Sunday, October 25, 2009

കൃഷ്ണനാശാന്‍

വിദ്യ എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉണ്മയുള്ള ഒരു അനുഭവമാണ്. അമ്മയുടെ ഗര്‍ഭത്തില്‍ അങ്കുരിക്കുന്ന നിമിഷം മുതല്‍ നാം അറിഞ്ഞു തുടങ്ങുന്ന ഈ അറിവുകള്‍ മരണസമയത്തും തുടരുന്നു എന്ന് അറിവുള്ളവര്‍ പറയുന്നത് എത്ര സത്യമാണ്.

എന്‍റെ കുട്ടിക്കാലം. എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു എന്ന് ഉള്‍പ്പുളകത്തോടെ ഞാന്‍ ഓര്‍ക്കുന്നു. കാവാലത്തെ വീട്ടിലെ ഓരോ മണ്‍‍തരികള്‍ക്കും സുപരിചിതമായിരുന്ന ബാല്യം. വീട്ടുമുറ്റത്തു കളിച്ചും, പൂക്കളോടും കിളികളോടും കഥ പറഞ്ഞും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ ആരും കാണാതെ പോയി നിന്ന് പരല്‍ മീനുകളെ കണ്ടും, തുമ്പിയും ചിത്രശലഭങ്ങളും, കുയിലും, കാക്കയെയുമൊക്കെപ്പോലെ പറന്നു കളിക്കാന്‍ മോഹിച്ചും, രാത്രികളില്‍ മൂങ്ങകളോട് മത്സരിച്ച് മൂളിയും ഈ മണ്ണില്‍ ജനിച്ച് വളരെ കുറച്ചു നാളത്തെ പരിചയം മാത്രമുള്ള കുഞ്ഞു ജയകൃഷ്ണന് എല്ലാമെല്ലാം അത്ഭുതവും കൌതുകവുമായിരുന്ന കാലം. മനുഷ്യരുടെ കാലുഷ്യം മനസ്സിനെ പൊള്ളിച്ചു തുടങ്ങിയിട്ടില്ലാതിരുന്ന എന്‍റെ കുട്ടിക്കാലം. പാട്ടുകളും, സ്വപ്നങ്ങളും, പരിലാളനങ്ങളും, പൂക്കളും, കിളികളും മാത്രം കൂട്ടുണ്ടായിരുന്ന ബാല്യകാലം...

അമ്മക്കു പേടിയായിരുന്നു എന്നും. ആരോടും ചോദിക്കാതെ വേലി ചാടി ഈ ഭൂമിയില്‍ എനിക്കും അവകാശമുണ്ടെന്ന ഭാവത്തില്‍ കറങ്ങി നടക്കുന്ന നാടന്‍ പട്ടികളോട്‌ എനിക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു എന്നതാണ് അമ്മയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നത്. അവരെ കാണുമ്പോള്‍ ഞാന്‍ ഓടി അടുത്തു ചെല്ലും. വലിയവരെ കണ്ടാല്‍ പറപറക്കുന്ന അവര്‍ കുഞ്ഞു ജയകൃഷ്ണനെ കണ്ടാല്‍ ഭയന്നോടിയിരുന്നില്ല. ചിലര്‍ വാലാട്ടി സ്നേഹം കാട്ടും, ചിലര്‍ മൈന്‍ഡ്‌ ചെയ്യാതെ തിരക്കിട്ടു സ്ഥലം വിടും, ഇനിയും ചിലര്‍ കൂടെ കളിക്കാന്‍ കൂടും. പക്ഷേ എന്‍റെ ശ്രദ്ധ മുഴുവനും അവരുടെ കറുത്ത മൂക്കില്‍ ആയിരുന്നു. വല്ലാത്ത കൌതുകമായിരുന്നു അവരുടെ മൂക്കില്‍ പിടിക്കാന്‍. മുന്‍‍പരിചയമില്ലാത്ത ശുനകവര്യന്മാരുടെ ഏറ്റവും വലിയ ജീവനോപാധി കൂടിയായ മൂക്കില്‍ പിടിച്ചാല്‍ അവര്‍ എന്നെ വെറുതേ വിടില്ല എന്ന് അമ്മ ഭയന്നു. പക്ഷേ എന്നെ ആരും ഒന്നും ചെയ്യുമായിരുന്നില്ല. എല്ലാവര്‍ക്കും സ്നേഹം. അവരോട്‌ എനിക്കും... പിന്നെയുള്ള പേടി മഞ്ഞച്ചേരകള്‍. എവിടെ മഞ്ഞച്ചേരയെ കണ്ടാലും ഞാന്‍ അവയോടു കൂട്ടുകൂടാന്‍ ഓടിച്ചെല്ലുമായിരുന്നു. ഏഴയലത്തടുക്കാന്‍ പോലും ഇതുവരെ കഴിയാത്തത് അമ്മയുടെ ബദ്ധശ്രദ്ധ ഒന്നുകൊണ്ടു മാത്രമാണ്. സാധുക്കളായ അവയില്‍ നിന്നും എന്നെ അകറ്റാന്‍ അമ്മ പറഞ്ഞുതന്നിട്ടുള്ള ഭീകരകഥകള്‍ ഒരു രാജവെമ്പാലയെക്കുറിച്ചു പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല. എന്നിട്ടും എനിക്കവയോടു പ്രണയമായിരുന്നു.

കാലം ഇങ്ങനെ കഴിയവേ ജയകൃഷ്ണനെ എഴുത്തിനിരുത്താന്‍ സമയമായി. നവരാത്രി വ്രതമെടുപ്പിച്ച് അക്ഷരത്തിന്‍റെ അവാച്യമായ ആനന്ദസാരസ്വതം നുകരുവാന്‍ ജയകൃഷ്ണനെ അമ്മ തയ്യാറാക്കി. വീടിന്‍റെ കന്നിക്കോണില്‍ പട്ടുകോണകവും കുഞ്ഞു നേര്യതുമുണ്ടും ഉടുത്ത് വല്യമ്മാവന്‍ അയ്യപ്പപ്പണിക്കരുടെ മടിയിലിരുന്ന് ആ സ്വര്‍ഗ്ഗീയമധുരം ആദ്യമായി എന്‍റെ ജിഹ്വകളെ ധന്യമാക്കി. ഒരു ജീവിതകാലത്തിന്‍റെ... അല്ല ശരീരം മരിച്ചാലും മരിക്കാതെ ജ്വലിച്ചു നില്‍ക്കുന്ന ശക്തിയായ അക്ഷരം. വ്യക്തിത്വവും, അസ്തിത്വവും, ആത്മബോധവും ഉണര്‍ത്തുന്ന നിത്യസത്യമായ ജ്ഞാനത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള അക്ഷരം. അമൃതിന്‍റെ മധുരമുണ്ടായിരുന്നു അമ്മാവന്‍റെ മോതിരം കൊണ്ട് ഇവന്‍റെ നാവിന്‍‍തുമ്പില്‍ ഹരി ശ്രീ എന്നെഴുതിയപ്പോള്‍.

എഴുത്തിനിരുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂക്കൈതയാറിന്‍റെ അക്കരെ നിന്നും കൃഷ്ണനാശാന്‍ വന്നെത്തി. കറുത്ത് കുറിയ ഒരു മനുഷ്യന്‍. ഷര്‍ട്ടിന്‍റെ എല്ലാ ബട്ടണ്‍സും പകുതി മാത്രമേ ആശാന്‍ ബട്ടണ്‍ഹോളില്‍ കയറ്റുമായിരുന്നുള്ളൂ. രണ്ടു ചെവിക്കടയിലും അമ്പലത്തിലെ പൂക്കള്‍ തിരുകി, നെറ്റിയില്‍ ചന്ദനം ചാര്‍ത്തി, കാലം മായ്ച്ചു കളയാതെ പഴമയുടെ തിരുശേഷിപ്പു പോലെ ചെവിയിലെ കടുക്കനിടുന്ന പാടുമായി ഒരു മനുഷ്യന്‍. ഒരു സന്ധ്യക്കാണ് ആശാന്‍ വീട്ടില്‍ വന്നത്. അപ്പൂപ്പനുമായി കുറച്ചു സമയം സംസാരിച്ച് ആശാന്‍ പിരിഞ്ഞു. ഇളംതിണ്ണയിലിരുന്ന് കൌതുകത്തോടെ ഞാന്‍ ആശാനെ നോക്കി. ആകെക്കൂടി അത്ഭുതം തോന്നിയിരുന്നു എനിക്ക് ആശാനെ കണ്ടപ്പോള്‍. അടിമുടി പ്രത്യേകതകളുള്ള ഒരു മനുഷ്യന്‍.

ആശാന്‍ പോയിക്കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു നാളെമുതല്‍ മോനെ അക്ഷരം പഠിപ്പിക്കാന്‍ വരുന്ന ആശാനാണതെന്ന്. രാജശ്രീക്കുഞ്ഞമ്മയെയും, ദീപച്ചേച്ചിയെയും, ദീപ്തിച്ചേച്ചിയെയും, സിന്ധുച്ചേച്ചിയെയും, ദീപു ചേട്ടനെയുമൊക്കെ അക്ഷരം പഠിപ്പിച്ചിട്ടുള്ള ആശാനാണതെന്ന്. ശരിയാണ് ആശാന്‍ വിളമ്പിയ അക്ഷരം അവരെ എല്ലാവരെയും ഉന്നതമായ നിലകളില്‍ തന്നെ എത്തിച്ചു എന്നത് പില്‍ക്കാലത്തെ അനുഭവം. രാജശ്രീച്ചേച്ചി കെമിസ്ട്രിയില്‍ പി എച്ച് ഡി ഇന്നു കോളേജ് അദ്ധ്യാപിക, ദീപച്ചേച്ചിയും ദീപ്തിച്ചേച്ചിയും അദ്ധ്യാപികമാര്‍, ദീപുച്ചേട്ടന്‍ എം ബി എ കഴിഞ്ഞ് നല്ല ജോലി അങ്ങനെ ആശാന്‍ പഠിപ്പിച്ചിട്ടുള്ള ആരും പാഴായിപ്പോയിട്ടില്ല.

പിറ്റേന്നു മുതല്‍ ആശാന്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തഴപ്പായ ആശാനും, സമചതുരാകൃതിയിലുള്ള ഒന്ന് എനിക്കും, അങ്ങനെ ഞങ്ങള്‍ വീട്ടിലെ മാവിന്‍ ചുവട്ടിലും, പടിഞ്ഞാറേ തോട്ടിറമ്പിലും, കമ്പിളിനാരകത്തിന്‍റെ ചുവട്ടിലും മഴയുള്ള സമയങ്ങളില്‍ നേരത്തേ വാരി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന മണ്ണുമായി വീടിന്‍റെ തിണ്ണയിലും, പൂജാമുറിയുടെ ഉള്ളിലും അങ്ങനെ ആ വീടിന്‍റെ ഓരോ കോണിലും, ഓരോ ബിന്ദുവിലുമിരുന്ന് അക്ഷരാമൃതമുണ്ടു. ഓരോ ദിവസവും പഠിക്കാനിരിക്കേണ്ട സ്ഥലം ഞങ്ങള്‍ ചേര്‍ന്നു തീരുമാനിക്കും. ചിലപ്പോള്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ കൊച്ചുകുഞ്ഞമ്മേ എന്നു വിളിച്ചിരുന്ന രാജശ്രീച്ചേച്ചിയും, ദീപ്തിച്ചേച്ചിയുമൊക്കെ ബോട്ടുപുരയുടെ അപ്പുറത്തെ അരമതിലില്‍ വന്നിരിക്കും. അവരെ കുഞ്ഞു കുഞ്ഞു കല്ലുകള്‍ പെറുക്കി വെള്ളത്തിലെറിഞ്ഞും മറ്റും ആശാന്‍ പറ്റിക്കുമായിരുന്നു.

ആശാന്‍റെ കൂടെ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഞാന്‍ സ്കൂളില്‍ പോകുന്നത്. വെള്ളപ്പൊക്കമാകുമ്പോള്‍ അയല്‍ വീടുകളിലെ ചേച്ചിമാര്‍ ഞങ്ങളുടെ വീട്ടിലൂടെ കയറിയാണ് സ്കൂളില്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. രഞ്ചി,രാജി,ഷീബ എന്നിങ്ങനെ മൂന്നു ചേച്ചിമാരും അവരുടെ ലീഡറെപ്പോലെ പ്രീതിച്ചേച്ചിയും. എല്ലാവരും നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രീതിച്ചേച്ചിയുടെ അച്ഛന്‍ ഗള്‍ഫിലാണ്. എന്നുവരുമ്പൊഴും കൈനിറയെ ചോക്ലേറ്റുമായി ഓടിവന്നുകൊണ്ടിരുന്ന പ്രീതിച്ചേച്ചിയെ എന്‍റെ ബാല്യകാലത്തിനു ശേഷം ഞാന്‍ കണ്ടിട്ടേയില്ല. കുഞ്ഞുന്നാളിലെ സ്നേഹം തീര്‍ത്ത സാഹോദര്യം കാലയവനികയ്ക്കുള്ളില്‍ എവിടെയോ ഇന്നും തുടരുന്നു. ഈ കുഞ്ഞനിയനെ പ്രീതിച്ചേച്ചി ഓര്‍ക്കുന്നുണ്ടാവുമോ എന്തോ...

ഈ ചേച്ചിമാരുടെ സ്കൂളില്‍ പോക്കു കാണുമ്പോള്‍ എനിക്കും കൊതിയായി. മുടി ഇരുവശത്തേക്കും പിന്നിയിട്ട്, ക്രീം കളര്‍ ബ്ലൌസും, മെറൂണ്‍ കളര്‍ പാവാടയും, കയ്യില്‍ പുസ്തകസഞ്ചിയുമായി അവര്‍ പോകുന്നതു കാണുമ്പോള്‍ എനിക്കും പോകണമെന്ന് അടങ്ങാത്ത ആശ. അവര്‍ അതിലേ കടന്നു പോകുമ്പോള്‍ എന്നും ഞാന്‍ കരച്ചില്‍ തുടങ്ങും. ഇതുകണ്ട് പ്രീതിച്ചേച്ചി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു, ജയകൃഷ്ണനെക്കൂടെ ഞങ്ങളോടൊപ്പം അയച്ചോളൂ. ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം. എന്‍റെ കുസൃതിയേക്കുറിച്ചറിയുന്ന അമ്മ എന്തൊക്കെ പറഞ്ഞിട്ടും അവരുടെ നിര്‍ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം തൊട്ടപ്പുറത്തു തന്നെയുള്ള സ്കൂളില്‍ ചെന്ന് രാധാമണിടീച്ചറിനോട് അനുവാദം വാങ്ങി. സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. അതുകൊണ്ട് അടുത്ത അദ്ധ്യയനവര്‍ഷമാകുന്നതു വരെ അവന്‍ ഇഷ്ടമുള്ള ക്ലാസ്സില്‍ പോയി ഇരുന്നോട്ടെ എന്ന് അനുവാദം കിട്ടി. അങ്ങനെ ആശാന്‍റെ വിദ്യാഭ്യാസത്തോടൊപ്പം ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സുവരെ മാറിമാറി പഠിക്കാനും തുടങ്ങി.

ആശാന്‍റെ ഒപ്പമുള്ള വിദ്യാഭ്യാസം അവസാനിച്ചതിനു ശേഷവും അതുവഴി പോകുമ്പോഴെല്ലാം ആശാന്‍ മധുരപലഹാരങ്ങളുമായി എന്നെ കാണാന്‍ വരുമായിരുന്നു. ആശാന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ കൊച്ചുകുഞ്ഞമ്മയും, മറ്റു ചേച്ചിമാരുമെല്ലാം ആശാനോട് ഇതു പറഞ്ഞു വഴക്കുണ്ടാക്കും. ആശാന്‍ ഞങ്ങളെയും പഠിപ്പിച്ചിട്ടുള്ളതല്ലേ പിന്നെന്താ ഇവനുമാത്രം ഇതെല്ലാം കൊണ്ടു കൊടുക്കുന്നത് ഇതു പറ്റില്ല എന്നു പറഞ്ഞ്. പല്ലുകള്‍ പലതും കൊഴിഞ്ഞു പോയ ആ മുഖത്ത് സദാ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി ഇതിനു മറുപടിയായി ഒന്നു കൂടി ശോഭിക്കുക മാത്രം ചെയ്തിരുന്നു. എന്നൊക്കെ വരുമ്പൊഴും പൂക്കേക്കും, മിഠായികളും, പഴവും തുടങ്ങി എന്തെങ്കിലുമൊരു സമ്മാനം കരുതാതെ ആശാന്‍ വരുമായിരുന്നില്ല. ഞങ്ങള്‍ക്ക് പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത ഒരു അടുപ്പമുണ്ടായിരുന്നു.

ഒരു ഓണത്തിന് ആശാന് ഞാന്‍ പറഞ്ഞിട്ട് ഒരു ഓണക്കോടി വാങ്ങിക്കൊടുത്തു. അന്ന്‌ ആശാന്‍ കുറേ വഴക്കുണ്ടാക്കി. കുഞ്ഞിനു വേറേ പണിയൊന്നുമില്ലേ എന്നൊക്കെ ചോദിച്ച്. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഇനി കുഞ്ഞിനെ കാണാന്‍ വരില്ല എന്നുവരെ ആശാന്‍ പറഞ്ഞു. ആശാന്‍റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു എന്‍റെ അമ്മയുടെ അനിയത്തിയുടെ കല്യാണത്തിന്‌ പങ്കെടുക്കണമെന്ന്. എന്നു വരുമ്പൊഴും ചോദിക്കും, കുഞ്ഞമ്മയുടെ കല്യാണമായില്ലേ എന്ന്. വര്‍ഷം ഒന്നു കഴിഞ്ഞു. ആശാന്‍റെ വരവ്‌ വളരെ കുറഞ്ഞു. ആഴ്ച്ചയില്‍ ഒന്നെങ്കിലും വന്നിരുന്ന ആശാന്‍റെ സന്ദര്‍ശനം ക്രമമായി കുറഞ്ഞു വന്നു. നിരവധി കുട്ടികളെ പഠിപ്പിച്ചിരുന്ന ആശാന്‍ എന്നും നല്ല തിരക്കിലായിരുന്നു. കുഞ്ഞമ്മയുടെ വിവാഹാലോചനകളും, അപ്പൂപ്പന്‍റെ അസുഖവുമൊക്കെയായി ആശാനെക്കുറിച്ച് അന്വേഷിക്കാനും എല്ലാവരും വിട്ടു പോയി. തുള്ളല്‍ കലാകാരന്‍ കൂടിയാണ് ആശാന്‍. ആശാന് അതിന്‍റെയും തിരക്കുകള്‍ അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്.

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പൊഴായിരുന്നു കുഞ്ഞമ്മയുടെ കല്യാണം. അപ്പൊഴേക്കും ആശാനെ കല്യാണത്തിനു വിളിക്കുന്ന കാര്യം അമ്മ ഓര്‍മ്മിച്ചു. പൂക്കൈതയാറിന്‍റെ അപ്പുറത്താണ് ആശാന്‍റെ താമസം. പലരോടും ചോദിച്ചിട്ടും ആശാനെക്കുറിച്ചോ ആശാന്‍റെ വീടിനെക്കുറിച്ചോ ആര്‍ക്കും ഒരു പിടിയുമില്ല. ഒടുവില്‍ നിരവധി അന്വേഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അറിഞ്ഞു... ആശാന്‍ പോയി...

ആശാന്‍റെ വരവിനായി വീടിന്‍റെ പൂമുഖത്തെ അഴികളില്‍ തൂങ്ങി കാത്തു നിന്നിരുന്ന, ആശാന്‍റെ സമ്മാനപ്പൊതികള്‍ അവകാശബോധത്തോടെ തട്ടിപ്പറിച്ചിരുന്ന ജയകൃഷ്ണന്‍ അറിയാതെ, കാത്തുകാത്തിരുന്ന കുഞ്ഞമ്മയുടെ കല്യാണം കൂടാതെ, ആരും അറിയാതെ പോയി.... ഇന്നും എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന എന്‍റെ അക്ഷരം എന്നില്‍ പകര്‍ന്ന എന്‍റെ ആശാന്‍റെ കാല്‍ക്കല്‍ ഒരു പൂവിതള്‍ വയ്ക്കാന്‍ ഈ മഹാപാപിക്കു കഴിയാതെ പോയി. ഒരുപക്ഷേ ആശാന് മരണമില്ലായിരിക്കും. ആ കാഴ്ച്ച ഞാന്‍ കാണേണ്ടതല്ലായിരിക്കും. അതിനാലാവാം ബോട്ടുപുരയുടെ തൂണുകളില്‍ മറഞ്ഞിരുന്ന് കുഞ്ഞു വെള്ളാരം കല്ലുകള്‍ പെറുക്കിയെറിഞ്ഞ് കൊഞ്ചിക്കുന്ന ലാഘവത്തോടെ ആശാന്‍ പോയത്. ആശാന്‍റെ ഒരു ഫോട്ടോ പോലുമില്ല എന്‍റെ കയ്യില്‍. എനിക്കതിന്‍റെ ആവശ്യമില്ല. ഹൃദയശ്രീകോവിലില്‍ ലക്ഷദീപം തെളിയിച്ച്, കണ്ണുനീര്‍ നേദിച്ച്, ഈ ജീവിതം തന്നെ സമര്‍പ്പിച്ച് ഞാന്‍ പൂജിക്കുന്നുണ്ട്‌ പുഞ്ചിരി തൂകുന്ന ആ ദേവനെ. എന്‍റെ കൃഷ്ണനാശാനെ...

© ജയകൃഷ്ണന്‍ കാവാലം

Saturday, October 24, 2009

ഭാവിയില്‍ ഭൂതമാകാത്ത പെണ്ണ് !

സന്യാസജീവിതമെന്നു പറയുന്നത് വളരെ സുഖമുള്ള ഒരു കാര്യമാണ്. ഓരോരോ സന്യാസിക്കും ഓരോരോ ഉപാസനാമൂര്‍ത്തികളുണ്ടാവും. ജയകൃഷ്ണന്‍ പ്രേമസന്യാസിയായി ഹൃദയവനാന്തരങ്ങളിലൂടെ അലയുന്ന കാലം. കാനനഭംഗിയിലലിഞ്ഞും, കണ്ണുനീര്‍തീര്‍ത്ഥങ്ങളിലെ പ്രണയതീര്‍ത്ഥം നുകര്‍ന്നും, പ്രണയപുഷ്പങ്ങള്‍ സാക്ഷാല്‍ കാമദേവന് അര്‍ച്ചിച്ചും പരമാനന്ദത്തില്‍ ലയിച്ച് കഴിയുന്ന കാലം.

അപ്പൊഴാണ് ഇവനെ കാവാലത്തെ കുഞ്ഞു പള്ളിക്കൂടത്തില്‍ പഠിപ്പിച്ച അന്നമ്മടീച്ചര്‍ ആ ചോദ്യം ചോദിക്കുന്നത്. ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? വയസ്സ് പത്തിരുപത്തിയഞ്ചായില്ലേ ഇനിയൊരു കൂട്ടുകാരിയെ വേണ്ടേ? എനിക്ക് നാണം വന്നു. ഞാന്‍ ഒളികണ്ണിട്ട് ഒപ്പമുണ്ടായിരുന്ന അമ്മയെ നോക്കി. അമ്മയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കുന്നു.

എന്‍റെ ടീച്ചര്‍മാര്‍ അങ്ങനെയാണ്. ഒന്നാം ക്ലാസ്സുമുതല്‍ ഇന്നു വരെയും പഠിപ്പിച്ചിട്ടുള്ള എല്ലാ അദ്ധ്യാപകരുമായും ഇന്നും മുറിയാത്ത ബന്ധമുണ്ട്. അവരെല്ലാവരും ജയകൃഷ്ണന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും അവര്‍ക്ക് ജയകൃഷ്ണനെക്കുറിച്ച് അറിയണം. എന്തു ചെയ്യുന്നു, സുഖമാണോ, തടി വച്ചോ, മിടുക്കനായിരിക്കുന്നോ, ഒരു കമ്പനിയില്‍ നിന്നും വേറേ കമ്പനിയിലേക്ക് കുരങ്ങനേപ്പോലെ ചാടി നടക്കുന്ന പഴയ സ്വഭാവം ഇപ്പൊഴുമുണ്ടോ തുടങ്ങി എല്ലാ കാര്യങ്ങളും അവര്‍ക്കറിയണം. എനിക്കും മാസത്തിലൊരിക്കലെങ്കിലും ഇവരെയൊക്കെ ഫോണിലൂടെ വിളിച്ചെങ്കിലും നാലു വഴക്കും ഉപദേശവും കിട്ടിയില്ലെങ്കില്‍ ഒരു സമാധാനവുമില്ല. അതൊരനുഭവവും, അനുഗ്രഹവും ആണ്. ഈശ്വരന്‍റെ സ്നേഹമാണോ അമ്മയുടെ സ്നേഹമാണോ ഏറ്റവും മധുരതരമെന്ന് താരതമ്യം ചെയ്യാന്‍ എനിക്കറിയില്ല. എന്നാല്‍ അതു കഴിഞ്ഞാല്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായതും, നിര്‍വ്യാജവും, നിസ്വാര്‍ത്ഥവും മധുരതരവുമായ സ്നേഹം അദ്ധ്യാപകരുടെ സ്നേഹമാണ്. സംശയമില്ല.

അന്നു മുതലാണ് ഇവനെ കെട്ടിച്ചു വിട്ടുകളയാമെന്ന ആശയം എന്‍റെ അമ്മയുടെ ഉള്ളില്‍ അങ്കുരിക്കുന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു സന്യാസി എങ്ങനെ പെണ്ണു കെട്ടും? എല്ലാ ശക്തിയും സംഭരിച്ച് എതിര്‍ത്തു. പതിയെ നാടുവിട്ടു. ഇനി ഈ കാര്യം എന്നോടു പറഞ്ഞാല്‍ ഞാന്‍ നാട്ടിലേക്കു വരില്ല എന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു. അങ്ങനെ കാലം കടന്നു പോയി. ഇടക്ക് നാട്ടില്‍ വരുമ്പോള്‍ ഒപ്പം പഠിച്ച പെണ്‍കിടാങ്ങളൊക്കെ കയ്യില്‍ പൊതിക്കാത്ത തേങ്ങ ചുമന്നുകൊണ്ടു പോകുന്നതു പോലെ സ്വന്തം പിള്ളേരെയും ചുമന്നുകൊണ്ടു നടക്കുന്ന കാലം വന്നു. അവരുടെ മുഖത്തു നോക്കുമ്പോള്‍ ചിരിയും ചമ്മലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. കൊച്ചു പാവാടയുമുടുത്ത് മൂക്കുമൊലിപ്പിച്ച് ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലുമൊക്കെയുള്ള ഇവരുടെ പണ്ടത്തെ ഇരുപ്പാണ് അതു കാണുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കു വരുന്നത്. എങ്ങനെ ചിരി വരാതിരിക്കും?

എന്നിട്ടും ജയകൃഷ്ണന്‍ കുലുങ്ങിയില്ല. കൂടെ പഠിച്ചിരുന്ന പല വിദ്വാന്മാരും പതുക്കെ പെണ്ണുകെട്ടിത്തുടങ്ങി. ചിലവന്മാരൊക്കെ തന്തമാരുമായി. അങ്ങനെ അവസാനം ഞങ്ങള്‍ മൂന്നോ നാലോ പേര്‍ മാത്രം കാവാലത്തിന്‍റെ ആസ്ഥാനബാച്ചിലേഴ്സ്‌ ആയി തുടരുന്ന കാലം. ഇനിയിങ്ങനെ പോയാല്‍ പറ്റില്ല എന്ന നിലപാടു സ്വീകരിക്കാന്‍ ഇതൊന്നുമായിരുന്നില്ല കാരണം. നൈഷ്ഠികബ്രഹ്മചര്യം ദീക്ഷിച്ച് ജീവിക്കുന്ന എന്‍റെ മുഖത്തു നോക്കി എന്താ കല്യാണം കഴിക്കാത്തത് വല്ല ‘കുഴപ്പവും’ ഉണ്ടോ എന്നൊരു മഹാപാപി ചോദിക്കുകയുണ്ടായി? കാര്യങ്ങള്‍ ഇതുവരെയായ സ്ഥിതിക്ക് കുഴപ്പമൊന്നുമില്ല എന്നു തെളിയിക്കേണ്ടത് ആണായി പിറന്ന എന്‍റെ ധര്‍മ്മവും, അഭിമാനപ്രശ്നവും കൂടിയാകുന്ന അവസ്ഥയിലെത്തി. അന്നുതന്നെ വീട്ടില്‍ പച്ചക്കൊടി ഐ എസ് ഡി വിളിച്ച് പറത്തി. ബാംഗ്ലൂര്‍ വഴി ആകാശത്തു കൂടി പോലും പോയിട്ടുള്ള പെണ്ണിനെ എനിക്കു വേണ്ട എന്നു തീര്‍ത്തു പറഞ്ഞു. ബാഗ്ലൂര്‍, കൊല്ലം, തൃശ്ശൂര്‍ ജില്ലകളെ വിട്ട് തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കി വിചിത്രമായ ഒരു പെണ്ണന്വേഷണം. അതിനു പിന്നിലെ രഹസ്യങ്ങള്‍ എനിക്കു മാത്രമേ അറിയൂ.

എന്‍റെ ഡിമാന്‍ഡുകള്‍ അല്പം കാഠിന്യമുള്ളവയാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിച്ചപ്പോഴാണ് ബയോഡാറ്റ എന്നൊരു സാധനം ഇതിനും ആവശ്യമാണെന്നറിയുനത്. ആ പണി വാവക്കുട്ടന്‍ അമ്മാവനെ ഏല്‍‍പ്പിച്ചു. ഭാവിയില്‍ ഭൂതമായി വരാത്ത ഒരുവളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇവിടെയൊന്നു പിഴച്ചാല്‍ ജീവിതം കട്ടപ്പൊക. ഒരു ജോലിക്കപേക്ഷിക്കുമ്പോള്‍ ബയോഡാറ്റയില്‍ ആദ്യം വെണ്ടക്ക പോലെ വയ്ക്കുന്ന ഒരു സാധനമാണ് എക്സ്പീരിയന്‍സ്‌. ഡിമാന്‍ഡുകള്‍ പറഞ്ഞ കൂട്ടത്തില്‍ അമ്മാവനോട് ചോദിച്ചു അമ്മാവാ എക്സ്പീരിയന്‍സ് എന്തു വയ്ക്കുമെന്ന്? അപ്പോഴാണറിയുന്നത് എക്സ്പീരിയന്‍സ് ഡിസ്ക്വാളിഫിക്കേഷന്‍ ആകുന്ന ലോകത്തിലെ ഒരേയൊരു തൊഴില്‍ ഭര്‍ത്താവുദ്യോഗമാണെന്ന്!!!.

എന്നെക്കൊണ്ട് പല ആംഗിളുകളില്‍ പല വോള്‍ട്ടേജില്‍ ചിരിപ്പിച്ച തരാതരത്തിലുള്ള ഫോട്ടോകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ വീട്ടുകാര്‍. കാവാലത്തെ തെങ്ങുകളിലും കലുങ്കുകളിലുമൊക്കെ ഫോട്ടോ പതിപ്പിച്ച നോട്ടീസുകള്‍ കാണുമോ എന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ചില തീരുമാനങ്ങള്‍ക്ക് നിദാനമാകുന്നത് ‘കുഴപ്പമുണ്ടോ’ എന്നതു പോലെയുള്ള ചില നിസ്സാര ചോദ്യങ്ങളും സംഭവങ്ങളുമാണെന്നുള്ളത് അത്ഭുതമുളവാക്കുന്നു. ഇതിനോടകം ഏതൊക്കെയോ ബ്യൂറോക്കാരും വീട്ടുകാരെ പറ്റിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷേ ഭാവിയില്‍ ഭൂതമായി വരാത്ത പെണ്ണ്.....!

ഈ കുറിപ്പ് ഞാന്‍ ബ്ലോഗ്ഗര്‍ ചാണക്യനു സമര്‍പ്പിക്കുന്നു
ഹി ഹി ഹി

© ജയകൃഷ്ണന്‍ കാവാലം

Monday, October 19, 2009

നിശ്ശബ്ദമായ മൂന്നു വര്‍ഷങ്ങള്‍... അതേ എനിക്കു 3 വയസ്സ്

ഞാന്‍ ബ്ലോഗ്ഗിംഗ് ആരംഭിച്ചിട്ട് ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഒരു പിടി നല്ല സൌഹൃദങ്ങള്‍ നേടാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഈ മൂന്നുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. അതിലുപരിയായി, സര്‍ഗ്ഗധനരായ കുറച്ച് നല്ല എഴുത്തുകാരെ പരിചയപ്പെടാനും, നിശ്ശബ്ദമായി അവരുടെ സൃഷ്ടികള്‍ ആസ്വദിക്കുവാനും സാധിച്ചു.

ഈയവസരത്തില്‍ ദീപുവിന്‍റെ പേര് എടുത്തു പറയാതിരിക്കുവാന്‍ കഴിയില്ല. അഹങ്കാരം, ആദര്‍ശം ഇവകളുടെയൊക്കെ പേരില്‍ ജോലിയുപേക്ഷിച്ച് ഇറങ്ങിപ്പോന്ന നിരവധി കമ്പനികളിലൊന്നില്‍ എന്‍റെ ടീം ലീഡര്‍ ആയിരുന്ന ദീപു. ഒപ്റ്റിമൈസ്‌ഡ്‌ ഇമേജുകള്‍ മാത്രം ഉപയോഗിക്കുന്ന ആ സ്ഥാപനത്തില്‍ ഇന്‍റര്‍വ്യൂവിന് ഞാന്‍ പ്രസന്‍റ് ചെയ്ത ഗ്രാഫിക്സ് ഫയലുകളുടെ സൈസ്‌ കണ്ട്‌ ബോധം കെട്ടു വീണ ദീപു, നിരന്തരം ഓഫീസിനുള്ളില്‍ എ.സി ഫുള്‍ സ്പീഡില്‍ ഇട്ടെന്നെ തണുപ്പിച്ച് പീഡിപ്പിച്ചു കൊണ്ടിരുന്ന ദീപു, ‘ഇനിയെങ്കിലും നന്നാകടേയ്‘ എന്ന് ആത്മാര്‍ത്ഥതയുടെ തിരുവനന്തപുരം ശൈലിയില്‍ സ്ഥിരമായി ഉപദേശിക്കാറുള്ള ദീപു, എപ്പോള്‍ കണ്ടാലും കോഴിബിരിയാണി വാങ്ങിത്തരാറുള്ള ദീപു, എന്‍റെയുള്ളിലെ പ്രണയം കണ്ടിട്ടോ, എന്‍റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്ന അജ്ഞാതകാമുകിയെ കണ്ടിട്ടോ എന്തോ സ്നേഹത്തോടെ ‘കോഴീ’ എന്നു വിളിക്കുന്ന ദീപു, മനസ്സില്‍ അഗ്നി ജ്വലിക്കുന്ന നട്ടപ്പാതിരകളില്‍ ഐ എസ് ഡി വിളിച്ച് ഞാന്‍ ചീത്ത കേള്‍ക്കാറുള്ള ദീപു, ഏതു പാതിരാത്രിയിലും അക്ഷരസ്ഫുടതയോടെ, വസ്തുതാപരമായും കാര്യകാരണങ്ങള്‍ സഹിതവും, പ്രാസമൊപ്പിച്ചും യാതൊരു ലോഭവുമില്ലാതെ ചീത്ത വിളിക്കാനും നന്നാകാന്‍ ഉപദേശിക്കാനും സന്മനസ്സുള്ള ദീപു....

ഈ ദീപുവാണ് എന്നെ പിടിച്ച് ബ്ലോഗറാക്കിയത്. ബ്ലോഗ് എന്നൊരു കുണ്ടാമണ്ടി ഇറങ്ങിയിട്ടുണ്ട്. നീ അതൊരെണ്ണം തുടങ്ങ് എന്നിട്ട് നിന്‍റെ കഥയും കവിതയുമൊക്കെ അതില്‍ ഇട് എന്നൊരുപദേശം. അനുസരണക്കേട് ജന്മസിദ്ധമായവനും കുഴിമടിയനുമായ ഞാനുണ്ടോ അനുസരിക്കുന്നു. അതെന്തു കുന്തമാ. ആ പേരു കേട്ടിട്ടൊരു ഇതില്ല, അതു ശരിയാവില്ല, എനിക്കു മലയാളം ടൈപ്പ് ചെയ്യാനറിയില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു നോക്കി. രക്ഷയില്ല. അവസാനം ഗതികെട്ട് ദീപു എന്‍റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങി. പണ്ടെന്നോ ഒരു തമാശക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്ത ‘നിഷ്കളങ്കന്‍ ഓണ്‍ലൈന്‍‘ എന്ന ഒരു വെബ് സൈറ്റിന്‍റെ അതേ പേരില്‍. ആഗോളപൊട്ടത്തരങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു വെബ്‌സൈറ്റ് തുടങ്ങണ്ട എന്നു തീരുമാനിച്ചതു കൊണ്ടാണ് സത്യത്തില്‍ ഞാന്‍ ആ സൈറ്റ് ഹോസ്റ്റ് ചെയ്യാതിരുന്നത്. അതേ പേരില്‍ ദീപു ബ്ലോഗ് തുടങ്ങി എന്‍റെ ലീലാവിലാസങ്ങള്‍ ചരിത്രമാക്കി രേഖപ്പെടുത്തിയിരുന്ന എന്തോ കുറേ പോസ്റ്റുകളും അതിലിട്ടു. പിന്നെ സ്ഥിരമായി മൂന്നു നേരവും എന്നെ വിളിച്ച് ചീത്തവിളിയും തുടങ്ങി. ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ഇതു തന്നെ പല്ലവി. അവസാനം ഒരു നിവൃത്തിയുമില്ലാതെ ആകുമ്പോള്‍ ഒരു പോസ്റ്റിടും. പിന്നെയും അടുത്ത റൌണ്ട് ഭീഷണി വരണം അടുത്ത പോസ്റ്റിടാന്‍. ഇങ്ങനെ ദീപുവിനെ പേടിച്ചാണ് ഞാന്‍ ബ്ലോഗറായത്.

എന്നിട്ടും ജീവിതപ്രാരാബ്ധങ്ങളും, പഠനവും, ജോലിയും, സന്യാസവും, പ്രണയവുമൊക്കെ കാരണം ബ്ലോഗിംഗിലേക്കു വരാന്‍ സമയവും, അതിനുള്ള താത്പര്യവുമില്ലാതെ അതങ്ങനെ മുടങ്ങി മുടങ്ങി തുടര്‍ന്നു. ആ സമയത്താണ് എവിടെയോ ശുദ്ധ അസംബന്ധം കവിത എന്ന പേരില്‍ കണ്ട് അയ്യോ എന്നൊരു ഞെട്ടല്‍ അറിയാതെ പ്രകടിപ്പിച്ചു പോയത്. അതോടെ രംഗം കൊഴുത്തു. കവിയുടെ ആരാധകന്മാര്‍ ഇളകി. ഉടക്കുകളായി, ഭീഷണികളായി, ഇന്നലെ കേറി വന്ന നീയാണോടാ ബോഗിലെ വിശ്വസാഹിത്യത്തെ അപമാനിക്കാന്‍ നോക്കുന്നത് തുടങ്ങിയ ഗംഭീര പ്രശ്നങ്ങള്‍. അലസമായി മാത്രം ബ്ലോഗിനെ നോക്കിക്കണ്ടിരുന്ന എനിക്കിതൊരു ഊര്‍ജ്ജമായി. സംഗതി കൊള്ളാല്ലോ എന്നൊരു തോന്നല്‍. അങ്ങനെ മുടങ്ങാതെ ബ്ലോഗുകള്‍ വായിക്കാനും കൂട്ടത്തില്‍ വല്ലതുമൊക്കെ എഴുതാനും തുടങ്ങി. എന്നാല്‍ നാളിതുവരെ ഞാന്‍,

1. അര്‍ക്കു വേണ്ടിയും സ്തുതി പാടിയിട്ടില്ല
2. ആരുടെയും തല്ലിപ്പൊളി സൃഷ്ടികളെ പുകഴ്ത്തിയിട്ടില്ല
3. കമന്‍റുകള്‍ക്കോ, വായനക്കാര്‍ക്കോ വേണ്ടി എഴുതിയിട്ടില്ല.
4. നല്ലത് എന്ന് തോന്നിയിട്ടുള്ളവയെ നന്നെന്നും അല്ലാത്തവയെ മുഖം നോക്കാതെ മോശമെന്നും വിളിക്കാന്‍ മടി കാണിച്ചിട്ടില്ല.
5. ഇല്ലാത്ത വിഷയം ഉണ്ടാക്കി, എഴുതാന്‍ വേണ്ടി എഴുതിയിട്ടില്ല.
6. ശത്രുക്കളെ ഉണ്ടാക്കിയിട്ടില്ല. എന്നോട്‌ ആര്‍ക്കെങ്കിലും ശത്രുത തോന്നിയിട്ടുണ്ടെങ്കില്‍ അതെന്‍റെ കുറ്റമല്ല.
7. മിത്രങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി കയ്യടിച്ച് അവരിലെ പ്രതിഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.
8. എഴുതണമെന്ന് തോന്നിയിട്ടുള്ള കാര്യങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ എഴുതിയിട്ടുണ്ട്.
9. വിമര്‍ശകരോട് വിമുഖത കാട്ടുകയോ അവരെ ശത്രുവായി കാണുകയോ ചെയ്തിട്ടില്ല.
10. തോന്നിവാസം വിളമ്പി ഞാന്‍ എന്‍റെ ഭാഷയോട് മഹാപരാധം ചെയ്തിട്ടില്ല.
11. അറിവില്ലാത്ത വിഷയങ്ങള്‍ വിളിച്ചു കൂവി പുലിയാകാന്‍ ശ്രമിച്ചിട്ടില്ല.

ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടാണ് ഇവയെല്ലാം ഒന്ന് കാറ്റഗറൈസ്‌ ചെയ്യണം എന്നു തോന്നിയത്. അങ്ങനെ ഹൃദയത്തുടിപ്പുകള്‍ തുടങ്ങി. നിഷ്കളങ്കന്‍ ഓണ്‍ലൈനിന്‍റെ ഹെഡര്‍ ‘ജയകൃഷ്ണന്‍റെ കവിതകള്‍‘ എന്നാക്കി അതില്‍ കവിതകളും, ഹൃദയത്തുടിപ്പുകളില്‍ കഥ എന്നു വേണമെങ്കില്‍ വിളിക്കാവുന്ന
കുറേ കുറിപ്പുകളും, ചില അനുഭവക്കുറിപ്പുകളും സൂക്ഷിച്ചു. തുടര്‍ന്ന് ദീപുവിന്‍റെ അഭിപ്രായപ്രകാരമാണ് സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളിലെ സ്വന്തം കാഴ്ച്ചപ്പാടുകള്‍ പങ്കു വയ്ക്കാനൊരിടം എന്ന നിലയില്‍ കാഴ്ച്ച ആരംഭിക്കുന്നത്. വീണ്ടും നാളുകള്‍ക്കു ശേഷം നല്ല നല്ല ബ്ലോഗുകളും, എഴുത്തുകളും സന്ദര്‍ശിച്ചു വന്നപ്പോള്‍ നല്ല ഒരു പിടി ബ്ലോഗുകളെ അവയുടെ ആസ്വാദനം സഹിതം ഒന്ന് സമാഹരിച്ചു വച്ചാല്‍ വല്ലപ്പോഴും അവരെ പിന്‍‍തുടരുന്നതിന് എനിക്കും ഒപ്പം മറ്റുള്ളവര്‍ക്കും അത് സഹായകമാകുമല്ലോ എന്നു കരുതി ബ്ലോഗ് നിരൂപണം ലക്ഷ്യം വച്ചുകൊണ്ട് വായനശാല എന്ന ബ്ലോഗ് കൂടി ആരംഭിച്ചു.

ഈ ബ്ലോഗുകളെല്ലാം എത്രകണ്ട്‌ നിലവാരം പുലര്‍ത്തി, അല്ലെങ്കില്‍ ഒരാളെ മാത്രമെങ്കിലും അതിലെ ഒരക്ഷരമെങ്കിലും തൃപ്തനാക്കിയോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. ആത്മാര്‍ത്ഥമെങ്കിലും, അപക്വമായ എന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചോ, സന്തോഷിപ്പിച്ചോ, ചിരിപ്പിച്ചോ, ചിന്തിപ്പിച്ചോ, കരയിച്ചോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. എങ്കിലും വീഴ്ച്ചകള്‍ക്കെല്ലാം മാപ്പു ചോദിക്കുകയും സന്തോഷം പങ്കു വയ്ക്കുകയും ചെയ്യട്ടെ. എന്‍റെ വാക്കുകള്‍, ചിന്തകള്‍ ഇവയുടെയെല്ലാം നിലവാരം നിശ്ചയിക്കേണ്ടത് അത് വായിക്കുന്നവരാണ് അവര്‍ മാത്രം.


ഇതുവരെ പ്രോത്സാഹിപ്പിച്ചവര്‍, വിമര്‍ശിച്ചവര്‍, സ്നേഹിച്ചവര്‍, ഉപദേശിച്ചവര്‍, കളിയാക്കിയവര്‍, മൌനം ദീക്ഷിച്ചവര്‍ എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. (ഒരിക്കല്‍ മാത്രം ഒരു അനോണി എന്നെ തെറി വിളിച്ചിരുന്നു അവന് മാപ്പില്ല)

ഹൃദയത്തുടിപ്പുകളില്‍ സ്ഥിരമായി വന്ന് ‘പോസ്റ്റിന് നീളം കൂടി’ ‘ഇതു ശരിയായില്ല’ എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിക്കുന്ന ഒരു അനോണിയെ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. ഒരു പക്ഷേ ഞാന്‍ ഈ ലോകത്തില്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരു അനോണിയാണ് അദ്ദേഹം. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മെയില്‍ ബോക്സിന്‍റെ ജാലകത്തിലെങ്കിലും തട്ടി വിളിച്ച് ‘ഞാനായിരുന്നു കൂട്ടുകാരാ അതെന്ന്’ ആ അനോണി പറയുന്ന ഒരു ദിവസത്തിനു വേണ്ടി പ്രണയാതുരനായ കാമുകനെപ്പോലെ ഞാന്‍ കാത്തിരിക്കുന്നു.

പരസ്പരം സ്നേഹിച്ച് സ്നേഹിച്ച് സ്നേഹിച്ച് നമുക്ക് ഈ ബൂലോക ജീവിതം ധന്യമാക്കാം. തുടര്‍ന്നും എല്ലാവരുടെയും വിമര്‍ശനങ്ങളും, സന്ദര്‍ശനവും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം

ജയകൃഷ്ണന്‍ കാവാലം
 
Site Meter