Tuesday, September 9, 2008

ഒരു നാടക കളരിയുടെ പിന്നാമ്പുറങ്ങളിലേക്ക് (മുത്തു പൊഴിയുന്ന കാവാലം 5)

കാവാലത്തെ ഒരു സായാഹ്ന ചര്‍ച്ചയില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. നമുക്കൊരു സംഘടനയുണ്ടാക്കാം. ഭാഷ, കലകള്‍, സാഹിത്യം, സംസ്കാരം ഇവയെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു വേദി. അതായിരുന്നു ഞങ്ങളുടെ ആശയം.

അങ്ങനെ സംഘടന രൂപം കൊണ്ടു. ഫണ്ടില്ലാത്ത സംഘടന. വീട്ടിലെ എന്‍റെ പ്രിയപ്പെട്ട പത്തായപ്പുരയുടെ അരികിലെ വിശാലമായ മുറിയായിരുന്നു ഞങ്ങളുടെ ഓഫീസ്‌. ഇവിടെയും, അടുത്തുള്ള കുമ്പളം എന്ന പുരയിടത്തിലെ ഔട്ട് ഹൌസിലും അടുത്തുള്ള വിദ്യാലയത്തിന്‍റെ ക്ലാസ്സ് മുറികളിലുമൊക്കെയായി ഞങ്ങളുടെ ഒന്നു ചേരലുകളും സം‌വാദങ്ങളും പുരോഗമിച്ചു.

സംഘടന, ‘ഇവന്മാരെന്തു കാണിക്കാനാണ്’ എന്നു സംശയിച്ചിരുന്ന നാട്ടുകാരുടെയിടയില്‍ മതിപ്പുളവാക്കി, ഒന്നാം വയസ്സിലേക്കു കടക്കുന്നു. ഒന്നാം വാര്‍ഷികാഘോഷത്തിന് ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി. ‘ബ്രാഹ്മമുഹൂര്‍ത്തം’ എന്ന ഒരു നാടകം ഞങ്ങള്‍ തിരഞ്ഞെടുത്തു. ശ്രീ. ആര്യാടിന്‍റെ ഒരു കവിതയെ നാടകമാക്കി അവതരിപ്പിക്കുകയായിരുന്നു. രചനയും, സം‌വിധാനവും, ആ നാടകത്തിലെ ‘കാലം’ എന്ന കഥാപാത്രവും ഞാന്‍ ചെയ്യാമെന്നേറ്റു. ‘നാരായം’, ‘മുനി’, ‘കുതിര’ എന്നിങ്ങനെ മൂന്നു വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറത്തു നിന്നും മൂന്നു പേരെ തിരഞ്ഞെടുത്തു. അരൂപിയുടെ വേഷത്തില്‍ ഞങ്ങളില്‍ ഒരംഗമായ ശ്രീ അനൂപ്‌ ആയിരുന്നു.

നാടകരചന കഴിഞ്ഞു. രാവും പകലും കുത്തിയിരുന്നു നാടകത്തിന്‍റെ കുറേ കോപ്പികള്‍ എഴുതി മാന്യ കലാകാരന്മാരെ ഏല്പിച്ചു. അങ്ങനെ നാടക റിഹേഴ്സല്‍ ആരംഭിച്ചു.

ആ സമയത്തായിരുന്നു കാവാലം പള്ളിയറക്കാവ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നറ്റഃ്. അങ്ങനെ വൈകുന്നേരങ്ങളില്‍ പല അംഗങ്ങളും മുങ്ങാനും തുടങ്ങി. ചിലര്‍ക്കു ഗാനമേള, മറ്റു ചിലര്‍ക്കു ബാലെ, ഇനിയും ചിലര്‍ക്ക് ഉത്സവപ്പറമ്പിലെ ചില ‘ഭാരിച്ച’ ഉദ്യോഗങ്ങള്‍. ഇങ്ങനെ പത്തു ദിവസത്തേക്ക് നാടക റിഹേഴ്സല്‍ മാറ്റി വച്ചു. ആ സമത്ത് അസോസിയേഷന്‍ മെംബറും ഒരു പ്രസ്സ് ഉടമയുമായ അനിലിന്‍റെ വകയായി ഒരു നോട്ടീസ് അടിച്ചിറക്കാന്‍ തീരുമാനിച്ചു. സംഘടനയുടെ വീരചരിതവും, വരാന്‍ പോകുന്ന ‘ഗംഭീര’ നാടകത്തിന്‍റെ വൃത്താന്തങ്ങളും ഒക്കെക്കൂടി ഒരു മുന്നറിയിപ്പ്. നാടകം കാണേണ്ടവര്‍ക്ക് മറ്റു പരിപാടികള്‍ മാറ്റി വയ്ക്കുവാനും, മറ്റുള്ളവര്‍ക്ക് നാടു വിട്ട് അഭയസങ്കേതങ്ങള്‍ തിരയുവാനും ഉള്ള സൌകര്യം ഒരുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമല്ലേ?

അന്നു കഥകളിയുള്ള ദിവസമാണ്. അതിനാല്‍ വളരെ വേഗം പ്രിന്‍റിംഗും കഴിഞ്ഞ് നോട്ടീസിന്‍റെ കോപ്പികള്‍ ആര്യാടിനെയും ഏല്പിച്ച് അനില്‍ കഥകളി കാണുവാന്‍ ഹാജരായി. ഉറക്കം തൂങ്ങി തൂണു മറിച്ചിടുന്ന വയോജന വൃന്ദത്തിനും, മദ്യലഹരിയില്‍ നാട്യശാസ്ത്രത്തിനു പുതിയ അദ്ധ്യായങ്ങളും, അനുബന്ധങ്ങളും കണ്ടെത്താന്‍ പെടാപ്പാടു പെടുന്ന പ്രാദേശിക കലാ തിലകന്മാരുടെയും നടുവില്‍ ഞങ്ങളും കുത്തിയിരുന്നു.

ഇടക്കിടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുവാനെന്നോണം പൊട്ടിക്കൊണ്ടിരിക്കുന്ന ബലൂണൊച്ചകളെയും, കപ്പലണ്ടിക്കാരന്‍ തല്ലിപ്പൊട്ടിക്കുന്ന ചീനച്ചട്ടിയൊച്ചയേയും തോല്പിച്ചു കൊണ്ട്‌ ഉച്ചഭാഷിണി വിളിച്ചു കൂവി...

“പള്ളിയറക്കാവു ദേവീക്ഷേത്രത്തിലെ ഏഴാം തിരുവുത്സവ ദിനമായ ഇന്ന് മുന്‍പറിയിച്ചിരുന്ന പ്രകാരം തന്നെ കിരാതം കഥകളി ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. സംഭാവന തരാമെന്നു വാഗ്ദാനം ചെയ്തിരുന്ന ഭക്തജനങ്ങള്‍.......”

ഉറക്കം തൂങ്ങിക്കൊണ്ടിരുന്നവരൊക്കെ ഒന്നിളകിയിരുന്നു, ഉറങ്ങാതിരുന്നവര്‍ മറ്റുള്ളവരുടെ ഇളക്കത്തില്‍ അസ്വസ്ഥരായി. വീണ്ടും ഒന്നു രണ്ടു മണിക്കൂറുകള്‍ക്കു ശേഷം കഥകളി ആരംഭിച്ചു. അതിനിടയില്‍ കുറേ പ്രാവശ്യം കൂടി വരാന്‍ പോകുന്ന കഥകളിയുടെ അറിയിപ്പോടു കൂടി കമ്മറ്റിക്കാര്‍ ‘സംഭാവന വാഗ്ദാനം ചെയ്ത’ ജനങ്ങളെ മാടി വിളിച്ചു കൊണ്ടിരുന്നു.

കര്‍ട്ടന്‍ പൊങ്ങി. ‘കതകളിയെന്നു പഴഞ്ഞിട്ടു തുണി പൊക്കിപ്പിടിച്ചാല്‍ കാണുന്നതെങ്ങനാഡാ കൂവേ’ യെന്ന് പുറപ്പാടിന് തിരശ്ശീലയുടെ മുകളില്‍ക്കൂടി അല്പം കണ്ട വേഷത്തിനോട്‌ ‘സംഭാവന’ കൊടുത്ത ഏതോ ഒരു കുടിയന്‍ പരിഭവിക്കുന്നതു കണ്ടു.

ഇതിനിടയില്‍ സംഘടനയിലെ ഒരു മാന്യ മെംബര്‍ കള്ളിന്‍പുറത്തു പൂത്തിരിയും കത്തിച്ചു കറങ്ങി നടക്കുന്നതു ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

അങ്ങനെ കഥകളി ആരംഭിച്ച് അല്പ സമയത്തിനകം തന്നെ ആര്യാടു പ്രത്യക്ഷപ്പെട്ടു. അല്പം ചൂടിലാണ്.

ജയകൃഷ്ണന്‍ നോട്ടീസ് കണ്ടാരുന്നോ?

ഇല്ല

എന്നാല്‍ ദേണ്ടെ ഒന്നു വായിച്ചു നോക്കിക്കേ

മാന്യ ജനങ്ങളേ, കാവാലത്തെ സംസ്കരിക സംഗടനയായ.....

ഇതെന്തു നോട്ടീസ്‌???

ആര്യാട്‌ കീചകവധം ചുട്ടിയില്ലാതെ, അരങ്ങും ആട്ടവിളക്കുമില്ലാതെ ആടാന്‍ തുടങ്ങി. അഞ്ചു പൈസാ പോലും ആരുടെയും നഷ്ടപ്പെടാതെ അനില്‍ ചെയ്ത സംഘടനാപ്രവര്‍ത്തനത്തെ ഞാനും ചോദ്യം ചെയ്തു. അദ്ദേഹം ആകെ വിഷമത്തിലായി.

കൂടുതല്‍ ഒന്നും അറിയണ്ട. നാളെ നേരം വെളുക്കുന്നതിനു മുന്‍പേ നോട്ടീസ് വൃത്തിയായി അടിച്ചു കിട്ടിയിരിക്കണം. നാട്ടുകാരു കാണണ്ടതാ. അക്ഷരത്തെറ്റു വരുത്തീട്ട് കഥകളി കാണാന്‍ വന്നിരിക്കുന്നോ?... ഞങ്ങള്‍ ആക്രോശിച്ചു.

അങ്ങനെ അന്നത്തെ കഥകളിയുടെ ചുട്ടിയുമഴിച്ച് പാതിരാത്രിക്ക് ഞങ്ങള്‍ പ്രസ്സിലെത്തി. നേരം വെളുക്കുന്നതിനു മുന്‍പു തന്നെ തെറ്റു തിരുത്തി നോട്ടീസ് മുഴുവനും അടിച്ചു തീര്‍ത്തു.

ഉത്സവം കഴിഞ്ഞു വീണ്ടും റിഹേഴ്സല്‍ തുടങ്ങി. ഉത്സവക്ഷീണത്താല്‍ ഉറങ്ങിക്കിടന്നവരെ വീട്ടില്‍ ചെന്നു വിളിച്ചുണര്‍ത്തി. മറന്നു പോയ ഡയലോഗുകളൊക്കെ ഓര്‍മ്മയില്‍ പരതി പൊടി തട്ടി വച്ചു...

അപ്പോള്‍ അവിടെയൊരു വലിയ പ്രശ്നം. ചിലരുടെ പേര് നോട്ടീസില്‍ അച്ചടിച്ചതിനു വലിപ്പം പോര, ചിലരുടെ പേരില്‍ മഷി പടര്‍ന്നു, ചിലര്‍ക്ക് ഇനിഷ്യല്‍ വച്ചില്ല, ചിലര്‍ക്ക് പേരിന്‍റെ കൂടെ സ്ഥലപ്പേര്, വീട്ടു പേര് തുടങ്ങിയവ ചേര്‍ത്തിട്ടില്ല ഇങ്ങനെ പോകുന്നു പരാതിയുടെ പട്ടിക.

ആ പ്രശ്നവും ഒരു വിധത്തില്‍ തീര്‍ത്തു. (സംഘടനയുടെ മീറ്റിംഗുകളില്‍ നിരീശ്വരവാദികളായ ഞങ്ങള്‍ ഈശ്വരപ്രാര്‍ത്ഥന നടക്കുമ്പോള്‍ എഴുന്നേറ്റു നിക്കില്ല എന്നു പ്രഘ്യാപിച്ചായിരുന്നു സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രശ്നം. അതും മറ്റുള്ളവരുടെ അനുനയവാക്കുകളില്‍ മനസ്സില്ലാമനസ്സോടെ അംഗീകരിക്കപ്പെട്ടു.) നാടകറിഹേഴല്‍ ഏതാനും ദിവസം കൂടി മുന്‍പോട്ടു പോയി. അപ്പോള്‍ അംഗങ്ങള്‍ക്കൊരു ആശയം. നമ്മുടെ വാര്‍ഷികാഘോഷങ്ങള്‍ കേവലം നോട്ടീസില്‍ മാത്രം പോരാ, പത്രത്തിലും കൊടുക്കണം. ആവശ്യം അംഗീകരിക്കപ്പെട്ടു. കൂട്ടത്തില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത അംഗങ്ങള്‍ നാലുവഴിക്കും ഓടി മുന്‍ കാലങ്ങളില്‍ ഞങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രാദേശിക ലേഖകനെ തപ്പിയെടുത്തു സമ്മതം വാങ്ങി.

അടുത്ത ദിവസം ആര്യാട്‌ ഒരു മാറ്റര്‍ എഴുതി അനൂപിനെ ഏല്പിച്ചു. നാളെ പ്രസിദ്ധീകരിക്കാന്‍ കൊടുക്കണമെന്നു പറയുകയും ചെയ്തു. അപ്പോഴാണ് ശ്രീമാന്‍ അനൂപിനൊരു ആശയം, ഈ മാറ്റര്‍ ഒന്ന് എഡിറ്റു ചെയ്താലെന്താ??? മറ്റൊന്നും ചിന്തിക്കാതെ തന്നെ അദ്ദേഹം ആ കലാപരിപാടിയങ്ങു നിര്‍വ്വഹിക്കുകയും ചെയ്തു. മാര്‍ച്ച് 20 എന്നുള്ളത്, 20 മാര്‍ച്ചെന്നും, 6.30 എന്നുള്ളത് വൈകുന്നേരം എന്നും ഒക്കെയായി നിരുപദ്രവകരമായ ഒരു എഡിറ്റിംഗ്. പ്രത്യേകിച്ചാരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലാത്ത വാചകങ്ങളില്‍ തന്‍റെ പേര്‍ അല്പം ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എടുത്തു പ്രസ്താവിച്ചിട്ടുള്ളതൊഴിച്ചാല്‍ ഉള്ളടക്കത്തിനു യാതൊരു വ്യത്യാസവും ഇല്ല.

പിറ്റേ ദിവസം റിഹേഴ്സല്‍ നടക്കുന്നിടത്തു വന്ന് ‘ഞാന്‍ ഇതൊന്നു തിരുത്തിയിട്ടുണ്ടെ’ ന്നൊരു പ്രഘ്യാപനവും നടത്താന്‍ അദ്ദേഹം മറന്നില്ല.

പോരേ പൂരം

ഞാനെഴുതിയ മാറ്റര്‍ തിരുത്താന്‍ തനിക്കെന്താ കാര്യം? ആര്യാടിന്‍റെ ചോദ്യം ചെയ്യല്‍.

ഞാനിതിന്‍റെ മെംബര്‍ ആണെങ്കില്‍ എനിക്കിതു തിരുത്താനും കഴിയും, അനൂപിന്‍റെ അവകാശപ്രഘ്യാപനം.

ഇടക്കു കയറി സമാധാനിപ്പിക്കാന്‍ ശ്രമിച്ച ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ആ ക്ലാസ്സ് മുറിയിലെ ബഞ്ചുകളും ഡസ്ക്കുകളും മാത്രം മൂകസാക്ഷ്യം വഹിച്ചു. ഒച്ച കൂടിക്കൂടി വന്നതിനൊപ്പം അവരുടെ വാശിയും കൂടി....... അവസാനം....................... സംസാരമദ്ധ്യേ ഒരാള്‍ മറ്റൊരാളെക്കേറി ‘പുല്ലേ’ എന്നു വിളിച്ചു. ഭാഷാ, സംസ്കാര ഗവേഷണ സംഘടനയുടെ അടിത്തറയിളക്കിയ വിളി!

പ്രായത്തിനു വളരെ മൂത്ത കക്ഷിയാണ് പ്രസ്തുത വിളി കേട്ടിരിക്കുന്നത്. അതോടെ നോട്ടീസ് തിരുത്തല്‍ ഒരു വിഷയമേ അല്ലാതായി. മുഴുവന്‍ കുഴപ്പത്തിനും കാരണം വെറുമൊരു ‘തൃണം’ മാത്രമായി. വായും പൊളിച്ചു നിന്ന എന്‍റെയും അനിലിന്‍റെയും മുന്‍പില്‍ ഓരോരുത്തരായി വന്നു ‘ഗുഡ്‌ ബൈ‘ പറഞ്ഞു സ്ഥലം വിട്ടു. നാടകം എഴുതിയ കടലാസ്സും വലിച്ചു കീറി ഞങ്ങളും സ്ഥലം വിട്ടു...

താടിയും മുടിയും വളര്‍ത്തിയിരുന്നു എന്ന ഒരേയൊരു യോഗ്യതയുടെ പേരില്‍ ആരോ വിളിച്ചു കൊണ്ടു വന്ന മുനിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ‘വിദ്വാന്‍‘ ഇടക്കിയ്ടെ കണ്ണു തുറന്നപ്പോള്‍ സം‌വിധായകന്‍റെ എല്ലാ ഊര്‍ജ്ജവും സംഭരിച്ചു കൊണ്ട്‌ ഞാന്‍ അന്ത്യശാസനം നല്‍കിയിരുന്നു - ഇനി ഞാന്‍ പറയാതെ കണ്ണു തുറന്നാല്‍ നാടകത്തില്‍ നിന്നും പുറത്താക്കുമെന്ന്‌. അതിനാല്‍ ഈ സംഭവങ്ങളൊക്കെ നടന്നപ്പൊഴും ആശാന്‍ കണ്ണടച്ചു തന്നെയിരുന്നു. നാടകവും വേണ്ടെന്നു വച്ചു ഞങ്ങള്‍ സ്ഥലം വിട്ടപ്പൊഴും അയാള്‍ അങ്ങനെ തന്നെ. അയാളെ വിളിക്കാന്‍ ഞങ്ങള്‍ ഓര്‍ത്തതുമില്ല.

പലരും പല വഴിക്കു പോയി. അവസാനം അവശേഷിച്ച ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് മുന്‍പ് നടന്ന സംഭവത്തേക്കുറിച്ചുള്ള കൂലങ്കഷമായ ചര്‍ച്ച പുരോഗമിക്കവേ, മണിക്കൂറുകള്‍ കുറേയായിട്ടും സം‌വിധായകന്‍റെയോ, കൂടെയുള്ള കലാകാരന്മാരുടെയോ ഒന്നും ശബ്ദം കേള്‍ക്കാതായപ്പോള്‍ നമ്മുടെ ‘മുനിവര്യന്‍‘ പതുക്കെ ഒളികണ്ണിട്ടു നോക്കി.

സ്ഥലം ശൂന്യം. ഞങ്ങള്‍ വലിച്ചെറിഞ്ഞ കടലാസ്സുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്ട്‌. അമ്പരന്ന കലാകാരന്‍ ഓടി ഗ്രൌണ്ടില്‍ വന്നു കാര്യം തിരക്കിയപ്പോള്‍ ഇന്നിത്രേയുള്ളൂ ഇനിയും അറിയിക്കുമ്പോള്‍ വന്നാല്‍ മതി എന്നു പറഞ്ഞ് ഒഴിവാക്കി. ശുദ്ധനായ അദ്ദേഹം താന്‍ ‘യോഗനിദ്രയില്‍‘ ആയിരുന്ന സമയത്തു കേട്ട കാര്യങ്ങളെക്കുറിച്ചൊന്നും കൂടുതല്‍ തിരക്കാതെ സ്ഥലം വിട്ടു.

തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കൂടി അനിലിന്‍റെ ‘ഔദാര്യം പ്രിന്‍റ് ചെയ്ത‘ കടലാസ്സുകള്‍ വഴിയേ നടക്കുമ്പോള്‍ വഴിയരുകിലെ തെങ്ങുകളില്‍ നിന്നും മതിലുകളില്‍ നിന്നും ഞങ്ങളേ നോക്കി പല്ലിളിക്കുമായിരുന്നു.


© ജയകൃഷ്ണന്‍ കാവാലം

8 comments:

ജയകൃഷ്ണന്‍ കാവാലം said...

മുത്തു പൊഴിയുന്ന കാവാലം 5

അനില്‍@ബ്ലോഗ് said...
This comment has been removed by the author.
അനില്‍@ബ്ലോഗ് said...

ഇത്തരം “സംഗടനകള്‍ ” ഇപ്പോഴും ഉണ്ടൊ ആവോ.
രാഷ്ട്രീയവും മതവും എല്ലാം കൂട്ടു ചേര്‍ന്നു യുവാക്കളെ പല പല തുരുത്തുകളിലാക്കിയിരിക്കുന്നു.

ആശംസകള്‍

കാന്താരിക്കുട്ടി said...

എന്നാലും ഒരു പുല്ലു വരുത്തിയ വിനയേ...അല്ല ഒരു കണക്കില്‍ അതു നന്നായി അല്ലേ.അല്ലെങ്കില്‍ പാവങ്ങള്‍ ജനങ്ങള്‍ ആ നാടകം മുഴുവന്‍ കാണേണ്ടി വരില്ലായിരുന്നോ

ചുമ്മാതാ ട്ടോ..ഹൃദയത്തുടിപ്പുകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു

ഹരീഷ് തൊടുപുഴ said...

നാടകം കാണേണ്ടവര്�ക്ക് മറ്റു പരിപാടികള്� മാറ്റി വയ്ക്കുവാനും, മറ്റുള്ളവര്�ക്ക് നാടു വിട്ട് അഭയസങ്കേതങ്ങള്� തിരയുവാനും ഉള്ള സൌകര്യം ഒരുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമല്ലേ

ഹഹ...അതു കൊള്ളാം!!!
മാഷെ, എല്ലാ ഓര്�മ്മക്കുറിപ്പുകളും പോരട്ടെ...ആശംസകള്�

താങ്കള്�ക്കും, കുടുംബാംഗങ്ങള്�ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്� നേരുന്നു...

ജയകൃഷ്ണന്‍ കാവാലം said...

അനില്‍: ഇപ്പൊഴും ഗ്രാമങ്ങളിലും, പട്ടണങ്ങളില്‍ പോലും അപൂര്‍വം ചില കൂട്ടായ്മകള്‍ ഇല്ലാതില്ല. എന്നാല്‍ അവയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മറ്റുള്ളവര്‍ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. കാവാലത്തെ ഞങ്ങളുടെ സംഘടനയ്ക്ക് തുരങ്കം വയ്ക്കുവാന്‍ നടന്ന എത്രയോ ശ്രമങ്ങള്‍ ഉണ്ടായി. അതെല്ലാം മനഃപൂര്‍വം ഒഴിവാക്കിയതാണ്. മുത്തു പൊഴിയുന്ന കാവാലം പരമ്പരയില്‍ വരുന്ന എല്ലാം സത്യമാണെന്ന് ആരും ദയവായി വിശ്വസിക്കരുത്. ചിലതെല്ലാം പച്ചക്കള്ളങ്ങളാണ്. ഉദാഹരണം 350 രൂപയുടെ കഥ. പിന്നെ ഒരു ഒറിജിനാലിറ്റിക്കു വേണ്ടി (നായിക ഒഴികെ) എല്ലാ കഥാപാത്രങ്ങളെയും യഥാര്‍ത്ഥത്തില്‍ അവതരിപ്പിച്ചുവെന്നേയുള്ളൂ. പക്ഷേ ആ കള്ളക്കഥയിലും ചില സത്യങ്ങളൊക്കെയുണ്ട്... അതെല്ലാം ഒളിഞ്ഞും തെളിഞ്ഞും അങ്ങനെ നിക്കട്ടെ. എല്ലാം തുറന്നു പറഞ്ഞാല്‍ ദേ ഈ കാന്താരിക്കുട്ടിയെന്നെ കളിയാക്കും.


കാന്താരിക്കുട്ടീ: വല്ലഭനു പുല്ലും ആയുധം എന്നു കേട്ടിട്ടില്ലേ, അതു വല്ലഭന്‍റെ ഗുണമല്ല പുല്ലിന്‍റെ ഗുണമാ. പുല്ല് പണ്ടേ കുഴപ്പക്കാരനാണ്. യാദവകുലം മുടിപ്പിച്ചതും പുല്ല് അല്ലായിരുന്നോ. നാടകം കാണാന്‍ കഴിയാഞ്ഞത് നാട്ടുകാരുടെ ഭാഗ്യം. അതു പോലെ തന്നെയുള്ള ഒരു നാടകം 2005 ല് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവം സഹായിച്ച് അതാരും വായിച്ചിട്ടില്ലെന്നു തോന്നുന്നു. അടുത്ത തുടിപ്പ് ഉടന്‍ തന്നെ ഉണ്ടായിരിക്കും. തിരുവോണം സ്പെഷ്യല്‍


ഹരീഷ് തൊടുപുഴ: ഓര്‍മ്മകളല്ലേ ഹരീഷ് നമ്മെ ഉണര്‍ത്തി നിര്‍ത്തുന്നത്. കാവാലത്തെ ഓരോ നിമിഷത്തെക്കുറിച്ചും ഒരായിരം ഓര്‍മ്മകളുണ്ട്... ഓരോന്നായി നമുക്കു പങ്കു വയ്ക്കാം. താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്‍റെയും ഓണാശംസകള്‍

എല്ലാവര്‍ക്കും സമ്പത്സമൃദ്ധിയുടെയും, സ്നേഹത്തിന്‍റെയും, സന്തോഷത്തിന്‍റെയും, സര്‍വ്വോപരി മനസ്സമാധാനത്തിന്‍റെയും ഒരോണക്കാലം ആശംസിക്കുന്നു

അജീഷ് മാത്യു കറുകയില്‍ said...

കലാകാരന്‍മാരുടെ നാടാണ് കാവാലം എന്ന് കേട്ടിടുണ്ട് ..

എന്തായാലും നന്നായിരിക്കുന്നു തുടരുക

ജയകൃഷ്ണന്‍ കാവാലം said...

സ്വാഗതം അജീഷ് മാത്യു. കാവാലം കലയുറങ്ങുന്ന മണ്ണാണ്. സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു

 
Site Meter