എല്ലാ സ്വപ്നങ്ങളിലും കേള്‍ക്കാറുണ്ടായിരുന്ന വളകിലുക്കം, കൂടുതല്‍ അടുത്തടുത്തു വരുന്നതായി എനിക്കനുഭവപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു. എന്നെ തെല്ലും അലോസരപ്പെടുത്താതെ മനസ്സിന്റെ ഓരോ അണുവിലും അനുപമമായ അനുഭൂതികള്‍ തീര്‍ക്കുന്ന ആ വളകിലുക്കത്തോട് എനിക്കു പ്രണയമായിരുന്നു. അതുകൊണ്ടു തന്നെ ആ ദിവസങ്ങളില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരുന്നു. ഏതോ ശുഭവാര്‍ത്തയുടെ ആഗമമോ, വരാനിരിക്കുന്ന ഏതോ ഐശ്വര്യത്തിന്റെ ലക്ഷണമോ എന്നൊക്കെ സന്ദേഹിപ്പിച്ച് ആ വളകിലുക്കം വീണ്ടും വീണ്ടും എന്നെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ കോരിത്തരിക്കലിന്റെ അസുഖമുണ്ടായിരുന്ന എനിക്ക് എന്നിട്ടും എന്തുകൊണ്ടോ ഇപ്പൊഴത്തെ ഈ കോരിത്തരിക്കല്‍ പുതുമയുള്ളതായി അനുഭവപ്പെട്ടു.
നീന്തിക്കുളിയും, പാടവരമ്പത്തു കൂടെയുള്ള തെണ്ടി നടക്കലുമൊക്കെയായി ദിവസങ്ങള്‍ കടന്നു പോകവേ ഒരു വാരാന്ത്യത്തിലെ രാത്രിയില്‍ വെറുതേ ഇന്റര്‍നെറ്റില്‍ പരതി നടന്നപ്പോള്‍ അതാ ഒരു സൌഹൃദ കമ്യൂണിറ്റിയില്‍ നന്ദന എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ!!!. കണ്ടതും ഞെട്ടിപ്പോയി. ഇതുവരെ ഇവന് സൌന്ദര്യം സൌന്ദര്യം എന്നു പറഞ്ഞ് അവിടെയുമിവിടെയുമെല്ലാം ആസ്വദിച്ചത് സൌന്ദര്യമേയല്ലായിരുന്നു എന്നിവന് മനസ്സിലായി. കാരണം അന്നാദ്യമായാണ് യഥാര്‍ത്ഥ സൌന്ദര്യം ഇവന് കാണുന്നതെന്ന് മനസ്സിലെ ഏതോ കൊമ്പില്‍ ചേക്കേറിയിരുന്ന ഒരു കിളി എന്നോടു പറഞ്ഞു. ഞാന്‍ കിളിയെ ഒളികണ്ണിട്ടു നോക്കി. മയങ്ങാന്‍ തയ്യാറെടുത്തിരുന്ന കിളി ചിറകൊന്നു കുടഞ്ഞ് ഉഷാറായിട്ട് വീണ്ടും പറഞ്ഞു. എടാ മണ്ടാ അതല്ല ഇതാ സൌന്ദര്യം.
കിളി പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി. കണ്മഷിയെഴുതിയ കണ്ണുകളിലെ കള്ളനോട്ടം എന്നെ വല്ലാതങ്ങു കീഴ്പ്പെടുത്തിക്കളഞ്ഞു. ഒന്നല്ല ഇനിയുമുണ്ട് ചിത്രങ്ങള്‍. ഓരോന്നായി മാറിമാറി നോക്കവേ ഇവന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു വരുന്നത് ഇവനറിഞ്ഞു. എന്തിനായിരിക്കും എന്റെ നെഞ്ചിങ്ങനെ ബഹളമുണ്ടാക്കുന്നത്? പാതി ചാരിയിരുന്ന ജനാലയിലൂടെ നിലാവിന്റെ ചുംബനമേറ്റ് കോരിത്തരിച്ച നിശാഗന്ധിയുടെ മാദകഗന്ധം എന്നെ പരവശനാക്കുവാന്‍ ഒഴുകി വന്നുകൊണ്ടിരിക്കുന്ന രാത്രിയുടെ ഗന്ധര്‍വ്വയാമത്തില്‍, അതുവരെ ഉറക്കത്തില്‍ മാത്രം കേട്ടിരുന്ന ആ വളകിലുക്കം, അതേ വളകിലുക്കം വീണ്ടും ഇവന് കേള്‍ക്കാന്‍ തുടങ്ങി. ആശ്ചര്യത്തോടെ ഇവന് തിരിച്ചറിഞ്ഞു അതേ ഇവളായിരുന്നു എന്റെ മനസ്സിന്റെ മണിയറയിലിരുന്ന് എന്നും വള കിലുക്കിയിരുന്നത്. ഞാന്‍ അവളുടെ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി. കൈ നിറയെ ചുവന്ന കുപ്പിവളകള്‍!!! അതേ ഈ വളകള്‍ തന്നെയാണ് കിലുങ്ങിയത്. ഇപ്പൊഴും കിലുങ്ങിക്കൊണ്ടിരിക്കുന്നത്.
അവളുടെ മുഖലാവണ്യത്തേക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ ഇനിയും സ്വര്‍ഗ്ഗത്തില്‍ നിന്നോ ഗഗനചാരികളായ ഗന്ധര്വ്വന്മാരില് നിന്നോ കടം കൊള്ളേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍പ്പം കണ്ണിനു സായൂജ്യം നിന് രൂപം’ എന്ന് ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയത് ചിലപ്പോള്‍ ഇവളുടെ തള്ളയെ കണ്ടിട്ടായിരിക്കും. കാരണം അദ്ദേഹം ഈ ഗാനം എഴുതുന്ന സമയത്ത് ഇവള് ജനിച്ചിട്ടു പോലുമുണ്ടാവില്ല.
വിറയാര്‍ന്ന കൈകളോടെ, പരവശമായ കണ്ഠത്തോടെ, പാരിജാതപ്പൂക്കളില്‍ നിന്നും കിനിഞ്ഞു വീഴുന്ന മധുകണങ്ങള്‍ മഴത്തുള്ളികളായി പൊഴിയുന്ന മനസ്സോടെ ഇവനവള്‍ക്കൊരു പ്രേമലേഖനമെഴുതാന്‍ തീരുമാനിച്ചു. അവളുടെ അച്ഛനേക്കുറിച്ചോര്‍ത്ത് വിറയലും, ആങ്ങളമാരേക്കുറിച്ചോര്‍ത്ത് പാരവശ്യവും അനുഭവപ്പെട്ടു, പക്ഷേ മഴത്തുള്ളി മാത്രം പൊഴിഞ്ഞില്ല. ഇടക്കിടെ ഷവറിന്റെ ചുവട്ടില്‍ പോയി നിന്ന് മനസിനെ തലയിലേക്കാവാഹിച്ച് മഴത്തുള്ളിയുടെ സാന്നിദ്ധ്യം ഉള്‍ക്കൊണ്ട് ഇവന് എഴുതാന്‍ തുടങ്ങി.
ആയിരം പൂര്‍ണ്ണചന്ദ്രന്റെ നിലാവൊത്ത സുന്ദരീ, എന്റെ മനസ്സിന്റെ മണിയറയില്‍ വീണ മീട്ടുന്ന ഗായികേ, നിന്റെ ഹൃദയഗോപുരവാതില്‍ക്കല്‍ ഇതാ ഒരു ഭിക്ഷാംദേഹിയായി ഇവന് കാത്തു നില്ക്കുന്നു. നിന്റെ കരപല്ലവങ്ങളിലെ കുപ്പിവളകള്‍ കിലുങ്ങുന്ന സംഗീതം അത് എന്റെ ഹൃദയംഗീതമാണ് എന്നു നീയറിയുന്നുവോ പ്രിയേ, എന്റെ മനസ്സിന്റെ ശ്രീകോവിലില്‍ ചന്ദനത്തില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം പോലെ വിളങ്ങുന്നവളേ, സാക്ഷാല്‍ നാളീകലോചനന്റെ ചാരത്തു നിന്നും ഇവനു വേണ്ടി, ഇവനുവേണ്ടി മാത്രമായി ഭൂമിയിലേക്കിറങ്ങി വന്ന മഹാലക്ഷ്മീ നിന്റെ മനോമന്ദിരത്തില്‍ ഇവനിതാ പൂജാപുഷ്പങ്ങളുമായി കാത്തു നില്ക്കുന്നു. നിന്റെ മനസ്സിന്റെ സോപാനത്തില്‍ ഇവന്റെ ആത്മാവു പൊഴിക്കുന്ന സംഗീതം നീ കേള്‍ക്കുന്നുവോ? അതിനകമ്പടിയായി നീ കേള്‍ക്കുന്നത് ഇടയ്ക്കയുടെ താളമല്ല പ്രിയേ... അതെന്റെ ഹൃദയത്തിന്റെ പടോ പടോയെന്ന മിടിപ്പാണ്... നിനക്കായി മാത്രം തുടിക്കുന്ന എന്റെ സ്വന്തം ഹൃദയത്തിന്റെ മിടിപ്പ്... നീയിവനെ ഒന്നു നോക്കിയാലും, ഇവനില്‍ കടാക്ഷിച്ചാലും, നിന്റെ പ്രേമാമൃതം ഇവനില്‍ പ്രസാദമായ് വര്‍ഷിച്ചാലും...
വിറയാര്‍ന്ന വിരലുകളോടെ ഇവന് മെയില്‍ ബോക്സിന്റെ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ തൊട്ടപ്പുറത്ത് പൂക്കൈതയുടെ സംഗീതം കേട്ടു നിലകൊള്ളുന്ന അരയാല്‍ മരത്തിനെ ഒരു കാറ്റു വന്നു തലോടി. അനന്തമായ പ്രേമത്തിന്റെ അസംഖ്യം പൂത്താലികള് കിലുക്കി നിത്യ താപസനെങ്കിലും വൃക്ഷരാജന് ആ കാറ്റിനെ സ്വാഗതം ചെയ്തു. ആ സമയം കൈതപ്പൂവുകള്‍ മാദകത്വമാര്‍ന്ന പരാഗ ഗന്ധത്തോടെ വിടരുകയും, നക്ഷത്രങ്ങള്‍ തിളക്കമാര്‍ന്നു പ്രകാശിക്കുകയും, വീട്ടിലെ ക്ലോക്കില്‍ മണി ഒന്നടിക്കുകയും ചെയ്തു. ഈ ശുഭലക്ഷണങ്ങള്‍ ഇവനില്‍ അതിയായ സന്തോഷമുണ്ടാക്കി.
പാതി ചാരിയ ജനാലയെ അവഗണിച്ച് ഇവന് കതകു തുറന്ന് പുറത്തിറങ്ങി ചുറ്റി നടന്നു. അപ്പോഴുണ്ടൊരാള്‍ പതുങ്ങി പതുങ്ങി ഇവന്റെ പുറകേ വരുന്നു. ഇവന് ഞെട്ടിത്തിരിഞ്ഞ് ആരാണെന്നു ചോദിച്ചു. കയ്യില്‍ ക്രിക്കറ്റ് കളിക്കുന്ന സ്റ്റമ്പും പിടിച്ച് സാക്ഷാല്‍ വാവക്കുട്ടനമ്മാവന്!. പാതിരാതിയില്‍ കള്ളനേപ്പോലെ കറങ്ങി നടന്ന് മനുഷ്യനേ മെനക്കെടുത്താതെ പോയിക്കിടന്നുറങ്ങെടാ കഴുതേ... എന്നമ്മാവന് ആക്രോശിച്ചെങ്കിലും, കൂടുതല്‍ വിസ്തരിക്കാന്‍ നില്‍ക്കാതെ ഇവന് അകത്തു കയറി കതകടച്ചെങ്കിലും ഇതെല്ലാം ഒരു മനോഹര സ്വപ്നത്തിനിടയില്‍ തിരിഞ്ഞു കിടക്കേണ്ടി വന്നത്ര ലാഘവത്വത്തോടെ ഇവന് മറന്നു കളഞ്ഞു. മനസ്സു നിറയെ അവളായിരുന്നു... നന്ദന. ഇനിയുള്ള ഇവന്റെ ഓരോ നിമിഷങ്ങളിലും അലിഞ്ഞു ചേരേണ്ടവള്‍.
പാതിരാത്രിയെങ്കിലും ഇവന് ലൈറ്റിട്ട്, ശബ്ദമുണ്ടാക്കാതെ, മറ്റുള്ളവരെ ശല്യപ്പെടുത്താതെ ഷേവ് ചെയ്തു, പൌഡറിട്ടു, മുടി നന്നായി ചീകിയൊതുക്കി, ഇവനെ സൃഷ്ടിച്ചപ്പോള്‍ അല്‍പ്പം കൂടി കൂടുതല്‍ സൌന്ദര്യം തരാതിരുന്ന ഈശ്വരനെ പിശുക്കന് എന്നു വിളിച്ചു. മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉറക്കം വന്നതേയില്ല. പൂക്കൈതയാറും, കിളികളുമെല്ലാം ഉണര്‍ന്നപ്പൊഴും ഇവനുറങ്ങിയില്ല. രാവിലെ തന്നെ പള്ളിയറക്കാവില്‍ പോയി തൊഴുതു. കൃഷ്ണന്റെ നടയില്‍ ചെന്ന് കൂടുതല്‍ സമയം പ്രാര്‍ത്ഥിച്ചു, എണ്ണിയാലൊടുങ്ങാത്തത്ര നമസ്കരിച്ചു. തൃക്കൈവെണ്ണ നേദിച്ചു, പാല്‍പ്പായസം നേദിച്ചു. മനസ്സില്ലാ മനസ്സോടെ കള്ളച്ചിരി തൂകി നില്ക്കുന്ന ചെന്താമരക്കണ്ണനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഇവന് തിരികെ നടന്നു.
വീട്ടില്‍ വന്ന് പൂജാമുറിയില്‍ വീണ്ടും വീണ്ടും ആത്മാര്‍ത്ഥമായി നമസ്കരിച്ചു. നിലവിളക്കില്‍ അഞ്ചു തിരിയിട്ട് കത്തിച്ചു വച്ച് ഇവന് മെല്ലെ കമ്പ്യൂട്ടറിന്റെയടുത്തേക്കു നീങ്ങി. കമ്പ്യൂട്ടര്‍ പതിവിലും വേഗത്തില്‍ ബൂട്ടായി വരുന്നു. എല്ലാം നിന്റെ കൃപാകടാക്ഷം എന്റെ കൃഷ്ണാ എന്ന് മനസ്സുകൊണ്ട് മന്ത്രിച്ചു. കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ട് അപ്പ് സംഗീതമായ സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ മനസ്സിനെ കുളിരു കോരിയണിയിച്ചു. ഇനി ഇതു മാറ്റി നന്ദനന്ദനം ഭജേ എന്നാക്കണമെന്നു തീരുമാനിച്ചു.
പതിയെ ഇവന് ഇ മെയില്‍ ബോക്സില്‍ പ്രവേശിച്ചു. അതാ... അതാ... അതാ കിടക്കുന്നു ഒരേയൊരു മെയില്‍. ഒരെണ്ണം മാത്രം നന്ദന@...കോം, Re.എന്റെ സര്‍വ്വസ്വമേ... ഇവന്റെ മിഴികള്‍ നിറഞ്ഞൊഴുകി. ഇതായിരിക്കും ചിലപ്പോള്‍ പ്രേമസാഫല്യം എന്നു പറയുന്ന സാധനം. അല്ല, ഇതു തന്നെയാണ്. ഇവന് ആവേശപൂര്‍വ്വം ആ കത്ത് തുറന്നു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു...
"എടാ പട്ടീ, പൂവാലന്മാരുടെ ചക്രവര്‍ത്തീ, നട്ടപ്പാതിരാത്രിയില്‍ കുത്തിയിരുന്ന് പെണ്ണുങ്ങള്‍ക്ക് പ്രേമലേഖനമെഴുതുന്ന നേരത്ത് പത്ത് രാമനാമം ജപിച്ച് കിടന്നുറങ്ങാന്‍ നോക്കെടാ അലവലാതീ... പെണ്ണുങ്ങളേ കാണുമ്പോള്‍ നിനക്കൊക്കെ എന്താടാ ഒരു ഇത്?... പോയി....."
അവളുടെ സൌന്ദര്യത്തേക്കാള്‍ പതിന്മടങ്ങ് ഭാഷാജ്ഞാനം കൂടി ഉള്ളവളാണവള്‍ എന്നെനിക്കു ബോദ്ധ്യമായി.
ഇവന്റെ കണ്ണുകളില്‍ നിന്നും ധാരധാരയായി പൊഴിഞ്ഞുകൊണ്ടിരുന്ന ആനന്ദാശ്രുക്കള്‍ വന്ന വഴിയേ തിരിച്ചു പോയി. നിലവിളക്ക് കരിന്തിരി കത്തിയ ഗന്ധം എവിടെ നിന്നോ വന്നെന്നെ അലോസരപ്പെടുത്തി. കാറ്റത്ത് ആടിയുലയുന്ന ആലിലകളുടെ ശബ്ദകോലാഹലം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. മീന്‍ ചന്തയില്‍ കയറിയ പോലുണ്ട്, ശല്യം എന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് ഇവന് ജനലുകള്‍ കൊട്ടിയടച്ചു. മുഖത്തു പൊടിഞ്ഞു വന്ന വിയര്‍പ്പുകണങ്ങള്‍ ഇന്നലെ ഷേവ് ചെയ്തപ്പോഴുണ്ടായ മുറിവില്‍ വല്ലാത്ത നീറ്റല്‍ പകര്‍ന്നു. മനസ്സില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആ കള്ളക്കിളി എങ്ങോട്ടോ പറന്നു പോയിരുന്നു. ഇവന്റെ ഇളിഭ്യത, സ്വന്തം മനഃസ്സാക്ഷിയില്‍ നിന്നും മറച്ചു വയ്ക്കാന്‍ ഇവനൊരു പാട്ടു കേള്‍ക്കാന്‍ തീരുമാനിച്ചു. കണ്ണില്‍ കണ്ട ഒരു ഗാനത്തില്‍ ക്ലിക്ക് ചെയ്തു... മനഃസ്സാക്ഷിയില്ലാത്ത കമ്പ്യൂട്ടര്‍ പാടിത്തുടങ്ങി...
അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു...
© ജയകൃഷ്ണന് കാവാലം
6 comments:
ഹിഹിഹിഹിഹിഹിഹിഹി.....
പടം കണ്ട് ചാടിയിറങ്ങി പ്രേമലേഖനം മെയില്‍ ചെയ്ത മാഷെ....ചിരിക്കാതെ എന്ത് പറയാന്‍...
വിഷമിക്കേണ്ട......സമയം പാഴാക്കാതെ അടുത്തതിനെ തപ്പാന്‍ നോക്ക്...
അതും ചീറ്റി പോയാ...ഇങ്ങനെ വിചാരിക്ക്...
പോനാല്‍ പോകട്ടും പോടാ...
ഹിഹിഹിഹിഹിഹി
കടപ്പാട് .. മോളിലൊള്ള മനുഷേനോട്... !
:-) Kollallo.
:-) Kollallo.
:) പറ്റിപ്പായല്ലോ, സാരമില്ലെന്നേ അടുത്തതാകട്ടെ.
INTERESTING!!!
Post a Comment