Wednesday, October 22, 2008

മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 1

ഇത് ഒരു പ്രേതകഥയാണ്. ആരും പേടിക്കില്ല എന്നു വിശ്വസിക്കുന്നു. രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കട്ടെ.

അദ്ധ്യായം ഒന്ന്

പൂനായില്‍ പഠിക്കുന്ന കാലം...

പഠനത്തിന്‍റെ വസന്തകാലം... പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്ന അഭ്യാസം തകൃതിയായി
നടക്കുമ്പൊഴും ഉള്ളിലുറങ്ങുന്ന കാവാലത്തുകാരന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന്‍റെ അസ്ക്യതകള്‍ അല്പാല്പം പ്രകടമായിരുന്നു.

മലയാളം പറ്റില്ല എന്നൊരു ദുരവസ്ഥയുണ്ടായിരുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ ശുഭം. എങ്കിലും മലയാളിയുടെ വിലയെന്തെന്നറിഞ്ഞ മനോഹര കാലം. മലയാളിക്ക് ബുദ്ധി കൂടുതലാണത്രേ!!! (അപ്പോള്‍ അല്പം കൂടിയ മലയാളിയായ കാവാലത്തുകാരനോ? തീര്‍ച്ചയായും വക്രബുദ്ധിയാവില്ല. ഞങ്ങള്‍ കാവാലത്തുകാര്‍ ശുദ്ധന്മാരല്ലേ...) രാവിലെ ഒന്‍പതു പണിക്കു മുന്‍പേ വീട്ടില്‍ നിന്നിറങ്ങിയാല്‍ പ്രോജക്ട്, വായീനോട്ടം ഇവയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പാതിരാത്രിയാകും. വല്ലപ്പോഴും നമ്മുടെ എം എല്‍ എ മാര്‍ മണ്ടന്മാരായ പ്രജകളെ കാണാന്‍ സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നതു പോലെ ഒരു ഒഴിവു ദിനം ലഭിക്കും. ആ ഒഴിവു ദിനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അടുത്തു തന്നെ ഒരു ശ്മശാനം ഉണ്ടായിരുന്നു.

അതൊരു പ്രത്യേക ശ്മശാനം തന്നെയായിരുന്നു. ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗ,കക്ഷി,റ്രാഷ്ട്രീയ ഭേദമെന്യേ ധാരാളം ആത്മാക്കള്‍ അവിടെ വിശ്രമിക്കുന്നു. നീണ്ട റെയില്പാളത്തിന്‍റെ ഒരു വശത്ത് കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ മൂന്നു ചിതകള്‍. പരേതന്മാര്‍ക്ക് സൌകര്യം പോലെ അവിടെ വന്നു വെന്തടങ്ങാം. അങ്ങനെ വെന്തടങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മണ്ണിനടിയില്‍ കിടന്നുറങ്ങാനുള്ള സൌകര്യവും അവിടെയുണ്ട്‌. അങ്ങനെ മണ്ണിനടിയില്‍ കിടത്തിയുറക്കി, എഴുന്നേറ്റു പോകാതിരിക്കാന്‍ ബന്ധുക്കള്‍ സ്ഥലം വിടുന്നതിനു മുന്‍പേ വച്ച കല്ലുകളും ചുമന്ന് വേറേ കുറേ ആത്മാക്കളും അവിടെ വിശ്രമിക്കുന്നു. അതിനോടു ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുമുണ്ട്‌. മറു വശത്ത് കണ്ടാല്‍ മുസ്ലീം പള്ളി പോലെ തോന്നിക്കുന്ന ഒരു ചെറിയ മണ്ഡപവും, അതിനോട്‌ ചേര്‍ന്ന് വള്ളിപ്പടര്‍പ്പുകളാല്‍ മൂടിയ ഒരു കുളവും, കുളത്തിനുള്ളില്‍ ഒരു ചെറിയ അറയില്‍ ശിവലിംഗം പോലെ തോന്നിക്കുന്ന ഒരു വിഗ്രഹവും ഇരുവശവും നോക്കെത്താദൂരത്തോളം കപ്പലണ്ടിപ്പാടങ്ങളും, മരങ്ങളും എല്ലാം കൂടി ഏകാന്തമായ ഒരു സ്ഥലം.

അവിടെ വന്നിരുന്നുള്ള വിശ്രമം വളരെ സുഖകരമാണ്. ആരും ശല്യം ചെയ്യാന്‍ വരില്ല. പരേതാത്മാക്കളും, ചിലപ്പോള്‍ കയ്യില്‍ കരുതുന്ന പുസ്തകവും മാത്രം കൂട്ട്.

ഒരു ദിവസം കോളേജില്‍ വലിയൊരു യുദ്ധം നടന്നു. കൂടെ പഠിച്ചിരുന്ന മണാലി എന്നൊരു അല്പവസ്ത്രധാരിണി എന്നിലെ കാമുകനെ തൊട്ടുണര്‍ത്താന്‍ ശ്രമിച്ചു. പ്രേമിക്കാനുള്ള പ്രായവും, പക്വതയും, മൂഡും ഇല്ലാതിരുന്ന ഞാന്‍ അതു നിരസിച്ചു. മലയാളം അറിയുന്ന കൊച്ചായിരുന്നെങ്കില്‍ പിന്നെയും വേണ്ടില്ലായിരുന്നു. എനിക്കാണെങ്കില്‍ ഹിന്ദിയില്‍ ചക്കരേ പഞ്ചാരേ എന്നൊന്നും വിളിക്കാനും അറിയില്ല. ഇംഗ്ലീഷില്‍ പ്രേമത്തിന്‍റെ ഒരു ‘ഇത്’ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ടു കൂടിയാണ് നിരസിച്ചത്. മാത്രവുമല്ല അവര്‍ കുടുംബത്തോടെ ബോഡി ബില്‍ഡേഴ്സാണ്. ഈ ഗുസ്തിക്കാരുടെ കയ്യേല്‍ പറ്റി പോകാനുള്ള ജന്മമല്ല എന്‍റേതെന്ന തിരിച്ചറിവ് അന്നേയെനിക്കുണ്ടായിരുന്നു. അവള്‍ക്കെന്നോട്‌ തോന്നിയ അമര്‍ഷം തീര്‍ക്കാന്‍ അവള്‍ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്‌.

മലയാളിക്ക് സംഗീതബോധമില്ല, സ്വരം കൊള്ളില്ല, പാട്ടിനു മധുരമില്ല, പാട്ടെഴുതാന്‍ അറിയില്ല, വിഷ്വലൈസ് ചെയ്യാന്‍ അറിയില്ല, കേട്ടാല്‍ ഓക്കാനം വരും ഇങ്ങനെ പോകും പ്രതികാരം വീട്ടല്‍. നാലാളു കേള്‍ക്കെ സ്വന്തം ഭാഷയേയും, കലാകാരന്മാരെയും അവഹേളിച്ചാല്‍ സഹിക്കാന്‍ പറ്റുമോ? കയ്യില്‍ ഊത്തുകാടു വെങ്കിടസുബ്ബയ്യരുടെ, യേശുദാസ് പാടിയ ‘സ്വാഗതം കൃഷ്ണാ...’ എന്ന കീര്‍ത്തനമുണ്ടായിരുന്നു. എല്ലാത്തിനേം വിളിച്ച് ആഡിയോ സ്യൂട്ടില്‍ കൊണ്ടു പോയി കേള്‍പ്പിച്ചു കൊടുത്തു.

ഗന്ധര്‍വ്വന്‍റെ, ആത്മാവില്‍ അമൃതം പൊഴിക്കുന്ന നാദമാധുരിയില്‍ എല്ലാം മയങ്ങി. തീര്‍ന്നപ്പോള്‍ ഓക്കാനിക്കേണ്ടവര്‍ക്ക് പോയി ഓക്കാനിക്കാമെന്നു പറഞ്ഞു. എല്ലാം സ്ഥലം വിട്ടു. സന്മനസ്സുള്ളവര്‍ മലയാളഭാഷയേയും, കലാകാരന്മാരെയും കയ്യടിച്ചും, വാവു, മ്യാവു തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍പ്പിച്ചും പുകഴ്ത്തി.

ഒരിക്കല്‍ ഞാന്‍ മുണ്ടുടുത്തുകൊണ്ട്‌ പഠിക്കാന്‍ പോയി. അന്ന് ഞങ്ങളുടെ ഒരു അദ്ധ്യാപകനായ ഭാല്‍ചന്ദ്ര് കനിട്കര്‍, ഇങ്ങനെ മുണ്ടുടുക്കുന്നതിന്‍റെ ടെക്നിക് ഒന്നു പഠിപ്പിച്ചു കൊടുക്കാമോ എന്നു ചോദിച്ചു. അവര്‍ ആകെക്കൂടി ചുറ്റിക്കെട്ടിയാണല്ലോ ഉടുക്കുന്നത്. ഇങ്ങനെ ഉടുക്കുമ്പോള്‍ എന്തുകൊണ്ട്‌ ഉരിഞ്ഞു പോകുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സംശയം. സ്വന്തമായി മുണ്ടുടുക്കാന്‍ പോലുമറിയാത്ത നിങ്ങളാണോ ഞങ്ങള്‍ മലയാളിയുടെ സംഗീതബോധത്തെ ചോദ്യം ചെയ്യുന്നതെന്ന് റിക്കാര്‍ഡിംഗ് തീയറ്ററിന്‍റെ ഇടനാഴിയില്‍ക്കൂടി സ്ഥലം വിടാന്‍ ഭാവിച്ച മാന്യ സഹപാഠിനിയെ പിടിച്ചു നിര്‍ത്തി ചോദിക്കുക കൂടി ചെയ്തപ്പോള്‍ ഇവന്‍ അല്പം കൂടിയ ഇനമാണെന്നു പുള്ളിക്കാരിക്കു ബോധ്യമായി.

ഈ വിജയഗാഥാസ്മരണയുടെ ആത്മഹര്‍ഷം ആത്മാവിനെ വീര്‍പ്പു മുട്ടിച്ചപ്പോള്‍, വല്ലപ്പോഴും കണ്ടുമുട്ടുന്നു പ്രിയ പരേതാത്മാക്കളോട്‌ സന്തോഷം പങ്കു വയ്ക്കുവാന്‍ അവധി ദിവസമായിരുന്ന അടുത്ത ദിവസം ഞാന്‍ ശ്മശാനഭൂമിയിലേക്കോടി. എന്നാല്‍ സുഖമായുറങ്ങുന്ന അവരെ ശല്യപ്പെടുത്താന്‍ മനഃസ്സാക്ഷി അനുവദിച്ചില്ല. സ്ഥിരമായിരിക്കുന്ന മരത്തിലെ വള്ളിയില്‍ ചാരിക്കിടന്ന് ഒന്നു മയങ്ങി. സ്ഥലകാലബോധമില്ലാത്ത ഏതോ കിറുക്കന്‍ തീവണ്ടിയുടെ കൂക്കി വിളിയില്‍ ഉണര്‍ന്നപ്പോള്‍ മൂന്നു റീലുകള്‍ മാത്രം ഓടിയ സ്വപ്നം എവിടെയോ പോയൊളിച്ചു.

തൊട്ടപ്പുറത്തു നിന്നൊരു സംസാരം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.

തുടര്‍ന്നു വായിക്കാന്‍ ഇതിലേ പോവുക

© ജയകൃഷ്ണന്‍ കാവാലം

15 comments:

കാവാലം ജയകൃഷ്ണന്‍ said...

ഇത് ഒരു പ്രേതകഥയാണ്. ആരും പേടിക്കില്ല എന്നു വിശ്വസിക്കുന്നു. രണ്ടദ്ധ്യായമായി അവതരിപ്പിക്കട്ടെ.

Sarija NS said...

സസ്പെന്‍സ്!!!

പോരാളി said...

ഓടിക്കോ , പ്രേതം വര്ണേ.

നരിക്കുന്നൻ said...

പ്രേത കഥ വീണ്ടും. എനിക്ക് പേടിയാകുന്നു. മാഷെ, വേഗം എഴുതൂ... സസ്പെന്സിടരുതേ....

ajeeshmathew karukayil said...

ഓടിക്കോ..............................................................

Anonymous said...

thudaran kollam.... neelam kootti murichu alle. nannayi....

കാവാലം ജയകൃഷ്ണന്‍ said...

സരിജ: ഒരല്പം സസ്പെന്‍സ് ഇരിക്കട്ടെ എന്നു കരുതി. എന്താ നല്ലതല്ലേ?

കുഞ്ഞിക്ക: സ്വാഗതം, പേടിക്കണ്ട... ഞങ്ങളൊക്കെയില്ലേ ഇവിടെ...

നരിക്കുന്നന്‍: പേടിക്കാതെന്നെ... നമുക്ക് സമാധാനമുണ്ടാക്കാം. കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്ത പ്രേതങ്ങളുണ്ടോ? മനുഷ്യര്‍ക്കു മനസ്സിലാകുന്നു പിന്നല്ലേ പ്രേതത്തിന്...

അജീഷ് മാത്യു: നില്ലെന്നേ... ഓടാതെ... ഒരു കാര്യം പറയട്ടെ

അനോണിമസ്‌: ഇത് നീളം അല്പം കൂടുതലുള്ളതാ... അതു കൊണ്ടാണ് ഈ പരിപാടി ചെയ്തത്. വായിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രേത കഥയുടെ ഒരു ‘ഇതും’ കിട്ടുമല്ലോ. എന്നാലും അധികം നീളമൊന്നുമില്ല കേട്ടോ. അബുദാബിയില്‍ നിന്നും ഷാര്‍ജ വരെ പോണ അത്രയേ വരൂ...

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ പ്രേതം വന്നാലും അതു ചിരിപ്പിക്കുന്ന പ്രേതം ആയിരിക്കും..പ്രേതത്തെ കാണാന്‍ കൊതിയാവുന്നു..

നമ്മള്‍ മലയാളികളെ കളിയാക്കിയവരെ കണക്കിനു കളിയാക്കിയത് നന്നായി..മര്യാദയ്ക്ക് മുണ്ടു പോലും ഉടുക്കാന്‍ അറിയാത്ത കശ്മലന്മാര്‍ !!
എന്നാലും ആ മണാലി !!പാവം !!

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടി: എപ്പൊഴും മുന്‍ വിധികള്‍ ഒന്നും കൂടാതെ വേണം നമ്മള്‍ പ്രേതത്തെ സമീപിക്കാന്‍. പറയാന്‍ പറ്റില്ല. ചിലപ്പോള്‍ പ്രേതം ചിരിപ്പിക്കുവല്ലായിരിക്കും, കാന്താരിക്കുട്ടിയെ പിടിച്ചു തിന്നിട്ട് സ്വയം ചിരിക്കുവാരിക്കും ചെയ്യുന്നത്. സൂക്ഷിച്ചോ...

നമ്മള്‍ മലയാളികള്‍ ആരാന്നാ അവര്‍ വിചാരിച്ചത്. അല്ല, മണാലി പാവമാണെന്നു പറഞ്ഞതെന്താ? അപ്പൊ ഞാനോ? മണാലി അത്ര പാവം ഒന്നും അല്ലായിരുന്നു.

Jayasree Lakshmy Kumar said...

എനിക്കു പേടിയൊന്നൂല്ല [ഇപ്പൊ വിറക്കണത് പേടിച്ചിട്ടാണെന്നാരു പറഞ്ഞു] ബാക്കിയും കൂടി പോ...ര...ട്ടെ

smitha adharsh said...

തുടരണം ട്ടോ...
കാ‍ന്താരി ചേച്ചി പറഞ്ഞ പോലെ ചിരിപ്പിക്കുന്ന പ്രേതമാണോ?

അനില്‍@ബ്ലോഗ് // anil said...

"തൊട്ടപ്പുറത്തു നിന്നൊരു സംസാരം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.."

തുടരട്ടെ :)

കാവാലം ജയകൃഷ്ണന്‍ said...

ലക്ഷ്മി: പേടിയേ ഇല്ല് ല്ല് ല്ല് ല്ല എന്ന് ഇപ്പൊ മനസ്സിലായി. ഇന്നു തന്നെ പ്രേതങ്ങള്‍ ഓരോരുത്തരായി രംഗപ്രവേശം ചെയ്യുന്നതു കാണാം. ധൈര്യമായിരിക്കൂ (പേടിച്ചു വിറച്ചിരുന്നാലും മതി)

സ്മിത ആദര്‍ശ്: പ്രേതമല്ലേ... പറയാനൊക്കൂല്ല. ചിലപ്പോള്‍ ചിരിപ്പിക്കും, ചിലപ്പോള്‍ ചിന്തിപ്പിക്കും ഇതൊന്നുമല്ലനെകില്‍ എല്ലാത്തിനേം പിടിച്ചു തിന്നിട്ട് സ്വയം ചിരിക്കും.

അനില്‍: തൊട്ടപ്പുറത്തു നിന്നും കേട്ട ആ സംസാരം. ഹൊ പറയാന്‍ കഴിയുന്നില്ല. എന്നാലും പറയാതിരിക്കാനും കഴിയില്ലല്ലോ... ‘ആരാദ്യം പറയും‘ എന്ന പാട്ടാണ് ഓര്‍മ്മ വരുന്നത്...

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു...

അപരിചിത said...

ബാക്കി?????? :(

കാവാലം ജയകൃഷ്ണന്‍ said...

അപരിചിത: ബാക്കി ദാ പിടിച്ചോ...

 
Site Meter