Sunday, May 31, 2009

കിളിമകളേ നീയറിഞ്ഞിരുന്നുവോ...

പൂനയില്‍ പഠിക്കുന്ന കാലത്താണ് റെയില്‍വേപാളത്തിലൂടെ നടക്കുന്ന ശീലം എനിക്കുണ്ടായത്. രണ്ടു വരിയായി പരന്നു കിടക്കുന്ന കപ്പലണ്ടിപ്പാടങ്ങളുടെയും, പട്ടാള ക്യാമ്പിന്‍റെയുമെല്ലാം ഇടയിലൂടെ നീണ്ട പാത. വസന്തകാലമാകുമ്പോള്‍ ഈ പാതയുടെ ഇരു വശവും അല്ലിച്ചെന്താമരകള്‍ വിടരാറുണ്ടായിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂവുകള്‍ക്കു മുകളില്‍ പറന്നു കളിക്കുന്ന ചിത്ര ശലഭങ്ങളും.


ഈ പാളത്തിലൂടെ ഏകനായി നടക്കുന്നത് എന്തുകൊണ്ടോ ഞാന്‍ ഏറെയിഷ്ടപ്പെട്ടു. വളരെ അപകടമാണ് അതിലേ നടക്കുന്നത്. ഒന്നു മുരടനക്കുക പോലും ചെയ്യാതെ മരണം എപ്പോഴാണ് പിന്നിലൂടെ പാഞ്ഞു വരികയെന്നു പറയാന്‍ കഴിയില്ല. ലോക്കല്‍ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് ശബ്ദം നന്നേ കുറവാണ്. എങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഓരത്തുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഇരുന്നു വിശ്രമിക്കുമായിരുന്നു. അല്ലിച്ചെന്താമരകള്‍ക്കൊപ്പം എന്‍റെ ഒത്തിരി സ്വപ്നങ്ങളും അവിടെ വിടര്‍ന്നിട്ടുണ്ട്. എന്‍റെ ഒത്തിരി കണ്ണുനീരും അവിടെ വീണലിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്ഥലത്ത് ഒരിക്കല്‍ക്കൂടി പോകണമെന്ന് ഇന്ന് ഞാന്‍ ആശിക്കുന്നില്ല.


അന്നൊരിക്കല്‍, ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വന്നതും അതു വഴി തന്നെ. ട്രെയിനിറങ്ങി സാവധാനം പാളത്തിലൂടെ ഞാന്‍ നടന്നു. ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്‌. നടന്നു വരുന്ന വഴിയില്‍ ഇലക്ട്രിക് പോസ്റ്റിനു ചുവട്ടിലായി ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരു കുഞ്ഞു കിളി. പച്ചയും നീലയും നിറമുള്ള അവളുടെ പട്ടുകുപ്പായം രക്തത്തില്‍ മുങ്ങിയിരുന്നു. കഴുത്ത് അറ്റു തൂങ്ങാറായ അവസ്ഥ. എന്നിട്ടും അതിനു ജീവനുണ്ട്. അവള്‍ ഞരങ്ങിയിരുന്നോ?, ഞാനതു കേട്ടിരുന്നോ? എനിക്കോര്‍മ്മയില്ല. പാഞ്ഞു വന്ന ലോഹവാഹനത്തിന്‍റെ ഏതെങ്കിലും കോണുമാത്രമേ അവളെ തട്ടിയിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ അതു താങ്ങാനുള്ള ശേഷി ആ കുഞ്ഞു കിളിക്കുണ്ടാവുമോ? ആ ദയനീയതയിലും അവളുടെ കണ്ണുകള്‍ ചിമ്മുന്നുണ്ടായിരുന്നു. ഈ ലോകത്തില്‍ പാറിക്കളിച്ചും, പാട്ടുപാടിയും കൊതിതീരാത്ത ജന്മം. അവള്‍ ഭൂമിയിലെ വസന്തോത്സവത്തിന്‍റെ വര്‍ണ്ണാഭയിലേക്ക് കൊതിയോടെ നോക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനില്‍ക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അസഹ്യമായ വേദനയില്‍ അവള്‍ എത്രനേരം കഴിഞ്ഞുകൂടിയാലാണ് മരണം വന്നവളെ കൂട്ടിക്കൊണ്ടു പോവുക എന്നറിയില്ല. ഇടക്കിടെ വേദനയോടെ വെട്ടിത്തിരിഞ്ഞു പോകുന്ന അവളുടെ തലയും ചേതനയറ്റ ശരീരവും...


കൊല്ലുകയായിരുന്നു ഞാനവളെ. മാറുപിളരുന്ന വേദനയോടെ, ഒഴുകുന്ന കണ്ണുകളോടെ അവളെ ഞാന്‍ കൊന്നു. വേദനയില്‍ പിടഞ്ഞു പിടഞ്ഞ് മണിക്കൂറുകള്‍ കിടന്ന ശേഷം തീരുന്നതിലും ഒരു നിമിഷമെങ്കിലും നേരത്തേ പോകട്ടെയെന്നു കരുതി. അരുകിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലില്‍ നിന്നും ഞാനവള്‍ക്കൊരിറ്റു ദാഹജലം പകര്‍ന്നിരുന്നുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ച് അവളെ ഞാന്‍ കഴുത്തു ഞെരിച്ചു കൊന്നു. സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വരുന്ന ഒരച്ഛന്‍റെ ഹൃദയവേദന എന്തുകൊണ്ടാണ് എന്നിലുണ്ടായതെന്നെനിക്കറിയില്ല. എങ്കിലും ഈശ്വരന്‍റെ കോടതിയില്‍ ഞാന്‍ ചെയ്തത് ഒരു ജീവകാരുണ്യ പ്രവര്‍ത്തിയായി മാത്രം പരിഗണിക്കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


എത്രയും സ്നേഹമുള്ള കിളിമകളേ... നീ എനിക്കു മാപ്പു തരിക. ഉറുമ്പുകളുടെ കടിയേറ്റും, ദാഹജലത്തിനായി കേണും, വിശന്നും ഇഞ്ചിചായി നീ മരിക്കാതിരിക്കാന്‍... അതിനു വേണ്ടി മാത്രം ഞാനതു ചെയ്തു. നിന്നെ രക്ഷപ്പെടുത്താന്‍ ഒരു പഴുതെങ്കിലുമുണ്ടായെങ്കില്‍...


© ജയകൃഷ്ണന്‍ കാവാലം

10 comments:

ഞാന്‍ ആചാര്യന്‍ said...

ഇത് വായിച്ച് തീരുമ്പോള്‍ ഒരു വേദന മനസില്‍ പടരുന്നു. സമാനമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടി വന്നു

ചെറിയപാലം said...

പറമ്പിലെ കുഴിയിൽ മരണം കാത്ത് കഴിയുന്ന ഒരു നായ്ക്കുഞ്ഞിന്റെ തലയിൽ ഗൺ കൊണ്ട് ഒറ്റ തുളവീഴ്ത്തുമ്പോൾ മനസ്സ് നീറിയത് ഓർത്തു പോയി..

കണ്ണനുണ്ണി said...

അന്നത് ചെയ്യുമ്പോള്‍ ജയന്‍ അനുഭവിച്ച വേദന അക്ഷരങ്ങളിലൂടെ ഞങ്ങളെയും അനുഭവിപിച്ചല്ലോ... ദൈവം ക്ഷമിക്കും എന്ന് കരുതാം.. ചെയ്തത് ഹത്യ ആണെങ്കിലും ഉദേശം നന്മ ആയിരുന്നുവല്ലോ

കാപ്പിലാന്‍ said...

വേദന പകര്‍ന്നു .

അരുണ്‍ കരിമുട്ടം said...

വേദനിപ്പിച്ചു സുഹൃത്തേ ഈ കുറിപ്പുകള്‍

ramanika said...

ശരിക്കും വേദനിക്കുന്നു !

ചാണക്യന്‍ said...

ഹൃദയസ്പര്‍ശിയായ എഴുത്ത് ജയകൃഷ്ണാ...
നൊമ്പരമുണര്‍ത്തുന്നു....

ഹൃദയത്തുടിപ്പുകളുടെ എഴുത്തുകാരന് അഭിനന്ദനങ്ങള്‍...

ഹന്‍ല്ലലത്ത് Hanllalath said...

..മനസ്സിലെ നന്മ വായനക്കാരനിലേക്ക് വേദനയായി പടരുന്നു...

Typist | എഴുത്തുകാരി said...

എത്ര ഹൃദയവേദനയോടെയായിരുന്നു അതു ചെയ്തതെന്നു് മനസ്സിലാക്കാവുന്നതേയുള്ളൂ. തീര്‍ച്ചയായും മാപ്പു് കിട്ടും.

അനീഷ് രവീന്ദ്രൻ said...

ജയകൃഷ്ണാ..വളരെ വളരെ ഇഷ്ടപ്പെട്ടു. ഭയങ്കരമായി നൊന്തു. അഭിനന്ദനങ്ങൾ!

 
Site Meter