Tuesday, September 16, 2008

മൈ ഡിയര്‍ യക്ഷീ ഐ ലവ് യൂ (മുത്തു പൊഴിയുന്ന കാവാലം 2)ഒരു സന്ധ്യക്ക് വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു.

സാധാരണ അച്ഛന്‍ വിളിക്കുന്ന സമയമായതിനാല്‍ അമ്മയാണ് ഫോണെടുത്തത്‌. പത്തായപ്പുരയിലെ ഫോണ്‍ ബെല്ലടിക്കില്ല. കിട്ടിയ ഉടനേ ആദ്യം ചെയ്ത പരിപാടി അതു തല്ലിയിളക്കി അതിന്‍റെ ബെല്ലിലേക്കുള്ള വയര്‍ കണ്ടിക്കുകയായിരുന്നു. ആ സമയത്ത് ‘ആരാധിക’മാരൊന്നും ഫോണിലൂടെ വിരുന്നു വരാറില്ലായിരുന്നു. ആ സ്ഥിതിക്ക് അതൊരു ഉപയോഗശൂന്യമായ വസ്തുവാണ്. മാത്രവുമല്ല സ്വസ്ഥമായിരിക്കുമ്പോഴായിരിക്കും ഇതു കിടന്നു നിലവിളിക്കുന്നത്‌. ആകെയുള്ള ഉപയോഗം നട്ടപ്പാതിരയ്ക്ക് എന്നെപ്പോലെ ഉണര്‍ന്നിരിക്കുന്ന വേറെ ചില ഭ്രാന്തന്മാരുമായി മറ്റുള്ളവരെ ശല്യപ്പെടുത്താതെ ചര്‍ച്ച നടത്താമെന്നതു മാത്രമാണ്.

മോനേ അച്ഛന്‍ വിളിക്കുന്നു... അമ്മ പത്തായപ്പുരയുടെ ഏതോ ഒരു വിടവിലൂടെ വിളിച്ചു പറഞ്ഞു.

‘മിണ്ടരുത്‌‘ എന്നെഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഫോണിന്‍റെ റിസീവര്‍ എടുത്ത് ‘ഹലോ അച്ഛാ’ എന്നല്പം പേടിയോടെ വിളിച്ചു. അദ്ദേഹത്തോടു സംസാരിക്കുമ്പോള്‍ എപ്പൊഴും ഒരു ഭയമാണ്. ഏറ്റവും നല്ല മൂഡിലിരിക്കുമ്പൊഴും അല്പം പേടിയോടെ മാത്രമേ ഞാന്‍ മുന്‍പില്‍ ചെല്ലാറുള്ളൂ. ആ പേടിയുടെ കാരണമെന്താണെന്ന് ഇപ്പൊഴും ഇടക്കിടെ ഞാന്‍ ആലോചിക്കാറുണ്ട്‌.

ആ സമയം ഞാന്‍ ‘പ്ലസ് ടു വിനു പഠിക്കുകയാണെ’ന്നും പറഞ്ഞു നടക്കുന്ന കാലമാണ്. പഠനം പറച്ചിലില്‍ മാത്രമുള്ള കാലം. അക്കാലത്തെ എന്‍റെ നല്ലതെന്നു മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ള പല കവിതകളും ചിത്രങ്ങളും പിറവിയെടുത്തിട്ടുള്ളത് കണക്ക്, സുവോളജി, ബോട്ടണി ക്ലാസ്സുകളിലാണ്. വായീനോക്കിയിരുന്ന് ബോറടിക്കുമ്പോഴത്തെ കലാപ്രവര്‍ത്തനം. കെമിസ്ട്രി അത്ര ഇഷ്ടമുള്ള വിഷയമല്ലെങ്കിലും അദ്ധ്യാപകന്‍ സാക്ഷാല്‍ വാവക്കുട്ടനമ്മാവനായതു കൊണ്ട് പഠിക്കാതെ നിവൃത്തിയില്ല. അറിയാവുന്ന പോലീസുകാരനാണെങ്കില്‍ ഒരടി കൂടുതലാണെന്നല്ലേ പ്രമാണം. ക്ലാസ്സില്‍ വച്ചും കിട്ടും, ‘വേറൊള്ളവന്‍റെ മാനം കളയാന്‍ ഇറങ്ങിയിരിക്കുവാണല്ലേ, നല്ല വീട്ടില്‍ നായും ജനിക്കുമെന്നു കേട്ടിട്ടേയുള്ളൂ‘ തുടങ്ങിയ സ്ഥിരം ഡയലോഗുകളുടെ അകമ്പടിയോടെ വീട്ടില്‍ വന്നും കിട്ടും. പഠിക്കാന്‍ താല്പര്യമില്ലാഞ്ഞിട്ടൊന്നുമല്ല ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്നത്‌. കൂടെപ്പഠിക്കുന്ന കുമാരിമാരുടെ കടാക്ഷമാലകളില്‍ നിന്നു മുഖം തിരിക്കാന്‍ മനസ്സിലെ കാമുകന്‍ അനുവദിക്കാതിരുന്നാല്‍ എന്തു ചെയ്യും?

പഠിത്തമൊക്കെ എങ്ങനെയുണ്ടെന്ന പതിവു ചോദ്യത്തിനുത്തരമായി, ഒരച്ഛന് മകനേക്കുറിച്ച് അഭിമാനം തോന്നാവുന്ന കാര്യങ്ങള്‍ മാത്രം ഏടുത്തു പറഞ്ഞദ്ദേഹത്തെ സന്തോഷിപ്പിച്ചു. ആട്ടെ... ഞാന്‍ വാവക്കുട്ടനോട് ചോദിക്കട്ടെ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കാകെയുണ്ടായിരുന്ന സമാധാനം പോയി.
ആ ഓണപ്പരീക്ഷക്ക് “ഒന്നുകില്‍ ഇംഗ്ലീഷില്‍ എഴുതിക്കോണം അല്ലെങ്കില്‍ മലയാളത്തില്‍, അല്ലാതെ രണ്ടും കൂടി കൂട്ടിക്കുഴക്കാന്‍ പാടില്ല” എന്ന് വാവക്കുട്ടനമ്മാവന്‍ കല്ലു പിളര്‍ക്കുന്ന ആജ്ഞ പരീക്ഷക്കു മുന്‍പേ പുറപ്പെടുവിച്ചിരുന്നു.

തരികിടയാണെങ്കിലും ക്ലാസ്സിലെ മിടുക്കന്‍ കുട്ടിയാണ്. എല്ലാ പരീക്ഷക്കും നല്ല മാര്‍ക്കുണ്ട്‌. ടീച്ചേഴ്സിനൊക്കെ വലിയ കാര്യമാണ്. പണിക്കരു സാറിന്‍റെ ഓമന അനന്തിരവനാണ്. സര്‍വ്വോപരി പെണ്‍കുട്ടികളുടെ സര്‍വ്വസ്വവുമാണ്. അങ്ങനെയുള്ള ഞാന്‍ മലയാളത്തില്‍ പരീക്ഷയെഴുതിയാല്‍ അത് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണെന്ന് ആരെങ്കിലും കരുതിയാലോ? അതിനാല്‍ ഇംഗ്ലീഷില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. എഴുതി വന്ന വഴിക്ക് ‘റൊട്ടേഷന്‍ ഓഫ് ദി ഇലക്ട്രോണ്‍‘ എന്നൊരു വാക്കെഴിതേണ്ടിയിരുന്നു. തലേം കുത്തി നിന്നു ചിന്തിച്ചിട്ടും ‘റൊട്ടേഷന്‍‘ തലയില്‍ വരുന്നില്ല. ആ വാക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല പക്ഷേ അന്നേരം തലേല്‍ കിട്ടുന്നില്ല. സമയം പോകുന്നതിനാല്‍ ഇംഗ്ലീഷില്‍ തന്നെ ഭ്രമണം ഓഫ് ദി ഇലക്ട്രോണ്‍ (Bhramanam of the electron) എന്നു കാച്ചി. പ്രസ്തുത വാചകത്തിന്‍റെ സമ്മാനം കിട്ടിയ സുദിനമായിരുന്നു അന്ന്. അപ്പോള്‍ പൊന്നുമോന്‍റെ പഠന നിലവാരമെങ്ങാനും അമ്മാവനോടു ചോദിച്ചാലത്തെ കഥ പറയണോ?

അന്നാണച്ഛന്‍ ഒരു യക്ഷിയേക്കുറിച്ചു പറയുന്നത്‌. ആധുനിക യുഗത്തിന്‍റെ എല്ലാ ‘ടെക്നോളജിയും’ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്ന ഒരു യക്ഷി. ഈ യക്ഷിക്കൊരു ഫോണ്‍ നമ്പരുണ്ട്‌. ആ നമ്പരില്‍ വിളിച്ചാല്‍ യക്ഷി നമ്മളോട് സംസാരിക്കും. ഇനി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ ‘പേടിക്കരുത്‌‘ എന്നു പ്രത്യേകം പറഞ്ഞു കൊണ്ട്‌ തിരിഞ്ഞു നോക്കാന്‍ പറയും. തിരിഞ്ഞു നോക്കുമ്പോള്‍ തൂവെള്ള സാരിയും തലയില്‍ ചെമ്പകപ്പൂക്കളും ചൂടി മന്ദസ്മേര വദനയായി (അട്ടഹസിക്കില്ലത്രേ!!!) നില്‍ക്കുന്ന യക്ഷിയേ കാണാമത്രേ. അഴിഞ്ഞു കിടക്കുന്ന കാര്‍കുന്തളങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ചെമ്പകപ്പൂവിന്‍റെ മാദകഗന്ധത്തില്‍ വികാരാവേശമുണ്ടാകാതെ നോക്കേണ്ടതു നമ്മുടെ കടമയാണ്. ഇനിയഥവാ ഉണ്ടായാലും യക്ഷിക്ക് നല്ല ‘സെല്‍ഫ് കണ്ട്രോളാണെ’ന്നായിരുന്നു ആയിടക്കുള്ള ജനസംസാരം. പലരും കണ്ടിട്ടുമുണ്ടത്രേ!!!

വളരെ കാലമായി ഒരു യക്ഷിയെ പരിചയപ്പെടണമെന്നു കരുതിയിരുന്ന എനിക്ക് അച്ഛന്‍ പറയുകയും കൂടി ചെയ്തപ്പോള്‍ ഇങ്ങനെയൊരു യക്ഷിയുണ്ടെന്നൊരു വിശ്വാസം തോന്നി. പക്ഷേ അച്ഛനും യക്ഷിയുടെ ഫോണ്‍ നമ്പര്‍ അറിയില്ല.
അങ്ങനെ ഈ യക്ഷിയുടെ ഫോണ്‍ നമ്പര്‍ ഏത് എക്സ്ചേഞ്ചിലാണെന്നന്വേഷിച്ചു. അച്ഛന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്‌ അതിനടുത്താണ്. ഞാന്‍ ആ അങ്കിളിനെ വിളിച്ച് നമ്പര്‍ ചോദിച്ചു. അദ്ദേഹം നമ്പര്‍ പറഞ്ഞു തന്നു.

നമ്പര്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ വിളിക്കാന്‍ ഒരു പേടി. എത്രയായാലും യക്ഷിയല്ലേ. ചുമ്മാ അങ്ങു കേറി മുട്ടുന്നത് റിസ്കാണെന്നൊരു തോന്നല്‍. അങ്ങനെ നമ്പരുമായി അടുത്തുള്ള ഒരു കൂട്ടുകാരന്‍റെ ബൂത്തിലെത്തി.

കാവാലം സ്കൂളിന്‍റെ അങ്കണത്തിലുള്ള ആല്‍മരത്തില്‍ ഒരു യക്ഷിയുണ്ടെന്ന് കേട്ട് കുറേ ദിവസം ഉറക്കം കളഞ്ഞ്‌ അതിന്‍റെ മുകളില്‍ കയറിയിരുന്നിട്ടുണ്ട്‌. യക്ഷിയെ കണ്ടിട്ടില്ലെന്നു മാത്രമല്ല വെളുപ്പാന്‍ കാലത്ത് പാലും കൊണ്ടു പോകുന്ന വടക്കേ വാര്‍ഡിലെ കാഞ്ചനച്ചേച്ചിയും പിള്ളേരും കൂടി ആലിന്‍ മുകളിലെ ആള്‍ രൂപം കണ്ട്‌ പേടിച്ചോടി പനി പിടിച്ചതു മിച്ചം. പക്ഷേ അന്നു യക്ഷി നേരില്‍ വന്നിരുന്നെങ്കിലും കാലു പിടിച്ചെങ്കിലും രക്ഷപ്പെടാമെന്നൊരു തോന്നലുണ്ടായിരുന്നു. പക്ഷേ ഈ ഹൈ ടെക് യക്ഷിക്ക് പഴയകാല യക്ഷികളെപ്പോലെ മനഃസ്സാക്ഷിയും, മനസ്സലിവും ഒന്നും കാണില്ലെന്നൊരു തോന്നല്‍.

അവിടെ ചെന്നിട്ടും ഞങ്ങള്‍ രണ്ടു പേര്‍ക്കും വിളിക്കാന്‍ പേടി. സമയമാണെങ്കില്‍ സന്ധ്യയുമായി. എന്നാല്‍ വിളിക്കാതിരിക്കാനും കഴിയുന്നില്ല. അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് വെള്ളപ്പുറത്തു പൂക്കുറ്റിയായി അവിടെ അടുത്തുള്ള ഒരു ചേട്ടന്‍ അവിടെയെത്തുന്നത്‌. എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ അച്ഛനാണ് കക്ഷി. ഞങ്ങള്‍ ചോദിച്ചു:

ചേട്ടാ ചേട്ടനറിഞ്ഞോ ഫോണ്‍ വിളിച്ചാല്‍ യക്ഷിയോടു സംസാരിക്കാം...
ഓ ഞാനും കേട്ടു, പക്ഷേ നമ്പര്‍ എവിടുന്നു കിട്ടാനാ. കിട്ടിയിരുന്നെങ്കില്‍ ഒന്നു വിളിക്കാമായിരുന്നു.

ഞങ്ങള്‍ക്കു സന്തോഷമായി. ഞങ്ങള്‍ പറഞ്ഞു, അതിനെന്താ ചേട്ടാ നമ്പര്‍ ഞങ്ങള്‍ തരാം.

കള്ളു കുടിച്ച് വര പോലെയായിരുന്ന അദ്ദേഹത്തിന്‍റെ കണ്ണുകള്‍ പുന്നെല്ലു കണ്ട എലിയുടേതു പോലെ വികസിച്ചു. അതേ എലിയുടെ മുഖത്തു വിരിയുന്നതു പോലെ ഒരു പുഞ്ചിരി ആ മുഖത്തെ സമ്പന്നമാക്കി. വേഗം തായെന്നു പറഞ്ഞ് അദ്ദേഹം ഫോണെടുത്തു. ഞങ്ങള്‍ കൊടുത്ത നമ്പരില്‍ വിളിച്ചു.

ഏതോ ഒരു സ്ത്രീയാണ് ഫോണെടുത്തത്‌.
അദ്ദേഹം ഇങ്ങനെ ചോദിച്ചു.

ഹലോ... അപ്പൊ എങ്ങനാ നമുക്കൊന്നു കൂടണമല്ലോ. യക്ഷിയുമായി ‘ബന്ധപ്പെടാമെന്നറിഞ്ഞു’ വിളിച്ചതാ...

മുഖത്തു വിരിഞ്ഞു നിന്നിരുന്ന പുഞ്ചിരി വര്‍ണ്ണനാതീതമായ ഏതൊക്കെയോ ഭാവങ്ങള്‍ക്കു വഴിമാറുന്നതു ഞങ്ങള്‍ കണ്ടു. ഇടക്കിടക്ക് എന്തൊക്കെയോ തെറികള്‍ പറയാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. അവിടുന്നുള്ള പറച്ചിലിനിടക്ക് ‘ഗ്യാപ്പ്’ കിട്ടാത്തതു കൊണ്ട്‌ തെറികളൊക്കെ മുറിഞ്ഞു പോവുകയാണ്. നാട്ടിലെ എണ്ണം പറഞ്ഞ തെറിവിളിക്കാരില്‍ ഒരാളായ അദ്ദേഹത്തിനെ വെല്ലുന്ന വാക്കുകളാണ് അപ്പുറത്തു നിന്നും വരുന്നതെന്നു ഞങ്ങള്‍ക്കു മനസ്സിലായി. അവസാനം രക്ഷയില്ലാതെ അദ്ദേഹം ഫോണ്‍ വച്ചു.

ഞങ്ങള്‍ ചോദിച്ചു: എന്തായി ചേട്ടാ യക്ഷിയെ കിട്ടിയോ???

ഇല്ല മക്കളേ യക്ഷീടേന്നു കിട്ടി. നീയൊക്കെ ഏതു മറ്റവടെ നമ്പരാടാ തന്നേ?

എന്തു പറ്റി ചേട്ടാ?

അവളൊരു യക്ഷി തന്നെയാരുന്നെടാ മക്കളേ...

അന്നു കുടിച്ച കള്ള്‌ യക്ഷിയുടെ മധുരോദാരമായ മന്ത്രണത്തില്‍ അലിഞ്ഞില്ലാതായി. അല്പം കൂടി വീര്യം ഉള്‍ക്കൊണ്ടു വന്ന് സൌകര്യമായി തെറി വിളിക്കാന്‍ അദ്ദേഹം വീണ്ടും ഷാപ്പിലേക്കു നടന്നു.

അതു യക്ഷിയല്ലെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കല്പം ധൈര്യമായി. യക്ഷി തെറി വിളിക്കില്ലല്ലോ. പാട്ടു പാടത്തല്ലേയുള്ളൂ.

അങ്ങനെ ഞാന്‍ വിളിക്കാനൊരുങ്ങി. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു. വേണ്ട പണിക്കരേ വിളിക്കണ്ട തെറി കേള്‍ക്കും.

എന്നിട്ടും ഞാന്‍ വിളിച്ചു.

വിളിച്ചിട്ട് തെറി കേള്‍ക്കാതിരിക്കാന്‍ കൊച്ചു കുട്ടികളുടെ ശബ്ദത്തില്‍ ചോദിച്ചു
അലോ... ഇത് യചിയുടെ വീടാനോ?
അപ്പുറത്തെടുത്തത് ഒരു ചേച്ചിയായിരുന്നു. ആ ചേച്ചി വളരെ സ്നേഹപൂര്‍വം പറഞ്ഞു.

ഇതൊക്കെ വെറുതേ ആളുകള്‍ പറയുന്നതാ മോനേ. ഇപ്പഴത്തെ കാലത്തെവിടാ യക്ഷിയൊക്കെ. ഇതാരാണ്ട് മോനെ പറ്റിക്കാന്‍ പറഞ്ഞതാ. ഇവിടിങ്ങനെ ഒത്തിരി കോളുകള്‍ വരുന്നുണ്ട്.

ഞാന്‍ പറഞ്ഞു: എനിച്ചു യചിയെ പേടിയാ. ഫോണിലൂടെയാകുമ്പോള്‍ യച്ചി പിടിക്കൂല്ലല്ലോ. അതാ വിലിച്ചേ.

ആ ചേച്ചി സ്നേഹപൂര്‍വം കുറേ സാരോപദേശങ്ങളൊക്കെ തന്നു. ചേച്ചിയുടെ സാരോപദേശങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍. ചാര്‍ജ്ജീടാക്കുന്നതു കണ്ടപ്പോള്‍ ഒരു വിധത്തില്‍ സംസാരം അവസാനിപ്പിച്ചു.

ആയിടക്ക് ആ ഏരിയായിലെ എക്സ്ചേഞ്ച് മുഴുവന്‍ ജാമായിരുന്നത്രേ. ഈ യക്ഷിക്കളി കാരണം. ഏതോ ഒരുത്തന്‍ കള്ളു കുടിച്ച് നട്ടപ്രാന്ത് മൂത്തപ്പോള്‍ അടിച്ചിറക്കിയതായിരുന്നു ഈ യക്ഷിക്കഥ. ഇതു കേട്ടു ഞങ്ങള്‍ കുറേ മണ്ടന്മാര്‍ അതിന്‍റെ പുറകേ പോയി.

കാവാലത്തിന്‍റെ ഓര്‍മകളിലെ ഒരു യക്ഷിക്കഥ!!!


© ജയകൃഷ്ണന്‍ കാവാലം

9 comments:

അനില്‍@ബ്ലോഗ് said...

“മൂത്തപ്പോള്‍ അടിച്ചിറക്കിയതായിരുന്നു ഈ യക്ഷിക്കഥ. ഇതു കേട്ടു ഞങ്ങള്‍ കുറേ മണ്ടന്മാര്‍ അതിന്‍റെ പുറകേ പോയി.“

യക്ഷിയെ പരിചയപ്പെടുത്തിയ അച്ഛനെയെയെങ്കിലും മണ്ടെനെന്നു വിളീക്കണ്ടായിരുന്നു.

ജയകൃഷ്ണന്‍ കാവാലം said...

ഹേയ്... ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. മാത്രമല്ല അച്ഛന്‍ അതിന്‍റെ പുറകേ ഇറങ്ങിത്തിരിച്ചിട്ടുമില്ല. ഇത് ആയിടക്കു വലിയ വാര്‍ത്തയായിരുന്നു. ചിലരെങ്കിലും കേട്ടു കാണും. ഈ സംഭവസ്ഥലത്തിന് ഏകദേശം അടുത്താണ് കാവാലം. അച്ഛന്‍ അപ്പോള്‍ വിദേശത്തായിരുന്നു. അപ്പോള്‍ സംഭവം എന്താണെന്നറിയാനാണ് എന്നോട്‌ ചോദിച്ചത്. നീ ഇങ്ങനെ ഒരു ന്യൂസ് കേട്ടില്ലായിരുന്നോ? എന്താണ് സംഭവം എന്ന്... ഞാനടക്കം കുറച്ചു പേര്‍ അതിന്‍റെ പുറകേ പോയി എന്നതിന് അദ്ദേഹം എന്തു പിഴച്ചു?

കാന്താരിക്കുട്ടി said...

‘റൊട്ടേഷന്‍‘ തലയില്‍ വരുന്നില്ല. ആ വാക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല പക്ഷേ അന്നേരം തലേല്‍ കിട്ടുന്നില്ല. സമയം പോകുന്നതിനാല്‍ ഇംഗ്ലീഷില്‍ തന്നെ ഭ്രമണം ഓഫ് ദി ഇലക്ട്രോണ്‍ (Bhramanam of the electron) എന്നു കാച്ചി

ഇതു വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പശുവിനെ കറക്കുക എന്നതിനു പറ്റിയ ഇംഗ്ലീഷ് വാക്ക് അറിയാതെ റൊട്ടേറ്റിംഗ് ദി കൌ എന്നു പറഞ്ഞ ഒരു സുഹൃത്തിനെയാ..( ദൈവത്താണേ ഞാനല്ല അതു പറഞ്ഞത് ട്ടോ )

യക്ഷിക്കഥ കലക്കീ‍ീ....

ശിവ said...

ഈ പോസ്റ്റ് ഇഷ്ടമായി...എനിക്ക് നല്ല പേടിയാ ഈ യക്ഷിയെ ഒക്കെ...എന്നാലും അതിനെ നേരില്‍ കാണാനും ആഗ്രഹം ഉണ്ട്....

കാപ്പിലാന്‍ said...

റൊട്ടേറ്റിംഗ് ദി കൌ എന്നു പറഞ്ഞ ഒരു സുഹൃത്തിനെയാ..( ദൈവത്താണേ ഞാനല്ല അതു പറഞ്ഞത് ട്ടോ )

ഇത് കാ‍ന്താരി പറഞ്ഞതാണ്. ആ സമയം ഞാനും അടുത്തുണ്ടായിരുന്നു :):)

ജയകൃഷ്ണന്‍ കാവാലം said...

കാന്താരിക്കുട്ടി: അതു ഞാനല്ല എന്നു പറഞ്ഞപ്പൊഴേ കാര്യം മനസ്സിലായി. കാപ്പിലാന് ഒരു പ്രത്യേക കയ്യടി അഡീഷണലായി സമ്മാനിക്കുന്നു.

ശിവ: പാറശാല മഹാദേവന്‍റെ ചാരത്ത് ഒരു യക്ഷിയുള്ളത് അറിയാമോ? കുളയക്ഷി? കിഴക്കേ നടയിലെ കുളത്തിനും സര്‍പ്പ പ്രതിഷ്ഠയ്ക്കും അടുത്തായി... നേരില്‍ കണ്ടാലും ഒന്നും ചെയ്യില്ല. പേടിക്കുകയേ വേണ്ട.

കാപ്പിലാന്‍: സന്ദര്‍ശനത്തിന് നന്ദി. കൂടാതെ ഒരു വലിയ സത്യം അടിവരയിട്ടു പ്രസ്താവിച്ചതിനും

sreedevi said...

കള്ളു കുടിച്ച് വര പോലെയായിരുന്ന അദ്ദേഹത്തിന്‍റെ കണ്ണുകള്‍ പുന്നെല്ലു കണ്ട എലിയുടേതു പോലെ വികസിച്ചു.
ഇത് വായിച്ചു എത്ര ചിരിച്ചെന്നോ?കിടിലം ..:)

ഹരീഷ് തൊടുപുഴ said...

ചിരിപ്പിച്ചു ഈ പോസ്റ്റ്....ആശംസകള്‍

കുറ്റ്യാടിക്കാരന്‍ said...

ഇതും രസായി...

 
Site Meter