Saturday, October 24, 2009

ഭാവിയില്‍ ഭൂതമാകാത്ത പെണ്ണ് !

സന്യാസജീവിതമെന്നു പറയുന്നത് വളരെ സുഖമുള്ള ഒരു കാര്യമാണ്. ഓരോരോ സന്യാസിക്കും ഓരോരോ ഉപാസനാമൂര്‍ത്തികളുണ്ടാവും. ജയകൃഷ്ണന്‍ പ്രേമസന്യാസിയായി ഹൃദയവനാന്തരങ്ങളിലൂടെ അലയുന്ന കാലം. കാനനഭംഗിയിലലിഞ്ഞും, കണ്ണുനീര്‍തീര്‍ത്ഥങ്ങളിലെ പ്രണയതീര്‍ത്ഥം നുകര്‍ന്നും, പ്രണയപുഷ്പങ്ങള്‍ സാക്ഷാല്‍ കാമദേവന് അര്‍ച്ചിച്ചും പരമാനന്ദത്തില്‍ ലയിച്ച് കഴിയുന്ന കാലം.

അപ്പൊഴാണ് ഇവനെ കാവാലത്തെ കുഞ്ഞു പള്ളിക്കൂടത്തില്‍ പഠിപ്പിച്ച അന്നമ്മടീച്ചര്‍ ആ ചോദ്യം ചോദിക്കുന്നത്. ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? വയസ്സ് പത്തിരുപത്തിയഞ്ചായില്ലേ ഇനിയൊരു കൂട്ടുകാരിയെ വേണ്ടേ? എനിക്ക് നാണം വന്നു. ഞാന്‍ ഒളികണ്ണിട്ട് ഒപ്പമുണ്ടായിരുന്ന അമ്മയെ നോക്കി. അമ്മയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കുന്നു.

എന്‍റെ ടീച്ചര്‍മാര്‍ അങ്ങനെയാണ്. ഒന്നാം ക്ലാസ്സുമുതല്‍ ഇന്നു വരെയും പഠിപ്പിച്ചിട്ടുള്ള എല്ലാ അദ്ധ്യാപകരുമായും ഇന്നും മുറിയാത്ത ബന്ധമുണ്ട്. അവരെല്ലാവരും ജയകൃഷ്ണന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും അവര്‍ക്ക് ജയകൃഷ്ണനെക്കുറിച്ച് അറിയണം. എന്തു ചെയ്യുന്നു, സുഖമാണോ, തടി വച്ചോ, മിടുക്കനായിരിക്കുന്നോ, ഒരു കമ്പനിയില്‍ നിന്നും വേറേ കമ്പനിയിലേക്ക് കുരങ്ങനേപ്പോലെ ചാടി നടക്കുന്ന പഴയ സ്വഭാവം ഇപ്പൊഴുമുണ്ടോ തുടങ്ങി എല്ലാ കാര്യങ്ങളും അവര്‍ക്കറിയണം. എനിക്കും മാസത്തിലൊരിക്കലെങ്കിലും ഇവരെയൊക്കെ ഫോണിലൂടെ വിളിച്ചെങ്കിലും നാലു വഴക്കും ഉപദേശവും കിട്ടിയില്ലെങ്കില്‍ ഒരു സമാധാനവുമില്ല. അതൊരനുഭവവും, അനുഗ്രഹവും ആണ്. ഈശ്വരന്‍റെ സ്നേഹമാണോ അമ്മയുടെ സ്നേഹമാണോ ഏറ്റവും മധുരതരമെന്ന് താരതമ്യം ചെയ്യാന്‍ എനിക്കറിയില്ല. എന്നാല്‍ അതു കഴിഞ്ഞാല്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായതും, നിര്‍വ്യാജവും, നിസ്വാര്‍ത്ഥവും മധുരതരവുമായ സ്നേഹം അദ്ധ്യാപകരുടെ സ്നേഹമാണ്. സംശയമില്ല.

അന്നു മുതലാണ് ഇവനെ കെട്ടിച്ചു വിട്ടുകളയാമെന്ന ആശയം എന്‍റെ അമ്മയുടെ ഉള്ളില്‍ അങ്കുരിക്കുന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു സന്യാസി എങ്ങനെ പെണ്ണു കെട്ടും? എല്ലാ ശക്തിയും സംഭരിച്ച് എതിര്‍ത്തു. പതിയെ നാടുവിട്ടു. ഇനി ഈ കാര്യം എന്നോടു പറഞ്ഞാല്‍ ഞാന്‍ നാട്ടിലേക്കു വരില്ല എന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു. അങ്ങനെ കാലം കടന്നു പോയി. ഇടക്ക് നാട്ടില്‍ വരുമ്പോള്‍ ഒപ്പം പഠിച്ച പെണ്‍കിടാങ്ങളൊക്കെ കയ്യില്‍ പൊതിക്കാത്ത തേങ്ങ ചുമന്നുകൊണ്ടു പോകുന്നതു പോലെ സ്വന്തം പിള്ളേരെയും ചുമന്നുകൊണ്ടു നടക്കുന്ന കാലം വന്നു. അവരുടെ മുഖത്തു നോക്കുമ്പോള്‍ ചിരിയും ചമ്മലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. കൊച്ചു പാവാടയുമുടുത്ത് മൂക്കുമൊലിപ്പിച്ച് ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലുമൊക്കെയുള്ള ഇവരുടെ പണ്ടത്തെ ഇരുപ്പാണ് അതു കാണുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കു വരുന്നത്. എങ്ങനെ ചിരി വരാതിരിക്കും?

എന്നിട്ടും ജയകൃഷ്ണന്‍ കുലുങ്ങിയില്ല. കൂടെ പഠിച്ചിരുന്ന പല വിദ്വാന്മാരും പതുക്കെ പെണ്ണുകെട്ടിത്തുടങ്ങി. ചിലവന്മാരൊക്കെ തന്തമാരുമായി. അങ്ങനെ അവസാനം ഞങ്ങള്‍ മൂന്നോ നാലോ പേര്‍ മാത്രം കാവാലത്തിന്‍റെ ആസ്ഥാനബാച്ചിലേഴ്സ്‌ ആയി തുടരുന്ന കാലം. ഇനിയിങ്ങനെ പോയാല്‍ പറ്റില്ല എന്ന നിലപാടു സ്വീകരിക്കാന്‍ ഇതൊന്നുമായിരുന്നില്ല കാരണം. നൈഷ്ഠികബ്രഹ്മചര്യം ദീക്ഷിച്ച് ജീവിക്കുന്ന എന്‍റെ മുഖത്തു നോക്കി എന്താ കല്യാണം കഴിക്കാത്തത് വല്ല ‘കുഴപ്പവും’ ഉണ്ടോ എന്നൊരു മഹാപാപി ചോദിക്കുകയുണ്ടായി? കാര്യങ്ങള്‍ ഇതുവരെയായ സ്ഥിതിക്ക് കുഴപ്പമൊന്നുമില്ല എന്നു തെളിയിക്കേണ്ടത് ആണായി പിറന്ന എന്‍റെ ധര്‍മ്മവും, അഭിമാനപ്രശ്നവും കൂടിയാകുന്ന അവസ്ഥയിലെത്തി. അന്നുതന്നെ വീട്ടില്‍ പച്ചക്കൊടി ഐ എസ് ഡി വിളിച്ച് പറത്തി. ബാംഗ്ലൂര്‍ വഴി ആകാശത്തു കൂടി പോലും പോയിട്ടുള്ള പെണ്ണിനെ എനിക്കു വേണ്ട എന്നു തീര്‍ത്തു പറഞ്ഞു. ബാഗ്ലൂര്‍, കൊല്ലം, തൃശ്ശൂര്‍ ജില്ലകളെ വിട്ട് തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കി വിചിത്രമായ ഒരു പെണ്ണന്വേഷണം. അതിനു പിന്നിലെ രഹസ്യങ്ങള്‍ എനിക്കു മാത്രമേ അറിയൂ.

എന്‍റെ ഡിമാന്‍ഡുകള്‍ അല്പം കാഠിന്യമുള്ളവയാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിച്ചപ്പോഴാണ് ബയോഡാറ്റ എന്നൊരു സാധനം ഇതിനും ആവശ്യമാണെന്നറിയുനത്. ആ പണി വാവക്കുട്ടന്‍ അമ്മാവനെ ഏല്‍‍പ്പിച്ചു. ഭാവിയില്‍ ഭൂതമായി വരാത്ത ഒരുവളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇവിടെയൊന്നു പിഴച്ചാല്‍ ജീവിതം കട്ടപ്പൊക. ഒരു ജോലിക്കപേക്ഷിക്കുമ്പോള്‍ ബയോഡാറ്റയില്‍ ആദ്യം വെണ്ടക്ക പോലെ വയ്ക്കുന്ന ഒരു സാധനമാണ് എക്സ്പീരിയന്‍സ്‌. ഡിമാന്‍ഡുകള്‍ പറഞ്ഞ കൂട്ടത്തില്‍ അമ്മാവനോട് ചോദിച്ചു അമ്മാവാ എക്സ്പീരിയന്‍സ് എന്തു വയ്ക്കുമെന്ന്? അപ്പോഴാണറിയുന്നത് എക്സ്പീരിയന്‍സ് ഡിസ്ക്വാളിഫിക്കേഷന്‍ ആകുന്ന ലോകത്തിലെ ഒരേയൊരു തൊഴില്‍ ഭര്‍ത്താവുദ്യോഗമാണെന്ന്!!!.

എന്നെക്കൊണ്ട് പല ആംഗിളുകളില്‍ പല വോള്‍ട്ടേജില്‍ ചിരിപ്പിച്ച തരാതരത്തിലുള്ള ഫോട്ടോകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ വീട്ടുകാര്‍. കാവാലത്തെ തെങ്ങുകളിലും കലുങ്കുകളിലുമൊക്കെ ഫോട്ടോ പതിപ്പിച്ച നോട്ടീസുകള്‍ കാണുമോ എന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ചില തീരുമാനങ്ങള്‍ക്ക് നിദാനമാകുന്നത് ‘കുഴപ്പമുണ്ടോ’ എന്നതു പോലെയുള്ള ചില നിസ്സാര ചോദ്യങ്ങളും സംഭവങ്ങളുമാണെന്നുള്ളത് അത്ഭുതമുളവാക്കുന്നു. ഇതിനോടകം ഏതൊക്കെയോ ബ്യൂറോക്കാരും വീട്ടുകാരെ പറ്റിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷേ ഭാവിയില്‍ ഭൂതമായി വരാത്ത പെണ്ണ്.....!

ഈ കുറിപ്പ് ഞാന്‍ ബ്ലോഗ്ഗര്‍ ചാണക്യനു സമര്‍പ്പിക്കുന്നു
ഹി ഹി ഹി

© ജയകൃഷ്ണന്‍ കാവാലം

14 comments:

കണ്ണനുണ്ണി said...

നല്ലത് വരട്ടെ...
വലിയ സാഹസത്തിനു ഒരുങ്ങി പുറപ്പെടുകയല്ലേ....
ഈശ്വരനെ മുറുകെ പിടിച്ചോ.. (ശ്രീ കൃഷ്ണന്‍ വേണ്ട :) )

മാണിക്യം said...

ജയകൃഷ്ണാ ...
ഒരു കല്യാണ സദ്യ ഉണ്ടിട്ട് കാലം ഏറേ ആയി ഒന്നു തരപ്പെട്ടാല്‍ വളരെ സന്തോഷം ..
പിന്നെ പെണ്ണ് എന്നു പറഞ്ഞാല്‍ അത് ഏത് നാട്ടിലേതായാലും നനഞ്ഞ കളിമണ്ണ് പോലാ അതു
കൈകാര്യം ചെയ്യുന്ന കുശവന്റെ കൈ വിരുതു പോലെ രൂപപെട്ടു വരും.
സ്നേഹവും കൃത്യനിഷ്ടയും ഈശ്വരവിചാരവും സത്യസന്ധതയും ആദര്‍ശധീരതയുമുള്ള ഒരു പുരുഷന്റെ പങ്കാളിക്കും അതിന്റെ ഒക്കെ ഭാഗമാവാതിരിക്കാനാവില്ല.

നല്ല ഒരു കുട്ടി തന്നെ വന്നു ചേരും പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു. എല്ലാ ഐശ്വര്യവും തികഞ്ഞ വധുവിനെ തന്നെ ലഭിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

Typist | എഴുത്തുകാരി said...

ഉവ്വ്, ഞാന്‍ കണ്ടു, ഈയിടക്ക് കാവാലം വഴിയൊന്നു പോയപ്പോള്‍ പരിചയമുള്ളൊരു മുഖം പോസ്റ്ററില്‍ പലയിടത്തും. ഇതാണല്ലേ സംഭവം. :)

Unknown said...

ഒരേ വഞ്ചി തന്നെ... എന്തായാലും ഓഫീസില്‍ ഡോക്കുമെന്റേഷന്‍ നടത്തി നടത്തി, എന്റെ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ അമ്മാവനെ ഏല്പിക്കേണ്ടി വന്നില്ല. പക്ഷെ, പ്രൊഫൈല്‍ കണ്ട ഒരു പെണ്ണിന്റ്റെ അപ്പന്‍ ഒരു ചോദ്യം ചോദിച്ചു... “റ്റൂ ഡീറ്റെയില്‍ഡ് പ്രൊഫൈല്‍... ചെറുക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ടെക്ക്നിക്കല്‍ റൈറ്റര്‍ ആണോ?” ദൈവമേ, അത്രേം വേണ്ടായിരുന്നു...

രഘുനാഥന്‍ said...

കല്യാണാശംസകള്‍ !!!

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹി....ആക്കിയതാണ് അല്ലെ ദുഷ്ടാ..:):)

കെട്ട്പ്രായം കഴിഞ്ഞ് പുരകവിഞ്ഞ് നിൽക്കുന്ന എന്റെ നെഞ്ചത്ത് തന്നെ വേണം പൊങ്കാല ഇടൽ അല്ലെ:)

എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും....പലിശയും പലിശേടെ പലിശയും അന്ന് തരണുണ്ട്:)

എന്തായാലും ജയകൃഷ്ണന് എത്രേം വേഗം ഭാവിയിൽ ഭൂതമാകാത്ത ഒരു പെണ്ണിനെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു....

Binu Mavur said...

പ്രിയ കാവാലം ജയകൃഷ്ണന്‍ സാറിന്...

താങ്കളുടെ കഥയിലെതുപോലെ ഇതകര്‍ത്തവ്യാമൂഢനായി ജീവിതത്തിന്റെ പാതിവഴിയില്‍ പെണ്ണിനെ കാത്തിരിക്കുന്ന ഒരു പാവം ജയകൃഷ്ണന്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്. ഇതിലെഴുതിയ കാര്യങ്ങള്‍ ഒട്ടുമിക്കവയും അദ്ദേഹത്തിന്റെ ജീവിതവുമായി സാമ്യമുണ്ടെന്നത് അതിശയമായിരിക്കുന്നു.

ഏതായാലും ഈ ആര്‍ട്ടിക്കിളിന്റെ ലിങ്ക് ഞാന്‍ അദ്ദേഹത്തിനും അയച്ചുകൊടുത്തിട്ടുണ്ട്. മനസ്സിനെ വിഷമിപ്പിക്കുന്നതായിരിക്കുന്നതായിരിക്കാം... എന്നിരുന്നാലും..

അദ്ദേഹത്തിന്റെ ഓര്‍ക്കുട്ട്: jayakrishna09@gmail.com

ശ്രീ said...

അപ്പോ വീട്ടുകാര്‍ രണ്ടും കല്‍പ്പിച്ചാണ് അല്ലേ മാഷേ?

ruSeL said...

വല്ലതും നടന്നോ എന്നിട്ട്..??

ജയകൃഷ്ണന്‍ കാവാലം said...

ഇനിയതൊന്നും നടക്കുമെന്നു തോന്നുന്നില്ല വാസൂ. സന്യാസം തന്നെ വഴി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതെന്തു കഥ

ജയകൃഷ്ണന്‍ കല്ല്യാണമൊക്കെ കഴിഞ്ഞു നാലഞ്ചു പിള്ളേരുടെ അച്ഛനാണെന്നായിരുന്നു എന്റെ ധാരണ.

അപ്പൊ പയ്യനാണല്ലെ :)

കാവാലം ജയകൃഷ്ണന്‍ said...

എന്‍റെ പൊന്നു പണിക്കര്‍ സാറേ തെറ്റിദ്ധരിക്കല്ലേ. ഞാന്‍ പയ്യനാണ്. വെറും ഇരുപത്തിയെട്ടു വയസ്സേ (നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തെ ജീവിതം എന്നു ഞാന്‍ ഇടക്കിടെ നെടുവീര്‍പ്പിടാറുണ്ടെങ്കിലും) എനിക്കുള്ളൂ. കല്യാണക്കാര്യം തല്‍‍ക്കാലം മാറ്റി വച്ചിരിക്കുകയാണ്. സന്യാസത്തെക്കുറിച്ച് സീരിയസ്സായി ചിന്തിക്കുന്നു. (ഫൈവ് സ്റ്റാര്‍ സന്യാസമല്ല ആലോചിച്ചു തീരുമാനമെടുക്കാന്‍ ഒരു വര്‍ഷമുണ്ട്...:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സന്യാസം ദാ ഇവിടെ ഉണ്ട്‌ അപ്പൊ കല്ല്യാണം സന്യാസമായി നടക്കട്ടെ ഉണ്ണാന്‍ വിളിക്കണേ

Sasikala Alappat said...

koooooooooooooi

 
Site Meter