Monday, July 14, 2008

ശ്രീഭൂത ചരിതം മൂന്നാം ദിവസം

ശ്രീഭൂതനാഥന്‍ പിള്ള നന്നാകാന്‍ തീരുമാനിച്ചു!!
നന്നാകാനുള്ള ആദ്യപടിയായി വെള്ളമടിക്ക്‌ പൂര്‍ണ്ണ വിരാമമിട്ടു. ചാരത്തില്‍ വീണ പൂച്ചയുടേതു പോലുള്ള തന്‍റെ താടി മീശകള്‍ വില കൂടിയ ചായം തേച്ചു കറുപ്പിച്ചു. സ്ഥിരമായി നാട്ടുകാര്‍ തല്ലിക്കൊഴിച്ചിരുന്നിട്ത്ത്‌ പുതിയ കൊച്ചരിപ്പല്ലുകള്‍ നാട്ടുകാരെ നോക്കി ഫ്ലാഷടിച്ചു. നാട്ടുകാര്‍ അതു കണ്ട്‌ മൂക്കത്തു വിരല്‍ വച്ചു. ഒരിക്കലും നന്നാകില്ലെന്നു പറഞ്ഞ കുട്ടനാടിന്‍റെ സ്വന്തം ഭൂതന്‍ പിള്ള, അയല്പക്കക്കാരുടെ പ്രിയപ്പെട്ട ഭൂതണ്ണന്‍ നന്നായിക്കൊണ്ടിരിക്കുന്നു!!!. ഷാപ്പുകാര്‍ക്കു മാത്രം വല്ലാത്ത ഒരു മിസ്സിംഗ് ഫീല്‍ ചെയ്തു. കൈ വിട്ടു പോയ ‘നിധി’ തിരിച്ചു പിടിക്കുവാന്‍ ഷാപ്പിലെ മദ്യത്തേക്കാള്‍ വീര്യമുള്ള വിശാലാക്ഷിയുടെ പാത്രം കഴുകലും, മീന്‍ വെട്ടലും ഭൂതന്‍ പിള്ള പോകുന്ന വഴിയരുകിലേക്കു മാറ്റി. എന്നിട്ടും ഭൂതന്‍ പിള്ളയ്ക്കു കുലുക്കമില്ല.

അമ്മായിയമ്മയുടെ കൂടോത്രം കാരണമാണ് ഇതിയാന്‍ ഇങ്ങനെയായിപ്പോയതെന്ന് പരിതപിച്ചിരുന്ന ഭൂതന്‍ പിള്ളയുടെ സഹധര്‍മ്മിണി മിസ്സിസ് ഉല്പലാക്ഷി ഭൂതനാഥിന് ആ മാറ്റത്തില്‍ അത്ഭുതവും അതിലേറെ ആശങ്കയും തോന്നി. അവര്‍ അയല്പക്കത്തെ ജാനകിയെയും, പെണ്ണായിപ്പിറന്നിട്ടും ആണായി പിറന്ന ഒരുത്തന്‍റെ ‘ഭര്‍തൃപദം’ നാക്കിന്‍റെ ബലം കൊണ്ടു മാത്രം കരസ്ഥമാക്കിയവളും, ആധുനിക സ്ത്രീ വിമോചനവാദികളുടെ കുട്ടനാടന്‍ പതിപ്പുമായ ശ്രീമതി ഭദ്രകാളി തങ്കപ്പനെയും കണ്ടപ്പോള്‍ രഹസ്യമായി പറഞ്ഞു: ഞാനാ കോന്തുണ്ണി മന്ത്രവാദി ചത്തപ്പോഴേ പറഞ്ഞില്ലേ ഇതിയാന്‍ നന്നാകാന്‍ പോകുവാന്ന്‌. ഇതിയാന്‍റെ തള്ളേടെ സ്ഥിരം കൂടോത്രക്കാരനായിരുന്നു ആ എരണം കെട്ടവന്‍. ഇതൊക്കെ പറയുമ്പൊഴും ഭൂതന്‍ പിള്ള ശരിക്കും നന്നാകാനാണോ എന്ന ആശങ്ക ഉല്പലാക്ഷിയെ വല്ലാതെ വലച്ചു കൊണ്ടിരുന്നു.

ഭൂതന്‍ പിള്ളയുടെ വ്യവഹാരങ്ങളിലും ചിട്ടകളിലുമെല്ലാം വല്ലാത്തൊരു മാറ്റം പ്രകടമായി തുടങ്ങി. പണ്ട്‌ രണ്ടെണ്ണം അകത്തു ചെന്നാല്‍ ആശാന് യേശുദാസിന്‍റെ പാട്ടു പോലും ഇഷ്ടമല്ലായിരുന്നു. അതു കൊണ്ട്‌ സ്വയം പാടി വെടിപ്പാക്കും. കുട്ടനാടന്‍ ഷാപ്പുകളുടെ സ്ഥിരം പിന്നണിയായ കുപ്പികളുടെ കിണുക്കവും, മറ്റേ മൂലയില്‍ നിന്നും കുടിയന്മാരുടെ ഛര്‍ദ്ദിലിന്‍റെ ആരോഹണവും, അതു കഴിഞ്ഞുള്ള ഏമ്പക്കത്തിന്‍റെ അവരോഹണവും ഷാപ്പിന്‍റെ അടുക്കളയില്‍ ചില സ്ഥിരം കുടിയന്മാരുമായുള്ള ശൃംഗാരത്തില്‍നിന്നും ഷാപ്പിന്‍റെ (കുടിയന്മാരുടെയും) സ്വന്തം വിശാലാക്ഷിച്ചേച്ചിയുടെ കിളിക്കൊഞ്ചലും (കാക്കയും ഒരു കിളിയാണ്) അത്യാവശ്യം കത്രിക പ്രയോഗം നടത്തേണ്ട അസഭ്യങ്ങളും (‘ഭരണ‘ ഭാഷയുടെ അത്രേം വരില്ല) ഇങ്ങനെയുള്ള, ഗ്രാമത്തിലെ ഒരു വിഭാഗം ജനങ്ങളുടെ തനതു സംഗീതത്തിന്‍റെ അകമ്പടികളില്‍ നിന്നെല്ലാം മുഖ്യ ചേരുവയായിരുന്ന ഭൂതന്‍ പിള്ളയുടെ മുഴങ്ങുന്ന സ്വരം അപ്രത്യക്ഷമായി. പല കുടിയന്മാരും അന്വേഷിക്കാനും തുടങ്ങി. അന്തിയുമടിച്ച്‌ സെന്‍റിമെന്‍സ്‌ മൂക്കുമ്പോള്‍ ‘നമ്മുടെ ഭൂതണ്ണന്‍ വഴി പിഴച്ചു പോയെ’ന്നു വിലപിക്കുന്ന സഹകുടിയന്മാരും വിരളമായിരുന്നില്ല. എങ്കിലും ഉല്‍പ്പേടത്തിയുടെ നേരേ നില്‍ക്കുവാന്‍ ത്രാണിയില്ലാതിരുന്ന അവര്‍ പഴയതു പോലെ തെങ്ങിന്‍ ചുവട്ടിലും ഓടയിലും തന്നെ താമസം തുടര്‍ന്നു.

മൂലേശ്ശേരിക്കവലയിലെ രണ്ടു തോടും പൂക്കൈതയാറും തമ്മില്‍ സംഗമിക്കുന്നിടത്തെ മൂന്നേമുക്കാല്‍ മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് എല്ലാ ദിവസവും മാറ്റിനി വിടുന്ന പുറകേ ഉണ്ടായിരുന്ന ഭൂതന്‍ പിള്ളയുടെ നൃ്ത്ത നൃ്ത്യങ്ങള്‍ കുടി നിര്‍ത്തിയതോടെ ആ കുഞ്ഞോളങ്ങള്‍ക്ക്‌ അന്യമായിട്ട് ഇന്നേക്കു കൃത്യം മൂന്നു ദിവസം തികഞ്ഞു. ആ മൂലയിലെ കപ്പലണ്ടിക്കച്ചവടക്കാരന്‍റെ മുഖ്യ വരുമാന മാര്‍ഗ്ഗവും കൂടിയായിരുന്നു ഭൂതന്‍പിള്ള. കക്ഷിയുടെ അഭ്യാസപ്രകടനം കാണാന്‍ കൂടിയിരുന്ന നാട്ടിലെ ചെറുപ്പക്കാര്‍ തന്നെയായിരുന്നു സ്ഥിരം കസ്റ്റമേഴ്സ്‌. പ്രസ്തുത കലാപരിപാടിക്ക്‌ തിരശ്ശീല വീഴണമെങ്കില്‍ ഒന്നുകില്‍ അകത്തു കിടക്കുന്ന മറ്റവന്‍ ഒട്ടൊന്നു ശമിക്കണം. അല്ലെങ്കില്‍ ആശാന്‍ പൂക്കൈതയാറിന്‍റെ വളയിട്ട കൈകളുടെ തലോടലേല്‍ക്കണം. അതുവഴി കടത്തുവള്ളം തുഴയുന്ന മഹാമനസ്കരുടെ ഒരു സൌജന്യ സേവനമാണ് നാടിന്‍റെ പൊതുമുതലായ ഭൂതന്‍പിള്ളയെ പൂക്കൈതയാറിന്‍റെ ആഴങ്ങള്‍ തേടാനനുവദിക്കാതെ കരയിലെത്തിക്കുക എന്നുള്ളത്‌. അതിനു പകരമായി കരയിലെത്തുന്നതു വരെ യാതൊരു ലോഭവുമില്ലാതെ പുതിയ പുതിയ തെറികള്‍ പറഞ്ഞു കേള്‍പ്പിക്കുകയും ചെയ്യും ഭൂതന്‍. ആ തെറി കേള്‍ക്കുമ്പോഴാകട്ടെ പരിഭവമല്ല പകരം അമ്പലപ്പുഴപ്പാല്‍പ്പായസം കുടിച്ച ആനന്ദമാണ് അവര്‍ക്ക്‌.

ഭൂതന്‍പിള്ള നന്നാകാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ ആകെയുള്ള സമ്പാദ്യമായ പുന്നാരപ്പുത്രന്‍ ആക്രാന്ത് ഭൂതനാഥിന് വഴി നടക്കാന്‍ മേലാത്ത അവസ്ഥയായി. ഒരു ദിവസം തന്നെ നന്മയുടെ പാതയിലേക്ക് പ്രകാശ വേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കുന്ന സ്വന്തം തന്തേടെ വിശേഷങ്ങള്‍ നാട്ടുകാരോട്‌ എത്ര തവണ പറയുന്നുവെന്ന്‌ അവനു തന്നെ ഒരു പിടിയുമില്ലാത്ത അവസ്ഥയായി. സ്വന്തം അച്ഛന്‍ ഇത്രയധികം ജനപ്രിയനാണോ എന്നവന്‍ പല വട്ടം ചിന്തിച്ചു. അങ്ങനെ കാവാലം ഗ്രാമം ഇളകി മറിഞ്ഞിട്ടും ഭൂതന്‍ പിള്ളയ്ക്കു മാത്രം യാതൊരു കുലുക്കവുമില്ല. ദിവസവും വെളുപ്പാന്‍ കാലത്ത്‌ കുളിച്ച്‌ കുറി തൊടും. കുളിക്കാതിരിക്കാന്‍ വേണ്ടി നിരീശ്വരവാദം പറഞ്ഞിരുന്ന കക്ഷി ഇപ്പോള്‍ ദിവസവും ക്ഷേത്ര ദര്‍ശനം കഴിഞ്ഞേ പച്ചവെള്ളം പോലും കുടിക്കൂ.

മൂന്നാം പക്കം ഉച്ച തിരിഞ്ഞതു മുതല്‍ ശ്രീഭൂതനാഥന്‍ പിള്ളയുടെ അന്തരാളത്തില്‍ എന്തോ ഒരു വശപ്പിശകു തോന്നിത്തുടങ്ങി. ആകെ ഒരു പരവേശവും വെപ്രാളവും. തല പോയാലും താനിനി കള്ളു കൈകൊണ്ടു തൊടില്ലെന്ന ഭൂതന്‍പിള്ളയുടെ തീരുമാനം മനഃസ്സാക്ഷിയുടെ കോടതിമുറിയില്‍ കിടന്ന്‌ ആടിയുലയാന്‍ തുടങ്ങി. ഭൂതന്‍പിള്ളയുടെ ഉള്ളിലെ കുടിയനും, മനസ്സാക്ഷിക്കോടതി സൌജന്യമായി അനുവദിച്ചു കൊടുത്ത തത്ത്വശാസ്ത്രപ്രഗദ്ഭനായ പബ്ലിക് പ്രോസിക്യൂട്ടറും തമ്മില്‍ ഘോരഘോരം വാദവും പ്രതിവാദവും നടന്നു. വാദപ്രതിവാദത്തിന്‍റെ തീക്ഷ്ണതയില്‍ സന്ധ്യയായപ്പോഴേയ്ക്കും ഭൂതന്‍ വാതം പിടിച്ചവനേപ്പോലെ തളര്‍ന്നിരുപ്പായി. അപ്പോഴേക്കും ‘നീയിനി കുടിക്കണ്ടെടാ കൂവേ’ എന്നു മനസ്സാക്ഷിക്കോടതി വിധിയും പ്രഖ്യാപിച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ. എന്‍റെ നിഘണ്ടുവില്‍ ഇനി മദ്യം എന്നൊരു വാക്കില്ല. പ്രസ്തുത വാക്കും അതിന്‍റെ ഗുണഗണങ്ങളും അച്ചടിച്ച പേജ്‌ ഞാനിതാ കീറിക്കളഞ്ഞിരിക്കുന്നു എന്നു ഭൂതന്‍ മനസ്സു കൊണ്ടുറപ്പിച്ചു.

ആക്രാന്തിനെക്കൊണ്ട്‌ അന്തിച്ചന്തയില്‍ നിന്നും അഞ്ചു രൂപയുടെ കപ്പലണ്ടിയും വാങ്ങിക്കൊറിച്ചു കൊണ്ട്‌ എന്തോ കളഞ്ഞു പോയ ആരെയോ പോലെ ഭൂതന്‍പിള്ള ആകാശത്തേക്കു നോക്കിയിരുന്നപ്പോള്‍ വെറുതേയൊന്നു ചിന്തിച്ചു. ദൈവമേ... കയ്യില്‍ കിടന്ന കാശും കൊടുത്ത്‌ ഞാനിത്ര കാലം കൊണ്ട്‌ എത്ര ലിറ്റര്‍ കള്ള്‌ അകത്താക്കി കാണും. ഈ കാശെല്ലാം ഉണ്ടായിരുന്നെങ്കില്‍ ഇന്നു സ്വന്തമായൊരു ഫൈവ്‌ സ്റ്റാര്‍ ബാര്‍ തുടങ്ങാമായിരുന്നു... മിനിമം ടു സ്റ്റാര്‍ എങ്കിലും...

മനഃസ്സാക്ഷി ഇടക്കു കയറി പറഞ്ഞു: മോനേ ഭൂതാ... നീ ഇനി മേലില്‍ ബാര്‍ എന്നു ചിന്തിക്കരുത്‌. ബാറിനു പകരം മറ്റെന്തെങ്കിലും ചിന്തിക്കൂ.

ഭൂതന്‍ ബാര്‍ മാറ്റി പകരം ഒരു തെങ്ങിന്‍ തോപ്പു വാങ്ങി. താന്‍ കള്ളുകുടി തുടങ്ങിയ കാലം മുതല്‍ ഇങ്ങോട്ടുള്ള പത്തു നാല്‍പ്പത്തിയഞ്ചു വര്‍ഷം ഇട്ടു കൂട്ടേണ്ടിയിരുന്ന തേങ്ങയുടെ എണ്ണവും, ഓലമടലിന്‍റെ നീളവും എല്ലാമടങ്ങുന്ന കുറച്ചു കൂടി വിശാലമായ ഒരു തലത്തിലേക്ക്‌ തന്‍റെ ചിന്തയെ വ്യാപരിപ്പിച്ചു.

ഉല്‍പ്പേടത്തിയുടെ പ്രണയാര്‍ദ്രമായ ‘തോണ്ടി’ വിളിയില്‍ ഭൂതന്‍ പിള്ള ഞെട്ടിപ്പിടഞ്ഞെണീറ്റ് അത്താഴവും കഴിച്ച്‌ കിടപ്പായി. വെള്ളമടി നിര്‍ത്തിയ നാള്‍ മുതല്‍ ഭൂതന്‍ പിള്ളയ്ക്ക്‌ സ്വന്തം പെണ്ണുമ്പിള്ളയെപ്പോലും വിശ്വാസമില്ലാതായി. ആശാന്‍ ഇപ്പോള്‍ ഇരുനില വീടിന്‍റെ മണ്ടയിലുള്ള മുറിയില്‍ ഒറ്റക്കാണ് കിടപ്പ്‌. മുറിയുടെ മൂന്നാലു സാക്ഷായും ഇട്ട്‌ ഇനിയുമാരെങ്കിലും കതകു തുറന്നാല്‍ അറിയാന്‍ മുറിക്കകത്തു കിടന്ന ഒരു സ്റ്റൂളും അതിന്‍റെ മണ്ടയില്‍ ഒരു പൊട്ടുന്ന പാത്രവും വാതിലിനോടു ചേര്‍ത്തു വച്ചാണ് ഇപ്പോഴത്തെ പള്ളിനിദ്ര. എന്നിട്ടും സമാധാനമില്ലാതെ ഇടക്കിടെ എഴുന്നേറ്റു കതകു പരിശോധിക്കുകയും ചെയ്യും.

പഴയ കാലത്തെ തെങ്ങിന്‍ ചുവടിന്‍റെയും, ഓടയുടെയും അത്ര സുരക്ഷിതമല്ല തന്‍റെ ഇപ്പോഴത്തെ ശയനമുറിയെന്നൊരു തോന്നല്‍ ഭൂതന്‍ പിള്ളയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. മാത്രവുമല്ല താന്‍ ഇന്നൊരു പുരുഷ‘രത്നം’ ആണല്ലോ. ആ രത്നത്തെ അടിച്ചോണ്ടു പോകാനോ, ഉന്മൂലനാശം വരുത്താനോ ആര്‍ക്കെങ്കിലും തോന്നിയാലോ?.

അങ്ങനെ മദ്യത്തിന്‍റെ സഹകരണമില്ലാതെ തന്‍റെ മൂന്നാം പള്ളിക്കുറുപ്പിന് ആവശ്യമുള്ള എല്ലാ സന്നാഹങ്ങളും ഭൂതന്‍പിള്ള വട്ടം കൂട്ടി. (സ്റ്റൂളും, മണ്‍പാത്രവും ഉള്‍പ്പെടെ). അതു വരെ കണ്ടിട്ടില്ലാത്ത ആ വീടിന്‍റെ സീലിംഗും കണ്ടു കൊണ്ട്‌ ആശാന്‍ കിടപ്പായി. (നാലു കാലേല്‍ വന്നോണ്ടിരുന്ന കാലത്ത്‌ ഇതൊക്കെ എങ്ങനെ കാണാന്‍?)

വെള്ളമടി നിര്‍ത്തിയതു കൊണ്ടായിരിക്കും ആശാന് രണ്ടു ദിവസമായി തീരെയും ഉറക്കമില്ല. എന്തെങ്കിലും ഓര്‍ത്തോണ്ടു കിടക്കാമെന്നു വച്ചാല്‍ ഓര്‍ത്തെടുക്കാന്‍ പറ്റിയ ബോധമുള്ള അവസരങ്ങള്‍ വളരെക്കുറവായിരുന്നല്ലോ. പിന്നെ ആകെയുണ്ടായിരുന്ന വളരെക്കുറച്ചു സീനുകള്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കണ്ടു കൊണ്ടും, അതേപ്പറ്റി കൂലങ്കഷമായി ചിന്തിച്ചു കൊണ്ടും ചുമ്മാ അങ്ങനെ കിടന്നു.

പെട്ടെന്നതാ തന്‍റെ കിടക്കക്കരുകില്‍ ഒരാള്‍ രൂപം!!!.

ഭൂതന്‍ പിള്ള ആദ്യം ഞെട്ടി. എന്നിട്ടു സൂക്ഷിച്ചു നോക്കി. എന്നിട്ടു വീണ്ടും ഒന്നൂടെ ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും?. സ്വന്തം ഭാര്യ ശ്രീമതി ഉല്‍പ്പലാക്ഷി ഭൂതനാഥാണ് തന്‍റെ ചാരത്ത്‌. ഇവളെയല്ലേ ഞാന്‍ താഴെ നിര്‍ത്തീട്ട് മുകളില്‍ കയറി കതകടച്ചത്‌?. എന്നിട്ടങ്ങനെ ഇവളകത്തു വന്നു?.

ഭൂതന്‍പിള്ള കനപ്പിച്ചു ചോദിച്ചു: നീയെങ്ങനെ അകത്തു വന്നു?.
ഉല്‍പ്പലാക്ഷി: ഞാന്‍ വന്നു
എങ്ങനെയാണെന്നാ ചോദിച്ചത്‌?
അതൊരു സൂത്രമാണ്
എന്തു സൂത്രം?
അതൊന്നും പറഞ്ഞാല്‍ ശരിയാവില്ല
നിന്നോടു പറയാനല്ലേ പറഞ്ഞത്‌
എന്നാല്‍ പറയാം. അതൊരു മാന്ത്രിക വിദ്യയാണ്.
മാന്ത്രിക വിദ്യയോ?. അതു നീയെവിടുന്നു പഠിച്ചു?.
അതു ഞാന്‍ കോയമ്പത്തൂരു പോയി പഠിച്ചതാണ്.
അതിനു കതക്‌ ഇപ്പോഴും തുറന്നിട്ടില്ലല്ലോ?.
അതാണാ വിദ്യ. എനിക്കു കടന്നു വരാന്‍ കതക്‌ തുറക്കണമെന്നില്ല.
ഏതായാലും നീ ഇവിടെ വരെ വന്നതല്ലേ. നീയാ ലൈറ്റൊന്നിട്‌. ഞാന്‍ നിന്നെയൊന്നു ശരിക്കു കാണട്ടെ.
അയ്യോ അതു പറ്റില്ല.
നീ എന്‍റെ കെട്ടിയവളായിട്ട്‌, എനിക്കു വേണ്ടി കേവലം ഒരു ലൈറ്റിട്ടു തരാന്‍ പോലും കഴിയില്ലെന്നോ?. പിന്നെ നീയെന്തൊരു ഭാര്യയാ?. എന്‍റെ ഭാര്യയായിരിക്കാന്‍ നിനക്കെന്താ അവകാശം?.

ഉല്‍പ്പുവിന്‍റെ സ്വരം ആര്‍ദ്രമായി...
എനിക്ക്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ ഞാന്‍ പറഞ്ഞില്ലേ ഞാന്‍ ഒരു മാന്ത്രിക വിദ്യ പ്രയോഗിച്ചാ അകത്തു കടന്നതെന്ന്‌. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്‌ എന്‍റെ ആത്മാവിനെ മാത്രമാണ്. എന്‍റെ ശരീരം താഴെ കിടക്കുകയാണ്. വെറും ആത്മാവു മാത്രമായ എനിക്ക്‌ ഒരു വസ്തു എടുത്തു മാറ്റുവാനോ, അമര്‍ത്തുവാനോ ഒന്നുമുള്ള കഴിവില്ല.

ഭൂതന്‍പിള്ള അന്തം വിട്ടു. കൂട്ടത്തില്‍ രണ്ടു മൂന്നു നെടുവീര്‍പ്പും. കാരണം, ഇവള്‍ക്കൊന്നും എടുത്തു പൊക്കാനും, അമര്‍ത്താനും ഒന്നുമുള്ള കഴിവില്ലല്ലോ. അല്ലാരുന്നെങ്കില്‍ പണ്ടു ഞാന്‍ വെള്ളമടിച്ചേച്ച്‌ ഇവള്‍ക്കിട്ടു കൊടുത്തതൊക്കെ ഇപ്പോള്‍ പലിശ സഹിതം തിരിച്ചു തന്നേനെ. ഇതിപ്പോള്‍ എനിക്കിട്ടു കിട്ടില്ല. എന്നാലും സൂക്ഷിക്കണം. സ്വന്തം ഭാര്യ ഒരു മന്ത്രവാദിനിയാണെന്നുള്ള തിരിച്ചറിവ്‌ തനിക്കെപ്പോഴും ഉണ്ടായിരിക്കുന്നതു നല്ലതാണ്.

ഏതായാലും ഭൂതന്‍ പിള്ള സൂത്രത്തില്‍ പുറത്തിറങ്ങി. കയ്യില്‍ കിട്ടിയ ഒരു തലയിണ നെഞ്ചോടു ചേര്‍ത്ത്‌ പരിച പോലെ പിടിച്ച്‌, മൂലയില്‍ ചാരിയിരുന്ന ഒരു ഇരുമ്പു വടിയും പിടിച്ചു കൊണ്ട്‌ ചടപടാ കോണിപ്പടികളിറങ്ങി താഴേക്കു കുതിച്ചു.

ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ മുകളില്‍ നിന്നും ആകെപ്പാടെ ഒരു ബഹളം കേട്ടാണ് ആക്രാന്തും ഉല്‍പ്പലാക്ഷിയും ഉണര്‍ന്നത്‌. അവര്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ കതകു തുറന്ന്‌ വെളിയില്‍ വന്നപ്പോള്‍ അതാ ഭൂതനാഥന്‍പിള്ള സംഹാരരുദ്രനേപ്പോലെ ഉറഞ്ഞ് തുള്ളി നില്‍ക്കുന്നു!. ചെവിയില്‍ നിന്നും, പാമ്പിന്‍റെ പൊത്തില്‍ തിരുകിക്കയറ്റി വച്ച ചൂലു പോലെ പുറത്തേക്കു നീണ്ടു നില്‍ക്കുന്ന രോമങ്ങള്‍ കടല്‍ക്കാറ്റില്‍ ഉണങ്ങാനിട്ട കോണകം പോലെ വിറക്കുന്നു. മാറിടം ചേന്നന്‍ കൊല്ലന്‍റെ ആലയിലെ ഉല പോലെ ഉയര്‍ന്നു താഴുന്നു, കണ്ണുകള്‍ കോപത്താല്‍ ചെങ്കണ്ണു ദീനം വന്നവനേപ്പോലെ ചുവന്നിരിക്കുന്നു... പാവം ഉല്‍പ്പലാക്ഷി സ്നേഹപൂര്‍വ്വം ചോദിച്ചു:

ഭൂതേട്ടാ, ഭൂതേട്ടനിതെന്തു പറ്റി?.

കോപാക്രാന്തനായ ഭൂതന്‍ പിള്ള പറഞ്ഞു: അമ്പടീ നിനക്കൊന്നും അറിയില്ല അല്ലേ. നിനക്കു ഞാന്‍ പറ്റിച്ചു തരാമെടീ.

ഉല്‍പ്പലാക്ഷി വീണ്ടും ദയനീയമായി പറഞ്ഞു: ഭൂതേട്ടാ, ഇതു ഭൂതേട്ടന്‍റെ ഉല്‍പ്പുവാ, ഇങ്ങോട്ടൊന്നു നോക്കിക്കേ, ഇതെന്താ ഇങ്ങനെ വന്നു നിക്കുന്നേ?. നമ്മുടെ മോന്‍ ആക്രാന്തിനെ നോക്കിക്കേ... ഇതു ഞങ്ങളാ... ഭൂതേട്ടന്‍ സ്വപ്നം വല്ലോം കണ്ടാരുന്നോ?.

വേണ്ടടീ നീ എന്നെ സ്വപ്നം ഒന്നും കാണിക്കണ്ട. നീ കോയമ്പത്തൂരൂന്നു വിദ്യ പഠിച്ചതാണെങ്കില്‍ ഞാന്‍ കോടമ്പാക്കത്തൂന്നാ പഠിച്ചെ. നിന്‍റെ കളിയൊന്നും എന്നോടു വേണ്ട.

വാദപ്രതിവാദങ്ങള്‍ ആ നട്ടപാതിരാത്രിക്ക്‌ പട്ടാപ്പകലിന്‍റെ ഉന്മേഷം പകര്‍ന്നു. ആക്രാന്ത്‌ എന്തു പറയണമെന്നറിയാതെ വിഷമിച്ചു. സമയം, കാത്തു നിക്കാതെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ ആക്രാന്തിനെയും തൂക്കിയെടുത്ത്‌ ഭൂതന്‍പിള്ള പടികള്‍ കയറി അകത്തു ചെന്ന്‌ കതകുമടച്ച്‌ അട്ടഹസിച്ചു.

കയറി വാടീ, നീയിങ്ങകത്തു കയറി വാ. നീ കോയമ്പത്തൂരില്‍ നിന്നു പഠിച്ച നിന്‍റെ മറ്റേ വിദ്യ ഉപയോഗിച്ച്‌ ഇങ്ങകത്തു കയറി വാ. എനിക്കതൊന്നൂടൊന്നു കാണണം.

പാവം ആക്രാന്ത്‌ അന്തം വിട്ടു നിലവിളിക്കാന്‍ തുടങ്ങി. അവന്‍റെ കാറിച്ച കേട്ട്‌ ഉല്‍പ്പലാക്ഷി കരുതി അവന്‍റെ ‘അതിയാന്‍‘ അകത്തിട്ടു കൈകാര്യം ചെയ്യുവാണെന്ന്‌. ഉല്‍പ്പലാക്ഷിയും നിലവിളിക്കന്‍ തുടങ്ങി. എന്നിട്ടും ഭൂതനുണ്ടോ വിടുന്നു.

അയല്പക്കത്തെ ലൈറ്റുകള്‍ ഒന്നൊന്നായി തെളിയാന്‍ തുടങ്ങി. ഭൂതന്‍ പിള്ളയുടെ വീടായ ‘വിഭൂതീയം’ ആകെ ബഹളമയമാണ്. അയല്‍ക്കാരെല്ലാവരും ഓടി മതില്‍ ചാടിയും, മരത്തില്‍ കൂടി കയറിയും വിഭൂതീയത്തിലെത്തി. എല്ലാവരും പല സ്വരത്തിലും താളത്തിലും പേരുകളിലും ഭൂതന്‍ പിള്ളയെ വിളിച്ചു.

ഭൂതണ്ണാ ഇതു ഞങ്ങളാ കതകു തുറക്ക്‌...

എടോ ഭൂതാ തുറക്കെടോ...

ഭൂതാ തുറക്കൂ...

ഇതിനിടയില്‍ അവിടെ നടന്ന സംഭവങ്ങളുടെ തനിക്കറിയാവുന്ന ഒരു വിശദീകരണം ഉല്‍പ്പലാക്ഷി അവര്‍ക്കു വിവരിച്ചു കൊടുത്തു.

ഒടുവില്‍ കതകു തുറന്ന്‌ ഭൂതന്‍പിള്ള പ്രത്യക്ഷപ്പെട്ടു.

ഭൂതന്‍ പിള്ളയ്ക്കു പറയാനുണ്ടായിരുന്ന കോയമ്പത്തൂരിലെ വിദ്യയുടെ കഥകളും നാട്ടുകാര്‍ സസൂക്ഷ്മം കേട്ടു. എല്ലാവരും പറഞ്ഞു മിസ്റ്റര്‍. ഭൂതന്‍ പിള്ളയ്ക്കു വട്ടാണെന്ന്‌.

സംഭവം ഇത്രേയുള്ളൂ. എല്ലാം ചങ്ങാതിയുടെ തോന്നലുകള്‍ മാത്രമായിരുന്നു. വെറും തോന്നലുകള്‍...

പിറ്റേ ദിവസം പാവം ഉല്‍പ്പലാക്ഷിയും, ചില ബന്ധുക്കളും ചേര്‍ന്ന്‌ ഭൂതന്‍പിള്ളയെ പിടിച്ച്‌ ഒരു മാനസിക രോഗ വിദഗ്ധന്‍റെ അടുത്തെത്തിച്ചു. മുഴുവന്‍ കഥകളും കേട്ട ശേഷം ഡോക്ടര്‍ തന്‍റെ കഷണ്ടിത്തലയുടെ ചില പ്രത്യേക ഭാഗങ്ങളിലും, ഊശാന്‍ താടിയില്‍ ഒട്ടാകെയും വിരലുകള്‍ കൊണ്ട്‌ മാന്ത്രികമായി തടവി. മുഖം കൊണ്ട്‌ ചില ഗോഷ്ഠികളൊക്കെ കാണിച്ചിട്ട്‌ മിസ്റ്റര്‍. ഭൂതന്‍പിള്ള ഇതുപോലെയൊക്കെ കാണിക്കാറുണ്ടോ എന്ന്‌ ചോദിച്ചു. ഇല്ല എന്ന്‌ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. എന്നിട്ട്‌ ഡോക്ടര്‍ ഒരു ചിരിയോടെ പറഞ്ഞു...

ഇതു വട്ടൊന്നുമല്ല. മിസ്റ്റര്‍ ശ്രീഭൂതനാഥന്‍ പിള്ള കള്ളുകുടി നിര്‍ത്തിയതിന്‍റെ ഒരു പാര്‍ശ്വഫലമാണ്.

പ്രസ്തുത അവസ്ഥയെക്കുറിച്ച്‌ വായില്‍ക്കൊള്ളാത്ത ഒരു പേരും പറഞ്ഞു കേള്‍പ്പിച്ചു ഡോക്ടര്‍. എല്ലാവര്‍ക്കും സമാധാനമായി. ഉല്‍പ്പലാക്ഷിക്കൊഴിച്ച്‌. ഇതിയാന്‍റെ ഡോക്ടര്‍ പറഞ്ഞ ഈ കുന്ത്രാണ്ടം ഇനി എത്ര നാള്‍ തന്‍റെയും കുഞ്ഞിന്‍റെയും ഉറക്കം കെടുത്തുമെന്നതായിരുന്നു ഉല്‍പ്പലാക്ഷിയുടെ ചിന്ത.

പക്ഷേ വീട്ടില്‍ തിരിച്ചെത്തിയ ഭൂതനാഥന്‍ പിള്ളയുടെ മുന്‍പില്‍, അയല്പക്കക്കാരുടെ ഒരു നീണ്ട നിര തന്നെ കാണായി. എല്ലാവരും കൂടി ഒരു സങ്കട ഹര്‍ജ്ജിയും, ഒപ്പം ഒരു കുപ്പിയും സമര്‍പ്പിച്ചു. അവര്‍ ഒന്നടങ്കം പറഞ്ഞു. എന്‍റെ പൊന്നു ഭൂതണ്ണാ അണ്ണന്‍ ദയവായി ഇന്നു മുതല്‍ മദ്യപാനം പുനരാരംഭിക്കണം.

ശ്രീഭൂതനാഥന്‍പിള്ള തന്‍റെ മുന്‍പിലിരിക്കുന്ന കുപ്പിയിലേക്കും, കൂടി നിന്ന ജനങ്ങളുടേയും; അയാളുടെ സ്വന്തം ഭാര്യയുടേയും, മകന്‍റേയും പലവിധ ഭാവഭേദങ്ങള്‍ക്കു വഴിമാറുന്ന മുഖങ്ങളിലേക്കും മാറിമാറി നോക്കി. എന്നിട്ടു മറ്റൊന്നും ചിന്തിക്കാതെ തന്‍റെ മുന്‍പിലിരിക്കുന്ന കുപ്പിയെടുത്തു തുറന്നു. മൂന്നു തുള്ളി ആരെയൊക്കെയോ മനസ്സില്‍ ധ്യാനിച്ച്‌ സമര്‍പ്പിച്ചു (വെള്ളമടിച്ചു ചത്തു പോയ വല്ല കുടിയന്മാരേയും ആയിരിക്കും)... എന്നിട്ട്‌ ഇടം വലം നോക്കാതെ ഒരൊറ്റ തട്ട്‌...

തീര്‍ന്നില്ലേ കഥ...

ശ്രീഭൂതനാഥന്‍പിള്ള വീണ്ടും ശ്രീഭൂതനാഥന്‍പിള്ളയായി!.

© ജയകൃഷ്ണന്‍ കാവാലം

13 comments:

Unknown said...

മോനേ ഭൂതാ... നീ ഇനി മേലില്‍ ബാര്‍ എന്നു ചിന്തിക്കരുത്‌. ബാറിനു പകരം മറ്റെന്തെങ്കിലും ചിന്തിക്കൂ.

കുടി നിര്‍ത്താനുള്ള എളുപ്പവഴി..പക്ഷെ കാര്യം നടക്കാന്‍ പ്രയാസമാ മാഷേ..
:) നനായി മി. . പിള്ള.

Balu said...

വായിച്ചു ഇഷ്ട്ട പെട്ടു എനിക്കും ചിലത് പറയാനുണ്ട്,
എങ്ങനെ മദ്യം ഉപയോഗിക്കണം?
എങ്ങനെ മദ്യം ഉപയോഗിക്കണം എന്ന് ചോദിച്ചത്, മദ്യം ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് ഇന്നു പ്രസക്തി ഇല്ലാത്തതുകൊണ്ടാണ്.
(വീണ്ടും ഞാന് പറയട്ടെ, ഇതും എന്റെ മനസിന്റെ മാത്രം ജല്പനമാവാം. ക്ഷമിക്കുക)

ആദ്യമേ തന്നെ പറയട്ടെ, നാം മലയാളികള്ക്ക് മദ്യം ഉപയോഗിക്കാന് അറിയില്ല.(എല്ലാവരെയും കാര്യമല്ല).
തുടര്ന്ന വായിക്കുക

കാവാലം ജയകൃഷ്ണന്‍ said...

ഇച്ഛാശക്തിയുള്ളവന് എന്തും തുടങ്ങാനും,നിര്‍ത്താനും വളരെ വേഗം കഴിയും മുരളീ. പക്ഷെ ആ ഇച്ഛാശക്തി ഉണ്ടാവണമെന്ന്‌ അവനവനു തോന്നിയാലല്ലേ പറ്റൂ. ശ്രീഭൂതചരിതം ഒരു സംഭവകഥയാണെന്നു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നന്ദി മുരളീ.

അയമാത്മാ ബ്രഹ്മഃ
ചെറിയ ഒരു കമന്‍റിലൂടെ ദീര്‍ഘമായ ചിന്തയുടെയും, അനുഭവത്തിന്‍റെയും ഒരു ലോകത്ഥിലേക്ക് എന്നെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയ ‘ഞാന്‍‘ന്‌ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. ബ്രഹ്മം; ജീവനും, അറിവും, ആനന്ദവുമാണ്... ബ്രഹ്മസാക്ഷാത്കാരം നേടിയവനിലെ ‘ഞാന്‍‘ ശരീരമല്ല ബ്രഹ്മം തന്നെയാണ്. പേരില്ലാതെ, രൂപമില്ലാതെ ഒരുപിടി ചിന്തോദ്ദീപകങ്ങളും, പ്രകാശവത്തായതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്ന അദ്ദേഹത്തിലും ജ്വലിക്കുന്നത്‌ അതേ ബ്രഹ്മചൈതന്യമത്രേ !. അദ്ദേഹത്തിന്‍റെ ബ്ലോഗിലേയ്ക്ക്‌ എല്ലാ സഹയാത്രികരേയും ക്ഷണിക്കുന്നു.

Sapna Anu B.George said...

ഒരു തമാശയിലൊതുക്കിയെങ്കിലും, നര്‍മ്മത്തില്‍ ചാലിച്ചെഴുതിയവക്ക്....ഒരു ദീര്‍ഘനിവാസത്തിന്റെ ചെറിയ വേദനയുണ്ടോ????????നല്ല എഴുത്ത്, ശൈലി....എനിക്കും ഇതു പോലെ ചെറുകഥകള്‍ എഴുതാന്‍ സാധിച്ചെങ്കില്‍ എന്നു ആശിക്കുന്നു ..... വീണ്ടും കാണാം ഈ ബ്ലോഗുകളില്‍

കാവാലം ജയകൃഷ്ണന്‍ said...

ഈ കഥ കഥയാവുന്നതിനു മുന്‍പ്‌ ഞാന്‍ ഈ സംഭവത്തിന്‍റെ ഒരു കാഴ്ച്ചക്കാരനായിരുന്നു... താങ്കള്‍ കണ്ടെത്തിയ ആ ദീര്‍ഘനിശ്വാസം ഞാന്‍ ഉല്പലാക്ഷിക്കും ആക്രാന്തിനും സമര്‍പ്പിക്കുന്നു.

ഇതിലും നല്ല ചെറുകഥകള്‍ എഴുതാന്‍ തീര്‍ച്ചയായും താങ്കള്‍ക്കു സാധിക്കുമല്ലൊ...

നന്ദി അറിയിക്കുന്നു

ജയകൃഷ്ണന്‍ കാവാലം

Avanthika said...

നന്നായിട്ടുണ്ട്. ആശംസകള്‍...

കാവാലം ജയകൃഷ്ണന്‍ said...

നന്ദി അവന്തിക

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൊള്ളാം

കാവാലം ജയകൃഷ്ണന്‍ said...

നന്ദി സഗീര്‍
വീണ്ടും വരിക


ജയകൃഷ്ണന്‍ കാവാലം

ഹാരിസ്‌ എടവന said...

super

കാവാലം ജയകൃഷ്ണന്‍ said...

നന്ദി ഹാരിസ്‌

ഹൃദയത്തുടിപ്പുകളിലേയ്ക്ക് ഹൃദയപൂര്‍വം സ്വാഗതം

ജയകൃഷ്ണന്‍ കാവാലം

തറവാടി said...

തുടക്കം നന്നായി ,

ഒതുക്കാമായിരുന്നു എന്നൊരു തോന്നല്‍ :)

കാവാലം ജയകൃഷ്ണന്‍ said...

ആദ്യം ഇത്തിരിയെ ഉണ്ടായിരുന്നുള്ളൂ, അപ്പോള്‍ അല്പം കൂടി വിശാലമാക്കി, പിന്നെ പിടിച്ചാല്‍ കിട്ടാത്ത നീളമായിപ്പോയി... സാക്ഷാല്‍ പുലിവാലു പോലെ


നന്ദി തറവാടി

ജയകൃഷ്ണന്‍ കാവാലം

 
Site Meter