്നു മാസത്തോളം ശമ്പളം ലഭിക്കാതെയായതോടെ എന്‍റെ കാര്യം പരുങ്ങലിലായി. രണ്ടായിരത്തി എണ്ണൂറു രൂപ വാടക കൊടുക്കണം. ഭക്ഷണച്ചിലവ്‌, യാത്രാച്ചിലവ്‌, മറ്റു ചില്ലറ ചിലവുകള്‍ ഒന്നിനും ഒരു മാര്‍ഗ്ഗവുമില്ലാതെയായി. കയ്യില്‍ ആകെ അവശേഷിക്കുന്നത് ഇരുപത്തിയഞ്ചു പൈസ. അന്ന്‌ ബാംഗ്ലൂരില്‍ ഇരുപത്തിയഞ്ചു പൈസ എടുക്കില്ല. ഈ നാണയം തിരിച്ചും മറിച്ചും നോക്കിക്കൊണ്ട്‌ വൈകുന്നേരം റൂമില്‍ വന്ന്‌ വെറുതേ കിടക്കും. ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌ ഓഫീസ്‌ വിട്ടാല്‍ നേരേ മുറിയിലേക്കു പോരാം.
ഏഴാം തീയതി ആയിട്ടും വാടക കൊടുക്കാഞ്ഞപ്പോള്‍ മാര്‍വാഡി ഇറക്കി വിട്ടു. ബാഗും സാധനങ്ങളുമെല്ലാം ഓഫീസില്‍ കൊണ്ടു വച്ചു. മുഴുപ്പട്ടിണിയാണെന്ന വിവരം ആരുമറിയാതിരിക്കാന്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ പരമാവധി ശ്രദ്ധിച്ചു. ആദ്യത്തെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പൊഴേ വിശപ്പ് ഇല്ലാതായിരുന്നു. പിന്നീട്‌ വിശപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വയറ്റില്‍ ഒരു നീറ്റല്‍ പോലെ. അത്രമാത്രം. വൈകിട്ട് എല്ലാവരെയും പോലെ ഓഫീസില്‍ നിന്നിറങ്ങും. എം ജി റോഡില്‍ കമ്മീഷണര്‍ ഓഫീസിന്‍റെ മുന്‍പിലെ ഫുട്ട് പാത്തിലുള്ള ചാരുബഞ്ചില്‍ കിടന്നുറങ്ങും. ഇടക്കെപ്പോഴെങ്കിലും പോലീസുകാര്‍ വന്ന്‌ ചോദ്യോത്തരങ്ങള്‍ നടത്തും. ഐഡന്‍റിറ്റി കാര്‍ഡും സത്യവാങ്മൂലവും കൊടുത്ത് അവരെ സമാധാനിപ്പിച്ചയക്കും. ഇടയ്ക്ക് ചാറ്റല്‍ മഴ പൊഴിയുമ്പോള്‍ മയോ ഹാളിനു സമീപമുള്ള വെയിറ്റിംഗ് ഷെഡില്‍ പോയി കിടക്കും. ഈ കലാപരിപാടികളെല്ലാം അരങ്ങേറുമ്പൊഴും വീട്ടില്‍ അറിയിക്കാനോ, പണം ചോദിക്കാനോ എന്തു കൊണ്ടോ ഇവന്‍ തയ്യാറായില്ല. വിധിയുടെ പരീക്ഷണത്തെ ഏതോ ഒരു ആനന്ദാനുഭൂതിയോടെ ഇവന്‍ ഏറ്റു വാങ്ങി.

ദിവസം പത്തോളമായി. ശരീരത്തിനു ഭാരം അനുഭവപ്പെടാതെയായി, മാഡം ഇടക്കിടെ ഫോണ്‍ ചെയ്യുമ്പോള്‍ ജെ കെ നിനക്കു സുഖമാണോ എന്നു ചോദിക്കും, നിര്‍വികാരതയോടെ സുഖം എന്നു മറുപടി പറയും. നിന്‍റെ കയ്യില്‍ പണമൊക്കെ ഉണ്ടല്ലോ എന്നു ചോദിക്കും. ഉണ്ടെന്നു പറയും. ഇപ്പൊഴത്തെ ഈ പ്രതിസന്ധി കഴിഞ്ഞ് നമ്മുടെ കമ്പനി വീണ്ടും പഴയതു പോലെയാകും എന്നു മാഡം പറയും. അതും നിര്‍വികാരമായി, പ്രതീക്ഷയുടെ ഒരു നാമ്പു പോലും മനസ്സിലില്ലാതെ യാന്ത്രികമായി കേള്‍ക്കും. പകല്‍ മുഴുവനും ജോലിയും, രാത്രിയില്‍ കൊടും തണുപ്പത്തും, ചാറ്റല്‍ മഴ നനഞ്ഞുമുള്ള ജീവിതവും ഇവനെ മൃതപ്രായനാക്കിക്കൊണ്ടിരുന്നത് ഇവന്‍ അറിയുന്നുണ്ടായിരുന്നു. ഇടക്കിടെ ഉറക്കം കിട്ടിയിരുന്നതു തന്നെ ശരീരത്തിന്‍റെ ക്ഷീണം കൊണ്ടു മാത്രമായിരുന്നു.

വിറച്ചും, ഇടറിയും ഇവന്‍ തള്ളി നീക്കിയ ആ ദിവസങ്ങളില്‍ എത്രയോ പ്രാവശ്യം ദൂരെ നിന്നും ഇവന്‍റെ അമ്മയുടെ നെടുവീര്‍പ്പുകള്‍ അനുഗ്രഹമായി, തളരരുതു മോനേയെന്ന ശക്തിമന്ത്രമായി, വാര്‍ന്നൊഴുകുന്ന കണ്ണുനീര്‍ തുടക്കുന്ന വാത്സല്യമായി ഇവന്‍ ആത്മാവിനുള്ളീല്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമിരുന്ന്‌ ഇവനു വേണ്ടി നാമം ജപിച്ച ആ അമ്മയുടെ ഹൃദയശുദ്ധി ഒന്നുമാത്രമാണ് പരീക്ഷണത്തിന്‍റെ ഈ ദിവസങ്ങളില്‍ കാലിടറി വീഴാതെ ഇവനെ താങ്ങി നിര്‍ത്തിയത്. ഇന്നും കണ്ണുകളില്‍ കോപം ഇരച്ചു കയറുമ്പോള്‍ ശാന്തതയിലേക്ക് ജയകൃഷ്ണന്‍ തിരിഞ്ഞു നടക്കുന്നതും, രണ്ടിലേറെ വ്യാഴവട്ടങ്ങള്‍ ഇവനിലേല്‍പ്പിച്ച മുറിവുകള്‍ പ്രതികാരത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങളായി കത്തിക്കയറുമ്പോള്‍ ക്ഷമ എന്ന സമാധിയിലേക്ക് ഇവന്‍ ലയിച്ചു ചേരുന്നതും ആ അമ്മയുടെ പ്രാര്‍ത്ഥനയത്രേ.

പതിനൊന്നാം ദിവസം രാത്രി മാഡം വന്നു. ഞാന്‍ നാട്ടില്‍ സ്വന്തമായി ഒരു ചെറിയ ബിസിനസ്സ് തുടങ്ങുന്നു എന്ന കാരണം പറഞ്ഞ് രാജിക്കത്തെഴുതി കൊടുത്തു. ഇനി തുടര്‍ന്നാല്‍ ഏതു നിമിഷവും വീണു പോകുമെന്ന അവസ്ഥയായിരുന്നു അപ്പോള്‍. മനസ്സില്ലാ മനസ്സോടെ മാഡം സമ്മതിച്ചു. ഞാന്‍ പറഞ്ഞു മാഡം, എനിക്കു കുറച്ചു പണം കിട്ടിയാല്‍ നന്നായിരുന്നു. മാഡം പറഞ്ഞു നീ ഏതായാലും കുറച്ചു ദിവസം കൂടി ബാംഗ്ലൂരില്‍ കാണുമല്ലോ അപ്പൊഴേക്കും ഞാന്‍ കുറച്ചു പണം ശരിയാക്കി തരാം. അപ്പൊഴും മാഡം അറിഞ്ഞിരുന്നില്ല ഇവന്‍റെ അവസ്ഥ. അങ്ങനെ കമ്പനിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി ഇവന്‍ ചെന്നെത്തിയത് കമ്മനഹള്ളി എന്ന സ്ഥലത്തെ സ്നേഹനിധിയായ ഒരു മലയാളിയുടെ സ്റ്റുഡിയോയിലാണ്. ഭാഗ്യത്തിന് അവിടെയൊരു താല്‍ക്കാലിക വേക്കന്‍സിയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നയാള്‍ ഒരു മാസത്തെ അവധിയെടുത്ത ഒഴിവ്‌. ഞാന്‍ പറഞ്ഞു ഒരു ദിവസം എനിക്ക് ഇരുപതു രൂപ ശമ്പളം തന്നാല്‍ മതി. അവിടെയടുത്തുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ തല്‍ക്കാലത്തേക്ക് താമസവും ശരിയാക്കി. കഷ്ടകാലം വരുമ്പോള്‍ ബന്ധുക്കളാണ് ഏറ്റവും വലിയ ശത്രുവാകുന്നതെന്ന്‌ അനുഭവത്തിലൂടെ ഇവന്‍ പഠിക്കുകയായിരുന്നു. തല ചായ്കാന്‍ ഒരു മൂല തന്നതിന്‍റെ അവകാശത്തില്‍ ആ വീട്ടിലെ ഗൃഹനാഥയുടെ കുത്തുവാക്കുകള്‍ മറ്റൊരു നിവൃത്തിയുമില്ലാതിരുന്നതിന്‍റെ പേരില്‍ ഇവന്‍ സഹിച്ചു. ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന ഗൃഹനാഥന്‍റെ കരുണയോടെയുള്ള നോട്ടം അപ്പൊഴും ഇവനൊരുപാട്‌ ആശ്വാസമായി. എല്ലാം കഴിഞ്ഞു നാട്ടില്‍ ചെന്നപ്പോഴുമുണ്ടായി ജയകൃഷ്ണന്‍റെ ജീവിതത്തേക്കുറിച്ച് ഘോരഘോരം ചിന്തിച്ചു തല പുകയുന്ന ബന്ധുജനങ്ങളുടെ അഭിപ്രായപ്രകടനം. അല്ലെങ്കിലും നിഷേധിയായ അവന്‍ എവിടെ പോയാലും അടങ്ങി നില്‍ക്കില്ല. കൊള്ളാവുന്ന ഉദ്യോഗവും കളഞ്ഞിട്ടു വന്നിരിക്കുന്നു. ബന്ധുക്കള്‍ അല്ലെങ്കിലും അങ്ങനെയാണ്. അവര്‍ക്ക് വിമര്‍ശിക്കുവാനുള്ള കഥാപാത്രങ്ങള്‍ മാത്രമായി തീരും പലപ്പോഴും നമ്മള്‍. നമ്മിലെ മനസ്സു കാണാന്‍ ചിലരെങ്കിലുമുണ്ടാവുമെങ്കില്‍ അത്‌ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത അന്യരായിരിക്കും. ഇതില്‍ ആരാണ് അന്യര്‍? ആരാണ് സ്വന്തം?

ഒരു ദിവസം ഇരുപതു രൂപയേ ഇവന്‍ ശമ്പളം ചോദിച്ചുള്ളൂവെങ്കിലും ആ ചേട്ടന്‍ ഒരു ദിവസം നൂറു രൂപ വീതം എനിക്കു പ്രതിഫലം തന്നു. ദിവസവും അവരുടെ വീട്ടില്‍ വിളിച്ചു കൊണ്ടു പോയി ഭക്ഷണം തന്നു. ആദ്യമൊന്നും ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല. പിന്നെപ്പിന്നെ കുറേശ്ശെ കഴിക്കാന്‍ സാധിച്ചു. സ്നേഹപൂര്‍വം കൃഷ്ണാ എന്നു വിളിച്ചു. കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു. പത്തിരുപതു ദിവസത്തിനുള്ളില്‍ ലീവെടുത്തു പോയ ആള്‍ തിരിച്ചു വന്നെങ്കിലും അവരെന്നെ പറഞ്ഞു വിട്ടില്ല. നിനക്കു കാശു കിട്ടിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ മാഡത്തിനെ കാണാന്‍ ചെന്നു. ഒരു നിവൃത്തിയുമില്ലാതിരുന്നിട്ടും ആയിരത്തിയഞ്ഞൂറു രൂപ മാഡമെനിക്കു തന്നു. എത്ര വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നാലും ഈ കമ്പനിയുള്ളിടത്തോളം കാലം നിനക്കിവിടെയൊരു കസേര കരുതി വയ്ക്കുമെന്ന് മാഡം പറഞ്ഞു. ഒരാള്‍ രാജി വയ്ക്കാന്‍ ആലോചിക്കുന്നുവെന്നു സംശയം തോന്നുമ്പൊഴേ അവരെ പിരിച്ചു വിടുന്ന മാഡത്തിന്‍റെ വാക്കുകള്‍ ഓഫീസില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇതിനോടകം വിജയ് കമ്പനിയുടെ ലെറ്റര്‍ ഹെഡ്‌ മോഷ്ടിച്ച് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും, വ്യാജ എക്സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി അവിടെ നിന്നും പോയിരുന്നു.

പോകാന്‍ നേരം ഞാന്‍ നിറകണ്ണുകളോടെ എനിക്കഭയം തന്നെ ചേട്ടനോടു പറഞ്ഞു, ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതിരുന്നതു കൊണ്ടാണ് ഞാന്‍ ചേട്ടനോട്‌ ദിവസം ഇരുപതു രൂപ ആവശ്യപ്പെട്ടത്. നിറഞ്ഞ കണ്ണുകളോടെ എന്നെ ചേര്‍ത്തു നിര്‍ത്തി ആ വലിയ മനുഷ്യന്‍ പറഞ്ഞു. അതെനിക്കന്നേ മനസ്സിലായി. ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്‌ ഒത്തിരി. നീ നാളെ വലിയ നിലയിലാകുമ്പോള്‍ ഈ ചേട്ടനെ മറക്കാതിരുന്നാല്‍ മതി. എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ കാരുണ്യമായിരുന്നു അത്. തലമുറകളോളം ആ കുടുംബത്തെ ഈശ്വരന്‍ സര്‍വ്വ സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ.


ഇന്നു ഞാന്‍ ഒരു വറ്റു ചോറു പോലും ഒരു നിവൃത്തിയുണ്ടെങ്കില്‍ കളയില്ല. വിശക്കുന്നവന്‍റെ വേദന കണ്ടാല്‍ ഇവന്‍റെ കണ്ണു നിറയാതിരിക്കില്ല. ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നവരെ കാണുമ്പോള്‍ ആത്മാവില്‍ കുടികൊള്ളുന്ന കരുണാവാരിധിയായ സര്‍വ്വേശ്വരനിലേക്ക്, മഹാദ്ധ്യാപകനിലേക്ക് ഉള്‍ക്കണ്ണുകള്‍ നീളാതിരിക്കില്ല... ജീവിതമെന്ന മഹാസര്‍വ്വകലാശാലയില്‍ നിന്നും ഇവന്‍ പഠിച്ചെടുത്ത വലിയ പാഠമായിരുന്നു വിശപ്പിന്‍റെ പാരവശ്യത്തില്‍ ഭക്ഷണത്തിന്‍റെ മൂല്യമെന്തെന്നത്.

അവസാനിച്ചു

© ജയകൃഷ്ണന്‍ കാവാലം

Friday, February 13, 2009

ജയകൃഷ്ണന്‍റെ വനവാസം -3 (പരിതാപകാണ്ഡം)


ബോസ്‌ പൊതുവേ ശാന്ത പ്രകൃതമാണ്. ഓഫീസ് കാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാല്‍ ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ ചെല്ലുക എന്നത് ഒരു വലിയ പരീക്ഷണമായിട്ടായിരുന്നു എനിക്കു തോന്നിയിട്ടുള്ളത്.എല്ലാ ദിവസവും ഓഫീസില്‍ വരുമെങ്കിലും ബിസിനസ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് മാഡമാണ്. കൈവിട്ടു പോകുന്ന കേസുകള്‍ മാത്രം എനിക്കു തന്നാല്‍ മതി എന്നാണ് ബോസ് പറയാറുള്ളത്. ഇപ്പോഴത്തെ അന്തരീക്ഷം എന്തോ കൈവിട്ടു പോയി എന്നെന്നെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കാബിന്‍ അകത്തു നിന്നു പൂട്ടി. അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരുന്നു.

മുഖവുരകളൊന്നുമില്ലാതെ ബോസ്‌ ചോദിച്ചു, ഇന്നലെ എന്തുണ്ടായി?. ഞാന്‍ വിജയിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു അവര്‍ എന്തോ സംശയത്തിന്‍റെ പേരിലാണ് അവനെ പിടിച്ചത്. അവന്‍ തെറ്റൊന്നും ചെയ്തെന്ന് എനിക്കു തോന്നുന്നില്ല. ബോസ്‌ സര്‍വ്വ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു. ബോസ് പറഞ്ഞു നീ ഇവനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. ഇവന്‍ ഇന്നിവിടെ വന്നു പറഞ്ഞത് കള്ളമാണെന്നു തോന്നിയതു കൊണ്ടാണ് നിന്നെ ഞാന്‍ വിളിച്ചു വരുത്തിയത്. ഇവനിന്നിവിടെ വന്നു പറഞ്ഞതെന്താണെന്നറിയുമോ?

ഞാന്‍ അന്തം വിട്ടു നിന്നു. ഇക്കാര്യം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നു കരുതിയിരുന്ന എനിക്കിട്ട് തന്നെ അവന്‍ പണിഞ്ഞു. അവന്‍ രാവിലെ ഓഫീസില്‍ ചെന്ന പാടേ പറഞ്ഞു ജെ കെ സാര്‍ ഇന്നലെ കള്ളു കുടിച്ച് ഹൌസ് ഓണറുടെ അടുക്കളയില്‍ ചെന്നു കയറി. ഞാന്‍ ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്!!!. എങ്ങനെയുണ്ട്‌...? ഇത്രയുമായപ്പോള്‍ ഞാന്‍ സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വിശദമായിത്തന്നെ ബോസിന്‍റെയടുത്ത് പറഞ്ഞു. അവനെ സഹായിക്കാന്‍ ശ്രമിച്ചതും പോരാഞ്ഞ് ഞാനെന്തിന് ആവശ്യമില്ലാതെ ബലിയാടാവണം? ബോസ്‌ അവിടെ നിന്നും എഴുന്നേറ്റ് അവന്‍റെ അടുത്തു ചെന്നു. ആറടിയോളം പൊക്കവും അതിനനുസരിച്ച ശരീരവുമുള്ള ബോസിന്‍റെ ഒരു വിരല്‍ വീണാല്‍ അവന്‍റെ കാര്യം പോക്കാണ്. അദ്ദേഹം അതിനു മടിക്കില്ലെന്നുള്ളത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. അദ്ദേഹം ഏതു പ്രകാരത്തില്‍ പ്രതികരിക്കുമെന്ന് ആര്‍ക്കും ഒരു രൂപവും കിട്ടിയില്ല. അവന്‍ ആലില പോലെ നിന്നു വിറക്കാന്‍ തുടങ്ങി. അവന്‍റെയടുത്ത് ചെന്ന് ബോസ്‌ ഇത്രമാത്രം പറഞ്ഞു. എനിക്കു നിന്നെയും അറിയാം, അവനെയും അറിയാം. എന്നിട്ട് അവനോട്‌ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. 

അവന്‍ ഇറങ്ങിപ്പോയതിനു ശേഷം എന്നോട്‌ പറഞ്ഞു, ഇന്നു വൈകുന്നേരം തന്നെ അവനെ അവിടുന്ന്‌ ഇറക്കി വിട്ടില്ലെങ്കില്‍ എന്‍റെ തനി സ്വഭാവം നീയറിയും എന്ന്. ഞാന്‍ ചോദിച്ചു അവന്‍ എങ്ങോട്ടു പോകുമെന്ന്‌, ഇത്രയൊക്കെയായിട്ടും അവനോടുള്ള മമത കൊണ്ടൊന്നുമല്ല ഞാനങ്ങനെ ചോദിച്ചത്. ബാംഗ്ലൂര്‍ പോലെയൊരു പട്ടണത്തില്‍ മറ്റൊരു താമസസ്ഥലം പെട്ടെന്നു ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകന്‍ ആയിപ്പോയില്ലേ. ബോസ്‌ പറഞ്ഞു ലെറ്റ് ഹിം ഗൊ റ്റു ദി ഹെല്‍, നീ വേണ്ടാത്ത കാര്യങ്ങളൊന്നും തലയില്‍ കയറ്റി വയ്ക്കണ്ട എന്ന്. കൂടുതല്‍ അവിടെ നിന്നു വിളമ്പിയാല്‍ പിന്നെ എനിക്കിട്ടും കിട്ടുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഞാന്‍ തിരികെ താമസസ്ഥലത്തേക്കു പോന്നു. വൈകുന്നേരമായപ്പോള്‍ യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ വിജയ് മൂളിപ്പാട്ടും പാടി കയറി വന്നു. ഇന്നു തന്നെ മുറിയൊഴിയണം. വേറേ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന്‌ അവന്‍റെ മുഖത്തേക്കു നോക്കാതെ ഞാന്‍ പറഞ്ഞു. അവന്‍ എന്നെ കുറേ തെറിയും വിളിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയി. രണ്ടു ദിവസം കഴിയുമ്പോഴാണറിയുന്നത് എന്‍റെ ബാഗില്‍ നിന്നും രണ്ടായിരത്തി നാനൂറ്‌ രൂപയോളം എടുത്തുകൊണ്ടാണ് ആശാന്‍ സ്ഥലം വിട്ടതെന്ന്. എപ്പോള്‍ എങ്ങനെ എടുത്തു എന്നുള്ളതൊന്നും എനിക്കറിയില്ല. ഞാന്‍ അതൊട്ടു ചോദിക്കാനും പോയില്ല. അനര്‍ഹമായ സമ്പത്തിന് അനുഭവയോഗമുണ്ടാവില്ലെന്നത് അവനറിഞ്ഞില്ലല്ലോ... കഷ്ടം

കാലങ്ങള്‍ കടന്നു പോയി. മറ്റൊരു താമസസ്ഥലത്തു നിന്നും പോയിവന്ന് വിജയ് തന്‍റെ ജോലിയും പാരപ്രവര്‍ത്തനങ്ങളും അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്നു. കമ്പനി കുറേക്കൂടി വിപുലമായ പദ്ധതികള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ബാംഗ്ലൂര്‍, ചെന്നൈ, പൂന, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ശാഖകളും വന്‍ പ്രോജക്ടുകളും ഉണ്ടായി. ഇവന്‍ കമ്പനിയുടെ ഇവന്‍റ്, ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിംഗിന്‍റെ ആര്‍ട്ട് ഡയറക്ടറായി (ഈ പറഞ്ഞ പണിയെന്താണെന്ന് എനിക്കിപ്പൊഴും അറിയില്ല) കമ്പനിയുടെ ഈ കുതിച്ചു ചാട്ടം ചില ആഭ്യന്തര പ്രശ്നങ്ങള്‍ക്കു വഴി വച്ചു. അതോടെ ബോസിന് കമ്പനി കാര്യങ്ങളില്‍ പലയിടത്തും ശ്രദ്ധിക്കാന്‍ കഴിയാതെയായി. മാഡമാണെങ്കില്‍ പൂനായിലും, അഹമ്മദാബാദിലുമുള്ള ഓഫീസുകളുടെ കാര്യങ്ങള്‍ മാത്രം നോക്കി നടത്തി.

വകതിരിവു കെട്ടവനെ ജോലിക്കു വച്ചാലുള്ള കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ എന്തുകൊണ്ടോ ഞങ്ങളുടെ കമ്പനി വളരെ വൈകിപ്പോയി എന്നു തിരിച്ചറിഞ്ഞത് ആ വലിയ പ്രതിസന്ധിയോടെയായിരുന്നു. തീരെ പ്രതീക്ഷിച്ചിരിക്കാതെയുണ്ടായ ആ തിരിച്ചടിയില്‍ കമ്പനിയും സ്റ്റാഫും വല്ലാതെ വലഞ്ഞു പോയി


© ജയകൃഷ്ണന്‍ കാവാലം

Wednesday, February 11, 2009

ജയകൃഷ്ണന്‍റെ വനവാസം (൨) പാരാകാണ്ഡം

ഒന്നാം ഭാഗം യാത്രാ കാണ്ഡം ഇവിടെ വായിക്കുക

ജോയിന്‍ ചെയ്ത ദിവസം തന്നെ വിജയിനെ ഞാന്‍ ശ്രദ്ധിച്ചു. ഒരു അനാവശ്യ ബഹുമാനത്തിന്‍റെ അസ്ഥാനത്തുള്ള പ്രകടനം. അന്നെന്നെ ഇന്‍റര്‍വ്യൂ ചെയ്തത് മുതലാളിയുടെ പത്നിയും കമ്പനിയുടെ ഓപ്പറേഷന്‍സ് ഹെഡുമായ ഞങ്ങളെല്ലാവരും മാം എന്നു വിളിക്കുന്ന വളരെ നല്ല ഒരു സ്ത്രീയായിരുന്നു. അവരാണ് ഇവനെ ഒരു ഓഫീസിനുള്ളില്‍ നിര്‍വ്വഹിക്കേണ്ടതായ പലവിധ കാര്യങ്ങളും പഠിപ്പിച്ചു തന്നത്. ക്ലയന്‍റ് മീറ്റിംഗ്, എക്സിക്യൂഷന്‍, ഇവന്‍റ് കോര്‍ഡിനേഷന്‍ തുടങ്ങി മറ്റുള്ളവരെ ചീത്ത വിളിക്കാന്‍ വരെ എന്നെ പഠിപ്പിച്ചത് മാഡമാണ്. മാഡം ഓഫീസില്‍ വരുമ്പോള്‍ എന്‍റെ കൈ കൊണ്ട്‌ ഒരു കപ്പ് കാപ്പി ഉണ്ടാക്കി കൊടുക്കണമെന്നത് ഇടക്കെപ്പൊഴോ തുടങ്ങിയ ഒരു പതിവാണ്. എന്നെ മകനേപ്പോലെ കരുതിയിരുന്ന അവരോടുള്ള കടമയും, അവകാശവുമായി ഇവനതു തുടര്‍ന്നു പോന്നു. വിജയ് വന്നു മൂന്നാം ദിവസം എന്‍റെ ഈ അവകാശത്തില്‍ അവന്‍ കൈ വച്ചു. വന്നതിന്‍റെ മൂന്നാം ദിവസം തന്നെ അങ്ങനെ മാഡത്തിന്‍റെ ചീത്തവിളി കേള്‍ക്കുവാനുള്ള ഭാഗ്യം അവനു സിദ്ധിച്ചു. ‘നീ ഇങ്കെ അക്കൌണ്ടന്‍റായി വന്തതോ അതോ ഓഫീസ്‌ ബോയ് വേല പാക്കിറുതുക്കു വന്തതാ? അപ്പടിയാനാല്‍ ഉനക്കു ഓഫീസ് ബോയ് സാലറി പോതുമാ?’ കാപ്പിയുമായി ചെന്ന പാടേ മാഡം അവനോട്‌ അലറി. അവന്‍ പരുങ്ങലിലായി. നാന്‍ അന്തമാതിരിയൊന്നുമേ നിനക്കലേ മാഡം, ഇങ്കെ ജേ കേ സാര്‍ ഉങ്കളുക്ക് കോഫി പോട്ട് തരുവത് പാര്‍ത്തേന്‍ ആനാ ഇപ്പൊ അവങ്കള്‍ ബിസിയെന്നു നിനച്ച് താന്‍ നാനേ പോട്ട് വന്തത്... അവന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു... ആ സ്ഥാപനത്തിലും, അവരുടെ മനസ്സിലും ഇവന്‍റെ വിലയെന്തെന്ന് ആദ്യമായി തിരിച്ചറിഞ്ഞ മറുപടിയായിരുന്നു അവര്‍ പറഞ്ഞത്. അവന്‍ എനക്ക് എന്നുടെ വിഗ്‌നേഷ് മാതിരി, നീ യാരപ്പാ? അവന്‍ എന്ന പണ്ണിയാലും നീയും അപ്പടി പണ്ണുമാ?... വിഗ്‌നേഷ് അവരുടെ ഏക മകനാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, നല്ല പെരുമാറ്റമുള്ള, ചുറുചുറുക്കുള്ള മിടുക്കന്‍ അഞ്ചു വയസ്സുകാരന്‍. ഇപ്പുറത്ത് കാബിനിലിരുന്ന് മാഡത്തിന്‍റെ ഈ വാക്കുകള്‍ കേട്ട് ഇവന്‍ കരഞ്ഞു പോയി. വിജയ് ഒരു ദിവസത്തേക്ക് ഫ്യൂസ് പോയതു പോലെ ഇരിപ്പിടത്തില്‍ നിന്നും അനങ്ങാതെ ഇരുന്നു.

അടുത്ത ദിവസം മുതല്‍ പിന്നെയും തുടങ്ങി പരാക്രമം. ഓഫീസിലെ ശിവകുടുംബത്തിന്‍റെ ചിത്രത്തില്‍ ദിവസവും മുല്ലപ്പൂ മാല വാങ്ങി ചാര്‍ത്തിയിരുന്നത് ഇവനായിരുന്നു. അതു കക്ഷി ഏറ്റെടുത്തു. ആരു ചാര്‍ത്തിയാലും ഭഗവാനു മാല കിട്ടണം. അതായിരുന്നു എന്‍റെ നിര്‍ബന്ധം. കക്ഷി ഇതേറ്റെടുത്തതോടെ പ്രതിമാസം തൊണ്ണൂറു രൂപയില്‍ കവിയാത്ത ഈ ഇടപാട്‌ നൂറു രൂപയ്ക്കു മുകളിലായി കമ്പനി അക്കൌണ്ടിലേക്ക് ഗതി മാറി. ഇവനിതെല്ലാം ഒരു നല്ല ആസ്വാദകനെപ്പോലെ കണ്ടു മിണ്ടാതിരുന്നു.

ഒരാഴ്ച്ചക്കുള്ളില്‍ പുതിയ ആവശ്യവുമായി വിജയ് ഇവന്‍റെ മുന്‍പില്‍. അവനു ശമ്പളം നാലായിരമേ ഉള്ളൂ. അതില്‍ രണ്ടായിരം വീട്ടില്‍ അയച്ചു കൊടുക്കണം, ബാക്കി രണ്ടായിരം രൂപ കൊണ്ട്‌ ഒന്നിനും തികയില്ല, താമസം ഭക്ഷണം എല്ലാത്തിനും കൂടി ഇതു തികയില്ല എങ്ങനെയെങ്കിലും സഹായിക്കണം, അവനെ എന്‍റെ കൂടെ താമസിപ്പിക്കണം തുടങ്ങി രാവിലെ മുതല്‍ വൈകുന്നേരം വരെ പുഷ്പാഞ്ജലി. വൈകുന്നേരമായപ്പോള്‍ ഞാന്‍ മാഡത്തിനോടു ചോദിച്ചു ഇവനെക്കൂടെ എന്‍റെ കൂടെ കൂട്ടട്ടെ എന്ന്. മാഡം പറഞ്ഞു, നന്നായി ആലോചിച്ചു മാത്രം തീരുമാനിക്കുക, കൂടെ കൂട്ടിയാലും ഭക്ഷണം, താമസം തുടങ്ങിയവയുടെ എല്ലാം നേര്‍ പകുതി അവന്‍റെ കയ്യില്‍ നിന്നു നിര്‍ബന്ധമായും വാങ്ങിയിരിക്കണം എന്ന്. അവിടെ ഇവനൊരു കള്ളത്തരം ചെയ്തു. അവനോട്‌ പറഞ്ഞു, മാഡം ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നാല്‍ നീ വാടകയുടെ പകുതിയൊന്നും തരണ്ട എനിക്ക് അഞ്ഞൂറു രൂപ മാത്രം വാടക തന്നാല്‍ മതി. രണ്ടായിരത്തി എണ്ണൂറു രൂപയാണ് വാടക ഭക്ഷണം പുറത്തു നിന്നാണ് കഴിക്കുന്നത്. അവന്‍ സമ്മതിച്ചു. അവന്‍ പറഞ്ഞു ഈ മാസം എന്‍റെ കയ്യില്‍ പണമില്ല അടുത്ത മാസം മുതല്‍ ഞാന്‍ പണം തരാമെന്ന്. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ താമസം തുടങ്ങി. അവനു കിടക്കാനും, പുതക്കാനും വരെ വാങ്ങിക്കൊടുത്ത് ഞാനവനെ കൂടെ കൂട്ടി. അന്നു മുതല്‍ കക്ഷി എന്‍റെ ചിലവിലായി ഭക്ഷണവും മറ്റു ചിലവുകളും. അവനു വീട്ടില്‍ കൊടുക്കാനല്ലേ എന്നു കരുതി ഞാന്‍ ഒന്നും കാര്യമായെടുത്തില്ല.

വീട്ടുടമ ഞങ്ങളുടെ മുറ്റത്തു തന്നെയാണ് താമസം. ഒരു ദിവസം രാത്രി അവര്‍ നോക്കിയപ്പോള്‍ വിജയ് അവരുടെ അടുക്കളയില്‍ നില്‍ക്കുന്നു! അവര്‍ കയ്യോടെ പിടി കൂടി. ചോദിച്ചപ്പോള്‍ ചന്ദനത്തിരി കത്തിക്കാന്‍ തീപ്പെട്ടി ചോദിക്കാന്‍ ചെന്നതാണെന്ന്‌ അവന്‍ പറഞ്ഞു. രണ്ടോ മൂന്നോ തീപ്പെട്ടി ഉണ്ടായിരുന്നിട്ടും ഇവനെന്തിനാണ് അവിടെ പോയതെന്നു മാത്രം എനിക്കു മനസ്സിലായില്ല. അവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും വീട്ടുടമ അവകാശപ്പെടുന്നു. എന്നാല്‍ എനിക്കതനുഭവപ്പെട്ടുമില്ല. കണ്ടാല്‍ ഗുസ്തിക്കാരനെപ്പോലെ തോന്നുന്ന അയാള്‍ ഡല്‍ഹിയില്‍ നിന്നും ബാംഗ്ലൂരില്‍ വന്നു സ്ഥിരതാമസമാക്കിയിരിക്കുന്ന ഒരു മാര്‍വാഡിയാണ്. സുഖമില്ലാതിരുന്ന ഞാന്‍ നേരത്തെ ഉറങ്ങുകയും ചെയ്തു. ഇവനെ പൊക്കിയെടുത്ത് അവര്‍ എന്‍റെയടുത്തു വന്നു. ഇവനെ ഇവിടുന്നു പറഞ്ഞു വിട്ടില്ലെങ്കില്‍ നിന്നെയും കൂടി ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തി. ഞാന്‍ അവരുടെ കാലു പിടിച്ചു. ഇവന് മറ്റൊരു താമസസ്ഥലം കിട്ടുന്നതുവരെയെങ്കിലും അവനെ അവിടെ താമസിക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ്‌ അപേക്ഷിച്ചു. ഒടുവില്‍ ഞാനില്ലാത്തപ്പോള്‍ അവനിവിടെ കാണാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ അവര്‍ സമ്മതിച്ചു.

പിറ്റേ ദിവസം ഞാന്‍ ലീവായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിയും, പ്രാര്‍ത്ഥനയും, ഭക്ഷണവുമെല്ലാം കഴിഞ്ഞ് മരുന്നും കഴിച്ച് ഞാന്‍ കിടന്നുറങ്ങി. അപ്പോഴുണ്ട്‌ ഓഫീസില്‍ നിന്നു ഫോണ്‍ വിളി. എത്രയും പെട്ടെന്ന്‌ ഓഫീസില്‍ എത്തണം. ഞാന്‍ ഒരു ഓട്ടോ വിളിച്ച് ഓഫീസിലെത്തിയപ്പോള്‍ ബോസിന്‍റെ കാബിനില്‍ ബോസ്‌, പ്രൊഡക്ഷന്‍ മാനേജര്‍, വിജയ് തുടങ്ങിയവര്‍ അക്ഷമരായി കാത്തു നില്‍ക്കുന്നു. ബോസിന്‍റെ മുഖം കോപം കൊണ്ട്‌ ജ്വലിക്കുന്നു. കാര്യമറിയാതെ നിന്ന എന്നോട്‌ ആ കാബിന്‍ അകത്തു നിന്നു പൂട്ടാന്‍ ബോസ്‌ പറഞ്ഞു...

തുടര്‍ന്നു വായിക്കുക...

© ജയകൃഷ്ണന്‍ കാവാലം

Monday, February 9, 2009

ജയകൃഷ്ണന്‍റെ വനവാസം (൧) യാത്രാകാണ്ഡം

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോള്‍ മനസ്സു ശൂന്യമായിരുന്നു. അന്നു ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഇവന് അയ്യായിരം രൂപ ശമ്പളം. യാത്രാ ചിലവുകളും മറ്റു ചിലവുകളും കഴിച്ച് വലിയ മിച്ചമൊന്നുമില്ലെങ്കിലും വലിയ പ്രവൃത്തി പരിചയമൊന്നുമില്ലാത്ത ഇരുപത്തിയൊന്നു വയസ്സുകാരന് അത് തികച്ചും യോജ്യമായ തുകയെങ്കിലും, സ്ഥാപനവുമായി ചേര്‍ന്നു പോകാന്‍ മനസ്സനുവദിച്ചില്ല. അതിന്‍റെ ഉടമയായ ആ വലിയ മനുഷ്യനോട്‌ യാത്ര ചോദിച്ചിറങ്ങുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമൊന്നും എന്‍റെ മനഃസ്സാക്ഷി എന്നോടു ചോദിച്ചില്ല...


ബാംഗ്ലൂര്‍ എന്നൊരു സ്വപ്നഭൂമിയെക്കുറിച്ച് പെട്ടെന്നാണൊരു ഉള്‍വിളിയുണ്ടായത്. നേരേ അങ്ങോട്ടു വിട്ടു. തിരുവനന്തപുരം - എറണാകുളം വഴി പ്രകൃതി മാടി വിളിക്കുന്ന സത്യമംഗലം കാടും താണ്ടി ഒരു യാത്ര. പ്രപഞ്ചം കണ്ണടച്ചു തുറന്നത് അന്നു വരെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഉദ്യാനഭൂമിയിലെ മായക്കാഴ്ചകളിലേക്ക്. ആകെ കേട്ടറിവുള്ളത് ഇലക്ട്രോണിക് സിറ്റി എന്ന പേരു മാത്രമാണ്. ആരോടൊക്കെയോ ചോദിച്ച് അവിടെയെത്തിയപ്പോള്‍ പല കമ്പനികളുടെയും വാതില്‍ക്കല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍ മീശ പിരിച്ചു കാട്ടി ഓടിച്ചു. വന്ന വഴിയെ തിരിച്ചു നടന്നപ്പോഴാണ് അവിടെ എ സി മെക്കാനിക്കായി ജോലി ചെയ്യുന്ന ആന്‍റണിയെ പരിചയപ്പെടൂന്നത്. അവനും മറ്റു മൂന്നു പേരും കൂടി അവിടെയൊരു മുറിയെടുത്തു താമസിക്കുകയാണ്. വാടക പങ്കിടാമെന്ന ആശ്വാസത്തില്‍ ഹൊസാ റോഡ് എന്ന സ്ഥലത്ത് എനിക്കും ഒരിടമവര്‍ തന്നു.


അവിടെ ചെന്നപ്പോഴാണറിയുന്നത് പ്രതിമാസം കിട്ടുന്ന ആയിരത്തിയഞ്ഞൂറു രൂപ ബസ്‌ കൂലിക്കും വാടകയ്ക്കും മാത്രം തികയുന്ന അവര്‍ മുഴുപ്പട്ടിണിയാണെന്ന സത്യം. കയ്യില്‍ ഏഴായിരത്തോളം രൂപ കരുതിയിരുന്നതില്‍ കുറേയൊക്കെ ചിലവായി. ബാക്കി പണം കൊണ്ട്‌ ഞങള്‍ നാലു പേരും കുറച്ചു ദിവസങ്ങള്‍ തള്ളി നീക്കി. എത്ര നിര്‍ബന്ധിച്ചാലും കഴിക്കാന്‍ കൂട്ടാക്കാത്ത അവരെ അടിയല്ലാത്തതെല്ലാം നടത്തിയാണ് ഒന്നെഴുന്നേല്‍പ്പിക്കുക വരെ ചെയ്യുന്നത്. ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. മൂന്നാം ദിവസം വഴിയില്‍ നിന്നു വാങ്ങിയ ഒരു ക്ലാസ്സിഫൈഡ്‌ പരസ്യത്തില്‍ കണ്ട കമ്പനിയില്‍ നേരേ കേറി ചെന്നു.


ആഢ്യയായ ഒരു സ്ത്രീ എം ഡിയുടെ കസേരയില്‍ പുറം തിരിഞ്ഞിരിക്കുന്നു. ഇന്‍റര്‍വ്യൂവിനു വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു. പത്തില്‍ കവിയാത്ത കുറേ ചോദ്യങ്ങള്‍, അവരുടെ പുതിയ ബ്രാന്‍ഡിന് ഒരു ലോഗോ ഉണ്ടാക്കാന്‍ പറഞ്ഞു ഇത്രയും കഴിഞ്ഞപ്പോള്‍ അവസാനമായി ഒരു ചോദ്യം. എത്ര ശമ്പളം പ്രതീക്ഷിക്കുന്നു. അയ്യായിരം രൂപ ശമ്പളം വാങ്ങിയിരുന്നവന്‍ കണ്ണു പൂട്ടി ഒരു തട്ടു തട്ടി ടെന്‍ തൌസന്‍ഡ്‌ റുപ്പീസ് പെര്‍ മന്ത്... പോയി രണ്ടു ദിവസം കഴിഞ്ഞ് വിളിക്കൂ വിവരമറിയിക്കാം എന്ന് ഉത്തരവും കിട്ടി.


പത്താം നിലയിറങ്ങുമ്പോള്‍ മനഃസ്സാക്ഷി എന്നെ ചീത്ത വിളിച്ചു. വല്ല കാര്യവുമുണ്ടോ പതിനായിരം രൂപ ചോദിച്ചിട്ട്? ഈ പണി പോയതു തന്നെ. പട്ടിണി കിടക്കാന്‍ നേരമാ അവന്‍റെയൊരു അത്യാഗ്രഹം... വേണ്ടിയീരുന്നില്ലെന്ന് എനിക്കും തോന്നി. രണ്ടു ദിവസം തികയുന്ന നിമിഷം വിളിച്ചു. തല്‍ക്കാലം എണ്ണായിരം രൂപ തരാം. രണ്ടു മാസം കഴിഞ്ഞ് കൂട്ടിത്തരാമെന്ന് മറുതലയ്ക്കല്‍ നിന്നു കേട്ടതും, മനസ്സൊന്നു കുളിര്‍ത്തു. ഇന്ന് തീയതി പത്ത്. പതിനഞ്ചാം തീയതി ജോയിന്‍ ചെയ്യാം. പന്ത്രണ്ടാം തീയതി ആയപ്പൊഴേക്കും ഇവന്‍റെ പോക്കറ്റ് കാലി. തുടര്‍ന്നു വന്ന മൂന്നു ദിവസം ആ സഹജീവികള്‍ എവിടെ നിന്നു ഭക്ഷണം കൊണ്ടു വന്നു എന്നു ചോദിക്കാന്‍ ഇവനു ധൈര്യമുണ്ടായില്ല. ഉള്ളതു ഞങ്ങള്‍ പങ്കിട്ടു കഴിച്ചു. പതിനഞ്ചാം തീയതി രാവിലെ പോകാനൊരുങ്ങിയപ്പോള്‍ എങ്ങനെ അവിടെ വരെയെത്തുമെന്നതിന് യാതൊരു രൂപവുമില്ലായിരുന്നു. എങ്കിലും ഒരുങ്ങി. പക്ഷേ അപ്പോള്‍ ആന്‍റണിയും കൂട്ടരും മുപ്പതു രൂപ ഇവന്‍റെ പോക്കറ്റില്‍ ഇട്ടു തന്നു. എന്നിട്ടു ചോദിച്ചു എം ജി റോഡ്‌ വരെ ഇതെങ്കിലുമില്ലാതെ നീ എങ്ങനെ പോകും? അവര്‍ ഈ പണം എങ്ങനെയുണ്ടാക്കിയെന്ന്‌ ഇന്നും എനിക്കറിയില്ല. പീന്നീട്‌ ഓഫീസിനടുത്ത് ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിലേക്കു ഞാന്‍ സൌകര്യാര്‍ത്ഥം മാറി. അതിനു ശേഷം രണ്ടു പ്രാവശ്യം ഞാന്‍ അവിടെ പോയെങ്കിലും അവരെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. ഇടക്കൊരു ദിവസം ആന്‍റണി എന്നെ വിളീച്ച് വാടക കൊടുക്കാന്‍ കുറച്ചു പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അന്നെന്‍റെ കയ്യില്‍ അതുണ്ടായിരുന്നില്ല. ആ ദുഃഖം ഇന്നും എന്‍റെ മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കുന്നു. അവര്‍ തന്നയച്ച മുപ്പതു രൂപയില്ലായിരുന്നെങ്കില്‍ എനിക്കന്ന്‌ ആ ജോലിക്കു കയറാന്‍ തന്നെ സാധിക്കുമായിരുന്നില്ല. എന്നിട്ടും ഒരു ആപദ്‌ഘട്ടത്തില്‍ എനിക്ക് ആ സഹജീവികളോട്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞിന്നോളം എനിക്കവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളത്ത് ചിറ്റൂര്‍ എന്ന സ്ഥലത്ത് ഏതോ ഒരു പുഴയുടെ അക്കരെയാണ് ആന്‍റണിയുടെ വീട്‌. മനസ്സു നിറയെ ഡെയ്സി എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി എന്നോടൊപ്പം പട്ടിണി കിടന്ന ആ കൂട്ടുകാരനെ കണ്ടെത്താന്‍ ഈ അക്ഷരങ്ങള്‍ എന്നെ സഹായിച്ചെങ്കില്‍ എന്ന്‌ വെറുതേ ആശിച്ചു പോകുന്നു.


രണ്ടു മാസം കഴിഞ്ഞ്‌ പതിനായിരം രൂപയാക്കി ശമ്പളം തരാമെന്നു പറഞ്ഞെങ്കിലും, രണ്ടു മാസം കഴിഞ്ഞും അവര്‍ അനങ്ങിയില്ല. എന്നാല്‍ മൂന്നാം മാസം അവര്‍ എനിക്ക് പന്ത്രണ്ടായിരം രൂപയായി അതുയര്‍ത്തി തന്നു. ഇവനവിടെ ഒരു കൊച്ചു മുറിയെടുത്തു താമസമാരംഭിച്ചു. ജീവിത രീതികള്‍ മെച്ചപ്പെട്ടു. കമ്പനി വളര്‍ന്നതോടൊപ്പം ഇവന് ജൂനിയേഴ്സുണ്ടായി, സീനിയര്‍ വിഷ്വലൈസര്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വന്തമായി കാബിനും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഒപ്പം കൂടുതല്‍ പണവും അവര്‍ എനിക്കു തന്നു. ജെ.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞാന്‍ സ്ഥാപനത്തിന്‍റെ കീ പേഴ്സണ്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നും ഇടക്കിടെ വിശന്നു തളര്‍ന്ന ആ കൂട്ടുകാരുടെ വാടിയ മുഖം എന്നെ കീറിമുറിച്ചു കൊണ്ടിരുന്നു. എല്ലാ മാസവും ശമ്പളം വാങ്ങുമ്പോള്‍ എന്‍റെ മനസ്സ്‌ എന്തിനെന്നറിയാതെ പിടഞ്ഞു... മനഃപൂര്‍വ്വമല്ലെങ്കിലും അവരോട്‌ ചെയ്യേണ്ടി വന്ന അനീതിയെ ചൊല്ലി എന്‍റെ മനഃസ്സാക്ഷി എന്നോടു നിരന്തരം കലഹിച്ചു കൊണ്ടിരുന്നു


ഒരു ദിവസം കമ്പനിയില്‍ പുതിയ ഒരു അക്കൌണ്ടന്‍റ് ജോയിന്‍ ചെയ്തു. വിജയ് എന്നു പേരുള്ള ഒരു തമിഴന്‍. ഇവന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്ത പല സംഭവങ്ങള്‍ക്കും കാരണമാകാനായിരുന്നു അവന്‍റെ ആഗമം എന്ന് പിന്നീടാണ് ഇവനു മനസ്സിലാകുന്നത്‌... ഇവന്‍റെ മനഃസ്സാക്ഷിയുടെ ശാപം പോലെ...


തുടര്‍ന്നു വായിക്കുക...(ഇതിലേ പോവുക)

© ജയകൃഷ്ണന്‍ കാവാലം

Monday, February 2, 2009

നഗ്നന്‍റെ ദുഃഖം (മുത്തു പൊഴിയുന്ന കാവാലം 9)

ജയകൃഷ്ണന് ഭ്രാന്തായിരുന്ന കാലം.


കാവാലത്തെ വീട്ടില്‍ ഇവന്‍ ഒറ്റക്കുള്ള ഒരു പ്രഭാതം. അമ്മ സുഖമില്ലാതെയിരിക്കുന്ന അമ്മൂമ്മയെ കാണാനായി യാത്രയാവുകയാണ്. എന്നോടു പറഞ്ഞു മോനേ മറ്റന്നാള്‍ ചിങ്ങം ഒന്നാണ്. ആണ്ടുപിറപ്പും ഒന്നാംതീയതിയുമായിട്ട് വീടൊന്നും വൃത്തിയാക്കിയിട്ടില്ല നീ നിന്നെക്കൊണ്ടാവുന്ന പോലെ ഒന്നു വൃത്തിയാക്കിയിട്ടേക്കണം. മുന്‍ വശത്തെ മുറിയും വിളക്കു കത്തിക്കുന്ന മുറിയും മാത്രമെങ്കിലും ഒന്നു കഴുകിയിടണം, നിന്‍റെ തുണിയെല്ലാം നനച്ചുണങ്ങണം. ഞാന്‍ പറഞ്ഞു അതിനെന്താ അമ്മേ ചെയ്തേക്കാം. രണ്ടു മൂന്നു ദിവസം എന്തിന്‍റെയോ അവധിയാണ്. പുറത്തിറങ്ങുന്ന ശീലം പണ്ടേയില്ലാത്തതു കൊണ്ട്‌ ധാരാളം സമയമുണ്ട്‌. വൃത്തിയാക്കല്‍ പരിപാടി വിപുലമായി തെന്നെ ചെയ്തേക്കമെന്നു കരുതി.


അമ്മ വരുമ്പോള്‍ ഞെട്ടണം. ഇങ്ങനെ ഒരു മോനെ എവിടെ കിട്ടുമെടാ എവിടെ കിട്ടും എന്ന്‌ അമ്മയെക്കൊണ്ട്‌ പറയിപ്പിക്കണം. അടുത്ത വീട്ടിലെ സെഞ്ചോയോടും, രാജേഷിനോടുമൊക്കെ വീട്ടുകാര്‍ എടാ ആ ജയകൃഷ്ണനെ കണ്ടു പഠിക്ക് എന്നു പറയുന്നത് ഇവിടെ കേള്‍ക്കണം സ്വന്തം കഴിവു തെളിയിക്കാന്‍ കിട്ടിയ ഒരവസരമാണ് എന്നൊക്കെ തീരുമാനിച്ച് ഇവന്‍ പരിപാടി തുടങ്ങി. രണ്ടു മുറി എന്നു പറഞ്ഞിടത്ത് മുഴുവന്‍ മുറിയും സോപ്പും ഇഞ്ചയും ഉപയോഗിച്ചു കഴുകി വെടിപ്പാക്കി. കക്കൂസ് മുഖം നോക്കാന്‍ പരുവത്തിന് വൃത്തിയാക്കി, തട്ടിന്‍പുറം വരെ അടുക്കി, എന്നിട്ടും സമാധാനം വരാഞ്ഞ് പുറം ഭിത്തികള്‍ വരെ വെള്ളമൊഴിച്ചു കഴുകി (എന്നാലല്ലേ നാട്ടുകാര്‍ കാണൂ) എന്നിട്ടു കുറച്ചു നേരം ഞെളിഞ്ഞു നിന്ന്‌ ഓര്‍ത്തോര്‍ത്ത് അഭിമാനിച്ചു.


ഇനി അടുത്ത പടി തുണിയലക്കാണ്. അതും വിപുലമാക്കിക്കളയാമെന്നു തീരുമാനിച്ചു. കാവാലത്തുകാര്‍ ഈയടുത്ത കാലം വരെ തുണിയലക്കിക്കൊണ്ടിരുന്നത് തോട്ടിലും ആറ്റിലുമൊക്കെയാണ്. തോട്ടിലേക്കു താഴ്ത്തിക്കെട്ടിയിരിക്കുന്ന കല്‍പ്പടവുകളില്‍ ഒരു കരിങ്കല്‍ ഉണ്ടാവും അതിലടിച്ചാണ് നനക്കുന്നത്. ഈ കല്‍പ്പടവുകള്‍ക്ക് എന്‍റെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്‌. വീട്ടില്‍ വരെ വന്നെത്തുന്ന തോട്ടിലേക്ക് നാലു കടവുകള്‍ പണിതിട്ടുണ്ട്. ഒന്ന്‌ വീടിനു മുന്‍ വശത്ത് അല്‍ഫോന്‍സ മാവിന്‍റെ ചുവട്ടില്‍, മറ്റൊന്ന് വീടിനു പുറകുവശത്ത്, ഇനിയൊന്നും പുറകുവശത്തു തന്നെ ബോട്ടുപുരയിലേക്കുള്ള കടവ്‌, മറ്റത് മറുവശത്തു നിന്നും ബോട്ടുപുരയിലേക്കു കയറുവാനായി മാളികമുറ്റം മാവിന്‍റെ ചുവട്ടില്‍. മാളികമുറ്റം മാവിന് ആ പേരു വന്നത് ചാലയില്‍ മാളികയുടെ (ഞാന്‍ സല്‍പ്പേര് രാമന്‍ കുട്ടി, ആയിരപ്പറ, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ ഉള്ള അതേ മാളിക) ചുവട്ടില്‍ ഉണ്ടായിരുന്ന മാവാണത് അതുകൊണ്ടാണ്. ആ മാവിന് മറ്റെന്തോ പേരുണ്ട്‌ പക്ഷേ കാവാലത്തുകാര്‍ ആ മാങ്ങ ദുബായില്‍ ചെന്നു കണ്ടാലും പറയും നമ്മുടെ മാളികമുറ്റം മാങ്ങയല്ലേ ഇതെന്ന്‌.

എന്‍റെ സ്വപ്നങ്ങള്‍ ഏറെയും പൂത്തു വിടര്‍ന്നിട്ടുള്ളത് ഈ കടവുകളിലാണ്. ഈ കടവില്‍ ചെന്നു നിന്ന്‌ അപ്പുറത്തേക്ക്‌ വാവക്കുട്ടനമ്മാവനെക്കേറി മാവോ എന്നു വിളിച്ചു കൂവുന്നതു വളരെ സുഖമുള്ള ഒരു പരിപാടിയാണ്. എന്താടാ കഴുതേ എന്ന് അമ്മാവന്‍ വിളി കേള്‍ക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ അമ്മയുടെ തല്ലും കൊണ്ട്‌ കരയാനും ഇവിടെയാണ് ചെന്നിരിക്കാറുള്ളത്, മീനുകളെ കാണാനും, മാക്രിയെ കാണാനും, ചില അവസരങ്ങളില്‍ കുളിക്കാനും അങ്ങനെ ജീവിതത്തിന്‍റെ പല സുപ്രധാന നിമിഷങ്ങളും കഴിച്ചു കൂട്ടിയിരുന്നത് ആ കല്‍പ്പടവുകളിലായിരുന്നു.


വീടിനു പിന്നിലെ കടവിലാണ് തുണിയലക്കല്‍ കലാപരിപാടി അരങ്ങേറുന്നത്. ആ കടവില്‍ നിന്നാല്‍ വീടിനു മുന്‍പിലൂടെ പോകുന്ന വഴി കാണാം. സര്‍വ്വശക്തിയുമെടുത്ത് കല്ലിലടിച്ച് ഒച്ചയുണ്ടാക്കിയിട്ടും വഴിയേ പോകുന്ന ഒരുത്തന്‍ പോലും ഈ കഠിനാദ്ധ്വാനം ശ്രദ്ധിച്ചില്ല. ഷര്‍ട്ടിലെ ബട്ടണുകള്‍ പൊട്ടിയതു ബാക്കി. അമ്മ പറഞ്ഞതു കൂടാതെ നനച്ചിട്ടിരുന്ന തുണികള്‍ കൂടിയെടുത്ത് വീണ്ടുമലക്കി. ഇട്ടിരുന്ന ഷര്‍ട്ടും ഊരി അലക്കി. എന്നിട്ടും തീരാതായപ്പോള്‍ ഒരു തോര്‍ത്തിന്‍റെ പിന്‍ ബലത്തോടെ ശരീരത്തില്‍ ബാക്കി അവശേഷിച്ചിരുന്ന തുണികളും ഊരി അലക്കി. ഉള്ളിന്‍റെയുള്ളില്‍ സന്തോഷം തിര തല്ലി. നാളെയുടെ പ്രഭാതം ഇവനുള്ളതാണ്. എല്ലാവരും അഭിനന്ദിക്കുന്നു, പ്രശംസിക്കുന്നു ഹോ... ഓര്‍ക്കാന്‍ പോലും വയ്യ. കുളിരു കോരുന്നു...

തുണിയെല്ലാം അയയില്‍ വിരിച്ച് തിരിഞ്ഞു നടന്നപ്പോഴാണത് സംഭവിച്ചത് ദൈവം തമ്പുരാന്‍ അറിഞ്ഞു പരീക്ഷിച്ച സംഭവം. വഴിയില്‍ കിടന്നിരുന്ന ചാണകത്തില്‍ ചവിട്ടി അതേ ചാണകത്തിലോട്ടു തന്നെ വീണു. വീണ കിടപ്പില്‍ കിടന്നു കൊണ്ടു തന്നെ തൊഴുത്തില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കറുകപ്പുല്ലും ചവച്ചു നിന്ന പശുവിനെ കടുപ്പിച്ചൊരു നോട്ടം നോക്കി. വകതിരിവില്ലാത്ത ജന്തുവിന് വേറെ ഒരു ദിവസവും കണ്ടില്ലേ വഴിയില്‍ കൊണ്ടുവന്നു ചാണകമിടാന്‍. ഇവനുള്ള തുണി മുഴുവനും അതാ നനഞ്ഞപടി അയയില്‍ കിടക്കുന്നു. ഉടുത്തിരുന്ന തോര്‍ത്തിലാണെങ്കില്‍ മുഴുവന്‍ ചാണകം. എന്തു ചെയ്യും???


ചുറ്റും നോക്കി. ഇപ്പോള്‍ നടന്ന സംഭവം ആരും കണ്ടില്ല ഭാഗ്യം. വീടിന്‍റെ പുറകുവശം നല്ല അടവാണ് ഇടതൂര്‍ന്ന മരങ്ങളും, വേലിയില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചീരയുമൊക്കെയായി പുറത്തു നിന്നും അകത്തേക്കു കാണാന്‍ ഒരു മാര്‍ഗ്ഗവുമില്ല. വേറെ ആരറിയാന്‍ എന്നു കരുതി ഇവന്‍ ഉടുത്തിരുന്ന തോര്‍ത്തും നനച്ചു വിരിച്ച് അകത്തു കയറി ഒരു ബെഡ്‌ഷീറ്റും ഉടുത്ത് ഇരിപ്പായി. നല്ല വെയിലുണ്ട്‌ ഏറിയാല്‍ ഒരിരുപതു മിനിട്ടു മതി ഉണങ്ങാന്‍.


അപ്പൊഴാണ് വേലിയിറമ്പില്‍ ഒരു ആള്‍പ്പെരുമാറ്റം കേട്ടത്‌. ഇവന്‍ ഒളിഞ്ഞു നോക്കി. ഈശ്വരാ ഇതു നിന്‍റെ പരീക്ഷണം തന്നെ. പരക്കാട്ടെ രാഘവന്‍ പിള്ളാച്ചന്‍റെ ഞങ്ങളുടെ വേലിയരികില്‍ നില്‍ക്കുന്ന മഞ്ചാടിമരം മുറിക്കാന്‍ ആളു കൂടിയിരിക്കുകയാണ്. മരത്തിന്‍റെ മുകളില്‍ രണ്ടു പേര്‍. മരം വെട്ടു കാണാനും, അങ്ങോട്ടു പിടി ഇങ്ങോട്ടു പിടി എന്നൊക്കെ വെട്ടുകാര്‍ക്ക് ഉപദേശം കൊടുക്കാനുമൊക്കെയായി ബാക്കി നാട്ടുകാരും. ചിലര്‍ വേലിക്കിടയിലൂടെ നൂഴ്ന്നിറങ്ങി ശരിക്കു കാണാന്‍ വേണ്ടി ഇപ്പുറത്തും വന്നു നിലയുറപ്പിച്ചു. ഇവന്‍ എലിപ്പെട്ടിക്കകത്തു പോയ എലിയെപ്പൊലെ പാരവശ്യത്തോടെ ഓടാനും തുടങ്ങി. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ കാണും. ബെഡ്‌ ഷീറ്റും ഉടുത്ത് എത്ര സമയം അകത്തിരിക്കും?


അധികസമയം കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത പുലിയും നീളമുള്ള വാലുമായി ഓടിയെത്തി. അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ്. ജയകൃഷ്ണന്‍റമ്മേ ജയകൃഷ്ണന്‍റമ്മേ എന്നു വിളിച്ചു കൊണ്ട്‌ അവള്‍ വീടിന് മൂന്നു പ്രദക്ഷിണം വച്ചു, അതു കഴിഞ്ഞു ജയകൃഷ്ണാ എന്നായി വിളി. അതും പോരാഞ്ഞ് ജനലിലൂടെയും കതകിന്‍റെ ഇടയിലൂടെയുമൊക്കെ ഒളിഞ്ഞു നോക്കി എല്ലാരും ഇതെവിടെപ്പോയി എന്നു സ്വയം ചോദിക്കലും.


മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്നു പറയുന്നതു ശരിയാ. അന്നു ഞാന്‍ അവരെയെല്ലാം പേരെടുത്തു വിളിച്ചിരുന്നു. ആരാണ്ടൊക്കെ കേട്ടു, അല്ലായിരുന്നെങ്കില്‍ ശ്വാസം പോലും എടുക്കാന്‍ കഴിയാതെ അവിടെ അനങ്ങാതെ നിന്ന ഇവനെ ആ പെണ്‍കുട്ടി കണ്ടേനെ. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ജയകൃഷ്ണന്‍ ആദിമനുഷ്യനായി രൂപാന്തരം പ്രാപിച്ച വൃത്താന്തം നാട്ടുകാരെ ബോധിപ്പിച്ചേനെ. പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം.


ഏതായാലും ആ പെണ്‍കുട്ടി സ്ഥലം വിട്ടു. വീട്ടിലെ ഫോണ്‍ നിലയ്ക്കാതെ ബെല്ലടിച്ചുകൊണ്ടിരുന്നപ്പോഴും ഉണ്ടായി വാവക്കുട്ടനമ്മാവനടക്കമുള്ള മരം വെട്ടു പ്രോത്സാഹനക്കമ്മറ്റി അംഗങ്ങളുടെ വക ഒളിഞ്ഞു നോട്ടം. ഈ കൊരങ്ങന്‍ ഇതെവിടെ പോയിക്കിടക്കുവാണെന്ന അമ്മാവന്‍റെ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടതാണ്.


അങ്ങനെ സന്ധ്യയോടെ മരം വെട്ടും അവസാനിപ്പിച്ച് ആളുകള്‍ പിരിഞ്ഞു. എന്നിട്ടും ഇവനു പുറത്തിറങ്ങാന്‍ പേടി. എല്ലാവരും പോയോ? വേലിയുടെ അടവ്‌ മാറി അവിടെയൊക്കെ തെളിഞ്ഞു കാണുമോ? ദീപാരാധന തൊഴാന്‍ പോയ അടുത്ത വീടുകളിലെ സുന്ദരിമാര്‍ക്ക് ദര്‍ശനസൌഭാഗ്യമാകുമോ ഇവന്‍റെ ജീവിതം? തുടങ്ങിയ ആകുലതകള്‍ ഇവനെ വേട്ടയാടി... അവസാനം രാത്രി പത്തുമണിയോടെ ഒറ്റച്ചാട്ടത്തിനു പുറത്തിറങ്ങി ജയകൃഷ്ണന്‍ വീണ്ടും ജയകൃഷ്ണനായി.


അതിനു ശേഷം ഞാന്‍ ഒരിക്കലും പറയാത്ത പണികള്‍ ചെയ്തിട്ടില്ല, നാട്ടുകാരെക്കൊണ്ട്‌ പ്രശംസിപ്പിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടില്ല, ഒരിക്കലും ഒരിക്കലും അഴുക്കു പറ്റിയതാണെങ്കിലും മുഴുവന്‍ തുണിയും ഒരുമിച്ചെടുത്തു നനച്ചിട്ടുമില്ല. കാവാലത്തെ ആ ‘നഗ്നമായ‘ പകലിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നു മായുവോളം ഇവനതൊക്കെ എങ്ങനെ ചെയ്യാന്‍ കഴിയും?


© ജയകൃഷ്ണന്‍ കാവാലം
 
Site Meter