Saturday, October 4, 2008
ഒരു ബോധക്കേടിന്‍റെ ഓര്‍മ്മയ്ക്ക്
ബോര്‍ഡിംഗില്‍ താമസിച്ചു പഠിച്ചാല്‍ നന്നായിരുന്നു എന്നെനിക്കു തോന്നാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായിരിക്കുന്നു. പ്രധാന കാരണം ഞാന്‍ അന്നു പഠിച്ചു കൊണ്ടിരുന്ന കാവാലം എന്‍ എസ്സ് എസ്സ് ഹൈസ്കൂളിലെ അദ്ധ്യാപകരുടെ പക്ഷപാതപരമായ പെരുമാറ്റം തന്നെയായിരുന്നു. എല്ലാവരുമില്ല. പക്ഷേ ചിലര്‍. കാരണം മറ്റൊന്നുമല്ല. നായര്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി ഞങ്ങളുടെ തറവാട്ടില്‍ നിന്നും സൌജന്യമായി വിട്ടു കൊടുത്ത സ്ഥലത്താണ് പ്രസ്തുത കെട്ടിടം ഇന്നും നിലകൊള്ളുന്നത്. ആ കുടുംബത്തില്‍ നിന്നും പഠിക്കാന്‍ വരുന്ന കുട്ടികളോട് വൈരാഗ്യപൂര്‍വം പെരുമാറാന്‍ വേറേ കാരണം ഒന്നും വേണ്ടല്ലോ. എന്‍റെ കുടുംബത്തിലെ പല തലമുറകളും അനുഭവിച്ചിട്ടുള്ള ഒന്നാണ് ഈ കൊടുത്ത കൈയ്ക്കു കടിക്കല്‍ നടപടി.
അപ്പൊഴും സ്നേഹവാത്സല്യങ്ങളുടെ അമര നക്ഷത്രങ്ങളായ ഏതാനും ചില അദ്ധ്യാപകരെയും, അദ്ധ്യാപികമാരെയും, അനദ്ധ്യാപകരെയും ഒരിക്കലും മറക്കാന്‍ കഴിയില്ല. മഹേശ്വരി ദേവി ടീച്ചര്‍, പറവേലില്‍ ശാന്തമ്മ ടീച്ചര്‍, വിജയലക്ഷ്മിടീച്ചര്‍ തുടങ്ങി ഏതാനും ചിലര്‍ മാതൃസഹജമായ വാത്സല്യം എന്നും പകര്‍ന്നു നല്‍കിയിട്ടുള്ളവരാണ്. കൂട്ടത്തില്‍ വടക്കേമഠത്തില്‍ ശാന്തമ്മടീച്ചറിന് ഇനിയും പ്രത്യേകതകളുണ്ട്. എന്‍റെ അമ്മയെയും എന്നെയും പഠിപ്പിച്ചതാണ് ടീച്ചര്‍. അല്പ നാളെങ്കിലും ആ ടീച്ചറിന്‍റെ മകള്‍ ശ്രീകുമാരിടീച്ചറും എന്നെ പഠിപ്പിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍.
ഇവരുടെയൊക്കെ സ്നേഹത്തില്‍ നിന്നും എനിക്കു വിട്ടു പോകുവാന്‍ മനസ്സു വന്നത് തീര്‍ച്ചയായും, എല്ലാവരെയും അളവറ്റു സ്നേഹിച്ചിട്ടും ചിലരില്‍ നിന്നു കിട്ടിയ വലിയ നോവുകള്‍ തന്നെയാണ്. ഇവിടെയെന്നല്ല പൊതുവേ എന്‍ എസ് എസ്സിന്‍റെ പല സ്കൂളുകളുടെയും അവസ്ഥ കാണാന്‍ ശ്രീ മന്നത്ത് പദ്മനാഭന്‍ ഇന്നുണ്ടായിരുന്നെങ്കില്‍, പണ്ട് സൊസൈറ്റിയുടെ രൂപീകരണത്തിനായി വീടുകള്‍ തോറും കയറിയിറങ്ങി നടന്ന അദ്ദേഹം ചില സ്കൂളുകളിലെ തോന്നിവാസം അവസാനിപ്പിക്കുന്നതിനായി കോടതികള്‍ കയറിയിറങ്ങുന്നതു കാണാമായിരുന്നു. എന്‍റെ കുടുംബത്തിലെ കാരണവന്മാര്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യേണ്ടിയിരുന്നോ എന്ന് - വാവക്കുട്ടനമ്മാവന്‍ അടക്കം കുടുംബത്തിലെ പലരും ഇന്നും എന്‍ എസ് എസ്സില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും - ഞാന്‍ ഇന്നും ഇടക്കിടെ ചിന്തിക്കാറുണ്ട്.
വീടിന്‍റെ പടിപ്പുരമുറ്റത്തെ വിദ്യാലയത്തില്‍ നിന്നും ദൂരെ ബോര്‍ഡിംഗില്‍ പോയി പഠിക്കാനുള്ള ഇവന്‍റെ ആഗ്രഹം വളരെ കരച്ചിലിനും, അപേക്ഷകള്‍ക്കും ശേഷം വീട്ടില്‍ അംഗീകരിക്കപ്പെട്ടു. പഠന നിലവാരം തീര്‍ച്ചയായും ഉയരും, സ്വഭാവം നന്നാകും (അത് ഈ സ്കൂളില്‍ പഠിച്ചാല്‍ പോക്കാണ്), ജീവിതത്തില്‍ തികഞ്ഞ അച്ചടക്കവും നിഷ്ഠയും കൈവരും തുടങ്ങിയ പരമ്പരാഗത ബോര്‍ഡിംഗ് സങ്കല്പങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടിലുള്ളവര്‍ ആകെയുള്ള പൊന്നോമന ദൂരെ പോയി താമസിച്ചു പഠിക്കുന്നതിനെ സ്വയം ന്യായീകരിക്കുവാന്‍ ശ്രമിച്ചു.
അമ്മയുടെ കൂട്ടുകാരിയുടെ ആങ്ങള പോള്‍ സാര്‍ ചങ്ങനാശ്ശേരി സെന്‍റ് ബര്‍ക്ക്‌മാന്‍സ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായി വിരമിച്ച ആളാണ്. അദ്ദേഹത്തെയും കൂട്ടി അഡ്മിഷന്‍ എന്ന കടമ്പ കടക്കുവാന്‍ അന്നത്തെ സ്കൂള്‍ മാനേജരായിരുന്ന ഫാദര്‍ ജോസ് പി കൊട്ടാരത്തിലിനെ സമീപിച്ചു. ധാരാളം ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം അദ്ദേഹം സമ്മതിച്ചു.
പെട്ടി, കിടക്ക, കോപ്പ്, കോസടികളൊക്കെയായി ആര്‍ഭാടപൂര്‍വ്വം ജയകൃഷ്ണന്‍ ബോര്‍ഡിംഗ് വാസത്തിനായി പുറപ്പെട്ടു. അതൊരു പോക്കു തന്നെയായിരുന്നു. അന്തരീക്ഷവും, ബോര്‍ഡിംഗിലെ ചിട്ടവട്ടങ്ങളുമെല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാ ദിവസത്തെയും പ്രഭാതപ്രാര്‍ത്ഥനകള്‍ ഒരു അനുഭവം തന്നെയായിരുന്നു. കൊട്ടാരത്തിലച്ചന്‍റെ മുഴങ്ങുന്ന ആ സ്വരം ഇന്നും എന്‍റെ മനസിലുണ്ട്. നല്ല അച്ചടക്കമുള്ള കുട്ടികളായിരുന്നു അവിടെയുണ്ടായിരുന്നത്. വിദ്യാലയ രാഷ്ട്രീയം പടികടക്കാന്‍ മടിച്ച് പരുങ്ങി നില്‍ക്കുന്ന അന്തരീക്ഷം. എങ്കിലും ഒരിക്കല്‍ കുട്ടികള്‍ വെറുതെ ഒന്നു സമരം ചെയ്തു നോക്കിയത് ഇപ്പൊഴും ഓര്‍ക്കുന്നു. സമരമെന്നു കേട്ടപ്പൊഴേ ഞങ്ങള്‍ ബോര്‍ഡിംഗ് വാസികളെയെല്ലാം ബ്രദര്‍. ജോബ് അകത്തു കയറ്റി കതകടച്ചു. ഒരു ചൂരലുമായി കാവല്‍ നില്പായി. വലിയൊരു സംഘം കുട്ടികള്‍ മുദ്രാവാക്യം വിളിയുമായി സ്കൂളിന്‍റെ അങ്കണത്തിലേക്കു വന്നു. ഉയരം കൂടിയ സ്കൂള്‍ വരാന്തയില്‍ കയ്യിലൊരു ചൂരലുമായി അന്നത്തെ പ്രധാനാദ്ധ്യാപകനായ ജോണ്‍ സാര്‍ പ്രത്യക്ഷപ്പെട്ടു. ആരവങ്ങളുമായി തടിച്ചു കൂടിയ എല്ലാ നേതാക്കന്മാരും സാറിനെ കണ്ട മാത്രയില്‍ ചിതറിയോടി അവരവരുടെ ക്ലാസ്സില്‍ കയറിയിരുപ്പായി. എല്ലാം കൂടി പതിനഞ്ചു മിനുട്ടിനുള്ളില്‍ കഴിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ ക്ലാസ്സ് തുടരുകയും ചെയ്തു. നേതാക്കന്മാര്‍ക്കെല്ലാം പിന്നീടു വേണ്ടതു കിട്ടുകയും ചെയ്തെന്നാണ് ഇവന്‍റെ വിശ്വാസം. സമരം ഇങ്ങനെയാണെങ്കില്‍ വലിയ തെറ്റില്ലെന്നാണ് ഇവന്‍റെ നിരീക്ഷണം.
ദിവസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ ഇവനാകെയൊരു പരിക്ഷീണത അനുഭവപ്പെട്ടു തുടങ്ങി. ആകെപ്പാടെയൊരു സങ്കടവും, ഒറ്റക്കിരുപ്പും. ഹോം സിക്നസ് എന്ന ഏതാണ്ട് ഭയങ്കര ഒരു രോഗമാണിതെന്നും ഉപദേശിച്ചാല്‍ മാറുമെന്നും ഒക്കെ അറിഞ്ഞു. ഇടതടവില്ലാതെ ഉപദേശങ്ങളും കിട്ടി തുടങ്ങി. അപ്പൊഴാണ് ഇവനൊരു വലിയ സത്യം മനസ്സിലാകാന്‍ തുടങ്ങിയത്. കാവാലത്തെ മണ്ണിന്‍റെ മണമില്ലാതെ, പൂക്കൈതയാറിന്‍റെ വളകിലുക്കം കേള്‍ക്കാതെ, മരങ്ങളുടെ മര്‍മ്മരം കേള്‍ക്കാതെ, കിളികളുടെ കഥകള്‍ കേള്‍ക്കാതെ, ദിവസം ഒരു പ്രാവശ്യമെങ്കിലും വാവക്കുട്ടനമ്മാവന്‍റെ കയ്യില്‍ നിന്നും രണ്ടടി കൊള്ളാതെ ജയകൃഷ്ണന്‍റെ ബാല്യം പൂര്‍ണ്ണമാവില്ല എന്ന നഗ്ന സത്യം. പക്ഷേ ഈ കേസ് അതേപടി മുന്‍പോട്ടു വച്ചാല്‍ ഏതു കോടതിയും തള്ളിക്കളയുമെന്നും, വാദി പ്രതിയാകുമെന്നും ഞാന്‍ ഭയന്നു. കാരണം ഇവന്‍റെ നിര്‍ബന്ധം ഒന്നു കൊണ്ടു മാത്രമായിരുന്നല്ലോ പെട്ടിയും പൊക്കാണവുമെടുത്ത് അങ്ങോട്ടു കെട്ടിയെടുത്തത്. കൂട്ടിയും കിഴിച്ചും നോക്കി ഒടുവില്‍ ഒരു പോം വഴി തെളിഞ്ഞു.
രാവിലെ അഞ്ചരയാകുമ്പോള്‍ കുട്ടികളെല്ലാവരും എഴുന്നേറ്റു കുളിച്ച് സ്റ്റഡി റ്റേബിളില്‍ വന്നിരിക്കണം. അതിനായി ഒരു മണിയടിക്കും. എന്നിട്ടും എഴുന്നേല്‍ക്കാത്ത മടിയന്മാരെ എഴുന്നേല്പ്പിക്കാന്‍ ബ്രദര്‍ വരും. അച്ചനാകാന്‍ പഠിക്കുന്ന ചെമ്മാച്ചനാണ് അത്. അദ്ദേഹവും അവിടെ തന്നെയാണ് താമസിക്കുന്നത്. കുലുക്കി വിളി, തോണ്ടി വിളി, താക്കോലു കൊണ്ട് കൊട്ടി വിളി തുടങ്ങിയ ചില പ്രക്രിയകളിലൂടെ അദ്ദേഹം എല്ലാവരെയും എഴുന്നേല്പിക്കുകയാണ് പതിവ്.
എന്നും രാവിലെ ആരും വിളിക്കാതെ തന്നെ കൃത്യമായി ഉണരുന്ന ജയകൃഷ്ണന്‍ അന്നുണര്‍ന്നില്ല. കുലുക്കി വിളിച്ചിട്ടു കുലുങ്ങിയില്ല, തോണ്ടി വിളിച്ചിട്ട് ഇളകിയില്ല, താക്കോലുകൊണ്ട് കൊട്ടിയിട്ടു കണ്ണുകള്‍ തുറന്നില്ല. ചില സഹജീവികളും കൂടി വന്ന് ജയകൃഷ്ണനെ ഉണര്‍ത്തല്‍ എന്ന പ്രക്രിയ ഒരു ആഘോഷമാക്കി മാറ്റി. എന്നിട്ടും ഉണരല്‍ എന്ന പ്രതിഭാസം ഉണ്ടായിക്കണ്ടില്ല. ‘ഇതിവന്‍റെ അടവാണെന്നാ തോന്നുന്നേ‘ എന്നൊരു ദുഷ്ടന്‍ അടുത്തു നിന്നു മന്ത്രിച്ചതു ഞാനറിഞ്ഞു. നിര്‍മ്മല ഹൃദയരായ ചില സഹജീവികള്‍ അവനെ എതിര്‍ത്തു. അവസാനം ഒരു മഗ്ഗ് നിറയെ വെള്ളം കൊണ്ടുവരപ്പെട്ടു. ബ്രദറിന്‍റെ കാര്‍മ്മികത്വത്തില്‍ അത് കണ്ണിലേക്കു ധാര ചെയ്യപ്പെട്ടു. പിന്നീടത് ഐസ് വാട്ടറായി എന്നിട്ടും രക്ഷയില്ല. അവസാനം ആ ഭയങ്കരന്‍ രംഗപ്രവേശം ചെയ്തു. സാക്ഷാല്‍ ഐസ് കട്ട! കൂട്ടത്തിലുള്ള ഏതോ ഒരു കുശാഗ്രബുദ്ധിയുടെ കണ്ടുപിടുത്തമായിരുന്നു അത്. രണ്ട് ഐസ് ക്യൂബ്സ് മുഴുവനായും അലിയുന്നതു വരെ എന്‍റെ കണ്‍പോളയില്‍ നിലകൊണ്ടു. അറിയാവുന്ന സകലമാന ദൈവങ്ങളെയും വിളിച്ചു കൊണ്ടും കണ്ണുകളില്‍ പടരുന്ന മരവിപ്പിനെ സര്‍വ്വ നാഡിഞരമ്പുകളിലേക്കും ആവാഹിച്ചു കൊണ്ടും സാക്ഷാല്‍ നടരാജമൂര്‍ത്തിയെ ആപാദചൂഡം സ്മരിച്ചു കൊണ്ടും ആ രംഗത്തിന്‍റെ തന്മയീഭാവത്തിന്‍റെ പൂര്‍ണതയ്ക്കായി ഇവന്‍ നിശ്ചേഷ്ടനായി അവിടെ കിടന്നു. അപ്പൊഴേക്കും കണ്ണില്‍ ഐസ് വച്ച കാപാലികനെ ബ്രദര്‍ വന്ന് ഓടിച്ചു വിട്ടു.
അന്യഗ്രഹത്തില്‍ നിന്നും വന്ന ഏതോ വിചിത്ര ജീവിയുടെ ചുറ്റുമെന്ന പോലെ കുട്ടികള്‍ സ്ഥിരമായി ഇവനെ സന്ദര്‍ശിച്ചുകൊണ്ടും, തങ്ങളുടേതായ പരീക്ഷ്ണങ്ങള്‍ ഇവന്‍റെ നെഞ്ചത്തു പരീക്ഷിച്ചു കൊണ്ടുമിരുന്നു. ഇടക്കിടെ നല്ലവനായ ബ്രദര്‍ വന്ന് സഹതാപപൂര്‍വം നെടുവീര്‍പ്പുകള്‍ ഇടുമായിരുന്നു. എല്ലാം ഇവന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷേ ഉള്ളില്‍ തുടിക്കുന്ന കാവാലമെന്ന സൌന്ദര്യത്തെ ഇനിയും കണ്ടും ഉള്‍ക്കൊണ്ടും കൊതി തീര്‍ന്നിട്ടില്ലാത്ത ഇവന്‍റെ ഹൃദയം ആ നെടുവീര്‍പ്പുകളോടു പ്രതികരിക്കുവാന്‍ തയ്യാറായില്ല. ഏകദേശം നാലു ദിവസം ഭക്ഷണവും, ജലപാനം പോലുമില്ലാതെയുള്ള ആ ജീവിതാഭിനയത്തിനിടയില്‍ പലവട്ടം എല്ലാവരും കൂടി പൊക്കിയെടുത്ത് ഇവന്‍റെ ലോക്കല്‍ ഗാര്‍ഡിയനായി പേരു വച്ചിരുന്ന, അമ്മാവനായ ഡോക്ടര്‍. ആര്‍ വി നായരുടെ അടുത്തേക്ക് ഘോഷയാത്ര നടത്തി. അമ്മാവനു കാര്യം പിടികിട്ടി. പക്ഷേ സ്ട്രെക്ചറില്‍ കിടക്കുന്ന ഇവന്‍ കൂടി സമ്മതിക്കണ്ടേ, ഇവനു രോഗമൊന്നുമില്ലെന്ന്. ഇതിനിടെ ഇടക്കിടെ ബോധം തെളിയാന്‍ തന്നെ തീരുമാനിച്ചു. അല്ലെങ്കില്‍ ഇവനു മുന്‍പോട്ടു വയ്ക്കാനുള്ള വാദഗതികള്‍ ആരു പറയും? അങ്ങനെ ഇടക്കിടെ ബോധം തെളിഞ്ഞു കിട്ടുന്ന സുവര്‍ണ്ണാവസരങ്ങളില്‍, ഞരങ്ങിയും മൂക്കിയും, വിക്കിയുമൊക്കെ അതി മനോഹരമായി തന്നെ സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു തന്നെയാണ്, തിരിഞ്ഞു നോക്കുമ്പോള്‍ ഇവനു തോന്നുന്നത്.
വീട്ടുകാര്‍ക്ക്, ബോധം കെട്ടു കിടക്കുന്നവനെ കാണാനും, ചികിത്സിക്കാനുമൊക്കെയുള്ള വരവും പോക്കും ഒരു ദിനചര്യയായി മാറി. മാനസിക വിഭ്രാന്തിയോ, ഭ്രാന്തിന്‍റെ തുടക്കമോ ആയിരിക്കുമോ എന്ന ഭയം നിമിത്തം അമ്മാവന്‍റെ വളരെ അടുത്ത സുഹൃത്തായ സൈക്യാട്രിസ്റ്റ് ഡോക്ടര്‍ രാധാകൃഷ്ണന്‍റെ അടുത്തു കൊണ്ടു പോയി നോക്കി. ഓര്‍മ്മ വച്ച കാലം മുതലേ അദ്ദേഹത്തിന്‍റെ കയ്യില്‍ തൂങ്ങി നടന്നിട്ടുള്ള ഇവന്‍റെ കള്ളക്കിടപ്പു കണ്ടപ്പോള്‍ അദ്ദേഹത്തിനും കാര്യം പിടികിട്ടി. സംഭവങ്ങളുടെ സത്യാവസ്ഥയറിയാന്‍ ഒന്നൊളികണ്ണിട്ടു നോക്കാന്‍ പോലുമാവാതെയുള്ള ഇവന്‍റെ പരിതാപകരമായ അവസ്ഥ തിരിച്ചറിഞ്ഞിട്ടായിരിക്കണം, അദ്ദേഹം എന്‍റെയടുത്തു വന്ന് ‘വേണമെങ്കില്‍ ഇടക്കൊക്കെ ഒന്നു കണ്ണു തുറന്നു നോക്കുന്നത് ബോധക്കേടിനെ ബാധിക്കില്ലെന്നു’ പറഞ്ഞത്.
നല്ല പൂന്തോട്ടങ്ങളും, മികച്ച വിദ്യാഭ്യാസ നിലവാരവും, സ്നേഹം നിറഞ്ഞ അന്തരീക്ഷവുമുള്ള ആ വിദ്യാലയത്തിലെ അക്ഷരസൌഭാഗ്യം ഇവന്‍ നഷ്ടപ്പെടുത്തുക തന്നെയായിരുന്നു എന്നത് അവിതര്‍ക്കമാണ്. എങ്കിലും കാവാലം എനിക്കത്ര പ്രിയങ്കരിയാണ്. കൊട്ടാരത്തിലച്ചന്‍, എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഒരു വൈദികന്‍ എന്നതിലുപരി വളരെ വലിയ ഒരു മനുഷ്യസ്നേഹിയായിരുന്നു. തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കുമ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇടറിയിരുന്നത് ഞാനിന്നും ഓര്‍ക്കുന്നു. കാരണം അത്രയേറെ സ്നേഹം അദ്ദേഹം ഓരോ കുട്ടിയെക്കുറിച്ചും മനസ്സില്‍ കരുതിയിരുന്നു. ഇന്നദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറല്‍ ആണ്. അവിടെ നിന്നു പോന്നതിനു ശേഷം വളരെ നാളുകള്‍ക്കു ശേഷം ഒരിക്കല്‍ മാത്രമേ എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ആ വലിയ മനുഷ്യന്‍റെ സാന്നിദ്ധ്യം നഷ്ടപ്പെട്ടു പോയ, ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ വിദ്യാലയത്തിന്‍റെ ഓര്‍മ്മകളോടൊപ്പം എന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്. ആ സ്നേഹം ഒരിക്കലെങ്കിലും അനുഭവിക്കാന്‍ കഴിയുക ഒരു ഭാഗ്യമാണ്.
അവിടെ വളരെ പ്രായമുള്ള ഒരു അച്ചനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് അന്നും ഇന്നും ഇവനറിയില്ല. കുട്ടികളെ ‘മക്കളേ’ എന്നു മാത്രം വിളിച്ച് അതിയായി സ്നേഹിച്ചിരുന്ന ഒരു പുരോഹിതന്‍. ഒരിക്കല്‍ അദ്ദേഹം അതുവഴി വന്നപ്പോള്‍ ബോധം കെട്ടു കിടക്കുന്ന ഇവനെ കണ്ടു. ഇല്ലാത്ത രോഗം പറഞ്ഞ് ഹോസ്റ്റലില്‍ കൂടിയിരിക്കുന്നവന്മാരെ തുരത്താന്‍ വന്നതാണദ്ദേഹം. എന്‍റെ ബോധക്കേട് കള്ളത്തരമാണെന്നദ്ദേഹത്തിനു തോന്നി. വണ്ണം കുറഞ്ഞ ചെറിയ ചൂരല്‍ കൊണ്ട് അദ്ദേഹം ഇവനെ തുടയില്‍ പൂശാന്‍ തുടങ്ങി. ചത്തു കിടക്കുന്നവന്‍ എഴുന്നേറ്റു നിലവിളിച്ചു കൊണ്ട് ഓടും. ആ ടൈപ്പ് പൂശായിരുന്നു അത്. ലോകോത്തര സിനിമകള്‍ തീയറ്ററില്‍ കയറിയിരുന്ന് കണ്ട് അതിന് അവാര്‍ഡ് കൊടുക്കാനല്ലേ ഇവിടുത്തെ ബുദ്ധിജീവികള്‍ക്ക് കഴിയൂ? സ്വന്തം അഭിനയത്തിന്‍റെ പൂര്‍ണതയ്ക്കായി ആ അടി മുഴുവന്‍ കൊണ്ടിട്ടും, ഒന്നനങ്ങുക പോലും ചെയ്യാതെ കിടന്ന ഇവന് അവാര്‍ഡ് തരാന്‍ ഈ ലോകത്തില്‍ ഇന്നോളം നിലവില്‍ വന്ന ഏത് അവാര്‍ഡ് നിര്‍ണയ കമറ്റിക്കാണ് യോഗ്യതയുള്ളത്? അവസാനം, ഇതു ശരിക്കുമുള്ള ബോധക്കേടാണെന്നു തെറ്റിദ്ധരിച്ച അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് എന്‍റെയടുത്തിരുന്ന് അനന്തമായി പ്രാര്‍ത്ഥിച്ചു. ബോധശൂന്യനായ ഇവനെ തല്ലിയതിന്‍റെ പേരില്‍ ദൈവത്തോട് മാപ്പപേക്ഷിച്ചു. ഇവനാണെങ്കില്‍ അച്ചന്‍ പോകാതെ അടി കിട്ടിയ സ്ഥലം എങ്ങനെ ഒന്നു തടവും എന്ന ചിന്തയിലായിരുന്നു.
ജയകൃഷ്ണന്‍റെ ബോധം പോയ വിവരം കാട്ടു തീ പോലെ പടര്‍ന്നു. അഭ്യുദയകാംക്ഷികളായ ചില ബന്ധുമിത്രാദികള്‍ ‘അവളുടെ അഹങ്കാരം കൊണ്ടാണ് അവനെ ബോര്‍ഡിംഗില്‍ ആക്കിയത’ എന്നു വരെ പാവം എന്‍റെ അമ്മയെ കുറ്റപ്പെടുത്തി. ‘മുറ്റത്തു സ്കൂള്‍ കിടന്നിട്ടു ചെറുക്കനെ അവിടെ കൊണ്ടു ചെന്നാക്കേണ്ടിയിരുന്നോ?’ എന്ന് അപ്പൂപ്പനും പരിഭവിച്ചു. ഇതൊക്കെ അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും ഇവനെ തിരിച്ചെഴുന്നള്ളിക്കാനുള്ള യാതൊരു ലക്ഷണവും കാണാതിരുന്നപ്പോള്‍ അഭിനയം ഒന്നു കൂടി ഊര്‍ജ്ജിതപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ബോധക്കേടു കൊണ്ടു മാത്രം കാര്യം നടക്കില്ല. എന്തെങ്കിലും കൂടി ഉണ്ടെങ്കിലേ കാര്യം നടപ്പാകൂ. ബോധം കെട്ടു കിടന്ന സമയങ്ങളിലെല്ലാം ആലോചിച്ച് ഒരു വഴി കൂടി പിടി കിട്ടി. വാട്ടര്‍ കളര്‍ തൂവാലയില്‍ കലക്കിയൊഴിച്ച് മൂത്രമൊഴിച്ചപ്പോള്‍ വന്ന രക്തമാണെന്നു പറഞ്ഞു നോക്കി. അതും ചീറ്റിപ്പോയി. അവസാനം തിരിച്ചു വീട്ടിലോട്ടു കൊണ്ടു പോവുകയല്ലാതെ ഈ രോഗത്തിന് വേറേ പരിഹാരമില്ലെന്ന് ഡോക്ടര്‍മാര്‍ അസന്ദിഗ്ധമായി പ്രഘ്യാപിച്ചു.
അങ്ങനെ ടി സി വാങ്ങാന്‍ ചെന്നപ്പോള്‍ അടുത്ത പ്രശ്നം തുടങ്ങി. ‘എന്തായാലും അവന്‍റെ ടി സി ഞാന്‍ തരില്ല. ഇവിടെ നിന്നും നല്ല ഒരു വിജയം കരസ്ഥമാക്കി ആ സര്‍ട്ടിഫിക്കറ്റും കൊണ്ടല്ലാതെ അവനെ ഞങ്ങള്‍ വിടില്ല. ഞങ്ങള്‍ക്കെല്ലാം ഒത്തിരി ഇഷ്ടമുള്ള മിടുക്കന്‍ കുട്ടിയാണവന്‍‘ കൊട്ടാരത്തിലച്ചന്‍ തീര്‍ത്തു പറഞ്ഞു. എന്തുകൊണ്ടായിരിക്കാം അന്നദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഇന്നും ഇവനറിയില്ല. ഹെഡ്മാസ്റ്റര്‍ ജോണ്‍ സാറും അതേ വാശിയില്‍. രണ്ടു മാസത്തിനിടെ പതിനഞ്ചു ദിവസത്തെ അറ്റന്‍ഡന്‍സ് പോലുമില്ലാത്ത ഇവന് ടി സി തരാന്‍, ചെറിയ ഒരു തെറ്റിനു പോലും മാപ്പു നല്‍കാതെ അപ്പോള്‍ തന്നെ പറഞ്ഞു വിടുന്ന, അറ്റന്‍ഡന്‍സിന്‍റെയും, അതു പോലെ തന്നെ പഠനത്തിന്‍റെയും സ്വഭാവത്തിന്‍റെയുമെല്ലാം കാര്യത്തില്‍ അത്യന്തം നിഷ്കര്‍ഷ പുലര്‍ത്തുന്ന അദ്ദേഹത്തിനും മനസ്സില്ല എന്നത് അന്നത്ഭുതമായി തോന്നിയെങ്കിലും ഇന്ന് അത് അത്യന്തം ദുഃഖവും കുറ്റബോധവുമാണുണര്‍ത്തുന്നത്. ഇവന്‍ കുറേപ്പേരുടെ സ്നേഹവും, വാത്സല്യവും തിരിച്ചറിയാതെ പോയിരിക്കുന്നു. മാപ്പര്‍ഹിക്കാത്ത കുറ്റമായിരിക്കുമോ അത് എന്നറിയില്ല. എങ്കിലും ഒന്നറിയാം അവരെല്ലാം ഇവനോട് ക്ഷമിച്ചിരിക്കുന്നു. അവര്‍ക്കാര്‍ക്കും സ്നേഹമല്ലാതെ ഒട്ടും പരിഭവം ഇവനോടു തോന്നിയിട്ടില്ല. ഇങ്ങനെ ക്ഷമിക്കാന്‍ ഗുരുക്കന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക? ആര്‍ക്കും കഴിയില്ല.
ഒടുവില്‍ ടി.സിയും വാങ്ങി തിരികെ നടക്കുമ്പോള്‍ ഇവന്‍ തിരിഞ്ഞൊന്നു നോക്കി. നന്മനിറഞ്ഞ അമ്മയുടെ കാരുണ്യം നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ഇവന്‍ കണ്ടു. ക്രൂശിതനായ തന്‍റെ മകന്‍റെ തിരുശരീരം വാരിയെടുത്തു മടിയില്‍ കിടത്തി അന്ന് അമ്മ നോക്കിയ അതേ നോട്ടം... കാരുണ്യത്തിന്‍റെ, അളവില്ലാത്ത സ്നേഹത്തിന്‍റെ, നന്മയുടെ നോട്ടം... ആ മുഖം വ്യക്തമല്ലായിരുന്നു. ഇവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ നോട്ടം... അത് പിന്നീടൊരിക്കലും ഇവന്‍ കണ്ടതില്ല. എങ്കിലും സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളുടെ സാന്നിദ്ധ്യം ഇന്നും ഇവന്‍ അറിയുന്നു.
© ജയകൃഷ്ണന്‍ കാവാലം
Subscribe to:
Post Comments (Atom)
6 comments:
അപ്പോള്‍ കാര്യമായി ബോധം കെടാനും അറിയാം അല്ലേ..ഞാന്‍ എനിക്കൊരു ബോധക്കേടു വന്നിരുന്നെങ്കില്‍ എന്നു പ്രാര്‍ഥിച്ചിട്ടുണ്ട്.പക്ഷേ ഒരു രക്ഷയും ഇല്ലാരുന്നു..അച്ചന്റെ അടി ശരിക്കും കൊണ്ടിട്ടു പോലും ബോധക്കേട് മാറാതിരുന്നത് അദ്ഭുതം തന്നെ..
എത്ര രസകരമായിട്ടാണു ബോധം കെടല്‍ വിശേഷങ്ങള്‍ എഴുതിയിരിക്കുന്നത്..എനിക്ക് ഏറെ ഇഷ്ടപ്പെട്ടു !!
മുഴുവന്‍ വായിച്ചു. എന്നാലും കുറച്ച് കടുത്ത പണിയായി മാഷേ.... നന്നായി അവതരിപ്പിച്ചു. കുറച്ച് നീളം കൂടിയെങ്കിലും
OT
കാന്താരി.. ബോധക്കേടുണ്ടാവാന്‍ ബോധംവേണം എന്ന് എവിടെയോ കണ്ടു (ഞാന്‍ ഓടി )
ബോധം കെടല്‍ അടിപൊളിയായി...
നല്ല പോസ്റ്റ്..
സ്കൂള്‍ കാലത്തേയ്ക്ക് ഒരു മടക്ക യാത്ര നടത്തി..
കുട്ടിക്കാലത്തെ അനുഭവം വളരെ വ്യക്തമായി തന്നെ എഴുതിയിരിയ്ക്കുന്നല്ലോ മാഷേ...
സംഭവിച്ചത് നല്ലതിനായിരുന്നു എന്നു തന്നെ ആശ്വസിയ്ക്കാം.
കൊള്ളാം കാവാലം ജീ. സരസമായ ശൈലി
ഓ.ടോ : കാവാലം പണിക്കര്‍ മാഷ്ടെ ആരേലും ആണോ?
കാന്താരിക്കുട്ടീ: ചില സന്ദര്‍ഭങ്ങളില്‍ ഇതല്ല ഇതിനപ്പുറവും ചെയ്തു പോകും. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നല്ലേ പറയുന്നത്. അതു പക്ഷേ നല്ല കാര്യങ്ങള്‍ക്കാണെന്നു മാത്രം. അന്നു ഞാന്‍ ഇങ്ങനെ ചെയ്തത് ശരിയായി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സ്വന്തമായി ബോധം കെടാനുള്ള അടിസ്ഥാന യോഗ്യത ബഷീര്‍ മാഷ് എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുമല്ലോ.
ബഷീര്‍ വെള്ളറക്കാട്: സ്വാഗതം. സന്ദര്‍ശനത്തിന് നന്ദി. താഴെ എഴുതിയിരിക്കുന്ന വാക്കുകള്‍ക്ക് ഒരു പ്രത്യേക കയ്യടി (കാന്താരി കാണണ്ട)
സ്മിത ആദര്‍ശ്: നന്ദി
ശ്രീ: കുറേ നാളായല്ലോ ഈ വഴി വന്നിട്ട്? സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും നല്ലതിനു തന്നെ.
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. കൊച്ചനന്തരവന്‍ ആണ്.
Post a Comment