Friday, October 17, 2008

കരള്‍ പറഞ്ഞ കഥ

തിരുവനന്തപുരം ഒരു നല്ല സ്ഥലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശ്രീപദ്മനാഭന്‍റെയും, പാറശാല മഹാദേവന്‍റെയുമൊക്കെ സാന്നിധ്യമോ, അവിടെയുള്ള കറയില്ലാത്ത സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന കുറെയാളുകളുടെ ഒപ്പം അല്പകാലം ചിലവഴിച്ചതിന്‍റെ ഓര്‍മ്മകളോ, മഹത്തായ ഒരു കലയില്‍ വിദ്യാരംഭം കുറിക്കാനിടയായ സ്ഥലമായതു കൊണ്ടോ, സഹൃദയരും, ദീര്‍ഘ ദര്‍ശികളും, കലാകാരന്മാരും, ചിന്തകന്മാരും, പണ്ഡിതന്മാരും ധാരാളമുള്ള സ്ഥലമായതു കൊണ്ടോ, ധാരാളം ചാനലുകളും, കലാകേന്ദ്രങ്ങളും ഉള്ളതു കൊണ്ടാണോ, വിജ്ഞാനമാര്‍ഗ്ഗങ്ങള്‍ നിരവധിയുള്ളതു കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല, പഴയ രാജഭരണത്തിന്‍റെ തിരുശേഷിപ്പുകള്‍ ഇന്നും അവിടവിടെയായി പൊടി പിടിച്ചു കിടക്കുന്ന അനന്തപുരിയോടെനിക്ക് പ്രണയമാണ്...

കയ്യിലിരുപ്പ് തീരെ ശരിയല്ലാത്തവന്മാര്‍ ധാരാളമുള്ള സ്ഥലമെന്നു പേരു കേട്ട തലസ്ഥാന നഗരിക്ക് തീരാക്കളങ്കമാണ് മേല്പറഞ്ഞ വസ്തുതകളെങ്കിലും, ഭരണകൂടത്തിന്‍റെ മൂക്കിനു താഴെ നടക്കുന്നതിലധികം തോന്നിവാസം മറ്റെങ്ങും നടക്കുന്നില്ലെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ കേരളം ഭരിച്ചിരുന്ന മ്യ്ഖ്യമന്ത്രിയോടും, ഗതാഗതവകുപ്പ് മന്ത്രിയോടും തുറന്നു പറഞ്ഞ (എന്നിട്ടും അംഗഭംഗങ്ങള്‍ ഒന്നുമില്ലാതെ ബാക്കി നില്‍ക്കുന്ന) എന്നെ സ്വാധീനിച്ചത് ഇതൊക്കെത്തന്നെയാണ്.

അവിടുത്തെ ബന്ധങ്ങളില്‍ പോലും എനിക്കനുഭവപ്പെട്ടിട്ടുള്ള സുദൃഢത ഒരു പക്ഷേ കൂടുതല്‍ വ്യക്തികളിലേക്കിറങ്ങി പരിശോധിക്കുമ്പോള്‍ നിലനിന്നില്ലെന്നു വരാം. പക്ഷേ ഇതു വരെയുള്ളവയെല്ലാം ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘കവിത പോലെയുള്ള’ ബന്ധങ്ങള്‍.

പ്രകൃതിഭംഗി നിറഞ്ഞ ഈ നാട്ടില്‍ ഏകദേശം എട്ടുപത്തു വര്‍ഷത്തോളം ജീവിച്ചെന്നാണ് എന്‍റെ വിശ്വാസം.എന്നാലും അമേരിക്കയില്‍ നിന്നും സായിപ്പന്മാര്‍ പോലും വന്നു കണ്ടു പോകുന്ന കോവളം കടപ്പുറം ഞാന്‍ കണ്ടത് കൃത്യം രണ്ടു പ്രാവശ്യം മാത്രം.അവിടെയൊരു സിനിമാ തേയറ്ററില്‍ കയറി സിനിമ കണ്ടതും രണ്ടു പ്രാവശ്യം മാത്രം. ആ നാട്ടില്‍ ചെന്നാല്‍ എനിക്ക് സുഹൃത്തുക്കളോടും, ക്ഷേത്രങ്ങളോടുമാണ് കൂടുതല്‍ ആകര്‍ഷണം. എത്ര മണിക്കൂറുകള്‍ ഒന്നിച്ചു ചിലവഴിച്ചാലും ഒരു നിമിഷം പോലും കഴിഞ്ഞെന്നു തോന്നാത്ത സൌഹൃദങ്ങള്‍ നിരവധി. കൂട്ടുകാര്‍ക്ക് സ്വന്തം ജീവനേക്കാളധികം വില നല്‍കുന്ന കുറേ കൂട്ടുകാരുണ്ടെനിക്കവിടെ. അതു പോലെ തന്നെ അവിടത്തെ ക്ഷേത്രങ്ങളില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള സാന്നിധ്യവും, ചൈതന്യവും വളരെ ദിവ്യമായ ഒന്നാണ്.

അല്പ സമയം കിട്ടുന്നതു കൂടുതലും ഒറ്റക്കിരിക്കാന്‍ ഉപയോഗിക്കും. തിരുവനന്തപുരത്ത് എല്ലായിടങ്ങളിലേക്കും നടന്നു പോകാനാണ് എനിക്കിഷ്ടം.

ഒരിക്കല്‍ ഞാന്‍ മെഡിക്കല്‍ കോളേജിനു മുന്‍പിലൂടെ നടന്നു പോയപ്പോള്‍ എനിക്കൊരു പുതിയ സുഹൃത്തിനെ കിട്ടി. മെഡിക്കല്‍ കോളേജിന്‍റെ ഏകദേശം മുക്കാല്‍ പങ്കും കാടു കയറിക്കിടക്കുകയാണല്ലോ. അതിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനും കുഞ്ഞുങ്ങള്‍ക്കുമായി ‘വിശാല ഹൃദയന്മാരായ’ ആരോഗ്യ വകുപ്പധികൃതര്‍ പുതിയൊരു വാര്‍ഡു തുറന്നിട്ടിരിക്കുന്നു... (എത്ര നല്ല നാടാണല്ലേ കേരളം!!!)

നടന്നു പോയ വഴിയില്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നിരുന്ന ഒരു കരളിനെ ഞാന്‍ കണ്ടു മുട്ടി. പരസ്പരം ഒരു പുഞ്ചിരി സമ്മാനിച്ചതിലൂടെ തന്നെ ആ കരളിന്‍റെ കരളും എന്‍റെ സ്വന്തം കരളും തമ്മില്‍ കൂട്ടുകാരായി.

എനിക്കയാളോടല്പം ബഹുമാനവും കൂടി തോന്നി. കാരണം ചുമ്മാ മനുഷ്യ ശരീരത്തിന്‍റെയുള്ളില്‍ കൂപമണ്ഡൂകത്തിനെപ്പോലെ കിടക്കാതെ സ്വാതന്ത്ര്യത്തിന്‍റെ നറു തേന്‍ നുകരുവാന്‍ പുറത്തു ചാടിയതല്ലേ. ആരായാലും ബഹുമാനിച്ചു പോകും.

അയാളുടെ ശരീരം പോലെ തന്നെ ലോലമായിരുന്നു സംസാരവും. ഞാന്‍ പറഞ്ഞു നിങ്ങള്‍ കരളുകളും ഹൃദയങ്ങളും ഭാഗ്യവാന്മാരാണ്. സൂക്ഷിച്ചു വയ്ക്കുവാന്‍ വളരെ ബുദ്ധിമുട്ടിള്ള അമൂല്യ നിധികള്‍. കണ്ണു തെറ്റിയാല്‍ ആളുകള്‍ അടിച്ചോണ്ടു പോകും. കൈവിട്ടു പോയിക്കഴിഞ്ഞേ അറിയുക പോലുമുള്ളൂ.

മനോഹരമായ നീളന്‍ കണ്ണുകളിറുക്കിയുള്ള അയാളുടെ ചിരി കണ്ട്‌ ഞാന്‍ പതിയെ എന്‍റെ കരളിനെ ഒളികണ്ണിട്ടു നോക്കി. സൂക്ഷിച്ചില്ലെങ്കില്‍ എന്‍റെ കരളും ചാടിപ്പോയാലോ. അത്രേം വലിയ ഇന്ദ്രജാലക്കാരാണവര്‍. എല്ലും അതിനു മുകളില്‍ മാംസവും, കാണ്ടാമൃഗം തോറ്റു പോകുന്നത്ര കട്ടിയുള്ള തൊലിയും ഉണ്ടായിട്ടും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെന്നും, കമ്പിയടിക്കലെന്നുമൊക്കെ ജനം കേള്‍ക്കുന്നതിനും മുന്‍പു തന്നെ അകത്തിരുന്ന്‌ ആശയവിനിമയം നടത്താന്‍ തുടങ്ങിയ കക്ഷികളല്ലേ ഇവര്‍. അങ്ങനെ ഞങ്ങള്‍ കുറേ നേരം കഥ പറഞ്ഞു നിന്നു. ഞാന്‍ കരളിന്‍റെ രൂപത്തെയും കഴിവുകളെയും തുടങ്ങി അറിയാവുന്ന കാര്യങ്ങളെല്ലാം വച്ച് മതിയാവോളം പുകഴ്ത്തി.

സുവോളജി ക്ലാസ്സുകളില്‍ മര്യാദക്കിരുന്നു പഠിക്കാതെ പൂക്കൈതയാറിന്‍റെ വളകിലുക്കം കേട്ട്, അവളുടെ കുഞ്ഞോളങ്ങള്‍ക്കൊപ്പം മനസ്സിനെ ചാഞ്ചാട്ടി, വായീനോക്കിയിരുന്നതിന്‍റെ കുഴപ്പങ്ങള്‍ എനിക്കപ്പോഴാണ് മനസ്സിലായത്. അല്ലായിരുന്നെങ്കില്‍ കരളിനേക്കുറിച്ച് കുറച്ചു കൂടി ആധികാരികമായി പറഞ്ഞ് അയാളെ സന്തോഷിപ്പിക്കാമായിരുന്നു.

മുള്ളിനുള്ളില്‍ കയറിയിരിക്കുന്നതെന്തിനാണെന്നു ഞാന്‍ ചോദിച്ചു. മനുഷ്യരേക്കാള്‍ ഭേദമല്ലേ ചങ്ങാതീ മുള്ളും മൂര്‍ഖന്‍ പാമ്പുമെന്നു മറുപടി.മുള്ളിനേക്കാള്‍ മുനയുള്ള വാക്കുകളും, മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള മനസ്സുമുള്ള മനുഷ്യന്‍ ! സത്യമല്ലേ കരളിന്‍റെ കണ്ടെത്തല്‍. എത്രയോ മധുരമായി സംസാരിക്കാന്‍ കഴിയുന്ന മനുഷ്യന്‍ എത്രയും ക്രൂരമായി സംസാരിക്കാമോ, അത്രയും ക്രൂരമായി സംസാരിക്കും. ഇനിയഥവാ അവന്‍ മധുരമായി സംസാരിച്ചാലും സൂക്ഷിക്കണം. പഴച്ചാറില്‍ പാഷാണം കലക്കിക്കുടിക്കുന്നതാ ഇപ്പഴത്തെ ഫാഷന്‍. അതു പോലെ തന്നെയാ ഇതും. അവന്‍റെ വാക്കിലെ മാധുര്യത്തില്‍ നമ്മുടെ ധനം, മനസ്സ്, തൊഴില്‍, കുടുംബം തുടങ്ങി എന്തിനെയോ ലക്ഷ്യ്മിട്ടുള്ള ഉഗ്ര വിഷം കാണുമോ എന്നു ഭയപ്പെടാതെ വയ്യ.

കരള്‍ ആളൊരു തത്വശാസ്ത്ര നിപുണന്‍ ആണെന്നെനിക്കു തോന്നി. വല്ല പ്രണയ പരാജയവും ഏറ്റുവാങ്ങേണ്ടി വന്നവന്‍റെ കരളായിരുന്നിരിക്കാം ഇവന്‍. തത്വശാസ്ത്രത്തിലേക്കുള്ള ഒരു വാതില്‍ പ്രണയപരാജയത്തിന്‍റെ മുന്‍പിലും ആരോ കൊണ്ടു ചെന്നു വച്ചിട്ടുണ്ടല്ലോ. ഒരു വഴി അടയുമ്പോള്‍ തുറക്കപ്പെടുന്ന ‘മറ്റേ’ വഴി പോലെ.

ഞാന്‍ ചോദിച്ചു: താങ്കളെ വഹിച്ചിരുന്ന ശരീരം ഏതായിരുന്നു?

കരള്‍ പറഞ്ഞു: ദോണ്ടെ അപ്പുറത്തു കിടപ്പുണ്ട്‌. മെഡിക്കല്‍ കോളേജിന്‍റെ അകത്ത്. ഇങ്ങേരി ശരിയാകുന്ന ലക്ഷണമൊന്നുമില്ലെന്ന് പുറത്തു നിന്നാരോ പറയുന്നതു ഞാന്‍ കേട്ടു. എന്നാല്‍ പിന്നെ സ്ഥലം വിട്ടേക്കാമെന്നു കരുതിയാ ഞാന്‍ പുറത്തു കടന്നത്. എത്ര നാളെന്നു കരുതിയാ ഞാന്‍ വെറുതെ ശ്വാസം മുട്ടി...

അവന്‍റെ ചുവന്ന മുഖത്ത് പരിഭവത്തിന്‍റെ നിഴല്‍പ്പാടുകള്‍ ഞാന്‍ കണ്ടു. ചിരിക്കുമ്പോഴും പരിഭവിക്കുമ്പോഴുമൊക്കെ അവന്‍റെ മുഖത്തിന് എത്ര മനോഹാരിതയാണ്. ചുമ്മാതെയാണോ പാര്‍ക്കിലും, പാടവരമ്പിലുമൊക്കെയിരുന്നു കണ്ണും മൂക്കുമില്ലാതെ പ്രേമിക്കുന്ന കള്ളക്കാമുകന്മാര്‍ സ്നേഹം മൂക്കുമ്പോള്‍ പ്രിയതമയെക്കേറി എന്‍റെ കരളേ... കരളിന്‍റെ കരളേ... എന്നൊക്കെ വിളിച്ചു കൂവുന്നത്. കരള്‍ ഒരു അതി മനോഹരനായ വ്യക്തി തന്നെ. വ്യക്തികള്‍ക്കുള്ളിലെ വ്യക്തിത്വം. അതുമല്ല വ്യക്തികള്‍ക്ക് വ്യക്തിത്വമുണ്ടാകുന്നതു തന്നെ ഇദ്ദേഹത്തിന്‍റെ വ്യാപാര വിശേഷങ്ങള്‍ക്കനുസരിച്ചാണെന്നു പറയുന്നതാവും ശരി.

കരളുറപ്പുള്ളവന്‍, കരളലിവുള്ളവന്‍, കരളില്ലാത്തവന്‍, കരളിനു പകരം കരിങ്കല്ലുള്ളവന്‍ തുടങ്ങി വ്യക്തിയെ വിശേഷിപ്പിക്കുവാന്‍ എത്രയോ രീതികളില്‍ നാം കരളിന്‍റെ കൂട്ടു പിടിക്കുന്നു. ഒന്നു പ്രേമിക്കണമെങ്കില്‍ പോലും കരളിന്‍റെ സഹായവും, സാന്നിധ്യവും കൂടിയേ തീരൂ. കള്ളു കുടിച്ചു നശിക്കണമെന്നു വച്ചാലോ... അപ്പൊഴും വേണം ‘ഫ്യൂസ്’ അടിച്ചു പോകാന്‍ ഒരു കരള്‍!!!. കരള്‍ വെറും നിസ്സാരന്‍ അല്ലേയല്ല.

ഞാന്‍ ചോദിച്ചു: ആപത്തു വരുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നതു ശരിയാണോ? ഒന്നുമില്ലെങ്കിലും ഇത്ര നാള്‍ തന്നെ ചുമന്നോണ്ടു നടന്ന ശരീരമല്ലേ അത്? ഇപ്പോള്‍ ആപത്തിലും കൂടെക്കാണേണ്ടതല്ലേ?

അതു കേട്ട് കരളിന്‍ ദേഷ്യം വന്നെന്നു തോന്നുന്നു. എന്നാലും അയാള്‍ അതൊന്നും പ്രകടിപ്പിക്കാതെ വാശിയോടെ പറഞ്ഞു:

എത്രയോ കാലങ്ങളായി ഇയാളെ പിന്‍തുടരുന്ന ആപത്തുകള്‍ക്കു ദൃക്‌സാക്ഷിയാണു ഞാന്‍, മാത്രവുമല്ല ആ മനുഷ്യന്‍റെ അനുഭവങ്ങളുടെയെല്ലാം ബാക്കി പത്രവും ദാ നോക്കൂ...

ഇത്രയും പറഞ്ഞയാള്‍ അയാളുടെ ചുവന്ന കുപ്പായം അല്പം ഉയര്‍ത്തിയെന്നെ കാട്ടി. ഞെട്ടിപ്പോയി. രക്തം വാര്‍ന്നൊഴുകുന്ന ആഴത്തിലുള്ള മുറിവുകള്‍. ഒന്നല്ല അനേകം. വൃണം വമിക്കുന്ന മുറിവുകള്‍ക്കു ചുറ്റും ദ്രവിച്ചു തുടങ്ങിയ ശരീരഭാഗങ്ങള്‍. ഞാന്‍ ചിന്തിച്ചു... കരളിനേക്കുറിച്ചു മാത്രമല്ല, കരളിനേയും മനുഷ്യരേയും കുറിച്ച്...

ഒരുറുമ്പു കടിച്ചാല്‍, ഒരു കൊതുക് (ദൈവം അവനനുവദിച്ചു കൊടുത്ത്ഇരിക്കുന്ന അവകാശമായ ഒരു തുള്ളി ചോരയ്ക്കായി) കുത്തിയാല്‍ വേദന സഹിക്കാതെ പിടയുന്ന, വാശിയോടെ അവയെ കൊല്ലാന്‍ തിരയുന്ന മനുഷ്യന്‍! അവന്‍റെയുള്ളില്‍ ഇത്രയധികം വേദന കടിച്ചമര്‍ത്തി യാതൊരു പരിഭവവും പരാതിയുമില്ലാതെ കഴിയുന്ന കരളുകള്‍. ഇപ്പൊഴും അവന്‍റെ മുഖത്തേയ്ക്കു നോക്കൂ, എത്ര പ്രസന്നത. ഈ വേദനയിലും അവന്‍റെ മുഖത്ത് പുഞ്ചിരി. ഭൌതിക പ്രപഞ്ചത്തിന്‍റെ മറുപുറം കണ്ട ഒരു യോഗിയുടേതെന്നു തോന്നിപ്പിക്കുന്ന നിസ്സംഗ ഭാവം, നിര്‍വ്വികാരത!!! എനിക്കു കരളിനോടുള്ള ബഹുമാനം വീണ്ടും വര്‍ദ്ധിച്ചു.

ഞാന്‍ ചോദിച്ചു: ഇതെങ്ങനെ സംഭവിച്ചു? മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നടന്നപ്പോള്‍ മുള്ളു കൊണ്ടതാണോ? ഇത്രയേറെ ആഴത്തില്‍ ഇത്രയധികം മുറിവുകള്‍ താങ്കളുടെ ശരീരത്തില്‍ എങ്ങനെയുണ്ടായി?

കരള്‍ തന്‍റെ നിര്‍വ്വികാരത കൈവെടിയാതെ തന്നെ പറഞ്ഞു: ഇതു മുള്ളു കൊണ്ടതല്ല. മുനയുള്ള വാക്കുകള്‍ കൊണ്ട മുറിവെന്നിലുണ്ട്‌. എന്നെ വഹിച്ചിരുന്ന ശരീരത്തെ നോക്കി അവന്‍റെ മനസ്സിലേയ്ക്കയച്ച ക്രൂരമായ വാക്കുകളേല്പിച്ച മുറിവുകള്‍, വഞ്ചനയേല്പിച്ച മുറിവുകള്‍, സ്നേഹം ഏല്പിച്ച മുറിവുകള്‍... ഈ മുറിവുകളെല്ലാം ഏറ്റു വാങ്ങേണ്ടി വന്നവന്‍ ഞാനാണ്. അവന്‍റെ കണ്ണുകള്‍ പൊഴിച്ചിരുന്ന കണ്ണുനീര്‍ എന്‍റേതായിരുന്നു. അവനില്‍ പ്രകടമായിരുന്ന ഓരോ ഭാവവും എന്‍റേതായിരുന്നു. അവനിലെ എല്ലാ സന്തോഷവും ഹൃദയം ഏറ്റുവാങ്ങിയപ്പോള്‍ എല്ലാ വേദനയും സ്വയം ഏറ്റു വാങ്ങിയവനാണു ഞാന്‍. അതെന്‍റെ ധര്‍മ്മമാണെന്നു ഞാന്‍ വിശ്വസിച്ചു. അതിനാല്‍ എനിക്കിന്നു ദുഃഖമില്ല. ഇന്നെന്‍റെ കര്‍മ്മം അവസാനിച്ചുവെന്നെനിക്കു തോന്നി. അതിനാലാണു ഞാന്‍ പുറത്തു വന്നത്. അവനോടൊപ്പം ചിതയില്‍ വെന്തടങ്ങാന്‍ എനിക്കു മനസ്സില്ല. ത്യാഗോജ്ജ്വലമായ എന്‍റെ ജീവിതത്തിന്‍റെ പരിസമാപ്തി അഗ്നിക്കുള്ളതല്ല ഈ ഭൂമിക്കാണത് അവകാശപ്പെട്ടിരിക്കുന്നത്. എന്‍റെ ശരീരം ഈ മണ്ണില്‍ അലിഞ്ഞില്ലാതാവട്ടെ. അതു ചെടികള്‍ക്കു വളമാകട്ടെ, കീടങ്ങള്‍ക്ക് ഭക്ഷണമാവട്ടെ.

ഞാന്‍ അയാളെക്കുറിച്ചറിയാന്‍ കൂടുതല്‍ ആഗ്രഹിച്ചു. കരള്‍ തന്‍റെയും തന്നെ വഹിച്ചിരുന്ന ശരീരത്തിന്‍റെയും കഥ പറഞ്ഞു തുടങ്ങി...

കരളിന് ഓര്‍മ്മ വച്ച നാളില്‍ അയാള്‍ ഒരു കുഞ്ഞു ശരീരത്തിന്‍റെയുള്ളിലായിരുന്നു. അല്ലലില്ലാത്ത ജീവിതം. നിത്യവും തന്നില്‍ നിക്ഷിപ്തമായിരുന്ന കര്‍മ്മങ്ങള്‍ അവന്‍ ചെയ്തു പോന്നു. പാല്‍, ശുദ്ധ ജലം തുടങ്ങിയ വസ്തുക്കളും അവയില്‍ നിന്നു വേര്‍തിരിഞ്ഞു വരുന്ന മറ്റു പദാര്‍ത്ഥങ്ങളെയും വേര്‍തിരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ജോലി. പതിയെപ്പതിയെ അവന്‍റെ ജോലിഭാരം കൂടിക്കൂടി വന്നു. അവനിലേക്കൊഴുകിയെത്തിയിരുന്ന ജലവും മറ്റു വസ്തുക്കളും കാഠിന്യമുള്ളതായവന് അനുഭവപ്പെട്ടു. ഇത്ര നാള്‍ ചെയ്തു പോന്ന തൊഴിലിന്‍റെ കൈവഴക്കത്തില്‍ അവനതൊരു അധിക ജോലിയായി അനുഭവപ്പെട്ടില്ല. പതിയെപ്പതിയെ തന്നില്‍ ഉണ്ടായിക്കൊണ്ടിരുന്ന ക്ഷീണം വകവയ്ക്കാതെ അവന്‍ തന്‍റെ ജോലി തുടര്‍ന്നു. അവനെ വഹിചിരുന്ന ശരീരത്തിന്‍റെ ദൈനംദിന വ്യാപാരങ്ങള്‍ക്കനുസൃതമായി അവന്‍റെ ആരോഗ്യം കുറഞ്ഞു കുറഞ്ഞു വന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു. എങ്കിലും അവന്‍ പരാതിപ്പെട്ടില്ല. പണിയെടുക്കാതിരുന്നില്ല. അയാളില്‍ വേദന സമ്മാനിച്ചു കടന്നു പോയ നിരവധി ആളുകള്‍, അവരേല്പിച്ച മുറിവുകളെല്ലാം സ്നേഹനിധിയായ ഒരു കൂട്ടുകാരനെപ്പോലെ നല്ലവനായ കരള്‍ ഏറ്റുവാങ്ങി. ഒരു ദിവസം അവനൊരു കൂട്ടുകാരിയെ കിട്ടി... അവനെ ചുമക്കുന്ന മറ്റവന്‍ വിളിച്ചോണ്ടു വന്നതാണ്, മറ്റൊരു പെണ്‍കരള്‍! അവന്‍ അവളോടും സ്നേഹമായിത്തന്നെ പെരുമാറി. ആ ശരീരങ്ങള്‍ തമ്മില്‍ അനുരാഗബദ്ധരായിരുന്നുവത്രേ!

ആ ശരീരങ്ങളുടെ തീവ്രാനുരാഗം പകര്‍ന്ന ചൂട്‌ നല്ലവനായ കരളിന് കുളിരായി തോന്നി. അവരുടെ സന്തോഷത്തില്‍ അവനും സന്തോഷിച്ചു. എന്നാല്‍ ശരീരങ്ങള്‍ പരസ്പരം മടുത്തപ്പോള്‍ അവര്‍ പിരിഞ്ഞു. എന്നാല്‍ പാവം കരള്‍... അവന്‍റെ മനഃസാക്ഷി അതിനവനെ അനുവദിച്ചില്ല. ധര്‍മ്മിഷ്ഠനായ അവനത്‌ തീരാത്ത വേദനയായി. ആഴത്തിലുള്ള മുറിവായി ആ വേര്‍പാടവനില്‍ അവശേഷിച്ചു. അവന്‍ വസിച്ചിരുന്ന ശരീരം ഇതൊക്കെ അറിയുന്നുണ്ടായിരുന്നോ... അങ്ങനെ വീണ്ടും ദിവസങ്ങള്‍ കടന്നു പോകവേ, അപ്പൊഴും മുടക്കം വരുത്താതെ അവന്‍ തന്‍റെ ജോലികളില്‍ വ്യാപൃതനായിരിക്കവേ, പൊടുന്നനെ അതി തീവ്രമായ ഒരു ദ്രാവകം അവനിലേക്കൊഴുകിയെത്തി. ഇതു വരെ അവന്‍ കൈകാര്യം ചെയ്തിട്ടില്ലാത്തത്ര കഠിനമായ എന്തോ ഒന്ന്. അതില്‍നിന്നൊഴുകിയ രൂക്ഷ ഗന്ധത്തില്‍ അവനു തല ചുറ്റുന്നതു പോലെ തോന്നി. അതിന്‍റെ കാഠിന്യം അവനു താങ്ങാന്‍ കഴിയുന്നതല്ലായിരുന്നു. മെല്ലെ മെല്ലെ അവന്‍ തളര്‍ച്ചയിലേക്കു വീഴുന്നതിനു മുന്‍പേ അവന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു... മദ്യം... താന്‍ ഇത്ര നാള്‍ സത്യസന്ധമായി സേവിച്ചിരുന്ന, വിടുവേല ചെയ്തു കാത്തു സൂക്ഷിച്ചിരുന്ന ശരീരം ഇന്നിതാ തന്നിലേക്ക് മദ്യം ഒഴുക്കിയിരിക്കുന്നു... അത് അവന്‍റെ മുറിവുകളില്‍ അസഹ്യമായ നീറ്റലും, വിങ്ങലും ഏല്പിക്കുന്നു.

അതിനുമപ്പുറം താന്‍ ഇത്ര നാള്‍ സേവിച്ച ആ ശരീരം തന്നോടു ചെയ്ത വിശ്വാസവഞ്ചനയോര്‍ത്തവന്‍ വേദനിച്ചു. എങ്കിലും അവന്‍ തന്‍റെ ജോലി വളരെ ആയാസപ്പെട്ടു ചെയ്തു തീര്‍ത്തു. എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും അവനിലേക്കുള്ള മദ്യപ്രവാഹം തുടര്‍ന്നുകൊണ്ടേയിരുന്നു. അത് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടുമിരുന്നു... കാലങ്ങള്‍ അധികം കഴിയുന്നതിനു മുന്‍പേ അവന്‍ ക്ഷീണിതനായി. പഴയതു പോലെ പണിയെടുക്കാന്‍ വയ്യാതെയായി. പലപ്പോഴും അവന്‍ വീണു പോയി... അപ്പോഴെല്ലാം എന്തൊക്കെയോ ഉത്തേജനൌഷധങ്ങള്‍ നല്‍കി ദുഷ്ടനായ ആ ശരീരം അവനെക്കൊണ്ടു വീണ്ടും പണിയെടുപ്പിച്ചു. അവസാനം അവന്‍ തീര്‍ത്തും ക്ഷീണിതനായപ്പോള്‍ വിഡ്ഢിയായ ആ മനുഷ്യന്‍ തിരിച്ചറിഞ്ഞു കരള്‍ ദുര്‍ബലമായതോടെ അയാളുടെ വ്യക്തിത്വം, ആരോഗ്യം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്. ഇതിനോടകം തന്നെ മുഴുക്കുടിയനെന്നു പേരു കേട്ട അയാള്‍ക്ക് നാട്ടിലും വീട്ടിലും അപമാനവും, കുത്തു വാക്കുകളും കേള്‍ക്കേണ്ടി വന്നു... ആ വേദനയും ക്ഷീണാവസ്ഥയിലും കരള്‍ ഏറ്റു വാങ്ങി... അങ്ങനെ അവസാനം അയാള്‍ ആ ആശുപത്രിക്കിടക്കയില്‍ ആസന്നമരണത്തെ കാത്തു കാത്തു കിടപ്പായി.

അയാളിലൂടെ പകര്‍ന്നു കിട്ടിയ മുറിവുകളും, വേദനയും കരളിന് ക്ഷമിക്കാവുന്നതായിരുന്നു. പക്ഷേ താന്‍ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ആ മനുഷ്യന്‍ തന്നിലേക്ക് മദ്യം പകര്‍ന്നത് ക്ഷമിക്കുവാന്‍ അവനു കഴിഞ്ഞില്ല. മഹാ ത്യാഗിയായ അവന് അക്കാര്യത്തില്‍ മാത്രമാണയാളോട്‌ പരിഭവമുണ്ടായിരുന്നത്. അതു കൊണ്ട്‌... അതു കൊണ്ടു മാത്രമാണത്രേ അയാള്‍ പുറത്തു പോന്നത്‌.

കരള്‍ തന്‍റെ കഥ പറഞ്ഞവസാനിപ്പിച്ചു. എനിക്ക് ആ മഹാ ത്യാഗിയായ കരളിനോട്‌ അളവറ്റ ആദരവു തോന്നി. സ്വന്തം ശരീരത്തിനുള്ളിലിരുന്നു കൊണ്ട്‌ നമ്മെ ഇത്രയധികം സഹായിക്കുന്ന കരളിനോടു പോലും നീതി കാട്ടാന്‍ നമുക്കാവുന്നില്ലല്ലോ. അപ്പോള്‍ പിന്നെ നീതിക്കായി നടത്തുന്ന സമരങ്ങള്‍ക്കും, പ്രകടനങ്ങള്‍ക്കും ഒക്കെ എന്തര്‍ത്ഥം? പ്രകടനങ്ങള്‍ വെറും പ്രകടനങ്ങള്‍ മാത്രം.

ഇത്രയുമായപ്പോള്‍ എന്‍റെയുള്ളില്‍... ഉള്ളിന്‍റെയുള്ളില്‍ ഒരു തുള്ളി അഗ്നിജലം വീണതു ഞാനറിഞ്ഞു. ആ കരളിന്‍റെ കഥ കേട്ട് എന്‍റെ കരള്‍ പൊഴിച്ച കണ്ണുനീരായിരുന്നു അത്‌...

© ജയകൃഷ്ണന്‍ കാവാലം

17 comments:

smitha adharsh said...

തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റ്...
ഇഷ്ടപ്പെട്ടു..ഒരുപാട്..

Anonymous said...

who have time to read this big post.

അങ്കിള്‍ said...

എനിക്കും ഇഷ്ടപ്പെട്ടു ജയകൃഷ്ണാ.

കാവാലം ജയകൃഷ്ണന്‍ said...

സ്മിത ആദര്‍ശ്: നന്ദി

അനോണിമസ്: താങ്കള്‍ പറഞ്ഞത് സത്യമാണ്. നീളം കൂടിയ ഒരു പോസ്റ്റ് ആയിരുന്നു ഇത്.നീളം കുറയ്ക്കാമായിരുന്നു. എങ്കിലും സാധാരണ ഞാന്‍ തിരിഞ്ഞൊന്നു വായിച്ചു നോക്കാതെയും, എഡിറ്റ് ചെയ്യാതെയുമാണ് എല്ലാ പോസ്റ്റുകളും പബ്ലിഷ് ചെയ്യുന്നത്. അതു പോലെയങ്ങു ചെയ്തതാണ് പ്രശ്നമായത്. തീര്‍ച്ചയായും ഇനി മുതല്‍ ശ്രദ്ധിക്കാം. ചൂണ്ടിക്കാട്ടിയതിനു നന്ദി അറിയിക്കുന്നു

അങ്കിള്‍: സ്വാഗതം.സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു

Anonymous said...

excellent post

പാമരന്‍ said...

കൊള്ളാം മാഷെ..

മുസാഫിര്‍ said...

തിരുവനന്തപുരം എനിക്കും ഒരു വലിയ ഗ്രാമമാണെന്നേ തോന്നിയിട്ടുള്ളൂ.
കരളിനെക്കുറിച്ചുള്ള എഴുത്ത് ഇഷ്ടമാ‍യി.ഒരു ആത്മപരിശോധന നടത്തി നോക്കാം അല്ലെ ?

Kiranz..!! said...

കുറേ വല്യകാര്യങ്ങൾ ഒതുക്കി മനോഹരമാക്കിയിരിക്കുന്നു ജയകൃഷ്ണൻ മാഷേ.കൊള്ളാം..!

ഡിഗ്രി പഠന കാലം ഉൾപ്പടെ ഏഴു വർഷത്തെ തിരുവനന്തപുരം ജീവിതം ഇതേ കാഴ്ച്ചപ്പാടാണെനിക്കും ഉണ്ടാക്കിയത്.സ്നേഹമുള്ളവർ വളരെയധികമുള്ളൊരു സ്ഥലം..!

Kaithamullu said...

ഒരു രണ്ട് രണ്ടര പോസ്റ്റ്!

(“....തീര്‍ച്ചയായും ഇനി മുതല്‍ ശ്രദ്ധിക്കാം“.: നന്നായെഴുതുന്ന ജയകൃഷ്ണന്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം!)

ബഷീർ said...

നീളമല്‍പ്പം കൂടിയെങ്കിലും അവസാനം വരെ ആകാംക്ഷയോടെ വായിച്ചു.

നല്ല സന്ദേശം

അരുണ്‍ കരിമുട്ടം said...

കരളിനു വേണ്ടിയുള്ള ഈ കുറിപ്പ് കൊള്ളാം.നല്ല പോസ്റ്റ്.

Jayasree Lakshmy Kumar said...

കാവാലം ചിന്തിച്ചതിന്റെ വേറൊരു രൂപത്തിലെ ഒരു ചിന്ത എന്റെ ഉള്ളിൽ വരാറുണ്ട്. അത് ആത്മാവ് എന്ന കൺസെപ്റ്റിനെ കുറിച്ചാണ്. സ്നേഹത്തിലൂടെ ത്യാഗത്തിലൂടെ പരിപോഷിപ്പിക്കപ്പെടുകയും അതിലൂടെ സന്തോഷിക്കുകയും ചെയ്യുന്ന ആത്മാവ്, എന്നാൽ ആ വ്യക്തിയുടെ ദുഷ്പ്രവർത്തികളാൽ അതേ വ്യക്തിയുടെ ഉള്ളിലിരുന്ന് നിസ്സഹായതയ്യോടെ കരയുകയും ചെയ്യുന്ന ആത്മാവ്.

[ചുമ്മാ(എന്റെ) ഒരോരോ സങ്കൽ‌പ്പങ്ങൾ]

നല്ല പോസ്റ്റ്. ഇഷ്ടമായി

Lathika subhash said...

ജയകൃഷ്ണാ,
അഭിനന്ദനങ്ങള്‍.
പഞ്ചസാര ഗുളികയില്‍ മുക്കി ഹോമിയോമരുന്നു
കൊടുക്കുമ്പോലുണ്ട്.
ഗംഭീരമായി.
ഇത് വായിച്ച് സ്വന്തം
കരളിനോട് ആര്‍ക്കെങ്കിലുമൊക്കെ പ്രണയം തോന്നിയിരുന്നെങ്കില്‍!

കാവാലം ജയകൃഷ്ണന്‍ said...

എല്ലാവരും ഇവിടെ ആദ്യമാണെന്നു തോന്നുന്നല്ലോ... സന്തോഷം

അനോണിമസ് 2, പാമരന്‍: സ്വാഗതം. സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു.

മുസാഫിര്‍: സ്വാഗതം. തിരുവനന്തപുരത്തിന്‍റെ ഗ്രാമ്യമായ സംസ്കാരം ഇപ്പൊഴും കൈമോശം വന്നിട്ടില്ലെന്നത് സത്യമാണ്. ഗ്രാമീണ ഭാഷയും സംസ്കാരവും, ഗ്രാമീണരായ ആള്‍ക്കാരെയും ഇപ്പൊഴും നമുക്കു കാണാന്‍ കഴിയും. അതു തന്നെയാണ് ആ നാടിന്‍റെ സൌന്ദര്യവും.

കിരണ്‍സ്: സ്വാഗതം. ബന്ധങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്ന അദൃശ്യ ശക്തി സ്നേഹമാണ്. അതൊരിക്കല്‍ ലഭിച്ചാല്‍ അതു മറക്കാന്‍ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും കഴിയില്ല. (മനുഷ്യന്‍ എന്നു പറഞ്ഞത് യഥാര്‍ഥ മനുഷ്യന്‍റെ കാര്യമാണ്. ചിലരെയൊന്നും മനുഷ്യന്‍ എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലല്ലോ) സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു കിരണ്‍.

കൈതമുള്ള്‌: സ്വാഗതം. കൈതപ്പൂവിന്‍റെയും, പൂക്കൈതയാറിന്‍റെയും നാട്ടുകാരനായ എനിക്ക് ഈ പേര് ഇഷ്ടപ്പെട്ടു.“...നന്നായെഴുതുന്ന...” അല്പം കൂടിപ്പോയില്ലേ എന്നൊരു സംശയം? എഴുത്ത് അത്ര നന്നല്ലാത്തതു കൊണ്ടല്ലേ ശ്രദ്ധ കുറഞ്ഞു പോകുന്നത്. തീര്‍ച്ചയായും ഇനി ആവര്‍ത്തിക്കാതെ ശ്രദ്ധിക്കാം. സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ.

ബഷീര്‍ വെള്ളറക്കാട്: സ്വാഗതം. ആസ്വാദനത്തിന് നന്ദി അറിയിക്കട്ടെ.

അരുണ്‍ കായംകുളം: സ്വാഗതം. സന്ദര്‍ശനത്തിന് നന്ദി

ലക്ഷ്മി: സ്വാഗതം. ആത്മാവിനെ മറ്റൊരു തലത്തിലാണ് വേദാന്തം വിശകലനം ചെയ്യുന്നതെന്നു തോന്നുന്നു. വിശേഷിച്ച് സുഖ,ദുഃഖങ്ങളൊന്നുമില്ലാത്ത ആത്മാവ്, പൂര്‍വ്വജന്മാര്‍ജ്ജിതമായ വാസനാഗുണങ്ങളോടെ പുതുശരീരത്തില്‍ പ്രവേശിക്കുകയും തുടരുകയും ചെയ്യുന്നു. ഇവിടെ ആത്മാവിന്‍റെ പരിപോഷണം സാധ്യമാവേണ്ടത് ‘ബുദ്ധി’, ‘അന്വേഷണം‘, ‘വിശകലനം’, ‘സാക്ഷാത്കാരം‘ എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങളിലൂടെയാവണം. അതായത് ബുദ്ധിയിലൂടെ സത്യത്തെ അന്വേഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത് യഥാര്‍ഥ സത്യത്തെ സാക്ഷാത്കരിക്കുക. ആ വെളിച്ചത്തില്‍ നാം രൂപപ്പെടുത്തിയെടുക്കുകയും അനുശീലിക്കുകയും ചെയ്യുന്ന നമ്മുടെ വ്യാപാരവിശേഷങ്ങളുടെ വാസനാഗുണം ആണ് ആത്മാവിന്‍റെ ഗതിയെ നിയന്ത്രിക്കുന്നത്. അഥവാ മോക്ഷത്തിലെത്തിക്കുന്നത്. ഇതു വിപരീതമായാല്‍ വീണ്ടും ആത്മാവിന് മലീമസമായ ശരീരങ്ങളില്‍ വസിക്കേണ്ടി വരുന്നു. ചുരുക്കത്തില്‍ ജഢമായ ശരീരത്തിനെ പ്രവര്‍ത്തനനിരതമാക്കുന്ന ബാറ്ററിയായി ആത്മാവിനെ കണക്കാക്കാം. മനസ്സിന്‍റെ ഊര്‍ജ്ജസ്രോതസ്സായി. ബാറ്ററി ഉപയോഗിച്ച് റേഡിയോ കേള്‍ക്കാം, ടോര്‍ച്ചില്‍ ഇട്ട് പ്രകാശം ഉണ്ടാക്കാം, ബോംബും പൊട്ടിക്കാം. ഏതു ചെയ്യണം എന്നു തീരുമാനിക്കാന്‍ ആവശ്യമായ നമ്മുടെ വിവേചനബുദ്ധിയെ ആശ്രയിച്ചിരിക്കുമിത്. അതുപോലെ തന്നെ സ്വയം എന്തായിത്തീരണം എന്ന ഇച്ഛാശക്തിയെ ആശ്രയിച്ച് സ്വന്തം ആത്മപരിശോധനയിലൂടെയും,അനുശീലനത്തിലൂടെയും അതായിത്തീരുകയാണ് നാം. നെഗറ്റീവ്-പോസിറ്റീവ് സ്വഭാവ,പ്രവൃത്തി വിശേഷങ്ങള്‍ പൂര്‍ണ്ണമായും നമ്മുടെ ഉത്തരവാദിത്വമാണ്. കേവലം ‘വാസനാഗുണം’ മാത്രമേ ആത്മാവ് നമ്മിലേക്കു കൊണ്ടുവന്നിട്ടുള്ളൂ. അത് മാറ്റത്തിനു വിധേയമത്രേ. (ഇത് എന്‍റെ വ്യക്തിപരമായ കാഴ്ച്ചപ്പാടാണ്. ശരിയോ തെറ്റോ എന്നറിയില്ല) സന്ദര്‍ശനത്തിനും പ്രൌഢമായ ഒരു ചിന്ത പങ്കു വച്ചതിനും നന്ദി അറിയിക്കുന്നു.

ലതി: കരളിനോട് ആര്‍ക്കും പ്രണയമില്ല. പ്രണയിക്കാനാണ് ആള്‍ക്കാര്‍ക്ക് ഇന്ന് കരള്‍ ആവശ്യം. പ്രണയിക്കുമ്പോള്‍ ആള്‍ക്കാര്‍ കരളേ കരളിന്‍റെ കുളിരേ എന്നൊക്കെ വിളിക്കും. അതു കഴിഞ്ഞാല്‍ ആര്‍ക്കും കരളിനെ ഓര്‍മ്മ കാണില്ല.പാവം കരള്‍. എന്നാലും നമുക്ക് ആശിക്കാം കരളിനും സ്നേഹം കിട്ടുന്ന കാലം വരുമെന്ന്. സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു

Jayasree Lakshmy Kumar said...

നന്ദി ജയകൃഷ്ണൻ, ആ വിശകലനത്തിന്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല്ലെങ്കിലും എനിക്ക് താൽ‌പ്പര്യമുള്ള ഒരു വിഷയമാണത്. എന്റെ സ്വന്തം ചിന്തകളാണ് ഞാൻ പറഞ്ഞത്. ഒരുപാട് ക്രൂരന്മാരായ ആളുകളെ കുറിച്ച് വായിക്കുമ്പോ‍ൾ,, അതെല്ല്ലാം ഓർത്ത് കരയുന്ന ഒരാത്മാവ് അവരുടെ ഉള്ളിൽ തന്നെ ഉണ്ടാകില്ല്ലേ എന്ന എന്റെ ഒരു തോന്നൽ..ചുമ്മാ

നല്ല ഒരു വിശദീകരണം തന്നതിനു നന്ദി

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി. ആശംസകള്‍

കാവാലം ജയകൃഷ്ണന്‍ said...

മേഘമല്‍ഹാര്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം

 
Site Meter