Saturday, March 28, 2009

സ്മിതയും ഭഗദ്‌സിംഗും കവര്‍ന്നെടുത്ത ഹിന്ദിവിജ്ഞാനം

ഒരു സുപ്രഭാതത്തില്‍ പെട്ടിയും, പൊക്കാണവുമെടുത്ത് പൂനായ്ക്ക് വണ്ടി കയറുമ്പോള്‍ ഹിന്ദി എന്നൊരു കുണ്ടാമണ്ടി എനിക്കു പാരയായി അവിടെയുണ്ടെന്നുള്ള കാര്യമൊന്നും ഞാനോര്‍ത്തില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഹിന്ദി എനിക്കൊരു കീറാമുട്ടിയായിരുന്നു. ഗ്രാഫിക്സിലും എഡിറ്റിംഗിലും പുലിയാകാനുള്ള രാജ്യത്തെ ഒന്നാം കിട കോളേജില്‍ അവസരം കിട്ടിയ സന്തോഷത്തില്‍ ഈയൊരു കുരിശ് ഞാനോര്‍ത്തതുമില്ല.

അവിടെ താമസം 6 മാസം കുഞ്ഞമ്മയുടെ വീട്ടിലും 6 മാസം കുഞ്ഞമ്മാവന്‍റെ വീട്ടിലും എന്ന അനുപാതത്തിലായിരുന്നു. റെയില്‍‍വേ സ്റ്റേഷനില്‍ കൊച്ചച്ചന്‍ കാത്തു നിന്നു കൂട്ടിക്കൊണ്ടു പോയി. ഇലക്ട്രിക് ട്രെയിനില്‍ ചാഞ്ചാടിയാടി പോകുന്ന വഴിയില്‍ തന്നെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ഭഗവാനേ മലയാളം മാത്രമറിയുന്ന ഞാന്‍ എങ്ങനെ ഈ മഹാനഗരത്തില്‍ ജീവിക്കും. ചുറ്റും വെള്ള തൊപ്പിയും വച്ച് കയ്യില്‍ പാല്‍‍പ്പാത്രങ്ങളുമായിരുന്ന് തമ്പാക്കടിക്കുന്ന കക്ഷികള്‍ മറാത്തിയില്‍ തകര്‍ക്കുകയാണ്. അന്നെനിക്ക് ഇംഗ്ലീഷ് പോലും ശരിക്കറിയില്ല. അന്നൊക്കെ ഞാന്‍ ഇംഗ്ലീഷ് പറയുന്നതു സായിപ്പ് കേട്ടാല്‍ അന്നത്തോടെ സായിപ്പ് ഇംഗ്ലീഷു പറച്ചില്‍ നിര്‍ത്തി മലയാളം പഠിക്കും. ഭൂതവും ഭാവിയുമെല്ലാം എനിക്ക് വര്‍ത്തമാനമായിരുന്നു. ഇവിടെയിപ്പോള്‍ ഇംഗ്ലീഷ് നന്നായി അറിയാമെങ്കിലും ഒരു പ്രയോജനവുമില്ല. കാരണം കേള്‍ക്കുന്നവനു കൂടി അറിയണ്ടേ ഇംഗ്ലീഷ്!!!.

അങ്ങനെ ജയകൃഷ്ണന്‍റെ വിശ്വവിഖ്യാതമായ പഠനം ആരംഭിച്ചു. സീസണ്‍ ടിക്കറ്റെടുത്ത് ദിവസവും രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നിറങ്ങും. ശിവാജി നഗര്‍ റെയില്‍‍വേസ്റ്റേഷനിലിറങ്ങി ഏകദേശം പത്തു കിലോമീറ്റര്‍ നടക്കും. ആ വഴി ബസ്സില്ല. പോകുന്ന വഴി മുന്‍‍പരിചയമില്ലാത്തതും, ഇവിടെ വന്നു പരിചയപ്പെട്ടവരുമായ കുറേ ദൈവങ്ങള്‍ അമ്പലങ്ങളിലുണ്ട്‌. ഒരു ഗുഹാക്ഷേത്രമുള്‍പ്പെടെ പത്തോളം അമ്പലങ്ങള്‍. പോകുന്ന വഴി എല്ലാവരെയും കണ്ട് നമസ്കാരം പറഞ്ഞ് അവിടെയെത്തുമ്പോഴേക്കും കൃത്യം ക്ലാസ് തുടങ്ങാന്‍ സമയമായിരിക്കും. തിരിച്ച് വരുന്നത് രാത്രി പന്ത്രണ്ടിനുള്ള ട്രെയിനില്‍. വര്‍ഷങ്ങള്‍ നീണ്ട ഈ സഞ്ചാരത്തിനൊടുവിലും ജയകൃഷ്ണന്‍ ഹിന്ദിയും പഠിച്ചില്ല, മറാത്തിയും പഠിച്ചില്ല. കൂടെ പഠിക്കുന്നവരെല്ലാം പെണ്‍കുട്ടികള്‍. ഇവന്‍ മാത്രം അവരുടെയിടയില്‍ ഗോപീജനവല്ലഭനായി സസുഖം കഴിഞ്ഞുകൂടി. അവരുടെ കൃപാകടാക്ഷമാണ് എന്നെ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ പ്രാപ്തനാക്കിയത്.

എനിക്ക് ഹിന്ദി അറിയില്ല എന്നത് കുഞ്ഞമ്മയുടെ മക്കള്‍ (മൂത്തവന്‍ അന്ന് എട്ടാം ക്ലാസ്സിലും ഇളയവള്‍ നാലാം ക്ലാസ്സിലും) ഒരു ആഘോഷമാക്കി കൊണ്ടാടുന്ന കാലം. വീട്ടില്‍ പുതുതായി ആരെങ്കിലും വന്നാല്‍ പരിചയപ്പെടുത്തുന്നതേ യേ മേരാ ഭയ്യാ ഹേ ലേക്കിന്‍ ഹിന്ദി ഓര്‍ മറാത്തി മാലൂം നഹി എന്നു പറഞ്ഞാണ്.

പത്താംക്ലാസ്സില്‍ സരസ്വതി പിള്ള ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുമ്പോള്‍ ഇവന്‍ പാഠപുസ്തകത്തിലെ ഭഗത് സിംഗിനേയും, അപ്പുറത്തെ ബഞ്ചിലിരുന്ന സ്മിതയേയും വരച്ചുകൊണ്ടിരുന്നത് ഒരു തെറ്റായിപ്പോയെന്നും, ഇതു കണ്ട് സരസ്വതിപിള്ള ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞെണീപ്പിക്കുകയും, തുടര്‍ന്ന്, പത്താംക്ലാസ്സില്‍ പഠിക്കുന്ന വീരകേസരിയാണെങ്കിലും ഇവന്‍ എന്‍റെ സ്വന്തത്തില്‍ പെട്ട കുട്ടിയാണെന്ന അവകാശപ്രഘ്യാപനത്തോടെ ചന്തി അടിച്ച് പരത്തുകയും ചെയ്തത് തികച്ചും ഒരു നല്ല പ്രവൃത്തിയായിരുന്നെന്നും ഇവനറിയുന്നത് അന്നാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ ഭഗത് സിംഗും സ്മിതയും മാത്രമാണ്.

ഹിന്ദി അറിയാന്‍ മേലെന്നും പറഞ്ഞ് വീടിനകത്തിരുന്നാല്‍ പഠിക്കാന്‍ പറ്റില്ല പുറത്തിറങ്ങി ആള്‍ക്കാരോട്‌ വര്‍ത്തമാനം പറയണം എന്ന കൊച്ചച്ചന്‍റെയും, കുഞ്ഞമ്മാവന്‍റെയും ഉപദേശം ശിരസാ വഹിച്ച് ഇവന്‍ പുറത്തിറങ്ങി നടപ്പ് തുടങ്ങി. കൂട്ടിന് കുഞ്ഞമ്മയുടെ ഇളയ മകളേയും കൂട്ടും. അവള്‍ക്ക് മലയാളം സംസാരിക്കാനും അറിയാം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ്‌ ആംഗ്യഭാഷ ഇവകളും നന്നായി കൈകാര്യം ചെയ്യും.

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ മാര്‍ക്കറ്റില്‍ പോയി. ജയകൃഷ്ണന്‍ ചേട്ടന്‍ സംസാരിച്ചോ ഞാന്‍ സഹായിക്കാം എന്നവള്‍ വാക്കു തന്നിരുന്നതാണ്. പക്ഷേ പുറത്തിറങ്ങിയതും അവള്‍ കാലു മാറി. അവള്‍ ഒറ്റ അക്ഷരം സംസാരിക്കാതെ ഞാന്‍ പറയുന്ന മണ്ടത്തരങ്ങള്‍ കേട്ടാസ്വദിക്കാന്‍ തുടങ്ങി.

അപ്പോഴുണ്ട് അവിടെ ഞാവല്‍‍പഴം വില്‍ക്കാന്‍ വച്ചിരിക്കുന്നു. ഈ കുന്ത്രാണ്ടത്തിന്‍റെ പേരറിയാതെങ്ങനെയാണ് വില ചോദിക്കുന്നത്? അവളോട് ചോദിച്ചിട്ട് അവളൊട്ട് പറയുന്നുമില്ല. എന്നാല്‍ ആദ്യം അതിന്‍റെ പേര് ചോദിക്കാമെന്നു കരുതി, അത് വില്‍ക്കാന്‍ ഇരുന്ന സ്ത്രീയോട് ചോദിച്ചു ഏ ക്യാഹേ എന്ന്. അവര്‍ പറഞ്ഞു ജാംബുള്‍. എന്നാല്‍ അവര്‍ പറഞ്ഞത് എനിക്കു മനസ്സിലായില്ല. ഞാന്‍ പിന്നെയും ഇസ് കാ നാം എന്നൊക്കെ അറിയാവുന്ന രീതിയിലെല്ലാം ചോദിച്ചുകൊണ്ടേയിരുന്നു. കുറേ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വിളിച്ചു കൂവി. ‘അരേ പാഗല്‍ ഹേ ക്യാ‘ എന്ന്. പാഗല്‍ എന്ന വാക്ക് മാത്രം തിരിഞ്ഞു. ഞാന്‍ കരുതി ഞാവല്‍‍പഴത്തിന്‍റെ പേരായിരിക്കും പാഗല്‍ എന്ന്. ഞാന്‍ പറഞ്ഞു ഹാ ഹാ പാഗല്‍ പാഗല്‍, ഏക് കിലോ കിത്തനാ പൈസാ

അവര്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ തുറിച്ചു നോക്കി ഇരിപ്പാണ്. കൂടെ വന്ന അനിയത്തി പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെയും വലിച്ച് മാര്‍ക്കറ്റിനു പുറത്തിറങ്ങി. തിരിഞ്ഞു നടക്കുന്ന വഴിക്കാണ് അവള്‍ പറഞ്ഞത്, ജയകൃഷ്ണന്‍ ചേട്ടന് വട്ടാണോന്നാ അവര് ചോദിച്ചതെന്ന്.

ഇളിഞ്ഞ മുഖഭാവവുമായി തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടു, മുടിയിഴകള്‍ പാറിപ്പടര്‍ന്നു കിടക്കുന്ന മനോഹരമായ കവിളുള്ള, നീളന്‍ കണ്ണുള്ള ആ സുന്ദരിയെ... സ്മിതയെ... ഒപ്പം കൊച്ചരിവാലന്‍ മീശയും പിരിച്ച് എന്‍റെ ഹിന്ദിപ്പുസ്തകത്തില്‍ നിന്നിരുന്ന ഭഗത്‌സിംഗിനെയും.

© ജയകൃഷ്ണന്‍ കാവാലം

Wednesday, March 25, 2009

ആശാന്‍

ഒരു പരസ്യ കമ്പനിയില്‍ കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്യുന്ന കാലം. ഞാനവിടെ കോപ്പി റൈറ്ററായതിനു പിന്നില്‍ ഒരു കഥയുണ്ട്‌...


നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ക്കും എന്ന മുദ്രാവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു ഹിന്ദിക്കാരന്‍റെ കമ്പനിയിലെ അടിമപ്പണി വലിച്ചെറിഞ്ഞ്, എയര്‍പോര്‍ട്ടില്‍ നിന്നു കൊണ്ട്‌ ഇനിയീ രാജ്യത്തു കാലു കുത്തുന്ന പ്രശ്‌നമില്ല എന്ന് ശപഥവും ചെയ്ത് വന്ന വരവാണ്. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ വലിയൊരു സത്യം മനസ്സിലായി. ആദര്‍ശം പുഴുങ്ങിത്തിന്നാല്‍ വയര്‍ നിറയില്ല എന്ന മഹാസത്യം. എന്നാലും വിദേശത്തെ ജയിലിലെ ഗോതമ്പുണ്ടയേക്കാള്‍ എന്തുകൊണ്ടും നല്ലത് സ്വന്തം നാട്ടിലെ വായുഭക്ഷണം തന്നെ എന്ന ആശ്വാസം എന്നെ ആശ്വസിപ്പിച്ചു.


ഞാന്‍ പ്രവാസം ആരംഭിച്ച കാലം മുതല്‍ -അതു വരെ തിരിഞ്ഞു നോക്കാതിരുന്ന- ചില ബന്ധുക്കള്‍ക്ക് ജയകൃഷ്ണനോട്‌ അളവില്ലാത്ത സ്നേഹം. ഐ എസ്‌ ഡി വിളിച്ചു വരെ അവരെന്നെ സ്നേഹം കൊണ്ട്‌ വീര്‍പ്പു മുട്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചെന്നെ കൊല്ലാറാക്കിയ ഒരു ബന്ധുവീട് എയര്‍പോര്‍ട്ടിനടുത്താണ്. വിമാനമിറങ്ങി നേരെ അവിടെ ചെന്നു. സംഭവങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ ആ സ്ത്രീരത്നം എനിക്ക് മറ്റൊരു ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു. മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതിച്ചു. മറ്റൊരാളിന്‍റെ ശുപാര്‍ശയില്‍ എന്‍റെ ആത്മവിശ്വാസം അംഗീകരിക്കപ്പെടുന്നത്‌ എനിക്കിഷ്ടമില്ലായിരുന്നു. ഇത്രയൊക്കെ സ്നേഹിച്ചതല്ലേയെന്നു കരുതി കൊണ്ടു വന്ന വലിയ പെട്ടി കാലിയാക്കി ഞാന്‍ തിരിച്ചു പോന്നു. വിദ്യാഭ്യാസമുണ്ടെങ്കിലും, ഉയര്‍ന്ന ഉദ്യോഗമുണ്ടെങ്കിലും ചിലര്‍ക്ക് ചിലതിനോടെല്ലാം ഭയങ്കര ആക്രാന്തമാണ്. അത് നമ്മള്‍ മനസ്സിലാക്കണമല്ലോ.


അങ്ങനെ അവര്‍ക്ക് നല്ല പരിചയമുള്ള ഒരു പരസ്യ കമ്പനിയിലാണ് ഞാന്‍ ജോലിക്കായി ചെല്ലുന്നത്. ‘ഞാന്‍ എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്’ എന്ന അവരുടെ ധൈര്യപ്പെടുത്തലുകള്‍ ഉള്‍ക്കൊണ്ട്‌ മുതലാളിയുടെ മുന്‍പില്‍ ഇവന്‍ സവിനയം ഇരിപ്പുറപ്പിച്ചു. ബോസ് ബയോഡാറ്റയൊക്കെ വായിച്ച് കഴിഞ്ഞു പറഞ്ഞു ഇവിടെയിപ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഒരു ഒഴിവില്ല. പിന്നെയുള്ളതൊരു കോപ്പി റൈറ്ററുടെ വേക്കന്‍സിയാണ്. ആരെയെങ്കിലും അറിയുമെങ്കില്‍ പറയണം. (നല്ല കോപ്പി റൈറ്ററെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്).


ഞാന്‍ പറഞ്ഞു, ഞാന്‍ ചെയ്യാമെന്ന്‌.
അദ്ദേഹം ചോദിച്ചു: അതിന് ഇതിനു മുന്‍പ്‌ എപ്പോഴെങ്കിലും കോപ്പി എഴുതിയിട്ടുണ്ടോ?
ഞാന്‍ പറഞ്ഞു: ഇല്ല, പക്ഷേ കിട്ടിയാല്‍ ചെയ്യും.


പോയാലൊരു വാക്ക്, കിട്ടിയാലൊരു ജോലി ഞാനിത്രയേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ കിട്ടി.


ബോസ്‌ പറഞ്ഞു, ഈ ആത്മവിശ്വാസം എനിക്കിഷ്ടമായി. തല്‍ക്കാലം അസിസ്റ്റന്‍റ് ആയി ജോയിന്‍ ചെയ്തോ.മാസം നാലായിരം രൂപ ശമ്പളം തരാം. രണ്ടു മാസം കഴിഞ്ഞ് ബോദ്ധ്യപ്പെട്ടാല്‍ ശമ്പളം കൂട്ടിത്തരാം എന്ന്.


ഇവന്‍ ഇവിടുന്ന് വിദേശത്തേക്ക് വിമാനം കയറുമ്പോള്‍ പഴയ കമ്പനിയില്‍ ലഭിച്ചിരുന്ന ശമ്പളം ഇരുപത്തിയേഴായിരം, ഇപ്പോള്‍ നാലായിരം... മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നിവിടെ പറയാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ആ സിറ്റിയില്‍ താമസിച്ച് ഈ ജോലിയില്‍ തുടരണമെങ്കില്‍ കയ്യില്‍ നിന്നു കൂടി കാശു ചിലവാകും എന്നതാണ് സത്യം. ഏതായാലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഒരു ജോലിയും നാലായിരം രൂപയും എന്നു സമാധാനിച്ചു ജോലിയില്‍ പ്രവേശിച്ചു.


സര്‍ഗ്ഗധനനായ നാരായണന്‍ നമ്പൂതിരിയെന്ന പ്രഗത്ഭനായ കോപ്പിറൈറ്ററുടെ ജൂനിയര്‍ ആയി ജോലി ആരംഭിച്ചു. ഞങ്ങള്‍ മൂന്നു പേര്‍ ചേര്‍ന്ന് ഒരു കൊച്ചു വാടകവീട്ടില്‍ താമസവും ആരംഭിച്ചു


ആദ്യത്തെ കാപ്ഷന്‍ തന്നെ അപ്രൂവല്‍ ആയപ്പോള്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിച്ചു. ആ സ്ഥാപനത്തില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഇവനെഴുതിയെ ഏറെക്കുറേ മുഴുവന്‍ കോപ്പികളും വിജയം കണ്ടതില്‍ നാരായണന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്‌. എഴുതാനുള്ള കഴിവ് മാത്രം പോര, ഒരു സാങ്കേതിക എഴുത്തെന്നു വിശേഷിപ്പിക്കാവുന്ന കോപ്പി റൈറ്റിംഗിന്. ആ കുറവുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ നാരായണന്‍ എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചിട്ടുണ്ട്‌.


നല്ല ഒരു എഴുത്തുകാരന്‍ കൂടിയാണ് നാരായണന്‍. നാരായണീയം എന്ന പേരില്‍ അദ്ദേഹം ഒരു ആത്മകഥ എഴുതിയിട്ടുണ്ട്‌. ജീവിതാനുഭവങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതി.


ആ സ്ഥാപനത്തിലെ ആര്‍ട്ട് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ വിഷ്വലൈസറാണ് ആശാന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന പ്രതിഭാധനനായ വലിയ മനുഷ്യന്‍. ജീവിതയാത്രയില്‍ അപൂര്‍വ്വമായി മാത്രം കണ്ടെത്താന്‍ കഴിയുന്ന പ്രതിഭയുടെയും നര്‍മ്മത്തിന്‍റെയും കൂടി ആശാനാണദ്ദേഹം. മനസ്സു നിറയെ സ്നേഹവും, വാക്കുകളില്‍ നിറയെ തമാശകളും, ചിന്തയില്‍ നിറയെ ജീവിതപ്രാരബ്‌ധങ്ങളുമുള്ള അസാധാരണക്കാരനായ ഒരു സാധാരണക്കാരന്‍.


ആ സ്ഥാപനത്തിന്‍റെ ഉണര്‍വ്വാണ് ആശാന്‍. അദ്ദേഹമവിടെയുണ്ടെങ്കില്‍ ചിരിയൊഴിഞ്ഞ നേരമില്ല. ഞാന്‍ ഒരു പല്ലു പോയ സീനിയര്‍ വിഷ്വലൈസര്‍ ആണെന്ന് അദ്ദേഹം കുറച്ചു നാള്‍ കഴിഞ്ഞാണ് അറിയുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന് എന്നോട്‌ അല്പം കൂടുതല്‍ സ്നേഹം തോന്നിത്തുടങ്ങിയിരുന്നോ എന്നെനിക്കു സംശയമുണ്ട്‌. വര്‍ഗ്ഗസ്നേഹം!!!.


പതിയെപ്പതിയെ ആശാന്‍ എന്നെ കുറേശ്ശെയായി തട്ടിയെടുക്കാന്‍ തുടങ്ങി. ആശാനു കിട്ടുന്ന ടാസ്ക്കുകളില്‍ എന്നെയും പങ്കാളിയാക്കി. ഇന്നും ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു, ആ കലാകാരന്‍റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് എന്‍റെ ഒരു വലിയ ഭാഗ്യം തന്നെയായിരുന്നു എന്നത്. നാരായണന്‍ തമാശ രൂപേണ ആശാനോട്‌ പരിഭവിക്കുമായിരുന്നു, ആശാനേ എനിക്ക് ആറ്റു നോറ്റിരുന്ന് ഒരു അസിസ്റ്റന്‍റിനെ കിട്ടിയതാണ്, ആശാന് അഞ്ചാറസിസ്റ്റന്‍റുമാരില്ലേ എനിക്കാകെക്കൂടിയുള്ള ഒരെണ്ണത്തിനെ ആശാന്‍ അടിച്ചോണ്ടു പോകരുത് തുടങ്ങി നാരായണന്‍റെ പരിഭവിക്കലും, ആശാന്‍റെ മറുപടിയുമൊക്കെയായി ദിവസങ്ങള്‍ കഴിഞ്ഞു പോയി.


ഇടക്കാണറിയുന്നത് എന്നെ അവിടെ കൊണ്ടു ചെന്നാക്കിയ ശ്രീമതി ബോസിനോട് പറഞ്ഞു കേള്‍പ്പിച്ച കഥകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയിലേ അല്ല ആ കമ്പനി എനിക്ക് ജോലി തന്നത്. അത്ര പരിതാപകരമായി ചിത്രീകരിച്ചാണ് അവര്‍ അവിടെ എന്നെ തിരുകി കയറ്റിയത്. ശുപാര്‍ശകളെ അങ്ങേയറ്റം വെറുക്കുന്ന ഞാന്‍ വാസ്തവത്തില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആ കമ്പനിയില്‍ ചേര്‍ന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റവും, അവിടുത്തെ അന്തരീക്ഷവും എന്നെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. എന്നാല്‍ ഈ വൃത്താന്തം അറിഞ്ഞതു മുതല്‍ എനിക്ക് അവിടെ തുടരാന്‍ മനസ്സുകൊണ്ട്‌ കഴിയാതെ വന്നു. ആത്മവിശ്വാസമുള്ള ഒരു കലാകാരന് ഒരിക്കലും ഇത്തരം താഴ്ത്തിക്കെട്ടലുകള്‍ ഒരു കാലത്തും സഹിക്കുവാനും ക്ഷമിക്കുവാനും കഴിയില്ല.


ഈ പറഞ്ഞ ബന്ധു(?) ഇങ്ങനെ ചെയ്തതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്‌. ഇവരുടെ കുട്ടിക്കാലങ്ങളില്‍ എന്‍റെ അമ്മയുടെ അച്ഛന്‍ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്തിരുന്നു. അതിലും കൂടുതല്‍ ഒരു മഹാപരാധം വേറെയില്ലല്ലൊ ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് വൈരാഗ്യം ഉണ്ടാകുവാന്‍. ഉണ്ട ചോറിന്‍റെ നന്ദി എന്നു പറയുന്നത് ഇതാണ്. ഇംഗ്ലീഷില്‍ ഇന്‍ഫീരിയോരിറ്റി കോം‍പ്ലക്സെന്നോ മറ്റോ പറയാം. എത്രയൊക്കെ പഠിച്ചാലും, ഉയര്‍ന്ന ജോലി നേടിയാലും ഈ പറഞ്ഞ നന്ദി രക്തത്തില്‍ നിന്നും പോകില്ലല്ലോ. ഞാന്‍ ആ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റു ചില വഴിയില്‍ ചില ലാഭങ്ങള്‍ കണ്ടിരുന്ന അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെ എന്നെ ആ കമ്പനിയില്‍ നിന്നു പുറത്തു ചാടിക്കാനായി അവരുടെ ശ്രമം. എന്നെക്കുറിച്ച് പറയാവുന്ന അപവാദങ്ങളെല്ലാം പറഞ്ഞു കൂട്ടി എന്നത് പല അവസരങ്ങളിലായുള്ള സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.


ഞാന്‍ മറ്റൊരു തൊഴിലിനായി ശ്രമം ആരംഭിച്ചു. ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു ഇടത്തരം കമ്പനിയില്‍ ഒരു ജോലി തരപ്പെട്ടു. ദിവസവും പോയി വരാവുന്ന, പഴയതിലും മികച്ച ശമ്പളമുള്ള ഒരു ജോലി. ഞാന്‍ ബോസിനോട്, എനിക്ക് ഒരു ഓഫര്‍ കിട്ടിയിട്ടുണ്ട്‌ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ബോസിന്‍റെ സ്വഭാവം മാറി. ഒരു ബോസിന് തന്‍റെ തൊഴിലാളിയോട്‌ - 6 മാസം ശമ്പളം നല്‍കിയ അധികാരത്തില്‍- ഇത്രമാത്രം വിലയിടിച്ചു സംസാരിക്കാനുള്ള അവകാശമുണ്ടെന്ന്‌ അന്നാണെനിക്കു മനസ്സിലായത്.


എന്നാല്‍ ഇന്നും, ഈ നിമിഷവും എനിക്കദ്ദേഹത്തോട്‌ യാതൊരു വിരോധവുമില്ല, പരിഭവവുമില്ല. നിറഞ്ഞ നന്മയുള്ള വലിയ ഒരു മനസ്സിനുടമയാണദ്ദേഹം. ആ സ്ഥാപനത്തില്‍ ഞാന്‍ ജോലി നോക്കിയിരുന്ന അത്രയും കാലം വളരെയധികം പ്രോത്സാഹനവും, പിന്‍‍തുണയും അദ്ദേഹത്തില്‍ നിന്നെനിക്കു കിട്ടിയിട്ടുണ്ട്. എന്തു ശുപാര്‍ശയുടെ പേരിലായാലും ഒരു മുന്‍‍പരിചയവുമില്ലാത്ത ഒരു ഒരു പുതുമുഖത്തെ ഉത്തരവാദിത്വമുള്ള ഒരു ജോലിയില്‍ ഭാഗ്യപരീക്ഷണം നടത്തുവാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവം തന്നെ ഒരു നല്ല കലാകാരന്‍ കൂടിയായ ആ വലിയ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ മാത്രമെന്നതില്‍ സംശയമില്ല.

തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ് അദ്ദേഹത്തെ എന്നോടങ്ങനെ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന സത്യം വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. പുറം ലോകമറിയുന്ന സ്വഭാവവും, വ്യക്തിത്വവുമല്ല ആ സ്ത്രീയുടെ യഥാര്‍ത്ഥ ഭാവം എന്നത്‌ അവരെ നന്നായി അടുത്തറിയുന്ന ഞങ്ങള്‍ ബന്ധുക്കളുടെ അനുഭവമാണ്. അത് തെളിയിക്കേണ്ട ബാദ്ധ്യത കാലത്തിനാണ്.

ഞാന്‍ അദ്ദേഹത്തോട്‌ പുതിയ ജോലിയുടെ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ ആശാന്‍റെ ഒരു ജോലിയില്‍ ആശാനെ സഹായിക്കുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി കമ്പ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ ഒരു കലാകാരനെന്ന നിലയില്‍ മുന്‍പനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വ ബോധവും, ഉണര്‍വ്വുമാണ് മനസ്സിന്. ഒരു തികഞ്ഞ കലാകാരനു മാത്രം പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ഊര്‍ജ്ജം ആശാന്‍റെ ഓരോ വാക്കുകളില്‍ നിന്നും ഞാനനുഭവിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയും കൊതിയോടെയുമാണ് ഞാന്‍ ആശാനോടൊപ്പം ആ ജോലി ചെയ്തുകൊണ്ടിരുന്നത്. രാത്രി എട്ടുമണിയോടു കൂടി ഞാന്‍ സാറിന്‍റെ കാബിനില്‍ എത്തിയപ്പോള്‍ ആശാനും അവിടെയുണ്ടായിരുന്നു. ഞാന്‍ സാറിനോട്‌ ‘സാര്‍ അനുവദിക്കുമെങ്കില്‍ എനിക്കു പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ കൊള്ളാം’ എന്നാണ് അറിയിച്ചത്. എന്നാല്‍ ബോസ് പറഞ്ഞത് വേണ്ട തനിക്കിപ്പോള്‍ തന്നെ പോകാമെന്നായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ കണക്കെടുത്താല്‍, ആശാനോടൊത്ത് ചെയ്തിരുന്ന, പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ആ ജോലി മുന്‍‍പന്തിയില്‍ വരും.


ഞാന്‍ തിരിച്ചിറങ്ങി വരുമ്പോള്‍ യാത്രചോദിക്കാനെന്ന പോലെ, യാന്ത്രികമായി ആശാനെ നോക്കി. ആശാന്‍റെ മുഖം കുനിഞ്ഞിരുന്നു. ആശാന്‍ എന്‍റെ മുഖത്തോട്ടു നോക്കിയില്ല. അധികമവിടെ നില്‍ക്കാതെ ഞാന്‍ ആ സ്ഥാപനത്തിന്‍റെ പടിയിറങ്ങി. ഞാന്‍ തിരിച്ചിറങ്ങി വരുമ്പൊഴും ആശാന്‍ ആ കാബിനില്‍ ചാരി തല കുനിച്ചു നിന്നിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ? എനിക്കറിയില്ല. പക്ഷേ ആ വലിയ കലാകാരന്‍റെ മനസ്സ് എന്നെ നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവാം. ഗുരുതുല്യം ബഹുമാനിക്കുന്ന അദ്ദേഹത്തിന്‍റെ പക്കല്‍ ഈയുള്ളവനു നല്‍കുവാന്‍ അതിലേറെ വിലമതിക്കുന്ന വേറെന്താണുണ്ടാവുക.


© ജയകൃഷ്ണന്‍ കാവാലം

Sunday, March 8, 2009

നന്ദന എന്ന സുന്ദരി


എല്ലാ സ്വപ്നങ്ങളിലും കേള്‍ക്കാറുണ്ടായിരുന്ന വളകിലുക്കം, കൂടുതല്‍ അടുത്തടുത്തു വരുന്നതായി എനിക്കനുഭവപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു. എന്നെ തെല്ലും അലോസരപ്പെടുത്താതെ മനസ്സിന്‍റെ ഓരോ അണുവിലും അനുപമമായ അനുഭൂതികള്‍ തീര്‍ക്കുന്ന ആ വളകിലുക്കത്തോട്‌ എനിക്കു പ്രണയമായിരുന്നു. അതുകൊണ്ടു തന്നെ ആ ദിവസങ്ങളില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരുന്നു. ഏതോ ശുഭവാര്‍ത്തയുടെ ആഗമമോ, വരാനിരിക്കുന്ന ഏതോ ഐശ്വര്യത്തിന്‍റെ ലക്ഷണമോ എന്നൊക്കെ സന്ദേഹിപ്പിച്ച് ആ വളകിലുക്കം വീണ്ടും വീണ്ടും എന്നെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ കോരിത്തരിക്കലിന്‍റെ അസുഖമുണ്ടായിരുന്ന എനിക്ക് എന്നിട്ടും എന്തുകൊണ്ടോ ഇപ്പൊഴത്തെ ഈ കോരിത്തരിക്കല്‍ പുതുമയുള്ളതായി അനുഭവപ്പെട്ടു.

നീന്തിക്കുളിയും, പാടവരമ്പത്തു കൂടെയുള്ള തെണ്ടി നടക്കലുമൊക്കെയായി ദിവസങ്ങള്‍ കടന്നു പോകവേ ഒരു വാരാന്ത്യത്തിലെ രാത്രിയില്‍ വെറുതേ ഇന്‍റര്‍നെറ്റില്‍ പരതി നടന്നപ്പോള്‍ അതാ ഒരു സൌഹൃദ കമ്യൂണിറ്റിയില്‍ നന്ദന എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ!!!. കണ്ടതും ഞെട്ടിപ്പോയി. ഇതുവരെ ഇവന്‍ സൌന്ദര്യം സൌന്ദര്യം എന്നു പറഞ്ഞ് അവിടെയുമിവിടെയുമെല്ലാം ആസ്വദിച്ചത് സൌന്ദര്യമേയല്ലായിരുന്നു എന്നിവന് മനസ്സിലായി. കാരണം അന്നാദ്യമായാണ് യഥാര്‍ത്ഥ സൌന്ദര്യം ഇവന്‍ കാണുന്നതെന്ന്‌ മനസ്സിലെ ഏതോ കൊമ്പില്‍ ചേക്കേറിയിരുന്ന ഒരു കിളി എന്നോടു പറഞ്ഞു. ഞാന്‍ കിളിയെ ഒളികണ്ണിട്ടു നോക്കി. മയങ്ങാന്‍ തയ്യാറെടുത്തിരുന്ന കിളി ചിറകൊന്നു കുടഞ്ഞ് ഉഷാറായിട്ട് വീണ്ടും പറഞ്ഞു. എടാ മണ്ടാ അതല്ല ഇതാ സൌന്ദര്യം.

കിളി പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി. കണ്മഷിയെഴുതിയ കണ്ണുകളിലെ കള്ളനോട്ടം എന്നെ വല്ലാതങ്ങു കീഴ്പ്പെടുത്തിക്കളഞ്ഞു. ഒന്നല്ല ഇനിയുമുണ്ട്‌ ചിത്രങ്ങള്‍. ഓരോന്നായി മാറിമാറി നോക്കവേ ഇവന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു വരുന്നത്‌ ഇവനറിഞ്ഞു. എന്തിനായിരിക്കും എന്‍റെ നെഞ്ചിങ്ങനെ ബഹളമുണ്ടാക്കുന്നത്? പാതി ചാരിയിരുന്ന ജനാലയിലൂടെ നിലാവിന്‍റെ ചുംബനമേറ്റ് കോരിത്തരിച്ച നിശാഗന്ധിയുടെ മാദകഗന്ധം എന്നെ പരവശനാക്കുവാന്‍ ഒഴുകി വന്നുകൊണ്ടിരിക്കുന്ന രാത്രിയുടെ ഗന്ധര്‍വ്വയാമത്തില്‍, അതുവരെ ഉറക്കത്തില്‍ മാത്രം കേട്ടിരുന്ന ആ വളകിലുക്കം, അതേ വളകിലുക്കം വീണ്ടും ഇവന്‍ കേള്‍ക്കാന്‍ തുടങ്ങി. ആശ്ചര്യത്തോടെ ഇവന്‍ തിരിച്ചറിഞ്ഞു അതേ ഇവളായിരുന്നു എന്‍റെ മനസ്സിന്‍റെ മണിയറയിലിരുന്ന്‌ എന്നും വള കിലുക്കിയിരുന്നത്. ഞാന്‍ അവളുടെ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി. കൈ നിറയെ ചുവന്ന കുപ്പിവളകള്‍!!! അതേ ഈ വളകള്‍ തന്നെയാണ് കിലുങ്ങിയത്‌. ഇപ്പൊഴും കിലുങ്ങിക്കൊണ്ടിരിക്കുന്നത്.

അവളുടെ മുഖലാവണ്യത്തേക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ ഇനിയും സ്വര്‍ഗ്ഗത്തില്‍ നിന്നോ ഗഗനചാരികളായ ഗന്ധര്‍വ്വന്മാരില്‍ നിന്നോ കടം കൊള്ളേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍‍പ്പം കണ്ണിനു സായൂജ്യം നിന്‍ രൂപം’ എന്ന്‌ ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയത് ചിലപ്പോള്‍ ഇവളുടെ തള്ളയെ കണ്ടിട്ടായിരിക്കും. കാരണം അദ്ദേഹം ഈ ഗാനം എഴുതുന്ന സമയത്ത് ഇവള്‍ ജനിച്ചിട്ടു പോലുമുണ്ടാവില്ല.

വിറയാര്‍ന്ന കൈകളോടെ, പരവശമായ കണ്ഠത്തോടെ, പാരിജാതപ്പൂക്കളില്‍ നിന്നും കിനിഞ്ഞു വീഴുന്ന മധുകണങ്ങള്‍ മഴത്തുള്ളികളായി പൊഴിയുന്ന മനസ്സോടെ ഇവനവള്‍ക്കൊരു പ്രേമലേഖനമെഴുതാന്‍ തീരുമാനിച്ചു. അവളുടെ അച്ഛനേക്കുറിച്ചോര്‍ത്ത് വിറയലും, ആങ്ങളമാരേക്കുറിച്ചോര്‍ത്ത് പാരവശ്യവും അനുഭവപ്പെട്ടു, പക്ഷേ മഴത്തുള്ളി മാത്രം പൊഴിഞ്ഞില്ല. ഇടക്കിടെ ഷവറിന്‍റെ ചുവട്ടില്‍ പോയി നിന്ന് മനസിനെ തലയിലേക്കാവാഹിച്ച് മഴത്തുള്ളിയുടെ സാന്നിദ്ധ്യം ഉള്‍ക്കൊണ്ട്‌ ഇവന്‍ എഴുതാന്‍ തുടങ്ങി.

ആയിരം പൂര്‍ണ്ണചന്ദ്രന്‍റെ നിലാവൊത്ത സുന്ദരീ, എന്‍റെ മനസ്സിന്‍റെ മണിയറയില്‍ വീണ മീട്ടുന്ന ഗായികേ, നിന്‍റെ ഹൃദയഗോപുരവാതില്‍ക്കല്‍ ഇതാ ഒരു ഭിക്ഷാംദേഹിയായി ഇവന്‍ കാത്തു നില്‍ക്കുന്നു. നിന്‍റെ കരപല്ലവങ്ങളിലെ കുപ്പിവളകള്‍ കിലുങ്ങുന്ന സംഗീതം അത്‌ എന്‍റെ ഹൃദയംഗീതമാണ് എന്നു നീയറിയുന്നുവോ പ്രിയേ, എന്‍റെ മനസ്സിന്‍റെ ശ്രീകോവിലില്‍ ചന്ദനത്തില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം പോലെ വിളങ്ങുന്നവളേ, സാക്ഷാല്‍ നാളീകലോചനന്‍റെ ചാരത്തു നിന്നും ഇവനു വേണ്ടി, ഇവനുവേണ്ടി മാത്രമായി ഭൂമിയിലേക്കിറങ്ങി വന്ന മഹാലക്ഷ്മീ നിന്‍റെ മനോമന്ദിരത്തില്‍ ഇവനിതാ പൂജാപുഷ്പങ്ങളുമായി കാത്തു നില്‍ക്കുന്നു. നിന്‍റെ മനസ്സിന്‍റെ സോപാനത്തില്‍ ഇവന്‍റെ ആത്മാവു പൊഴിക്കുന്ന സംഗീതം നീ കേള്‍ക്കുന്നുവോ? അതിനകമ്പടിയായി നീ കേള്‍ക്കുന്നത് ഇടയ്ക്കയുടെ താളമല്ല പ്രിയേ... അതെന്‍റെ ഹൃദയത്തിന്റെ പടോ പടോയെന്ന മിടിപ്പാണ്... നിനക്കായി മാത്രം തുടിക്കുന്ന എന്‍റെ സ്വന്തം ഹൃദയത്തിന്‍റെ മിടിപ്പ്... നീയിവനെ ഒന്നു നോക്കിയാലും, ഇവനില്‍ കടാക്ഷിച്ചാലും, നിന്‍റെ പ്രേമാമൃതം ഇവനില്‍ പ്രസാദമായ് വര്‍ഷിച്ചാലും...

വിറയാര്‍ന്ന വിരലുകളോടെ ഇവന്‍ മെയില്‍ ബോക്സിന്‍റെ സെന്‍ഡ്‌ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ തൊട്ടപ്പുറത്ത് പൂക്കൈതയുടെ സംഗീതം കേട്ടു നിലകൊള്ളുന്ന അരയാല്‍ മരത്തിനെ ഒരു കാറ്റു വന്നു തലോടി. അനന്തമായ പ്രേമത്തിന്‍റെ അസംഖ്യം പൂത്താലികള്‍ കിലുക്കി നിത്യ താപസനെങ്കിലും വൃക്ഷരാജന്‍ ആ കാറ്റിനെ സ്വാഗതം ചെയ്തു. ആ സമയം കൈതപ്പൂവുകള്‍ മാദകത്വമാര്‍ന്ന പരാഗ ഗന്ധത്തോടെ വിടരുകയും, നക്ഷത്രങ്ങള്‍ തിളക്കമാര്‍ന്നു പ്രകാശിക്കുകയും, വീട്ടിലെ ക്ലോക്കില്‍ മണി ഒന്നടിക്കുകയും ചെയ്തു. ഈ ശുഭലക്ഷണങ്ങള്‍ ഇവനില്‍ അതിയായ സന്തോഷമുണ്ടാക്കി. 

പാതി ചാരിയ ജനാലയെ അവഗണിച്ച് ഇവന്‍ കതകു തുറന്ന് പുറത്തിറങ്ങി ചുറ്റി നടന്നു. അപ്പോഴുണ്ടൊരാള്‍ പതുങ്ങി പതുങ്ങി ഇവന്‍റെ പുറകേ വരുന്നു. ഇവന്‍ ഞെട്ടിത്തിരിഞ്ഞ് ആരാണെന്നു ചോദിച്ചു. കയ്യില്‍ ക്രിക്കറ്റ് കളിക്കുന്ന സ്റ്റമ്പും പിടിച്ച് സാക്ഷാല്‍ വാവക്കുട്ടനമ്മാവന്‍!. പാതിരാതിയില്‍ കള്ളനേപ്പോലെ കറങ്ങി നടന്ന്‌ മനുഷ്യനേ മെനക്കെടുത്താതെ പോയിക്കിടന്നുറങ്ങെടാ കഴുതേ... എന്നമ്മാവന്‍ ആക്രോശിച്ചെങ്കിലും, കൂടുതല്‍ വിസ്തരിക്കാന്‍ നില്‍ക്കാതെ ഇവന്‍ അകത്തു കയറി കതകടച്ചെങ്കിലും ഇതെല്ലാം ഒരു മനോഹര സ്വപ്നത്തിനിടയില്‍ തിരിഞ്ഞു കിടക്കേണ്ടി വന്നത്ര ലാഘവത്വത്തോടെ ഇവന്‍ മറന്നു കളഞ്ഞു. മനസ്സു നിറയെ അവളായിരുന്നു... നന്ദന. ഇനിയുള്ള ഇവന്‍റെ ഓരോ നിമിഷങ്ങളിലും അലിഞ്ഞു ചേരേണ്ടവള്‍.

പാതിരാത്രിയെങ്കിലും ഇവന്‍ ലൈറ്റിട്ട്, ശബ്ദമുണ്ടാക്കാതെ, മറ്റുള്ളവരെ ശല്യപ്പെടുത്താതെ ഷേവ്‌ ചെയ്തു, പൌഡറിട്ടു, മുടി നന്നായി ചീകിയൊതുക്കി, ഇവനെ സൃഷ്ടിച്ചപ്പോള്‍ അല്‍‍പ്പം കൂടി കൂടുതല്‍ സൌന്ദര്യം തരാതിരുന്ന ഈശ്വരനെ പിശുക്കന്‍ എന്നു വിളിച്ചു. മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉറക്കം വന്നതേയില്ല. പൂക്കൈതയാറും, കിളികളുമെല്ലാം ഉണര്‍ന്നപ്പൊഴും ഇവനുറങ്ങിയില്ല. രാവിലെ തന്നെ പള്ളിയറക്കാവില്‍ പോയി തൊഴുതു. കൃഷ്ണന്‍റെ നടയില്‍ ചെന്ന് കൂടുതല്‍ സമയം പ്രാര്‍ത്ഥിച്ചു, എണ്ണിയാലൊടുങ്ങാത്തത്ര നമസ്‌കരിച്ചു. തൃക്കൈവെണ്ണ നേദിച്ചു, പാല്‍‍പ്പായസം നേദിച്ചു. മനസ്സില്ലാ മനസ്സോടെ കള്ളച്ചിരി തൂകി നില്‍ക്കുന്ന ചെന്താമരക്കണ്ണനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഇവന്‍ തിരികെ നടന്നു.

വീട്ടില്‍ വന്ന് പൂജാമുറിയില്‍ വീണ്ടും വീണ്ടും ആത്മാര്‍ത്ഥമായി നമസ്കരിച്ചു. നിലവിളക്കില്‍ അഞ്ചു തിരിയിട്ട് കത്തിച്ചു വച്ച് ഇവന്‍ മെല്ലെ കമ്പ്യൂട്ടറിന്‍റെയടുത്തേക്കു നീങ്ങി. കമ്പ്യൂട്ടര്‍ പതിവിലും വേഗത്തില്‍ ബൂട്ടായി വരുന്നു. എല്ലാം നിന്‍റെ കൃപാകടാക്ഷം എന്‍റെ കൃഷ്ണാ എന്ന് മനസ്സുകൊണ്ട്‌ മന്ത്രിച്ചു. കമ്പ്യൂട്ടറിന്‍റെ സ്റ്റാര്‍ട്ട് അപ്പ് സംഗീതമായ സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ മനസ്സിനെ കുളിരു കോരിയണിയിച്ചു. ഇനി ഇതു മാറ്റി നന്ദനന്ദനം ഭജേ എന്നാക്കണമെന്നു തീരുമാനിച്ചു. 

പതിയെ ഇവന്‍ ഇ മെയില്‍ ബോക്സില്‍ പ്രവേശിച്ചു. അതാ... അതാ... അതാ കിടക്കുന്നു ഒരേയൊരു മെയില്‍. ഒരെണ്ണം മാത്രം നന്ദന@...കോം, Re.എന്‍റെ സര്‍വ്വസ്വമേ... ഇവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി. ഇതായിരിക്കും ചിലപ്പോള്‍ പ്രേമസാഫല്യം എന്നു പറയുന്ന സാധനം. അല്ല, ഇതു തന്നെയാണ്. ഇവന്‍ ആവേശപൂര്‍വ്വം ആ കത്ത് തുറന്നു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു...

"എടാ പട്ടീ, പൂവാലന്മാരുടെ ചക്രവര്‍ത്തീ, നട്ടപ്പാതിരാത്രിയില്‍ കുത്തിയിരുന്ന് പെണ്ണുങ്ങള്‍ക്ക്‌ പ്രേമലേഖനമെഴുതുന്ന നേരത്ത് പത്ത് രാമനാമം ജപിച്ച് കിടന്നുറങ്ങാന്‍ നോക്കെടാ അലവലാതീ... പെണ്ണുങ്ങളേ കാണുമ്പോള്‍ നിനക്കൊക്കെ എന്താടാ ഒരു ഇത്?... പോയി....."

അവളുടെ സൌന്ദര്യത്തേക്കാള്‍ പതിന്മടങ്ങ് ഭാഷാജ്ഞാനം കൂടി ഉള്ളവളാണവള്‍ എന്നെനിക്കു ബോദ്ധ്യമായി.

ഇവന്‍റെ കണ്ണുകളില്‍ നിന്നും ധാരധാരയായി പൊഴിഞ്ഞുകൊണ്ടിരുന്ന ആനന്ദാശ്രുക്കള്‍ വന്ന വഴിയേ തിരിച്ചു പോയി. നിലവിളക്ക് കരിന്തിരി കത്തിയ ഗന്ധം എവിടെ നിന്നോ വന്നെന്നെ അലോസരപ്പെടുത്തി. കാറ്റത്ത് ആടിയുലയുന്ന ആലിലകളുടെ ശബ്ദകോലാഹലം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. മീന്‍ ചന്തയില്‍ കയറിയ പോലുണ്ട്‌‌, ശല്യം എന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് ഇവന്‍ ജനലുകള്‍ കൊട്ടിയടച്ചു. മുഖത്തു പൊടിഞ്ഞു വന്ന വിയര്‍പ്പുകണങ്ങള്‍ ഇന്നലെ ഷേവ്‌ ചെയ്തപ്പോഴുണ്ടായ മുറിവില്‍ വല്ലാത്ത നീറ്റല്‍ പകര്‍ന്നു. മനസ്സില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആ കള്ളക്കിളി എങ്ങോട്ടോ പറന്നു പോയിരുന്നു. ഇവന്‍റെ ഇളിഭ്യത, സ്വന്തം മനഃസ്സാക്ഷിയില്‍ നിന്നും മറച്ചു വയ്ക്കാന്‍ ഇവനൊരു പാട്ടു കേള്‍ക്കാന്‍ തീരുമാനിച്ചു. കണ്ണില്‍ കണ്ട ഒരു ഗാനത്തില്‍ ക്ലിക്ക് ചെയ്തു... മനഃസ്സാക്ഷിയില്ലാത്ത കമ്പ്യൂട്ടര്‍ പാടിത്തുടങ്ങി...

അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു...

© ജയകൃഷ്ണന്‍ കാവാലം
 
Site Meter