Thursday, May 21, 2009

രണ്ടാം ക്ലാസ്സ് പ്രണയം രണ്ടാം ഭാഗം - അഥവാ പ്രിയദര്‍ശിനി (916 പരിശുദ്ധിയുള്ളവള്‍)

ജന്മജന്മാന്തരങ്ങളായി പിന്തുടര്‍ന്നു പോന്ന ഒരു വിശുദ്ധപ്രേമത്തിന്‍റെ നാഡിമിടിപ്പുകള്‍ ക്രീം കളര്‍ ഷര്‍ട്ടിട്ട എന്‍റെ കുഞ്ഞു നെഞ്ചകത്തേക്കു പകര്‍ന്നു കൊണ്ടാണ് അവള്‍ രണ്ടാം ക്ലാസ്സില്‍ വന്നു ചേര്‍ന്നത്. ക്ലാസ്സില്‍ വന്ന അവളുടെ താടിക്കു പിടിച്ച് ടീച്ചര്‍ ചോദിച്ചു, 

എന്താ മോളുടെ പേര്?
ഞാന്‍ കാതോര്‍ത്തു, എനിക്കവളുടെ പേരറിഞ്ഞാല്‍ മാത്രം പോരാ ആ ശബ്ദവും കേള്‍ക്കണമായിരുന്നു.
അവള്‍ പറഞ്ഞു, പ്രിയദര്‍ശിനി.
പ്രിയദര്‍ശിനീ, നിന്‍റെ പ്രിയതമന്‍ ഞാനാണെന്നു പറയാന്‍ പോന്ന വകതിരിവും, വിവരവും അന്നെനിക്കില്ലായിരുന്നു. എങ്കിലും എനിക്കു നാണം വന്നു. വെറുതേ ഒരു നാണം!.

കൂടെപ്പിറപ്പുകളൊന്നുമില്ലാതെ ഒറ്റക്കു വളര്‍ന്ന എനിക്ക് സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും സഹോദരീസഹോദരന്‍‍മാരായിരുന്നു. പക്ഷേ ഇവള്‍ മാത്രം മറ്റെന്തോ ആയി അനുഭവപ്പെട്ടു. അവള്‍ വന്നതോടു കൂടി ആ രണ്ടാം ക്ലാസ്സ് വസന്തകാലത്തെ പൂന്തോട്ടമായി എനിക്കനുഭവപ്പെടാന്‍ തുടങ്ങി. എങ്കിലും അവളെയോ, അവളിരിക്കുന്ന ഭാഗത്തേക്കോ നോക്കാന്‍ എനിക്കു വല്ലാത്ത പേടിയായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്‍റെ പ്രണയപാരവശ്യം മനസ്സിലാക്കാന്‍ ആരാണുണ്ടാവുക?

എന്‍റെ സ്വപ്നങ്ങള്‍ അവളേക്കൊണ്ടു നിറഞ്ഞു. കല്ലുപെന്‍‍സില്‍, വളപ്പൊട്ടുകള്‍, പൂക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഞാന്‍ അവള്‍ക്കായി സൂക്ഷിച്ചു വച്ചു. പക്ഷേ ഒന്നു പോലും കൊടുത്തില്ല. അവള്‍ക്കും എന്നെ നോക്കാന്‍ നാണമായിരുന്നു. എന്നോടു മിണ്ടാനും. ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേല്‍‍പ്പിച്ചു നിര്‍ത്തുമ്പോള്‍ ആദ്യം എന്നെ ഒളികണ്ണിട്ടു നോക്കിയിട്ടേ അവള്‍ ഉത്തരം പറയുമായിരുന്നുള്ളൂ. ഞാനും

ഞാന്‍ എന്നും സ്വപ്നം കാണുമായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വലുതാകും, കല്യാണം കഴിക്കും, ഹണിമൂണിനു പോകും, അവള്‍ എനിക്കു ഭക്ഷണം ഉണ്ടാക്കി തരും. വീട്ടിലെ ബോട്ട് അപ്പൂപ്പന്‍ എനിക്കു തരും,(ഇല്ലെങ്കില്‍ അപ്പൂപ്പന്‍ അറിയാതെ അഴിച്ചു കൊണ്ടു പോകും) അതില്‍ കയറി ഞങ്ങള്‍ കായലായ കായലുകളും, തോടായ തോടുകളുമെല്ലാം യാത്ര ചെയ്യും. ഇതു കണ്ട്‌ വാവക്കുട്ടനമ്മാവന് അസൂയ തോന്നും. അവളെ ഞാന്‍ കൈതപ്പൂ ചൂടിക്കും. എന്നും അവളേക്കൊണ്ടു ഞാന്‍ പാട്ടു പാടിക്കും, തിരുവാതിര കളിപ്പിക്കും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ നിന്ന് ഞങ്ങള്‍ പരല്‍മീനുകളെ കാണും, വടക്കുവശത്ത് ഗന്ധരാജന്‍റെ ചുവട്ടിലെ കല്‍‍പ്പടവുകളില്‍ ഇരുന്ന് ഒരുപാടൊരുപാട്‌ കഥ പറയും. ഗന്ധരാജന്‍റെ പൂ നുള്ളി ഞാനവളുടെ തലയില്‍ ചാര്‍ത്തും, അവിടെയിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടി അപ്പുറത്തെ അനുവിനോടും, ആന്‍റിയോടും വര്‍ത്തമാനം പറയും. ഇങ്ങനെ സ്വപ്നം ഒരു മഹാവൃക്ഷമായി വളര്‍ന്നതിനൊപ്പം ഞങ്ങള്‍ ക്ലാസ്സുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ഇവന്‍ സ്കൂളുകള്‍ ചിലതു മാറി, അപ്പൊഴും അവള്‍... അവള്‍ മാത്രം മനസ്സില്‍ നിന്നു മാറിയില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് കാവാലത്തെത്തിയപ്പോള്‍ ഞാനവളെ കണ്ടു. പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവനാളുകളിലെന്നോ, പാതി വിടര്‍ന്ന താമരമൊട്ടുപോലെ പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളുമായി, തിരുമേനി ശ്രീകോവിലില്‍ നിന്നു തളിച്ച തീര്‍ത്ഥബിന്ദുക്കള്‍ അവിടവിടെ ചിതറി വീണ്, അതില്‍ ഉദയസൂര്യന്‍റെ പൊന്‍‍കിരണങ്ങള്‍ പ്രതിഫലിക്കുന്ന മുഖവുമായി അവള്‍. ആ കാഴ്ചക്ക് അകമ്പടിയെന്നോണം ഉത്സവപ്പറമ്പിലെ മൈക്കില്‍ നിന്നും  
‘ലാവണ്യ ദേവതേ നിന്നെ കാണുവാനിന്നു ഞാന്‍ വന്നു, 
ഓമല്‍ക്കിനാവുകളാലെ പൂമാല കോര്‍ത്തു ഞാന്‍ നിന്നു‘
എന്ന ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ ശബ്ദത്തില്‍ ഒഴുകിക്കൊണ്ടിരുന്നു.

ഞാന്‍ കണ്ണനെ കണ്ടില്ല. പകരം അവളെ കണ്ടു. രാജീവലോചനനെ തൊഴുതില്ല പകരം ഞാന്‍ മാധവന്‍ തന്നെയായി മാറി. എന്‍റെ മനസ്സ് ഒരു യുഗം പിന്‍പോട്ട് സഞ്ചരിച്ച് വൃന്ദാവനത്തിലെത്തി. പക്ഷേ അവള്‍ എന്‍റെ കൂടെ പോന്നില്ല. പകരം അലുവാ തിന്ന പട്ടിയേപ്പോലെ അമ്പരന്നു നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ വിളിച്ചു ചോദിച്ചു, താനിതെന്നു വന്നെന്ന്.

ഞാന്‍ യാന്ത്രികമായി മറുപടി പറഞ്ഞെന്നാണെന്‍റെ ഓര്‍മ്മ. അല്‍‍പസമയം പഠനകാര്യങ്ങളെല്ലാം സംസാരിച്ച് ഞങ്ങള്‍ പിരിഞ്ഞു. അന്നു മുതല്‍ എനിക്ക് ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങള്‍ ആരംഭിച്ചു. 

ഇതിനിടയില്‍ ഒരു സാമദ്രോഹി എന്‍റെയടുത്തു വന്നു പറഞ്ഞു അവന് പ്രിയദര്‍ശിനിയെ ഭയങ്കര ഇഷ്ടമാണ് അവളില്ലാതെ അവനൊരു ജീവിതമില്ലെന്ന്. അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇന്നും എനിക്കു വിവരിക്കാന്‍ അറിയില്ല. എന്തെല്ലാം പാര പണിഞ്ഞാണ് അവനെ ഞാനതില്‍ നിന്നും പിന്‍‍തിരിപ്പിച്ചതെന്ന് എനിക്കു മാത്രമേ അറിയൂ. അവടച്ഛന് ഭ്രാന്താണെന്നു വരെ പറഞ്ഞു. എന്‍റെ മാത്രം പ്രിയതമയെക്കുറിച്ച്, പുറത്തു നിന്നു കാണുന്ന ഭംഗി മാത്രമേ അവള്‍ക്കുള്ളെന്നും, അവള്‍ മഹാ തറയാണെന്നും, അവളൊരു യക്ഷിയാണെന്നും വരെ പറയേണ്ടി വന്നു. അതും പോരാഞ്ഞ് അവനൊരു കള്ളുകുടിയനും, ആഭാസനും, വായീ നോക്കിയും, കുടുംബത്തു കയറ്റാന്‍ കൊള്ളാത്തവനുമാണെന്ന് അവളെ അറിയിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്തു.

ഇതെല്ലാം ആണെങ്കിലും ഞാന്‍ അവളോട്‌ ഒന്നും പറഞ്ഞില്ല. പറയാന്‍ ധൈര്യമില്ലായിരുന്നു. കാലം കുറേ കഴിഞ്ഞു. ഞങ്ങള്‍ കൌമാരം പിന്നിട്ട് യൌവ്വനത്തിലെത്തി. അപ്പൊഴും പറഞ്ഞില്ല. പകരം ഗുരുവായൂരപ്പനെ ദല്ലാളുപണി ഏല്‍‍പ്പിച്ചു മിണ്ടാതിരുന്നു. കള്ളകൃഷ്ണന്‍ തനി സ്വഭാവം കാണിച്ചു. എന്നെ പറ്റിച്ചു. അവളെ വീട്ടുകാര്‍ കൊള്ളാവുന്ന ഒരുത്തനു കെട്ടിച്ചു കൊടുത്തു. അതും പോരാഞ്ഞ് അവള്‍ രണ്ട് തടിയന്‍ പിള്ളേരടെ തള്ളയുമായി. ഇന്ന് വല്ലപ്പോഴും കാണുമ്പോള്‍ അവളുടെ എളിയിലിരുന്നുള്ള കൂട്ടത്തില്‍ ഇളയവന്‍റെ നോട്ടം കാണുമ്പോള്‍ എനിക്കെന്തോ വല്ലാത്ത ഒരു നാണം തോന്നാറുണ്ട്‌. അന്ന്‌ രണ്ടാം ക്ലാസ്സിലെ മുന്‍ ബഞ്ചിലിരുന്ന്, അവള്‍ ടീച്ചറിനോട്‌ പേരു പറഞ്ഞപ്പോള്‍ തോന്നിയ അതേ നാണം.

© ജയകൃഷ്ണന്‍ കാവാലം

12 comments:

കാട്ടിപ്പരുത്തി said...

ഒരു നിശബ്ദപ്രണയത്തിനു തേങ്ങവേണൊ- അതോ തേങ്ങാകുലയോ- അല്ല ഉടക്കാനേ-

hi said...

kollam :)

ramanika said...

rasikan post!

Anil cheleri kumaran said...

വൺ വേ ആയിരുന്നല്ലേ..

കണ്ണനുണ്ണി said...

രണ്ടു വയസു കാരന്‍റെ അസ്ഥിക്ക് പിടിച്ച പ്രേമം അടിപൊളിയായി വരച്ചു കാട്ടിയെങ്കിലും... ടപ്പേ.. ന്നു കൊണ്ട് വന്നു നിര്‍ത്തിയെ പോലെ ക്ലൈമാക്സില്‍...പക്ഷെ നന്നായിട്ടോ...

ഹന്‍ല്ലലത്ത് Hanllalath said...

എന്റമ്മോ...തന്തയ്ക്കു പ്രാന്താന്നു വരെ പറഞ്ഞു അല്ലെ..? :)
ഒരുപാടിഷ്ടമായി....
എന്നെ കണ്ടു ഞാന്‍ വരികളില്‍
സ്വപ്‌നങ്ങള്‍ കണ്ടത് നിങ്ങള്‍ മാത്രമായിരുന്നില്ല..
മൂന്നാം ക്ലാസ്സ്‌ മുതല്‍ അവളെന്റെ സ്വപ്നത്തില്‍ ഉണ്ട്...
ഇന്നിപ്പോ രണ്ടു കുട്ടികളുടെ അമ്മയായി :(
ഭാര്താവിനോന്നിച്ചു അവള്‍ സുഖായി കഴിയുന്നു..

കല്യാണിക്കുട്ടി said...

hahaha.........paavam..................
aa pranayam angu paranjoodaayirunnooooooo?
;-)

ചെറിയപാലം said...

ഒത്തിരി ഇഷ്ടപ്പെട്ടു.ഇനിയും പ്രതീക്ഷിക്കുന്നു.

anupama said...

dear kayakrishnan,
ithu ippurathe anuvanu.parichayamundakan vazhiyilla.
the untold chapters of love leave beautiful memories.......
you could have told her........
but,this is life.....cherish the memories and live in present!
nice and touching style!

sasneham,
anu

Patchikutty said...

അയ്യോ കഷ്ടം...വായിക്കാന്‍ രസമുണ്ട് എങ്കിലും കൌമാരക്കാരന്റെ നൊമ്പരം ബാക്കി ആയി

neeraja said...

നീര്‍മാതളം പൂത്ത കാലം അല്ലെ........

ഷാനവാസ് കൊനാരത്ത് said...

നന്നായി, മൌനപ്രണയം...

 
Site Meter