Tuesday, July 1, 2008

വിദൂരതയില്‍ നിന്നും പ്രിയതമയ്ക്ക്‌...

അങ്ങു ദൂരെ ആ ജയില്‍മുറിയുടെ ഇരുളില്‍ നിന്നും നിരന്ന ഇരുമ്പഴികള്‍ക്കിടയിലൂടെ വിദൂരതയിലേക്കു നോക്കി നീ എന്നെക്കുറിച്ചാവും ചിന്തിച്ചിരിക്കുകയെന്നെനിക്കറിയാം. ഒരു കുഞ്ഞു ജീവന്‍റെ രക്ഷയ്ക്കായി നീ ചെയ്ത പ്രവൃത്തിക്ക്‌ ഇത്ര ദീര്‍ഘമായ ശിക്ഷ നീ ഏറ്റുവാങ്ങേണ്ടി വരുമെന്ന്‌ ഞാനറിഞ്ഞില്ല. ഒരര്‍ത്ഥത്തില്‍ നീ മാത്രമല്ലല്ലോ ശിക്ഷിക്കപ്പെടുന്നത്‌?. ആ ശിക്ഷ നിനക്കു വേണ്ടിയുള്ള കാത്തിരുപ്പിലൂടെ ഞാനും അനുഭവിക്കുകയല്ലേ...

ആ രാത്രി നിനക്കോര്‍മ്മയുണ്ടോ?. അന്നു നക്ഷത്രങ്ങള്‍ ഉണര്‍ന്നിരുന്നില്ല. എന്നും നമ്മുടെ പ്രണയസായാഹ്നങ്ങളില്‍ പുഞ്ചിരി ക്തൂകിയിരുന്ന ചന്ദ്രനും അന്നു വന്നതില്ല. നമ്മുടെ സല്ലാപവേളകളില്‍ ചിലച്ചു ശല്യമുണ്ടാക്കിയിരുന്ന കിളികളും എന്തു കൊണ്ടായിരിക്കും വരാതിരുന്നത്‌?. എവിടെയായിരുന്നാലും അവര്‍ വരിക പതിവുള്ളതായിരുന്നല്ലൊ. ഒരു പക്ഷേ ജീവനു വേണ്ടി നീയനുഭവിച്ച യാതന എന്നോടു വിവരിക്കുവാന്‍ കഴിയാതെ അവര്‍ വരാതിരുന്നതാവാം.

ഇവിടെ ഇതു പൂക്കാലമാണ്. ലാല്‍ബാഗ്‌ പൂവിട്ടു നില്‍ക്കുന്നു. ഇവിടെ റോഡരുകിലെ വാകമരങ്ങള്‍ നിറയെ ചുവന്ന പൂക്കളാല്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ എന്നും നിനക്കു സമ്മാനിച്ചിരുന്ന പൂക്കള്‍ക്കും ഇതേ നിറമായിരുന്നുവല്ലോ. അന്നെല്ലാം നീയെന്നോട് ചേര്‍ന്നിരുന്ന്‌ ചോദിച്ചു വാങ്ങിയിരുന്നത്‌ എന്‍റെ ഹൃദയമായിരുന്നു. അതു ഞാന്‍ തന്നു മുറിവേല്‍ക്കുമെന്നറിയാതെ...

നീ പോയിട്ട്‌ ഇപ്പോള്‍ മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനിയെത്ര ബാക്കിയുണ്ട് എന്നെനിക്കറിയില്ല. അതേക്കുറിച്ചോര്‍ക്കുവാന്‍ എനിക്കാവുന്നില്ല. പക്ഷേ നമ്മുടെ മക്കള്‍ക്കതറിയാം. വൈകുന്നേരങ്ങളില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ഞാനെന്നും കാണാത്ത ഭാവം നടിക്കുകയാണ്. അവരുടെ കണ്ണുകള്‍ എന്നോടെന്നും ഒരു നൂറു ചോദ്യങ്ങളാണ് ചോദിക്കുന്നത്‌. അച്ഛനെന്തിന് അമ്മയെ തനിച്ച്‌ ജയിലിലയച്ചു എന്നാവുമോ അവര്‍ ചിന്തിക്കുന്നത്‌?.

എന്‍റെ കാത്തിരിപ്പു നീളുകയാണ്, ഇനിയെത്ര വട്ടം ലാല്‍ബാഗില്‍ പൂക്കാലം വരണം. ഇനിയെത്ര വട്ടം വാക പൂക്കണം. ഇനിയെത്ര രാത്രികള്‍ ഞാനുറങ്ങാതിരിക്കണം... അറിയില്ല.

ഇപ്പൊഴും അള്‍സൂര്‍ ലേക്കിന്‍റെ സൈഡിലെ ചാരുബഞ്ചില്‍ ഞാന്‍ പോയി ഇരിക്കാറുണ്ട്‌. നീ കൂടെയില്ലാതെ... നമ്മള്‍ ഒന്നും ഒന്നിച്ചിരിക്കാറുണ്ടായിരുന്ന ആ ചാരുബഞ്ചില്‍ ഇന്നും ഞാന്‍ കുറേ സമയം ചിലവഴിച്ചു.

അവിടെയിരിക്കുമ്പോള്‍ എന്‍റെ മനസ്സു പൊള്ളുന്നു. ഇടറുന്ന നിന്‍റെ സ്വരം ഞാന്‍ കേള്‍ക്കുന്നു. നീ അവസാനം പറഞ്ഞ വാക്കുകള്‍ - അതെന്നെ വീണ്ടും പൊള്ളിക്കുന്നു - ‘മക്കളെ നോക്കണേ, ഞാനിനി വരുമോ എന്ന്‌...’ നിന്‍റെ വാക്കുകള്‍ പകുതിയില്‍ മുറിഞ്ഞതെന്തിനായിരുന്നു...

എനിക്കിനി എഴുതാന്‍ കഴിയുന്നില്ല കാരണം എന്‍റെ കണ്ണുകളില്‍ നിന്‍റെ രൂപമാണ്. അത്‌ നിന്‍റെ മനസ്സു പോലെ ആര്‍ദ്രമായി അലിഞ്ഞൊഴുകുന്നു... സ്നേഹമായി... സാന്ത്വനമായി...

കാത്തു കാത്തിരിക്കുകയാണ് ഞാനും മക്കളും.

© ജയകൃഷ്ണന്‍ കാവാലം

8 comments:

ശ്രീ said...

ഹൃദയത്തില്‍ തൊടുന്ന എഴുത്ത്

ഗീത said...

വല്ലാതെ വിഷമം തോന്നിപ്പിക്കുന്നല്ലോ..

കാവാലം ജയകൃഷ്ണന്‍ said...

അങ്ങനെ വിഷമം തോന്നേണ്ട കാര്യമൊന്നുമില്ല. ഇതൊരു സംഭവകഥയൊന്നുമല്ല. വെറും ഭാവനാ സൃഷ്ടി മാത്രമാണ്. വിധിയുടെ ക്രൂരമായ കയ്യിലകപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ധാരാളം നല്ല സ്ത്രീകളുണ്ട്‌. അവരേക്കുറിച്ചും, അവരുടെ കുടുംബത്തേക്കുറിച്ചും വെറുതേ ഒന്നു ചിന്തിച്ചു പോയി. കോടതി വിധിക്കും, പൊതു ജനങ്ങളുടെയും, മാധ്യമങ്ങളുടേയും വിലയിരുത്തലുകള്‍ക്കും അപ്പുറം, അവര്‍ക്കുമുണ്ടാവില്ലേ സ്വകാര്യമായ ന്യായങ്ങളും, ദുഃഖങ്ങളും.... ഒരു പക്ഷേ കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാതെ പോയവ, കോടതിക്കു ബോദ്ധ്യപ്പെടാതെ പോയവ... ദൈവത്തിനു ബോദ്ധ്യപ്പെടുന്നവ...

നന്ദി ശ്രീ, നന്ദി ഗീത... (എല്ലാവരെയും പേരു പറഞ്ഞു വിളിക്കുകയാണ്. എന്നെക്കാള്‍ പ്രായമുള്ളവരാണോ എന്നറിയില്ല. അതു കൊണ്ടാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കുക)

ജയകൃഷ്ണന്‍ കാവാലം

Avanthika said...

സത്യം പറയാല്ലോ മാഷേ! ആദ്യം ഞാന്‍ ശരിക്കും ഇതു താങ്കളുടെ അനുഭവ കഥ ആണെന്നാ വിചാരിച്ചേ, അത്രമാത്രം ഹൃദയ സ്പര്‍ശ്ശിയായ വിവരണം. എന്തായാലും ദേ മുകളില്‍ കിടക്കുന്ന താങ്കളുടെ കമന്റ് വായിച്ചപ്പോ സംഗതി പിടികിട്ടി. എന്തായാലും ആശയം കൊള്ളാം, നന്നായിട്ടുണ്ട്... ആശംസകള്‍!

കാവാലം ജയകൃഷ്ണന്‍ said...

എന്‍റെ പൊന്നു ചങ്ങാതീ ചതിക്കല്ലേ... ഞാന്‍ ഇപ്പൊഴും അവിവാഹിതനായി തുടരുന്ന ഒരു നൈഷ്ഠീക ബ്രഹ്മചാരിയാണ്. (എല്ലാ അര്‍ത്ഥത്തിലും). പക്ഷേ ഈ എഴുത്തിലെ നായകന് ജയിലില്‍ കിടക്കുന്ന ഒരു ഭാര്യയും, കുട്ടികളും ഉണ്ട്‌. ഏതായാലും എനിക്ക്‌ ആദ്യം ഇങ്ങനെ ഒരു കമന്‍റ്‌ എഴുതിയിടാന്‍ എനിക്കു തോന്നിയത്‌ ഈശ്വരാധീനം. ഏതായാലും ഈ കത്ത്‌ ഞാന്‍ എന്‍റെ അമ്മ കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചോളാം...

ആത്മാര്‍ത്ഥമായ ആശംസകള്‍ക്ക്‌ നന്ദി അറിയിക്കുന്നു

ജയകൃഷ്ണന്‍ കാവാലം

ബഷീർ said...

ജയക്യഷ്ണന്‍ കാവാലം.

താങ്കളുടെ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ എല്ലാം വായിച്ചു (എന്നെ സമ്മതിക്കണം )

ഈ പോസ്റ്റില്‍ കമന്റിടുന്നു.. കാരണം ഇതാണു ഹ്യദയത്തില്‍ ഒരു വിങ്ങലുണ്ടാക്കിയത്‌..

ഭൂതന്‍ ചേട്ടന്‍ മാര്‍ നമ്മുടെ സമൂഹത്തില്‍ കാണുന്നത്‌ തന്നെ. മനുഷനെ നന്നാവാനും സമ്മതിക്കില്ല ..

വളരെ ഹ്യദ്യമായ വിവരണം.. അഭിനന്ദനങ്ങള്‍

ബഷീർ said...

kkhkxsv

pls remove this word verification

കാവാലം ജയകൃഷ്ണന്‍ said...

സമ്മതിച്ചിരിക്കുന്നു
അഭിനന്ദനങ്ങള്‍ക്ക്‌ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
വേഡ്‌ വെരിഫിക്കേഷന്‍ മാറ്റാനുള്ള ഒരു ശ്രമം നടത്തി നോക്കട്ടെ...

സ്നേഹപൂര്‍വ്വം
ജയകൃഷ്ണന്‍ കാവാലം

 
Site Meter