Monday, November 17, 2008

പ്രണയകലയില്‍ എം ബി എ, പ്രിയതമക്കു പ്രാണന്‍ പോരേ?

അഥവാ ഒരു പൈങ്കിളിക്കഥമാനേജ്‌മെന്‍റ് വിദ്യാഭ്യാസം എന്നു പറയുന്നത് ഒരു ഭയങ്കര സംഭവമാണ്. തന നിറയെ മണ്ടത്തരങ്ങള്‍, ഒരല്പം മന്ദബുദ്ധിത്തരം, ധാരാളം വിവരക്കേട്‌, ഏതു പച്ചക്കള്ളവും ഉആതൊരു ഭാവവ്യത്യാസവുമില്ലാതെ വിളിച്ചു പറയാനുള്ള വൈദഗ്ധ്യം, ആരെങ്കിലും മുഖത്തു നോക്കി തന്തക്കു വിളിച്ചാലും മന്ദസ്മിതം തൂകുവാനുള്ള അപാരമായ തൊലിക്കട്ടി, ഒപ്പം മോന്ത ക്ലീന്‍ ഷേവ് ചെയ്ത് മുട്ടത്തോടു പോലെ ആക്കുകയും കൂടി ചെയ്താല്‍ ഇതില്പരം ഒരു യോഗ്യതയില്ല ഈ പണിക്ക്. ഒരു കാരണവശാലും കൊള്ളാവുന്ന സര്‍വ്വകലാശാലകളില്‍ നിന്നൊന്നും ഈ ‘അഭ്യാസം’ പഠിച്ചെടുക്കരുത്. മുംബൈയിലെ ഉല്ലാസ് നഗര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ ശിവാജി നഗര്‍ യൂണിവേഴ്സിറ്റി, എറണാകുളം ഫോര്‍ട്ട് കൊച്ചി യൂണിവേഴ്സിറ്റി, തിരുവനന്തപുരം ചെങ്കല്‍ച്ചൂള യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ മാത്രം ചേര്‍ന്നു പഠിക്കുക. എം ബി ബി എസ്സിന് 12000, എം ബി എ 6000 തുടങ്ങി വിവിധ വിലകളില്‍ ‘സാധനം’ കയ്യില്‍ കിട്ടുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

ധാരാളം മണ്ടന്മാര്‍ക്ക് സ്വന്തമായി കമ്പനികളുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം അഭ്യസ്ത വിദ്യന്മാര്‍ക്ക് ഒരു ജോലി കിട്ടാനും വളരെ എളുപ്പം.

നമ്മുടെ കഥാപാത്രം 2003 വരെയും കല്‍ക്കട്ടക്കാരനായിരുന്നു. കല്‍ക്കട്ടയിലുള്ള ഏതോ ഉഡായിപ്പു യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റും കൊണ്ടാണ് അന്നദ്ദേഹം അവതരിച്ചിരുന്നത്‌. മധുരക്കാരനായ ഞങ്ങളുടെ മധുരാക്ഷന്‍ മുതലാളിക്ക്‌ എം ബി എ എന്നു കേട്ടപ്പോഴേ കണ്ണു മഞ്ഞളിച്ചു. ചെന്തമിഴ് മന്നന്‍റെ ചെന്താമരക്കണ്ണുകളില്‍ തൊട്ടു മുന്‍പിലിരിക്കുന്ന സുന്ദരക്കുട്ടപ്പനോട്‌ എന്തെന്നില്ലാത്ത ഒരു അഭിനിവേശം. തോളറ്റം കിടക്കുന്ന തന്‍റെ കാര്‍കുന്തളങ്ങളില്‍ തഴുകിക്കൊണ്ട്‌ അദ്ദേഹം മൊഴിഞ്ഞു. യൂ ആര്‍ അപ്പോയിന്‍റഡ്‌. ഈ മധുരവചസ്സുകള്‍ കേട്ട് തൊട്ടപ്പുറത്തെ കാബിനിലിരുന്ന്‌ അന്നത്തെ ഡെയിലി റിപ്പോര്‍ട്ടില്‍ എന്തെങ്കിലുമൊക്കെ ഒന്നു വരച്ചു വയ്ക്കുവാന്‍ പെടാപ്പാടു പെട്ടുകൊണ്ടിരുന്ന ഈയുള്ളവന്‍ ഒന്നു പാളി നോക്കി. ഇടക്കിടെ പാതി തുറന്ന് അടിയനെ ചീത്ത പറയുവാനായി മാത്രം സ്ഥാപിതമായിട്ടുള്ള ചില്ലു ജാലകത്തിലൂടെ മുതലാളിയുടെയും, ഭാവി തൊഴിലാളിയുടേയും മോന്തക്ക് പതിനായിരം വാട്ട്‌സിന്‍റെ പ്രകാശം കണ്ട്‌ രോമാഞ്ചമണിഞ്ഞു പോയി. നവാഗതന്‍ നറുനെയ്യില്‍ വറുത്ത്, നറുതേനില്‍ കുതിര്‍ത്ത്, നാണത്തില്‍ കുളിച്ച് പറഞ്ഞ തന്‍റെ കഴിവുകളില്‍ മതിമയങ്ങി ബഹുമാനപ്പെട്ട മുതലാളി അല്പ സമയം മറ്റേതോ ലോകങ്ങളിലൊക്കെ കറങ്ങിത്തിരിഞ്ഞ് വന്നപ്പൊഴേക്കും ഓഫര്‍ ലെറ്ററും പോക്കറ്റിലിട്ട്‌ ആശാന്‍ സ്ഥലം വിട്ടിരുന്നു.

ചീത്ത വിളിക്കാനായി തുറക്കപ്പെടുന്ന ചില്ലുജാലകത്തിന്‍റെ മെല്ലെയുള്ള ഞരക്കം കേട്ട് പുതിയ ചീത്തകള്‍ കേള്‍ക്കുവാന്‍ കാതുകള്‍ തയ്യാറെടുത്തു. എന്നാല്‍ മൈലാഞ്ചി തേച്ച കപ്പടാമീശയുടെ അടിയില്‍ തിളങ്ങുന്ന, കോറ്റ്പ്പറേഷന്‍ പുതുതായി പെയിന്‍റടിച്ച മയില്‍ക്കുറ്റി പോലുള്ള പല്ലുകള്‍ എന്നെ നോക്കി ഫ്ലാഷടിച്ചു. ഞാനും ഒരു വിഡ്ഢിപ്പുഞ്ചിരി തിരിച്ചു നല്‍കുവാന്‍ മറന്നില്ല. അങ്ങനെ അവിടെയൊരു പുഞ്ചിരിയുടെ പൂനിലാവു പരക്കെ അദ്ദേഹം മധുരമൃദുലമായി മൊഴിഞ്ഞു... ജെ.കെ ഹീ ഈസ് ഗോയിംഗ് റ്റൊ ജോയിന്‍ വിത്ത് അസ്‌...

ഒരു ഭാഗ്യവാനെ സഹപ്രവര്‍ത്തകനായി കിട്ടിയ അത്മനിര്‍വൃതിയില്‍ ഈയുള്ളവനും നീരാടി...

വന്നതിന്‍റെ മൂന്നാം ദിവസം മുതല്‍ പുതിയ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അപ്രത്യക്ഷനായി. ആര്‍ക്കും ഒരു വിവരവുമില്ല.ഏഴാം ദിവസം മുതലാളിയുടെ സഹധര്‍മ്മിണിയും ഞങ്ങളുടെ ഓപ്പറേഷന്‍സ് ഹെഡുമായ സാക്ഷാല്‍ ഭഗവതി വെങ്കിടാചലം രംഗപ്രവേശം ചെയ്തു. വന്ന പാടേ താന്‍ ടൂറിലായിരുന്ന സമയങ്ങളില്‍ ഇവിടെയുള്ള പ്രജകള്‍ എന്തൊക്കെ ചെയ്തു എന്നു തിരക്കി. ചില സത്യങ്ങളും കുറേ ക്രിയേറ്റീവായ കള്ളങ്ങളും അടിയനും തട്ടി വിട്ടു. (ഓഫീസിലിരിക്കുന്ന കെട്ടിയവനെ കാണാന്‍ ആരൊക്കെ വന്നു എന്തൊക്കെ മിണ്ടി എന്നൊക്കെ ചോദിച്ചാല്‍ കള്ളമല്ലാതെ വേറെന്തു പറയും? മിണ്ടിയാല്‍ വലിയ പ്രയോജനമൊന്നുമില്ലെങ്കിലും സ്വന്തമായി ആകെക്കൂടിയുള്ള തല അതിയാന്‍ വെട്ടിയെടുക്കും) അതിനു ശേഷം അറ്റന്‍ഡന്‍സ് ബുക്കില്‍ ആരെയൊക്കെ ചീത്ത വിളിക്കാന്‍ ചാന്‍സ് ഉണ്ടെന്നു പരതി. അപ്പോഴാണ് നമ്മുടെ ഭാഗ്യവാന്‍റെ പേരു കാണുന്നത്.

പ്രതീക്ഷിച്ചതു പോലെ തന്നെ തൊട്ടടുത്തിരുന്ന പണ്ടാരം നിലവിളിക്കാന്‍ തുടങ്ങി. മറ്റൊന്നുമല്ല ഒരു ചില്ലുജാലകത്തിന്‍റെ അകലം മാത്രമുള്ള തൊട്ടപ്പുറത്തെ കാബിനില്‍ നിന്നും അടിയനെ വിളിക്കാന്‍ അവിടെ സ്ഥാപിതമായിരിക്കുന്ന സാക്ഷാല്‍ ഫോണ്‍!!!

ശാന്തമായി, ഗംഭീരമായി, ചെമ്പുകുടത്തില്‍ വെള്ളം കോരുന്നതുപോലെയുള്ള ‘കുയില്‍ നാദം’ ഫോണിലൂടെ ഒഴുകിയെത്തി... ജെ. കെ ഇന്ത പക്കം കൊഞ്ചം വരുവാങ്കളാ...

ആ കാബിനില്‍ കയറണമെങ്കില്‍ ചില നിയമങ്ങളൊക്കെയുണ്ട്‌. കയ്യിലൊരു സ്ക്രിബ്ലിംഗ് പാഡും, എഴുതിയാല്‍ തെളിയുന്ന പേനയും കയ്യിലുണ്ടായിരിക്കണം, ഷര്‍ട്ടും ടൈയുമെല്ലാം നീറ്റ് ആന്‍ഡ് ക്ലീന്‍ ആയിരിക്കണം ഇങ്ങനെ പോകും... അതില്ലെങ്കില്‍ പിന്നെ അവിടെ നടക്കുന്ന കോലാഹലമൊന്നും പറയാതിരിക്കുകയാവും ഭേദം. മേല്‍ പറഞ്ഞ കുണ്ടാമണ്ടികളെല്ലാം വാരിയെടുത്തു കെട്ടി ഈയുള്ളവന്‍ സമക്ഷം ചെന്നപ്പോള്‍ കിട്ടിയ പണി ഊരു ചുറ്റാനുള്ള ആജ്ഞയായിരുന്നു. കൊണ്ടു പോയ കടലാസ്സില്‍ ഒന്നും എഴുതാതെ തലയില്‍ എഴുതിയ തമ്പുരാന് എന്‍റെ കുടുംബത്തില്‍ ആരോടോ ഉള്ള തീര്‍ത്താല്‍ തീരാത്ത പകയെ മനസ്സാ ശപിച്ച് തിരിച്ചിറങ്ങി പോന്നു...

സംഭവം മറ്റൊന്നുമല്ല. ചെന്നപാടേ എന്നോടു ചോദിച്ചു നമ്മടെ ‘ലവന്‍‘ എവിടെ പോയെന്ന്‌. കാണ്മാനില്ലെന്ന്‌ അടിയന്‍റെ മറുപടി. അന്വേഷിക്കാത്തതെന്താണെന്നു മറുചോദ്യം. സീനിയര്‍ വിഷ്വലൈസറുടെ പണി അതല്ലെന്നു മറുപടി. കയ്യിലിരുന്ന അറ്റന്‍ഡന്‍സ് ബുക്ക് മലര്‍ക്കെ തുറന്ന് പൊക്കിക്കാണിച്ച് ഡെസിഗനേഷന്‍ വായിക്കാന്‍ ആജ്ഞ. അപ്പോഴാണ് സത്യത്തില്‍ അതു വരെ കാണാത്ത പുതിയൊരു സാഹിത്യം അടിയന്‍ അതില്‍ കാണുന്നത്. (അപ്പോള്‍ എഴുതി ചേര്‍ത്തതാണോ എന്നും സംശയമില്ലാതില്ല) “സീനിയര്‍ വിഷ്വലൈസര്‍ കം ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍!!!“ (വേറൊന്നുമല്ല, വരുന്നവന്‍റേം പോകുന്നവന്‍റേം ജാതകം നോക്കണം, അറ്റന്‍ഡന്‍സ് ബുക്ക് രാവിലെ ഒന്‍പതരയാകുമ്പോള്‍ എടുത്ത് പൂഴ്ത്തി വച്ച് ബാക്കിയുള്ളവന്‍റെ തന്തക്കു വിളി കേള്‍ക്കണം, ഓഫീസ് സ്റ്റേഷണറികള്‍ ആവശ്യമായവര്‍ക്ക് മാത്രം കൊടുത്ത് ബാക്കിയുള്ളവന്‍ പൂട്ടി വയ്ക്കണം. ചുരുക്കത്തില്‍ സ്റ്റോര്‍ കീപ്പറിന്‍റെ പണി...) സംഗതി കൊള്ളാം. പക്ഷേ ഇത്രയും നീളത്തില്‍ ശമ്പളവും ഒന്നു നീണ്ടു വന്നെങ്കില്‍ എന്ന മധുരസ്മൃതിയില്‍ ഒരു ഇളിഞ്ഞ ചിരി മാത്രം സമര്‍പ്പിച്ച് അടിയന്‍ മിണ്ടാതെ നിന്നു. (ശമ്പളം നീളാറുണ്ടെന്നതു സത്യം. കിട്ടുന്ന തുകയല്ല. കിട്ടാനുള്ള തീയതിയും, കാത്തിരിപ്പുമാണു നീളുന്നതെന്നു മാത്രം) അപ്പോ ഇന്ത വേല ഇങ്കെ യാരു പാക്കണോ... ശൊല്ലപ്പാ... താളാത്മകമായ മൊഴിയുടെ ഒടുവില്‍ പോയി ആളെപ്പിടിക്കേണ്ട ചുമതല ഇവനാണെന്നു ബോധ്യമാക്കിത്തന്നു.

ഫോണില്‍ വിളിച്ചപ്പോള്‍ ആശാന്‍ പറഞ്ഞത് തീരെ സുഖമില്ലെന്നാണ്. എന്തായാലും പോയിപ്പിടിക്കാതെ തരമില്ലല്ലോ. ആകയാല്‍ അടിയന്‍ ബാംഗ്ലൂര്‍ തെരുവുകളിലൂടെ തേരാ പാരാ നടന്നു... ഒടുവില്‍ അദ്ദേഹം താമസിക്കുന്ന പേയിംഗ് ഗസ്റ്റ് അക്കൊമഡേഷന്‍ കണ്ടെത്തി. ‘അന്വേഷിക്കുവിന്‍ കണ്ടെത്തുമെന്ന‘ വചനത്തിന്‍റെ പൂര്‍ണ്ണതയെ മനസ്സാ വണങ്ങി നേരേ കേറിച്ചെന്നു. അവിടുത്തെ അരിവെപ്പുകാരന്‍ ഒരു മലയാളിയാണ്. അയാള്‍ പറഞ്ഞു തന്നു രോഗവിവരം. പുതിയ പണി കിട്ടിയതൊന്നാഘോഷിച്ചതാണ് ആശാന്‍. ഏതോ പട്ടാളക്കാരന്‍റെ കയ്യില്‍ ചിലവാകാതെയിരുന്ന മദ്യം മുഴുവന്‍ മൊത്തവിലയ്ക്കു വാങ്ങി സംഭരിച്ചിരിക്കുകയാണ്. അതു തീരാതെങ്ങനെയാ ആപ്പീസില്‍ വരുന്നത്? അടുത്ത കടയില്‍ നിന്നും ചിക്കന്‍ കബാബ് വാങ്ങാനും, പുറത്തു പറയാന്‍ കൊള്ളാത്ത സി ഡി എടുക്കാനുമല്ലാതെ നമ്മുടെ കഥാനായകന്‍ പുറത്തു പോകാറുമില്ലെന്ന സത്യവാങ്മൂലം അടിയന്‍ വിശ്വസിച്ചു. അടിയനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം നടത്തിയെ അഭിനയത്തിന്‍റെ ദൃക്‌സാക്ഷി വിവരണവും അരിവപ്പുകാരന്‍റെ സത്യവാങ്മൂലവും സഹിതം (കയ്യില്‍ നിന്നും യാതൊന്നും ചേര്‍ക്കാതെ) അടിയന്‍ മേലാവിലറിയിച്ചു.

പിന്നീടെന്തു സംഭവിച്ചുവെന്നറിയില്ല. അടുത്ത ദിവസം ആഘോഷത്തിനു വിരാമമിട്ടുകൊണ്ട്‌ എം ബി എക്കാരന്‍ ആപ്പീസിലെത്തി. ഇവനും കിട്ടി മഹാത്മാവിന്‍റെ വക ഒരു ‘നോട്ടം‘. ഹൊ... വായീനോക്കികള്‍ പെണ്ണുങ്ങളെ പോലും ഇങ്ങനെ നോക്കത്തില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ഞാനങ്ങു നാണിച്ചു പോയെന്നെ...

തുടര്‍ന്നുള്ള രണ്ടുമൂന്നു ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ഓഫീസുകളിലുള്ളവരെല്ലാം ബോസിന്‍റെ വിവിധ തരത്തിലുള്ള പഞ്ചവര്‍ണ്ണത്തെറികള്‍ കേട്ട് കോരിത്തരിച്ചു. ഞങ്ങളും. ആ വിളികള്‍ എനിക്കിട്ടാണു കിട്ടിയതെന്നു മറ്റുള്ളവര്‍ കരുതുമോ എന്നു ഞാന്‍ ശങ്കിച്ചു.

കാലങ്ങള്‍ അങ്ങനെ കടന്നു പോയി. കാലങ്ങളെന്നു പറഞ്ഞാല്‍ വര്‍ഷങ്ങളൊന്നുമല്ല. ഇവിടെ മാസത്തിലോ, ആഴ്ചയിലോ, ദിവസത്തിലോ അതുമല്ല സെക്കന്‍റിലോ ഒക്കെ കാലത്തെ അളന്നാല്‍ മതി.

ഇതിനിടെ ഈ കഥാപാത്രത്തിനെയും കൊണ്ട്‌ മുതലാളി അഹമ്മദാബാദ് കാണാന്‍ പോയി. ഇടക്കെവിടെയോ ഒരു സ്ഥലത്തെത്തിയപ്പോള്‍ രണ്ടു പേര്‍ക്കും ഒരു മൂത്രശങ്ക. ഡ്രൈവര്‍ കാപ്പികുടിക്കാന്‍ പോയ ഇടവേളയില്‍ രണ്ടു പേരും ഇറങ്ങി ശങ്ക തീര്‍ത്തു. മുതലാളി തിരിച്ചു വന്നപ്പോള്‍ തൊഴിലാളിയെ കാണാനില്ല. മെട്രോ നഗരത്തില്‍ പുതുമുഖമായ ഇതിയാനെ തേടി ഈ പാതിരാത്രിയില്‍ എവിടെ പോകുമെന്നായി അദ്ദേഹത്തിന്‍റെ ചിന്ത. അന്വേഷിച്ചു നടന്നപ്പോള്‍ അതാ ഇരിക്കുന്നു അവിടെ കിടന്ന ഒരു ലോക്കല്‍ ബസ്സിന്‍റെയുള്ളില്‍! ഇവര്‍ പോയത് ഐരാവതം എന്ന കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഹൈടെക്ക് ലക്ഷ്വറി ബസ്സില്‍. ആശാന്‍ ഇരുന്നത്‌ ഒരു തുരുമ്പെടുത്ത തല്ലിപ്പൊളി പാട്ടയില്‍.

പിറ്റേ ദിവസം ഒരു പതിനൊന്നു മണിയായപ്പോള്‍ ഫോണിലൂടെ അയാളെക്കുറിച്ച് മുതലാളി പറഞ്ഞ തെറികള്‍ ഭഗവതിയമ്മ ഞങ്ങളെ സ്പീക്കര്‍ ഫോണിലൂടെ കേള്‍പ്പിച്ചു. ദൈവമേ... ഇംഗ്ലീഷ്, തമിഴ് ഭാഷകളെ ഇങ്ങനെയും ഒക്കെ ഉപയോഗിക്കാമോ? വൃത്തവും, വ്യാകരണവുമൊന്നും തെറ്റാതെ പ്രാസമൊപ്പിച്ച് തെറി പറയുന്ന കാര്യത്തില്‍ അദ്ദേഹം ഒരു സര്‍വ്വകലാശാല തന്നെയായിരുന്നു.

പിന്നെയും കാലത്തിന്‍റെ കച്ചടാവണ്ടി ഞൊണ്ടിയും, തെണ്ടിയും, പഞ്ചറൊട്ടിച്ചും മുന്‍പോട്ടു പോകവേ... ഓഫീസിലെ പ്രൊഡക്ഷന്‍ മാനേജരുമായി ആശാന്‍ പ്രണയബദ്ധനായി. ഈയുള്ളവന്‍റെ തലക്കു മുകളില്‍ കസേരയുള്ള പ്രൊഡക്ഷന്‍ മാനേജരുടെ പ്രണയലീലകള്‍ക്ക് മൂകസക്ഷിയാകാനേ അടിയനു കഴിഞ്ഞുള്ളൂ. മുപ്പത്തിയഞ്ചാം വയസ്സിലും അവരുടെ കണ്ണുകളില്‍ മുപ്പതു വയസ്സു മാത്രം പ്രായമുള്ള നമ്മുടെ കഥാനായകന്‍റെ മധുരമന്ത്രണങ്ങളുടെ പ്രതിഫലനങ്ങള്‍ നന്നേ ദൃശ്യമായിരുന്നു. ആ കണ്ണുകള്‍ കവിത രചിക്കുമായിരുന്നു. തെങ്ങുകള്‍ക്കു മണ്ടരി ബാധിക്കുന്നതിനു മുന്‍പുള്ള കാലത്തെ വെള്ളക്കാ പോലുള്ള ആ കണ്ണുകളില്‍ നവരസങ്ങളില്‍ ചിലതൊക്കെ പകര്‍ന്നാടുന്നത് ഒരു നല്ല ആസ്വാദകന്‍റെ മാനസിക വിശുദ്ധിയോടെ ഇവന്‍ കണ്ടിരുന്നിട്ടുണ്ട്‌. തന്‍റെ മോട്ടോര്‍സൈക്കിളില്‍ എണ്‍പതുകളിലെ മലയാളസിനിമയെ അനുസ്മരിപ്പിക്കുമാറ്‌ അയാള്‍ ആ ‘അമ്മച്ചിയെ‘ കൊണ്ടു നടക്കുന്നതു കണ്ടപ്പോള്‍ ലാല്‍ബാഗിലെ പൂക്കള്‍ക്കു പോലും നാണം വന്നു. കബന്‍ പാര്‍ക്കില്‍ വായീനോക്കാന്‍ വരുന്ന യുവമിഥുനങ്ങള്‍ അതു കണ്ടിരുന്നെങ്കില്‍ അവന്‍ അന്നത്തോടെ ആ പണി നിര്‍ത്തിയേനെ. കൂടെ ജോലി ചെയ്യുന്ന അരസികന്മാരായ അസൂയക്കാരില്‍ ചിലര്‍ പറഞ്ഞു ‘മേലുദ്യോഗസ്ഥയെ സോപ്പിടുവാണെന്ന്’. ആ പറഞ്ഞ വാക്കുകള്‍ക്ക് ആരൊക്കെ മാപ്പു കൊടുത്താലും ഞാന്‍ മാപ്പു കൊടുക്കില്ല. രണ്ടു കമിതാക്കളുടെ മാനസിക വിശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കെന്താണവകാശം?

വാരാന്ത്യത്തിലെ മദ്യലഹരിയില്‍ പെണ്‍കുട്ടികള്‍ ‘അര്‍ദ്ധ നിമീലിത കാതര നയന’ങ്ങളുമായി, റോഡിന്‍റെ അരികു ചേര്‍ന്നു മിണ്ടാതെ പോകുന്ന എന്നെപ്പോലെയുള്ള നിഷ്കളങ്കന്മാരെ മാടി വിളിക്കുന്ന ഒരു ശനിയാഴ്ച വൈകുന്നേരം, ഷോപ്പിംഗ് മാളുകളിലെയും, ഓഫീസ് വരാന്തകളിലെയും എക്സിക്യൂട്ടീവ് പ്രണയം കഴിഞ്ഞ് പ്രണയാലസ്യത്താല്‍ തോളില്‍ ചാഞ്ഞു കിടക്കുന്ന പ്രിയതമയെയും വഹിച്ചു കൊണ്ട്‌ (ചുമന്നു കൊണ്ട്‌ എന്നു പറയുന്നത്‌ കാമുക ഹൃദയങ്ങളെ മുറിപ്പെടുത്തുമത്രേ) കാമുകക്കൂട്ടങ്ങള്‍ ജാഥ പോലെ തിരക്കിട്ടും, അല്ലാതെയും നീങ്ങുന്ന പെരുവഴിയിലേക്ക് വെറുതേ വായീനോക്കി നിന്ന എന്നൊട്‌ ഒരു സഹപ്രവര്‍ത്തക വന്ന്‌ ഒരു സത്യം രഹസ്യമായി പറഞ്ഞു. നമ്മുടെ കഥാപാത്രങ്ങള്‍ രണ്ടും സ്ഥലം വിട്ടു!!!

മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി.

ഒന്നാമതായി ഒരു പ്രണയം വിജയിച്ചല്ലോ, കാത്തു കാത്തിരുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നായല്ലോ എന്ന, സഹജീവികളുടെ ഉന്നമനത്തിനായി എന്നും ആഗ്രഹിക്കുന്നവനും സര്‍വ്വോപരി പ്രണയം മനസ്സില്‍ സൂക്ഷിക്കുകയും കൊള്ളാവുന്ന ആളെ കിട്ടാത്തതിനാല്‍ പ്രയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നിഷ്കളങ്കന്‍ എന്ന നിലയില്‍.

രണ്ടാമതായി ഒഴിയാബാധ പോലെ തലക്കു മുകളില്‍ തൂങ്ങിക്കിടന്ന ഒരു കൊടുവാള്‍ ഒരുത്തന്‍റെ കൂടെ ചാടിപ്പോയല്ലോ എന്ന വിനീതനായ ഒരു കീഴ്ജീവനക്കാരന്‍റെ ആശ്വാസത്തില്‍ നിന്നും ഉടലെടുത്ത സന്തോഷം.

മൂന്നാമതായി, ഒരു പണിയും ചെയ്യാതെ കമ്പ്യൂട്ടറില്‍ ചീട്ടും കളിച്ച്, യാഹൂ മെസ്സഞ്ചറില്‍ ചാറ്റും ചെയ്തിരിക്കുന്ന മേല്‍ പറഞ്ഞ പ്രൊഡക്ഷന്‍ മാനേജര്‍ കാരണം തൊട്ടപ്പുറത്തെ ഓഫീസിലെ റിസപ്ഷനിസ്റ്റായ ഒരു സര്‍വ്വാംഗസുന്ദരിയുടെ കടാക്ഷങ്ങള്‍ക്ക് ഒരിക്കല്‍ പോലും ദര്‍ശനം കൊടുക്കാന്‍ കഴിയാതിരുന്ന എന്നിലെ കാമുകഹൃദയം ചുമ്മാ കേറിയങ്ങു സന്തോഷിച്ചതാ. ഞാന്‍ വേണമെന്നു വച്ചിട്ടല്ല.

തുടര്‍ന്നു വന്ന ദിവസങ്ങളില്‍ ഒരു പുതിയ ഡിക്ഷണറിയുണ്ടാക്കുവാനും മാത്രം പോരുന്ന പുതിയ പുതിയ പഞ്ചവര്‍ണ്ണത്തെറികളാല്‍ മുതലാളി ആ നവദമ്പതികളെ വേണ്ടുവോളം ശകാരിച്ചുകൊണ്ടിരുന്നു. (കുറ്റം പറയാന്‍ പറ്റുകേല... കുറ്റം പറയരുത്‌)

അങ്ങനെ വീണ്ടും കാലത്തിന്‍റെ കച്ചടാവണ്ടി, ലൈസന്‍സും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാതെ, ഇന്‍ഷുറന്‍സും പുതുക്കാതെ മുന്നോട്ട്...

കൃത്യമായി മുപ്പതാം തീയതി ശമ്പളം കിട്ടുന്ന കമ്പനിയില്‍ ജോലി ചെയ്തു മടുത്തതു കൊണ്ടും, ഒരു സായിപ്പ്‌ ചിരിച്ചു കാണിച്ചതു കൊണ്ടും അടിയന്‍ അവിടെ നിന്നും വിട കൊണ്ടു. (സായിപ്പിനെ കണ്ടാല്‍ പണ്ടേ നമ്മള്‍ മലയാളികള്‍ക്ക് അല്പം ഇളക്കം ഉണ്ടാവുന്നതു പതിവാണല്ലോ)

കാലം കുറച്ചു കൂടി വേഗത്തില്‍ പോകാന്‍ തുടങ്ങി. (പുതിയ വണ്ടി വാങ്ങി... ഞാനല്ല. കാലം) അങ്ങനെയിരിക്കേ സായിപ്പിന്‍റെ പൂമുഖപ്പടിയില്‍ ഒരു തേജോമയമായ മുഖകമലം കണ്ടു ഞാനൊന്നമ്പരന്നു. നമ്മടെ പഴയ കാമുകന്‍!

പതിയെ ചെന്നു പരിചയം പുതുക്കി. അല്പം പോലും ചമ്മലില്ലാതെ ആശാന്‍ എന്നോടു സംസാരിച്ചു. സംസാര മധ്യേ കൈവശമുണ്ടായിരുന്ന ആത്മപ്രശംസാപത്രിക വാങ്ങി ഒന്നു തുറന്നു നോക്കി. അന്നു കൊണ്ടുവന്ന ഉഡായിപ്പു യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഒന്നു കൂടിക്കണ്ട്‌ സായൂജ്യമടയാനാണ് തുറന്നു നോക്കിയത്. പക്ഷേ കണ്ടതു മറ്റൊരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മാരിറ്റല്‍ സ്റ്റാറ്റസ്‌ എഴുതി വച്ചിരിക്കുന്നു ആശാന്‍ ഇപ്പൊഴും ഒറ്റക്കാണെന്ന്‌!!! നമ്മുടെ പഴയ പ്രൊഡക്ഷന്‍ മാനേജരെ വഴിയാധാരമാക്കിയിട്ടാണോ അദ്ദേഹം ഇങ്ങോട്ടു നാടു വിട്ടത്? അതോ അമ്മച്ചി ഈ പയ്യന്‍സിനെയാണോ വഴിയാധാരമാക്കിയത്?

ഇതിനിടെ സായിപ്പിന്‍റെ കിങ്കരന്‍ വന്ന് ആശാനെ അകത്തോട്ടു കൊണ്ടു പോയി. ഞാന്‍ എന്‍റെ വഴിക്കും പോയി... പിന്നീടിതു വരെ ഞാനയാളെ കണ്ടിട്ടില്ല. പക്ഷേ അയാള്‍ അപേക്ഷിച്ചിരുന്ന പോസ്റ്റില്‍ കൊള്ളാവുന്ന ഒരുത്തന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്‌. ഏകദേശം അഞ്ചാറു മാസമായിക്കാണും.


© ജയകൃഷ്ണന്‍ കാവാലം

Friday, November 7, 2008

ഒരു അപേക്ഷ

എത്രയും ബഹുമാനപ്പെട്ട എം.ഡി സാറിന് കായംകുളം താപനിലയത്തിന്‍റവിടുന്ന് ചേപ്പാട്ടോട്ടു പോകുമ്പം മമ്മൂഞ്ഞിന്‍റെ ഷാപ്പിന്‍റവിടുന്ന് മൂന്നാമത്തെ വീട്ടില്‍ സ്ഥിരതാമസക്കാരനായ ശശി എന്ന ഞാന്‍ സമര്‍പ്പിക്കുന്ന കമ്പനി തൂപ്പു ജോലിക്കുള്ള അപേക്ഷ.

സാര്‍,

സാറിന്‍റെ സ്ഥാപനത്തില്‍ ഒരു ഒഴിവുള്ളത് അറിയാനിടയായി. എനിക്ക് ആ ജോലി തരുന്നതുകൊണ്ട്‌ എന്തുകൊണ്ടും സാറിന് പ്രയോജനമല്ലാതെ മറ്റൊന്നും ഉണ്ടാവില്ലെന്ന് സാര്‍ മനസ്സിലാക്കണം. ഈ സ്ഥാപനത്തിന്‍റെ എം ഡി ആയ സാര്‍ കുറഞ്ഞത് ഒരു എം എ ബിരുദ ധാരിയെങ്കിലും ആയിരിക്കുമല്ലോ. തീര്‍ച്ചയായും ഏഴാം ക്ലാസ് വരെയെ പെഠിച്ചിട്ടുള്ളെങ്കിലും ഞാനും സാര്‍ പള്ളിക്കൂടത്തിലും കോളേജിലുമായി ചിലവഴിച്ച അത്രയും കാലം കൊണ്ടാണ് ഏഴു ക്ലാസ്സുകള്‍ പിന്നിട്ടത്. അതായത് നമ്മുടെ രണ്ടു പേരുടെയും വിദ്യാഭ്യാസകാലഘട്ടം ഏകദേശം ഒന്നുതന്നെയാണ്. എന്തു പഠിച്ചു എന്നതിനേക്കാള്‍ എത്രകാലം പഠിച്ചു എന്ന പുരോഗമനാത്മകമായ ചിന്തയിലേക്ക് സാര്‍ മാറിച്ചിന്തിക്കും എന്നെനിക്കുറപ്പുണ്ട്‌.

മറ്റൊന്നുള്ളത് ഞാന്‍ ഒരു അവിവാഹിതന്‍ ആണെന്നുള്ളതാണ്. ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സാവധാനം സാറിന്‍റെ ഏക മകളെ എനിക്കു വിവാഹം ചെയ്യാന്‍ കഴിയും. സാറിന്ന് ഈ വയസ്സുകാലത്ത് ഈ കഷണ്ടിയും, കുടവയറും എല്ലാമായി ഈ കമ്പനി ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതിന്‍റെ കഷ്ടപ്പാടുകള്‍ എനിക്കു മനസ്സിലാകും. സാറിന്‍റെ മരുമകന്‍ എന്ന നിലയില്‍ ഈ കമ്പനി ഏറ്റെടുത്തു നടത്താനും ഞാന്‍ തയ്യാറാണ്.

ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിക്കു വരുമ്പോള്‍ സാറിനെക്കേറി അമ്മാവാ എന്നു വിളിക്കുവാന്‍ താല്പര്യപ്പെടുന്നു. അല്ലെങ്കില്‍ പിന്നീട് മാറ്റി വിളിക്കുന്നത് ബിദ്ധിമുട്ടായിത്തീരുമല്ലോ. ഇപ്പൊഴത്തെ ജീവിതച്ചിലവുകളും, ഞാന്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളേക്കുറിച്ച് ഭാവിയിലേക്കു നീണ്ടു നില്‍ക്കുന്ന ചിന്തയും കണക്കിലെടുത്ത് കുറഞ്ഞത് സാര്‍ എനിക്ക് ഒരു പതിനായിരം രൂപയില്‍ കുറയാതെ ശമ്പളം തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നായാലും ഇതെല്ലാം എനിക്കു വന്നു ചേരേണ്ടതാണല്ലോ.

എന്തായാലും നമ്മുടെ ഈ ആസൂത്രണങ്ങളെക്കുറിചൊന്നും സാറിന്‍റെ മകള്‍ ഇപ്പോള്‍ അറിയണ്ട. അവളുടെ ഭാവിയെ കരുതിയാണ് ഞാനിതു പറയുന്നത്. പിന്നെ ഒരു കാര്യം അവള്‍ ചുരിദാറിടുന്നത് എനിക്കിഷ്ടമില്ല. അതു കൊണ്ട്‌ അവളോട്‌ ഇനു മുതല്‍ സാരി ഉടുത്താല്‍ മതിയെന്ന് ഉപദേശിക്കണം. ഇക്കാര്യം ജോലിക്കുള്ള അപേക്ഷയില്‍ സൂചിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് സാറിന് തോന്നുമായിരിക്കാം. പക്ഷേ എന്‍റെ സുതാര്യവും, സത്യസന്ധവുമായ പ്രകൃതം സാറിന്‍റെ മുന്‍പില്‍ ആവിഷ്കരിക്കാന്‍ വേണ്ടി മാത്രമാണ് ഇതു കൂടി കൂട്ടിച്ചേര്‍ത്തത്.


എന്ന്
മോഹനപ്രതീക്ഷകളും, സ്വപ്നങ്ങളും,
ആത്മവിശ്വാസവുമായി

ശശി
പുലിമടയില്‍ ഹൌസ്
നിയര്‍ താപനിലയം,
ബിഹൈന്‍ഡ് മമ്മൂഞ്ഞ്‌സ് ഷാപ്പ്
ചേപ്പാട് പ്.ഒ.
കായംകുളം
ആലപ്പുഴ,കേരള,ഇന്‍ഡ്യ,ഏഷ്യ,എര്‍ത്ത്.

© ജയകൃഷ്ണന്‍ കാവാലം

Friday, October 24, 2008

മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 2 (അവസാന ഭാഗം)


ആദ്യ ഭാഗം ഇവിടെ

ഇപ്പൊ വന്നേയുള്ളോ?

അതേ

എല്ലാവരും പോയോ?

പോയി

ഇനി എത്ര നാള്‍?

ആര്‍ക്കറിയാം... കാത്തിരിക്കാതെ നിവൃത്തിയില്ലല്ലോ...

രണ്ടു പേരും പരേതാത്മാക്കളാണ്. ഒരാളെ ഇപ്പോള്‍ കൊണ്ടു വന്ന് ചിതയില്‍ വച്ചതേയുള്ളൂ. മറ്റേ വിദ്വാന്‍ കുറേ ദിവസമായ ലക്ഷണമുണ്ട്‌. ഏതായാലും ഞാനും അവരുടെ കൂട്ടത്തില്‍ കൂടി. എന്നെക്കണ്ടപ്പോള്‍ അവര്‍ക്കാകെ ഒരു പരിഭ്രമം. ഞാന്‍ കൂട്ടു കൂടാന്‍ ചെന്നപ്പോള്‍ ഒരുത്തന്‍ പറഞ്ഞു.

നീ മനുഷ്യനല്ലേ? ഞങ്ങള്‍ ഒരു വിധത്തില്‍ ആ വൃത്തികെട്ട വേഷത്തില്‍ നിന്നു പുറത്തു ചാടിയതേയുള്ളൂ. നീ ശരിയാവില്ല.

ഞാന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു: സുഹൃത്തേ... ഞാന്‍ ചത്തില്ലെന്നേയുള്ളൂ മനസ്സുകൊണ്ട് ഞാന്‍ നിങ്ങളോടൊപ്പമാ. മനുഷ്യന്‍റെ തോന്ന്യാസങ്ങളൊന്നും ഞാനും കാണിക്കാറില്ല. എന്നെക്കൂടി നിങ്ങളുടെ സുഹൃത്താക്കണം. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം

എന്‍റെ നിഷ്കളങ്കമായ മുഖത്തേക്ക്. മനുഷ്യരൂപമാര്‍ന്ന മഞ്ഞു പോലെയുള്ള ആ രണ്ടു പേരും അല്പനേരം സൂക്ഷിച്ചു നോക്കി. ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.

എത്ര നിഷ്കളങ്കമായ മുഖം. ഇത്രയും നിഷ്കപടതയാര്‍ന്ന ഇവരുടെ രൂപം കാണുമ്പോള്‍ മനുഷ്യന് ഇരിക്കപ്പൊറുതിയില്ലാതാവുന്നതെന്തു കൊണ്ടാ? എവിടെയെങ്കിലും ഇവരുടെ വെട്ടം കണ്ടു പോയെങ്കില്‍ നിലവിളിയായി, ബഹളമായി, മന്ത്രവാദിയുടെ അടുത്തേക്ക് നെട്ടോട്ടമായി... അതും പോരാഞ്ഞ് മന്ത്രവാദിയുടെ കയ്യില്‍ നിന്നു നല്ല വീക്കും അവസാനം ഏതെങ്കിലും ആണിയില്‍ വല്ല മരത്തിലോ, കുടത്തിലോ... കഷ്ടം ചത്താലും വിടാതെ ദ്രോഹിക്കാന്‍ മനുഷ്യര്‍ ചെയ്യുന്നതിലും എന്തു ദ്രോഹമാണിവര്‍ ചെയ്യുന്നത്?

എന്തായാലും എന്‍റെ വാക്കുകള്‍ അവര്‍ക്കു വിശ്വാസമായി. അങ്ങനെ ഞങ്ങള്‍ അല്പനേരം സംസാരിച്ചിരുന്നു. സംസാരമദ്ധ്യേ ഞാന്‍ ചോദിച്ചു.

ഇവിടെ എല്ലാവരും നല്ല ഉറക്കമാണെന്നു തോന്നുന്നല്ലോ. ആരെയും കാണുന്നില്ല. നിങ്ങള്‍ മാത്രമെന്താ ഇവിടിങ്ങനെ ചുറ്റിക്കറങ്ങി നടക്കുന്നത്‌?

അപ്പൊള്‍ കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു. ഞങ്ങള്‍ മാത്രമല്ല അതാ അങ്ങോട്ടു നോക്കൂ വേറെയും ചിലരുണ്ട്‌.

ശരിയാണ്. വേറെ കുറേപ്പേര്‍ കൂടിയുണ്ട്‌. കുറേപ്പേര്‍ കപ്പലണ്ടിത്തോട്ടത്തില്‍ കറങ്ങി നടന്ന് വിളവെത്തിയ കപ്പലണ്ടികള്‍ മാന്തിത്തിന്നുന്നു. വേറെ ചിലര്‍ മരങ്ങളില്‍ തലകീഴായി ആടിക്കളിക്കുന്നു. ഇനിയും ചിലര്‍ കാര്യമായെന്തൊക്കെയോ ചിന്തിച്ചും, കണക്കു കൂട്ടിയും അവിടവിടെ ചുറ്റിത്തിരിയുന്നു. ഇനിയും ചിലര്‍ ചിതയില്‍ കത്തിക്കൊണ്ടിരിക്കുന്ന തലയോട്ടി എടുത്തു തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ അഭിപ്രായങ്ങള്‍ തമ്മില്‍ തമ്മില്‍ പറയുന്നു.

ഞാന്‍ ചോദിച്ചു. എന്താ നിങ്ങള്‍ക്കൊക്കെ ഇങ്ങനെ നടന്നാല്‍ മതിയോ? പരലോകം എന്നൊരു സ്ഥലമുണ്ടെന്നു കേട്ടിട്ടുണ്ട്‌. അങ്ങോട്ടേക്കു പോകുന്നില്ലേ?

അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു. പോകണമെന്നു ഞങ്ങള്‍ക്കാഗ്രഹമുണ്ട്‌. എന്നാല്‍ ചത്തു മേലോട്ടു ചെന്നപ്പോഴാണ് അവിടെ ചെല്ലുന്നതിന്‍റെ നൂലാമാലകള്‍ പിടികിട്ടിയത്.

എന്തു നൂലാമാലകള്‍? ഞാന്‍ ചോദിച്ചു

ഭൂമിയില്‍ പിള്ളേര്‍ക്ക് നേഴ്സറിയില്‍ അഡ്മിഷന്‍ കിട്ടാനുള്ളതിനേക്കാള്‍ കഷ്ടമാ അവിടേക്ക് പ്രവേശനം കിട്ടാന്‍. മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വാസനകള്‍ നമ്മെ പിന്തുടരുമെന്നുള്ള കാര്യം അറിയാമല്ലോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പാപമൂല്യം ഒരു നരകത്തിനും ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു. അഫിലിയേഷന്‍ ഇല്ലാത്തതു കൊണ്ട്‌ രണ്ടുമൂന്നു നരകങ്ങള്‍ പൂട്ടുക കൂടി ചെയ്തതോടെ വളരെ കര്‍ക്കശമാണ് അവിടുത്തെ നിയമങ്ങളിപ്പോള്‍. അതുകൊണ്ട്‌ ഭൂമിയില്‍ തന്നെ പുനര്‍ജനിച്ചോ, എല്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന, ഞങ്ങള്‍ക്കൊപ്പം പാപബലമുള്ള ആരുടെയെങ്കിലും ശരീരത്തില്‍ കൂടിയോ ഇനിയും നിറവേറാന്‍ കഴിയാത്ത ആഗ്രഹങ്ങളെല്ലാം സാധിച്ചിട്ട് അങ്ങോട്ടു ചെന്നാല്‍ മതിയെന്നു പറഞ്ഞു.

എന്നാല്‍ പിന്നെ നേരം കളയാതെ പോയി പുനര്‍ജനിച്ചു കൂടേ? ഞാന്‍ ചോദിച്ചു.

അയ്യോ വയ്യ. ഇനി ഒരിക്കല്‍ക്കൂടി ആ വൃത്തികെട്ടവന്മാരുടെ കൂടെ ജീവിക്കാന്‍ വയ്യ.

എന്നാൽപ്പിന്നെ പറ്റിയ ആരുടെയെങ്കിലും ശരീരം കണ്ടെത്തി കൂടെ കൂടാമല്ലോ... അങ്ങനെയൊരു ഓപ്ഷന്‍ കൂടി കാലന്‍ തന്നിട്ടില്ലേ?

അതു ശരിയാണ്. പക്ഷേ അതിനു പറ്റിയ ഒരുത്തനെ അന്വേഷിച്ചിട്ട് കിട്ടുന്നില്ല.

ഞാന്‍ ചോദിച്ചു. ആട്ടേ, ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ ആരൊക്കെയായിരുന്നു?

ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. വിഗ്രഹം അടിച്ചോണ്ട് പോയവഴിക്ക്‌ നാട്ടുകാരു തല്ലിക്കൊന്നതാ.

രണ്ടാമന്‍ പറഞ്ഞു: ഞാന്‍ കേരളത്തില്‍ ഒരു സ്വകാര്യ പ്രൊഫഷണല്‍ കോളേജിന്‍റെ ഉടമയായിരുന്നു. നാടു വിട്ടു പോന്നതാ ഇങ്ങോട്ട്. ഇവിടെ വച്ചായിരുന്നു അന്ത്യം.

ഓഹോ... അപ്പോള്‍ മലയാളിയാണല്ലേ? ഞാനും മലയാളിയാ... കണ്ടുമുട്ടിയതില്‍ സന്തോഷം... ഞാന്‍ പറഞ്ഞു.

ഓര്‍ക്കാപ്പുറത്ത് അയാള്‍ അയ്യോ എന്നൊരു വിളി വിളിച്ചു.

ഞാന്‍ പറഞ്ഞു, പേടിക്കണ്ട ഞാനൊന്നും ചെയ്യില്ല. എങ്കിലും അയാള്‍ പിന്നീട് ഒരു അകലം പാലിച്ചേ നിന്നുള്ളൂ. ഇതിനിടയില്‍ ഒന്നിച്ചു കെട്ടിത്തൂങ്ങിച്ചത്ത കമിതാക്കളുടെ ആത്മാക്കള്‍ പരസ്പരം ശൃംഗരിച്ചു കൊണ്ടു കടന്നു പോയി. അവര്‍ ഞങ്ങളെ കണ്ടതേയില്ല.

എന്തായാലും കഴിയുമെങ്കില്‍ ഇവരെ അനുയോജ്യമായ ശരീരങ്ങള്‍ കണ്ടെത്താന്‍ ഒന്നു സഹായിക്കാമെന്നു തോന്നി.

നാട്ടിലെ രാഷ്ട്രീയക്കാര്‍, പ്രൊഫഷണല്‍ കോളേജുടമകള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, ബാംഗ്ലൂരില പെണ്‍കുട്ടികള്‍, മഹാരാഷ്ട്രയിലെ ദാദാമാര്‍, തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, ചങ്ങനാശ്ശേരിയിലെ ലോറി ഡ്രൈവര്‍മാര്‍, തമിഴ്നാട്ടിലെ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്ന പ്രൊഫഷണത്സ്, തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ ജീവനക്കാര്‍, ആന്ധ്രയിലെ കാളക്കച്ചവടക്കാര്‍, എനിക്കറിയാവുന്ന നാട്ടിലെ കോളേജുകളിലെ ബലാത്സംഗ വീരന്മാരായ അദ്ധ്യാപകര്‍, ജനിച്ചിട്ടു കള്ളം മാത്രം പറഞ്ഞിറ്റൂള്ള ജ്യോത്സ്യന്മാര്‍, കെ.എസ്.ആര്‍.ടി.സി യില്‍ കാന്‍റീന്‍ നടത്തുന്നവര്‍, കാശു മേടിച്ചു കീശയിലാക്കിയിട്ട് മൂക്കു പോലും പൊത്താതെ ബസ്സ്സ്റ്റേഷനുകളിലെ മൂത്രപ്പുരക്കു കാവല്‍ നില്‍ക്കുന്നവന്മാര്‍, കാവാലത്തെ ബോട്ട് ജട്ടികളിലും, കലുങ്കുകളിലും വായീ നോക്കാനിരിക്കുന്നവന്മാര്‍, മെഗാസീരിയല്‍ പ്രവര്‍ത്തകര്‍, അഴിമതിക്കാരായ മന്ത്രിമാര്‍ തുടങ്ങി ഓര്‍മ്മയില്‍ തെളിഞ്ഞു വന്ന എല്ലാ മഹാപാപികളുടെ പേരുകളും ഞാന്‍ പറഞ്ഞു നോക്കി.

അവരൊക്കെ ഞങ്ങളേക്കാള്‍ റേഞ്ച് കൂടിയവരാ... അത്രേം മഹാപാപം ഞങ്ങള്‍ ചെയ്തിട്ടില്ല. അവരോടൊപ്പം കൂടിയാല്‍ ഞങ്ങള്‍ വഴി പിഴച്ചു പോകും. പോറ്റിപ്രേതം പറഞ്ഞു.

ഞാന്‍ പ്രൊഫഷണല്‍ കോളേജ് തുടങ്ങി ഒന്നര മാസത്തിനകം ചത്തു. അതു കൊണ്ട്‌ എനിക്കു യോജിച്ചവന്മാരും ഇല്ല. അവരൊക്കെ ഇപ്പോള്‍ പാപത്തിന്‍റെ കാര്യത്തില്‍ എന്നെക്കാള്‍ സീനിയേഴ്സായി. മറ്റേ പ്രേതവും നിസ്സഹായനായി.

അങ്ങനെ എങ്ങുമെങ്ങുമെത്താതെ ഞങ്ങള്‍ പിരിഞ്ഞു. പിന്നെയും ഇടക്കിടെ ഞങ്ങള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

അങ്ങനെ നാളുകള്‍ കുറേ കഴിഞ്ഞപ്പോള്‍ പോറ്റിപ്രേതത്തിന് വിദ്യാഭ്യാസം കഴിഞ്ഞ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നു മണിക്കൂറുകള്‍ മാത്രം പിന്നിട്ട ഒരു ഡോക്ടറുമായി പാപം മാച്ചായി. വേദനയോടെ യാത്ര പറഞ്ഞ് ആ പ്രേതം അയാളുടെ കൂടെ കൂടി. പിന്നീടുള്ള കണ്ടുമുട്ടലുകളില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമായി. മനുഷ്യനായ എന്നോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ സഹപ്രേതങ്ങളുടെ കുത്തുവാക്കുകള്‍ അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ദിവസം അയാള്‍ വിഷമത്തോടെ എന്നോടു പറഞ്ഞു:

നിങ്ങളോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ അവരാരും എന്നെ അടുത്തേക്കു പോലും ചെല്ലാന്‍ അനുവദിക്കുന്നില്ല. ഞാന്‍ നടക്കുന്ന വഴിയില്‍ അവര്‍ വെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടേ നടക്കുകയുള്ളൂ. ഏകാന്തതയില്‍ ഞാന്‍ ഒരു പാട്ടു പാടിയാല്‍ തന്നെ അതു കേട്ടവര്‍ ചെവി പൊത്തുന്നു. മനുഷ്യനായ നിങ്ങളോടു കൂട്ടു കൂടിയാല്‍ എന്‍റെ പാപം ഇനിയും കൂടുമെന്നാണവര്‍ കരുതുന്നത്‌. എങ്കിലും എനിക്കു നിങ്ങളുടെ സൌഹൃദം അവസാനിപ്പിക്കാന്‍ മനസ്സു വരുന്നില്ല. മനുഷ്യന്‍റെ കൂടെ കൂടുന്നതിലും ഭേദം വല്ല ആണിയിലോ, പാലമരത്തിലോ നൂറ്റാണ്ടുകളോളം ശ്വാസം മുട്ടി കഴിയുന്നതാണെന്നാണവരു പറയുന്നത്.

അയാളുടെ ദൈന്യ സ്ഥിതിയില്‍ എനിക്കു വിഷമം തോന്നി. അങ്ങനെ കറങ്ങി നടന്നപ്പോള്‍ അതു വഴി ഒരു സന്യാസി പോകുന്നതു കണ്ടു. ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. ആ പോകുന്നയാള്‍ എങ്ങനെയുണ്ട്‌? തനിക്കു പറ്റുമോ?

അയാള്‍ മെല്ലെപ്പറന്ന് ആ സന്യാസിയെ ഒന്നു വലം വച്ചു തിരിച്ചു വന്നു. അയാളുടെ മുഖം പ്രസന്നമായിരുന്നു. മഞ്ഞു പോലെ വെളുവെളുത്ത ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നിന്നിരുന്നു. സ്നേഹപൂര്‍വം അയാള്‍ എന്‍റെ താടിക്കു പിടിച്ചു കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു. നീയെന്‍റെ സുഹൃത്ത് തന്നെയാണ്. ആ പോകുന്നവന്‍ ഒരു പൂച്ച സന്യാസിയാ. അയാളുടെ കാവി വസ്ത്രത്തിനുള്ളീല്‍ ഒരു പായ്കറ്റ് ‘വിത്സും’ ഒരു ഫോറിന്‍ ലൈറ്ററുമുണ്ട്‌. അവന്‍ ഇട്ടിരിക്കുന്ന ചെരുപ്പ് ‘ബാറ്റാ’യുടേതാണ്. നരച്ച മുടിയില്‍ മുഴുവനും വില കൂടിയ ‘ഡൈ’ തേച്ചിരിക്കുവാ. അവനിപ്പോള്‍ പായ്ക്കറ്റ് ചാരായം അടിക്കാനുള്ള പോക്കാ. അവന്‍ അതു കുടിച്ചു കഴിഞ്ഞാല്‍ അവന്‍റെ പാപമൂല്യം ഇനിയും കൂടും. പിന്നെ എനിക്കവനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങളുടെ പാപങ്ങള്‍ ഏതാണ്ടു തുല്യമാ. ഞാന്‍ പോയി വരട്ടേ...

പ്രേതത്തിന്‍റെ നനുനനുത്ത പഞ്ഞിക്കൈകള്‍ എന്‍റെ താടിയില്‍ ആത്മീയമായ ഒരു കുളിരു പകര്‍ന്നു. അയാള്‍ തിരിഞ്ഞു നോക്കാതെ ആ സന്യാസിയിലേക്കു മെല്ല പറന്നടുത്തു. ആ പ്രേതം പ്രവേശിച്ചതിലൂടെ അപ്പോഴുണ്ടായിരുന്നതിലും ഭേദപ്പെട്ട ഒരു രൂപമായി ആ സന്യാസി മാറി...

പിന്നീടൊരിക്കലും ഞാന്‍ ആ ശ്മശാന ഭൂമിയില്‍ പോയിട്ടില്ല. സ്വസ്ഥതയാഗ്രഹിക്കുന്ന പ്രേതാത്മാക്കള്‍ക്ക് മനുഷ്യന്‍റെ സാമീപ്യം എത്രമാത്രം ദുഃസ്സഹമാണെന്നത് ആ പ്രേതത്തിന്‍റെ ദയനീയ അവസ്ഥയില്‍ നിന്നും എനിക്കു ബോദ്ധ്യമായിരുന്നു.

© ജയകൃഷ്ണന്‍ കാവാലം

Wednesday, October 22, 2008

മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 1

ഇത് ഒരു പ്രേതകഥയാണ്. ആരും പേടിക്കില്ല എന്നു വിശ്വസിക്കുന്നു. രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കട്ടെ.

അദ്ധ്യായം ഒന്ന്

പൂനായില്‍ പഠിക്കുന്ന കാലം...

പഠനത്തിന്‍റെ വസന്തകാലം... പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്ന അഭ്യാസം തകൃതിയായി
നടക്കുമ്പൊഴും ഉള്ളിലുറങ്ങുന്ന കാവാലത്തുകാരന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന്‍റെ അസ്ക്യതകള്‍ അല്പാല്പം പ്രകടമായിരുന്നു.

മലയാളം പറ്റില്ല എന്നൊരു ദുരവസ്ഥയുണ്ടായിരുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ ശുഭം. എങ്കിലും മലയാളിയുടെ വിലയെന്തെന്നറിഞ്ഞ മനോഹര കാലം. മലയാളിക്ക് ബുദ്ധി കൂടുതലാണത്രേ!!! (അപ്പോള്‍ അല്പം കൂടിയ മലയാളിയായ കാവാലത്തുകാരനോ? തീര്‍ച്ചയായും വക്രബുദ്ധിയാവില്ല. ഞങ്ങള്‍ കാവാലത്തുകാര്‍ ശുദ്ധന്മാരല്ലേ...) രാവിലെ ഒന്‍പതു പണിക്കു മുന്‍പേ വീട്ടില്‍ നിന്നിറങ്ങിയാല്‍ പ്രോജക്ട്, വായീനോട്ടം ഇവയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പാതിരാത്രിയാകും. വല്ലപ്പോഴും നമ്മുടെ എം എല്‍ എ മാര്‍ മണ്ടന്മാരായ പ്രജകളെ കാണാന്‍ സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നതു പോലെ ഒരു ഒഴിവു ദിനം ലഭിക്കും. ആ ഒഴിവു ദിനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അടുത്തു തന്നെ ഒരു ശ്മശാനം ഉണ്ടായിരുന്നു.

അതൊരു പ്രത്യേക ശ്മശാനം തന്നെയായിരുന്നു. ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗ,കക്ഷി,റ്രാഷ്ട്രീയ ഭേദമെന്യേ ധാരാളം ആത്മാക്കള്‍ അവിടെ വിശ്രമിക്കുന്നു. നീണ്ട റെയില്പാളത്തിന്‍റെ ഒരു വശത്ത് കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ മൂന്നു ചിതകള്‍. പരേതന്മാര്‍ക്ക് സൌകര്യം പോലെ അവിടെ വന്നു വെന്തടങ്ങാം. അങ്ങനെ വെന്തടങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മണ്ണിനടിയില്‍ കിടന്നുറങ്ങാനുള്ള സൌകര്യവും അവിടെയുണ്ട്‌. അങ്ങനെ മണ്ണിനടിയില്‍ കിടത്തിയുറക്കി, എഴുന്നേറ്റു പോകാതിരിക്കാന്‍ ബന്ധുക്കള്‍ സ്ഥലം വിടുന്നതിനു മുന്‍പേ വച്ച കല്ലുകളും ചുമന്ന് വേറേ കുറേ ആത്മാക്കളും അവിടെ വിശ്രമിക്കുന്നു. അതിനോടു ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുമുണ്ട്‌. മറു വശത്ത് കണ്ടാല്‍ മുസ്ലീം പള്ളി പോലെ തോന്നിക്കുന്ന ഒരു ചെറിയ മണ്ഡപവും, അതിനോട്‌ ചേര്‍ന്ന് വള്ളിപ്പടര്‍പ്പുകളാല്‍ മൂടിയ ഒരു കുളവും, കുളത്തിനുള്ളില്‍ ഒരു ചെറിയ അറയില്‍ ശിവലിംഗം പോലെ തോന്നിക്കുന്ന ഒരു വിഗ്രഹവും ഇരുവശവും നോക്കെത്താദൂരത്തോളം കപ്പലണ്ടിപ്പാടങ്ങളും, മരങ്ങളും എല്ലാം കൂടി ഏകാന്തമായ ഒരു സ്ഥലം.

അവിടെ വന്നിരുന്നുള്ള വിശ്രമം വളരെ സുഖകരമാണ്. ആരും ശല്യം ചെയ്യാന്‍ വരില്ല. പരേതാത്മാക്കളും, ചിലപ്പോള്‍ കയ്യില്‍ കരുതുന്ന പുസ്തകവും മാത്രം കൂട്ട്.

ഒരു ദിവസം കോളേജില്‍ വലിയൊരു യുദ്ധം നടന്നു. കൂടെ പഠിച്ചിരുന്ന മണാലി എന്നൊരു അല്പവസ്ത്രധാരിണി എന്നിലെ കാമുകനെ തൊട്ടുണര്‍ത്താന്‍ ശ്രമിച്ചു. പ്രേമിക്കാനുള്ള പ്രായവും, പക്വതയും, മൂഡും ഇല്ലാതിരുന്ന ഞാന്‍ അതു നിരസിച്ചു. മലയാളം അറിയുന്ന കൊച്ചായിരുന്നെങ്കില്‍ പിന്നെയും വേണ്ടില്ലായിരുന്നു. എനിക്കാണെങ്കില്‍ ഹിന്ദിയില്‍ ചക്കരേ പഞ്ചാരേ എന്നൊന്നും വിളിക്കാനും അറിയില്ല. ഇംഗ്ലീഷില്‍ പ്രേമത്തിന്‍റെ ഒരു ‘ഇത്’ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ടു കൂടിയാണ് നിരസിച്ചത്. മാത്രവുമല്ല അവര്‍ കുടുംബത്തോടെ ബോഡി ബില്‍ഡേഴ്സാണ്. ഈ ഗുസ്തിക്കാരുടെ കയ്യേല്‍ പറ്റി പോകാനുള്ള ജന്മമല്ല എന്‍റേതെന്ന തിരിച്ചറിവ് അന്നേയെനിക്കുണ്ടായിരുന്നു. അവള്‍ക്കെന്നോട്‌ തോന്നിയ അമര്‍ഷം തീര്‍ക്കാന്‍ അവള്‍ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്‌.

മലയാളിക്ക് സംഗീതബോധമില്ല, സ്വരം കൊള്ളില്ല, പാട്ടിനു മധുരമില്ല, പാട്ടെഴുതാന്‍ അറിയില്ല, വിഷ്വലൈസ് ചെയ്യാന്‍ അറിയില്ല, കേട്ടാല്‍ ഓക്കാനം വരും ഇങ്ങനെ പോകും പ്രതികാരം വീട്ടല്‍. നാലാളു കേള്‍ക്കെ സ്വന്തം ഭാഷയേയും, കലാകാരന്മാരെയും അവഹേളിച്ചാല്‍ സഹിക്കാന്‍ പറ്റുമോ? കയ്യില്‍ ഊത്തുകാടു വെങ്കിടസുബ്ബയ്യരുടെ, യേശുദാസ് പാടിയ ‘സ്വാഗതം കൃഷ്ണാ...’ എന്ന കീര്‍ത്തനമുണ്ടായിരുന്നു. എല്ലാത്തിനേം വിളിച്ച് ആഡിയോ സ്യൂട്ടില്‍ കൊണ്ടു പോയി കേള്‍പ്പിച്ചു കൊടുത്തു.

ഗന്ധര്‍വ്വന്‍റെ, ആത്മാവില്‍ അമൃതം പൊഴിക്കുന്ന നാദമാധുരിയില്‍ എല്ലാം മയങ്ങി. തീര്‍ന്നപ്പോള്‍ ഓക്കാനിക്കേണ്ടവര്‍ക്ക് പോയി ഓക്കാനിക്കാമെന്നു പറഞ്ഞു. എല്ലാം സ്ഥലം വിട്ടു. സന്മനസ്സുള്ളവര്‍ മലയാളഭാഷയേയും, കലാകാരന്മാരെയും കയ്യടിച്ചും, വാവു, മ്യാവു തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍പ്പിച്ചും പുകഴ്ത്തി.

ഒരിക്കല്‍ ഞാന്‍ മുണ്ടുടുത്തുകൊണ്ട്‌ പഠിക്കാന്‍ പോയി. അന്ന് ഞങ്ങളുടെ ഒരു അദ്ധ്യാപകനായ ഭാല്‍ചന്ദ്ര് കനിട്കര്‍, ഇങ്ങനെ മുണ്ടുടുക്കുന്നതിന്‍റെ ടെക്നിക് ഒന്നു പഠിപ്പിച്ചു കൊടുക്കാമോ എന്നു ചോദിച്ചു. അവര്‍ ആകെക്കൂടി ചുറ്റിക്കെട്ടിയാണല്ലോ ഉടുക്കുന്നത്. ഇങ്ങനെ ഉടുക്കുമ്പോള്‍ എന്തുകൊണ്ട്‌ ഉരിഞ്ഞു പോകുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സംശയം. സ്വന്തമായി മുണ്ടുടുക്കാന്‍ പോലുമറിയാത്ത നിങ്ങളാണോ ഞങ്ങള്‍ മലയാളിയുടെ സംഗീതബോധത്തെ ചോദ്യം ചെയ്യുന്നതെന്ന് റിക്കാര്‍ഡിംഗ് തീയറ്ററിന്‍റെ ഇടനാഴിയില്‍ക്കൂടി സ്ഥലം വിടാന്‍ ഭാവിച്ച മാന്യ സഹപാഠിനിയെ പിടിച്ചു നിര്‍ത്തി ചോദിക്കുക കൂടി ചെയ്തപ്പോള്‍ ഇവന്‍ അല്പം കൂടിയ ഇനമാണെന്നു പുള്ളിക്കാരിക്കു ബോധ്യമായി.

ഈ വിജയഗാഥാസ്മരണയുടെ ആത്മഹര്‍ഷം ആത്മാവിനെ വീര്‍പ്പു മുട്ടിച്ചപ്പോള്‍, വല്ലപ്പോഴും കണ്ടുമുട്ടുന്നു പ്രിയ പരേതാത്മാക്കളോട്‌ സന്തോഷം പങ്കു വയ്ക്കുവാന്‍ അവധി ദിവസമായിരുന്ന അടുത്ത ദിവസം ഞാന്‍ ശ്മശാനഭൂമിയിലേക്കോടി. എന്നാല്‍ സുഖമായുറങ്ങുന്ന അവരെ ശല്യപ്പെടുത്താന്‍ മനഃസ്സാക്ഷി അനുവദിച്ചില്ല. സ്ഥിരമായിരിക്കുന്ന മരത്തിലെ വള്ളിയില്‍ ചാരിക്കിടന്ന് ഒന്നു മയങ്ങി. സ്ഥലകാലബോധമില്ലാത്ത ഏതോ കിറുക്കന്‍ തീവണ്ടിയുടെ കൂക്കി വിളിയില്‍ ഉണര്‍ന്നപ്പോള്‍ മൂന്നു റീലുകള്‍ മാത്രം ഓടിയ സ്വപ്നം എവിടെയോ പോയൊളിച്ചു.

തൊട്ടപ്പുറത്തു നിന്നൊരു സംസാരം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.

തുടര്‍ന്നു വായിക്കാന്‍ ഇതിലേ പോവുക

© ജയകൃഷ്ണന്‍ കാവാലം

Friday, October 17, 2008

കരള്‍ പറഞ്ഞ കഥ

തിരുവനന്തപുരം ഒരു നല്ല സ്ഥലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശ്രീപദ്മനാഭന്‍റെയും, പാറശാല മഹാദേവന്‍റെയുമൊക്കെ സാന്നിധ്യമോ, അവിടെയുള്ള കറയില്ലാത്ത സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന കുറെയാളുകളുടെ ഒപ്പം അല്പകാലം ചിലവഴിച്ചതിന്‍റെ ഓര്‍മ്മകളോ, മഹത്തായ ഒരു കലയില്‍ വിദ്യാരംഭം കുറിക്കാനിടയായ സ്ഥലമായതു കൊണ്ടോ, സഹൃദയരും, ദീര്‍ഘ ദര്‍ശികളും, കലാകാരന്മാരും, ചിന്തകന്മാരും, പണ്ഡിതന്മാരും ധാരാളമുള്ള സ്ഥലമായതു കൊണ്ടോ, ധാരാളം ചാനലുകളും, കലാകേന്ദ്രങ്ങളും ഉള്ളതു കൊണ്ടാണോ, വിജ്ഞാനമാര്‍ഗ്ഗങ്ങള്‍ നിരവധിയുള്ളതു കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല, പഴയ രാജഭരണത്തിന്‍റെ തിരുശേഷിപ്പുകള്‍ ഇന്നും അവിടവിടെയായി പൊടി പിടിച്ചു കിടക്കുന്ന അനന്തപുരിയോടെനിക്ക് പ്രണയമാണ്...

കയ്യിലിരുപ്പ് തീരെ ശരിയല്ലാത്തവന്മാര്‍ ധാരാളമുള്ള സ്ഥലമെന്നു പേരു കേട്ട തലസ്ഥാന നഗരിക്ക് തീരാക്കളങ്കമാണ് മേല്പറഞ്ഞ വസ്തുതകളെങ്കിലും, ഭരണകൂടത്തിന്‍റെ മൂക്കിനു താഴെ നടക്കുന്നതിലധികം തോന്നിവാസം മറ്റെങ്ങും നടക്കുന്നില്ലെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ കേരളം ഭരിച്ചിരുന്ന മ്യ്ഖ്യമന്ത്രിയോടും, ഗതാഗതവകുപ്പ് മന്ത്രിയോടും തുറന്നു പറഞ്ഞ (എന്നിട്ടും അംഗഭംഗങ്ങള്‍ ഒന്നുമില്ലാതെ ബാക്കി നില്‍ക്കുന്ന) എന്നെ സ്വാധീനിച്ചത് ഇതൊക്കെത്തന്നെയാണ്.

അവിടുത്തെ ബന്ധങ്ങളില്‍ പോലും എനിക്കനുഭവപ്പെട്ടിട്ടുള്ള സുദൃഢത ഒരു പക്ഷേ കൂടുതല്‍ വ്യക്തികളിലേക്കിറങ്ങി പരിശോധിക്കുമ്പോള്‍ നിലനിന്നില്ലെന്നു വരാം. പക്ഷേ ഇതു വരെയുള്ളവയെല്ലാം ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘കവിത പോലെയുള്ള’ ബന്ധങ്ങള്‍.

പ്രകൃതിഭംഗി നിറഞ്ഞ ഈ നാട്ടില്‍ ഏകദേശം എട്ടുപത്തു വര്‍ഷത്തോളം ജീവിച്ചെന്നാണ് എന്‍റെ വിശ്വാസം.എന്നാലും അമേരിക്കയില്‍ നിന്നും സായിപ്പന്മാര്‍ പോലും വന്നു കണ്ടു പോകുന്ന കോവളം കടപ്പുറം ഞാന്‍ കണ്ടത് കൃത്യം രണ്ടു പ്രാവശ്യം മാത്രം.അവിടെയൊരു സിനിമാ തേയറ്ററില്‍ കയറി സിനിമ കണ്ടതും രണ്ടു പ്രാവശ്യം മാത്രം. ആ നാട്ടില്‍ ചെന്നാല്‍ എനിക്ക് സുഹൃത്തുക്കളോടും, ക്ഷേത്രങ്ങളോടുമാണ് കൂടുതല്‍ ആകര്‍ഷണം. എത്ര മണിക്കൂറുകള്‍ ഒന്നിച്ചു ചിലവഴിച്ചാലും ഒരു നിമിഷം പോലും കഴിഞ്ഞെന്നു തോന്നാത്ത സൌഹൃദങ്ങള്‍ നിരവധി. കൂട്ടുകാര്‍ക്ക് സ്വന്തം ജീവനേക്കാളധികം വില നല്‍കുന്ന കുറേ കൂട്ടുകാരുണ്ടെനിക്കവിടെ. അതു പോലെ തന്നെ അവിടത്തെ ക്ഷേത്രങ്ങളില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള സാന്നിധ്യവും, ചൈതന്യവും വളരെ ദിവ്യമായ ഒന്നാണ്.

അല്പ സമയം കിട്ടുന്നതു കൂടുതലും ഒറ്റക്കിരിക്കാന്‍ ഉപയോഗിക്കും. തിരുവനന്തപുരത്ത് എല്ലായിടങ്ങളിലേക്കും നടന്നു പോകാനാണ് എനിക്കിഷ്ടം.

ഒരിക്കല്‍ ഞാന്‍ മെഡിക്കല്‍ കോളേജിനു മുന്‍പിലൂടെ നടന്നു പോയപ്പോള്‍ എനിക്കൊരു പുതിയ സുഹൃത്തിനെ കിട്ടി. മെഡിക്കല്‍ കോളേജിന്‍റെ ഏകദേശം മുക്കാല്‍ പങ്കും കാടു കയറിക്കിടക്കുകയാണല്ലോ. അതിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനും കുഞ്ഞുങ്ങള്‍ക്കുമായി ‘വിശാല ഹൃദയന്മാരായ’ ആരോഗ്യ വകുപ്പധികൃതര്‍ പുതിയൊരു വാര്‍ഡു തുറന്നിട്ടിരിക്കുന്നു... (എത്ര നല്ല നാടാണല്ലേ കേരളം!!!)

നടന്നു പോയ വഴിയില്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നിരുന്ന ഒരു കരളിനെ ഞാന്‍ കണ്ടു മുട്ടി. പരസ്പരം ഒരു പുഞ്ചിരി സമ്മാനിച്ചതിലൂടെ തന്നെ ആ കരളിന്‍റെ കരളും എന്‍റെ സ്വന്തം കരളും തമ്മില്‍ കൂട്ടുകാരായി.

എനിക്കയാളോടല്പം ബഹുമാനവും കൂടി തോന്നി. കാരണം ചുമ്മാ മനുഷ്യ ശരീരത്തിന്‍റെയുള്ളില്‍ കൂപമണ്ഡൂകത്തിനെപ്പോലെ കിടക്കാതെ സ്വാതന്ത്ര്യത്തിന്‍റെ നറു തേന്‍ നുകരുവാന്‍ പുറത്തു ചാടിയതല്ലേ. ആരായാലും ബഹുമാനിച്ചു പോകും.

അയാളുടെ ശരീരം പോലെ തന്നെ ലോലമായിരുന്നു സംസാരവും. ഞാന്‍ പറഞ്ഞു നിങ്ങള്‍ കരളുകളും ഹൃദയങ്ങളും ഭാഗ്യവാന്മാരാണ്. സൂക്ഷിച്ചു വയ്ക്കുവാന്‍ വളരെ ബുദ്ധിമുട്ടിള്ള അമൂല്യ നിധികള്‍. കണ്ണു തെറ്റിയാല്‍ ആളുകള്‍ അടിച്ചോണ്ടു പോകും. കൈവിട്ടു പോയിക്കഴിഞ്ഞേ അറിയുക പോലുമുള്ളൂ.

മനോഹരമായ നീളന്‍ കണ്ണുകളിറുക്കിയുള്ള അയാളുടെ ചിരി കണ്ട്‌ ഞാന്‍ പതിയെ എന്‍റെ കരളിനെ ഒളികണ്ണിട്ടു നോക്കി. സൂക്ഷിച്ചില്ലെങ്കില്‍ എന്‍റെ കരളും ചാടിപ്പോയാലോ. അത്രേം വലിയ ഇന്ദ്രജാലക്കാരാണവര്‍. എല്ലും അതിനു മുകളില്‍ മാംസവും, കാണ്ടാമൃഗം തോറ്റു പോകുന്നത്ര കട്ടിയുള്ള തൊലിയും ഉണ്ടായിട്ടും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെന്നും, കമ്പിയടിക്കലെന്നുമൊക്കെ ജനം കേള്‍ക്കുന്നതിനും മുന്‍പു തന്നെ അകത്തിരുന്ന്‌ ആശയവിനിമയം നടത്താന്‍ തുടങ്ങിയ കക്ഷികളല്ലേ ഇവര്‍. അങ്ങനെ ഞങ്ങള്‍ കുറേ നേരം കഥ പറഞ്ഞു നിന്നു. ഞാന്‍ കരളിന്‍റെ രൂപത്തെയും കഴിവുകളെയും തുടങ്ങി അറിയാവുന്ന കാര്യങ്ങളെല്ലാം വച്ച് മതിയാവോളം പുകഴ്ത്തി.

സുവോളജി ക്ലാസ്സുകളില്‍ മര്യാദക്കിരുന്നു പഠിക്കാതെ പൂക്കൈതയാറിന്‍റെ വളകിലുക്കം കേട്ട്, അവളുടെ കുഞ്ഞോളങ്ങള്‍ക്കൊപ്പം മനസ്സിനെ ചാഞ്ചാട്ടി, വായീനോക്കിയിരുന്നതിന്‍റെ കുഴപ്പങ്ങള്‍ എനിക്കപ്പോഴാണ് മനസ്സിലായത്. അല്ലായിരുന്നെങ്കില്‍ കരളിനേക്കുറിച്ച് കുറച്ചു കൂടി ആധികാരികമായി പറഞ്ഞ് അയാളെ സന്തോഷിപ്പിക്കാമായിരുന്നു.

മുള്ളിനുള്ളില്‍ കയറിയിരിക്കുന്നതെന്തിനാണെന്നു ഞാന്‍ ചോദിച്ചു. മനുഷ്യരേക്കാള്‍ ഭേദമല്ലേ ചങ്ങാതീ മുള്ളും മൂര്‍ഖന്‍ പാമ്പുമെന്നു മറുപടി.മുള്ളിനേക്കാള്‍ മുനയുള്ള വാക്കുകളും, മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള മനസ്സുമുള്ള മനുഷ്യന്‍ ! സത്യമല്ലേ കരളിന്‍റെ കണ്ടെത്തല്‍. എത്രയോ മധുരമായി സംസാരിക്കാന്‍ കഴിയുന്ന മനുഷ്യന്‍ എത്രയും ക്രൂരമായി സംസാരിക്കാമോ, അത്രയും ക്രൂരമായി സംസാരിക്കും. ഇനിയഥവാ അവന്‍ മധുരമായി സംസാരിച്ചാലും സൂക്ഷിക്കണം. പഴച്ചാറില്‍ പാഷാണം കലക്കിക്കുടിക്കുന്നതാ ഇപ്പഴത്തെ ഫാഷന്‍. അതു പോലെ തന്നെയാ ഇതും. അവന്‍റെ വാക്കിലെ മാധുര്യത്തില്‍ നമ്മുടെ ധനം, മനസ്സ്, തൊഴില്‍, കുടുംബം തുടങ്ങി എന്തിനെയോ ലക്ഷ്യ്മിട്ടുള്ള ഉഗ്ര വിഷം കാണുമോ എന്നു ഭയപ്പെടാതെ വയ്യ.

കരള്‍ ആളൊരു തത്വശാസ്ത്ര നിപുണന്‍ ആണെന്നെനിക്കു തോന്നി. വല്ല പ്രണയ പരാജയവും ഏറ്റുവാങ്ങേണ്ടി വന്നവന്‍റെ കരളായിരുന്നിരിക്കാം ഇവന്‍. തത്വശാസ്ത്രത്തിലേക്കുള്ള ഒരു വാതില്‍ പ്രണയപരാജയത്തിന്‍റെ മുന്‍പിലും ആരോ കൊണ്ടു ചെന്നു വച്ചിട്ടുണ്ടല്ലോ. ഒരു വഴി അടയുമ്പോള്‍ തുറക്കപ്പെടുന്ന ‘മറ്റേ’ വഴി പോലെ.

ഞാന്‍ ചോദിച്ചു: താങ്കളെ വഹിച്ചിരുന്ന ശരീരം ഏതായിരുന്നു?

കരള്‍ പറഞ്ഞു: ദോണ്ടെ അപ്പുറത്തു കിടപ്പുണ്ട്‌. മെഡിക്കല്‍ കോളേജിന്‍റെ അകത്ത്. ഇങ്ങേരി ശരിയാകുന്ന ലക്ഷണമൊന്നുമില്ലെന്ന് പുറത്തു നിന്നാരോ പറയുന്നതു ഞാന്‍ കേട്ടു. എന്നാല്‍ പിന്നെ സ്ഥലം വിട്ടേക്കാമെന്നു കരുതിയാ ഞാന്‍ പുറത്തു കടന്നത്. എത്ര നാളെന്നു കരുതിയാ ഞാന്‍ വെറുതെ ശ്വാസം മുട്ടി...

അവന്‍റെ ചുവന്ന മുഖത്ത് പരിഭവത്തിന്‍റെ നിഴല്‍പ്പാടുകള്‍ ഞാന്‍ കണ്ടു. ചിരിക്കുമ്പോഴും പരിഭവിക്കുമ്പോഴുമൊക്കെ അവന്‍റെ മുഖത്തിന് എത്ര മനോഹാരിതയാണ്. ചുമ്മാതെയാണോ പാര്‍ക്കിലും, പാടവരമ്പിലുമൊക്കെയിരുന്നു കണ്ണും മൂക്കുമില്ലാതെ പ്രേമിക്കുന്ന കള്ളക്കാമുകന്മാര്‍ സ്നേഹം മൂക്കുമ്പോള്‍ പ്രിയതമയെക്കേറി എന്‍റെ കരളേ... കരളിന്‍റെ കരളേ... എന്നൊക്കെ വിളിച്ചു കൂവുന്നത്. കരള്‍ ഒരു അതി മനോഹരനായ വ്യക്തി തന്നെ. വ്യക്തികള്‍ക്കുള്ളിലെ വ്യക്തിത്വം. അതുമല്ല വ്യക്തികള്‍ക്ക് വ്യക്തിത്വമുണ്ടാകുന്നതു തന്നെ ഇദ്ദേഹത്തിന്‍റെ വ്യാപാര വിശേഷങ്ങള്‍ക്കനുസരിച്ചാണെന്നു പറയുന്നതാവും ശരി.

കരളുറപ്പുള്ളവന്‍, കരളലിവുള്ളവന്‍, കരളില്ലാത്തവന്‍, കരളിനു പകരം കരിങ്കല്ലുള്ളവന്‍ തുടങ്ങി വ്യക്തിയെ വിശേഷിപ്പിക്കുവാന്‍ എത്രയോ രീതികളില്‍ നാം കരളിന്‍റെ കൂട്ടു പിടിക്കുന്നു. ഒന്നു പ്രേമിക്കണമെങ്കില്‍ പോലും കരളിന്‍റെ സഹായവും, സാന്നിധ്യവും കൂടിയേ തീരൂ. കള്ളു കുടിച്ചു നശിക്കണമെന്നു വച്ചാലോ... അപ്പൊഴും വേണം ‘ഫ്യൂസ്’ അടിച്ചു പോകാന്‍ ഒരു കരള്‍!!!. കരള്‍ വെറും നിസ്സാരന്‍ അല്ലേയല്ല.

ഞാന്‍ ചോദിച്ചു: ആപത്തു വരുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നതു ശരിയാണോ? ഒന്നുമില്ലെങ്കിലും ഇത്ര നാള്‍ തന്നെ ചുമന്നോണ്ടു നടന്ന ശരീരമല്ലേ അത്? ഇപ്പോള്‍ ആപത്തിലും കൂടെക്കാണേണ്ടതല്ലേ?

അതു കേട്ട് കരളിന്‍ ദേഷ്യം വന്നെന്നു തോന്നുന്നു. എന്നാലും അയാള്‍ അതൊന്നും പ്രകടിപ്പിക്കാതെ വാശിയോടെ പറഞ്ഞു:

എത്രയോ കാലങ്ങളായി ഇയാളെ പിന്‍തുടരുന്ന ആപത്തുകള്‍ക്കു ദൃക്‌സാക്ഷിയാണു ഞാന്‍, മാത്രവുമല്ല ആ മനുഷ്യന്‍റെ അനുഭവങ്ങളുടെയെല്ലാം ബാക്കി പത്രവും ദാ നോക്കൂ...

ഇത്രയും പറഞ്ഞയാള്‍ അയാളുടെ ചുവന്ന കുപ്പായം അല്പം ഉയര്‍ത്തിയെന്നെ കാട്ടി. ഞെട്ടിപ്പോയി. രക്തം വാര്‍ന്നൊഴുകുന്ന ആഴത്തിലുള്ള മുറിവുകള്‍. ഒന്നല്ല അനേകം. വൃണം വമിക്കുന്ന മുറിവുകള്‍ക്കു ചുറ്റും ദ്രവിച്ചു തുടങ്ങിയ ശരീരഭാഗങ്ങള്‍. ഞാന്‍ ചിന്തിച്ചു... കരളിനേക്കുറിച്ചു മാത്രമല്ല, കരളിനേയും മനുഷ്യരേയും കുറിച്ച്...

ഒരുറുമ്പു കടിച്ചാല്‍, ഒരു കൊതുക് (ദൈവം അവനനുവദിച്ചു കൊടുത്ത്ഇരിക്കുന്ന അവകാശമായ ഒരു തുള്ളി ചോരയ്ക്കായി) കുത്തിയാല്‍ വേദന സഹിക്കാതെ പിടയുന്ന, വാശിയോടെ അവയെ കൊല്ലാന്‍ തിരയുന്ന മനുഷ്യന്‍! അവന്‍റെയുള്ളില്‍ ഇത്രയധികം വേദന കടിച്ചമര്‍ത്തി യാതൊരു പരിഭവവും പരാതിയുമില്ലാതെ കഴിയുന്ന കരളുകള്‍. ഇപ്പൊഴും അവന്‍റെ മുഖത്തേയ്ക്കു നോക്കൂ, എത്ര പ്രസന്നത. ഈ വേദനയിലും അവന്‍റെ മുഖത്ത് പുഞ്ചിരി. ഭൌതിക പ്രപഞ്ചത്തിന്‍റെ മറുപുറം കണ്ട ഒരു യോഗിയുടേതെന്നു തോന്നിപ്പിക്കുന്ന നിസ്സംഗ ഭാവം, നിര്‍വ്വികാരത!!! എനിക്കു കരളിനോടുള്ള ബഹുമാനം വീണ്ടും വര്‍ദ്ധിച്ചു.

ഞാന്‍ ചോദിച്ചു: ഇതെങ്ങനെ സംഭവിച്ചു? മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നടന്നപ്പോള്‍ മുള്ളു കൊണ്ടതാണോ? ഇത്രയേറെ ആഴത്തില്‍ ഇത്രയധികം മുറിവുകള്‍ താങ്കളുടെ ശരീരത്തില്‍ എങ്ങനെയുണ്ടായി?

കരള്‍ തന്‍റെ നിര്‍വ്വികാരത കൈവെടിയാതെ തന്നെ പറഞ്ഞു: ഇതു മുള്ളു കൊണ്ടതല്ല. മുനയുള്ള വാക്കുകള്‍ കൊണ്ട മുറിവെന്നിലുണ്ട്‌. എന്നെ വഹിച്ചിരുന്ന ശരീരത്തെ നോക്കി അവന്‍റെ മനസ്സിലേയ്ക്കയച്ച ക്രൂരമായ വാക്കുകളേല്പിച്ച മുറിവുകള്‍, വഞ്ചനയേല്പിച്ച മുറിവുകള്‍, സ്നേഹം ഏല്പിച്ച മുറിവുകള്‍... ഈ മുറിവുകളെല്ലാം ഏറ്റു വാങ്ങേണ്ടി വന്നവന്‍ ഞാനാണ്. അവന്‍റെ കണ്ണുകള്‍ പൊഴിച്ചിരുന്ന കണ്ണുനീര്‍ എന്‍റേതായിരുന്നു. അവനില്‍ പ്രകടമായിരുന്ന ഓരോ ഭാവവും എന്‍റേതായിരുന്നു. അവനിലെ എല്ലാ സന്തോഷവും ഹൃദയം ഏറ്റുവാങ്ങിയപ്പോള്‍ എല്ലാ വേദനയും സ്വയം ഏറ്റു വാങ്ങിയവനാണു ഞാന്‍. അതെന്‍റെ ധര്‍മ്മമാണെന്നു ഞാന്‍ വിശ്വസിച്ചു. അതിനാല്‍ എനിക്കിന്നു ദുഃഖമില്ല. ഇന്നെന്‍റെ കര്‍മ്മം അവസാനിച്ചുവെന്നെനിക്കു തോന്നി. അതിനാലാണു ഞാന്‍ പുറത്തു വന്നത്. അവനോടൊപ്പം ചിതയില്‍ വെന്തടങ്ങാന്‍ എനിക്കു മനസ്സില്ല. ത്യാഗോജ്ജ്വലമായ എന്‍റെ ജീവിതത്തിന്‍റെ പരിസമാപ്തി അഗ്നിക്കുള്ളതല്ല ഈ ഭൂമിക്കാണത് അവകാശപ്പെട്ടിരിക്കുന്നത്. എന്‍റെ ശരീരം ഈ മണ്ണില്‍ അലിഞ്ഞില്ലാതാവട്ടെ. അതു ചെടികള്‍ക്കു വളമാകട്ടെ, കീടങ്ങള്‍ക്ക് ഭക്ഷണമാവട്ടെ.

ഞാന്‍ അയാളെക്കുറിച്ചറിയാന്‍ കൂടുതല്‍ ആഗ്രഹിച്ചു. കരള്‍ തന്‍റെയും തന്നെ വഹിച്ചിരുന്ന ശരീരത്തിന്‍റെയും കഥ പറഞ്ഞു തുടങ്ങി...

കരളിന് ഓര്‍മ്മ വച്ച നാളില്‍ അയാള്‍ ഒരു കുഞ്ഞു ശരീരത്തിന്‍റെയുള്ളിലായിരുന്നു. അല്ലലില്ലാത്ത ജീവിതം. നിത്യവും തന്നില്‍ നിക്ഷിപ്തമായിരുന്ന കര്‍മ്മങ്ങള്‍ അവന്‍ ചെയ്തു പോന്നു. പാല്‍, ശുദ്ധ ജലം തുടങ്ങിയ വസ്തുക്കളും അവയില്‍ നിന്നു വേര്‍തിരിഞ്ഞു വരുന്ന മറ്റു പദാര്‍ത്ഥങ്ങളെയും വേര്‍തിരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ജോലി. പതിയെപ്പതിയെ അവന്‍റെ ജോലിഭാരം കൂടിക്കൂടി വന്നു. അവനിലേക്കൊഴുകിയെത്തിയിരുന്ന ജലവും മറ്റു വസ്തുക്കളും കാഠിന്യമുള്ളതായവന് അനുഭവപ്പെട്ടു. ഇത്ര നാള്‍ ചെയ്തു പോന്ന തൊഴിലിന്‍റെ കൈവഴക്കത്തില്‍ അവനതൊരു അധിക ജോലിയായി അനുഭവപ്പെട്ടില്ല. പതിയെപ്പതിയെ തന്നില്‍ ഉണ്ടായിക്കൊണ്ടിരുന്ന ക്ഷീണം വകവയ്ക്കാതെ അവന്‍ തന്‍റെ ജോലി തുടര്‍ന്നു. അവനെ വഹിചിരുന്ന ശരീരത്തിന്‍റെ ദൈനംദിന വ്യാപാരങ്ങള്‍ക്കനുസൃതമായി അവന്‍റെ ആരോഗ്യം കുറഞ്ഞു കുറഞ്ഞു വന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു. എങ്കിലും അവന്‍ പരാതിപ്പെട്ടില്ല. പണിയെടുക്കാതിരുന്നില്ല. അയാളില്‍ വേദന സമ്മാനിച്ചു കടന്നു പോയ നിരവധി ആളുകള്‍, അവരേല്പിച്ച മുറിവുകളെല്ലാം സ്നേഹനിധിയായ ഒരു കൂട്ടുകാരനെപ്പോലെ നല്ലവനായ കരള്‍ ഏറ്റുവാങ്ങി. ഒരു ദിവസം അവനൊരു കൂട്ടുകാരിയെ കിട്ടി... അവനെ ചുമക്കുന്ന മറ്റവന്‍ വിളിച്ചോണ്ടു വന്നതാണ്, മറ്റൊരു പെണ്‍കരള്‍! അവന്‍ അവളോടും സ്നേഹമായിത്തന്നെ പെരുമാറി. ആ ശരീരങ്ങള്‍ തമ്മില്‍ അനുരാഗബദ്ധരായിരുന്നുവത്രേ!

ആ ശരീരങ്ങളുടെ തീവ്രാനുരാഗം പകര്‍ന്ന ചൂട്‌ നല്ലവനായ കരളിന് കുളിരായി തോന്നി. അവരുടെ സന്തോഷത്തില്‍ അവനും സന്തോഷിച്ചു. എന്നാല്‍ ശരീരങ്ങള്‍ പരസ്പരം മടുത്തപ്പോള്‍ അവര്‍ പിരിഞ്ഞു. എന്നാല്‍ പാവം കരള്‍... അവന്‍റെ മനഃസാക്ഷി അതിനവനെ അനുവദിച്ചില്ല. ധര്‍മ്മിഷ്ഠനായ അവനത്‌ തീരാത്ത വേദനയായി. ആഴത്തിലുള്ള മുറിവായി ആ വേര്‍പാടവനില്‍ അവശേഷിച്ചു. അവന്‍ വസിച്ചിരുന്ന ശരീരം ഇതൊക്കെ അറിയുന്നുണ്ടായിരുന്നോ... അങ്ങനെ വീണ്ടും ദിവസങ്ങള്‍ കടന്നു പോകവേ, അപ്പൊഴും മുടക്കം വരുത്താതെ അവന്‍ തന്‍റെ ജോലികളില്‍ വ്യാപൃതനായിരിക്കവേ, പൊടുന്നനെ അതി തീവ്രമായ ഒരു ദ്രാവകം അവനിലേക്കൊഴുകിയെത്തി. ഇതു വരെ അവന്‍ കൈകാര്യം ചെയ്തിട്ടില്ലാത്തത്ര കഠിനമായ എന്തോ ഒന്ന്. അതില്‍നിന്നൊഴുകിയ രൂക്ഷ ഗന്ധത്തില്‍ അവനു തല ചുറ്റുന്നതു പോലെ തോന്നി. അതിന്‍റെ കാഠിന്യം അവനു താങ്ങാന്‍ കഴിയുന്നതല്ലായിരുന്നു. മെല്ലെ മെല്ലെ അവന്‍ തളര്‍ച്ചയിലേക്കു വീഴുന്നതിനു മുന്‍പേ അവന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു... മദ്യം... താന്‍ ഇത്ര നാള്‍ സത്യസന്ധമായി സേവിച്ചിരുന്ന, വിടുവേല ചെയ്തു കാത്തു സൂക്ഷിച്ചിരുന്ന ശരീരം ഇന്നിതാ തന്നിലേക്ക് മദ്യം ഒഴുക്കിയിരിക്കുന്നു... അത് അവന്‍റെ മുറിവുകളില്‍ അസഹ്യമായ നീറ്റലും, വിങ്ങലും ഏല്പിക്കുന്നു.

അതിനുമപ്പുറം താന്‍ ഇത്ര നാള്‍ സേവിച്ച ആ ശരീരം തന്നോടു ചെയ്ത വിശ്വാസവഞ്ചനയോര്‍ത്തവന്‍ വേദനിച്ചു. എങ്കിലും അവന്‍ തന്‍റെ ജോലി വളരെ ആയാസപ്പെട്ടു ചെയ്തു തീര്‍ത്തു. എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും അവനിലേക്കുള്ള മദ്യപ്രവാഹം തുടര്‍ന്നുകൊണ്ടേയിരുന്നു. അത് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടുമിരുന്നു... കാലങ്ങള്‍ അധികം കഴിയുന്നതിനു മുന്‍പേ അവന്‍ ക്ഷീണിതനായി. പഴയതു പോലെ പണിയെടുക്കാന്‍ വയ്യാതെയായി. പലപ്പോഴും അവന്‍ വീണു പോയി... അപ്പോഴെല്ലാം എന്തൊക്കെയോ ഉത്തേജനൌഷധങ്ങള്‍ നല്‍കി ദുഷ്ടനായ ആ ശരീരം അവനെക്കൊണ്ടു വീണ്ടും പണിയെടുപ്പിച്ചു. അവസാനം അവന്‍ തീര്‍ത്തും ക്ഷീണിതനായപ്പോള്‍ വിഡ്ഢിയായ ആ മനുഷ്യന്‍ തിരിച്ചറിഞ്ഞു കരള്‍ ദുര്‍ബലമായതോടെ അയാളുടെ വ്യക്തിത്വം, ആരോഗ്യം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്. ഇതിനോടകം തന്നെ മുഴുക്കുടിയനെന്നു പേരു കേട്ട അയാള്‍ക്ക് നാട്ടിലും വീട്ടിലും അപമാനവും, കുത്തു വാക്കുകളും കേള്‍ക്കേണ്ടി വന്നു... ആ വേദനയും ക്ഷീണാവസ്ഥയിലും കരള്‍ ഏറ്റു വാങ്ങി... അങ്ങനെ അവസാനം അയാള്‍ ആ ആശുപത്രിക്കിടക്കയില്‍ ആസന്നമരണത്തെ കാത്തു കാത്തു കിടപ്പായി.

അയാളിലൂടെ പകര്‍ന്നു കിട്ടിയ മുറിവുകളും, വേദനയും കരളിന് ക്ഷമിക്കാവുന്നതായിരുന്നു. പക്ഷേ താന്‍ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ആ മനുഷ്യന്‍ തന്നിലേക്ക് മദ്യം പകര്‍ന്നത് ക്ഷമിക്കുവാന്‍ അവനു കഴിഞ്ഞില്ല. മഹാ ത്യാഗിയായ അവന് അക്കാര്യത്തില്‍ മാത്രമാണയാളോട്‌ പരിഭവമുണ്ടായിരുന്നത്. അതു കൊണ്ട്‌... അതു കൊണ്ടു മാത്രമാണത്രേ അയാള്‍ പുറത്തു പോന്നത്‌.

കരള്‍ തന്‍റെ കഥ പറഞ്ഞവസാനിപ്പിച്ചു. എനിക്ക് ആ മഹാ ത്യാഗിയായ കരളിനോട്‌ അളവറ്റ ആദരവു തോന്നി. സ്വന്തം ശരീരത്തിനുള്ളിലിരുന്നു കൊണ്ട്‌ നമ്മെ ഇത്രയധികം സഹായിക്കുന്ന കരളിനോടു പോലും നീതി കാട്ടാന്‍ നമുക്കാവുന്നില്ലല്ലോ. അപ്പോള്‍ പിന്നെ നീതിക്കായി നടത്തുന്ന സമരങ്ങള്‍ക്കും, പ്രകടനങ്ങള്‍ക്കും ഒക്കെ എന്തര്‍ത്ഥം? പ്രകടനങ്ങള്‍ വെറും പ്രകടനങ്ങള്‍ മാത്രം.

ഇത്രയുമായപ്പോള്‍ എന്‍റെയുള്ളില്‍... ഉള്ളിന്‍റെയുള്ളില്‍ ഒരു തുള്ളി അഗ്നിജലം വീണതു ഞാനറിഞ്ഞു. ആ കരളിന്‍റെ കഥ കേട്ട് എന്‍റെ കരള്‍ പൊഴിച്ച കണ്ണുനീരായിരുന്നു അത്‌...

© ജയകൃഷ്ണന്‍ കാവാലം

Monday, October 6, 2008

സര്‍ട്ടിഫിക്കറ്റ് ചരിതം ആട്ടക്കഥ (നാലു ദിവസവും)

ഇതൊരു സംഭവ കഥയേയല്ല കേട്ടോ

കുട്ടനാട്ടിലെ മനോഹരിയായ ഒരു നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കലാക്ഷേത്രത്തിലെ ഓഫീസ് മുറിയാണു രംഗം. അവിടെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി തന്‍റെ ഏതോ ഒരു സര്‍ട്ടിഫിക്കറ്റിനായി ചെന്ന കഥ.

ഈ കഥക്കു നമ്മുടെ നളചരിതം ആട്ടക്കഥയുമായി അല്പം സാമ്യം ഉണ്ട്‌. അതായത് നളചരിതവും ഈ കഥയും നാലു ദിവസമായേ പറഞ്ഞു തീര്‍ക്കാന്‍ പറ്റൂ.

രംഗം 1
ഒന്നാം ദിവസം

വിദ്യാര്‍ത്ഥി വിദ്യാലയത്തിലെത്തുന്നു. നീട്ടിപ്പിടിച്ചെഴുതിയ തന്‍റെ അപേക്ഷ താഴ്മയായി സമര്‍പ്പിച്ചു മാറി നില്‍ക്കുന്നു. വായിലെ പാന്‍പരാഗും, വെറ്റിലയും ചേര്‍ന്ന തീര്‍ത്ഥജലം തുപ്പേണ്ടി വന്നതിലെ അമര്‍ഷം വെളിവാക്കിക്കൊണ്ടു തന്നെ കണക്കെഴുത്താശാന്‍റെ ആക്രോശം.

പോയേച്ചു നാളെ വാ. ഇവിടത്തെ അലമാരേടെ താക്കോല്‍ ലാബ് അസിസ്റ്റന്‍റിന്‍റെ കയ്യിലാ.

ആ സാറു വരുന്നവരെ ഞാന്‍ കാത്തി നിക്കാം സാറേ (വിദ്യാര്‍ത്ഥിയുടെ ദൈന്യത കലര്‍ന്ന വാക്കുകള്‍)

ആ സാറു വന്നിട്ട് നീ ഇന്നു സര്‍ട്ടിഫിക്കറ്റും കൊണ്ടു പോയതു തന്നെ.

അതെന്താ സാര്‍? ആ സാറിന്നു വരില്ലേ?

ഹും അയാള്‍ താക്കോലും കൊണ്ടു മധുരക്കു പോയേക്കുവാ കുളിച്ചു തൊഴാന്‍.

വിദ്യാര്‍ത്ഥി മടങ്ങി. വിദ്യാലയത്തിന്‍റെ അലമാരക്കുള്ളില്‍ തനിക്കു കിട്ടിയ സ്ത്രീധനത്തുക വച്ചു പൂട്ടിയേക്കുന്നതിന്‍റെ സുരക്ഷയും, ആ സമ്പാദ്യത്തിന്‍റെ താക്കോല്‍ മധുരമീനാക്ഷിയുടെ തിരു സന്നിധിയില്‍ പൂജിച്ചു കൊണ്ടു വരേണ്ടതായ ഭക്തന്‍റെ സമര്‍പ്പണവും സഹപ്രവര്‍ത്തകര്‍ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ആരു മനസ്സിലാക്കാന്‍? ആ മനസ്സിലാക്കല്‍ വിദ്യാര്‍ത്ഥിയിലല്ലാതെ മറ്റാരില്‍ അടിച്ചേല്പിക്കാന്‍?

അങ്ങനെ ആ രംഗത്തിനു പാന്‍പരാഗിന്‍റെ നിറമുള്ള തിരശ്ശീല വീണു.

രംഗം 2
രണ്ടാം ദിവസം

വീണ്ടുമൊരിക്കല്‍ക്കൂടി ആ പാവം പൂര്‍വവിദ്യാര്‍ത്ഥിയുടെ സൈക്കിള്‍വീലുകള്‍ ആ പാടവരമ്പിലൂടെ ഉരുണ്ടു. തന്നെ വഹിക്കുന്നതിന്‍റെ പ്രായശ്ചിത്തമെന്ന വണ്ണം പാലങ്ങളും, ചാലുകളും ഉള്ള ആ വഴിയില്‍ അവന്‍ ഇടക്കിടെ സൈക്കിളിനെ ചുമന്നു. അങ്ങനെ ആ കൂട്ടായ പ്രവര്‍ത്തനത്തിനൊടുവില്‍ അവര്‍ രണ്ടു പേരും കിതച്ചു വിയര്‍ത്ത് വീണ്ടും പള്ളിക്കൂടത്തിലെത്തി.

ഇന്നലത്തെ കണക്കപ്പിള്ള ഇത്തവണ തീര്‍ത്ഥവര്‍ഷത്തിനു തയ്യാറായില്ല. പകരം തന്‍റെ മുഖം 45ഡിഗ്രി ആംഗിളില്‍ മുകളിലേക്കു പൊന്തിച്ചു കാര്യം പറഞ്ഞു.

നീ പോയേച്ചും നാളെയെങ്ങാനും വാ കൊച്ചനേ, ലാബ്‌ അസിസ്റ്റന്‍റ്‌ വന്നു, പക്ഷേ പ്രിന്‍സിപ്പാള്‍ ഗുരുവായൂര്‍ക്കു പോയേക്കുവാ... കുളിച്ചു തൊഴാന്‍. പ്രിന്‍സിപ്പാള്‍ വരാതെങ്ങനെയാ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു കിട്ടുന്നേ?

വിദ്യാലയത്തിലെ അദ്ധ്യാപകര്‍ക്കും, അനദ്ധ്യാപകര്‍ക്കും എല്ലാവര്‍ക്കും ഭക്തി തലക്കു പിടിച്ചോ എന്നു ചിന്തിച്ചു കൊണ്ട്‌ വിദ്യാര്‍ത്ഥിയും അവന്‍റെ സൈക്കിളും വീണ്ടും പരസ്പരം ചുമന്നു.

വീണ്ടും പാന്‍പരാഗിന്‍റെ നിറമുള്ള...

രംഗം3
മൂന്നാം ദിവസം

തുടര്‍ച്ചയായി മൂന്നാം ദിവസവും മനുഷ്യനും യന്ത്രവുഇം തമ്മിലുള്ള ആ സാഹോദര്യപ്രകടനത്തിനു വഴിയിലെ നെല്ലോലകളും തെങ്ങിന്‍ തൈകളും സാക്ഷ്യം വഹിച്ചു. വലിയ തെങ്ങുകള്‍ ഒന്നുമറിയാതെ അവിടെത്തന്നെ നിന്നു. ഉന്നതന്മാര്‍ താഴേക്കു നോക്കാന്‍ പാടില്ലല്ലൊ.

ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു വൈകുന്നതെന്തു ഹരി നാരായണായ നമഃ

ഇങ്ങനെ ഒത്തിരി പ്രാര്‍ത്ഥിച്ചിട്ടുള്ള നമ്മുടെ കഥാനായകനെ ഭക്തിയുടെ യഥാര്‍ഥ അര്‍ത്ഥവും, ആ ‘ടൈപ്പ്’ ഭക്തന്മാരുടെ അപദാനങ്ങളും പാടിക്കേള്‍പ്പിച്ച് അന്നും മടക്കി അയച്ചു. അന്നും നമ്മുടെ പ്രിന്‍സിപ്പാള്‍ മടങ്ങിയെത്തിയിട്ടില്ലത്രേ!

ഗോപികാരമണനായ താമരക്കണ്ണനെ കാണുവാനുള്ള സമയവും കാലവും നിശ്ചയിക്കേണ്ടതു മറ്റുള്ളവരല്ല. അത് ഭക്തനും ഭക്തവത്സലനും തമ്മിലുള്ള ഏര്‍പ്പാടാണ്. അതിനാല്‍ നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഒന്നും മിണ്ടിയില്ല. കുറച്ചു നാള്‍ പഠിച്ചത് ആ കലാലയത്തിലാണെങ്കിലും, സുകൃതം ചെയ്ത അനേകം അദ്ധ്യാപകരുടെ ശിക്ഷണം ‘അതിരു കടക്കാന്‍‘ അവനെ പ്രേരിപ്പിച്ചില്ല.

രംഗം4
നാലാം ദിവസം

അന്നും പതിവു പോലെ ലോകത്തിന്‍റെ കിഴക്കേ അറ്റത്തു പ്രകൃതി ആട്ടവിളക്കു കൊളുത്തി വച്ചു. ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു കുളിച്ചു കുറിയും തൊട്ട് നമ്മുടെ ‘പൂര്‍വന്‍‘ മനമുരുകി പ്രാര്‍ത്ഥിച്ചു.... ദൈവമേ ഇന്നെങ്കിലും ആവശ്യമുള്ള സാറന്മാരെല്ലാം അവിടെ കാണണേ, അലമാര തുറന്നു കിടക്കണേ... അടഞ്ഞാലും ലാബ് അസിസ്റ്റന്‍റ് സാറിന്‍ പുതിയ ഭക്തിയും ഉള്‍വിളിയും ഒന്നും ഉണ്ടാകരുതേ... ഏതായാലും ആ വിളി ഭഗവാന്‍ കേട്ടു. ആര്‍ക്കും ഉള്‍വിളികള്‍ ഒന്നുമുണ്ടായില്ല. എല്ലാവരും തങ്ങളുടെ ജോലികളില്‍ ഉത്സുകരായി അവിടെത്തന്നെയുണ്ടായിരുന്നു.

അങ്ങനെ ‘പൂര്‍വന്‍റെ’ അപേക്ഷ പരിഗണിക്കപ്പെട്ടു. ഒരു സര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുക്കാന്‍ 5 മണിക്കൂര്‍ തന്നെ നിര്‍ത്തിയതു വിനീത ശിഷ്യന്‍ ക്ഷമിച്ചു. അങ്ങനെ അവസാനം നമ്മുടെ പഴയ കണക്കെഴുത്താശാന്‍റെ ‘തിരു’സന്നിധിയില്‍ ശിഷ്യന്‍ എത്തപ്പെട്ടു. സെണ്ട്രല്‍ ജയിലില്‍ കൊലപ്പുള്ളിയോടു പറയുന്നതു പോലെ പാന്‍പരാഗിന്‍റെ ഗന്ധമുള്ള ആജ്ഞ ഉയര്‍ന്നു.

ഒപ്പിടടാ

കടലാസ്സു വായിച്ചു നോക്കിയപ്പോള്‍ പൂര്‍വന്‍ ഒന്നു പരുങ്ങി. ഒപ്പിടേണ്ടിടത്തു ‘രക്ഷാകര്‍ത്താവിന്‍റെ ഒപ്പ്’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ ഒറ്റക്കാണ് വന്നത്. പാവം രക്ഷാകര്‍ത്താവ് ഇതൊന്നുമറിയാതെ വീട്ടിലെ ചാരുകസേരയില്‍ പുഞ്ചകൃഷിയുടെ ലാഭനഷ്ടങ്ങള്‍ കയ്യിലും, കാലിലും, വീടിന്‍റെ ഉത്തരങ്ങളിലും എല്ലാം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഉത്തരം, കടം കയറുമ്പോള്‍ ആശ്രയം വാഗ്ദാനം ചെയ്തു മാടി വിളിക്കുന്നത് കണ്ട ഭാവം നടിക്കാതെ കാരണവര്‍ കണക്കുകൂട്ടല്‍ തുടരുന്നു. ആ രക്ഷാകര്‍ത്താവിനെയാണ് നമ്മുടെ കടലാസ്സ് അന്വേഷിക്കുന്നത്!!

മനസ്സില്‍ തോന്നിയ സംശയം അപ്പാടെ കണക്കപ്പിള്ളക്കു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടു.

സാര്‍... ഇവിടെ ദോണ്ടെ രക്ഷാകര്‍ത്താവിന്‍റെ ഒപ്പാ ചോദിച്ചേക്കണെ, അച്ഛന്‍ വീട്ടിലാ... എനിക്കു പ്രായപൂര്‍ത്തിയായി. ഞാന്‍ ഒപ്പിടട്ടേ?

"രക്ഷാകര്‍ത്താവിന്‍റെ സ്ഥാനത്താണെങ്കില്‍ ഞാന്‍ ഒപ്പിടാം... " സരസ്വതീക്ഷേത്രത്തിലെ പൂജ്യ കണക്കപ്പിള്ളയുടെ സംസ്കാരമില്ലായ്മയായി അതിനെ പുഛിക്കാന്‍ വരട്ടെ. കയ്യിലിരുപ്പിന്‍റെ ‘ഗുണം’ നന്നായി തിരിച്ചറിഞ്ഞ ഭാര്യ, ഇതുപോലൊരു അവതാരം ഒന്നുകൂടി ഉണ്ടായി നാട്ടുകാരെ സേവിക്കാതിരിക്കാനായി ഒരു അകലം പാലിച്ചതിനാലാവാം (?) അദ്ദേഹത്തിന് ഇന്നേവരെ ആരുടെയും രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അങ്ങനെ മനസ്സു മരുഭൂമിയായിരിക്കുന്ന അവസരത്തില്‍, തറവാട്ടില്‍ പിറന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്താവിനു വരാന്‍ അസൌകര്യമുണ്ടായാല്‍ അവനു രക്ഷാകര്‍തൃത്വം തന്നെ വാഗ്ദാനം ചെയ്ത ആ വലിയ മനസ്സിന്‍റെ ഉദ്ദേശശുദ്ധിയെ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല.

അതു പോലെ തന്നെ സ്കൂള്‍ രേഖകള്‍ക്കൊപ്പം മേശവലിപ്പുകളില്‍ പത്തോ ഇരുപതോ പായ്ക്കറ്റ് പാന്‍പരാഗോ, സിഗരറ്റോ ഒക്കെ സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ ഇത്രകണ്ടു വികാരം കൊള്ളാന്‍ ഇതാരുടെയും തറവാട്ടു സ്വത്തൊന്നുമല്ലല്ലോ? ഏതോ വിവരദോഷികള്‍ താനിരിക്കുന്ന സിംഹാസനത്തിന്‍റെ അപ്പുറത്തെ ഭിത്തിയില്‍ “പുകയില തിന്നല്ലേ അതു കൊല്ലും” എന്നു സ്റ്റിക്കര്‍ എഴുതി ഒട്ടിച്ചിരിക്കുന്നെന്നു വച്ച് താന്‍ അതനുസരിക്കണമെന്നുണ്ടോ? അതുമില്ല.

പിന്നെ അവിടത്തെ അദ്ധ്യാപകരുടെ കാര്യം. ഒരു ജോലി കിട്ടാന്‍ തന്നെ ഒത്തിരി കഷ്ടപ്പാടുള്ള ഈ കാലത്ത ‘കഠിനാദ്ധ്വാനം’ കൊണ്ടും ഏതോ ഒരു ‘ഭഗവാന്‍റെ’ അപാരമായ കൃപ കൊണ്ടും ഇന്‍ഡ്യയിലും വിദേശത്തും ഒരുമിച്ച് ജോലി കിട്ടിയതില്‍ വിദേശ ജോലി കളഞ്ഞിട്ട് ഈ ‘മഹദ്‌‘ സേവനം മുഴുവനും ഭാരത മണ്ണിനു മാത്രം കൊടുക്കാന്‍ പറയാന്‍ ആര്‍ക്കാ അവകാശം? ഇനി അതുമല്ല രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ഈരണ്ടു മാസം വീതം വന്നു ഞാന്‍ പഠിപ്പിച്ചു കൊടുക്കുന്നുമുണ്ടല്ലോ. അപ്പോള്‍ പിന്നെ ഇത് അത്യാഗ്രഹമല്ലേ? പിന്നെ, വാര്‍ഷികപ്പരീക്ഷയില്‍ ജയിക്കുന്നതു മൂന്നു പേരായാലും, ഒരാളായാലും, ഇനി ആരും ജയിച്ചില്ലെങ്കില്‍ തന്നെയും അത് എന്‍റെ കുറ്റമാണോ? അവരുടെ വിധി... ആരും അദ്ധ്യാപകരെ കുറ്റം പറയാന്‍ പാടുള്ളതല്ല. കാരണം അദ്ധ്യാപനം വളരെ പരിപാവനമായ ഒരു പണിയല്ലേ?

ഒരു വര്‍ഷത്തില്‍ തന്നെ രണ്ടോ മൂന്നോ ഒക്കെ പ്രസവിക്കുന്ന സ്ത്രീകള്‍ സര്‍ക്കാരാപ്പീസുകളില്‍ വരുന്ന ഒരു കാലം ഉണ്ടായാല്‍ അന്ന് അത് ലീവ് എടുക്കാനാണെന്ന് ആരും പറയരുത് കേട്ടോ... വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ശാപം കിട്ടും. ആ കാലത്തിനും ഇനി അധികം കാലവിളംബം ഉണ്ടാകില്ല. പുരുഷന്മാര്‍ക്കു വരെ ഗര്‍ഭം ഉണ്ടായെന്നും, പ്രസവാവധി ആവശ്യമായി വന്നെന്നും ഇരിക്കും. ഒന്നോ രണ്ടോ ഹര്‍ത്താലുകള്‍ നടത്തി ഇങ്ങനെ ഒരവകാശം കൂടി നമുക്കു നേടിയെടുക്കാം.

അപ്പോള്‍ പൂര്‍വന്‍റെ കഥ അവസാനിക്കുന്നില്ല. അവസാനം സര്‍ട്ടിഫിക്കറ്റ് തയ്യാറായി.

കണക്കപ്പിള്ള സാര്‍ ഇടം കയ്യില്‍ സര്‍ട്ടിഫിക്കറ്റും വച്ചു കൊണ്ടു വലം കൈ നീട്ടി... മോന്‍ ഈ വര്‍ഷത്തെ പി ടി എ ഫണ്ട്‌ തന്നേച്ചു സര്‍ട്ടിഫിക്കറ്റും വാങ്ങി സ്ഥലം വിട്ടോ...

പൂര്‍വന്‍ ഒന്നമ്പരന്നു. രണ്ടു വര്‍ഷം മുന്‍പേ പടിയിറങ്ങിയ വിദ്യാലയത്തില്‍ ഈ വര്‍ഷത്തെ പി ടി എ ഫണ്ട്‌ താനെന്തിനു കൊടുക്കണം?!!!

അപ്പോഴാണ് നമ്മുടെ കണക്കപ്പിള്ള സാര്‍ മനസ്സിലാക്കി കൊടുത്തത്, ഇത്രേം ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് എഴുതിത്തരുമ്പോള്‍ നീ പഠിച്ച പള്ളിക്കൂടമല്ലേടാ കൊച്ചനേ ഒരു പ്രത്യുപകാരമൊക്കെ വേണ്ടേ?

ആരെങ്കിലും ഇതിനെ പുട്ടടിക്കല്‍ ഫണ്ടെന്നോ, കൈക്കൂലിയെന്നോ എങ്ങാനും പറഞ്ഞാല്‍ കൊന്നുകളയും. കലാക്ഷേത്രത്തില്‍ കൈക്കൂലിയോ? ഇതു പി ടി എ ഫണ്ടാ... ഹല്ല പിന്നെ.

അങ്ങനെ പൂര്‍വന്‍റെ 50 രൂപയ്ക്കു പകരം ഒരു രസീതു കിട്ടി.

പൂര്‍വന്‍ അതെല്ലാം ക്ഷമിച്ചു. പക്ഷേ കൊള്ളാവുന്ന തറവാട്ടില്‍ ജനിച്ച തന്‍റെ അച്ഛനെ പറഞ്ഞതു ക്ഷമിച്ചില്ല. അവന്‍ നേരേ കിഴക്കോട്ടു വണ്ടി കയറി. അവിടെ ചെന്ന് ഈ ടൈപ്പ് സ്കൂളുകളുടെയെല്ലാം ചുമതലയുള്ള മാനേജരോടു സങ്കടമുണര്‍ത്തിച്ചു. എഴുതിയും കൊടുത്തു. എന്നിട്ടും സങ്കടം തീരാതെ പയ്യന്‍ അവിടെയുള്ള കുറേ കൂടിയ നായന്മാര്‍ക്കും അഞ്ചാറു പേജില്‍ ഉപന്യാസം എഴുതി അയച്ചു.

നായര്‍ സാര്‍ എന്തൊക്കെയോ ആക്ഷന്‍ എടുത്തെന്നോ എടുക്കാന്‍ പോണെന്നോ ഒക്കെ നാട്ടുകാരു പറയുന്നതു കേട്ടു. പക്ഷേ ഒന്നും നടന്നില്ലെന്നു മാത്രമല്ല, പരാതിക്കാരന് ഒരു മറുപടി കൊടുക്കാനോ, കാര്യം തിരക്കാനോ പോലും അദ്ദേഹം മിനക്കെട്ടില്ല. വലിയ തിരക്കൊക്കെ ഉള്ള ആളല്ലേ. പിന്നെ, സാറു പറയുന്നതെല്ലാം മറ്റുള്ളവര്‍ അനുസരിക്കണമെന്നു പറയാനും അദ്ദേഹത്തിനു പേടി കാണും. അതെല്ലാം പഴയ മുതലാളിത്ത കാലഘട്ടത്തിലെ ഇടുങ്ങിയ മനഃസ്ഥിതിയായി ചിത്രീകരിക്കപ്പെട്ടാലോ?

പക്ഷേ സാറിന്‍റെ ഒരു ആക്ഷന്‍ നായര്‍സാറിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന നമ്മുടെ പയ്യന്‍റെ ഒരു ബന്ധുവിനു കിട്ടി. അനൌദ്യോഗികമായ ഒരു അറിയിപ്പ്. ‘നിന്‍റെ മറ്റവന്‍ ഇനീം കേറി ചൊറിഞ്ഞാല്‍, നിന്നെ നാം ഏതെങ്കിലും പട്ടിക്കാട്ടിലേക്കു സ്ഥലം മാറ്റും’. പാവം കുടുംബസ്ഥനായ ‘ബന്ധു’ വിഷമത്തിലായി. ചെറുക്കനാണേല്‍ വിവരം കെട്ടവനാ... അവന്‍ ഇനീം വേണ്ടാതീനം കാണിച്ചാല്‍...? വിവരം പയ്യനും അറിഞ്ഞു. പയ്യന്‍ കരുതി, താന്‍ കാരണം കൂടിയ നായന്മാര്‍ ആള്‍ക്കാരെ വിരട്ടാന്‍ തുടങ്ങിയെങ്കില്‍ തന്നെക്കൊണ്ട്‌ അത്രേം സാധിക്കുമല്ലോ. അപ്പോള്‍ പിന്നെ മതി. ഇനി അല്പം വിശ്രമിക്കാം.

അങ്ങനെ സര്‍ട്ടിഫിക്കറ്റ് ചരിതം ആട്ടക്കഥയുടെ അവസാന രംഗവും ആടിത്തീര്‍ന്നു.

പാന്‍പരാഗിന്‍റെ നിറമില്ലാത്ത, അല്പം ആത്മസംതൃപ്തിയുടേയും, പൌരബോധത്തിന്‍റെയും ഹരിതാഭമായ തിരശ്ശീല വീണു.

© ജയകൃഷ്ണന്‍ കാവാലം

Saturday, October 4, 2008

ഒരു ബോധക്കേടിന്‍റെ ഓര്‍മ്മയ്ക്ക്ബോര്‍ഡിംഗില്‍ താമസിച്ചു പഠിച്ചാല്‍ നന്നായിരുന്നു എന്നെനിക്കു തോന്നാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായിരിക്കുന്നു. പ്രധാന കാരണം ഞാന്‍ അന്നു പഠിച്ചു കൊണ്ടിരുന്ന കാവാലം എന്‍ എസ്സ് എസ്സ് ഹൈസ്കൂളിലെ അദ്ധ്യാപകരുടെ പക്ഷപാതപരമായ പെരുമാറ്റം തന്നെയായിരുന്നു. എല്ലാവരുമില്ല. പക്ഷേ ചിലര്‍. കാരണം മറ്റൊന്നുമല്ല. നായര്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി ഞങ്ങളുടെ തറവാട്ടില്‍ നിന്നും സൌജന്യമായി വിട്ടു കൊടുത്ത സ്ഥലത്താണ് പ്രസ്തുത കെട്ടിടം ഇന്നും നിലകൊള്ളുന്നത്. ആ കുടുംബത്തില്‍ നിന്നും പഠിക്കാന്‍ വരുന്ന കുട്ടികളോട്‌ വൈരാഗ്യപൂര്‍വം പെരുമാറാന്‍ വേറേ കാരണം ഒന്നും വേണ്ടല്ലോ. എന്‍റെ കുടുംബത്തിലെ പല തലമുറകളും അനുഭവിച്ചിട്ടുള്ള ഒന്നാണ് ഈ കൊടുത്ത കൈയ്ക്കു കടിക്കല്‍ നടപടി.

അപ്പൊഴും സ്നേഹവാത്സല്യങ്ങളുടെ അമര നക്ഷത്രങ്ങളായ ഏതാനും ചില അദ്ധ്യാപകരെയും, അദ്ധ്യാപികമാരെയും, അനദ്ധ്യാപകരെയും ഒരിക്കലും മറക്കാന്‍ കഴിയില്ല. മഹേശ്വരി ദേവി ടീച്ചര്‍, പറവേലില്‍ ശാന്തമ്മ ടീച്ചര്‍, വിജയലക്ഷ്മിടീച്ചര്‍ തുടങ്ങി ഏതാനും ചിലര്‍ മാതൃസഹജമായ വാത്സല്യം എന്നും പകര്‍ന്നു നല്‍കിയിട്ടുള്ളവരാണ്. കൂട്ടത്തില്‍ വടക്കേമഠത്തില്‍ ശാന്തമ്മടീച്ചറിന് ഇനിയും പ്രത്യേകതകളുണ്ട്‌. എന്‍റെ അമ്മയെയും എന്നെയും പഠിപ്പിച്ചതാണ് ടീച്ചര്‍. അല്പ നാളെങ്കിലും ആ ടീച്ചറിന്‍റെ മകള്‍ ശ്രീകുമാരിടീച്ചറും എന്നെ പഠിപ്പിച്ചിട്ടുണ്ട്‌. അഞ്ചാം ക്ലാസില്‍.


ഇവരുടെയൊക്കെ സ്നേഹത്തില്‍ നിന്നും എനിക്കു വിട്ടു പോകുവാന്‍ മനസ്സു വന്നത് തീര്‍ച്ചയായും, എല്ലാവരെയും അളവറ്റു സ്നേഹിച്ചിട്ടും ചിലരില്‍ നിന്നു കിട്ടിയ വലിയ നോവുകള്‍ തന്നെയാണ്. ഇവിടെയെന്നല്ല പൊതുവേ എന്‍ എസ് എസ്സിന്‍റെ പല സ്കൂളുകളുടെയും അവസ്ഥ കാണാന്‍ ശ്രീ മന്നത്ത് പദ്മനാഭന്‍ ഇന്നുണ്ടായിരുന്നെങ്കില്‍, പണ്ട്‌ സൊസൈറ്റിയുടെ രൂപീകരണത്തിനായി വീടുകള്‍ തോറും കയറിയിറങ്ങി നടന്ന അദ്ദേഹം ചില സ്കൂളുകളിലെ തോന്നിവാസം അവസാനിപ്പിക്കുന്നതിനായി കോടതികള്‍ കയറിയിറങ്ങുന്നതു കാണാമായിരുന്നു. എന്‍റെ കുടുംബത്തിലെ കാരണവന്മാര്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യേണ്ടിയിരുന്നോ എന്ന് - വാവക്കുട്ടനമ്മാവന്‍ അടക്കം കുടുംബത്തിലെ പലരും ഇന്നും എന്‍ എസ് എസ്സില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും - ഞാന്‍ ഇന്നും ഇടക്കിടെ ചിന്തിക്കാറുണ്ട്.

വീടിന്‍റെ പടിപ്പുരമുറ്റത്തെ വിദ്യാലയത്തില്‍ നിന്നും ദൂരെ ബോര്‍ഡിംഗില്‍ പോയി പഠിക്കാനുള്ള ഇവന്‍റെ ആഗ്രഹം വളരെ കരച്ചിലിനും, അപേക്ഷകള്‍ക്കും ശേഷം വീട്ടില്‍ അംഗീകരിക്കപ്പെട്ടു. പഠന നിലവാരം തീര്‍ച്ചയായും ഉയരും, സ്വഭാവം നന്നാകും (അത് ഈ സ്കൂളില്‍ പഠിച്ചാല്‍ പോക്കാണ്), ജീവിതത്തില്‍ തികഞ്ഞ അച്ചടക്കവും നിഷ്ഠയും കൈവരും തുടങ്ങിയ പരമ്പരാഗത ബോര്‍ഡിംഗ് സങ്കല്പങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടിലുള്ളവര്‍ ആകെയുള്ള പൊന്നോമന ദൂരെ പോയി താമസിച്ചു പഠിക്കുന്നതിനെ സ്വയം ന്യായീകരിക്കുവാന്‍ ശ്രമിച്ചു.

അമ്മയുടെ കൂട്ടുകാരിയുടെ ആങ്ങള പോള്‍ സാര്‍ ചങ്ങനാശ്ശേരി സെന്‍റ് ബര്‍ക്ക്‌മാന്‍സ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായി വിരമിച്ച ആളാണ്. അദ്ദേഹത്തെയും കൂട്ടി അഡ്മിഷന്‍ എന്ന കടമ്പ കടക്കുവാന്‍ അന്നത്തെ സ്കൂള്‍ മാനേജരായിരുന്ന ഫാദര്‍ ജോസ് പി കൊട്ടാരത്തിലിനെ സമീപിച്ചു. ധാരാളം ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം അദ്ദേഹം സമ്മതിച്ചു.

പെട്ടി, കിടക്ക, കോപ്പ്, കോസടികളൊക്കെയായി ആര്‍ഭാടപൂര്‍വ്വം ജയകൃഷ്ണന്‍ ബോര്‍ഡിംഗ് വാസത്തിനായി പുറപ്പെട്ടു. അതൊരു പോക്കു തന്നെയായിരുന്നു. അന്തരീക്ഷവും, ബോര്‍ഡിംഗിലെ ചിട്ടവട്ടങ്ങളുമെല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാ ദിവസത്തെയും പ്രഭാതപ്രാര്‍ത്ഥനകള്‍ ഒരു അനുഭവം തന്നെയായിരുന്നു. കൊട്ടാരത്തിലച്ചന്‍റെ മുഴങ്ങുന്ന ആ സ്വരം ഇന്നും എന്‍റെ മനസിലുണ്ട്. നല്ല അച്ചടക്കമുള്ള കുട്ടികളായിരുന്നു അവിടെയുണ്ടായിരുന്നത്. വിദ്യാലയ രാഷ്ട്രീയം പടികടക്കാന്‍ മടിച്ച് പരുങ്ങി നില്‍ക്കുന്ന അന്തരീക്ഷം. എങ്കിലും ഒരിക്കല്‍ കുട്ടികള്‍ വെറുതെ ഒന്നു സമരം ചെയ്തു നോക്കിയത് ഇപ്പൊഴും ഓര്‍ക്കുന്നു. സമരമെന്നു കേട്ടപ്പൊഴേ ഞങ്ങള്‍ ബോര്‍ഡിംഗ് വാസികളെയെല്ലാം ബ്രദര്‍. ജോബ് അകത്തു കയറ്റി കതകടച്ചു. ഒരു ചൂരലുമായി കാവല്‍ നില്പായി. വലിയൊരു സംഘം കുട്ടികള്‍ മുദ്രാവാക്യം വിളിയുമായി സ്കൂളിന്‍റെ അങ്കണത്തിലേക്കു വന്നു. ഉയരം കൂടിയ സ്കൂള്‍ വരാന്തയില്‍ കയ്യിലൊരു ചൂരലുമായി അന്നത്തെ പ്രധാനാദ്ധ്യാപകനായ ജോണ്‍ സാര്‍ പ്രത്യക്ഷപ്പെട്ടു. ആരവങ്ങളുമായി തടിച്ചു കൂടിയ എല്ലാ നേതാക്കന്മാരും സാറിനെ കണ്ട മാത്രയില്‍ ചിതറിയോടി അവരവരുടെ ക്ലാസ്സില്‍ കയറിയിരുപ്പായി. എല്ലാം കൂടി പതിനഞ്ചു മിനുട്ടിനുള്ളില്‍ കഴിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ ക്ലാസ്സ് തുടരുകയും ചെയ്തു. നേതാക്കന്മാര്‍ക്കെല്ലാം പിന്നീടു വേണ്ടതു കിട്ടുകയും ചെയ്തെന്നാണ് ഇവന്‍റെ വിശ്വാസം. സമരം ഇങ്ങനെയാണെങ്കില്‍ വലിയ തെറ്റില്ലെന്നാണ് ഇവന്‍റെ നിരീക്ഷണം.


ദിവസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ ഇവനാകെയൊരു പരിക്ഷീണത അനുഭവപ്പെട്ടു തുടങ്ങി. ആകെപ്പാടെയൊരു സങ്കടവും, ഒറ്റക്കിരുപ്പും. ഹോം സിക്നസ് എന്ന ഏതാണ്ട് ഭയങ്കര ഒരു രോഗമാണിതെന്നും ഉപദേശിച്ചാല്‍ മാറുമെന്നും ഒക്കെ അറിഞ്ഞു. ഇടതടവില്ലാതെ ഉപദേശങ്ങളും കിട്ടി തുടങ്ങി. അപ്പൊഴാണ് ഇവനൊരു വലിയ സത്യം മനസ്സിലാകാന്‍ തുടങ്ങിയത്. കാവാലത്തെ മണ്ണിന്‍റെ മണമില്ലാതെ, പൂക്കൈതയാറിന്‍റെ വളകിലുക്കം കേള്‍ക്കാതെ, മരങ്ങളുടെ മര്‍മ്മരം കേള്‍ക്കാതെ, കിളികളുടെ കഥകള്‍ കേള്‍ക്കാതെ, ദിവസം ഒരു പ്രാവശ്യമെങ്കിലും വാവക്കുട്ടനമ്മാവന്‍റെ കയ്യില്‍ നിന്നും രണ്ടടി കൊള്ളാതെ ജയകൃഷ്ണന്‍റെ ബാല്യം പൂര്‍ണ്ണമാവില്ല എന്ന നഗ്ന സത്യം. പക്ഷേ ഈ കേസ്‌ അതേപടി മുന്‍പോട്ടു വച്ചാല്‍ ഏതു കോടതിയും തള്ളിക്കളയുമെന്നും, വാദി പ്രതിയാകുമെന്നും ഞാന്‍ ഭയന്നു. കാരണം ഇവന്‍റെ നിര്‍ബന്ധം ഒന്നു കൊണ്ടു മാത്രമായിരുന്നല്ലോ പെട്ടിയും പൊക്കാണവുമെടുത്ത് അങ്ങോട്ടു കെട്ടിയെടുത്തത്‌. കൂട്ടിയും കിഴിച്ചും നോക്കി ഒടുവില്‍ ഒരു പോം വഴി തെളിഞ്ഞു.

രാവിലെ അഞ്ചരയാകുമ്പോള്‍ കുട്ടികളെല്ലാവരും എഴുന്നേറ്റു കുളിച്ച് സ്റ്റഡി റ്റേബിളില്‍ വന്നിരിക്കണം. അതിനായി ഒരു മണിയടിക്കും. എന്നിട്ടും എഴുന്നേല്‍ക്കാത്ത മടിയന്മാരെ എഴുന്നേല്പ്പിക്കാന്‍ ബ്രദര്‍ വരും. അച്ചനാകാന്‍ പഠിക്കുന്ന ചെമ്മാച്ചനാണ് അത്. അദ്ദേഹവും അവിടെ തന്നെയാണ് താമസിക്കുന്നത്. കുലുക്കി വിളി, തോണ്ടി വിളി, താക്കോലു കൊണ്ട് കൊട്ടി വിളി തുടങ്ങിയ ചില പ്രക്രിയകളിലൂടെ അദ്ദേഹം എല്ലാവരെയും എഴുന്നേല്പിക്കുകയാണ് പതിവ്‌.

എന്നും രാവിലെ ആരും വിളിക്കാതെ തന്നെ കൃത്യമായി ഉണരുന്ന ജയകൃഷ്ണന്‍ അന്നുണര്‍ന്നില്ല. കുലുക്കി വിളിച്ചിട്ടു കുലുങ്ങിയില്ല, തോണ്ടി വിളിച്ചിട്ട് ഇളകിയില്ല, താക്കോലുകൊണ്ട് കൊട്ടിയിട്ടു കണ്ണുകള്‍ തുറന്നില്ല. ചില സഹജീവികളും കൂടി വന്ന് ജയകൃഷ്ണനെ ഉണര്‍ത്തല്‍ എന്ന പ്രക്രിയ ഒരു ആഘോഷമാക്കി മാറ്റി. എന്നിട്ടും ഉണരല്‍ എന്ന പ്രതിഭാസം ഉണ്ടായിക്കണ്ടില്ല. ‘ഇതിവന്‍റെ അടവാണെന്നാ തോന്നുന്നേ‘ എന്നൊരു ദുഷ്ടന്‍ അടുത്തു നിന്നു മന്ത്രിച്ചതു ഞാനറിഞ്ഞു. നിര്‍മ്മല ഹൃദയരായ ചില സഹജീവികള്‍ അവനെ എതിര്‍ത്തു. അവസാനം ഒരു മഗ്ഗ് നിറയെ വെള്ളം കൊണ്ടുവരപ്പെട്ടു. ബ്രദറിന്‍റെ കാര്‍മ്മികത്വത്തില്‍ അത് കണ്ണിലേക്കു ധാര ചെയ്യപ്പെട്ടു. പിന്നീടത് ഐസ് വാട്ടറായി എന്നിട്ടും രക്ഷയില്ല. അവസാനം ആ ഭയങ്കരന്‍ രംഗപ്രവേശം ചെയ്തു. സാക്ഷാല്‍ ഐസ് കട്ട! കൂട്ടത്തിലുള്ള ഏതോ ഒരു കുശാഗ്രബുദ്ധിയുടെ കണ്ടുപിടുത്തമായിരുന്നു അത്. രണ്ട്‌ ഐസ് ക്യൂബ്സ് മുഴുവനായും അലിയുന്നതു വരെ എന്‍റെ കണ്‍പോളയില്‍ നിലകൊണ്ടു. അറിയാവുന്ന സകലമാന ദൈവങ്ങളെയും വിളിച്ചു കൊണ്ടും കണ്ണുകളില്‍ പടരുന്ന മരവിപ്പിനെ സര്‍വ്വ നാഡിഞരമ്പുകളിലേക്കും ആവാഹിച്ചു കൊണ്ടും സാക്ഷാല്‍ നടരാജമൂര്‍ത്തിയെ ആപാദചൂഡം സ്മരിച്ചു കൊണ്ടും ആ രംഗത്തിന്‍റെ തന്മയീഭാവത്തിന്‍റെ പൂര്‍ണതയ്ക്കായി ഇവന്‍ നിശ്ചേഷ്ടനായി അവിടെ കിടന്നു. അപ്പൊഴേക്കും കണ്ണില്‍ ഐസ് വച്ച കാപാലികനെ ബ്രദര്‍ വന്ന് ഓടിച്ചു വിട്ടു.

അന്യഗ്രഹത്തില്‍ നിന്നും വന്ന ഏതോ വിചിത്ര ജീവിയുടെ ചുറ്റുമെന്ന പോലെ കുട്ടികള്‍ സ്ഥിരമായി ഇവനെ സന്ദര്‍ശിച്ചുകൊണ്ടും, തങ്ങളുടേതായ പരീക്ഷ്ണങ്ങള്‍ ഇവന്‍റെ നെഞ്ചത്തു പരീക്ഷിച്ചു കൊണ്ടുമിരുന്നു. ഇടക്കിടെ നല്ലവനായ ബ്രദര്‍ വന്ന് സഹതാപപൂര്‍വം നെടുവീര്‍പ്പുകള്‍ ഇടുമായിരുന്നു. എല്ലാം ഇവന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷേ ഉള്ളില്‍ തുടിക്കുന്ന കാവാലമെന്ന സൌന്ദര്യത്തെ ഇനിയും കണ്ടും ഉള്‍ക്കൊണ്ടും കൊതി തീര്‍ന്നിട്ടില്ലാത്ത ഇവന്‍റെ ഹൃദയം ആ നെടുവീര്‍പ്പുകളോടു പ്രതികരിക്കുവാന്‍ തയ്യാറായില്ല. ഏകദേശം നാലു ദിവസം ഭക്ഷണവും, ജലപാനം പോലുമില്ലാതെയുള്ള ആ ജീവിതാഭിനയത്തിനിടയില്‍ പലവട്ടം എല്ലാവരും കൂടി പൊക്കിയെടുത്ത് ഇവന്‍റെ ലോക്കല്‍ ഗാര്‍ഡിയനായി പേരു വച്ചിരുന്ന, അമ്മാവനായ ഡോക്ടര്‍. ആര്‍ വി നായരുടെ അടുത്തേക്ക് ഘോഷയാത്ര നടത്തി. അമ്മാവനു കാര്യം പിടികിട്ടി. പക്ഷേ സ്ട്രെക്ചറില്‍ കിടക്കുന്ന ഇവന്‍ കൂടി സമ്മതിക്കണ്ടേ, ഇവനു രോഗമൊന്നുമില്ലെന്ന്‌. ഇതിനിടെ ഇടക്കിടെ ബോധം തെളിയാന്‍ തന്നെ തീരുമാനിച്ചു. അല്ലെങ്കില്‍ ഇവനു മുന്‍പോട്ടു വയ്ക്കാനുള്ള വാദഗതികള്‍ ആരു പറയും? അങ്ങനെ ഇടക്കിടെ ബോധം തെളിഞ്ഞു കിട്ടുന്ന സുവര്‍ണ്ണാവസരങ്ങളില്‍, ഞരങ്ങിയും മൂക്കിയും, വിക്കിയുമൊക്കെ അതി മനോഹരമായി തന്നെ സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു തന്നെയാണ്, തിരിഞ്ഞു നോക്കുമ്പോള്‍ ഇവനു തോന്നുന്നത്.

വീട്ടുകാര്‍ക്ക്, ബോധം കെട്ടു കിടക്കുന്നവനെ കാണാനും, ചികിത്സിക്കാനുമൊക്കെയുള്ള വരവും പോക്കും ഒരു ദിനചര്യയായി മാറി. മാനസിക വിഭ്രാന്തിയോ, ഭ്രാന്തിന്‍റെ തുടക്കമോ ആയിരിക്കുമോ എന്ന ഭയം നിമിത്തം അമ്മാവന്‍റെ വളരെ അടുത്ത സുഹൃത്തായ സൈക്യാട്രിസ്റ്റ് ഡോക്ടര്‍ രാധാകൃഷ്ണന്‍റെ അടുത്തു കൊണ്ടു പോയി നോക്കി. ഓര്‍മ്മ വച്ച കാലം മുതലേ അദ്ദേഹത്തിന്‍റെ കയ്യില്‍ തൂങ്ങി നടന്നിട്ടുള്ള ഇവന്‍റെ കള്ളക്കിടപ്പു കണ്ടപ്പോള്‍ അദ്ദേഹത്തിനും കാര്യം പിടികിട്ടി. സംഭവങ്ങളുടെ സത്യാവസ്ഥയറിയാന്‍ ഒന്നൊളികണ്ണിട്ടു നോക്കാന്‍ പോലുമാവാതെയുള്ള ഇവന്‍റെ പരിതാപകരമായ അവസ്ഥ തിരിച്ചറിഞ്ഞിട്ടായിരിക്കണം, അദ്ദേഹം എന്‍റെയടുത്തു വന്ന് ‘വേണമെങ്കില്‍ ഇടക്കൊക്കെ ഒന്നു കണ്ണു തുറന്നു നോക്കുന്നത് ബോധക്കേടിനെ ബാധിക്കില്ലെന്നു’ പറഞ്ഞത്.

നല്ല പൂന്തോട്ടങ്ങളും, മികച്ച വിദ്യാഭ്യാസ നിലവാരവും, സ്നേഹം നിറഞ്ഞ അന്തരീക്ഷവുമുള്ള ആ വിദ്യാലയത്തിലെ അക്ഷരസൌഭാഗ്യം ഇവന്‍ നഷ്ടപ്പെടുത്തുക തന്നെയായിരുന്നു എന്നത് അവിതര്‍ക്കമാണ്. എങ്കിലും കാവാലം എനിക്കത്ര പ്രിയങ്കരിയാണ്. കൊട്ടാരത്തിലച്ചന്‍, എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഒരു വൈദികന്‍ എന്നതിലുപരി വളരെ വലിയ ഒരു മനുഷ്യസ്നേഹിയായിരുന്നു. തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കുമ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇടറിയിരുന്നത് ഞാനിന്നും ഓര്‍ക്കുന്നു. കാരണം അത്രയേറെ സ്നേഹം അദ്ദേഹം ഓരോ കുട്ടിയെക്കുറിച്ചും മനസ്സില്‍ കരുതിയിരുന്നു. ഇന്നദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറല്‍ ആണ്. അവിടെ നിന്നു പോന്നതിനു ശേഷം വളരെ നാളുകള്‍ക്കു ശേഷം ഒരിക്കല്‍ മാത്രമേ എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ആ വലിയ മനുഷ്യന്‍റെ സാന്നിദ്ധ്യം നഷ്ടപ്പെട്ടു പോയ, ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ വിദ്യാലയത്തിന്‍റെ ഓര്‍മ്മകളോടൊപ്പം എന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്‌. ആ സ്നേഹം ഒരിക്കലെങ്കിലും അനുഭവിക്കാന്‍ കഴിയുക ഒരു ഭാഗ്യമാണ്.


അവിടെ വളരെ പ്രായമുള്ള ഒരു അച്ചനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് അന്നും ഇന്നും ഇവനറിയില്ല. കുട്ടികളെ ‘മക്കളേ’ എന്നു മാത്രം വിളിച്ച് അതിയായി സ്നേഹിച്ചിരുന്ന ഒരു പുരോഹിതന്‍. ഒരിക്കല്‍ അദ്ദേഹം അതുവഴി വന്നപ്പോള്‍ ബോധം കെട്ടു കിടക്കുന്ന ഇവനെ കണ്ടു. ഇല്ലാത്ത രോഗം പറഞ്ഞ് ഹോസ്റ്റലില്‍ കൂടിയിരിക്കുന്നവന്മാരെ തുരത്താന്‍ വന്നതാണദ്ദേഹം. എന്‍റെ ബോധക്കേട് കള്ളത്തരമാണെന്നദ്ദേഹത്തിനു തോന്നി. വണ്ണം കുറഞ്ഞ ചെറിയ ചൂരല്‍ കൊണ്ട്‌ അദ്ദേഹം ഇവനെ തുടയില്‍ പൂശാന്‍ തുടങ്ങി. ചത്തു കിടക്കുന്നവന്‍ എഴുന്നേറ്റു നിലവിളിച്ചു കൊണ്ട്‌ ഓടും. ആ ടൈപ്പ് പൂശായിരുന്നു അത്. ലോകോത്തര സിനിമകള്‍ തീയറ്ററില്‍ കയറിയിരുന്ന് കണ്ട്‌ അതിന് അവാര്‍ഡ് കൊടുക്കാനല്ലേ ഇവിടുത്തെ ബുദ്ധിജീവികള്‍ക്ക് കഴിയൂ? സ്വന്തം അഭിനയത്തിന്‍റെ പൂര്‍ണതയ്ക്കായി ആ അടി മുഴുവന്‍ കൊണ്ടിട്ടും, ഒന്നനങ്ങുക പോലും ചെയ്യാതെ കിടന്ന ഇവന് അവാര്‍ഡ് തരാന്‍ ഈ ലോകത്തില്‍ ഇന്നോളം നിലവില്‍ വന്ന ഏത് അവാര്‍ഡ് നിര്‍ണയ കമറ്റിക്കാണ് യോഗ്യതയുള്ളത്? അവസാനം, ഇതു ശരിക്കുമുള്ള ബോധക്കേടാണെന്നു തെറ്റിദ്ധരിച്ച അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട്‌ എന്‍റെയടുത്തിരുന്ന് അനന്തമായി പ്രാര്‍ത്ഥിച്ചു. ബോധശൂന്യനായ ഇവനെ തല്ലിയതിന്‍റെ പേരില്‍ ദൈവത്തോട്‌ മാപ്പപേക്ഷിച്ചു. ഇവനാണെങ്കില്‍ അച്ചന്‍ പോകാതെ അടി കിട്ടിയ സ്ഥലം എങ്ങനെ ഒന്നു തടവും എന്ന ചിന്തയിലായിരുന്നു.

ജയകൃഷ്ണന്‍റെ ബോധം പോയ വിവരം കാട്ടു തീ പോലെ പടര്‍ന്നു. അഭ്യുദയകാംക്ഷികളായ ചില ബന്ധുമിത്രാദികള്‍ ‘അവളുടെ അഹങ്കാരം കൊണ്ടാണ് അവനെ ബോര്‍ഡിംഗില്‍ ആക്കിയത’ എന്നു വരെ പാവം എന്‍റെ അമ്മയെ കുറ്റപ്പെടുത്തി. ‘മുറ്റത്തു സ്കൂള്‍ കിടന്നിട്ടു ചെറുക്കനെ അവിടെ കൊണ്ടു ചെന്നാക്കേണ്ടിയിരുന്നോ?’ എന്ന് അപ്പൂപ്പനും പരിഭവിച്ചു. ഇതൊക്കെ അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും ഇവനെ തിരിച്ചെഴുന്നള്ളിക്കാനുള്ള യാതൊരു ലക്ഷണവും കാണാതിരുന്നപ്പോള്‍ അഭിനയം ഒന്നു കൂടി ഊര്‍ജ്ജിതപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ബോധക്കേടു കൊണ്ടു മാത്രം കാര്യം നടക്കില്ല. എന്തെങ്കിലും കൂടി ഉണ്ടെങ്കിലേ കാര്യം നടപ്പാകൂ. ബോധം കെട്ടു കിടന്ന സമയങ്ങളിലെല്ലാം ആലോചിച്ച് ഒരു വഴി കൂടി പിടി കിട്ടി. വാട്ടര്‍ കളര്‍ തൂവാലയില്‍ കലക്കിയൊഴിച്ച് മൂത്രമൊഴിച്ചപ്പോള്‍ വന്ന രക്തമാണെന്നു പറഞ്ഞു നോക്കി. അതും ചീറ്റിപ്പോയി. അവസാനം തിരിച്ചു വീട്ടിലോട്ടു കൊണ്ടു പോവുകയല്ലാതെ ഈ രോഗത്തിന് വേറേ പരിഹാരമില്ലെന്ന് ഡോക്ടര്‍മാര്‍ അസന്ദിഗ്ധമായി പ്രഘ്യാപിച്ചു.

അങ്ങനെ ടി സി വാങ്ങാന്‍ ചെന്നപ്പോള്‍ അടുത്ത പ്രശ്നം തുടങ്ങി. ‘എന്തായാലും അവന്‍റെ ടി സി ഞാന്‍ തരില്ല. ഇവിടെ നിന്നും നല്ല ഒരു വിജയം കരസ്ഥമാക്കി ആ സര്‍ട്ടിഫിക്കറ്റും കൊണ്ടല്ലാതെ അവനെ ഞങ്ങള്‍ വിടില്ല. ഞങ്ങള്‍ക്കെല്ലാം ഒത്തിരി ഇഷ്ടമുള്ള മിടുക്കന്‍ കുട്ടിയാണവന്‍‘ കൊട്ടാരത്തിലച്ചന്‍ തീര്‍ത്തു പറഞ്ഞു. എന്തുകൊണ്ടായിരിക്കാം അന്നദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഇന്നും ഇവനറിയില്ല. ഹെഡ്മാസ്റ്റര്‍ ജോണ്‍ സാറും അതേ വാശിയില്‍. രണ്ടു മാസത്തിനിടെ പതിനഞ്ചു ദിവസത്തെ അറ്റന്‍ഡന്‍സ് പോലുമില്ലാത്ത ഇവന് ടി സി തരാന്‍, ചെറിയ ഒരു തെറ്റിനു പോലും മാപ്പു നല്‍കാതെ അപ്പോള്‍ തന്നെ പറഞ്ഞു വിടുന്ന, അറ്റന്‍ഡന്‍സിന്‍റെയും, അതു പോലെ തന്നെ പഠനത്തിന്‍റെയും സ്വഭാവത്തിന്‍റെയുമെല്ലാം കാര്യത്തില്‍ അത്യന്തം നിഷ്കര്‍ഷ പുലര്‍ത്തുന്ന അദ്ദേഹത്തിനും മനസ്സില്ല എന്നത് അന്നത്ഭുതമായി തോന്നിയെങ്കിലും ഇന്ന് അത് അത്യന്തം ദുഃഖവും കുറ്റബോധവുമാണുണര്‍ത്തുന്നത്. ഇവന്‍ കുറേപ്പേരുടെ സ്നേഹവും, വാത്സല്യവും തിരിച്ചറിയാതെ പോയിരിക്കുന്നു. മാപ്പര്‍ഹിക്കാത്ത കുറ്റമായിരിക്കുമോ അത് എന്നറിയില്ല. എങ്കിലും ഒന്നറിയാം അവരെല്ലാം ഇവനോട് ക്ഷമിച്ചിരിക്കുന്നു. അവര്‍ക്കാര്‍ക്കും സ്നേഹമല്ലാതെ ഒട്ടും പരിഭവം ഇവനോടു തോന്നിയിട്ടില്ല. ഇങ്ങനെ ക്ഷമിക്കാന്‍ ഗുരുക്കന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക? ആര്‍ക്കും കഴിയില്ല.

ഒടുവില്‍ ടി.സിയും വാങ്ങി തിരികെ നടക്കുമ്പോള്‍ ഇവന്‍ തിരിഞ്ഞൊന്നു നോക്കി. നന്മനിറഞ്ഞ അമ്മയുടെ കാരുണ്യം നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ഇവന്‍ കണ്ടു. ക്രൂശിതനായ തന്‍റെ മകന്‍റെ തിരുശരീരം വാരിയെടുത്തു മടിയില്‍ കിടത്തി അന്ന് അമ്മ നോക്കിയ അതേ നോട്ടം... കാരുണ്യത്തിന്‍റെ, അളവില്ലാത്ത സ്നേഹത്തിന്‍റെ, നന്മയുടെ നോട്ടം... ആ മുഖം വ്യക്തമല്ലായിരുന്നു. ഇവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ നോട്ടം... അത് പിന്നീടൊരിക്കലും ഇവന്‍ കണ്ടതില്ല. എങ്കിലും സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളുടെ സാന്നിദ്ധ്യം ഇന്നും ഇവന്‍ അറിയുന്നു.


© ജയകൃഷ്ണന്‍ കാവാലം

Sunday, September 28, 2008

ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍

എന്‍റെ അച്ഛന്‍ ലോറി വാങ്ങിയതിനു പിന്നില്‍ ഒരു കാരണമുണ്ട്‌.

ഒരു വീട്ടില്‍ ഒന്നോ അതിലധികമോ എന്ന കണക്കിന് ലോറികളുള്ള ഒരു നാട്ടില്‍ അച്ഛന്‍ ഒരു വീടു പണിയാന്‍ തീരുമാനിച്ചു. അതിന്‍റെ ആദ്യ പടിയായി മണല്‍ ഇറക്കാന്‍ അടുത്തുള്ള ഒരു ലോറിക്കാരനെ ഏര്‍പ്പെടുത്തുകയും ചെയ്തു. ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും മണല്‍ കിട്ടിയില്ല. അങ്ങനെ രണ്ടു മൂന്നു ലോറിക്കാരെങ്കിലും അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചു. അവസാനം അദ്ദേഹം പുറകേ നടന്ന സകലമാന ലോറിക്കാരുടെയും വീട്ടില്‍ പോയി ഒരു പ്രഘ്യാപനം നടത്തി. താന്‍ ഇനി എനിക്കു മണല്‍ ഇറക്കി തരണ്ട. ഞാന്‍ എന്‍റെ സ്വന്തം ലോറിയില്‍ മണല്‍ ഇറക്കിക്കൊള്ളാം. ഈ പ്രഘ്യാപനം ചരിത്രത്തിലേക്കുള്ള ഒരു വാതിലാണ് അച്ഛന്‍റെ മുന്‍പില്‍ (എന്‍റെയും) തുറന്നിട്ടത്‌.

അടുത്ത ദിവസം ലോറിയുടെ ലക്ഷണവും, മര്‍മ്മങ്ങളും ഒക്കെ അറിയാവുന്ന കുറേ കരപ്രമാണിമാരെയും കൂട്ടി പെരുമ്പാവൂര്‍ക്ക് വിട്ടു. അവിടെ നിന്നും ലോറിയും വാങ്ങി എല്ലാവരും കൂടി ആഘോഷമായി തിരിച്ചെത്തി. ആ വകയില്‍ എല്ലാ മാസവും സി സി അടക്കാന്‍ എറണാകുളത്ത് പോകാനുള്ള അവസരവും തരപ്പെട്ടു. സമീപവാസികളും സദ്ഗുണന്മാരുമായ ചില ലോറിയുടമകളുടെ ഭീഷണിയെ തുടര്‍ന്ന് ലോറിക്ക് കാവല്‍ ഏര്‍പ്പെടുത്തി. വീടു പണി നടക്കുന്നതിനാല്‍ അടുത്ത വീട്ടിലാണ് ലോറി കയറ്റിയിട്ടിരുന്നത്. വണ്ടിയുടെ ടോപ്പില്‍ സന്തോഷ് ചേട്ടന്‍, കാബിന്‍റെയകത്ത് ഉണ്ണിമാമന്‍, കാരിയറില്‍ മൊയിലി മാമന്‍, വണ്ടിയുടെ അടിയില്‍ പിള്ളേരു വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും ഇങ്ങനെയായിരുന്നു കാവല്‍. ഇതും പോരാഞ്ഞ് അച്ഛന്‍ രാത്രിയുടെ ഓരോ യാമത്തിലും ഉണര്‍ന്ന് ആരെങ്കിലും വണ്ടി അടിച്ചോണ്ടു പോകുന്നുണ്ടോ എന്ന് ഒളിഞ്ഞു നോട്ടവും, ഇടക്കിടെ എന്‍റെ ആറര ലക്ഷം രൂപാ എന്ന് നെടുവീര്‍പ്പിടാനും തുടങ്ങി.

ഡ്രൈവര്‍മാരും കിളികളും പലര്‍ മാറി മറിഞ്ഞു വന്നു. വന്നവരില്‍ ചിലര്‍ക്ക് സൌന്ദര്യം പോരാഞ്ഞിട്ടും, മറ്റു ചിലര്‍ മോഷ്ടിച്ചതു കൊണ്ടും അച്ഛന്‍ പറഞ്ഞു വിട്ടു. അങ്ങനെ പോയ ഒരുത്തന്‍ പിന്നീടൊരിക്കല്‍ വണ്ടിയുടെ റിയര്‍ വീലിന്‍റെ ടയര്‍ രാത്രിയില്‍ വന്ന് കീറി വിടുകയും ചെയ്തു. സത്യമുള്ള വസ്തുവില്‍ അതുകൊണ്ട് ഉപജീവനം ചെയ്യുന്നവന്‍ ചെയ്ത ആ പ്രവൃത്തിക്ക് ശിക്ഷ കൊടുത്തത് ഈശ്വരന്‍ ആയിരുന്നു. ഒരു ക്ഷേത്രത്തിന്‍റെ കാണിക്കമണ്ഡപത്തില്‍ വണ്ടി കൊണ്ടിടിച്ച് അയാള്‍...

അങ്ങനെ ഒരു ദിവസം വീടിന്‍റെ മുന്‍പില്‍ മദ്ധ്യവയസ്സ് കഴിയാറായ ഒരാള്‍ വന്നു നിന്നു. ഇടത്തോട്ടു മുണ്ടുടുത്ത്, ചാര നിറമുള്ള ഷര്‍ട്ടും ധരിച്ച് കൈ കെട്ടി നിന്ന അയാളെ ഞാന്‍ വെറുതേ നോക്കി നിന്നു. അച്ഛനുമായി എന്തൊക്കെയോ സംസാരിച്ചയാള്‍ പോയി. ആ മനുഷ്യനാണ് പിന്നീട് ഒരു വര്‍ഷത്തോളം കാലം എന്നെ പ്രഭാതങ്ങളില്‍ കോളിംഗ് ബെല്‍ അടിച്ചുണര്‍ത്തിയിരുന്ന സ്നേഹനിധിയായ ഹസന്‍ കുഞ്ഞ് ചേട്ടന്‍. വണ്ടിയിലെ ക്ലീനര്‍ എന്ന കിളി ആയിരുന്നു അദ്ദേഹം.

ചെയ്യുന്ന തൊഴിലിനോട്‌ കൂറ് കാണിക്കാന്‍, സ്വന്തം പ്രവൃത്തിയിലൂടെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം പണ്ട്‌ ലോറി ഡ്രൈവറായിരുന്നുവത്രേ. ഒരിക്കല്‍ വണ്ടിയില്‍ കരിങ്കല്ലുമായി ഇഞ്ചപ്പാറയിറങ്ങി വന്ന വഴി വണ്ടി കൊക്കയിലേക്കു മറിഞ്ഞു. വലിയ പരിക്കുകളൊന്നും കൂടാതെ അദ്ദേഹം ദൂരെ തെറിച്ചു വീണു. പക്ഷേ വണ്ടിയുടെ ടോപ്പിലിരുന്ന ഒരു ടയര്‍ വന്നു വീണത് അദ്ദേഹത്തിന്‍റെ നടുവില്‍. അതോടെ അദ്ദേഹം ഡ്രൈവിംഗ് ഉപേക്ഷിച്ചു ക്ലീനര്‍ ആയതാണ്. വണ്ടിയുടെ ഡ്രൈവര്‍ വരുമ്പോള്‍ അഞ്ചരയോളമാകും. ഇദ്ദേഹം വെളുപ്പിനെ നാലു മണിയാകുമ്പോഴേ വന്ന് വണ്ടിയൊക്കെ തുടച്ച് അകത്തു കയറി ഒരുറക്കവും കഴിയുമ്പൊഴേ ഡ്രൈവര്‍ എത്തുകയുള്ളൂ. സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നതു പോലെയാണ് അദ്ദേഹം വണ്ടി നോക്കിയിരുന്നത്. അന്ന് വണ്ടിയുടെ ടയര്‍ കീറിയിരിക്കുന്നത് കണ്ടു പിടിച്ചത് പാറമടയില്‍ കരിങ്കല്ല് കയറ്റാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഹസ്സന്‍ കുഞ്ഞ് ചേട്ടനാണ്. അദ്ദേഹത്തിന്‍റെ ശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ് വലിയ ഒരു അപകടം ഒഴിവായത് വണ്ടിയില്‍ ലോഡ്‌ കയറ്റിയിരുന്നെങ്കില്‍ തിരിച്ചിറങ്ങും വഴി ടയര്‍ വെടി തീരുകയും വലിയ അപകടം ഉണ്ടാവുകയും ചെയ്യുമായിരുന്നു.

എല്ലാ റംസാന്‍ നാളിലും അച്ഛനോട്‌ മുന്‍പേ അനുവാദം വാങ്ങി അദ്ദേഹം എന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോകുമായിരുനു.അരിപ്പത്തിരി തേങ്ങാപ്പാലും കൂട്ടി ആദ്യമായി കഴിക്കുന്നതും, ആദ്യമായി (വീട്ടില്‍ അറിയാതെ) കാര്‍ ഓടിച്ചതുമെല്ലാം ആ കൊച്ചു സ്നേഹവീട്ടിലെ ഓര്‍മ്മകളാണ്.

ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വലിയ തരക്കേടില്ലാത്ത തല്ലിപ്പൊളിയായിരുന്നു ഞാന്‍ എന്നാണ് എന്നെക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍. ഒരിക്കല്‍ ഏകദേശം അച്ഛന്‍റെ പ്രായമുള്ള ഒരുത്തനുമായി വഴക്കായി. പ്രശ്നം വണ്ടിക്കാര്യം തന്നെ. വണ്ടിയുടെ ജാക്കി ലിവറെടുത്ത് അയാളുടെ തല തല്ലിപ്പൊട്ടിക്കാന്‍ നിന്ന എന്‍റെയടുത്ത് വന്ന് ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ പറഞ്ഞത്, ‘മോനേ എന്‍റെ വണ്ടിയുടെ ജാക്കിലിവറാണത്, അതു മോനെനിക്കു തിരിച്ചു തരണം’ എന്നാണ്. എന്നിട്ട് എന്നെ കൂട്ടിക്കൊണ്ടു പോയി. ഇപ്പൊഴും ആള്‍ക്കാര്‍ പറയും, അന്ന്, ആ സമയത്ത് ഹസന്‍ കുഞ്ഞല്ലാതെ മറ്റാരു വിചാരിച്ചിരുന്നെങ്കിലും ജയകൃഷ്ണന്‍ അവന്‍റെ തലക്കിട്ടു കൊടുത്തേനെയെന്ന്. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ മുന്‍പില്‍ തോറ്റു പോകാത്ത മനസ്സുകളുണ്ടോ? അടങ്ങാത്ത പകയുണ്ടോ? സ്നേഹം കൊണ്ട് എന്നെ തോല്പിച്ച ചിലരില്‍ ഒരാളാണദ്ദേഹം. പക്ഷേ അദ്ദേഹത്തെയും ഒരു കാരണവുമില്ലാതെ അച്ഛന്‍ ഒഴിവാക്കി. ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ പോയതില്‍ പിന്നെ ഞാന്‍ ഇന്നീ നിമിഷം വരെ ആ വണ്ടിയില്‍ കൈ കൊണ്ടു പോലും തൊട്ടിട്ടില്ല. ആ വണ്ടിയുടെ ഐശ്വര്യവും ജീവനും അദ്ദേഹമായിരുന്നു.

കാലമേറെ കഴിഞ്ഞു, ജയകൃഷ്ണന്‍ എന്ന പയ്യന്‍ വളര്‍ന്നു വലുതായി, മീശയും പത്രാസുമൊക്കെയായി, ഉപരി പഠനം, തൊഴില്‍, ദേശാടനമൊക്കെയായി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവിടെയെത്തി. യാദൃശ്ചികമായി സന്തോഷ് ചേട്ടനെ കണ്ടു. സന്തോഷ്, വണ്ടിയിലെ പാര്‍ട്ട് ടൈം കിളിയായിരുന്നു. സന്തോഷ് ചേട്ടനെയും കൂട്ടി, അച്ഛന്‍റെ സുഹൃത്തായ ഭരതന്‍ മാമന്‍റെ സൈക്കിളും എടുത്ത് ഞങ്ങള്‍ ഹസ്സന്‍ ചേട്ടന്‍റെ വീടു തപ്പി പോയി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞതിനാല്‍ വഴിയെല്ലാം മറന്നു. സന്തോഷ് ചേട്ടനും വഴി അത്ര പിടിയില്ല. അങ്ങനെ അവിടെയെത്തിയപ്പോള്‍ സമയം രാത്രി എട്ട് മണിയോളമായി. വീട്ടില്‍ ചോദിച്ചപ്പോള്‍ ഹസ്സന്‍ ചേട്ടന്‍ അടുത്ത വീട്ടിലിരുന്ന് ടി വി കാണുന്നെന്ന് അറിഞ്ഞു. സന്തോഷ് പോയി വിളിച്ചു കൊണ്ടു വന്നു.

കരി പോലെ കറുത്തിരുന്ന ആ മീശയില്‍ അവിടവിടെ വെള്ളി വരകള്‍ വീണിരിക്കുന്നു. മുടിയും അവിടവിടെ ചെമ്പിച്ചിരിക്കുന്നു. മുഖത്തെ ആ തെളിച്ചം ഇപ്പൊഴും പഴയതു പോലെ തന്നെയുണ്ട്‌. ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. എന്നെ കണ്ടിട്ട് മനസ്സിലായില്ല. എന്‍റെ രൂപഭാവാദികളിലെല്ലാം നല്ല മാറ്റം വന്നിട്ടുണ്ടാകും. സൂക്ഷിച്ചു നോക്കി. ഇതാരാടാ സന്തോഷേ എന്നു ചോദിച്ചു. സന്തോഷ് ചേട്ടന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചു ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ എന്നെ മറന്നോ?

ഞാന്‍ എന്‍റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പേ, ‘ഈ വിളി എനിക്കു മറക്കാന്‍ പറ്റുമോ’ എന്നു ചോദിച്ചു കൊണ്ട്‌ എന്നെ അദ്ദേഹം കെട്ടിപ്പിടിച്ചു. വാ തോരാതെ വിശേഷങ്ങള്‍ തിരക്കി. ഒത്തിരി വര്‍ത്തമാനം പറയുന്നതിനിടയില്‍ എനിക്കു കഴിക്കാന്‍ എന്തു തരുമെന്നു പരതി. ഞാന്‍ പറഞ്ഞു എനിക്കിവിടുന്ന് ഒരു സുലൈമാനി വേണം. അദ്ദേഹം ഭാര്യയെ വിളിച്ചു ചോദിച്ചു, നീ ഓര്‍ക്കുന്നുണ്ടോടീ ഇതാരാണെന്ന്?. ഇന്നലെ കണ്ടതു പോലെ അവര്‍ പറഞ്ഞു ഇതു നിങ്ങടെ മൊതലാളീടെ മോനല്ലേ?. ആ ഓര്‍മ്മശക്തി ചില സ്നേഹബന്ധങ്ങളുടെ ആഴങ്ങള്‍ നമുക്കു വെളിവാക്കിത്തരും.

അദ്ദേഹം എന്നെ ഒരു കസേരയിട്ട് ഇരുത്തി. അടുത്തു തന്നെ ഒരു ബഞ്ചില്‍ അദ്ദേഹവും ഇരുന്നു. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കൊച്ചു വീട്ടില്‍ ഇന്നും അവര്‍ മണ്ണെണ്ണ വിളക്കിന്‍റെ പ്രകാശത്തില്‍ രാത്രി കഴിക്കുന്നു. മണ്ണെണ്ണവിളക്കിന്‍റെ തിരി വലിച്ചുയര്‍ത്തി പന്തം പോലയാക്കി അതെന്‍റെ മുഖത്തോടു ചേര്‍ത്ത് അദ്ദേഹം കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. അവന്‍റെ മൂക്കിലെല്ലാം പുക കയറുമെന്നു സന്തോഷ് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, ഞാന്‍ എന്‍റെ മോനെ കണ്ണു നിറച്ചു കാണട്ടെ എന്നാണ്.

എന്‍റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും ഊഷ്മളമായ, വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു അത്. പകരം നല്‍കുവാനില്ല ഇവന്‍റെ കയ്യില്‍ ഒന്നും. പരമകാരുണികനായ അള്ളാഹുവിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന മനസ്സുള്ളവന് ഭൂമിയില്‍ ചെയ്യാന്‍ കഴിയുന്ന മഹത്തായ ദാനം; അത് ചെയ്യുന്നവനാണ് അദ്ദേഹം. ആ ദാനമത്രേ സ്നേഹം.

© ജയകൃഷ്ണന്‍ കാവാലം

Friday, September 19, 2008

മുത്തു പൊഴിയുന്ന കാവാലം 1 (നോക്കൂ ഇവളെ ഞാന്‍ യുഗങ്ങളോളം പ്രണയിക്കും)


പ്രായം പതിനേഴ് കഴിഞ്ഞു.
മുഖത്തു പൊടി മീശ കിളിര്‍ത്തു. പതിനാലില്‍ തുടങ്ങിയ മാക്രിശബ്ദം പതിയെ പതിയെ പുരുഷത്വത്തിന്‍റെ ഗാംഭീര്യം ആര്‍ജ്ജിച്ചു. ഊണിലും, ഉറക്കത്തിലും, എടുപ്പിലും, നടപ്പിലുമെല്ലാം ഒരു പക്വന്റെ ലുക്ക് വരുത്തുവാന്‍ നിരന്തരം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലം. ആയിടക്കാണ് പഴയ രണ്ടു ചങ്ങാതിമാരെ കണ്ടു മുട്ടിയത്‌. വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്ന സമയത്താണ് അതിലൊരുത്തന്‍ ചോദിക്കുന്നത്‌. ജയകൃഷ്ണനു പ്രണയമൊന്നുമില്ലേ എന്ന്‌. വീട്ടിലെ പത്തായത്തോടും, വീട്ടുമുറ്റത്തെ പനിനീര്‍പ്പൂവുകളോടും മാത്രം പ്രണയമുണ്ടായിരുന്ന ഞാന്‍ എന്തു പറയാന്‍? ഇല്ലെന്നു പറഞ്ഞു. പക്ഷേ അവരുടെ ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരി എന്നില്‍ അപകര്‍ഷതാ ബോധമുണ്ടാക്കി.

അവര്‍ ചോദിച്ചു. ഇത്രേം പ്രായമായിട്ടും നീ പ്രണയിക്കാന്‍ തുടങ്ങിയില്ലേ എന്ന്. രാവിലെ എഴുന്നേറ്റു പത്തു മണിയായിട്ടും പല്ലു തേച്ചില്ലേ എന്നു കേള്‍ക്കുന്നതു പോലെ ഒരു ജാള്യത എന്നില്‍ നിറഞ്ഞു. ഇനിയിപ്പോള്‍ പ്രണയിക്കാത്ത കാരണം എന്നിലെ വളര്‍ച്ചയെ ജനം അംഗീകരിച്ചില്ലെങ്കിലോ?!!

ആ കുറവു നികത്താന്‍ തന്നെ തീരുമാനിച്ചു. ഉറക്കമിളച്ചു കുത്തിയിരുന്നാലോചിച്ചു. ആരെയാ ഒന്നു പ്രേമിക്കാനുള്ളത്? ഇപ്പോള്‍ തന്നെ നാട്ടിലുള്ള ഏറെക്കുറെ എല്ലാവരും പലരാലും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. അയല്‍വാസിയും, പതിനാലു വയസ്സുകാരനും, പ്രണയ കലയില്‍ അഗ്രഗണ്യനുമായ സെഞ്ചോ എന്ന സെഞ്ചോമോന്‍ ജേക്കബിനെ ഗുരുവായി സ്വീകരിച്ചു. അവന്‍ പ്രാഥമിക ഉപദേശങ്ങള്‍ തന്നു. ഞങ്ങള്‍ രണ്ടു പേരും കൂടി പൂക്കൈതയാറിന്‍റെ തീരത്തും, പള്ളിക്കൂടത്തിണ്ണയിലും, തെങ്ങിന്‍ ചുവട്ടിലും കുത്തിയിരുന്ന് തല പുകഞ്ഞാലോചിച്ചു. അവസാനം ഒരാളെ ഓര്‍മ്മ കിട്ടി. നാട്ടിലെ ഏകദേശം എല്ലാ പ്രണയിതാക്കളെയും പരിചയമുള്ളയാളാണു സെഞ്ചോ.

ഈ പെണ്‍കുട്ടിക്ക് എന്‍റെ സമപ്രായമാണ്. ഞാന്‍ ചോദിച്ചു, ഈ പ്രായം ഒരു പ്രശ്നമാണോ? പ്രേമത്തിനു കണ്ണില്ലെന്ന് ജയകൃഷ്ണന്‍ ആദ്യം മനസ്സിലാക്കണം. അവന്‍ പറഞ്ഞു. അങ്ങനെ ‘തിരഞ്ഞെടുക്കപ്പെട്ട പ്രണയം’ ആരംഭിച്ചു. ഇതിനി എങ്ങനെ മുന്‍പോട്ടു കൊണ്ടു പോകും? ഇവിടെയൊരുത്തന്‍ പ്രേമിച്ചോണ്ടു നടക്കുന്ന വിവരം അവളും കൂടെ അറിയണ്ടേ? ഇതായി അടുത്ത ആലോചന.

ഒരാളെ തിരഞ്ഞെടുക്കാന്‍ മാത്രേയുള്ളൂ പ്രയാസം. അതു കഴിഞ്ഞാല്‍ ബാക്കിയെല്ലാം എളുപ്പമാണ്. ഞാന്‍ പറയുന്നത്‌ അപ്പാടെ അനുസരിച്ചാല്‍ മതി. പ്രണയാചാര്യന്‍ പ്രതിവചിച്ചു.

ഇനി മുതല്‍ അവള്‍ പോകുന്ന വഴികളിലെല്ലാം ജയകൃഷ്ണനുണ്ടാവണം. എവിടെ നോക്കിയാലും അവള്‍ ജയകൃഷ്ണനെ തന്നെ കാണണം. വല്ലപ്പോഴും ഓരോ പുഞ്ചിരി സമ്മാനിക്കണം. അപ്പോള്‍ അവളും പുഞ്ചിരിക്കും. ആ പുഞ്ചിരി കടാക്ഷമായി മാറുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പുഞ്ചിരിയില്‍ നിന്നും കടാക്ഷത്തിലേക്കുള്ള ചുവടുമാറ്റത്തില്‍ എവിടെയോ ആണ് പ്രണയത്തിന്‍റെ മനഃശാസ്ത്രം ഇരിക്കുന്നത്.

അവന്‍റെ ഉപദേശം എനിക്കു ബോധിച്ചു. എന്നാലും പെണ്ണുങ്ങള്‍ പോകുന്ന വഴിയില്‍ പോയി നില്‍ക്കുന്നതിനോട്‌ അത്ര താത്പര്യം തോന്നിയില്ല. ‘ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകു’മെന്ന അവന്‍റെ ഭീഷണിയില്‍ ഞാന്‍ വീണു. ഒരു വായീനോക്കിയാകാന്‍ തന്നെ തീരുമാനിച്ചു.

കാവാലം പ്രണയിക്കാന്‍ പറ്റിയ നാടാണ്. മനുഷ്യനേക്കാള്‍ പ്രകൃതിയോടാണ് നമുക്ക് പ്രണയം തോന്നുക. കുലീനയാണ് പൂക്കൈതയാറ്‌. വലിയ ഇളക്കവും, കുണുക്കവും ഒന്നുമില്ലാത്ത ശാന്തമായ അവളുടെ പ്രകൃതം അവളുടെ തറവാട്ടുമഹിമ വിളിച്ചോതുന്നു. അനാവശ്യമായി ആരെയും മുക്കിക്കൊന്ന ചരിത്രവും അവള്‍ക്കില്ല. അവളുടെ കുഞ്ഞോളങ്ങള്‍ക്ക് ഇക്കിളിപ്പെടുത്തുന്ന കൌമാരഭാവങ്ങളൊന്നും തന്നെയില്ല. എന്നാലും ആ ശാലീനതയെ നമ്മള്‍ പ്രണയിച്ചു പോകും. അതു പോലെ നിരന്ന തെങ്ങിന്‍ തലപ്പുകളും, ഇളംകാറ്റില്‍ പുളകിതയായി മനസ്സിലെ സ്വപ്നസഞ്ചാരങ്ങള്‍ പോലെ ഇളകുന്ന വയലുകളും, കൈത്തോടുകളും എല്ലാം പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ അനുഭൂതി ദായകങ്ങളാണ്. പാടവരമ്പിലെ കള്ളുഷാപ്പുകളില്‍ നിന്നും ‘സന്തോഷവും’ ദുഃഖങ്ങള്‍ക്ക്‌ ‘മരുന്നും’ പണിയെടുത്തു തളരുന്ന മെയ്യുകള്‍ക്ക് ‘ഉന്മേഷവും’, കലാ ഹൃദയങ്ങള്‍ക്ക് ‘പ്രചോദനവും’ ഒരേ കുപ്പിയില്‍ നിന്നും സ്വീകരിച്ച് കായലിന്‍റെ മധുരകല്ലോലിനികളോട് സല്ലപിച്ചിരിക്കുന്ന കുടിയന്മാരുടെ മുഖത്തു പോലും ഒരു കാമുകഭാവം പ്രകടമാണ്.

ഇതൊക്കെയാണെങ്കിലും പ്രകൃതിയോടുള്ള ഈ ആത്മീയ പ്രണയത്തില്‍ നിന്നും ഈ തലമുറ ചപലമായ ‘അടിപൊളി’ പ്രണയത്തിലേക്ക് മുഖം തിരിച്ചിട്ട് കുറച്ചു കാലമായിരിക്കുന്നു. എനിക്ക് പ്രകൃതിയെ പ്രണയിക്കാനായിരുന്നു ഇഷ്ടം. പ്രകൃതിയെ പ്രണയിച്ചാല്‍ നേട്ടങ്ങള്‍ ഏറെയാണ്. ഒന്നാമതായി പ്രകൃതിയുടെ അച്ഛനും, ആങ്ങളമാരും തല്ലാനിട്ടോടിക്കില്ല. അവള്‍ക്ക് മാലയും കുപ്പിവളയും വാങ്ങിക്കൊടുക്കേണ്ടതില്ല. രാപകല്‍ ഭേദമില്ലാതെ അവള്‍ സദാ പ്രേമവതിയായി നമ്മുടെ സ്നേഹ സാമീപ്യം കാത്ത് അവിടെത്തന്നെയുണ്ടാവും.

എന്നാല്‍ മനുഷ്യനെ പ്രേമിച്ചാല്‍ കുഴപ്പങ്ങള്‍ പലതാണ്. തടി കേടാകാന്‍ സാധ്യതയുണ്ട്. കയ്യില്‍ നിന്നു കാശു പോകും. നാലാളറിഞ്ഞാല്‍ നാണക്കേടാണ്. തുടങ്ങി കുഴപ്പങ്ങളുടെ പൊടി പൂരം.

എന്നാലും കൂട്ടുകാരെ ബോധിപ്പിക്കാന്‍ ഒന്നു പ്രേമിക്കാതിരിക്കാന്‍ പറ്റുമോ? അതു കൊണ്ടാണിങ്ങനെയൊരു സാഹസത്തിനൊരുങ്ങിയത്‌. പക്ഷേ വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു ഇത്‌.

അവള്‍ വരുന്ന വഴിയിലെ ബാലകൃഷ്ണന്‍ ചേട്ടന്‍റെ സ്റ്റുഡിയോയില്‍ രണ്ടു മൂന്നു ദിവസം ഒരേ സമയത്തുള്ള എന്‍റെ സന്ദര്‍ശനം കണ്ടപ്പോള്‍ “ഡാ... നീ ലവളെ കാണാനല്ലേടാ ദിവസവും കറങ്ങി നടക്കുന്നത്‌“ എന്നദ്ദേഹം ചോദിച്ചപ്പോള്‍ നട്ടാല്‍ കിളിര്‍ക്കാത്ത കള്ളങ്ങളുടെ പൂച്ചെണ്ടു നല്‍കി ഞാന്‍ അദ്ദേഹത്തെ മയക്കി.

സെഞ്ചോയുടെ ഉപദേശങ്ങള്‍ പര്യാപ്തമല്ലെന്നു തോന്നിയപ്പോള്‍ ചില പുസ്തകങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നാലു തരം സ്ത്രീകളെക്കുറിച്ചും അവരുടെ സ്നേഹം പിടിച്ചു പറ്റാനുള്ള വഴികളെക്കുറിച്ചും ഒരു പുസ്തകം പറഞ്ഞു തന്നു. അതെഴുതിയ മഹാനുഭാവന്‍റെ അപാരമായ വൈഭവത്തില്‍ അസൂയ തോന്നി. ആ പുസ്തകത്തില്‍ പറഞ്ഞ പ്രകാരം ഇവളുടെ ടൈപ്പ് പെണ്ണുങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ കുട്ടികളെ എടുത്തോണ്ട്‌ വഴിയില്‍ നിന്നാല്‍ മതിയത്രേ!!! കുട്ടികളെ ഇഷ്ടപ്പെടുന്ന ആ ‘ടൈപ്പ്’ പെണ്‍കുട്ടികള്‍ കുട്ടിയെ നോക്കുന്ന കൂട്ടത്തില്‍ നമ്മളെയും നോക്കും എന്നതാണ് ആചാര്യന്‍റെ കണ്ടുപിടുത്തം. വാവക്കുട്ടനമ്മാവന്‍റെ കൃപാകടാക്ഷത്താല്‍ എനിക്കൊരു കുട്ടിയെ കിട്ടി. അനന്തകൃഷ്ണപ്പണിക്കര്‍ എന്ന അമ്മാവന്‍റെ മകന്‍.

കാര്യം പറഞ്ഞപ്പോള്‍ അല്പം ഒന്നു കളിയാക്കിയെങ്കിലും, ‘പിന്‍ ഗാമി’യുടെ മനോവികാരങ്ങള്‍ക്കും, ‘അവകാശങ്ങള്‍ക്കും’ വില കല്പിക്കുന്ന അമ്മാവന്‍ സസന്തോഷം അതു സമ്മതിച്ചു. അല്ലാതിപ്പോള്‍ ഞാനെവിടെപ്പോയി കുട്ടിയെ കൊണ്ടുവരാനാ???

അനന്തുവിന്‍റെ പ്രകൃതം ആരെയും ആകര്‍ഷിക്കുന്നതാണ്. വശ്യമായ പുഞ്ചിരിയും, ആരോടും ഇണങ്ങുന്ന സ്വഭാവവും ആരുടെയും ശ്രദ്ധയെ പിടിച്ചു പറ്റും. ടോമി ഹില്‍ഫിഗറിന്‍റെ ചുവപ്പില്‍ വരയുള്ള ടി-ഷര്‍ട്ടും മോന്തക്ക് മൂന്നിഞ്ചു കനത്തില്‍ പൌഡറുമിട്ട് ഇരു നിറമുള്ള ഞാന്‍ തൂവെള്ളയായി വഴിയില്‍ നിന്നു. അനന്തുവിനെ കളിപ്പിക്കാനെന്ന ഭാവേന ഒരു കുല പനിനീര്‍പ്പൂക്കളും കയ്യില്‍ കരുതി. ഓരോ പൂക്കളും, അതിലെ ഓരോ ഇതളുകളും (മുള്ളുകള്‍ ഒഴിച്ച്) കാമിനീ നിനക്കായി എന്നു ഹൃദയത്തിനെക്കൊണ്ട്‌ മന്ത്രിപ്പിച്ച് അവിടെ കാത്തു നിന്നു.

ഇളവെയില്‍ പുള്ളി കുത്തിയ ചെമ്മണ്‍ പാതയിലൂടെ അവളും കൂട്ടുകാരികളും അരയന്നങ്ങളെപ്പോലെ നടന്നു വരുന്നു. ദൂരെ നിന്നെ എന്നെക്കണ്ട്‌ അവര്‍ പുഞ്ചിരിച്ചു. എല്ലാവരും പരിചയക്കാരാണ്. ഞാന്‍ സൂക്ഷിച്ചു നോക്കി. ഇല്ല, ഇപ്പൊഴും കടാക്ഷം ഇല്ല. അവര്‍ നടന്നടുത്തു വന്നതും അനന്തു അവരെ നോക്കി ചിരിച്ചു. കൈ പൊക്കി കാണിച്ചു. അതു കണ്ട്‌ അവര്‍ നടന്നടുത്തു വന്നു അവന്‍റെ കവിളുകളില്‍ തലോടി. എന്നിട്ടു തിരിഞ്ഞു നിന്നെന്നെ നോക്കി ആ മഹാപാപികള്‍ ചോദിച്ചു,

ജയകൃഷ്ണനെന്താ കടുവാകളിക്കു പോകാന്‍ നിക്കുവാണോ? മുഖത്ത് ഒരു ടിന്‍ പൌഡര്‍ ഉണ്ടല്ലോ എന്ന്.

എന്നിലെ കാമുകഹൃദയം കലാമൂല്യമില്ലാത്ത അവാര്‍ഡ് പടം പോലെ പൊട്ടി. മനസ്സ് അവാര്‍ഡ് പടം കാണാന്‍ വരുന്ന ബുദ്ധിജീവിയുടെ കുളിക്കാത്ത തല പോലെ കാടു കയറി. അപ്പൊഴും അനന്തു ചിരിച്ചു കൊണ്ടു തന്നെയിരുന്നു.

ചെറുവയല്‍ക്കിളിപാടുമരയാല്‍ മരത്തിന്‍റെ
ചലനത്തിനൊത്തു നീ വന്നണഞ്ഞീടുമ്പോള്‍
അറിയാതെ തന്നെ ഞാനെന്നെ മറക്കുമെ-
ന്നരുമയാം തോഴി നീയെന്നെയറിഞ്ഞുവോ

എന്നു ചോദിക്കാന്‍ കാത്തു നിന്ന എന്‍റെ മനസ്സു പിടഞ്ഞു. ആ മനസ്സില്‍ തോഴിയുടെ വാക്കുകള്‍ ‘തൊഴി’യേല്പിച്ചു.

ഇളവെയില്‍ ചൂടേറ്റു നിന്‍ മുഖം വാടുമെ
ന്നറിയാതെയെപ്പൊഴോ സൂര്യനെ പ്‌രാകി ഞാ
നരുമയാം ചെറു നിഴല്‍ നല്‍കിടും വഴിയിലെ
ചെറുമരക്കൂട്ടത്തെ സ്നേഹമായ് നോക്കുന്നു

എന്ന് അവളെക്കുറിച്ച്, അവളെക്കുറിച്ചു മാത്രം എഴുതിയ എന്നില്‍ പരിഹാസത്തിന്‍റെ പൊരിവെയില്‍ പകര്‍ന്ന് അവള്‍ നടന്നു പോയി.

എങ്കിലും എന്‍റെ മനോഗതം അവളുമാരറിഞ്ഞില്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ തിരിച്ചു നടന്നു. ആ കാലങ്ങളില്‍ അവളുടെ പിന്നാലെ നടന്ന ദൂരം നേരേ നടന്നിരുന്നെങ്കില്‍ എന്നേ അമേരിക്കയില്‍ എത്താമായിരുന്നു. പക്ഷേ ഇപ്പൊഴും ആ സൌഹൃദത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല.

അന്നു വൈകുന്നേരം പ്രണയപുരോഗതി അന്വേഷിച്ചറിയാന്‍. പള്ളിക്കൂടം വിട്ടു വന്ന പാടേ, ഓടി വന്ന സെഞ്ചോയെ സാക്ഷി നിര്‍ത്തി, പരക്കാട്ടെ രാഘവന്‍ പിള്ളാച്ചന്‍റെ ഉണങ്ങിയ പ്ലാവില്‍ ചാരി നിന്ന് നാൽപ്പത്തിയഞ്ചു ഡിഗ്രി ആംഗിളില്‍ മുകളിലേക്കു നോക്കി ഞാന്‍ പാടി...

വരാത്തതെന്തു നീ സഖീ
പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ
ചവിട്ടി നീ നടക്കയോ...

ആ ശോകഗാനം അവള്‍ കേട്ടിട്ടില്ല എന്നുറപ്പാണ്. ചക്കയില്ലാത്ത പ്ലാവായിരുന്നതിനാല്‍ എന്നെ ആശ്വസിപ്പിക്കാന്‍ ഒരു ചക്ക പോലുമില്ലായിരുന്നു. എന്‍റെ ഏകാന്തതയുടെ കണ്ണീര്‍ക്കടലോരങ്ങളില്‍ കപ്പലണ്ടി വിറ്റു നടന്നിരുന്ന അവളേക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആ വിരഹ ഗാനത്തിന്‍റെ ഈണങ്ങളിലെവിടെയോ അലിഞ്ഞു പോയിരുന്നു.

അന്നാണ് ചുമ്മാ ‘പ്രണയിച്ചേക്കാം’ എന്നു വിചാരിച്ചാലൊന്നും പ്രണയം വരില്ല എന്നു മനസ്സിലായത്. വാസ്തവത്തില്‍ പ്രണയമൊന്നും എനിക്കു തോന്നിയിരുന്നുമില്ല. പക്ഷേ അവിടെ മാത്രമേ വേക്കന്‍സിയുള്ളൂ എന്ന അറിവിലുണ്ടായ പ്രണയമായിരുന്നു അത്.

ആങ്ങളമാരുണ്ടായിരിക്കരുത്, അച്ഛന്‍റെ അടി കിട്ടാനുള്ള സാദ്ധ്യതകള്‍ ഉണ്ടാവരുത്, വീടിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ ഉണ്ടായിരിക്കരുത്, തുടങ്ങി കണ്ണ്, മൂക്ക്, പുരികം ഇവയുടെയൊക്കെ ലക്ഷണങ്ങള്‍ നോക്കി ഒരാളെയങ്ങു തിരഞ്ഞെടുത്തെന്നേയുള്ളൂ. ഇനിയിപ്പോള്‍ ഇതു പറഞ്ഞാല്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നേ ജനം പറയുകയുള്ളൂ, എങ്കിലും ഇതായിരുന്നു സത്യം.

അതു കഴിഞ്ഞ് വണ്‍ വേ, റ്റു വേ തുടങ്ങിയ കാറ്റഗറികളില്‍ ധാരാളം പ്രണയങ്ങളും, പ്രണയ നൈരാശ്യങ്ങളും എന്‍റെ ജീവിതത്തില്‍ വിരുന്നു വന്നെങ്കിലും എന്‍റെ കാവാലത്തെ ആദ്യ പ്രണയമാണ് ഇപ്പൊഴും മനസ്സില്‍ ഏറ്റവും മാധുര്യം വിളമ്പുന്നത്‌. ആ പ്രണയ രഹസ്യം ഇന്നും ആ പെണ്‍കുട്ടി അറിഞ്ഞിട്ടു പോലുമില്ല. ഒരു സംശയം പോലുമില്ല. അമ്മാവന്‍ ഇപ്പൊഴും ഇടക്കിടെ എന്നെ കളിയാക്കാറുണ്ട്‌. അമ്മാവന്‍റെ ഉപദേശങ്ങള്‍ വിജയം കാണാതിരിക്കില്ല എന്ന ഉറച്ച വിശ്വാസമാകാം ഇപ്പൊഴും അമ്മാവന്‍റെ മനസ്സില്‍ എന്‍റെ ആദ്യപ്രണയത്തിന് ഇത്രയധികം സ്ഥാനം നല്‍കിയിരിക്കുന്നത്‌.

ഇതും കാവാലം എനിക്കു സമ്മാനിച്ച മനോഹരമായ ഓര്‍മ്മ തന്നെ. പരസ്പരമറിഞ്ഞും നാലാളറിഞ്ഞും കളങ്കപ്പെട്ടു പോകാത്ത എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിവ്യമായ ഒരു പ്രണയത്തിന്‍റെ ഓര്‍മ്മ...

© ജയകൃഷ്ണന്‍ കാവാലം

Tuesday, September 16, 2008

മൈ ഡിയര്‍ യക്ഷീ ഐ ലവ് യൂ (മുത്തു പൊഴിയുന്ന കാവാലം 2)ഒരു സന്ധ്യക്ക് വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു.

സാധാരണ അച്ഛന്‍ വിളിക്കുന്ന സമയമായതിനാല്‍ അമ്മയാണ് ഫോണെടുത്തത്‌. പത്തായപ്പുരയിലെ ഫോണ്‍ ബെല്ലടിക്കില്ല. കിട്ടിയ ഉടനേ ആദ്യം ചെയ്ത പരിപാടി അതു തല്ലിയിളക്കി അതിന്‍റെ ബെല്ലിലേക്കുള്ള വയര്‍ കണ്ടിക്കുകയായിരുന്നു. ആ സമയത്ത് ‘ആരാധിക’മാരൊന്നും ഫോണിലൂടെ വിരുന്നു വരാറില്ലായിരുന്നു. ആ സ്ഥിതിക്ക് അതൊരു ഉപയോഗശൂന്യമായ വസ്തുവാണ്. മാത്രവുമല്ല സ്വസ്ഥമായിരിക്കുമ്പോഴായിരിക്കും ഇതു കിടന്നു നിലവിളിക്കുന്നത്‌. ആകെയുള്ള ഉപയോഗം നട്ടപ്പാതിരയ്ക്ക് എന്നെപ്പോലെ ഉണര്‍ന്നിരിക്കുന്ന വേറെ ചില ഭ്രാന്തന്മാരുമായി മറ്റുള്ളവരെ ശല്യപ്പെടുത്താതെ ചര്‍ച്ച നടത്താമെന്നതു മാത്രമാണ്.

മോനേ അച്ഛന്‍ വിളിക്കുന്നു... അമ്മ പത്തായപ്പുരയുടെ ഏതോ ഒരു വിടവിലൂടെ വിളിച്ചു പറഞ്ഞു.

‘മിണ്ടരുത്‌‘ എന്നെഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഫോണിന്‍റെ റിസീവര്‍ എടുത്ത് ‘ഹലോ അച്ഛാ’ എന്നല്പം പേടിയോടെ വിളിച്ചു. അദ്ദേഹത്തോടു സംസാരിക്കുമ്പോള്‍ എപ്പൊഴും ഒരു ഭയമാണ്. ഏറ്റവും നല്ല മൂഡിലിരിക്കുമ്പൊഴും അല്പം പേടിയോടെ മാത്രമേ ഞാന്‍ മുന്‍പില്‍ ചെല്ലാറുള്ളൂ. ആ പേടിയുടെ കാരണമെന്താണെന്ന് ഇപ്പൊഴും ഇടക്കിടെ ഞാന്‍ ആലോചിക്കാറുണ്ട്‌.

ആ സമയം ഞാന്‍ ‘പ്ലസ് ടു വിനു പഠിക്കുകയാണെ’ന്നും പറഞ്ഞു നടക്കുന്ന കാലമാണ്. പഠനം പറച്ചിലില്‍ മാത്രമുള്ള കാലം. അക്കാലത്തെ എന്‍റെ നല്ലതെന്നു മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ള പല കവിതകളും ചിത്രങ്ങളും പിറവിയെടുത്തിട്ടുള്ളത് കണക്ക്, സുവോളജി, ബോട്ടണി ക്ലാസ്സുകളിലാണ്. വായീനോക്കിയിരുന്ന് ബോറടിക്കുമ്പോഴത്തെ കലാപ്രവര്‍ത്തനം. കെമിസ്ട്രി അത്ര ഇഷ്ടമുള്ള വിഷയമല്ലെങ്കിലും അദ്ധ്യാപകന്‍ സാക്ഷാല്‍ വാവക്കുട്ടനമ്മാവനായതു കൊണ്ട് പഠിക്കാതെ നിവൃത്തിയില്ല. അറിയാവുന്ന പോലീസുകാരനാണെങ്കില്‍ ഒരടി കൂടുതലാണെന്നല്ലേ പ്രമാണം. ക്ലാസ്സില്‍ വച്ചും കിട്ടും, ‘വേറൊള്ളവന്‍റെ മാനം കളയാന്‍ ഇറങ്ങിയിരിക്കുവാണല്ലേ, നല്ല വീട്ടില്‍ നായും ജനിക്കുമെന്നു കേട്ടിട്ടേയുള്ളൂ‘ തുടങ്ങിയ സ്ഥിരം ഡയലോഗുകളുടെ അകമ്പടിയോടെ വീട്ടില്‍ വന്നും കിട്ടും. പഠിക്കാന്‍ താല്പര്യമില്ലാഞ്ഞിട്ടൊന്നുമല്ല ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്നത്‌. കൂടെപ്പഠിക്കുന്ന കുമാരിമാരുടെ കടാക്ഷമാലകളില്‍ നിന്നു മുഖം തിരിക്കാന്‍ മനസ്സിലെ കാമുകന്‍ അനുവദിക്കാതിരുന്നാല്‍ എന്തു ചെയ്യും?

പഠിത്തമൊക്കെ എങ്ങനെയുണ്ടെന്ന പതിവു ചോദ്യത്തിനുത്തരമായി, ഒരച്ഛന് മകനേക്കുറിച്ച് അഭിമാനം തോന്നാവുന്ന കാര്യങ്ങള്‍ മാത്രം ഏടുത്തു പറഞ്ഞദ്ദേഹത്തെ സന്തോഷിപ്പിച്ചു. ആട്ടെ... ഞാന്‍ വാവക്കുട്ടനോട് ചോദിക്കട്ടെ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കാകെയുണ്ടായിരുന്ന സമാധാനം പോയി.
ആ ഓണപ്പരീക്ഷക്ക് “ഒന്നുകില്‍ ഇംഗ്ലീഷില്‍ എഴുതിക്കോണം അല്ലെങ്കില്‍ മലയാളത്തില്‍, അല്ലാതെ രണ്ടും കൂടി കൂട്ടിക്കുഴക്കാന്‍ പാടില്ല” എന്ന് വാവക്കുട്ടനമ്മാവന്‍ കല്ലു പിളര്‍ക്കുന്ന ആജ്ഞ പരീക്ഷക്കു മുന്‍പേ പുറപ്പെടുവിച്ചിരുന്നു.

തരികിടയാണെങ്കിലും ക്ലാസ്സിലെ മിടുക്കന്‍ കുട്ടിയാണ്. എല്ലാ പരീക്ഷക്കും നല്ല മാര്‍ക്കുണ്ട്‌. ടീച്ചേഴ്സിനൊക്കെ വലിയ കാര്യമാണ്. പണിക്കരു സാറിന്‍റെ ഓമന അനന്തിരവനാണ്. സര്‍വ്വോപരി പെണ്‍കുട്ടികളുടെ സര്‍വ്വസ്വവുമാണ്. അങ്ങനെയുള്ള ഞാന്‍ മലയാളത്തില്‍ പരീക്ഷയെഴുതിയാല്‍ അത് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണെന്ന് ആരെങ്കിലും കരുതിയാലോ? അതിനാല്‍ ഇംഗ്ലീഷില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. എഴുതി വന്ന വഴിക്ക് ‘റൊട്ടേഷന്‍ ഓഫ് ദി ഇലക്ട്രോണ്‍‘ എന്നൊരു വാക്കെഴിതേണ്ടിയിരുന്നു. തലേം കുത്തി നിന്നു ചിന്തിച്ചിട്ടും ‘റൊട്ടേഷന്‍‘ തലയില്‍ വരുന്നില്ല. ആ വാക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല പക്ഷേ അന്നേരം തലേല്‍ കിട്ടുന്നില്ല. സമയം പോകുന്നതിനാല്‍ ഇംഗ്ലീഷില്‍ തന്നെ ഭ്രമണം ഓഫ് ദി ഇലക്ട്രോണ്‍ (Bhramanam of the electron) എന്നു കാച്ചി. പ്രസ്തുത വാചകത്തിന്‍റെ സമ്മാനം കിട്ടിയ സുദിനമായിരുന്നു അന്ന്. അപ്പോള്‍ പൊന്നുമോന്‍റെ പഠന നിലവാരമെങ്ങാനും അമ്മാവനോടു ചോദിച്ചാലത്തെ കഥ പറയണോ?

അന്നാണച്ഛന്‍ ഒരു യക്ഷിയേക്കുറിച്ചു പറയുന്നത്‌. ആധുനിക യുഗത്തിന്‍റെ എല്ലാ ‘ടെക്നോളജിയും’ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്ന ഒരു യക്ഷി. ഈ യക്ഷിക്കൊരു ഫോണ്‍ നമ്പരുണ്ട്‌. ആ നമ്പരില്‍ വിളിച്ചാല്‍ യക്ഷി നമ്മളോട് സംസാരിക്കും. ഇനി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ ‘പേടിക്കരുത്‌‘ എന്നു പ്രത്യേകം പറഞ്ഞു കൊണ്ട്‌ തിരിഞ്ഞു നോക്കാന്‍ പറയും. തിരിഞ്ഞു നോക്കുമ്പോള്‍ തൂവെള്ള സാരിയും തലയില്‍ ചെമ്പകപ്പൂക്കളും ചൂടി മന്ദസ്മേര വദനയായി (അട്ടഹസിക്കില്ലത്രേ!!!) നില്‍ക്കുന്ന യക്ഷിയേ കാണാമത്രേ. അഴിഞ്ഞു കിടക്കുന്ന കാര്‍കുന്തളങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ചെമ്പകപ്പൂവിന്‍റെ മാദകഗന്ധത്തില്‍ വികാരാവേശമുണ്ടാകാതെ നോക്കേണ്ടതു നമ്മുടെ കടമയാണ്. ഇനിയഥവാ ഉണ്ടായാലും യക്ഷിക്ക് നല്ല ‘സെല്‍ഫ് കണ്ട്രോളാണെ’ന്നായിരുന്നു ആയിടക്കുള്ള ജനസംസാരം. പലരും കണ്ടിട്ടുമുണ്ടത്രേ!!!

വളരെ കാലമായി ഒരു യക്ഷിയെ പരിചയപ്പെടണമെന്നു കരുതിയിരുന്ന എനിക്ക് അച്ഛന്‍ പറയുകയും കൂടി ചെയ്തപ്പോള്‍ ഇങ്ങനെയൊരു യക്ഷിയുണ്ടെന്നൊരു വിശ്വാസം തോന്നി. പക്ഷേ അച്ഛനും യക്ഷിയുടെ ഫോണ്‍ നമ്പര്‍ അറിയില്ല.
അങ്ങനെ ഈ യക്ഷിയുടെ ഫോണ്‍ നമ്പര്‍ ഏത് എക്സ്ചേഞ്ചിലാണെന്നന്വേഷിച്ചു. അച്ഛന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്‌ അതിനടുത്താണ്. ഞാന്‍ ആ അങ്കിളിനെ വിളിച്ച് നമ്പര്‍ ചോദിച്ചു. അദ്ദേഹം നമ്പര്‍ പറഞ്ഞു തന്നു.

നമ്പര്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ വിളിക്കാന്‍ ഒരു പേടി. എത്രയായാലും യക്ഷിയല്ലേ. ചുമ്മാ അങ്ങു കേറി മുട്ടുന്നത് റിസ്കാണെന്നൊരു തോന്നല്‍. അങ്ങനെ നമ്പരുമായി അടുത്തുള്ള ഒരു കൂട്ടുകാരന്‍റെ ബൂത്തിലെത്തി.

കാവാലം സ്കൂളിന്‍റെ അങ്കണത്തിലുള്ള ആല്‍മരത്തില്‍ ഒരു യക്ഷിയുണ്ടെന്ന് കേട്ട് കുറേ ദിവസം ഉറക്കം കളഞ്ഞ്‌ അതിന്‍റെ മുകളില്‍ കയറിയിരുന്നിട്ടുണ്ട്‌. യക്ഷിയെ കണ്ടിട്ടില്ലെന്നു മാത്രമല്ല വെളുപ്പാന്‍ കാലത്ത് പാലും കൊണ്ടു പോകുന്ന വടക്കേ വാര്‍ഡിലെ കാഞ്ചനച്ചേച്ചിയും പിള്ളേരും കൂടി ആലിന്‍ മുകളിലെ ആള്‍ രൂപം കണ്ട്‌ പേടിച്ചോടി പനി പിടിച്ചതു മിച്ചം. പക്ഷേ അന്നു യക്ഷി നേരില്‍ വന്നിരുന്നെങ്കിലും കാലു പിടിച്ചെങ്കിലും രക്ഷപ്പെടാമെന്നൊരു തോന്നലുണ്ടായിരുന്നു. പക്ഷേ ഈ ഹൈ ടെക് യക്ഷിക്ക് പഴയകാല യക്ഷികളെപ്പോലെ മനഃസ്സാക്ഷിയും, മനസ്സലിവും ഒന്നും കാണില്ലെന്നൊരു തോന്നല്‍.

അവിടെ ചെന്നിട്ടും ഞങ്ങള്‍ രണ്ടു പേര്‍ക്കും വിളിക്കാന്‍ പേടി. സമയമാണെങ്കില്‍ സന്ധ്യയുമായി. എന്നാല്‍ വിളിക്കാതിരിക്കാനും കഴിയുന്നില്ല. അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് വെള്ളപ്പുറത്തു പൂക്കുറ്റിയായി അവിടെ അടുത്തുള്ള ഒരു ചേട്ടന്‍ അവിടെയെത്തുന്നത്‌. എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ അച്ഛനാണ് കക്ഷി. ഞങ്ങള്‍ ചോദിച്ചു:

ചേട്ടാ ചേട്ടനറിഞ്ഞോ ഫോണ്‍ വിളിച്ചാല്‍ യക്ഷിയോടു സംസാരിക്കാം...
ഓ ഞാനും കേട്ടു, പക്ഷേ നമ്പര്‍ എവിടുന്നു കിട്ടാനാ. കിട്ടിയിരുന്നെങ്കില്‍ ഒന്നു വിളിക്കാമായിരുന്നു.

ഞങ്ങള്‍ക്കു സന്തോഷമായി. ഞങ്ങള്‍ പറഞ്ഞു, അതിനെന്താ ചേട്ടാ നമ്പര്‍ ഞങ്ങള്‍ തരാം.

കള്ളു കുടിച്ച് വര പോലെയായിരുന്ന അദ്ദേഹത്തിന്‍റെ കണ്ണുകള്‍ പുന്നെല്ലു കണ്ട എലിയുടേതു പോലെ വികസിച്ചു. അതേ എലിയുടെ മുഖത്തു വിരിയുന്നതു പോലെ ഒരു പുഞ്ചിരി ആ മുഖത്തെ സമ്പന്നമാക്കി. വേഗം തായെന്നു പറഞ്ഞ് അദ്ദേഹം ഫോണെടുത്തു. ഞങ്ങള്‍ കൊടുത്ത നമ്പരില്‍ വിളിച്ചു.

ഏതോ ഒരു സ്ത്രീയാണ് ഫോണെടുത്തത്‌.
അദ്ദേഹം ഇങ്ങനെ ചോദിച്ചു.

ഹലോ... അപ്പൊ എങ്ങനാ നമുക്കൊന്നു കൂടണമല്ലോ. യക്ഷിയുമായി ‘ബന്ധപ്പെടാമെന്നറിഞ്ഞു’ വിളിച്ചതാ...

മുഖത്തു വിരിഞ്ഞു നിന്നിരുന്ന പുഞ്ചിരി വര്‍ണ്ണനാതീതമായ ഏതൊക്കെയോ ഭാവങ്ങള്‍ക്കു വഴിമാറുന്നതു ഞങ്ങള്‍ കണ്ടു. ഇടക്കിടക്ക് എന്തൊക്കെയോ തെറികള്‍ പറയാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. അവിടുന്നുള്ള പറച്ചിലിനിടക്ക് ‘ഗ്യാപ്പ്’ കിട്ടാത്തതു കൊണ്ട്‌ തെറികളൊക്കെ മുറിഞ്ഞു പോവുകയാണ്. നാട്ടിലെ എണ്ണം പറഞ്ഞ തെറിവിളിക്കാരില്‍ ഒരാളായ അദ്ദേഹത്തിനെ വെല്ലുന്ന വാക്കുകളാണ് അപ്പുറത്തു നിന്നും വരുന്നതെന്നു ഞങ്ങള്‍ക്കു മനസ്സിലായി. അവസാനം രക്ഷയില്ലാതെ അദ്ദേഹം ഫോണ്‍ വച്ചു.

ഞങ്ങള്‍ ചോദിച്ചു: എന്തായി ചേട്ടാ യക്ഷിയെ കിട്ടിയോ???

ഇല്ല മക്കളേ യക്ഷീടേന്നു കിട്ടി. നീയൊക്കെ ഏതു മറ്റവടെ നമ്പരാടാ തന്നേ?

എന്തു പറ്റി ചേട്ടാ?

അവളൊരു യക്ഷി തന്നെയാരുന്നെടാ മക്കളേ...

അന്നു കുടിച്ച കള്ള്‌ യക്ഷിയുടെ മധുരോദാരമായ മന്ത്രണത്തില്‍ അലിഞ്ഞില്ലാതായി. അല്പം കൂടി വീര്യം ഉള്‍ക്കൊണ്ടു വന്ന് സൌകര്യമായി തെറി വിളിക്കാന്‍ അദ്ദേഹം വീണ്ടും ഷാപ്പിലേക്കു നടന്നു.

അതു യക്ഷിയല്ലെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കല്പം ധൈര്യമായി. യക്ഷി തെറി വിളിക്കില്ലല്ലോ. പാട്ടു പാടത്തല്ലേയുള്ളൂ.

അങ്ങനെ ഞാന്‍ വിളിക്കാനൊരുങ്ങി. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു. വേണ്ട പണിക്കരേ വിളിക്കണ്ട തെറി കേള്‍ക്കും.

എന്നിട്ടും ഞാന്‍ വിളിച്ചു.

വിളിച്ചിട്ട് തെറി കേള്‍ക്കാതിരിക്കാന്‍ കൊച്ചു കുട്ടികളുടെ ശബ്ദത്തില്‍ ചോദിച്ചു
അലോ... ഇത് യചിയുടെ വീടാനോ?
അപ്പുറത്തെടുത്തത് ഒരു ചേച്ചിയായിരുന്നു. ആ ചേച്ചി വളരെ സ്നേഹപൂര്‍വം പറഞ്ഞു.

ഇതൊക്കെ വെറുതേ ആളുകള്‍ പറയുന്നതാ മോനേ. ഇപ്പഴത്തെ കാലത്തെവിടാ യക്ഷിയൊക്കെ. ഇതാരാണ്ട് മോനെ പറ്റിക്കാന്‍ പറഞ്ഞതാ. ഇവിടിങ്ങനെ ഒത്തിരി കോളുകള്‍ വരുന്നുണ്ട്.

ഞാന്‍ പറഞ്ഞു: എനിച്ചു യചിയെ പേടിയാ. ഫോണിലൂടെയാകുമ്പോള്‍ യച്ചി പിടിക്കൂല്ലല്ലോ. അതാ വിലിച്ചേ.

ആ ചേച്ചി സ്നേഹപൂര്‍വം കുറേ സാരോപദേശങ്ങളൊക്കെ തന്നു. ചേച്ചിയുടെ സാരോപദേശങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍. ചാര്‍ജ്ജീടാക്കുന്നതു കണ്ടപ്പോള്‍ ഒരു വിധത്തില്‍ സംസാരം അവസാനിപ്പിച്ചു.

ആയിടക്ക് ആ ഏരിയായിലെ എക്സ്ചേഞ്ച് മുഴുവന്‍ ജാമായിരുന്നത്രേ. ഈ യക്ഷിക്കളി കാരണം. ഏതോ ഒരുത്തന്‍ കള്ളു കുടിച്ച് നട്ടപ്രാന്ത് മൂത്തപ്പോള്‍ അടിച്ചിറക്കിയതായിരുന്നു ഈ യക്ഷിക്കഥ. ഇതു കേട്ടു ഞങ്ങള്‍ കുറേ മണ്ടന്മാര്‍ അതിന്‍റെ പുറകേ പോയി.

കാവാലത്തിന്‍റെ ഓര്‍മകളിലെ ഒരു യക്ഷിക്കഥ!!!


© ജയകൃഷ്ണന്‍ കാവാലം

Sunday, September 14, 2008

തമ്പുരാട്ടിയുടെ മുഗ്ധസൌന്ദര്യം... അത്‌ മുഖത്തോ, കവിളിലോ, അതോ കയ്യിലോ... (മുത്തു പൊഴിയുന്ന കാവാലം 3)

കാവാലത്തെ ഒരു സുഹൃത്തിന്‍റെ കഥ.

ഈ കഥക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോടും, തട്ടിപ്പോയവരോടും ധാരാളം സാമ്യങ്ങള്‍ കണ്ടേക്കാമെങ്കിലും ആ സാമ്യങ്ങളെ ഓര്‍ത്തു ജീവിതം പാഴാക്കരുതെന്നപേക്ഷിക്കുന്നു... ഇതു വെറും സാങ്കല്പികമല്ലേ...


ഈ സുഹൃത്തിനൊരു സ്ഥാപനമുണ്ട്‌. ഈ സ്ഥാപനം എന്‍റെയൊരു അമ്മാവന്‍റെ പുരയിടത്തിലെ ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്‌. ആ വലിയ പുരയിടത്തിന്‍റെ ഏകദേശം നടുവിലായാണ് ഈ കെട്ടിടം ഇരിക്കുന്നത്‌.


ആളൊരു സാഹിത്യപ്രിയനും, കലാകാരനും, ഗായകനും, സര്‍വ്വോപരി തികഞ്ഞ ഒരു കാമുകനും കൂടിയാണ്. അദ്ദേഹം പറയുന്നത്, അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ക്ക് ജീവനുണ്ടാകണമെങ്കില്‍ ഏതെങ്കിലുമൊരു ‘മുഖം’ വേണമെന്നാണ്. അങ്ങനെ തന്‍റെ സൃഷ്ടികള്‍ക്ക് ജീവന്‍ നംകുവാനായി ചില ‘മുഖങ്ങള്‍‘ ചോദിച്ചതും, അവര്‍ തലയെടുക്കുമെന്നു പറഞ്ഞതും എനിക്കറിയാം.


ആശാന്‍റെ സൌമ്യമായ പെരുമാറ്റവും, വശ്യമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കും. കക്ഷിയുടെ സ്ഥാപനത്തില്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി രണ്ടു ദിവസം അടുപ്പിച്ചു ചെന്നിട്ടുണ്ടെങ്കില്‍ മൂന്നാം ദിവസം ഉറപ്പായും ആ പെണ്‍കുട്ടിയുടെ പേരില്‍ ഒരു കവിതയോ, കഥയോ ജനിക്കുകയായി. അത്രക്കും ഭാവനാ സമ്പന്നന്‍!!!


ചില സമയങ്ങളില്‍ ഞാന്‍ ഇദ്ദേഹത്തിന്‍റെ സ്ഥാപനത്തില്‍ പോവുകയും സംസാരിച്ചിരിക്കുകയും പതിവുണ്ടായിരുന്നു. ഞങ്ങളുടെ റൂമില്‍ നിന്നും നേരേ വെളിയിലേക്കു നോക്കിയാല്‍ അടുത്ത വീടിന്‍റെ പിന്‍ വശം കാണാം. അത് എന്‍റെയൊരു പഴയ സഹപാഠിനിയുടെ വീടാണ്. അവള്‍ക്കൊരു പട്ടിയുണ്ട്‌. ജനിച്ചു വീണതിനു ശേഷം മഴവെള്ളം പോലും ദേഹത്തു വീണിട്ടില്ലാത്ത ഒരു ജന്തു. വിശക്കുമ്പോള്‍ കിടന്നു കുരക്കാനല്ലാതെ യാതൊരു വിധ ഉത്തരവാദിത്വവും സ്വന്തം ‘വളര്‍ത്തമ്മയായ’ രാധയോടോ (രാധയെന്നാണ് ആ കുട്ടിയുടെ പേര്) സമൂഹത്തിനോടോ ആ പട്ടിക്കുണ്ടായിരുന്നില്ല. ആരെയെങ്കിലും കിട്ടിയാല്‍ ഒന്നു കടിക്കാന്‍ പോലും അദ്ദേഹം മിനക്കെടില്ല.


അവിടെയിരിക്കുമ്പൊഴെല്ലാം ആ പട്ടിയെ നോക്കിയിരിക്കുന്നത് ഞങ്ങള്‍ക്കൊരു രസമാണ്. പട്ടിയെ പരിചരിക്കാനെന്ന ഭാവേന തലോടല്‍ പട്ടിക്കും, കടാക്ഷം ഞങ്ങള്‍ക്കുമായി അവളും കാണും. എന്‍റെ കൂടെ പഠിച്ച കുട്ടിയായതു കൊണ്ട്‌ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടാണ്. ഉപരിപഠനകാലഘട്ടമായപ്പോള്‍ ഞാന്‍ നാടുവിട്ടു പോയെന്നു മാത്രം. വല്ലപ്പോഴും ഒന്നു മിണ്ടിയാല്‍ അതു പരസ്പരം കളിയാക്കാനായിരുന്നു. പക്ഷേ എന്‍റെ കൂടെയിരുന്ന പഞ്ചാരക്കുട്ടന്‍ അങ്ങനെയായിരുന്നില്ല. അവളിലും ആശാന്‍ ഒരു ‘കല’യൊക്കെ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യം എനിക്കു മാത്രേ അറിയുകയുള്ളൂ.


അവള്‍ വലിയ തെറ്റു പറയാനില്ലാത്ത ഒരു സുന്ദരിയാണ്. വിടര്‍ന്ന കണ്ണുകളും, നീണ്ട മുടിയും, പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും... ആകെക്കൂടി ഒരു ഗ്രാമീണ സുന്ദരി.


അങ്ങനെ ഈ ‘അയല്പക്ക സ്നേഹം’ നാളുകളായി തുടര്‍ന്നുകൊണ്ടുമിരുന്നു. അവള്‍ അദ്ദേഹത്തിന്‍റെ പല കവിതകളിലും നായികയായി. അയാളുടെ സൌന്ദര്യത്തിന്‍റെ ഏറിയ കൂറും അദ്ദേഹത്തിന്‍റെ സൃഷ്ടികളിലെ വാക്കുകളായി. കൂടെ പഠിച്ച കുട്ടിയുടെ സൌന്ദര്യത്തില്‍ എനിക്കു പങ്കൊന്നുമില്ലെങ്കിലും ഞാനും പരസ്പരമറിയാതെയുള്ള ഈ കലാ പ്രവര്‍ത്തനത്തിന്‍റെ മൂക സാക്ഷിയായി.
അന്നൊരിക്കല്‍ കൂട്ടുകാരന്‍റെ ഓഫീസിലേക്ക് ഒരു ഫോണ്‍ കാള്‍ വന്നു. ആ പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോണില്ലാത്തതിനാല്‍ അവിടേയ്ക്കുള്ള കാളുകളൊക്കെ ഇങ്ങോട്ടേയ്ക്കായിരുന്നു വന്നിരുന്നത്‌.


കാവാലം ധാരാളം കൈത്തോടുകളാലും, നാട്ടു തോടുകളാലും സമൃദ്ധമാണ്. ഓരോ പുരയിടത്തിനേയും ചുറ്റി ഓരോ തോടുകള്‍ ഉണ്ടാവും. പൊതുവേ നാട്ടുകാരെല്ലാം കുളിക്കുന്നതും ഈ നാട്ടു തോടുകളിലും, പിന്നെ പൂക്കൈതയാറ്റിലുമായിരിക്കും. റ്നീന്തിത്തുടിച്ചുള്ള കുളിയും, കൂട്ടുകാര്‍ തമ്മില്‍ കുളിക്കുമ്പോഴുള്ള കളിയും എല്ലാം ഒരു രസമാണ്. പൂക്കൈതയാറ്റില്‍ കുളിക്കാനിറങ്ങിയാല്‍ ഞങ്ങളൊക്കെ കയറുമ്പോള്‍ മണിക്കൂറുകള്‍ ചിലതു കഴിയും. അല്ലെങ്കില്‍ വാവക്കുട്ടനമ്മാവന്‍ ആറ്റുതീരത്ത് പ്രത്യക്ഷപ്പെടണം. അദ്ദേഹം പിന്നാലെയുണ്ടെങ്കില്‍ ഏത് ഒളിമ്പിക്സിലും എനിക്ക് സമ്മാനം ഉറപ്പാണ്.


നമ്മുടെ കഥാനായികയും കുളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക്, കൂട്ടുകാരന്‍റെ ഓഫീസിനപ്പുറത്തുള്ള വേലിപ്പുഴയിലൂടെ പോയിട്ടേയുണ്ടായിരുന്നുള്ളൂ. ഇവള്‍ കുളിക്കാന്‍ പോകുന്ന സമയമൊക്കെ അദ്ദേഹത്തിനു മനഃപ്പാഠമാണ്. ഈ പഠിത്തവും, ഓര്‍മ്മശക്തിയും പള്ളിക്കൂടത്തിലായിരുന്നെങ്കില്‍ ഒരു ഡോക്ടറേറ്റില്‍ കുറയാതെ നേടാമായിരുന്നെന്ന് ഞങ്ങള്‍ കളിയാക്കുകയും ചെയ്യുമായിരുന്നു.


ഫോണ്‍ വന്ന വിവരമറിയിക്കാനായി കൂട്ടുകാരന്‍ രാധയുടെ വീട്ടിലെത്തി. കുളികഴിഞ്ഞ് ഈറന്മാറുന്ന യുവസുന്ദരിയുടെ ഒറ്റമുറി വീടിനുള്ളില്‍ അനുവാദമില്ലാതെ കയറിയ കഥാനായകന്‍റെ കപോലങ്ങളില്‍ കഥാനായിക; കണ്ട കാഴ്ച മറക്കുവാനായി അതുവരെ കാണാത്ത ‘പൊന്നീച്ച‘യുടെ നിറമുള്ള മുദ്രണം ചാര്‍ത്തി.


വിശാല മനസ്കനായ കഥാനായകന്‍, പുളയുന്ന വേദനയിലും ‘അവളുടെ കരപല്ലവങ്ങള്‍ എന്‍റെ മുഖത്തെ ധന്യമാക്കി’ എന്ന ദൃഢവിശ്വാസത്തില്‍ ഏതോ ഒരു കവിയുടെ വാക്കുകള്‍ കടം കൊണ്ടു പാടി...


മുറ്റത്തു നിന്നു ഞാന്‍ തമ്പുരാട്ടീ
മുഗ്ധമിക്കാഴ്ച തന്നെയൊരോണം...

കഥാനായകന്‍ മുറ്റത്തല്ല, മുറിയിലായിരുന്നു നിന്നിരുന്നതെന്നറിഞ്ഞിട്ടും, കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യം പാടില്ല എന്നു കരുതി അതറിഞ്ഞവരാരും മറു ചോദ്യങ്ങള്‍ ഉന്നയിച്ചില്ല.


മധുരം കിനിയുന്ന കാവാലത്തിന്‍റെ മധുരോദാരമായ സ്മൃതികളില്‍ ഇനിയും എത്രയെത്ര സുന്ദര നിമിഷങ്ങള്‍...

© ജയകൃഷ്ണന്‍ കാവാലം

Tuesday, September 9, 2008

ഒരു നാടക കളരിയുടെ പിന്നാമ്പുറങ്ങളിലേക്ക് (മുത്തു പൊഴിയുന്ന കാവാലം 5)

കാവാലത്തെ ഒരു സായാഹ്ന ചര്‍ച്ചയില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. നമുക്കൊരു സംഘടനയുണ്ടാക്കാം. ഭാഷ, കലകള്‍, സാഹിത്യം, സംസ്കാരം ഇവയെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു വേദി. അതായിരുന്നു ഞങ്ങളുടെ ആശയം.

അങ്ങനെ സംഘടന രൂപം കൊണ്ടു. ഫണ്ടില്ലാത്ത സംഘടന. വീട്ടിലെ എന്‍റെ പ്രിയപ്പെട്ട പത്തായപ്പുരയുടെ അരികിലെ വിശാലമായ മുറിയായിരുന്നു ഞങ്ങളുടെ ഓഫീസ്‌. ഇവിടെയും, അടുത്തുള്ള കുമ്പളം എന്ന പുരയിടത്തിലെ ഔട്ട് ഹൌസിലും അടുത്തുള്ള വിദ്യാലയത്തിന്‍റെ ക്ലാസ്സ് മുറികളിലുമൊക്കെയായി ഞങ്ങളുടെ ഒന്നു ചേരലുകളും സം‌വാദങ്ങളും പുരോഗമിച്ചു.

സംഘടന, ‘ഇവന്മാരെന്തു കാണിക്കാനാണ്’ എന്നു സംശയിച്ചിരുന്ന നാട്ടുകാരുടെയിടയില്‍ മതിപ്പുളവാക്കി, ഒന്നാം വയസ്സിലേക്കു കടക്കുന്നു. ഒന്നാം വാര്‍ഷികാഘോഷത്തിന് ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി. ‘ബ്രാഹ്മമുഹൂര്‍ത്തം’ എന്ന ഒരു നാടകം ഞങ്ങള്‍ തിരഞ്ഞെടുത്തു. ശ്രീ. ആര്യാടിന്‍റെ ഒരു കവിതയെ നാടകമാക്കി അവതരിപ്പിക്കുകയായിരുന്നു. രചനയും, സം‌വിധാനവും, ആ നാടകത്തിലെ ‘കാലം’ എന്ന കഥാപാത്രവും ഞാന്‍ ചെയ്യാമെന്നേറ്റു. ‘നാരായം’, ‘മുനി’, ‘കുതിര’ എന്നിങ്ങനെ മൂന്നു വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറത്തു നിന്നും മൂന്നു പേരെ തിരഞ്ഞെടുത്തു. അരൂപിയുടെ വേഷത്തില്‍ ഞങ്ങളില്‍ ഒരംഗമായ ശ്രീ അനൂപ്‌ ആയിരുന്നു.

നാടകരചന കഴിഞ്ഞു. രാവും പകലും കുത്തിയിരുന്നു നാടകത്തിന്‍റെ കുറേ കോപ്പികള്‍ എഴുതി മാന്യ കലാകാരന്മാരെ ഏല്പിച്ചു. അങ്ങനെ നാടക റിഹേഴ്സല്‍ ആരംഭിച്ചു.

ആ സമയത്തായിരുന്നു കാവാലം പള്ളിയറക്കാവ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നറ്റഃ്. അങ്ങനെ വൈകുന്നേരങ്ങളില്‍ പല അംഗങ്ങളും മുങ്ങാനും തുടങ്ങി. ചിലര്‍ക്കു ഗാനമേള, മറ്റു ചിലര്‍ക്കു ബാലെ, ഇനിയും ചിലര്‍ക്ക് ഉത്സവപ്പറമ്പിലെ ചില ‘ഭാരിച്ച’ ഉദ്യോഗങ്ങള്‍. ഇങ്ങനെ പത്തു ദിവസത്തേക്ക് നാടക റിഹേഴ്സല്‍ മാറ്റി വച്ചു. ആ സമത്ത് അസോസിയേഷന്‍ മെംബറും ഒരു പ്രസ്സ് ഉടമയുമായ അനിലിന്‍റെ വകയായി ഒരു നോട്ടീസ് അടിച്ചിറക്കാന്‍ തീരുമാനിച്ചു. സംഘടനയുടെ വീരചരിതവും, വരാന്‍ പോകുന്ന ‘ഗംഭീര’ നാടകത്തിന്‍റെ വൃത്താന്തങ്ങളും ഒക്കെക്കൂടി ഒരു മുന്നറിയിപ്പ്. നാടകം കാണേണ്ടവര്‍ക്ക് മറ്റു പരിപാടികള്‍ മാറ്റി വയ്ക്കുവാനും, മറ്റുള്ളവര്‍ക്ക് നാടു വിട്ട് അഭയസങ്കേതങ്ങള്‍ തിരയുവാനും ഉള്ള സൌകര്യം ഒരുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമല്ലേ?

അന്നു കഥകളിയുള്ള ദിവസമാണ്. അതിനാല്‍ വളരെ വേഗം പ്രിന്‍റിംഗും കഴിഞ്ഞ് നോട്ടീസിന്‍റെ കോപ്പികള്‍ ആര്യാടിനെയും ഏല്പിച്ച് അനില്‍ കഥകളി കാണുവാന്‍ ഹാജരായി. ഉറക്കം തൂങ്ങി തൂണു മറിച്ചിടുന്ന വയോജന വൃന്ദത്തിനും, മദ്യലഹരിയില്‍ നാട്യശാസ്ത്രത്തിനു പുതിയ അദ്ധ്യായങ്ങളും, അനുബന്ധങ്ങളും കണ്ടെത്താന്‍ പെടാപ്പാടു പെടുന്ന പ്രാദേശിക കലാ തിലകന്മാരുടെയും നടുവില്‍ ഞങ്ങളും കുത്തിയിരുന്നു.

ഇടക്കിടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുവാനെന്നോണം പൊട്ടിക്കൊണ്ടിരിക്കുന്ന ബലൂണൊച്ചകളെയും, കപ്പലണ്ടിക്കാരന്‍ തല്ലിപ്പൊട്ടിക്കുന്ന ചീനച്ചട്ടിയൊച്ചയേയും തോല്പിച്ചു കൊണ്ട്‌ ഉച്ചഭാഷിണി വിളിച്ചു കൂവി...

“പള്ളിയറക്കാവു ദേവീക്ഷേത്രത്തിലെ ഏഴാം തിരുവുത്സവ ദിനമായ ഇന്ന് മുന്‍പറിയിച്ചിരുന്ന പ്രകാരം തന്നെ കിരാതം കഥകളി ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. സംഭാവന തരാമെന്നു വാഗ്ദാനം ചെയ്തിരുന്ന ഭക്തജനങ്ങള്‍.......”

ഉറക്കം തൂങ്ങിക്കൊണ്ടിരുന്നവരൊക്കെ ഒന്നിളകിയിരുന്നു, ഉറങ്ങാതിരുന്നവര്‍ മറ്റുള്ളവരുടെ ഇളക്കത്തില്‍ അസ്വസ്ഥരായി. വീണ്ടും ഒന്നു രണ്ടു മണിക്കൂറുകള്‍ക്കു ശേഷം കഥകളി ആരംഭിച്ചു. അതിനിടയില്‍ കുറേ പ്രാവശ്യം കൂടി വരാന്‍ പോകുന്ന കഥകളിയുടെ അറിയിപ്പോടു കൂടി കമ്മറ്റിക്കാര്‍ ‘സംഭാവന വാഗ്ദാനം ചെയ്ത’ ജനങ്ങളെ മാടി വിളിച്ചു കൊണ്ടിരുന്നു.

കര്‍ട്ടന്‍ പൊങ്ങി. ‘കതകളിയെന്നു പഴഞ്ഞിട്ടു തുണി പൊക്കിപ്പിടിച്ചാല്‍ കാണുന്നതെങ്ങനാഡാ കൂവേ’ യെന്ന് പുറപ്പാടിന് തിരശ്ശീലയുടെ മുകളില്‍ക്കൂടി അല്പം കണ്ട വേഷത്തിനോട്‌ ‘സംഭാവന’ കൊടുത്ത ഏതോ ഒരു കുടിയന്‍ പരിഭവിക്കുന്നതു കണ്ടു.

ഇതിനിടയില്‍ സംഘടനയിലെ ഒരു മാന്യ മെംബര്‍ കള്ളിന്‍പുറത്തു പൂത്തിരിയും കത്തിച്ചു കറങ്ങി നടക്കുന്നതു ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

അങ്ങനെ കഥകളി ആരംഭിച്ച് അല്പ സമയത്തിനകം തന്നെ ആര്യാടു പ്രത്യക്ഷപ്പെട്ടു. അല്പം ചൂടിലാണ്.

ജയകൃഷ്ണന്‍ നോട്ടീസ് കണ്ടാരുന്നോ?

ഇല്ല

എന്നാല്‍ ദേണ്ടെ ഒന്നു വായിച്ചു നോക്കിക്കേ

മാന്യ ജനങ്ങളേ, കാവാലത്തെ സംസ്കരിക സംഗടനയായ.....

ഇതെന്തു നോട്ടീസ്‌???

ആര്യാട്‌ കീചകവധം ചുട്ടിയില്ലാതെ, അരങ്ങും ആട്ടവിളക്കുമില്ലാതെ ആടാന്‍ തുടങ്ങി. അഞ്ചു പൈസാ പോലും ആരുടെയും നഷ്ടപ്പെടാതെ അനില്‍ ചെയ്ത സംഘടനാപ്രവര്‍ത്തനത്തെ ഞാനും ചോദ്യം ചെയ്തു. അദ്ദേഹം ആകെ വിഷമത്തിലായി.

കൂടുതല്‍ ഒന്നും അറിയണ്ട. നാളെ നേരം വെളുക്കുന്നതിനു മുന്‍പേ നോട്ടീസ് വൃത്തിയായി അടിച്ചു കിട്ടിയിരിക്കണം. നാട്ടുകാരു കാണണ്ടതാ. അക്ഷരത്തെറ്റു വരുത്തീട്ട് കഥകളി കാണാന്‍ വന്നിരിക്കുന്നോ?... ഞങ്ങള്‍ ആക്രോശിച്ചു.

അങ്ങനെ അന്നത്തെ കഥകളിയുടെ ചുട്ടിയുമഴിച്ച് പാതിരാത്രിക്ക് ഞങ്ങള്‍ പ്രസ്സിലെത്തി. നേരം വെളുക്കുന്നതിനു മുന്‍പു തന്നെ തെറ്റു തിരുത്തി നോട്ടീസ് മുഴുവനും അടിച്ചു തീര്‍ത്തു.

ഉത്സവം കഴിഞ്ഞു വീണ്ടും റിഹേഴ്സല്‍ തുടങ്ങി. ഉത്സവക്ഷീണത്താല്‍ ഉറങ്ങിക്കിടന്നവരെ വീട്ടില്‍ ചെന്നു വിളിച്ചുണര്‍ത്തി. മറന്നു പോയ ഡയലോഗുകളൊക്കെ ഓര്‍മ്മയില്‍ പരതി പൊടി തട്ടി വച്ചു...

അപ്പോള്‍ അവിടെയൊരു വലിയ പ്രശ്നം. ചിലരുടെ പേര് നോട്ടീസില്‍ അച്ചടിച്ചതിനു വലിപ്പം പോര, ചിലരുടെ പേരില്‍ മഷി പടര്‍ന്നു, ചിലര്‍ക്ക് ഇനിഷ്യല്‍ വച്ചില്ല, ചിലര്‍ക്ക് പേരിന്‍റെ കൂടെ സ്ഥലപ്പേര്, വീട്ടു പേര് തുടങ്ങിയവ ചേര്‍ത്തിട്ടില്ല ഇങ്ങനെ പോകുന്നു പരാതിയുടെ പട്ടിക.

ആ പ്രശ്നവും ഒരു വിധത്തില്‍ തീര്‍ത്തു. (സംഘടനയുടെ മീറ്റിംഗുകളില്‍ നിരീശ്വരവാദികളായ ഞങ്ങള്‍ ഈശ്വരപ്രാര്‍ത്ഥന നടക്കുമ്പോള്‍ എഴുന്നേറ്റു നിക്കില്ല എന്നു പ്രഘ്യാപിച്ചായിരുന്നു സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രശ്നം. അതും മറ്റുള്ളവരുടെ അനുനയവാക്കുകളില്‍ മനസ്സില്ലാമനസ്സോടെ അംഗീകരിക്കപ്പെട്ടു.) നാടകറിഹേഴല്‍ ഏതാനും ദിവസം കൂടി മുന്‍പോട്ടു പോയി. അപ്പോള്‍ അംഗങ്ങള്‍ക്കൊരു ആശയം. നമ്മുടെ വാര്‍ഷികാഘോഷങ്ങള്‍ കേവലം നോട്ടീസില്‍ മാത്രം പോരാ, പത്രത്തിലും കൊടുക്കണം. ആവശ്യം അംഗീകരിക്കപ്പെട്ടു. കൂട്ടത്തില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത അംഗങ്ങള്‍ നാലുവഴിക്കും ഓടി മുന്‍ കാലങ്ങളില്‍ ഞങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രാദേശിക ലേഖകനെ തപ്പിയെടുത്തു സമ്മതം വാങ്ങി.

അടുത്ത ദിവസം ആര്യാട്‌ ഒരു മാറ്റര്‍ എഴുതി അനൂപിനെ ഏല്പിച്ചു. നാളെ പ്രസിദ്ധീകരിക്കാന്‍ കൊടുക്കണമെന്നു പറയുകയും ചെയ്തു. അപ്പോഴാണ് ശ്രീമാന്‍ അനൂപിനൊരു ആശയം, ഈ മാറ്റര്‍ ഒന്ന് എഡിറ്റു ചെയ്താലെന്താ??? മറ്റൊന്നും ചിന്തിക്കാതെ തന്നെ അദ്ദേഹം ആ കലാപരിപാടിയങ്ങു നിര്‍വ്വഹിക്കുകയും ചെയ്തു. മാര്‍ച്ച് 20 എന്നുള്ളത്, 20 മാര്‍ച്ചെന്നും, 6.30 എന്നുള്ളത് വൈകുന്നേരം എന്നും ഒക്കെയായി നിരുപദ്രവകരമായ ഒരു എഡിറ്റിംഗ്. പ്രത്യേകിച്ചാരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലാത്ത വാചകങ്ങളില്‍ തന്‍റെ പേര്‍ അല്പം ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എടുത്തു പ്രസ്താവിച്ചിട്ടുള്ളതൊഴിച്ചാല്‍ ഉള്ളടക്കത്തിനു യാതൊരു വ്യത്യാസവും ഇല്ല.

പിറ്റേ ദിവസം റിഹേഴ്സല്‍ നടക്കുന്നിടത്തു വന്ന് ‘ഞാന്‍ ഇതൊന്നു തിരുത്തിയിട്ടുണ്ടെ’ ന്നൊരു പ്രഘ്യാപനവും നടത്താന്‍ അദ്ദേഹം മറന്നില്ല.

പോരേ പൂരം

ഞാനെഴുതിയ മാറ്റര്‍ തിരുത്താന്‍ തനിക്കെന്താ കാര്യം? ആര്യാടിന്‍റെ ചോദ്യം ചെയ്യല്‍.

ഞാനിതിന്‍റെ മെംബര്‍ ആണെങ്കില്‍ എനിക്കിതു തിരുത്താനും കഴിയും, അനൂപിന്‍റെ അവകാശപ്രഘ്യാപനം.

ഇടക്കു കയറി സമാധാനിപ്പിക്കാന്‍ ശ്രമിച്ച ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ആ ക്ലാസ്സ് മുറിയിലെ ബഞ്ചുകളും ഡസ്ക്കുകളും മാത്രം മൂകസാക്ഷ്യം വഹിച്ചു. ഒച്ച കൂടിക്കൂടി വന്നതിനൊപ്പം അവരുടെ വാശിയും കൂടി....... അവസാനം....................... സംസാരമദ്ധ്യേ ഒരാള്‍ മറ്റൊരാളെക്കേറി ‘പുല്ലേ’ എന്നു വിളിച്ചു. ഭാഷാ, സംസ്കാര ഗവേഷണ സംഘടനയുടെ അടിത്തറയിളക്കിയ വിളി!

പ്രായത്തിനു വളരെ മൂത്ത കക്ഷിയാണ് പ്രസ്തുത വിളി കേട്ടിരിക്കുന്നത്. അതോടെ നോട്ടീസ് തിരുത്തല്‍ ഒരു വിഷയമേ അല്ലാതായി. മുഴുവന്‍ കുഴപ്പത്തിനും കാരണം വെറുമൊരു ‘തൃണം’ മാത്രമായി. വായും പൊളിച്ചു നിന്ന എന്‍റെയും അനിലിന്‍റെയും മുന്‍പില്‍ ഓരോരുത്തരായി വന്നു ‘ഗുഡ്‌ ബൈ‘ പറഞ്ഞു സ്ഥലം വിട്ടു. നാടകം എഴുതിയ കടലാസ്സും വലിച്ചു കീറി ഞങ്ങളും സ്ഥലം വിട്ടു...

താടിയും മുടിയും വളര്‍ത്തിയിരുന്നു എന്ന ഒരേയൊരു യോഗ്യതയുടെ പേരില്‍ ആരോ വിളിച്ചു കൊണ്ടു വന്ന മുനിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ‘വിദ്വാന്‍‘ ഇടക്കിയ്ടെ കണ്ണു തുറന്നപ്പോള്‍ സം‌വിധായകന്‍റെ എല്ലാ ഊര്‍ജ്ജവും സംഭരിച്ചു കൊണ്ട്‌ ഞാന്‍ അന്ത്യശാസനം നല്‍കിയിരുന്നു - ഇനി ഞാന്‍ പറയാതെ കണ്ണു തുറന്നാല്‍ നാടകത്തില്‍ നിന്നും പുറത്താക്കുമെന്ന്‌. അതിനാല്‍ ഈ സംഭവങ്ങളൊക്കെ നടന്നപ്പൊഴും ആശാന്‍ കണ്ണടച്ചു തന്നെയിരുന്നു. നാടകവും വേണ്ടെന്നു വച്ചു ഞങ്ങള്‍ സ്ഥലം വിട്ടപ്പൊഴും അയാള്‍ അങ്ങനെ തന്നെ. അയാളെ വിളിക്കാന്‍ ഞങ്ങള്‍ ഓര്‍ത്തതുമില്ല.

പലരും പല വഴിക്കു പോയി. അവസാനം അവശേഷിച്ച ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് മുന്‍പ് നടന്ന സംഭവത്തേക്കുറിച്ചുള്ള കൂലങ്കഷമായ ചര്‍ച്ച പുരോഗമിക്കവേ, മണിക്കൂറുകള്‍ കുറേയായിട്ടും സം‌വിധായകന്‍റെയോ, കൂടെയുള്ള കലാകാരന്മാരുടെയോ ഒന്നും ശബ്ദം കേള്‍ക്കാതായപ്പോള്‍ നമ്മുടെ ‘മുനിവര്യന്‍‘ പതുക്കെ ഒളികണ്ണിട്ടു നോക്കി.

സ്ഥലം ശൂന്യം. ഞങ്ങള്‍ വലിച്ചെറിഞ്ഞ കടലാസ്സുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്ട്‌. അമ്പരന്ന കലാകാരന്‍ ഓടി ഗ്രൌണ്ടില്‍ വന്നു കാര്യം തിരക്കിയപ്പോള്‍ ഇന്നിത്രേയുള്ളൂ ഇനിയും അറിയിക്കുമ്പോള്‍ വന്നാല്‍ മതി എന്നു പറഞ്ഞ് ഒഴിവാക്കി. ശുദ്ധനായ അദ്ദേഹം താന്‍ ‘യോഗനിദ്രയില്‍‘ ആയിരുന്ന സമയത്തു കേട്ട കാര്യങ്ങളെക്കുറിച്ചൊന്നും കൂടുതല്‍ തിരക്കാതെ സ്ഥലം വിട്ടു.

തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കൂടി അനിലിന്‍റെ ‘ഔദാര്യം പ്രിന്‍റ് ചെയ്ത‘ കടലാസ്സുകള്‍ വഴിയേ നടക്കുമ്പോള്‍ വഴിയരുകിലെ തെങ്ങുകളില്‍ നിന്നും മതിലുകളില്‍ നിന്നും ഞങ്ങളേ നോക്കി പല്ലിളിക്കുമായിരുന്നു.


© ജയകൃഷ്ണന്‍ കാവാലം
 
Site Meter