Tuesday, July 29, 2008

പട്ടാളക്കാരന്‍റെ മകന്‍

അവര്‍ക്ക് ആരുമില്ലായിരുന്നു...
ആ അമ്മയുടെ സാരിത്തുമ്പു വിട്ട് അവനെ ആരും കണ്ടിട്ടില്ല. അവന്‍ ആരോടും സംസാരിച്ചിരുന്നില്ല. അവനോടും... ആരോടെങ്കിലും അവനൊന്നു സംസാരിച്ചു കാണാന്‍ ആഗ്രഹിച്ചിരുന്നവരായി ആ നാട്ടില്‍ ആരും തന്നെയില്ലായിരുന്നു. എങ്കിലും അവനും അവന്‍റെ അമ്മയ്ക്കും പരസ്പരം അറിയാമായിരുന്നു. ആ അമ്മയുടെ നിര്‍വികാരത വെളിവാക്കുവാനെന്നോണം എപ്പോഴും അവരുടെ നെറ്റിയില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന ഭസ്മക്കുറി കാണാമായിരുന്നു.

തന്‍റെ അച്ഛനേക്കുറിച്ചുള്ള ചിതറിയ ഓര്‍മ്മകള്‍ വിഭ്രാന്തി പകര്‍ന്ന ആ ഇളം മനസ്സില്‍ ദുഃഖമോ, സന്തോഷമോ, ഇണക്കങ്ങളോ, പിണക്കങ്ങളോ ഒന്നും തന്നെ പ്രതിഫലിച്ചിരുന്നില്ല... എങ്കിലും അവനെല്ലാം അറിയാമായിരുന്നു...

വെറും കൈക്കുഞ്ഞായിരുന്ന തന്നെ തൊട്ടിലില്‍ വന്നുമ്മ വച്ചു പോയതാണച്ഛന്‍... അടുത്ത അവധി വരെയുള്ള നീണ്ട കാത്തിരുപ്പിനായി മനസ്സിനെ തയ്യാറാക്കി, മനസ്സിലെ വ്യാകുലതകളെല്ലാം ചിരി കൊണ്ടു മൂടി അവന്‍റെ അമ്മ യാത്രയാക്കിയതാണച്ഛനെ... അവസാന യാത്രയാണെന്നറിയാതെ...

....................................................................................

വിശ്വനാഥന്‍ പട്ടാളക്കാരനായിരുന്നു.
വരാന്‍ പോകുന്ന യുദ്ധത്തിനു മുന്നോടിയായി കിട്ടിയ ഒരു മാസത്തെ അവധിക്കു വീട്ടില്‍ വന്നതാണ്. അന്നാദ്യമാണയാള്‍ തന്‍റെ ഒന്നര മാസം പ്രായമായ കുഞ്ഞിനെ കാണുന്നത്‌. കണ്ടു കൊതി തീരും മുമ്പേ അവധി കഴിഞ്ഞു. വിവാഹശേഷം ഏതാനും മാസങ്ങള്‍ മാത്രം കൂടെ കഴിഞ്ഞ തന്‍റെ ഭാര്യ സീതയോട്‌ മിണ്ടി കൊതി തീരും മുമ്പേ യാത്ര പറഞ്ഞു പോവുകയായിരുന്നു. ഇതിപ്പോള്‍ വിവാഹശേഷം രണ്ടാമത്തെ അവധി.

അയാള്‍ പോയതിനു ശേഷം ഒരു കത്തു പോലും കിട്ടിയിട്ടില്ല സീതക്ക്‌. നേരേ അതിര്‍ത്തിയിലേക്കായിരുന്നു അയാള്‍ പോയത്‌.

ഏകദേശം പതിമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു കാണും. അവള്‍ക്കൊരു ടെലിഗ്രാം കിട്ടി... വിശ്വനാഥന്‍ പോയി...

ദിവസങ്ങള്‍ക്കു ശേഷം ത്രിവര്‍ണ്ണപതാകയില്‍ പുതച്ചയാളെത്തിയപ്പോള്‍ അവള്‍ കരഞ്ഞില്ല. ആ ധീരയോദ്ധാവിനോടുള്ള ആദര സൂചകമായി സഹപ്രവര്‍ത്തകര്‍ മുഴക്കിയ ആചാര വെടി കേട്ട്‌ തന്‍റെ മാറില്‍ ചേര്‍ന്നുറങ്ങുന്ന പൊന്നോമന ഞെട്ടിയതവളറിഞ്ഞില്ല. അവളുടെ മാറില്‍ നിന്നും അച്ഛന്‍റെ ചിതക്കു തീ കൊളുത്തുവാനായി ആരോ വന്നവനെ അടര്‍ത്തിയെടുത്തപ്പോള്‍; ഭാവങ്ങളൊന്നുമില്ലാതെ, കണ്ണുകള്‍ നിറയാതെ അവള്‍ വെറുതേ ഒന്നു നോക്കിയതേയുള്ളൂ...

ആളും ആരവവുമെല്ലാം ഒഴിഞ്ഞപ്പോള്‍ ആരോ വന്നവളെ അകത്തേക്കു കൂട്ടിക്കൊണ്ടു പോയി... വീണ്ടും അവളുടെ സാധാരണ ദിവസങ്ങള്‍ വരുവാന്‍ തുടങ്ങി.

ഇടക്കൊരു പച്ച ഷര്‍ട്ടിട്ട പട്ടാളക്കാരന്‍ വന്ന് വിശ്വനാഥന്‍റെ വിധവയ്ക്കു കിട്ടേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചെന്തൊക്കെയോ ഒപ്പുകള്‍ വാങ്ങിക്കൊണ്ടു പോയി. എന്നാല്‍ ആ ആനുകൂല്യങ്ങള്‍ക്ക്‌ എന്തൊക്കെയോ നിയമ തടസ്സങ്ങളുണ്ടെന്ന്‌ പറയുന്നതു കേട്ടു. വിശ്വനാഥന്‍റെ വിംഗ്‌ കമാണ്ടര്‍ ഒരു മലയാളി നായരായിരുന്നു. അന്നത്തെ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ അയാള്‍ ഏതോ സൈനികാശുപത്രിയില്‍ ബോധശൂന്യനായി കിടക്കുകയാണത്രേ!!

‘ഭൂമിയിലോട്ടവതരിച്ചപ്പോഴേ തന്തേടെ ജീവനും എടുത്തോണ്ടാ കെട്ടിയെടുത്തത്‌... അസത്ത്‌‘ ഒന്നുമറിയാത്ത തന്നെച്ചൊല്ലി അമ്മൂമ്മ അമ്മയെ ശകാരിക്കുന്നത്‌ കേട്ടു കൊണ്ടാണ് അവന്‍ പലപ്പൊഴും ഉണരാറുണ്ടായിരുന്നത്‌. അമ്മൂമ്മയ്ക്ക്‌ അമ്മയെ ഇഷ്ടമല്ലായിരുന്നു. പതിയെപ്പതിയെ അവനും അമ്മയും മറ്റൊരു കൊച്ചു പറമ്പിലേക്കു മാറി. അവിടെ വീടു വയ്ക്കാന്‍ അവനും കൂടിയിട്ടുണ്ട്‌. ആരെയൊക്കെയോ വിളിച്ചാണ് അമ്മ അതിന്‍റെ മുകളില്‍ ഓല മേഞ്ഞത്‌. ബാക്കിയൊക്കെ അവനും അമ്മയും കൂടി ചെയ്തു.

അവനല്പം പ്രായമായപ്പോള്‍ എങ്ങിനെയോ അവനറിഞ്ഞു അച്ഛന്‍റെ പേരില്‍ തന്‍റെ അമ്മയ്ക്കു കൂടി കിട്ടാനുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കൂടി അമ്മയുടെ കയ്യില്‍ നിന്നു പിടിച്ചു പറിച്ചിട്ടാണ് അവരെ അവിടെ നിന്നും ഇറക്കി വിട്ടതെന്ന്‌.

ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും അവരുടെ കണ്മുന്നിലൂടെ കടന്നു പോകുന്നത്‌ അവരറിയുന്നുണ്ടായിരുന്നില്ല.

വിശ്വനാഥന്‍ നല്ലവനായിരുന്നു. അന്നൊക്കെ ലീവിനു വരുമ്പൊഴെല്ലാം ധാരാളം പേര്‍ അയാളെ കാണാന്‍ അവിടെ വരുമായിരുന്നു. വീടിന്‍റെ ഉത്തരത്തില്‍ കയ്യൂന്നി നിന്നുകൊണ്ട്‌ അവരോട്‌ അയാള്‍ ഉറക്കെ സംസാരിക്കുന്നത്‌ സീത കേട്ടിട്ടുണ്ട്‌. അഴിയിട്ട അടുക്കളജനാലയിലൂടെ അവരിലെ പലരെയും അവള്‍ പുകമറയിലൂടെ കണ്ടിട്ടുമുണ്ട്‌.ഇന്നവളുടെ ഈ ദയനീയ ജീവിതത്തില്‍ അന്നത്തെ ആ വിരുന്നുകാരെ അവള്‍ പലപ്പോഴും നേരില്‍ കാണാറുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും അവളെ ഒന്നു നോക്കാന്‍ പോലും താല്പര്യമില്ല. അവള്‍ക്കതിലൊട്ടു പരിഭവവുമില്ല.

വിശ്വനാഥന്‍റെ പേരു തന്നെയാണ് അയാളുടെ മകനും. അവള്‍ക്ക് അതു മാത്രം മതിയായിരുന്നു അവകാശമായിട്ട്. വിശ്വനാഥിന് അഞ്ചു വയസ്സാകുന്നു. അടുത്ത വര്‍ഷമെങ്കിലും അവനെ സ്കൂളില്‍ ചേര്‍ക്കണം. ഇടക്കിടെ അവള്‍ അങ്ങിനെ ചിന്തിക്കാറുണ്ടായിരുന്നു. ചിന്തകളുടെ ഇടവേളകളില്‍ അവള്‍ ദീര്‍ഘമായി നിശ്വസിക്കുന്നതു കേട്ട് അമ്മയുടെ മാറില്‍ ചാരിയിരിക്കുന്ന വിശ്വനാഥ് അമ്മയെ തിരിഞ്ഞു നോക്കും. അപ്പൊഴും അവനൊന്നും അമ്മയോട്‌ ചോദിക്കാറില്ല.

.....................................................................................

രാവിലെ ഒരു ജീപ്പ് അവളുടെ വേലിക്കല്‍ വന്നു നില്‍ക്കുന്നതവള്‍ കണ്ടു. അതില്‍ നിന്നും ആ നാട്ടുകാരന്‍ തന്നെയായ ഒരാള്‍ ഇറങ്ങി വന്ന വഴിയേ തിരിച്ചു പോയി. മറു വശത്തു നിന്നും, പണ്ടു വന്നതു പോലെ ഒരു പച്ചപ്പട്ടാളക്കാരന്‍ ഇറങ്ങി അവളുടെ അടുത്തേക്കു വന്നു. കാര്യമായി എന്തൊക്കെയോ പറഞ്ഞയാള്‍ തിരിച്ചു പോയി.

അന്നു വൈകുന്നേരവും തന്‍റെ മകന്‍റെ തലയില്‍ തലോടിക്കൊണ്ട്‌ അനന്ത വിഹായസ്സിലേക്ക് അസ്തമനാര്‍ക്കന്‍റെ അരുണാഭയില്‍ കുളിച്ച്‌ ഞാറപ്പക്ഷികള്‍ പറന്നകലുന്നതും നോക്കിയിരിക്കവേ അവളുടെ മനസ്സില്‍ രാവിലെ വന്ന പച്ചപ്പട്ടാളക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു.

നായര്‍ക്ക് ബോധം വീണിട്ട് അധികമായിട്ടില്ല. വിശ്വനാഥന്‍റെ അവസാനം കണ്ട ഒരേയൊരു ദൃക്‌സാക്ഷിയാണയാള്‍. ബാക്കിയെല്ലാവരും ആ എന്‍കൌണ്ടറില്‍ മരിച്ചിരുന്നു.

അവര്‍ അദ്ദേഹത്തെ പോയി കണ്ടു. നായരുടെ വാക്കുകള്‍ ആ ദുരന്ത നിമിഷങ്ങളുടെ നേര്‍ക്കാഴ്ച്ചകളായി അവരുടെ കണ്മുന്‍പിലൂടെ പൊയ്ക്കൊണ്ടിരുന്നു.

ആ സംഘം സാവധാനം അതിര്‍ത്തി പ്രദേശങ്ങള്‍ ഒന്നൊന്നായി സുരക്ഷിതമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മഞ്ഞിന്‍റെ മറ പറ്റി തൊട്ടടുത്തെത്തിയ ശത്രുസൈന്യത്തെ തിരിച്ചറിയാന്‍ അവര്‍ നന്നേ വൈകിയിരുന്നു. നായരും വിശ്വനാഥനുമൊഴികെ ആ സംഘത്തിലെ എല്ലാവരും തന്നെ അതിനോടകം ചിതറിപ്പോയിരുന്നു. എങ്കിലും സധൈര്യം അവര്‍ മുന്നേറിക്കൊണ്ടിരുന്നു. ക്യാമ്പില്‍ നിന്നും ഹെലികോപ്‌റ്ററില്‍ കൂടുതല്‍ സൈന്യം വന്നെത്തുന്നതു വരെ അവര്‍ക്കു പിടിച്ചു നിന്നേ മതിയാവൂ.

പെട്ടെന്നാണ് ചീറിപ്പാഞ്ഞൊരു വെടിയുണ്ട വന്ന്‌ വിശ്വനാഥന്‍റെ വയര്‍ തുരന്ന് അപ്പുറം പോയത്‌. അയാള്‍ വേദനയേക്കാള്‍ വാശിയോടെ തന്‍റെ കയ്യിലുണ്ടായിരുന്ന റൈഫിളുമായി മുന്‍പോട്ടു കുതിക്കുന്നതു കണ്ട്‌ നായര്‍ തടയാന്‍ ശ്രമിച്ചതാണത്രേ...

“നമ്മുടെ കൂടെയുള്ളവരെയെല്ലാം അവര്‍ തീര്‍ത്തു. ഞാനൊരാള്‍ തീര്‍ന്നാലും അവരിനി മുന്നേറില്ല” എന്ന ഉറച്ച പ്രഘ്യാപനത്തോടെ അയാള്‍ വീണ്ടും മുന്‍പോട്ടു തന്നെ കുതിച്ചു. ഇതു പറയുമ്പോള്‍ നായരുടെ സ്വരം ഇടറുന്നുണ്ടായിരുന്നു. ഒറ്റക്ക് തങ്ങളുടെ നേര്‍ക്ക് അലറിയടുക്കുന്ന ആ ധീര നായകന്‍റെ അരളുറപ്പിനു മുന്‍പില്‍ ശത്രു സൈന്യം ഒരു നിമിഷം പകച്ചിരിക്കാം. എങ്കിലും മഞ്ഞു കൂനകളില്‍ നിന്നും തുടരെ തുടരെ വെടിയുണ്ടകള്‍ പാഞ്ഞു വന്ന്‌ അയാളുടെ ശരീരം അരിപ്പ പോലെയാക്കി. ഒരു കൈ ഏതാണ്ട് അറ്റു തൂങ്ങി. മറു കൈ കൊണ്ട്‌ തന്‍റെ പോക്കറ്റില്‍ നിന്നും ഗ്രനേഡും എടുത്ത് കൊണ്ട് അയാള്‍ ഏന്തിയേന്തി വീറോടെ ശത്രുക്കള്‍ പതിയിരിക്കുന്ന ദിശയിലേക്ക് പായുന്ന കാഴ്ച്ച വിവരിക്കുമ്പോള്‍ നായരുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു. അവസാനം ശത്രുസൈന്യത്തിലെ നല്ലൊരു ശതമാനം ഒളിപ്പോരാളികളുടെ ജീവനും എടുത്തു കൊണ്ട് ഒപ്പം വിശ്വനാഥനും...

ആ സ്‌ഫോടനത്തിന്‍റെ പ്രതിധ്വനിയില്‍ ആ താഴ്‌വര സ്വന്തം ധീരപുത്രന് യാത്രാമൊഴി നല്‍കി. അപ്പൊഴും തുഷാരാവൃതമായ മരക്കൊമ്പുകളില്‍ നിന്നും പ്രകൃതിയുടെ കണ്ണുനീര്‍ പോലെ ഹിമകണങ്ങള്‍ ഉരുകി വീണുകൊണ്ടിരുന്നു...

ആ കാഴ്ച കണ്ട്‌ ഒന്നു കരയാന്‍ പോലുമാവാതെ സ്തബ്‌ധനായി നിന്ന നായരുടെ അധികം അകലെയല്ലാതെ എങ്ങു നിന്നോ വന്നു വീണ ഒരു ഷെല്ലിന്‍റെ ഉഗ്രസ്ഫോടനത്തില്‍ അയാള്‍ ബോധശൂന്യനായി... പിന്നീട്‌ മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ ഉണര്‍വ്വിലേക്ക് തിരിച്ചെത്തുന്നത്‌. പിന്നെയും മാസങ്ങള്‍ക്ക്‌ ശേഷം അന്നു നടന്ന കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന മാനസിക നിലയിലേക്ക്‌ അയാള്‍ തിരിച്ചെത്തുമ്പോള്‍ പൂനായിലെ ആര്‍ടിഫിഷ്യല്‍ ലിംബ് സെന്‍ററില്‍ വച്ചു പിടിപ്പിച്ച പുതിയ കാലു കൊണ്ട്‌ പുതിയൊരു ജീവിതത്തിലേക്ക്‌ പിച്ച വയ്ക്കാന്‍ തുടങ്ങിയിരുന്നു.

.....................................................................................

റിപ്പബ്ലിക് ദിന പരേഡില്‍ പ്രത്യേക ക്ഷണിതാവായിരുന്നു സീതയും വിശ്വനാഥും. തങ്ങളുടെ എല്ലാമെല്ലാമായി ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന വിശ്വനാഥന്‍റെ മഹദ്‌സേവനത്തെ രാജ്യം നന്ദിയോടെ സ്മരിക്കുന്ന ദിവസം. ഓല മേഞ്ഞ തങ്ങളുടെ കുഞ്ഞു വീടിന്‍റെ ചുമരില്‍ ചെറുതായി പിരിഞ്ഞ കട്ടി മീശയും വച്ച് പട്ടാള യൂണിഫോമില്‍ നില്‍ക്കുന്ന അച്ഛന്‍റെ രൂപം മാത്രമേ കുഞ്ഞു വിശ്വനാഥിന് ഓര്‍മ്മയുള്ളൂ. ഇടക്കിടെ അവര്‍ വലിയ കറുത്ത ഇരുമ്പു പെട്ടിയില്‍ നിന്നും അയാളുടെ യൂണിഫോമും, ബാഡ്‌ജുകളും എടുത്തു നോക്കി നെടുവീര്‍പ്പിടുമായിരുന്നു.

അവസാനം രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനിയായ വിശ്വനാഥന്‍റെ വിധവയുടെ ഊഴമായി. അപ്പൊഴും സീതയോട്‌ ചേര്‍ന്ന്‌ വിശ്വനാഥ് ഉണ്ടായിരുന്നു. അമ്മയുടെ ചാരത്തു നിന്നും അവനെ അടുത്തേക്ക്‌ ചേര്‍ത്ത്‌ നിര്‍ത്തി രാഷ്ട്രപതി അച്ഛന്‍റെ ധീരതയ്ക്കായുള്ള രാജ്യത്തിന്‍റെ പരമോന്നത ബഹുമതി ചാര്‍ത്തിക്കൊടുത്തു. പതിനായിരങ്ങള്‍ സാക്ഷിയായ ആ വലിയ വേദിക്കഭിമുഖമായി അവനെ തിരിച്ചു നിര്‍ത്തി. ആ കുഞ്ഞു മാറിടം വല്ലാതെ ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ആ പിഞ്ചു ബാലന്‍റെ സ്വരം ഉയര്‍ന്നു കേട്ടു...

‘വന്ദേ മാതരം... ഭാരത്‌ മാതാ കീ ജയ്‌‘...

ആ ധന്യ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു നിന്ന സായുധ സൈന്യത്തിന്‍റെ ഉരുക്കു കോട്ടയില്‍ പോലും ആത്മാഭിമാനത്തിന്‍റെ, ദേശബോധത്തിന്‍റെ നിറവില്‍ ഉയര്‍ന്ന ആ സ്വരം ചലനം സൃഷ്ടിച്ചു. ആ പരിപാടി ടെലിവിഷനിലൂടെ തത്സമയം വീക്ഷിച്ചു കൊണ്ടിരുന്ന കോടിക്കണക്കിന് ഇന്‍ഡ്യക്കാരുടെ ഹൃദയങ്ങളില്‍ അവന്‍റെ ശബ്‌ദം പല മടങ്ങായി പ്രതിധ്വനിച്ചു.

പരേഡ്‌ ഗ്രൌണ്ടിന്‍റെ നടുവിലായി പാറിപ്പറന്ന രാജ്യത്തിന്‍റെ അഭിമാനപതാകയില്‍ പോലും അവന്‍റെ കുഞ്ഞു ശബ്‌ദം അലകള്‍ തീര്‍ത്തു... ആ പിഞ്ചു ബാലന്‍റെ ഉയര്‍ന്ന സ്വരത്തില്‍ നഷ്ടബോധമല്ലായിരുന്നു മറിച്ച് ഉണര്‍ന്നുജ്ജ്വലിച്ച രാജ്യസ്നേഹം മാത്രമായിരുന്നു. അതൊരു രാഷ്ട്രത്തിന്‍റെ മുഴുവന്‍ തീ പാറുന്ന സ്വരമായിരുന്നു. ആ പ്രഘോഷണത്തില്‍ രാജ്യമൊന്നാകെ ജ്വലിക്കുകയായിരുന്നു. ഓരോ അണുവിലും പരമപവിത്രയായ തന്‍റെ മാതൃരാജ്യത്തെക്കുറിച്ചോര്‍ത്തഭിമാനിക്കുന്ന ഓരോ ഭാരതീയന്‍റെ ചുണ്ടുകളിലും ആ പവിത്രനാമം പ്രതിധ്വനിച്ചു... ഭാരത്‌ മാതാ കീ ജയ്‌...

അതെ... അവര്‍ എല്ലാവരുടേതുമായിരുന്നു. അവര്‍ ഈ നാടിന്‍റെ അഭിമാനമായിരുന്നു. അവരുടെ ജീവിതം ഓരോ ഭാരതീയനും സ്വയം സമര്‍പ്പിതവും, മാതൃകയുമായിരുന്നു...

© ജയകൃഷ്ണന്‍ കാവാലം

14 comments:

Sarija N S said...

“വന്ദേ മാതരം... ഭാരത്‌ മാതാ കീ ജയ്‌‘...”
ഒരു നിമിഷം...മനസ്സു തുളുമ്പിപ്പോയി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നും പറയാനാവുന്നില്ല...

വന്ദേ മാതരം!!!

വാല്‍മീകി said...

ഭാരത്‌ മാതാ കീ ജയ്‌...

ടോട്ടോചാന്‍ (edukeralam) said...

നന്നായിരിക്കുന്നു..... തുടരുക...

ശിവ said...

ഒരുപാട് തവണ വായിച്ചു.... ഒരു പട്ടാളക്കരന്റെ ജീവിതവും അയാളുടെ കുടുംബജീവിതവും എനിക്ക് നന്നായി അറിയാം...കാരണം എന്റെ അച്ഛനും ഒരു പട്ടാള ഓഫീസറായിരുന്നു...വിശ്വനാഥനും അവരില്‍ ഒരാള്‍...ഇങ്ങനെ എത്ര ദേശസ്നേഹികള്‍...ഓര്‍ക്കുക നാം വല്ലപ്പോഴുമെങ്കിലും അവരൊയൊക്കെ...

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

mmrwrites said...

ഇങ്ങനെ ആയിരക്കണക്കിനു പട്ടാളക്കാര്‍ ജീവനും രക്തവും കൊടുത്ത് രാജ്യത്തിന്റെ അതിര്‍ത്തിയും അഭിമാനവും കാക്കുന്നു.. ഇവിടെ ഭരണാധികാരികളും ,ഉദ്യോഗസ്ഥരും, ജനങ്ങളും ചെയ്യുന്നതോ.. ഹാ കഷ്ടം.

smitha adharsh said...

നന്നായിരിക്കുന്നു.ഇനിയും എഴുതൂ...
വായന കഴിഞ്ഞപ്പോള്‍ മനസ്സൊന്നു നീറി..

അമൃതാ വാര്യര്‍ said...

്ചിലര്‍
അവരവര്‍ക്ക്‌ വേണ്ടി
ജീവിക്കുന്നു..
മറ്റുചിലര്‍
കുടുംബത്തിനും കൂടി
വേണ്ടി ജീവിക്കുന്നു..
ഇനിയും ചിലര്‍
തങ്ങളുടെ ജീവന്‍
വരെ പണയം വച്ച്‌
പിറന്ന നാടിന്‌..
വേണ്ടി ജീവിക്കുന്നു.....

നരിക്കുന്നൻ said...

ഈ പട്ടാളക്കാരന്റെ ഓര്‍മ്മക്ക് മുമ്പില്‍ ഞാന്‍ നമിക്കുന്നു.
വന്ദേമാതരം

shery said...

പ്രിയ ജയകൃഷ്നൻ,
കേരള ഇൻസിഡിൽ വന്നതിന്ന്ദി. എങിനെ ഇവിടെ ബ്ലോഗ് സമർപ്പിക്കാം എന്ന് മനസ്സിലായി എന്ന് വിചാരിക്കുന്നു. ഇതു കുറച്ചു ദിവസം മുൻപത്തെ ബ്ലോഗ് ആയതു കൊണ്ട് പ്രധാന പേജിൽ കൊടുക്കാൻ നിവൃത്തിയില്ലാഞിട്ടാ കെട്ടോ..അടുത്ത് ബ്ലോഗ് എഴുതിയാലും ഇവിടെ സമർപ്പിക്കണം..അപ്പോൾ തന്നെ കൊടുക്കാം..
സ്നേഹപൂർവ്വം
ഷെറി.
(ഈ സൈറ്റ് ഇഷ്ടമായെങ്കിൽ എല്ലാരോടും പറയണേ)..

മുരളിക... said...

പരമപവിത്രയായ തന്‍റെ മാതൃരാജ്യത്തെക്കുറിച്ചോര്‍ത്തഭിമാനിക്കുന്ന ഓരോ ഭാരതീയന്‍റെ ചുണ്ടുകളിലും ആ പവിത്രനാമം പ്രതിധ്വനിച്ചു... ഭാരത്‌ മാതാ കീ ജയ്‌...

മാഷേ അര്‍ത്ഥവത്തായ പോസ്റ്റ്.. ശെരിക്കും അനുഭവിച്ചു മാഷേ. സ്വതന്ത്ര ദിനാശംസകള്‍..

NishkalankanOnline said...

സരിജ... മനസ്സിന്‍റെ തുളുമ്പലല്ലേ കവിത?
പ്രിയ ഉണ്ണികൃഷ്ണന്‍... മൌനത്തിനും ഭാഷയുണ്ട്, അര്‍ത്ഥങ്ങളും... വാക്കുകള്‍ക്ക് എത്താന്‍ കഴിയാത്ത മാനങ്ങളും...
വാല്‍മീകി, ടോട്ടോചാന്‍, നന്ദി എല്ലാവര്‍ക്കും.

ശിവ, ഒരു പൌരനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനിക്കാവുന്നതാണ് സ്വരാജ്യത്തിനു വേണ്ടി ഒരു ദിവസമെങ്കിലും സേവനമനുഷ്ഠിക്കുക എന്നത്. ഇങ്ങനെ എത്രയോ പേരുടെ ത്യാഗവും കരുതലുമാണ് നാമോരോരുത്തരെയും സുരക്ഷിതരാക്കുന്നത്‌. നാം ഉറങ്ങുമ്പൊഴും രാപകല്‍ ഭേദമില്ലാതെ, ചൂടെന്നും, തണുപ്പെന്നും ഭേദമില്ലാതെ, ഭയമേതുമില്ലാതെ ഉണര്‍ന്നിരിക്കുന്നവര്‍. മനസ്സുകൊണ്ടെങ്കിലും സല്യൂട്ട് ചെയ്യാം നമുക്കവരെ...

എസ്‌ വി, എം. എം റൈറ്റ്സ്‌, സ്മിത ആദര്‍ശ്‌, അമൃത വാര്യര്‍, നരിക്കുന്നന്‍, ഷെറി നന്ദി...

മുരളിക, സ്വാതന്ത്ര്യം ഒരു അനുഭവമാണന്ന് അറിവുള്ളവര്‍ പറയുന്നു... നന്ദി

എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍

വന്ദേ മാതരം, ഭാരത് മാതാ കീ ജയ്‌

Anonymous said...

ശരിക്കും കണ്ണു നിറഞ്ഞു പോയി......

മറ്റൊന്നും പറയാന്‍ ആവുന്നില്ല.
വാക്കുകള്‍ നഷ്ടപ്പെട്ടുപോകുന്ന ഒരു അവസ്ഥ.

വന്ദേ മാതരം.................

ഭാരത് മാതാ കീ ജയ്!!!!!!!!!!!!!

ഇപ്പോള്‍ ഇത്രേ സാധിക്കുന്നുള്ളൂ.....

എന്നും ആ കുടുംബത്തിനു നന്മകള്‍ ഉണ്ടാകട്ടേ എന്ന് ആശംസിക്കുന്നു - പ്രാര്‍ത്ഥിക്കുന്നു.......

 
Site Meter