Friday, October 24, 2008
മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 2 (അവസാന ഭാഗം)
ആദ്യ ഭാഗം ഇവിടെ
ഇപ്പൊ വന്നേയുള്ളോ?
അതേ
എല്ലാവരും പോയോ?
പോയി
ഇനി എത്ര നാള്‍?
ആര്‍ക്കറിയാം... കാത്തിരിക്കാതെ നിവൃത്തിയില്ലല്ലോ...
രണ്ടു പേരും പരേതാത്മാക്കളാണ്. ഒരാളെ ഇപ്പോള്‍ കൊണ്ടു വന്ന് ചിതയില്‍ വച്ചതേയുള്ളൂ. മറ്റേ വിദ്വാന്‍ കുറേ ദിവസമായ ലക്ഷണമുണ്ട്. ഏതായാലും ഞാനും അവരുടെ കൂട്ടത്തില്‍ കൂടി. എന്നെക്കണ്ടപ്പോള്‍ അവര്‍ക്കാകെ ഒരു പരിഭ്രമം. ഞാന്‍ കൂട്ടു കൂടാന്‍ ചെന്നപ്പോള്‍ ഒരുത്തന്‍ പറഞ്ഞു.
നീ മനുഷ്യനല്ലേ? ഞങ്ങള്‍ ഒരു വിധത്തില്‍ ആ വൃത്തികെട്ട വേഷത്തില്‍ നിന്നു പുറത്തു ചാടിയതേയുള്ളൂ. നീ ശരിയാവില്ല.
ഞാന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു: സുഹൃത്തേ... ഞാന്‍ ചത്തില്ലെന്നേയുള്ളൂ മനസ്സുകൊണ്ട് ഞാന്‍ നിങ്ങളോടൊപ്പമാ. മനുഷ്യന്‍റെ തോന്ന്യാസങ്ങളൊന്നും ഞാനും കാണിക്കാറില്ല. എന്നെക്കൂടി നിങ്ങളുടെ സുഹൃത്താക്കണം. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം
എന്‍റെ നിഷ്കളങ്കമായ മുഖത്തേക്ക്. മനുഷ്യരൂപമാര്‍ന്ന മഞ്ഞു പോലെയുള്ള ആ രണ്ടു പേരും അല്പനേരം സൂക്ഷിച്ചു നോക്കി. ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.
എത്ര നിഷ്കളങ്കമായ മുഖം. ഇത്രയും നിഷ്കപടതയാര്‍ന്ന ഇവരുടെ രൂപം കാണുമ്പോള്‍ മനുഷ്യന് ഇരിക്കപ്പൊറുതിയില്ലാതാവുന്നതെന്തു കൊണ്ടാ? എവിടെയെങ്കിലും ഇവരുടെ വെട്ടം കണ്ടു പോയെങ്കില്‍ നിലവിളിയായി, ബഹളമായി, മന്ത്രവാദിയുടെ അടുത്തേക്ക് നെട്ടോട്ടമായി... അതും പോരാഞ്ഞ് മന്ത്രവാദിയുടെ കയ്യില്‍ നിന്നു നല്ല വീക്കും അവസാനം ഏതെങ്കിലും ആണിയില്‍ വല്ല മരത്തിലോ, കുടത്തിലോ... കഷ്ടം ചത്താലും വിടാതെ ദ്രോഹിക്കാന്‍ മനുഷ്യര്‍ ചെയ്യുന്നതിലും എന്തു ദ്രോഹമാണിവര്‍ ചെയ്യുന്നത്?
എന്തായാലും എന്‍റെ വാക്കുകള്‍ അവര്‍ക്കു വിശ്വാസമായി. അങ്ങനെ ഞങ്ങള്‍ അല്പനേരം സംസാരിച്ചിരുന്നു. സംസാരമദ്ധ്യേ ഞാന്‍ ചോദിച്ചു.
ഇവിടെ എല്ലാവരും നല്ല ഉറക്കമാണെന്നു തോന്നുന്നല്ലോ. ആരെയും കാണുന്നില്ല. നിങ്ങള്‍ മാത്രമെന്താ ഇവിടിങ്ങനെ ചുറ്റിക്കറങ്ങി നടക്കുന്നത്?
അപ്പൊള്‍ കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു. ഞങ്ങള്‍ മാത്രമല്ല അതാ അങ്ങോട്ടു നോക്കൂ വേറെയും ചിലരുണ്ട്.
ശരിയാണ്. വേറെ കുറേപ്പേര്‍ കൂടിയുണ്ട്. കുറേപ്പേര്‍ കപ്പലണ്ടിത്തോട്ടത്തില്‍ കറങ്ങി നടന്ന് വിളവെത്തിയ കപ്പലണ്ടികള്‍ മാന്തിത്തിന്നുന്നു. വേറെ ചിലര്‍ മരങ്ങളില്‍ തലകീഴായി ആടിക്കളിക്കുന്നു. ഇനിയും ചിലര്‍ കാര്യമായെന്തൊക്കെയോ ചിന്തിച്ചും, കണക്കു കൂട്ടിയും അവിടവിടെ ചുറ്റിത്തിരിയുന്നു. ഇനിയും ചിലര്‍ ചിതയില്‍ കത്തിക്കൊണ്ടിരിക്കുന്ന തലയോട്ടി എടുത്തു തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ അഭിപ്രായങ്ങള്‍ തമ്മില്‍ തമ്മില്‍ പറയുന്നു.
ഞാന്‍ ചോദിച്ചു. എന്താ നിങ്ങള്‍ക്കൊക്കെ ഇങ്ങനെ നടന്നാല്‍ മതിയോ? പരലോകം എന്നൊരു സ്ഥലമുണ്ടെന്നു കേട്ടിട്ടുണ്ട്. അങ്ങോട്ടേക്കു പോകുന്നില്ലേ?
അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു. പോകണമെന്നു ഞങ്ങള്‍ക്കാഗ്രഹമുണ്ട്. എന്നാല്‍ ചത്തു മേലോട്ടു ചെന്നപ്പോഴാണ് അവിടെ ചെല്ലുന്നതിന്‍റെ നൂലാമാലകള്‍ പിടികിട്ടിയത്.
എന്തു നൂലാമാലകള്‍? ഞാന്‍ ചോദിച്ചു
ഭൂമിയില്‍ പിള്ളേര്‍ക്ക് നേഴ്സറിയില്‍ അഡ്മിഷന്‍ കിട്ടാനുള്ളതിനേക്കാള്‍ കഷ്ടമാ അവിടേക്ക് പ്രവേശനം കിട്ടാന്‍. മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വാസനകള്‍ നമ്മെ പിന്തുടരുമെന്നുള്ള കാര്യം അറിയാമല്ലോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പാപമൂല്യം ഒരു നരകത്തിനും ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു. അഫിലിയേഷന്‍ ഇല്ലാത്തതു കൊണ്ട് രണ്ടുമൂന്നു നരകങ്ങള്‍ പൂട്ടുക കൂടി ചെയ്തതോടെ വളരെ കര്‍ക്കശമാണ് അവിടുത്തെ നിയമങ്ങളിപ്പോള്‍. അതുകൊണ്ട് ഭൂമിയില്‍ തന്നെ പുനര്‍ജനിച്ചോ, എല്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന, ഞങ്ങള്‍ക്കൊപ്പം പാപബലമുള്ള ആരുടെയെങ്കിലും ശരീരത്തില്‍ കൂടിയോ ഇനിയും നിറവേറാന്‍ കഴിയാത്ത ആഗ്രഹങ്ങളെല്ലാം സാധിച്ചിട്ട് അങ്ങോട്ടു ചെന്നാല്‍ മതിയെന്നു പറഞ്ഞു.
എന്നാല്‍ പിന്നെ നേരം കളയാതെ പോയി പുനര്‍ജനിച്ചു കൂടേ? ഞാന്‍ ചോദിച്ചു.
അയ്യോ വയ്യ. ഇനി ഒരിക്കല്‍ക്കൂടി ആ വൃത്തികെട്ടവന്മാരുടെ കൂടെ ജീവിക്കാന്‍ വയ്യ.
എന്നാൽപ്പിന്നെ പറ്റിയ ആരുടെയെങ്കിലും ശരീരം കണ്ടെത്തി കൂടെ കൂടാമല്ലോ... അങ്ങനെയൊരു ഓപ്ഷന്‍ കൂടി കാലന്‍ തന്നിട്ടില്ലേ?
അതു ശരിയാണ്. പക്ഷേ അതിനു പറ്റിയ ഒരുത്തനെ അന്വേഷിച്ചിട്ട് കിട്ടുന്നില്ല.
ഞാന്‍ ചോദിച്ചു. ആട്ടേ, ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ ആരൊക്കെയായിരുന്നു?
ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. വിഗ്രഹം അടിച്ചോണ്ട് പോയവഴിക്ക് നാട്ടുകാരു തല്ലിക്കൊന്നതാ.
രണ്ടാമന്‍ പറഞ്ഞു: ഞാന്‍ കേരളത്തില്‍ ഒരു സ്വകാര്യ പ്രൊഫഷണല്‍ കോളേജിന്‍റെ ഉടമയായിരുന്നു. നാടു വിട്ടു പോന്നതാ ഇങ്ങോട്ട്. ഇവിടെ വച്ചായിരുന്നു അന്ത്യം.
ഓഹോ... അപ്പോള്‍ മലയാളിയാണല്ലേ? ഞാനും മലയാളിയാ... കണ്ടുമുട്ടിയതില്‍ സന്തോഷം... ഞാന്‍ പറഞ്ഞു.
ഓര്‍ക്കാപ്പുറത്ത് അയാള്‍ അയ്യോ എന്നൊരു വിളി വിളിച്ചു.
ഞാന്‍ പറഞ്ഞു, പേടിക്കണ്ട ഞാനൊന്നും ചെയ്യില്ല. എങ്കിലും അയാള്‍ പിന്നീട് ഒരു അകലം പാലിച്ചേ നിന്നുള്ളൂ. ഇതിനിടയില്‍ ഒന്നിച്ചു കെട്ടിത്തൂങ്ങിച്ചത്ത കമിതാക്കളുടെ ആത്മാക്കള്‍ പരസ്പരം ശൃംഗരിച്ചു കൊണ്ടു കടന്നു പോയി. അവര്‍ ഞങ്ങളെ കണ്ടതേയില്ല.
എന്തായാലും കഴിയുമെങ്കില്‍ ഇവരെ അനുയോജ്യമായ ശരീരങ്ങള്‍ കണ്ടെത്താന്‍ ഒന്നു സഹായിക്കാമെന്നു തോന്നി.
നാട്ടിലെ രാഷ്ട്രീയക്കാര്‍, പ്രൊഫഷണല്‍ കോളേജുടമകള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, ബാംഗ്ലൂരില പെണ്‍കുട്ടികള്‍, മഹാരാഷ്ട്രയിലെ ദാദാമാര്‍, തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, ചങ്ങനാശ്ശേരിയിലെ ലോറി ഡ്രൈവര്‍മാര്‍, തമിഴ്നാട്ടിലെ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്ന പ്രൊഫഷണത്സ്, തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ ജീവനക്കാര്‍, ആന്ധ്രയിലെ കാളക്കച്ചവടക്കാര്‍, എനിക്കറിയാവുന്ന നാട്ടിലെ കോളേജുകളിലെ ബലാത്സംഗ വീരന്മാരായ അദ്ധ്യാപകര്‍, ജനിച്ചിട്ടു കള്ളം മാത്രം പറഞ്ഞിറ്റൂള്ള ജ്യോത്സ്യന്മാര്‍, കെ.എസ്.ആര്‍.ടി.സി യില്‍ കാന്‍റീന്‍ നടത്തുന്നവര്‍, കാശു മേടിച്ചു കീശയിലാക്കിയിട്ട് മൂക്കു പോലും പൊത്താതെ ബസ്സ്സ്റ്റേഷനുകളിലെ മൂത്രപ്പുരക്കു കാവല്‍ നില്‍ക്കുന്നവന്മാര്‍, കാവാലത്തെ ബോട്ട് ജട്ടികളിലും, കലുങ്കുകളിലും വായീ നോക്കാനിരിക്കുന്നവന്മാര്‍, മെഗാസീരിയല്‍ പ്രവര്‍ത്തകര്‍, അഴിമതിക്കാരായ മന്ത്രിമാര്‍ തുടങ്ങി ഓര്‍മ്മയില്‍ തെളിഞ്ഞു വന്ന എല്ലാ മഹാപാപികളുടെ പേരുകളും ഞാന്‍ പറഞ്ഞു നോക്കി.
അവരൊക്കെ ഞങ്ങളേക്കാള്‍ റേഞ്ച് കൂടിയവരാ... അത്രേം മഹാപാപം ഞങ്ങള്‍ ചെയ്തിട്ടില്ല. അവരോടൊപ്പം കൂടിയാല്‍ ഞങ്ങള്‍ വഴി പിഴച്ചു പോകും. പോറ്റിപ്രേതം പറഞ്ഞു.
ഞാന്‍ പ്രൊഫഷണല്‍ കോളേജ് തുടങ്ങി ഒന്നര മാസത്തിനകം ചത്തു. അതു കൊണ്ട് എനിക്കു യോജിച്ചവന്മാരും ഇല്ല. അവരൊക്കെ ഇപ്പോള്‍ പാപത്തിന്‍റെ കാര്യത്തില്‍ എന്നെക്കാള്‍ സീനിയേഴ്സായി. മറ്റേ പ്രേതവും നിസ്സഹായനായി.
അങ്ങനെ എങ്ങുമെങ്ങുമെത്താതെ ഞങ്ങള്‍ പിരിഞ്ഞു. പിന്നെയും ഇടക്കിടെ ഞങ്ങള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
അങ്ങനെ നാളുകള്‍ കുറേ കഴിഞ്ഞപ്പോള്‍ പോറ്റിപ്രേതത്തിന് വിദ്യാഭ്യാസം കഴിഞ്ഞ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നു മണിക്കൂറുകള്‍ മാത്രം പിന്നിട്ട ഒരു ഡോക്ടറുമായി പാപം മാച്ചായി. വേദനയോടെ യാത്ര പറഞ്ഞ് ആ പ്രേതം അയാളുടെ കൂടെ കൂടി. പിന്നീടുള്ള കണ്ടുമുട്ടലുകളില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമായി. മനുഷ്യനായ എന്നോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ സഹപ്രേതങ്ങളുടെ കുത്തുവാക്കുകള്‍ അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ദിവസം അയാള്‍ വിഷമത്തോടെ എന്നോടു പറഞ്ഞു:
നിങ്ങളോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ അവരാരും എന്നെ അടുത്തേക്കു പോലും ചെല്ലാന്‍ അനുവദിക്കുന്നില്ല. ഞാന്‍ നടക്കുന്ന വഴിയില്‍ അവര്‍ വെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടേ നടക്കുകയുള്ളൂ. ഏകാന്തതയില്‍ ഞാന്‍ ഒരു പാട്ടു പാടിയാല്‍ തന്നെ അതു കേട്ടവര്‍ ചെവി പൊത്തുന്നു. മനുഷ്യനായ നിങ്ങളോടു കൂട്ടു കൂടിയാല്‍ എന്‍റെ പാപം ഇനിയും കൂടുമെന്നാണവര്‍ കരുതുന്നത്. എങ്കിലും എനിക്കു നിങ്ങളുടെ സൌഹൃദം അവസാനിപ്പിക്കാന്‍ മനസ്സു വരുന്നില്ല. മനുഷ്യന്‍റെ കൂടെ കൂടുന്നതിലും ഭേദം വല്ല ആണിയിലോ, പാലമരത്തിലോ നൂറ്റാണ്ടുകളോളം ശ്വാസം മുട്ടി കഴിയുന്നതാണെന്നാണവരു പറയുന്നത്.
അയാളുടെ ദൈന്യ സ്ഥിതിയില്‍ എനിക്കു വിഷമം തോന്നി. അങ്ങനെ കറങ്ങി നടന്നപ്പോള്‍ അതു വഴി ഒരു സന്യാസി പോകുന്നതു കണ്ടു. ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. ആ പോകുന്നയാള്‍ എങ്ങനെയുണ്ട്? തനിക്കു പറ്റുമോ?
അയാള്‍ മെല്ലെപ്പറന്ന് ആ സന്യാസിയെ ഒന്നു വലം വച്ചു തിരിച്ചു വന്നു. അയാളുടെ മുഖം പ്രസന്നമായിരുന്നു. മഞ്ഞു പോലെ വെളുവെളുത്ത ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നിന്നിരുന്നു. സ്നേഹപൂര്‍വം അയാള്‍ എന്‍റെ താടിക്കു പിടിച്ചു കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു. നീയെന്‍റെ സുഹൃത്ത് തന്നെയാണ്. ആ പോകുന്നവന്‍ ഒരു പൂച്ച സന്യാസിയാ. അയാളുടെ കാവി വസ്ത്രത്തിനുള്ളീല്‍ ഒരു പായ്കറ്റ് ‘വിത്സും’ ഒരു ഫോറിന്‍ ലൈറ്ററുമുണ്ട്. അവന്‍ ഇട്ടിരിക്കുന്ന ചെരുപ്പ് ‘ബാറ്റാ’യുടേതാണ്. നരച്ച മുടിയില്‍ മുഴുവനും വില കൂടിയ ‘ഡൈ’ തേച്ചിരിക്കുവാ. അവനിപ്പോള്‍ പായ്ക്കറ്റ് ചാരായം അടിക്കാനുള്ള പോക്കാ. അവന്‍ അതു കുടിച്ചു കഴിഞ്ഞാല്‍ അവന്‍റെ പാപമൂല്യം ഇനിയും കൂടും. പിന്നെ എനിക്കവനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങളുടെ പാപങ്ങള്‍ ഏതാണ്ടു തുല്യമാ. ഞാന്‍ പോയി വരട്ടേ...
പ്രേതത്തിന്‍റെ നനുനനുത്ത പഞ്ഞിക്കൈകള്‍ എന്‍റെ താടിയില്‍ ആത്മീയമായ ഒരു കുളിരു പകര്‍ന്നു. അയാള്‍ തിരിഞ്ഞു നോക്കാതെ ആ സന്യാസിയിലേക്കു മെല്ല പറന്നടുത്തു. ആ പ്രേതം പ്രവേശിച്ചതിലൂടെ അപ്പോഴുണ്ടായിരുന്നതിലും ഭേദപ്പെട്ട ഒരു രൂപമായി ആ സന്യാസി മാറി...
പിന്നീടൊരിക്കലും ഞാന്‍ ആ ശ്മശാന ഭൂമിയില്‍ പോയിട്ടില്ല. സ്വസ്ഥതയാഗ്രഹിക്കുന്ന പ്രേതാത്മാക്കള്‍ക്ക് മനുഷ്യന്‍റെ സാമീപ്യം എത്രമാത്രം ദുഃസ്സഹമാണെന്നത് ആ പ്രേതത്തിന്‍റെ ദയനീയ അവസ്ഥയില്‍ നിന്നും എനിക്കു ബോദ്ധ്യമായിരുന്നു.
© ജയകൃഷ്ണന്‍ കാവാലം
Subscribe to:
Post Comments (Atom)
9 comments:
ഹോ, പ്രേതങ്ങളെപ്പോലും വെറുപ്പിച്ചല്ലെ? സമ്മതിക്കണം. പക്ഷെ ഞങ്ങളെ ഇതുവരെ വെറുപ്പിച്ചിട്ടില്ല ട്ടൊ. :)
അപ്പോ പ്രേതങ്ങളെയൊക്കെയായിട്ടാ കളി, സൂക്ഷിച്ചോ. പിന്നെ എത്രയും പെട്ടെന്ന് പ്രേതങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണേയെന്ന് ആഗ്രഹിച്ചുപോയോ.
മാഷെ,
പ്രേതകഥ ഇഷ്ടായി...
അപ്പൊ,ഇയാള് ആളൊരു പുലിയാണ് ..പ്രേതങ്ങളുമായുള്ള ഈ ഫ്രണ്ട് ഷിപ്പ്....??
സരിജ: പ്രേതങ്ങള്‍ക്ക് ആരെയും വെറുക്കാന്‍ കഴിയില്ല സരിജ. പിന്നെ എന്‍റെ കാര്യം, ഞാന്‍ അതിനു ശ്രമിച്ചു കൊണ്ടിരിക്കുകയല്ലേ...
കുഞ്ഞിക്ക: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. പ്രേതങ്ങള്‍ നല്ലവരല്ലേ. അവരുടെ കൂട്ടത്തില്‍ പ്രത്യേകിച്ച് ഉള്‍പ്പെടേണ്ട കാര്യമൊന്നുമില്ല. അവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. അല്ലെങ്കില്‍ ഇന്നു രാത്രി കിടന്നുറങ്ങുന്നതിനു മുന്‍പേ ഞാന്‍ ഈ പറഞ്ഞത് ഓറ്ത്തു കൊണ്ടു കിടന്നു നോക്കൂ... അപ്പോള്‍ അറിയാം
ചാണക്യന്‍: താങ്കളുടെ ബ്ലോഗ് ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. ഇരുത്തം വന്ന നിരീക്ഷണം അതില്‍ കാണാം. സന്ദര്‍ശനത്തിനു നന്ദി ചാണക്യന്‍.
സ്മിത ആദര്‍ശ്: അയ്യോ ഞാന്‍ പുലിയൊന്നുമല്ല. ഒരു പാവം കാവാലത്തുകാരന്‍. ഒരു അനുഭവം പങ്കുവച്ചെന്നല്ലേയുള്ളൂ. നന്ദി
എന്നാലും എനിക്ക് ഈ പ്രേതങ്ങളെ വലിയ പേടിയാ....
കൊള്ളാട്ടോ. കഥ ഇഷ്ടമായി
ശിവ, ലക്ഷ്മി: സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു
പ്രേത കഥ ഇഷ്ടപെട്ടു...നന്നായിട്ടുണ്ട്...പാവം പ്രേതങ്ങള്‍!!!
അവരൊടും കമ്പനി കൂടിയല്ലേ?
:)
Post a Comment