Friday, November 7, 2008

ഒരു അപേക്ഷ

എത്രയും ബഹുമാനപ്പെട്ട എം.ഡി സാറിന് കായംകുളം താപനിലയത്തിന്‍റവിടുന്ന് ചേപ്പാട്ടോട്ടു പോകുമ്പം മമ്മൂഞ്ഞിന്‍റെ ഷാപ്പിന്‍റവിടുന്ന് മൂന്നാമത്തെ വീട്ടില്‍ സ്ഥിരതാമസക്കാരനായ ശശി എന്ന ഞാന്‍ സമര്‍പ്പിക്കുന്ന കമ്പനി തൂപ്പു ജോലിക്കുള്ള അപേക്ഷ.

സാര്‍,

സാറിന്‍റെ സ്ഥാപനത്തില്‍ ഒരു ഒഴിവുള്ളത് അറിയാനിടയായി. എനിക്ക് ആ ജോലി തരുന്നതുകൊണ്ട്‌ എന്തുകൊണ്ടും സാറിന് പ്രയോജനമല്ലാതെ മറ്റൊന്നും ഉണ്ടാവില്ലെന്ന് സാര്‍ മനസ്സിലാക്കണം. ഈ സ്ഥാപനത്തിന്‍റെ എം ഡി ആയ സാര്‍ കുറഞ്ഞത് ഒരു എം എ ബിരുദ ധാരിയെങ്കിലും ആയിരിക്കുമല്ലോ. തീര്‍ച്ചയായും ഏഴാം ക്ലാസ് വരെയെ പെഠിച്ചിട്ടുള്ളെങ്കിലും ഞാനും സാര്‍ പള്ളിക്കൂടത്തിലും കോളേജിലുമായി ചിലവഴിച്ച അത്രയും കാലം കൊണ്ടാണ് ഏഴു ക്ലാസ്സുകള്‍ പിന്നിട്ടത്. അതായത് നമ്മുടെ രണ്ടു പേരുടെയും വിദ്യാഭ്യാസകാലഘട്ടം ഏകദേശം ഒന്നുതന്നെയാണ്. എന്തു പഠിച്ചു എന്നതിനേക്കാള്‍ എത്രകാലം പഠിച്ചു എന്ന പുരോഗമനാത്മകമായ ചിന്തയിലേക്ക് സാര്‍ മാറിച്ചിന്തിക്കും എന്നെനിക്കുറപ്പുണ്ട്‌.

മറ്റൊന്നുള്ളത് ഞാന്‍ ഒരു അവിവാഹിതന്‍ ആണെന്നുള്ളതാണ്. ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സാവധാനം സാറിന്‍റെ ഏക മകളെ എനിക്കു വിവാഹം ചെയ്യാന്‍ കഴിയും. സാറിന്ന് ഈ വയസ്സുകാലത്ത് ഈ കഷണ്ടിയും, കുടവയറും എല്ലാമായി ഈ കമ്പനി ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതിന്‍റെ കഷ്ടപ്പാടുകള്‍ എനിക്കു മനസ്സിലാകും. സാറിന്‍റെ മരുമകന്‍ എന്ന നിലയില്‍ ഈ കമ്പനി ഏറ്റെടുത്തു നടത്താനും ഞാന്‍ തയ്യാറാണ്.

ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിക്കു വരുമ്പോള്‍ സാറിനെക്കേറി അമ്മാവാ എന്നു വിളിക്കുവാന്‍ താല്പര്യപ്പെടുന്നു. അല്ലെങ്കില്‍ പിന്നീട് മാറ്റി വിളിക്കുന്നത് ബിദ്ധിമുട്ടായിത്തീരുമല്ലോ. ഇപ്പൊഴത്തെ ജീവിതച്ചിലവുകളും, ഞാന്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളേക്കുറിച്ച് ഭാവിയിലേക്കു നീണ്ടു നില്‍ക്കുന്ന ചിന്തയും കണക്കിലെടുത്ത് കുറഞ്ഞത് സാര്‍ എനിക്ക് ഒരു പതിനായിരം രൂപയില്‍ കുറയാതെ ശമ്പളം തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നായാലും ഇതെല്ലാം എനിക്കു വന്നു ചേരേണ്ടതാണല്ലോ.

എന്തായാലും നമ്മുടെ ഈ ആസൂത്രണങ്ങളെക്കുറിചൊന്നും സാറിന്‍റെ മകള്‍ ഇപ്പോള്‍ അറിയണ്ട. അവളുടെ ഭാവിയെ കരുതിയാണ് ഞാനിതു പറയുന്നത്. പിന്നെ ഒരു കാര്യം അവള്‍ ചുരിദാറിടുന്നത് എനിക്കിഷ്ടമില്ല. അതു കൊണ്ട്‌ അവളോട്‌ ഇനു മുതല്‍ സാരി ഉടുത്താല്‍ മതിയെന്ന് ഉപദേശിക്കണം. ഇക്കാര്യം ജോലിക്കുള്ള അപേക്ഷയില്‍ സൂചിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് സാറിന് തോന്നുമായിരിക്കാം. പക്ഷേ എന്‍റെ സുതാര്യവും, സത്യസന്ധവുമായ പ്രകൃതം സാറിന്‍റെ മുന്‍പില്‍ ആവിഷ്കരിക്കാന്‍ വേണ്ടി മാത്രമാണ് ഇതു കൂടി കൂട്ടിച്ചേര്‍ത്തത്.


എന്ന്
മോഹനപ്രതീക്ഷകളും, സ്വപ്നങ്ങളും,
ആത്മവിശ്വാസവുമായി

ശശി
പുലിമടയില്‍ ഹൌസ്
നിയര്‍ താപനിലയം,
ബിഹൈന്‍ഡ് മമ്മൂഞ്ഞ്‌സ് ഷാപ്പ്
ചേപ്പാട് പ്.ഒ.
കായംകുളം
ആലപ്പുഴ,കേരള,ഇന്‍ഡ്യ,ഏഷ്യ,എര്‍ത്ത്.

© ജയകൃഷ്ണന്‍ കാവാലം

12 comments:

mayilppeeli said...

അപേക്ഷ സമര്‍പ്പിയ്ക്കുന്നതിനു മുന്‍പ്‌ അടുത്തുള്ള ആശുപത്രിയില്‍ ഒരു മുറി ബുക്ക്‌ചെയ്തുവയ്ക്കുന്നതു നല്ലതാണ്‌......നല്ല രസമുണ്ട്‌ അപേക്ഷ വായിയ്ക്കാന്‍....ഒരു കോപ്പിയെടുത്തുവച്ചേയ്ക്കാം...ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ......ആശംസകള്‍...

Anonymous said...

ha ha ha........ Track maattippidicho?

ജിജ സുബ്രഹ്മണ്യൻ said...

ഈ അപേക്ഷ വെച്ചാല്‍ ആ ജോലി ഉറപ്പാണേ !!

പാമരന്‍ said...

കാന്താരീ, ഈ അപേക്ഷ സമര്‍പ്പിച്ചാല്‍ ഒറപ്പായിട്ടും 'പണി' കിട്ടും എന്നു പറയൂ.. :)

ചാണക്യന്‍ said...

അയ്യോ ഈ അപേക്ഷ ഇതേവരെ പരിഗണിച്ചില്ലെ?:)

കാവാലം ജയകൃഷ്ണന്‍ said...

മലയാളി: ഇപ്പോള്‍ തന്നെ ലോകത്തെവിടെ പോയാലും മലയാളിയുടെ ദേഹത്തു മുട്ടീട്ടു നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. അപ്പോള്‍ പിന്നെ എന്തു കണ്ടെടുക്കാനാ സുഹൃത്തേ?

മയില്പീലി: കോപ്പിയെടുത്തു വച്ചോ പക്ഷേ ശത്രുക്കള്‍ക്കേ കൊടുക്കാവൂ...

അനോണിമസ്‌: ട്രാക്ക് മാറ്റിപ്പിടിച്ചതൊന്നുമല്ല. കുറേ നാളായി ആലോചിക്കുന്നു ഇത്തരം ഒരു അപേക്ഷയെക്കുറിച്ച്. അല്ല, എന്തിനാ സുഹൃത്തേ ഇങ്ങനെ ഒളിച്ചിരിക്കുന്നത്? വിമര്‍ശിക്കാനാണെങ്കിലും വെളിച്ചത്തിലേക്ക് സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. (നിര്‍ബന്ധിക്കുകയല്ല കേട്ടോ)

കാന്താരിക്കുട്ടീ: ജോലിയാകുമെന്നതില്‍ സംശയമേ വേണ്ട

പാമരന്‍: സ്വാഗതം. ഈ പണി കിട്ടിയാല്‍ ഉറപ്പായിട്ടും ഒപ്പം ഒരു ദീര്‍ഘകാല അവധി കൂടി കിട്ടും. അല്ലെങ്കില്‍ എടുക്കേണ്ടി വരും.

ചാണക്യന്‍: അഗ്രിച്ചേട്ടന് സ്വന്തമായിട്ടു കമ്പനിയുണ്ടെന്നു തോന്നുന്നു. അതാ ഈ അപേക്ഷ പരിഗണിക്കാഞ്ഞത്.

അപേക്ഷ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

Rejeesh Sanathanan said...

‘പണി‘കിട്ടാന്‍ ഈ അപേക്ഷ ധാരാളം...

അനില്‍@ബ്ലോഗ് // anil said...

പൂതി കൊള്ളാം :)

ഭൂമിപുത്രി said...

പകൽക്കിനാവില് പകുതിരാജ്യമാക്കുന്നതെന്തിനാണെന്നാൺ ജയകൃഷണന്റെ ചോദ്യം.

ബഷീർ said...

പണിയെപ്പൊ കിട്ടി എന്ന് ചോദിച്ചാ മതി.. കിട്ടുമെന്നുള്ളത്‌ ഒറപ്പാ .യേത്‌.. :)

Jayasree Lakshmy Kumar said...

you are appointed

കാവാലം ജയകൃഷ്ണന്‍ said...

മാറുന്ന മലയാളി: ‘പണി‘കിട്ടും അല്ലേ?

അനില്‍: സ്വപ്നം കാണുന്നതിന് എന്‍റര്‍ടെയിന്മെന്‍റ് ടാക്സ് ഒന്നും കൊടുക്കണ്ടല്ലോ... എന്നാല്‍ പിന്നെ കണ്ടുകളയാം അല്ലാതെന്താ

ഭൂമിപുത്രി: സ്വാഗതം. അതാണു കാര്യം

ബഷീര്‍ വെള്ളറക്കാട്‌: കിട്ടുമായിരിക്കും

ലക്ഷ്മി: താങ്ക്യൂ...

എല്ലാവരോടും: കണ്ടില്ലേ പണി കിട്ടിയത്... എല്ലാവര്‍ക്കും എന്‍റെ വക മിഠായി ഉണ്ട്‌ കേട്ടോ...

 
Site Meter