Wednesday, March 25, 2009

ആശാന്‍

ഒരു പരസ്യ കമ്പനിയില്‍ കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്യുന്ന കാലം. ഞാനവിടെ കോപ്പി റൈറ്ററായതിനു പിന്നില്‍ ഒരു കഥയുണ്ട്‌...


നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ക്കും എന്ന മുദ്രാവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു ഹിന്ദിക്കാരന്‍റെ കമ്പനിയിലെ അടിമപ്പണി വലിച്ചെറിഞ്ഞ്, എയര്‍പോര്‍ട്ടില്‍ നിന്നു കൊണ്ട്‌ ഇനിയീ രാജ്യത്തു കാലു കുത്തുന്ന പ്രശ്‌നമില്ല എന്ന് ശപഥവും ചെയ്ത് വന്ന വരവാണ്. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ വലിയൊരു സത്യം മനസ്സിലായി. ആദര്‍ശം പുഴുങ്ങിത്തിന്നാല്‍ വയര്‍ നിറയില്ല എന്ന മഹാസത്യം. എന്നാലും വിദേശത്തെ ജയിലിലെ ഗോതമ്പുണ്ടയേക്കാള്‍ എന്തുകൊണ്ടും നല്ലത് സ്വന്തം നാട്ടിലെ വായുഭക്ഷണം തന്നെ എന്ന ആശ്വാസം എന്നെ ആശ്വസിപ്പിച്ചു.


ഞാന്‍ പ്രവാസം ആരംഭിച്ച കാലം മുതല്‍ -അതു വരെ തിരിഞ്ഞു നോക്കാതിരുന്ന- ചില ബന്ധുക്കള്‍ക്ക് ജയകൃഷ്ണനോട്‌ അളവില്ലാത്ത സ്നേഹം. ഐ എസ്‌ ഡി വിളിച്ചു വരെ അവരെന്നെ സ്നേഹം കൊണ്ട്‌ വീര്‍പ്പു മുട്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചെന്നെ കൊല്ലാറാക്കിയ ഒരു ബന്ധുവീട് എയര്‍പോര്‍ട്ടിനടുത്താണ്. വിമാനമിറങ്ങി നേരെ അവിടെ ചെന്നു. സംഭവങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ ആ സ്ത്രീരത്നം എനിക്ക് മറ്റൊരു ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു. മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതിച്ചു. മറ്റൊരാളിന്‍റെ ശുപാര്‍ശയില്‍ എന്‍റെ ആത്മവിശ്വാസം അംഗീകരിക്കപ്പെടുന്നത്‌ എനിക്കിഷ്ടമില്ലായിരുന്നു. ഇത്രയൊക്കെ സ്നേഹിച്ചതല്ലേയെന്നു കരുതി കൊണ്ടു വന്ന വലിയ പെട്ടി കാലിയാക്കി ഞാന്‍ തിരിച്ചു പോന്നു. വിദ്യാഭ്യാസമുണ്ടെങ്കിലും, ഉയര്‍ന്ന ഉദ്യോഗമുണ്ടെങ്കിലും ചിലര്‍ക്ക് ചിലതിനോടെല്ലാം ഭയങ്കര ആക്രാന്തമാണ്. അത് നമ്മള്‍ മനസ്സിലാക്കണമല്ലോ.


അങ്ങനെ അവര്‍ക്ക് നല്ല പരിചയമുള്ള ഒരു പരസ്യ കമ്പനിയിലാണ് ഞാന്‍ ജോലിക്കായി ചെല്ലുന്നത്. ‘ഞാന്‍ എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്’ എന്ന അവരുടെ ധൈര്യപ്പെടുത്തലുകള്‍ ഉള്‍ക്കൊണ്ട്‌ മുതലാളിയുടെ മുന്‍പില്‍ ഇവന്‍ സവിനയം ഇരിപ്പുറപ്പിച്ചു. ബോസ് ബയോഡാറ്റയൊക്കെ വായിച്ച് കഴിഞ്ഞു പറഞ്ഞു ഇവിടെയിപ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഒരു ഒഴിവില്ല. പിന്നെയുള്ളതൊരു കോപ്പി റൈറ്ററുടെ വേക്കന്‍സിയാണ്. ആരെയെങ്കിലും അറിയുമെങ്കില്‍ പറയണം. (നല്ല കോപ്പി റൈറ്ററെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്).


ഞാന്‍ പറഞ്ഞു, ഞാന്‍ ചെയ്യാമെന്ന്‌.
അദ്ദേഹം ചോദിച്ചു: അതിന് ഇതിനു മുന്‍പ്‌ എപ്പോഴെങ്കിലും കോപ്പി എഴുതിയിട്ടുണ്ടോ?
ഞാന്‍ പറഞ്ഞു: ഇല്ല, പക്ഷേ കിട്ടിയാല്‍ ചെയ്യും.


പോയാലൊരു വാക്ക്, കിട്ടിയാലൊരു ജോലി ഞാനിത്രയേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ കിട്ടി.


ബോസ്‌ പറഞ്ഞു, ഈ ആത്മവിശ്വാസം എനിക്കിഷ്ടമായി. തല്‍ക്കാലം അസിസ്റ്റന്‍റ് ആയി ജോയിന്‍ ചെയ്തോ.മാസം നാലായിരം രൂപ ശമ്പളം തരാം. രണ്ടു മാസം കഴിഞ്ഞ് ബോദ്ധ്യപ്പെട്ടാല്‍ ശമ്പളം കൂട്ടിത്തരാം എന്ന്.


ഇവന്‍ ഇവിടുന്ന് വിദേശത്തേക്ക് വിമാനം കയറുമ്പോള്‍ പഴയ കമ്പനിയില്‍ ലഭിച്ചിരുന്ന ശമ്പളം ഇരുപത്തിയേഴായിരം, ഇപ്പോള്‍ നാലായിരം... മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നിവിടെ പറയാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ആ സിറ്റിയില്‍ താമസിച്ച് ഈ ജോലിയില്‍ തുടരണമെങ്കില്‍ കയ്യില്‍ നിന്നു കൂടി കാശു ചിലവാകും എന്നതാണ് സത്യം. ഏതായാലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഒരു ജോലിയും നാലായിരം രൂപയും എന്നു സമാധാനിച്ചു ജോലിയില്‍ പ്രവേശിച്ചു.


സര്‍ഗ്ഗധനനായ നാരായണന്‍ നമ്പൂതിരിയെന്ന പ്രഗത്ഭനായ കോപ്പിറൈറ്ററുടെ ജൂനിയര്‍ ആയി ജോലി ആരംഭിച്ചു. ഞങ്ങള്‍ മൂന്നു പേര്‍ ചേര്‍ന്ന് ഒരു കൊച്ചു വാടകവീട്ടില്‍ താമസവും ആരംഭിച്ചു


ആദ്യത്തെ കാപ്ഷന്‍ തന്നെ അപ്രൂവല്‍ ആയപ്പോള്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിച്ചു. ആ സ്ഥാപനത്തില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഇവനെഴുതിയെ ഏറെക്കുറേ മുഴുവന്‍ കോപ്പികളും വിജയം കണ്ടതില്‍ നാരായണന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്‌. എഴുതാനുള്ള കഴിവ് മാത്രം പോര, ഒരു സാങ്കേതിക എഴുത്തെന്നു വിശേഷിപ്പിക്കാവുന്ന കോപ്പി റൈറ്റിംഗിന്. ആ കുറവുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ നാരായണന്‍ എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചിട്ടുണ്ട്‌.


നല്ല ഒരു എഴുത്തുകാരന്‍ കൂടിയാണ് നാരായണന്‍. നാരായണീയം എന്ന പേരില്‍ അദ്ദേഹം ഒരു ആത്മകഥ എഴുതിയിട്ടുണ്ട്‌. ജീവിതാനുഭവങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതി.


ആ സ്ഥാപനത്തിലെ ആര്‍ട്ട് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ വിഷ്വലൈസറാണ് ആശാന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന പ്രതിഭാധനനായ വലിയ മനുഷ്യന്‍. ജീവിതയാത്രയില്‍ അപൂര്‍വ്വമായി മാത്രം കണ്ടെത്താന്‍ കഴിയുന്ന പ്രതിഭയുടെയും നര്‍മ്മത്തിന്‍റെയും കൂടി ആശാനാണദ്ദേഹം. മനസ്സു നിറയെ സ്നേഹവും, വാക്കുകളില്‍ നിറയെ തമാശകളും, ചിന്തയില്‍ നിറയെ ജീവിതപ്രാരബ്‌ധങ്ങളുമുള്ള അസാധാരണക്കാരനായ ഒരു സാധാരണക്കാരന്‍.


ആ സ്ഥാപനത്തിന്‍റെ ഉണര്‍വ്വാണ് ആശാന്‍. അദ്ദേഹമവിടെയുണ്ടെങ്കില്‍ ചിരിയൊഴിഞ്ഞ നേരമില്ല. ഞാന്‍ ഒരു പല്ലു പോയ സീനിയര്‍ വിഷ്വലൈസര്‍ ആണെന്ന് അദ്ദേഹം കുറച്ചു നാള്‍ കഴിഞ്ഞാണ് അറിയുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന് എന്നോട്‌ അല്പം കൂടുതല്‍ സ്നേഹം തോന്നിത്തുടങ്ങിയിരുന്നോ എന്നെനിക്കു സംശയമുണ്ട്‌. വര്‍ഗ്ഗസ്നേഹം!!!.


പതിയെപ്പതിയെ ആശാന്‍ എന്നെ കുറേശ്ശെയായി തട്ടിയെടുക്കാന്‍ തുടങ്ങി. ആശാനു കിട്ടുന്ന ടാസ്ക്കുകളില്‍ എന്നെയും പങ്കാളിയാക്കി. ഇന്നും ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു, ആ കലാകാരന്‍റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് എന്‍റെ ഒരു വലിയ ഭാഗ്യം തന്നെയായിരുന്നു എന്നത്. നാരായണന്‍ തമാശ രൂപേണ ആശാനോട്‌ പരിഭവിക്കുമായിരുന്നു, ആശാനേ എനിക്ക് ആറ്റു നോറ്റിരുന്ന് ഒരു അസിസ്റ്റന്‍റിനെ കിട്ടിയതാണ്, ആശാന് അഞ്ചാറസിസ്റ്റന്‍റുമാരില്ലേ എനിക്കാകെക്കൂടിയുള്ള ഒരെണ്ണത്തിനെ ആശാന്‍ അടിച്ചോണ്ടു പോകരുത് തുടങ്ങി നാരായണന്‍റെ പരിഭവിക്കലും, ആശാന്‍റെ മറുപടിയുമൊക്കെയായി ദിവസങ്ങള്‍ കഴിഞ്ഞു പോയി.


ഇടക്കാണറിയുന്നത് എന്നെ അവിടെ കൊണ്ടു ചെന്നാക്കിയ ശ്രീമതി ബോസിനോട് പറഞ്ഞു കേള്‍പ്പിച്ച കഥകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയിലേ അല്ല ആ കമ്പനി എനിക്ക് ജോലി തന്നത്. അത്ര പരിതാപകരമായി ചിത്രീകരിച്ചാണ് അവര്‍ അവിടെ എന്നെ തിരുകി കയറ്റിയത്. ശുപാര്‍ശകളെ അങ്ങേയറ്റം വെറുക്കുന്ന ഞാന്‍ വാസ്തവത്തില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആ കമ്പനിയില്‍ ചേര്‍ന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റവും, അവിടുത്തെ അന്തരീക്ഷവും എന്നെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. എന്നാല്‍ ഈ വൃത്താന്തം അറിഞ്ഞതു മുതല്‍ എനിക്ക് അവിടെ തുടരാന്‍ മനസ്സുകൊണ്ട്‌ കഴിയാതെ വന്നു. ആത്മവിശ്വാസമുള്ള ഒരു കലാകാരന് ഒരിക്കലും ഇത്തരം താഴ്ത്തിക്കെട്ടലുകള്‍ ഒരു കാലത്തും സഹിക്കുവാനും ക്ഷമിക്കുവാനും കഴിയില്ല.


ഈ പറഞ്ഞ ബന്ധു(?) ഇങ്ങനെ ചെയ്തതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്‌. ഇവരുടെ കുട്ടിക്കാലങ്ങളില്‍ എന്‍റെ അമ്മയുടെ അച്ഛന്‍ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്തിരുന്നു. അതിലും കൂടുതല്‍ ഒരു മഹാപരാധം വേറെയില്ലല്ലൊ ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് വൈരാഗ്യം ഉണ്ടാകുവാന്‍. ഉണ്ട ചോറിന്‍റെ നന്ദി എന്നു പറയുന്നത് ഇതാണ്. ഇംഗ്ലീഷില്‍ ഇന്‍ഫീരിയോരിറ്റി കോം‍പ്ലക്സെന്നോ മറ്റോ പറയാം. എത്രയൊക്കെ പഠിച്ചാലും, ഉയര്‍ന്ന ജോലി നേടിയാലും ഈ പറഞ്ഞ നന്ദി രക്തത്തില്‍ നിന്നും പോകില്ലല്ലോ. ഞാന്‍ ആ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റു ചില വഴിയില്‍ ചില ലാഭങ്ങള്‍ കണ്ടിരുന്ന അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെ എന്നെ ആ കമ്പനിയില്‍ നിന്നു പുറത്തു ചാടിക്കാനായി അവരുടെ ശ്രമം. എന്നെക്കുറിച്ച് പറയാവുന്ന അപവാദങ്ങളെല്ലാം പറഞ്ഞു കൂട്ടി എന്നത് പല അവസരങ്ങളിലായുള്ള സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.


ഞാന്‍ മറ്റൊരു തൊഴിലിനായി ശ്രമം ആരംഭിച്ചു. ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു ഇടത്തരം കമ്പനിയില്‍ ഒരു ജോലി തരപ്പെട്ടു. ദിവസവും പോയി വരാവുന്ന, പഴയതിലും മികച്ച ശമ്പളമുള്ള ഒരു ജോലി. ഞാന്‍ ബോസിനോട്, എനിക്ക് ഒരു ഓഫര്‍ കിട്ടിയിട്ടുണ്ട്‌ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ബോസിന്‍റെ സ്വഭാവം മാറി. ഒരു ബോസിന് തന്‍റെ തൊഴിലാളിയോട്‌ - 6 മാസം ശമ്പളം നല്‍കിയ അധികാരത്തില്‍- ഇത്രമാത്രം വിലയിടിച്ചു സംസാരിക്കാനുള്ള അവകാശമുണ്ടെന്ന്‌ അന്നാണെനിക്കു മനസ്സിലായത്.


എന്നാല്‍ ഇന്നും, ഈ നിമിഷവും എനിക്കദ്ദേഹത്തോട്‌ യാതൊരു വിരോധവുമില്ല, പരിഭവവുമില്ല. നിറഞ്ഞ നന്മയുള്ള വലിയ ഒരു മനസ്സിനുടമയാണദ്ദേഹം. ആ സ്ഥാപനത്തില്‍ ഞാന്‍ ജോലി നോക്കിയിരുന്ന അത്രയും കാലം വളരെയധികം പ്രോത്സാഹനവും, പിന്‍‍തുണയും അദ്ദേഹത്തില്‍ നിന്നെനിക്കു കിട്ടിയിട്ടുണ്ട്. എന്തു ശുപാര്‍ശയുടെ പേരിലായാലും ഒരു മുന്‍‍പരിചയവുമില്ലാത്ത ഒരു ഒരു പുതുമുഖത്തെ ഉത്തരവാദിത്വമുള്ള ഒരു ജോലിയില്‍ ഭാഗ്യപരീക്ഷണം നടത്തുവാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവം തന്നെ ഒരു നല്ല കലാകാരന്‍ കൂടിയായ ആ വലിയ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ മാത്രമെന്നതില്‍ സംശയമില്ല.

തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ് അദ്ദേഹത്തെ എന്നോടങ്ങനെ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന സത്യം വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. പുറം ലോകമറിയുന്ന സ്വഭാവവും, വ്യക്തിത്വവുമല്ല ആ സ്ത്രീയുടെ യഥാര്‍ത്ഥ ഭാവം എന്നത്‌ അവരെ നന്നായി അടുത്തറിയുന്ന ഞങ്ങള്‍ ബന്ധുക്കളുടെ അനുഭവമാണ്. അത് തെളിയിക്കേണ്ട ബാദ്ധ്യത കാലത്തിനാണ്.

ഞാന്‍ അദ്ദേഹത്തോട്‌ പുതിയ ജോലിയുടെ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ ആശാന്‍റെ ഒരു ജോലിയില്‍ ആശാനെ സഹായിക്കുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി കമ്പ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ ഒരു കലാകാരനെന്ന നിലയില്‍ മുന്‍പനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വ ബോധവും, ഉണര്‍വ്വുമാണ് മനസ്സിന്. ഒരു തികഞ്ഞ കലാകാരനു മാത്രം പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ഊര്‍ജ്ജം ആശാന്‍റെ ഓരോ വാക്കുകളില്‍ നിന്നും ഞാനനുഭവിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയും കൊതിയോടെയുമാണ് ഞാന്‍ ആശാനോടൊപ്പം ആ ജോലി ചെയ്തുകൊണ്ടിരുന്നത്. രാത്രി എട്ടുമണിയോടു കൂടി ഞാന്‍ സാറിന്‍റെ കാബിനില്‍ എത്തിയപ്പോള്‍ ആശാനും അവിടെയുണ്ടായിരുന്നു. ഞാന്‍ സാറിനോട്‌ ‘സാര്‍ അനുവദിക്കുമെങ്കില്‍ എനിക്കു പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ കൊള്ളാം’ എന്നാണ് അറിയിച്ചത്. എന്നാല്‍ ബോസ് പറഞ്ഞത് വേണ്ട തനിക്കിപ്പോള്‍ തന്നെ പോകാമെന്നായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ കണക്കെടുത്താല്‍, ആശാനോടൊത്ത് ചെയ്തിരുന്ന, പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ആ ജോലി മുന്‍‍പന്തിയില്‍ വരും.


ഞാന്‍ തിരിച്ചിറങ്ങി വരുമ്പോള്‍ യാത്രചോദിക്കാനെന്ന പോലെ, യാന്ത്രികമായി ആശാനെ നോക്കി. ആശാന്‍റെ മുഖം കുനിഞ്ഞിരുന്നു. ആശാന്‍ എന്‍റെ മുഖത്തോട്ടു നോക്കിയില്ല. അധികമവിടെ നില്‍ക്കാതെ ഞാന്‍ ആ സ്ഥാപനത്തിന്‍റെ പടിയിറങ്ങി. ഞാന്‍ തിരിച്ചിറങ്ങി വരുമ്പൊഴും ആശാന്‍ ആ കാബിനില്‍ ചാരി തല കുനിച്ചു നിന്നിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ? എനിക്കറിയില്ല. പക്ഷേ ആ വലിയ കലാകാരന്‍റെ മനസ്സ് എന്നെ നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവാം. ഗുരുതുല്യം ബഹുമാനിക്കുന്ന അദ്ദേഹത്തിന്‍റെ പക്കല്‍ ഈയുള്ളവനു നല്‍കുവാന്‍ അതിലേറെ വിലമതിക്കുന്ന വേറെന്താണുണ്ടാവുക.


© ജയകൃഷ്ണന്‍ കാവാലം

9 comments:

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ ജയകൃഷ്ണന്‍ . നല്ല ഒരു കുറിപ്പ്... എല്ലാ നന്മകളും നേരുന്നു... ആശംസകള്‍..

Anil cheleri kumaran said...

അനുഗ്രഹങ്ങള്‍ കൂടെയുണ്ടാവും തീര്‍ച്ച.!!

Mr. X said...

തീര്‍ച്ചയായും ആ അനുഗ്രഹങ്ങള്‍ ഉണ്ട് കൂടെ...

കാപ്പിലാന്‍ said...

അതെ . ആ അനുഗ്രഹങ്ങള്‍ ഇപ്പോഴും ഉണ്ടാകും . ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ആശാൻ ഉറപ്പായിട്ടും അനുഗ്രഹിച്ചിട്ടുണ്ടാകും.

smitha adharsh said...

നല്ല പോസ്റ്റ്...വേദനയൂറിയെങ്കിലും ആ അനുഭവത്തെ ലാഘവത്തോടെ കാണാന്‍ കഴിഞ്ഞല്ലോ..നല്ല മനസ്സ്..

ചാണക്യന്‍ said...

ഓര്‍മ്മക്കുറിപ്പ് നന്നായി ജയകൃഷ്ണന്‍ കാവലം...

ഹരീഷ് തൊടുപുഴ said...

നന്നായി വരട്ടെ; ആദ്യ കിട്ടിയ സാലറിയേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സാലറി കിട്ടട്ടേ...
ദൈവത്തോട് പ്രാര്‍ഥിക്കുന്നു..

പാവപ്പെട്ടവൻ said...

യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി മര്യാതയുള്ള എഴുത്ത്
മനോഹരമായിരിക്കുന്നു
ആശംസകള്‍

 
Site Meter