രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
മൂന്നിഞ്ചു പൊക്കവും, മെറൂണ്‍ കളര്‍ നിക്കറും, ക്രീം കളര്‍ കുട്ടിയുടുപ്പുമിട്ട് ജയകൃഷ്നന്‍ എന്നു പേരുള്ള കരുമാടിക്കുട്ടന് ഉത്സാഹത്തോടെ ഓടിക്കളിക്കുന്ന കാലം. അന്നേ അവന് സുന്ദരന്‍ ആയിരുന്നെങ്കിലും, ഇന്നുള്ള അത്രയും ഗ്ലാമറോ, നിറമോ ഇല്ലായിരുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഈ പറഞ്ഞ രണ്ടാം ക്ലാസ്സ് ജയകൃഷ്ണന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു പിടി മാറ്റങ്ങള്‍ക്ക് സാക്ഷിയായതുമാണ്.
അന്നൊക്കെ ദിവസവും രാവിലെ സ്ലേറ്റിന്റെ ഒരു വശത്ത് മലയാളവും, മറു വശത്ത് കണക്കും പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു ചെല്ലണമെന്നതായിരുന്നു ഗൃഹപാഠം. ചില വിരുതന്മാര് എഴുതാതെ ചെല്ലും, ടീച്ചര്‍ ചോദിക്കുമ്പോള്‍ കുഞ്ഞു കിളിനാദത്തില്‍ കരച്ചിലിന്റെ പ്രത്യേക ‘ടോണ്‍‘ ഒക്കെ വരുത്തി, ടീച്ചറിന്റെ സഹതാപവും, ചൂരലില്‍ നിന്ന് രക്ഷയും കിട്ടാന്‍ ആവശ്യമായ എല്ലാ ചേരുവയും ചേര്‍ത്ത് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘തൂന്നു പോയി’. എഴുതിയിരുന്നതാണ് പക്ഷേ മാഞ്ഞു പോയി എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ടീച്ചര്‍ ഞങ്ങളുടെ ടീച്ചറായതുകൊണ്ടും, ഞങ്ങളേക്കാള്‍ നിരവധി ഓണങ്ങള്‍ - വിഭവസമൃദ്ധമായി തന്നെ - ഉണ്ടിട്ടുള്ളതിനാലും അടി കിട്ടുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എന്തെങ്കിലുമൊക്കെ കുത്തിവരച്ച് വിദഗ്ദ്ധമായി മായ്ച്ചു കളഞ്ഞ് എഴുതിയതു മാഞ്ഞു പോയി എന്നു സ്ഥാപിച്ചെടുക്കുന്ന ചില മിടുക്കന്മാരും കൂട്ടത്തില്‍ അപൂര്‍വ്വമായുണ്ടായിരുന്നു. ഒന്നു രണ്ട് അത്യാവശ്യ ഘട്ടത്തില്‍ ഈയുള്ളവനും ആ പ്രക്രിയ ചെയ്യേണ്ടി വന്നത് കാലത്തിന്റെ ആവശ്യമായിരുന്നു എന്ന് ഇന്ന് ഒരു കള്ളച്ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു.
ഈ സമയത്താണ് ഞാന്‍ ആദ്യമായി കടല്‍ കാണുന്നത്. മുതുകുളത്ത്, അപ്പൂപ്പന്റെ വീട്ടില്‍ നിന്നു മടങ്ങി വരുമ്പോള്‍ അങ്ങു ദൂരെയായി ഭൂമിക്കു ചാര്‍ത്തിയ വെള്ളി അരഞ്ഞാണം പോലെ കടല്‍. ബസ്സിന്റെ സീറ്റില്‍ കയറ്റി നിര്‍ത്തി അപ്പൂപ്പന് കാണിച്ചു തന്നു. ഇന്നിപ്പോള്‍ കടല്‍ ഇങ്ങടുത്തെത്തി. അന്ന് വളരെ ദൂരെയായി ഒരു തിളക്കം മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കടലിനു പ്രായമായതു കൊണ്ടാവാം പഴയ ആ കൌമാര കൌതുകമൊന്നും ഇപ്പോഴത്തെ കടലിനില്ല. ചിലപ്പോള്‍ സുനാമിഭ്രാന്തെടുത്ത് അവള് കാണിച്ച അക്രമം പൊറുക്കാന്‍ മനസ്സിനു കഴിയാത്തതിനാലാവാം എനിക്കവളോട് പണ്ടത്തെ അത്ര മമത ഇല്ലെന്നാണ് തോന്നുന്നത്.
കടലും കണ്ട്, ശ്രീകൃഷ്ണഭവന്‍ ഹോട്ടലിലെ ജനിച്ചിട്ടു വെള്ളം ദേഹത്തു വീണിട്ടില്ലാത്ത നമ്പൂരിച്ചന്റെ മസാലദോശയും, അശോക ബേക്കറിയിലെ ഐസ്ക്രീമും കഴിച്ച് വീട്ടിലെത്തിയ ഞാന്‍ ഹോം വര്‍ക്ക് എന്ന കുണ്ടാമണ്ടി മറന്നേ പോയി. രാവിലെ സ്കൂളീല്‍ പോകാന്‍ നേരത്താണ് വരാനിരിക്കുന്ന അടി ഒരു ഞെട്ടലോടെ ഓര്‍ക്കുന്നത്. തല്ലു കൊള്ളുന്നതല്ല പ്രശ്നം. എനിക്കടി കൊള്ളുമ്പോള്‍ തൊട്ടപ്പുറത്തെ ബഞ്ചിലിരിക്കുന്ന അനുവും, മഞ്ചുവും, ഉഷാകുമാരിയുമൊക്കെ സന്തോഷിക്കുമല്ലോ എന്നോര്‍ത്തിട്ട് എനിക്കു സഹിക്കാന്‍ മേലാതായി. ടീച്ചറിനെ പറ്റിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം തരികിട വേലകള്‍ അന്നേ വശമുണ്ടായിരുന്നതു കൊണ്ട് മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നു.
സ്ലേറ്റിന്റെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടു,
കടലില്‍ തിരമാലകള്‍ തുള്ളിക്കളിക്കുന്നതു പോലെ
എനിക്കും കളിക്കുവാന്‍ മോഹം
കടലില്‍ കപ്പലിനു പുറത്ത് കിടന്ന്
ഒന്നുറങ്ങുവാന്‍ മോഹം
സഹപാഠികളായ ദ്രോഹികള്‍ കാണാതെ സ്ലേറ്റ് മൂടിപ്പിടിച്ച് ഞാനവിടെയിരുന്നു. അടി കിട്ടാനുള്ള സാദ്ധ്യത രണ്ടു കയ്യിലും ഭാരവുമായി പോകുമ്പോള്‍ കഷണ്ടിയില്‍ വന്നു പതിച്ച കാക്കയുടെ പ്രസാദം പോലെ നില്‍ക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. അങ്ങനെ രാധാമണിടീച്ചര്‍ സ്ലേറ്റുകള് ഒന്നൊന്നായി പരിശോധിക്കാന്‍ തുടങ്ങി. എന്റെ ഊഴമായി. ടീച്ചര്‍ സ്ലെറ്റ് വാങ്ങിയതും രണ്ടും കല്പ്പിച്ചൊരു കാച്ചു കാച്ചി. ടീച്ചറേ ഇതു ഞാന്‍ സൊന്തമായി എഴുതിയതാണ്. അതു കൊണ്ടാ ഹൃഹപാഠമെഴുതാഞ്ഞത്. കേവലം ഒരു അടിയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിച്ച ഈ വികൃതി, ടീച്ചര്‍ ഒരു വലിയ സംഭവമാക്കി മാറ്റി. അമ്മാവന്റെ പാരമ്പര്യം, എഴുത്തിനിരുത്തിയ വല്യമ്മാവന്റെ പുണ്യം തുടങ്ങി ടീച്ചര്‍ ആ പീരിയഡ് മുഴുവന്‍ ഇവനെ പുകഴ്ത്തിക്കൊണ്ടിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന അന്നമ്മ ടീച്ചറും ഒപ്പം കൂടി. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവനും അവിടെയിരുന്നു. ഈ കവിതയെഴുത്തിന്റെ പിന്നിലെ പ്രേരകശക്തി എന്തായിരുന്നെന്ന് എന്റെ ടീച്ചര്മാര് അറിയുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിടീച്ചറിന്റെ സെന്റ് ഓഫിന് ഇവന് പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മാത്രമായിരുന്നു.
ഇതേ രണ്ടാം ക്ലാസ്സില്‍ വച്ചു തന്നെയായിരുന്നു ഇവന്റെ ആദ്യ പ്രണയവും നാമ്പിടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരനുഭവമാണ് പ്രണയം എന്നു ഞാനറിയുന്നത് അന്നാണ്.
തുടരും
© ജയകൃഷ്ണന് കാവാലം
Tuesday, May 19, 2009
Subscribe to:
Post Comments (Atom)
13 comments:
ബെക്കം തുടരീ...ഞമ്മക്ക് ഇങ്ങളെ മുഹബ്ബത്തിനെ പറ്റ് അറിയാൻ പൂതിയായി....
ട്രാഷില്‍ പോകേണ്ടതെല്ലാം ഇന്‍ ബോക്സില്‍ ആണ്
വരുന്നത് എന്ത് ചെയ്യാം
:))
ചെറിയപാലം: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. വളരെ പെട്ടെന്നു തന്നെ ആ പ്രണയഗാഥ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
പ്രിയപ്പെട്ട അനോണിക്കിടാവേ: എന്തു ചെയ്യാം ട്രാഷും ഇന്‍ബോക്സും കൈകാര്യം ചെയ്യുന്ന രീതി ശരിയായിരിക്കില്ല. അതുകൊണ്ടാ. അങ്ങ് യൂറോപ്പില്‍ ഡെന്മാര്ക്ക് എന്നൊരു സ്ഥലത്ത് അത് പഠിപ്പിക്കുന്ന ഒരു യൂണിവേഴ്സിറ്റിയുണ്ടെന്നു കേട്ടിട്ടുണ്ട്. (കുറച്ചു കഷ്ടപ്പെടണം യൂണിവേഴ്സിറ്റി അവിടെയാക്കിയെടുക്കാന്) നെറ്റില്‍ ഒന്നു തപ്പി നോക്കിക്കൂടേ?
സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു
കാവാലം - നന്നാവുന്നു- തുടരുക- ഭാവുകങ്ങള്‍
ശരിക്കും അന്നായിരുന്നു ഒരു കവിയുടെ പിറവി അല്ലേ ?
post ishttapettu!
കടല്‍ കാണുന്നത് ഇന്നും ഒരു ആവേശം ആണ് ......നന്നാവനുണ്ട് മാഷെ...ബാക്കി കൂടെ എഴുതൂ ...
കൊള്ളാം, കൊച്ചു കവി.
:)
അതുകൊള്ളാലോ..
നന്നായി എഴുതി കേട്ടോ..
തുടരും ..എന്നത് വേണ്ടായിരുന്നു..
ഇപ്പഴേ എഴുതായിരുന്നു..
കാട്ടിപ്പരുത്തി: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം
ramaniga: ഒരു ചൂരലിന്റെ വൈഭവം എന്നല്ലാതെ എന്തു പറയാനാ?
കണ്നനുണ്ണീ: കടലും, ആനയും എത്ര കണ്ടാലും മതി വരില്ലെന്നു പണ്ട് ആരോ പറഞ്ഞിട്ടില്ലേ?
അനില്‍: ‘ഗൊച്ചു’ ‘ഗവി’ ! ©കാപ്പിലാന്
സ്മിത ആദര്‍ശ്: സസ്പെന്‍സ് ആണ് ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടം, മാത്രവുമല്ല പോസ്റ്റിന് നീളം കൂടിയാല്‍ ഒരു അനോണി വന്നെന്നെ ചീത്ത പറയും. (ആ അനോണി എന്റെ സുഹൃത്താണ് കേട്ടോ) അതു കാരണമാണ് രണ്ടാക്കി എഴുതാമെന്നു കരുതിയത്.
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.
ശരിയ്ക്കും ഹൃദയത്തുടിപ്പുകള്‍ തന്നെ മാഷേ... നന്നായി എഴുതിയിരിയ്ക്കുന്നു. തുടരട്ടെ
അത്രയും ചെറുപ്പത്തില്‍
അങ്ങനെ എഴുതിയെങ്കില്‍ ...!!!...
ബാക്കി കൂടെ പോരട്ടെ...
കാത്തിരിക്കുന്നു...
waiting 4 2nd part
രാധാമണി ടീച്ചര്‍ക്കും ചൂരലിനുമാണ് നന്ദി പറയേണ്ടതു്. ചൂരലിനെ പേടിച്ചായിരുന്നല്ലോ തുടക്കം.
Post a Comment