Saturday, March 28, 2009

സ്മിതയും ഭഗദ്‌സിംഗും കവര്‍ന്നെടുത്ത ഹിന്ദിവിജ്ഞാനം

ഒരു സുപ്രഭാതത്തില്‍ പെട്ടിയും, പൊക്കാണവുമെടുത്ത് പൂനായ്ക്ക് വണ്ടി കയറുമ്പോള്‍ ഹിന്ദി എന്നൊരു കുണ്ടാമണ്ടി എനിക്കു പാരയായി അവിടെയുണ്ടെന്നുള്ള കാര്യമൊന്നും ഞാനോര്‍ത്തില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഹിന്ദി എനിക്കൊരു കീറാമുട്ടിയായിരുന്നു. ഗ്രാഫിക്സിലും എഡിറ്റിംഗിലും പുലിയാകാനുള്ള രാജ്യത്തെ ഒന്നാം കിട കോളേജില്‍ അവസരം കിട്ടിയ സന്തോഷത്തില്‍ ഈയൊരു കുരിശ് ഞാനോര്‍ത്തതുമില്ല.

അവിടെ താമസം 6 മാസം കുഞ്ഞമ്മയുടെ വീട്ടിലും 6 മാസം കുഞ്ഞമ്മാവന്‍റെ വീട്ടിലും എന്ന അനുപാതത്തിലായിരുന്നു. റെയില്‍‍വേ സ്റ്റേഷനില്‍ കൊച്ചച്ചന്‍ കാത്തു നിന്നു കൂട്ടിക്കൊണ്ടു പോയി. ഇലക്ട്രിക് ട്രെയിനില്‍ ചാഞ്ചാടിയാടി പോകുന്ന വഴിയില്‍ തന്നെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ഭഗവാനേ മലയാളം മാത്രമറിയുന്ന ഞാന്‍ എങ്ങനെ ഈ മഹാനഗരത്തില്‍ ജീവിക്കും. ചുറ്റും വെള്ള തൊപ്പിയും വച്ച് കയ്യില്‍ പാല്‍‍പ്പാത്രങ്ങളുമായിരുന്ന് തമ്പാക്കടിക്കുന്ന കക്ഷികള്‍ മറാത്തിയില്‍ തകര്‍ക്കുകയാണ്. അന്നെനിക്ക് ഇംഗ്ലീഷ് പോലും ശരിക്കറിയില്ല. അന്നൊക്കെ ഞാന്‍ ഇംഗ്ലീഷ് പറയുന്നതു സായിപ്പ് കേട്ടാല്‍ അന്നത്തോടെ സായിപ്പ് ഇംഗ്ലീഷു പറച്ചില്‍ നിര്‍ത്തി മലയാളം പഠിക്കും. ഭൂതവും ഭാവിയുമെല്ലാം എനിക്ക് വര്‍ത്തമാനമായിരുന്നു. ഇവിടെയിപ്പോള്‍ ഇംഗ്ലീഷ് നന്നായി അറിയാമെങ്കിലും ഒരു പ്രയോജനവുമില്ല. കാരണം കേള്‍ക്കുന്നവനു കൂടി അറിയണ്ടേ ഇംഗ്ലീഷ്!!!.

അങ്ങനെ ജയകൃഷ്ണന്‍റെ വിശ്വവിഖ്യാതമായ പഠനം ആരംഭിച്ചു. സീസണ്‍ ടിക്കറ്റെടുത്ത് ദിവസവും രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നിറങ്ങും. ശിവാജി നഗര്‍ റെയില്‍‍വേസ്റ്റേഷനിലിറങ്ങി ഏകദേശം പത്തു കിലോമീറ്റര്‍ നടക്കും. ആ വഴി ബസ്സില്ല. പോകുന്ന വഴി മുന്‍‍പരിചയമില്ലാത്തതും, ഇവിടെ വന്നു പരിചയപ്പെട്ടവരുമായ കുറേ ദൈവങ്ങള്‍ അമ്പലങ്ങളിലുണ്ട്‌. ഒരു ഗുഹാക്ഷേത്രമുള്‍പ്പെടെ പത്തോളം അമ്പലങ്ങള്‍. പോകുന്ന വഴി എല്ലാവരെയും കണ്ട് നമസ്കാരം പറഞ്ഞ് അവിടെയെത്തുമ്പോഴേക്കും കൃത്യം ക്ലാസ് തുടങ്ങാന്‍ സമയമായിരിക്കും. തിരിച്ച് വരുന്നത് രാത്രി പന്ത്രണ്ടിനുള്ള ട്രെയിനില്‍. വര്‍ഷങ്ങള്‍ നീണ്ട ഈ സഞ്ചാരത്തിനൊടുവിലും ജയകൃഷ്ണന്‍ ഹിന്ദിയും പഠിച്ചില്ല, മറാത്തിയും പഠിച്ചില്ല. കൂടെ പഠിക്കുന്നവരെല്ലാം പെണ്‍കുട്ടികള്‍. ഇവന്‍ മാത്രം അവരുടെയിടയില്‍ ഗോപീജനവല്ലഭനായി സസുഖം കഴിഞ്ഞുകൂടി. അവരുടെ കൃപാകടാക്ഷമാണ് എന്നെ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ പ്രാപ്തനാക്കിയത്.

എനിക്ക് ഹിന്ദി അറിയില്ല എന്നത് കുഞ്ഞമ്മയുടെ മക്കള്‍ (മൂത്തവന്‍ അന്ന് എട്ടാം ക്ലാസ്സിലും ഇളയവള്‍ നാലാം ക്ലാസ്സിലും) ഒരു ആഘോഷമാക്കി കൊണ്ടാടുന്ന കാലം. വീട്ടില്‍ പുതുതായി ആരെങ്കിലും വന്നാല്‍ പരിചയപ്പെടുത്തുന്നതേ യേ മേരാ ഭയ്യാ ഹേ ലേക്കിന്‍ ഹിന്ദി ഓര്‍ മറാത്തി മാലൂം നഹി എന്നു പറഞ്ഞാണ്.

പത്താംക്ലാസ്സില്‍ സരസ്വതി പിള്ള ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുമ്പോള്‍ ഇവന്‍ പാഠപുസ്തകത്തിലെ ഭഗത് സിംഗിനേയും, അപ്പുറത്തെ ബഞ്ചിലിരുന്ന സ്മിതയേയും വരച്ചുകൊണ്ടിരുന്നത് ഒരു തെറ്റായിപ്പോയെന്നും, ഇതു കണ്ട് സരസ്വതിപിള്ള ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞെണീപ്പിക്കുകയും, തുടര്‍ന്ന്, പത്താംക്ലാസ്സില്‍ പഠിക്കുന്ന വീരകേസരിയാണെങ്കിലും ഇവന്‍ എന്‍റെ സ്വന്തത്തില്‍ പെട്ട കുട്ടിയാണെന്ന അവകാശപ്രഘ്യാപനത്തോടെ ചന്തി അടിച്ച് പരത്തുകയും ചെയ്തത് തികച്ചും ഒരു നല്ല പ്രവൃത്തിയായിരുന്നെന്നും ഇവനറിയുന്നത് അന്നാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ ഭഗത് സിംഗും സ്മിതയും മാത്രമാണ്.

ഹിന്ദി അറിയാന്‍ മേലെന്നും പറഞ്ഞ് വീടിനകത്തിരുന്നാല്‍ പഠിക്കാന്‍ പറ്റില്ല പുറത്തിറങ്ങി ആള്‍ക്കാരോട്‌ വര്‍ത്തമാനം പറയണം എന്ന കൊച്ചച്ചന്‍റെയും, കുഞ്ഞമ്മാവന്‍റെയും ഉപദേശം ശിരസാ വഹിച്ച് ഇവന്‍ പുറത്തിറങ്ങി നടപ്പ് തുടങ്ങി. കൂട്ടിന് കുഞ്ഞമ്മയുടെ ഇളയ മകളേയും കൂട്ടും. അവള്‍ക്ക് മലയാളം സംസാരിക്കാനും അറിയാം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ്‌ ആംഗ്യഭാഷ ഇവകളും നന്നായി കൈകാര്യം ചെയ്യും.

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ മാര്‍ക്കറ്റില്‍ പോയി. ജയകൃഷ്ണന്‍ ചേട്ടന്‍ സംസാരിച്ചോ ഞാന്‍ സഹായിക്കാം എന്നവള്‍ വാക്കു തന്നിരുന്നതാണ്. പക്ഷേ പുറത്തിറങ്ങിയതും അവള്‍ കാലു മാറി. അവള്‍ ഒറ്റ അക്ഷരം സംസാരിക്കാതെ ഞാന്‍ പറയുന്ന മണ്ടത്തരങ്ങള്‍ കേട്ടാസ്വദിക്കാന്‍ തുടങ്ങി.

അപ്പോഴുണ്ട് അവിടെ ഞാവല്‍‍പഴം വില്‍ക്കാന്‍ വച്ചിരിക്കുന്നു. ഈ കുന്ത്രാണ്ടത്തിന്‍റെ പേരറിയാതെങ്ങനെയാണ് വില ചോദിക്കുന്നത്? അവളോട് ചോദിച്ചിട്ട് അവളൊട്ട് പറയുന്നുമില്ല. എന്നാല്‍ ആദ്യം അതിന്‍റെ പേര് ചോദിക്കാമെന്നു കരുതി, അത് വില്‍ക്കാന്‍ ഇരുന്ന സ്ത്രീയോട് ചോദിച്ചു ഏ ക്യാഹേ എന്ന്. അവര്‍ പറഞ്ഞു ജാംബുള്‍. എന്നാല്‍ അവര്‍ പറഞ്ഞത് എനിക്കു മനസ്സിലായില്ല. ഞാന്‍ പിന്നെയും ഇസ് കാ നാം എന്നൊക്കെ അറിയാവുന്ന രീതിയിലെല്ലാം ചോദിച്ചുകൊണ്ടേയിരുന്നു. കുറേ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വിളിച്ചു കൂവി. ‘അരേ പാഗല്‍ ഹേ ക്യാ‘ എന്ന്. പാഗല്‍ എന്ന വാക്ക് മാത്രം തിരിഞ്ഞു. ഞാന്‍ കരുതി ഞാവല്‍‍പഴത്തിന്‍റെ പേരായിരിക്കും പാഗല്‍ എന്ന്. ഞാന്‍ പറഞ്ഞു ഹാ ഹാ പാഗല്‍ പാഗല്‍, ഏക് കിലോ കിത്തനാ പൈസാ

അവര്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ തുറിച്ചു നോക്കി ഇരിപ്പാണ്. കൂടെ വന്ന അനിയത്തി പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെയും വലിച്ച് മാര്‍ക്കറ്റിനു പുറത്തിറങ്ങി. തിരിഞ്ഞു നടക്കുന്ന വഴിക്കാണ് അവള്‍ പറഞ്ഞത്, ജയകൃഷ്ണന്‍ ചേട്ടന് വട്ടാണോന്നാ അവര് ചോദിച്ചതെന്ന്.

ഇളിഞ്ഞ മുഖഭാവവുമായി തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടു, മുടിയിഴകള്‍ പാറിപ്പടര്‍ന്നു കിടക്കുന്ന മനോഹരമായ കവിളുള്ള, നീളന്‍ കണ്ണുള്ള ആ സുന്ദരിയെ... സ്മിതയെ... ഒപ്പം കൊച്ചരിവാലന്‍ മീശയും പിരിച്ച് എന്‍റെ ഹിന്ദിപ്പുസ്തകത്തില്‍ നിന്നിരുന്ന ഭഗത്‌സിംഗിനെയും.

© ജയകൃഷ്ണന്‍ കാവാലം

12 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ ജയകൃഷ്ണനു വട്ടാന്നുള്ള കാര്യം അവർക്കെത്ര പെട്ടെന്നാ പിടി കിട്ടിയത് !! എന്നിട്ട് ഹിന്ദി നന്നായി പഠിച്ചോ ???

ചാണക്യന്‍ said...

മാഷെ,
ശരിക്കും പാഗല്‍ ആണോ?:):):):)

Anonymous said...

super aayi. puneyil ninnun your anony friend

പ്രയാണ്‍ said...

സരംല്ല്യ ജയകൃഷ്ണ ,ഇത്ര കാലായിട്ടും ഞാന്‍ ഹിന്ദി പറഞ്ഞുതുടങ്ങിയാല്‍ ചോദ്യം വരും സൗത്തിന്ത്യനാണോ എന്ന്.അവതരണം നന്നായിട്ടുണ്ട്.

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടി: എന്തു ചെയ്യാനാ ഞാന്‍ ആ സ്ത്രീയുടെ മുഖം ഇപ്പൊഴും ഓര്‍ത്തിരിക്കുന്നു. ഹിന്ദി നന്നായി പഠിച്ചു. മുഛേ ഹിന്ദി മാലും നഹി എന്നു പറയാന്‍ അറിയാം.

ചാണക്യന്‍: എല്ലാവരും ഇങ്ങനെയാ ചോദിക്കുന്നത്. ഇപ്പോള്‍ എനിക്കും ചെറുതായി സംശയമില്ലാതില്ല

Anonymous: സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു. അല്ല, ശരിക്കും ഈ പൂന എവിടെയായിട്ടു വരും?

Prayan: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. അത് മലയാളിയല്ലാത്തവര്‍ മലയാളം പറഞ്ഞാല്‍ നമുക്കു പിടികിട്ടുന്നതു പോലെ എന്തോ ഒരു സൂത്രമാണ്.

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

siva // ശിവ said...

എന്നിട്ട് ഇപ്പോള്‍ ഹിന്ദി അറിയുമോ!

ajeeshmathew karukayil said...

hum pagal hai lekin hindi maaloom hai.

Mr. X said...

ജയകൃഷ്ണന്‍ ഭായ്.... ഏക് കിലോ പാഗല്‍ ദേനാ... കിത്നെ റുപ്യേ...

സമ്മതിച്ചു അണ്ണാ...

Anonymous said...

"അന്നൊക്കെ എനിക്ക് ഇന്ഗ്ലീഷ് നന്നായി അറിയില്ല" ഇപ്പോള്‍ നന്നായി അറിയും എന്നൊരു പൊങ്ങച്ചം ഹും കൊള്ളാം സംഗതി നന്നായി.

Anonymous said...

"അന്നൊക്കെ എനിക്ക് ഇന്ഗ്ലീഷ് നന്നായി അറിയില്ല" ഇപ്പോള്‍ നന്നായി അറിയും എന്നൊരു പൊങ്ങച്ചം ഹും കൊള്ളാം സംഗതി നന്നായി.

the man to walk with said...

hum nishchal hai ..ennalle parayendath
!!

the man to walk with said...

hum nishchal hai ..ennalle parayendath
!!

 
Site Meter