Monday, October 6, 2008

സര്‍ട്ടിഫിക്കറ്റ് ചരിതം ആട്ടക്കഥ (നാലു ദിവസവും)

ഇതൊരു സംഭവ കഥയേയല്ല കേട്ടോ

കുട്ടനാട്ടിലെ മനോഹരിയായ ഒരു നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കലാക്ഷേത്രത്തിലെ ഓഫീസ് മുറിയാണു രംഗം. അവിടെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി തന്‍റെ ഏതോ ഒരു സര്‍ട്ടിഫിക്കറ്റിനായി ചെന്ന കഥ.

ഈ കഥക്കു നമ്മുടെ നളചരിതം ആട്ടക്കഥയുമായി അല്പം സാമ്യം ഉണ്ട്‌. അതായത് നളചരിതവും ഈ കഥയും നാലു ദിവസമായേ പറഞ്ഞു തീര്‍ക്കാന്‍ പറ്റൂ.

രംഗം 1
ഒന്നാം ദിവസം

വിദ്യാര്‍ത്ഥി വിദ്യാലയത്തിലെത്തുന്നു. നീട്ടിപ്പിടിച്ചെഴുതിയ തന്‍റെ അപേക്ഷ താഴ്മയായി സമര്‍പ്പിച്ചു മാറി നില്‍ക്കുന്നു. വായിലെ പാന്‍പരാഗും, വെറ്റിലയും ചേര്‍ന്ന തീര്‍ത്ഥജലം തുപ്പേണ്ടി വന്നതിലെ അമര്‍ഷം വെളിവാക്കിക്കൊണ്ടു തന്നെ കണക്കെഴുത്താശാന്‍റെ ആക്രോശം.

പോയേച്ചു നാളെ വാ. ഇവിടത്തെ അലമാരേടെ താക്കോല്‍ ലാബ് അസിസ്റ്റന്‍റിന്‍റെ കയ്യിലാ.

ആ സാറു വരുന്നവരെ ഞാന്‍ കാത്തി നിക്കാം സാറേ (വിദ്യാര്‍ത്ഥിയുടെ ദൈന്യത കലര്‍ന്ന വാക്കുകള്‍)

ആ സാറു വന്നിട്ട് നീ ഇന്നു സര്‍ട്ടിഫിക്കറ്റും കൊണ്ടു പോയതു തന്നെ.

അതെന്താ സാര്‍? ആ സാറിന്നു വരില്ലേ?

ഹും അയാള്‍ താക്കോലും കൊണ്ടു മധുരക്കു പോയേക്കുവാ കുളിച്ചു തൊഴാന്‍.

വിദ്യാര്‍ത്ഥി മടങ്ങി. വിദ്യാലയത്തിന്‍റെ അലമാരക്കുള്ളില്‍ തനിക്കു കിട്ടിയ സ്ത്രീധനത്തുക വച്ചു പൂട്ടിയേക്കുന്നതിന്‍റെ സുരക്ഷയും, ആ സമ്പാദ്യത്തിന്‍റെ താക്കോല്‍ മധുരമീനാക്ഷിയുടെ തിരു സന്നിധിയില്‍ പൂജിച്ചു കൊണ്ടു വരേണ്ടതായ ഭക്തന്‍റെ സമര്‍പ്പണവും സഹപ്രവര്‍ത്തകര്‍ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ആരു മനസ്സിലാക്കാന്‍? ആ മനസ്സിലാക്കല്‍ വിദ്യാര്‍ത്ഥിയിലല്ലാതെ മറ്റാരില്‍ അടിച്ചേല്പിക്കാന്‍?

അങ്ങനെ ആ രംഗത്തിനു പാന്‍പരാഗിന്‍റെ നിറമുള്ള തിരശ്ശീല വീണു.

രംഗം 2
രണ്ടാം ദിവസം

വീണ്ടുമൊരിക്കല്‍ക്കൂടി ആ പാവം പൂര്‍വവിദ്യാര്‍ത്ഥിയുടെ സൈക്കിള്‍വീലുകള്‍ ആ പാടവരമ്പിലൂടെ ഉരുണ്ടു. തന്നെ വഹിക്കുന്നതിന്‍റെ പ്രായശ്ചിത്തമെന്ന വണ്ണം പാലങ്ങളും, ചാലുകളും ഉള്ള ആ വഴിയില്‍ അവന്‍ ഇടക്കിടെ സൈക്കിളിനെ ചുമന്നു. അങ്ങനെ ആ കൂട്ടായ പ്രവര്‍ത്തനത്തിനൊടുവില്‍ അവര്‍ രണ്ടു പേരും കിതച്ചു വിയര്‍ത്ത് വീണ്ടും പള്ളിക്കൂടത്തിലെത്തി.

ഇന്നലത്തെ കണക്കപ്പിള്ള ഇത്തവണ തീര്‍ത്ഥവര്‍ഷത്തിനു തയ്യാറായില്ല. പകരം തന്‍റെ മുഖം 45ഡിഗ്രി ആംഗിളില്‍ മുകളിലേക്കു പൊന്തിച്ചു കാര്യം പറഞ്ഞു.

നീ പോയേച്ചും നാളെയെങ്ങാനും വാ കൊച്ചനേ, ലാബ്‌ അസിസ്റ്റന്‍റ്‌ വന്നു, പക്ഷേ പ്രിന്‍സിപ്പാള്‍ ഗുരുവായൂര്‍ക്കു പോയേക്കുവാ... കുളിച്ചു തൊഴാന്‍. പ്രിന്‍സിപ്പാള്‍ വരാതെങ്ങനെയാ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു കിട്ടുന്നേ?

വിദ്യാലയത്തിലെ അദ്ധ്യാപകര്‍ക്കും, അനദ്ധ്യാപകര്‍ക്കും എല്ലാവര്‍ക്കും ഭക്തി തലക്കു പിടിച്ചോ എന്നു ചിന്തിച്ചു കൊണ്ട്‌ വിദ്യാര്‍ത്ഥിയും അവന്‍റെ സൈക്കിളും വീണ്ടും പരസ്പരം ചുമന്നു.

വീണ്ടും പാന്‍പരാഗിന്‍റെ നിറമുള്ള...

രംഗം3
മൂന്നാം ദിവസം

തുടര്‍ച്ചയായി മൂന്നാം ദിവസവും മനുഷ്യനും യന്ത്രവുഇം തമ്മിലുള്ള ആ സാഹോദര്യപ്രകടനത്തിനു വഴിയിലെ നെല്ലോലകളും തെങ്ങിന്‍ തൈകളും സാക്ഷ്യം വഹിച്ചു. വലിയ തെങ്ങുകള്‍ ഒന്നുമറിയാതെ അവിടെത്തന്നെ നിന്നു. ഉന്നതന്മാര്‍ താഴേക്കു നോക്കാന്‍ പാടില്ലല്ലൊ.

ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു വൈകുന്നതെന്തു ഹരി നാരായണായ നമഃ

ഇങ്ങനെ ഒത്തിരി പ്രാര്‍ത്ഥിച്ചിട്ടുള്ള നമ്മുടെ കഥാനായകനെ ഭക്തിയുടെ യഥാര്‍ഥ അര്‍ത്ഥവും, ആ ‘ടൈപ്പ്’ ഭക്തന്മാരുടെ അപദാനങ്ങളും പാടിക്കേള്‍പ്പിച്ച് അന്നും മടക്കി അയച്ചു. അന്നും നമ്മുടെ പ്രിന്‍സിപ്പാള്‍ മടങ്ങിയെത്തിയിട്ടില്ലത്രേ!

ഗോപികാരമണനായ താമരക്കണ്ണനെ കാണുവാനുള്ള സമയവും കാലവും നിശ്ചയിക്കേണ്ടതു മറ്റുള്ളവരല്ല. അത് ഭക്തനും ഭക്തവത്സലനും തമ്മിലുള്ള ഏര്‍പ്പാടാണ്. അതിനാല്‍ നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഒന്നും മിണ്ടിയില്ല. കുറച്ചു നാള്‍ പഠിച്ചത് ആ കലാലയത്തിലാണെങ്കിലും, സുകൃതം ചെയ്ത അനേകം അദ്ധ്യാപകരുടെ ശിക്ഷണം ‘അതിരു കടക്കാന്‍‘ അവനെ പ്രേരിപ്പിച്ചില്ല.

രംഗം4
നാലാം ദിവസം

അന്നും പതിവു പോലെ ലോകത്തിന്‍റെ കിഴക്കേ അറ്റത്തു പ്രകൃതി ആട്ടവിളക്കു കൊളുത്തി വച്ചു. ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു കുളിച്ചു കുറിയും തൊട്ട് നമ്മുടെ ‘പൂര്‍വന്‍‘ മനമുരുകി പ്രാര്‍ത്ഥിച്ചു.... ദൈവമേ ഇന്നെങ്കിലും ആവശ്യമുള്ള സാറന്മാരെല്ലാം അവിടെ കാണണേ, അലമാര തുറന്നു കിടക്കണേ... അടഞ്ഞാലും ലാബ് അസിസ്റ്റന്‍റ് സാറിന്‍ പുതിയ ഭക്തിയും ഉള്‍വിളിയും ഒന്നും ഉണ്ടാകരുതേ... ഏതായാലും ആ വിളി ഭഗവാന്‍ കേട്ടു. ആര്‍ക്കും ഉള്‍വിളികള്‍ ഒന്നുമുണ്ടായില്ല. എല്ലാവരും തങ്ങളുടെ ജോലികളില്‍ ഉത്സുകരായി അവിടെത്തന്നെയുണ്ടായിരുന്നു.

അങ്ങനെ ‘പൂര്‍വന്‍റെ’ അപേക്ഷ പരിഗണിക്കപ്പെട്ടു. ഒരു സര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുക്കാന്‍ 5 മണിക്കൂര്‍ തന്നെ നിര്‍ത്തിയതു വിനീത ശിഷ്യന്‍ ക്ഷമിച്ചു. അങ്ങനെ അവസാനം നമ്മുടെ പഴയ കണക്കെഴുത്താശാന്‍റെ ‘തിരു’സന്നിധിയില്‍ ശിഷ്യന്‍ എത്തപ്പെട്ടു. സെണ്ട്രല്‍ ജയിലില്‍ കൊലപ്പുള്ളിയോടു പറയുന്നതു പോലെ പാന്‍പരാഗിന്‍റെ ഗന്ധമുള്ള ആജ്ഞ ഉയര്‍ന്നു.

ഒപ്പിടടാ

കടലാസ്സു വായിച്ചു നോക്കിയപ്പോള്‍ പൂര്‍വന്‍ ഒന്നു പരുങ്ങി. ഒപ്പിടേണ്ടിടത്തു ‘രക്ഷാകര്‍ത്താവിന്‍റെ ഒപ്പ്’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ ഒറ്റക്കാണ് വന്നത്. പാവം രക്ഷാകര്‍ത്താവ് ഇതൊന്നുമറിയാതെ വീട്ടിലെ ചാരുകസേരയില്‍ പുഞ്ചകൃഷിയുടെ ലാഭനഷ്ടങ്ങള്‍ കയ്യിലും, കാലിലും, വീടിന്‍റെ ഉത്തരങ്ങളിലും എല്ലാം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഉത്തരം, കടം കയറുമ്പോള്‍ ആശ്രയം വാഗ്ദാനം ചെയ്തു മാടി വിളിക്കുന്നത് കണ്ട ഭാവം നടിക്കാതെ കാരണവര്‍ കണക്കുകൂട്ടല്‍ തുടരുന്നു. ആ രക്ഷാകര്‍ത്താവിനെയാണ് നമ്മുടെ കടലാസ്സ് അന്വേഷിക്കുന്നത്!!

മനസ്സില്‍ തോന്നിയ സംശയം അപ്പാടെ കണക്കപ്പിള്ളക്കു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടു.

സാര്‍... ഇവിടെ ദോണ്ടെ രക്ഷാകര്‍ത്താവിന്‍റെ ഒപ്പാ ചോദിച്ചേക്കണെ, അച്ഛന്‍ വീട്ടിലാ... എനിക്കു പ്രായപൂര്‍ത്തിയായി. ഞാന്‍ ഒപ്പിടട്ടേ?

"രക്ഷാകര്‍ത്താവിന്‍റെ സ്ഥാനത്താണെങ്കില്‍ ഞാന്‍ ഒപ്പിടാം... " സരസ്വതീക്ഷേത്രത്തിലെ പൂജ്യ കണക്കപ്പിള്ളയുടെ സംസ്കാരമില്ലായ്മയായി അതിനെ പുഛിക്കാന്‍ വരട്ടെ. കയ്യിലിരുപ്പിന്‍റെ ‘ഗുണം’ നന്നായി തിരിച്ചറിഞ്ഞ ഭാര്യ, ഇതുപോലൊരു അവതാരം ഒന്നുകൂടി ഉണ്ടായി നാട്ടുകാരെ സേവിക്കാതിരിക്കാനായി ഒരു അകലം പാലിച്ചതിനാലാവാം (?) അദ്ദേഹത്തിന് ഇന്നേവരെ ആരുടെയും രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അങ്ങനെ മനസ്സു മരുഭൂമിയായിരിക്കുന്ന അവസരത്തില്‍, തറവാട്ടില്‍ പിറന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്താവിനു വരാന്‍ അസൌകര്യമുണ്ടായാല്‍ അവനു രക്ഷാകര്‍തൃത്വം തന്നെ വാഗ്ദാനം ചെയ്ത ആ വലിയ മനസ്സിന്‍റെ ഉദ്ദേശശുദ്ധിയെ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല.

അതു പോലെ തന്നെ സ്കൂള്‍ രേഖകള്‍ക്കൊപ്പം മേശവലിപ്പുകളില്‍ പത്തോ ഇരുപതോ പായ്ക്കറ്റ് പാന്‍പരാഗോ, സിഗരറ്റോ ഒക്കെ സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ ഇത്രകണ്ടു വികാരം കൊള്ളാന്‍ ഇതാരുടെയും തറവാട്ടു സ്വത്തൊന്നുമല്ലല്ലോ? ഏതോ വിവരദോഷികള്‍ താനിരിക്കുന്ന സിംഹാസനത്തിന്‍റെ അപ്പുറത്തെ ഭിത്തിയില്‍ “പുകയില തിന്നല്ലേ അതു കൊല്ലും” എന്നു സ്റ്റിക്കര്‍ എഴുതി ഒട്ടിച്ചിരിക്കുന്നെന്നു വച്ച് താന്‍ അതനുസരിക്കണമെന്നുണ്ടോ? അതുമില്ല.

പിന്നെ അവിടത്തെ അദ്ധ്യാപകരുടെ കാര്യം. ഒരു ജോലി കിട്ടാന്‍ തന്നെ ഒത്തിരി കഷ്ടപ്പാടുള്ള ഈ കാലത്ത ‘കഠിനാദ്ധ്വാനം’ കൊണ്ടും ഏതോ ഒരു ‘ഭഗവാന്‍റെ’ അപാരമായ കൃപ കൊണ്ടും ഇന്‍ഡ്യയിലും വിദേശത്തും ഒരുമിച്ച് ജോലി കിട്ടിയതില്‍ വിദേശ ജോലി കളഞ്ഞിട്ട് ഈ ‘മഹദ്‌‘ സേവനം മുഴുവനും ഭാരത മണ്ണിനു മാത്രം കൊടുക്കാന്‍ പറയാന്‍ ആര്‍ക്കാ അവകാശം? ഇനി അതുമല്ല രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ഈരണ്ടു മാസം വീതം വന്നു ഞാന്‍ പഠിപ്പിച്ചു കൊടുക്കുന്നുമുണ്ടല്ലോ. അപ്പോള്‍ പിന്നെ ഇത് അത്യാഗ്രഹമല്ലേ? പിന്നെ, വാര്‍ഷികപ്പരീക്ഷയില്‍ ജയിക്കുന്നതു മൂന്നു പേരായാലും, ഒരാളായാലും, ഇനി ആരും ജയിച്ചില്ലെങ്കില്‍ തന്നെയും അത് എന്‍റെ കുറ്റമാണോ? അവരുടെ വിധി... ആരും അദ്ധ്യാപകരെ കുറ്റം പറയാന്‍ പാടുള്ളതല്ല. കാരണം അദ്ധ്യാപനം വളരെ പരിപാവനമായ ഒരു പണിയല്ലേ?

ഒരു വര്‍ഷത്തില്‍ തന്നെ രണ്ടോ മൂന്നോ ഒക്കെ പ്രസവിക്കുന്ന സ്ത്രീകള്‍ സര്‍ക്കാരാപ്പീസുകളില്‍ വരുന്ന ഒരു കാലം ഉണ്ടായാല്‍ അന്ന് അത് ലീവ് എടുക്കാനാണെന്ന് ആരും പറയരുത് കേട്ടോ... വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ശാപം കിട്ടും. ആ കാലത്തിനും ഇനി അധികം കാലവിളംബം ഉണ്ടാകില്ല. പുരുഷന്മാര്‍ക്കു വരെ ഗര്‍ഭം ഉണ്ടായെന്നും, പ്രസവാവധി ആവശ്യമായി വന്നെന്നും ഇരിക്കും. ഒന്നോ രണ്ടോ ഹര്‍ത്താലുകള്‍ നടത്തി ഇങ്ങനെ ഒരവകാശം കൂടി നമുക്കു നേടിയെടുക്കാം.

അപ്പോള്‍ പൂര്‍വന്‍റെ കഥ അവസാനിക്കുന്നില്ല. അവസാനം സര്‍ട്ടിഫിക്കറ്റ് തയ്യാറായി.

കണക്കപ്പിള്ള സാര്‍ ഇടം കയ്യില്‍ സര്‍ട്ടിഫിക്കറ്റും വച്ചു കൊണ്ടു വലം കൈ നീട്ടി... മോന്‍ ഈ വര്‍ഷത്തെ പി ടി എ ഫണ്ട്‌ തന്നേച്ചു സര്‍ട്ടിഫിക്കറ്റും വാങ്ങി സ്ഥലം വിട്ടോ...

പൂര്‍വന്‍ ഒന്നമ്പരന്നു. രണ്ടു വര്‍ഷം മുന്‍പേ പടിയിറങ്ങിയ വിദ്യാലയത്തില്‍ ഈ വര്‍ഷത്തെ പി ടി എ ഫണ്ട്‌ താനെന്തിനു കൊടുക്കണം?!!!

അപ്പോഴാണ് നമ്മുടെ കണക്കപ്പിള്ള സാര്‍ മനസ്സിലാക്കി കൊടുത്തത്, ഇത്രേം ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് എഴുതിത്തരുമ്പോള്‍ നീ പഠിച്ച പള്ളിക്കൂടമല്ലേടാ കൊച്ചനേ ഒരു പ്രത്യുപകാരമൊക്കെ വേണ്ടേ?

ആരെങ്കിലും ഇതിനെ പുട്ടടിക്കല്‍ ഫണ്ടെന്നോ, കൈക്കൂലിയെന്നോ എങ്ങാനും പറഞ്ഞാല്‍ കൊന്നുകളയും. കലാക്ഷേത്രത്തില്‍ കൈക്കൂലിയോ? ഇതു പി ടി എ ഫണ്ടാ... ഹല്ല പിന്നെ.

അങ്ങനെ പൂര്‍വന്‍റെ 50 രൂപയ്ക്കു പകരം ഒരു രസീതു കിട്ടി.

പൂര്‍വന്‍ അതെല്ലാം ക്ഷമിച്ചു. പക്ഷേ കൊള്ളാവുന്ന തറവാട്ടില്‍ ജനിച്ച തന്‍റെ അച്ഛനെ പറഞ്ഞതു ക്ഷമിച്ചില്ല. അവന്‍ നേരേ കിഴക്കോട്ടു വണ്ടി കയറി. അവിടെ ചെന്ന് ഈ ടൈപ്പ് സ്കൂളുകളുടെയെല്ലാം ചുമതലയുള്ള മാനേജരോടു സങ്കടമുണര്‍ത്തിച്ചു. എഴുതിയും കൊടുത്തു. എന്നിട്ടും സങ്കടം തീരാതെ പയ്യന്‍ അവിടെയുള്ള കുറേ കൂടിയ നായന്മാര്‍ക്കും അഞ്ചാറു പേജില്‍ ഉപന്യാസം എഴുതി അയച്ചു.

നായര്‍ സാര്‍ എന്തൊക്കെയോ ആക്ഷന്‍ എടുത്തെന്നോ എടുക്കാന്‍ പോണെന്നോ ഒക്കെ നാട്ടുകാരു പറയുന്നതു കേട്ടു. പക്ഷേ ഒന്നും നടന്നില്ലെന്നു മാത്രമല്ല, പരാതിക്കാരന് ഒരു മറുപടി കൊടുക്കാനോ, കാര്യം തിരക്കാനോ പോലും അദ്ദേഹം മിനക്കെട്ടില്ല. വലിയ തിരക്കൊക്കെ ഉള്ള ആളല്ലേ. പിന്നെ, സാറു പറയുന്നതെല്ലാം മറ്റുള്ളവര്‍ അനുസരിക്കണമെന്നു പറയാനും അദ്ദേഹത്തിനു പേടി കാണും. അതെല്ലാം പഴയ മുതലാളിത്ത കാലഘട്ടത്തിലെ ഇടുങ്ങിയ മനഃസ്ഥിതിയായി ചിത്രീകരിക്കപ്പെട്ടാലോ?

പക്ഷേ സാറിന്‍റെ ഒരു ആക്ഷന്‍ നായര്‍സാറിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന നമ്മുടെ പയ്യന്‍റെ ഒരു ബന്ധുവിനു കിട്ടി. അനൌദ്യോഗികമായ ഒരു അറിയിപ്പ്. ‘നിന്‍റെ മറ്റവന്‍ ഇനീം കേറി ചൊറിഞ്ഞാല്‍, നിന്നെ നാം ഏതെങ്കിലും പട്ടിക്കാട്ടിലേക്കു സ്ഥലം മാറ്റും’. പാവം കുടുംബസ്ഥനായ ‘ബന്ധു’ വിഷമത്തിലായി. ചെറുക്കനാണേല്‍ വിവരം കെട്ടവനാ... അവന്‍ ഇനീം വേണ്ടാതീനം കാണിച്ചാല്‍...? വിവരം പയ്യനും അറിഞ്ഞു. പയ്യന്‍ കരുതി, താന്‍ കാരണം കൂടിയ നായന്മാര്‍ ആള്‍ക്കാരെ വിരട്ടാന്‍ തുടങ്ങിയെങ്കില്‍ തന്നെക്കൊണ്ട്‌ അത്രേം സാധിക്കുമല്ലോ. അപ്പോള്‍ പിന്നെ മതി. ഇനി അല്പം വിശ്രമിക്കാം.

അങ്ങനെ സര്‍ട്ടിഫിക്കറ്റ് ചരിതം ആട്ടക്കഥയുടെ അവസാന രംഗവും ആടിത്തീര്‍ന്നു.

പാന്‍പരാഗിന്‍റെ നിറമില്ലാത്ത, അല്പം ആത്മസംതൃപ്തിയുടേയും, പൌരബോധത്തിന്‍റെയും ഹരിതാഭമായ തിരശ്ശീല വീണു.

© ജയകൃഷ്ണന്‍ കാവാലം

3 comments:

Midhu said...

nammude naadu ingane aayippoyi, allathentha..

കാവാലം ജയകൃഷ്ണന്‍ said...

വിനു: സ്വാഗതം. ഇവര്‍ക്കൊക്കെ വളം വച്ചു കൊടുക്കുന്നതും നമ്മള്‍ തന്നെയല്ലെ...

ചാണക്യന്‍ said...

കൊള്ളാമല്ലോ ജയകൃഷ്ണാ..സര്‍ട്ടിഫിക്കറ്റ് ചരിതം ആട്ടക്കഥ....

സമസ്തമേഖലകളിലും ഇതൊക്കെ തന്നെയാണ് പ്രശ്നങ്ങള്‍...

ആര് എങ്ങനെ എപ്പോള്‍ ഇതൊക്കെ നേരെയാക്കും...

പാന്‍പരാഗിന്റെ നിറമുള്ള തിരശീല പലേടത്തും കാണേണ്ടി വന്നിട്ടുണ്ട്..!!!

 
Site Meter