Wednesday, January 7, 2009

ലക്ഷണ (മുത്തു പൊഴിയുന്ന കാവാലം 8)കാവാലത്തെ ഒരു സാധാരണ പ്രഭാതം. ആ പ്രഭാതത്തിന് അസാധാരണത്വം നല്‍കിയ ഒരു പെണ്‍കുട്ടിയായിരുന്നു ലക്ഷണ. രാവിലെ ഉറക്കമുണര്‍ന്ന് പൂക്കൈതയാറ്റില്‍ മുങ്ങിക്കുളിച്ച് പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞ് വെറുതേ വെളിയിലേക്ക് വായീനോക്കി നിന്ന സമയമാണ് അവള്‍ രണ്ടു മൂന്നു പുസ്തകവും മാറോട് ചേര്‍ത്ത് ഗേറ്റിനു മുന്‍പിലൂടെ കടന്നു പോയത്. ഒന്നേ നോക്കിയുള്ളൂ, കാഴ്ചയുടെ വര്‍ണ്ണവസന്തം എനിക്കു തന്ന അവളുടെ മാറില്‍ ചാഞ്ഞ ആ പുസ്തകങ്ങളോട്‌ എനിക്കടങ്ങാത്ത അസൂയ തോന്നി. നേരേ കിഴക്കോട്ടു നോക്കി കണ്ണില്‍ക്കണ്ട ആദിത്യഭഗവാനോട്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവാനേ എന്‍റെ ഈ ജീവിതം ഇപ്പോള്‍ ഈ നിമിഷം അവസാനിപ്പിച്ച്, അവളുടെ പുസ്തകത്തിന്‍റെ പുറംചട്ടയായി എന്നെ പുനര്‍ജനിപ്പിക്കണേ... ആദിത്യഭഗവാന്‍ കേട്ടില്ല പക്ഷേ കിഴക്കേ വീടിന്‍റെ തെങ്ങില്‍ ചെത്താന്‍ കേറിയിരുന്ന ചെത്തുകാരനതു കേട്ടു. അയാള്‍ എന്നെ നോക്കി ഇളിച്ചു കാട്ടി. ഞാനും.

അന്നുമുതല്‍ ജയകൃഷ്ണന്‍ വീണ്ടും സുന്ദരനാവാനും നാട്ടുകാരുടെ കണ്ണിലുണ്ണിയാവാനും തീരുമാനിച്ചു. മോന്തക്കു പൊടിച്ചു വന്നിരുന്ന പൊടിമീശ (അന്നതിനെ മീശയെന്നു വിളിച്ചാല്‍ മീശക്കു നാണക്കേടാകുന്ന സമയം.)പലവിധ അലങ്കാരപ്പണികളും ഐ ലൈനറും ഒക്കെ ഉപയോഗിച്ചു സമ്പന്നമാക്കി. വാവക്കുട്ടനമ്മാവനെ മനസ്സില്‍ ധ്യാനിച്ച് മുടി ചീകി, പല വിധ പുഞ്ചിരികളേക്കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തി, സ്ഥലത്തെ മാന്യന്മാരുമായി ദിവസവും മുടങ്ങാതെ സംസാരിച്ചു, കരാട്ടേ പഠനം അവസാനിപ്പിച്ച് പെണ്ണമ്മടീച്ചറിന്‍റെ ഭരതനാട്യം ക്ലാസ്സില്‍ ചേര്‍ന്നു, ക്ഷേത്രദര്‍ശനം ഒരു നേരമെന്നുള്ളത് രണ്ടാക്കി, മുല്ലശ്ശേരി പീടികയില്‍ പൌഡറിനും, ഫെയര്‍ ആന്‍റ് ലൌവ്‌ലിക്കുമായി ഒരു പ്രത്യേക അക്കൌണ്ട് തന്നെ തുറന്നു, പ്രത്യേകിച്ച് ഒരു കാര്യവുമില്ലെങ്കിലും ദിവസവും സ്റ്റേറ്റ് ബാങ്കില്‍ പോയി കറങ്ങിത്തിരിഞ്ഞ് നിന്ന് അവിടെ നിന്നും ഗംഭീരമായി തിരിച്ചിറങ്ങി പോന്നു അങ്ങനെ ജീവിതം അടിമുടി പൊളിച്ചെഴുതി. അവാര്‍ഡ് പടം പോലെയായിരുന്ന ജയകൃഷ്ണന്‍റെ ജീവിതം ലക്ഷണ കാരണം ഒരു സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ത്രില്ലറിന്‍റെ നിലവാരത്തിലേക്കു ഗതി മാറി.

ലക്ഷണയെ അതിനു മുന്‍പു ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും എനിക്കു തോന്നാഞ്ഞ ഈ ഒരു ഇത് ആ പ്രത്യേകസാഹചര്യത്തില്‍ തോന്നിയതിന്‍റെ പൊരുള്‍ എനിക്കിപ്പൊഴും അറിയില്ല. സാക്ഷാല്‍ കാമദേവന്‍ അവളുടെ പിന്നില്‍ നിന്ന് അമ്പുകളഞ്ചും ഒന്നിച്ച് എന്‍റെ നെഞ്ചത്തേക്ക് എയ്തു പിടിപ്പിക്കുകയായിരുന്നു. എനിക്ക് ഊണില്ലാതായി, ഉറക്കമില്ലാതായി, മനസ്സു പിടഞ്ഞു പിടഞ്ഞ് ഇനി പിടക്കാന്‍ കഴിയാത്ത അവസ്ഥയിലായി അങ്ങനെ ഒരു ദിവസം അലങ്കാരങ്ങളൊന്നുമില്ലാതെ, മുഖവുരകളൊന്നുമില്ലാതെ ഞാന്‍ അവളോടു പറഞ്ഞു.

ലക്ഷണാ, എനിക്കു നിന്നെ വേണം. ഞാന്‍ നിന്നെ കഠിനമായി പ്രണയിക്കുന്നു, നിന്‍റെ സ്നേഹം എനിക്കു തരൂ... ഇല്ലെങ്കില്‍ യുഗങ്ങളോളം ഞാന്‍ നിന്നെ ധ്യാനിച്ചു ധ്യാനിച്ച് മോക്ഷം തേടിയലയും.

അവള്‍ അതു കേട്ട് ഒരു നിമിഷം പകച്ചു നിന്നു, പിന്നെ പൊട്ടിക്കരഞ്ഞു. ഞാന്‍ അന്തം വിട്ടു, ഞാന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ചിന്തിച്ചു നോക്കി. അതിലൊന്നും അവളെ കരയിക്കാന്‍ പോന്ന ഒരു വാക്കും കണ്ടെടുക്കാന്‍ കഴിയാതെ ഞാന്‍ വലഞ്ഞു. കരച്ചിലിനിടയില്‍ അവളെന്നോടു പറഞ്ഞു.

എന്തിനാ എന്നോടിതു പറയാന്‍ ഇത്ര നാള്‍ കാത്തിരുന്നത്?

ഈശ്വരാ... ഇവള്‍ എന്നെയും സ്നേഹിക്കുന്നു!. എനിക്കും വന്നു കരച്ചില്‍. ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം കൈവന്നവന്‍റെ കരച്ചില്‍. അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു.

അന്നു മുതല്‍ കാവാലത്തിന്‍റെ ഗ്രാമഭംഗി കളര്‍ കറക്ഷന്‍ ചെയ്ത സിനിമാസ്കോപ്പ് ചിത്രം പോലെ മനോഹരമായി. കല്പ്പടവുകളില്‍ വന്നു തട്ടി കുണുങ്ങിപ്പോകുന്ന പൂക്കൈതയാറിന്‍റെ കുഞ്ഞോളങ്ങള്‍ കിലുകിലാന്നു മന്ത്രിക്കുന്നത് ഞങ്ങളുടെ കഥകളായി, കിഴക്കുപുറം പാടത്തെ നെല്ലോലകളും, കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടാശ്ശേരി ജംഗ്ഷനില്‍ കെട്ടിയിരുന്ന ചെങ്കൊടിയും, മധുച്ചേട്ടന്‍റെ ചായക്കടയില്‍ ഈച്ചയെ പിടിക്കാന്‍ എണ്ണയില്‍ മുക്കി കെട്ടിത്തൂക്കിയിരുന്ന ദേശാഭിമാനിപ്പത്രവും, തേങ്ങാവെട്ടുന്ന കുട്ടപ്പായിച്ചേട്ടന്‍ കാക്കയെ ഓടിക്കാന്‍ കയറില്‍ കെട്ടിത്തൂക്കിയ കാക്കത്തൂവല്‍ പോലും ഒരേ പോലെ ഞങ്ങളെ തലയാട്ടി അഭിവാദ്യം ചെയ്തു. പതിവിലും കൂടുതല്‍ ഭക്ഷണം കഴിച്ചു, കൂടുതല്‍ നന്നായി പഠിച്ചു, അതിലും കൂടുതലായി സ്വപ്നങ്ങള്‍ കണ്ടു അങ്ങനെ ജീവിതം ഒരു മഹാകാവ്യമായി മാറി. പക്ഷേ തേന്മാവിന്‍റെ ചുവട്ടില്‍ കെട്ടിയ കടിയന്‍പട്ടിയെപ്പോലെ അവളുടെ അച്ഛന്‍ ഈ മാധുര്യം നിറഞ്ഞ ജീവിതത്തില്‍ അകലം തീര്‍ത്തു. ആ മഹാപാപി പറഞ്ഞത്, നേരേ ചൊവ്വേ ആയിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനേ ഇത് എന്നോടു ചോദിക്കാതെ പ്രണയിച്ചതു കൊണ്ട്‌ എന്തായാലും ഞാനിതു സമ്മതിക്കില്ലെനാണ്. ഇതെന്തൊരു തന്ത? ലോകത്തിലാരെങ്കിലും സ്വന്തം അച്ഛനോട്‌ ചോദിച്ചിട്ട് പ്രേമിക്കാന്‍ പോകുമോ?

അയാള്‍ ലക്ഷണയെ വീട്ടിലിട്ടു പൂട്ടി. വൈകുന്നേരങ്ങളില്‍ പറയനടി ഷാപ്പില്‍ സഹകുടിയന്മാരോട് എന്നെ കൊല്ലുമെന്നു പറഞ്ഞു. (പുറത്തു വന്നു പറഞ്ഞില്ല) എന്നെ കാണുമ്പോള്‍ പതിഞ്ഞ ഒരു മുരളലോടെ എന്നെ നോക്കി കൊന്നു. അനശ്വരപ്രണയത്തിന്‍റെ ഉത്തുംഗശൃംഗത്തില്‍ ജയകൃഷ്ണന്‍ ഒരു സാമ്രാജ്യത്തിന്‍റെ അധിപനായി വിരാജിച്ചു. അല്പകാലമായി ‘മാന്യന്‍‘ ആയി നടന്നിരുന്ന ജയകൃഷ്ണനും ഉണ്ടായി അനുയായികള്‍. ചില മധ്യസ്ഥന്മാര്‍ ഒത്തു തീര്‍പ്പിനു ശ്രമിച്ചു. ആസിഡ്‌ ഒഴിച്ചു ചെവി കഴുകിയാലും പോകാത്ത തെറി കൊണ്ടയാള്‍ അവരെ ഒളിമ്പിക്സിനുള്ള ട്രെയിനിംഗ് കൊടുത്തു വിട്ടു. ഇനി മുതല്‍ ഇവള്‍ക്കു ഭക്ഷണം കൊടുക്കണ്ട എന്നയാള്‍ ഭാര്യയോടും, ജോലിക്കാരിയോടും ആജ്ഞാപിച്ചു.

ജോലിക്കാരി ശാന്തമ്മച്ചേച്ചി ഞങ്ങളുടെ ഇടയിലെ ഹംസമായി. ഞങ്ങളുടെ നെടുവീര്‍പ്പുകള്‍ വഹിക്കുവാനുള്ള പളുങ്കുപാത്രമായി ആ ഹൃദയം രൂപാന്തരപ്പെട്ടു. ഒരു ദിവസം ആരുമറിയാതെ ശാന്തമ്മച്ചേച്ചി ലക്ഷണക്കു ഭക്ഷണം കൊടുത്തത് അവളുടെ അലവലാതി അച്ഛന്‍ തട്ടി തെറിപ്പിച്ചുവത്രേ. തറയില്‍ വീണ ചോറ് വാരി അവള്‍ കഴിച്ചു. അയാള്‍ പോയിക്കഴിഞ്ഞ് ശാന്തമ്മച്ചേച്ചി അവളോടു ചോദിച്ചു,

എന്തിനാ മോളേ ഈ മണ്ണു പറ്റിയ ചോറ്‌ നീ കഴിക്കുന്നത്, അച്ഛന്‍ പോയിക്കഴിഞ്ഞ് ഞാന്‍ വേറേ തരാം

അവള്‍ പറഞ്ഞു, എനിക്ക് ജീവിക്കണം, എന്‍റെ ജീവന്‍ എന്നെ ജീവനു തുല്യം സ്നേഹിക്കുന്നവനുള്ളതാണ്. അതു കാത്തു സൂക്ഷിക്കുകയാണ്‌ ഞാന്‍.

ഇത് അതേപടി ശാന്തമ്മച്ചേച്ചി എന്നെ ബോധിപ്പിച്ചു. ഞാന്‍ തകര്‍ന്നു പോയി. ഇങ്ങനെ എന്നെ സ്നേഹിക്കാന്‍ ഇവളാരാണ്. ജീവന്‍ പോയാലും ഞാന്‍ ഇവളെ മറ്റൊരാള്‍ക്കു വിട്ടു കൊടുക്കില്ല. ഗുരുവായൂരപ്പന് അസംഖ്യം ശയനപ്രദക്ഷിണങ്ങള്‍ നേര്‍ന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഈ പ്രണയ വ്യഥകള്‍ മുഴുവന്‍ ഞാന്‍ പങ്കുവച്ചിരുന്നത് അടുത്ത സുഹൃത്തായ ശ്രീകുമാറിനോടായിരുന്നു. ശ്രീകുമാര്‍ ആളൊരു പാവമാണ്. മാന്യന്‍, മിതഭാഷി, സര്‍വ്വോപരി സുന്ദരന്‍. ഞാന്‍ കരഞ്ഞപ്പോഴെല്ലാം അവനും കരഞ്ഞു. എന്‍റെ ദുഃഖങ്ങള്‍  ആയിരം മടങ്ങായി ഞാന്‍ അവന്‍റെ മുഖത്ത് കണ്ടു. അതെന്നെ പിന്നെയും ദുഃഖിതനാക്കി. ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ആ വീടിന്‍റെ ഏഴയലത്തു ചെന്നാല്‍ അവളുടെ അച്ഛന്‍ എന്നെ പൊക്കും. അതും പോരാഞ്ഞ് അയാളേക്കാള്‍ ആമ്പിയറുള്ള ഒരു പട്ടിയും. ആ പട്ടിക്കാണെങ്കില്‍ എന്നെ കാണുന്നതേ ചതുര്‍ത്ഥിയാണ്. എങ്ങനെ ശരിയാകും അയാളുടെയല്ലേ മൊതല്. ശ്രീകുമാറിനെ ഈ ദൌത്യം ഏല്‍പ്പിച്ചു. ശാന്തമ്മച്ചേച്ചി വഴി വിവരങ്ങളെല്ലാം അവിടെ അറിയിച്ചു. അവളും കാത്തിരുന്നു. അന്നു രാത്രി ഞാന്‍ കൃഷ്ണപുരം ജംഗ്ഷനില്‍ കാറുമായി കാത്തു നിന്നു. അവന്‍ അവളെ അവിടെയെത്തിക്കുന്നു, ഞങ്ങള്‍ ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. ഇതിനെല്ലാം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. കോഴിച്ചാല്‍ പാടത്തിലെ ഇളംകാറ്റ്‌ ഉരുകുന്ന മനസ്സിലേക്ക് ഒരു കുമ്പിള്‍ കുളിരുമായി ചൂളമടിച്ചെത്തി. അങ്ങു ദൂരെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ആ ദിവ്യസമാഗമത്തിന് സാക്ഷ്യം വഹിക്കുവാന്‍ അക്ഷമരായി കാത്തു നിന്നു. നിമിഷങ്ങള്‍ മണിക്കൂറുകളായി, സമയം പാതിരാത്രിയായി. കാറിന്‍റെ ഡ്രൈവറിന്‍റെ കൂര്‍ക്കം വലി എന്നെ അലോസരപ്പെടുത്തി... എന്നിട്ടും അവള്‍ വന്നില്ല, അവനും.

അവിടെ കല്ലുപാലത്തില്‍ കിടന്നുറങ്ങിയ ഞാന്‍ രാവിലെ ഡ്രൈവര്‍ തട്ടി വിളിച്ചപ്പോഴാണുണര്‍ന്നത്. കാശും വാങ്ങി അയാള്‍ സ്ഥലം വിട്ടു. തിരിച്ചു വീട്ടില്‍ പോയി. വൈകുന്നേരം പുറത്തിറങ്ങിയപ്പോള്‍ എല്ലാവരുമെന്നെ അതീവ ബഹുമാനത്തോടെ നോക്കാന്‍ തുടങ്ങി. സമയം മുന്നോട്ടു പോകവേ അവരറിഞ്ഞ കഥ ഞാനുമറിഞ്ഞു.

എന്‍റെ ആത്മ മിത്രം ശ്രീകുമാറും ലക്ഷണയുമായുള്ള ദിവ്യപ്രണയം നാട്ടുകാരറിയാതിരിക്കാന്‍ ഞാന്‍ എന്‍റെ പേരു പറയുകയായിരുന്നു. അങ്ങനെ അവര്‍ക്കു പ്രേമിക്കുവാനുള്ള എല്ലാ സഹായങ്ങളും ചെയ്ത് ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു മറയായി നില്ക്കുകയായിരുന്നുവത്രേ. അവസാനം അവര്‍ക്ക്  ഒളിച്ചോടാനുള്ള സഹായം വരെ ചെയ്തു കൊടുത്ത ജയകൃഷ്ണനെ ബഹുമാനിക്കണ്ടേ? അതു കൊണ്ടാണെല്ലാവരും എന്നെ ബഹുമാനിച്ചത്.

ചതി. കൊലച്ചതി. അവള്‍ ‘ഇതെന്നോട് പറയാന്‍ എന്തിനിത്ര വൈകി’ എന്നു ചോദിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടല്ലായിരുന്നു. ശ്രീകുമാറുമായുള്ള കമ്യൂണിക്കേഷന്‍ സുഗമം ആക്കാനായിരുന്നു. ഞാനും അങ്ങനെ മറ്റൊരു ഹംസം ആയി. കൃഷ്ണപുരത്ത് ഞാന്‍ കാത്തു നിന്ന സമയം അവന്‍ അവളേയും കൊണ്ട്‌ കൈനടി വഴിക്കു ചങ്ങനാശ്ശേരിയിലെത്തി. ദുഷ്ടന്‍.

ലക്ഷണ എന്നെ സ്നേഹിച്ചിട്ടേയില്ലായിരുന്നു. അവരെ പിന്നീടു ഞാന്‍ കണ്ടിട്ടേയില്ല.ദിവ്യമായ പ്രേമത്തിന്‍റെ അനശ്വരഗാനത്തിന്‍റെ ശീലുകള്‍ ഇന്നും കാവാലത്തിന്‍റെ ഗ്രാമ്യസംഗീതത്തില്‍ എവിടെയൊക്കെയോ ഉണ്ടാവും.

© ജയകൃഷ്ണന്‍ കാവാലം

23 comments:

ചാണക്യന്‍ said...

നന്നായി കാവാലം മാഷെ, ഈ വെളിപ്പെടുത്തല്‍ നന്നായി...
സന്യസിക്കാന്‍ ഈ ഒറ്റ കാരണം മതിയാവും:)

കാന്താരിക്കുട്ടി said...

ഹംസമാകാനായിരുന്നോ ഈ പെടാപ്പാട് ! ഹംസത്തിന്റെ റോൾ ആണു അഭിനയിക്കേണ്ടത് എന്നു ലക്ഷണ പറഞ്ഞില്ലെന്നോ ! എന്തായാലും പോയവൾ പോകട്ടെ.നല്ല സ്വഭാവ ശുദ്ധി ഉള്ള ഒരു പെൺ കുട്ടി ജയകൃഷ്ണനു വേണ്ടി എവിടെയോ ജീവിക്കുന്നുണ്ട്.സമയമാകുമ്പോൾ അവൾ വരും.അതു വരെ മാത്രം സംന്യാസ ജീവിതം നടത്തിയാൽ മതി ട്ടോ !

ഇനിയും ഉണ്ടോ ഇത്തരം അനുഭവങ്ങൾ.ജീവിത ഗന്ധമുള്ള അനുഭവങ്ങൾ !

ശിവ said...

ഹോ! വായിച്ചപ്പോള്‍ ഒരു വല്ലായ്മ....ഇപ്പോള്‍ എന്റെ ചിന്തകള്ല് കാവാലം എന്ന ഗ്രാമം ഉണ്ട്.... പിന്നെ കുറെ ജീവിതങ്ങളും..... നന്ദി കൂട്ടുകാരാ ഈ കുറിപ്പുകള്‍ക്ക്..... ഇനിയും ഒരുപാട് എഴുതണം.....

lakshmy said...

ഇത് ഒള്ളതോ?!! എങ്കിൽ ലക്ഷണ യദാർത്ഥത്തിൽ പറ്റിച്ചത് ജയകൃഷ്ണനെയല്ല, അച്ഛനെയാണ്. സൂത്രത്തിൽ ശ്രദ്ധ ജയകൃഷ്ണനിലേക്കാക്കി കക്ഷി കാര്യം കണ്ടു. നല്ലൊരു തമാശ ആസ്വദിച്ചു എന്നങ്ങ്ട് വിചാരിക്യ. അത്രേള്ളു

ജയകൃഷ്ണന്‍ കാവാലം said...

ചാണക്യന്‍: ഇതു വെളിപ്പെടുത്തല്‍ ഒന്നുമല്ല. ലക്ഷണ എന്നു പേരുള്ള ഒരു പെണ്‍കുട്ടി ഇന്നോളം കാവാലത്തുള്ളതായി എനിക്കറിയില്ല. ഈ കഥയിലെ ഒരു കഥാപാത്രം മാത്രമാണ് ജയകൃഷ്ണന്‍. സ്വന്തമായി നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചു എന്നുള്ളതു കൊണ്ട്‌ സിനിമയുടെ കഥ ആ നടന്‍റെ ജീവിതമാകുന്നില്ലല്ലൊ. അതു പോലെ ഇതില്‍ ആത്മകഥാംശം ഒരണു പോലുമില്ല. ലക്ഷണയൊഴികെ മറ്റെല്ലാവരെയും കാവാലത്തു വന്നാല്‍ കാണാം.

കാന്താരിക്കുട്ടി: പാവം എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ. മേല്പറഞ്ഞ പെണ്‍കുട്ടി എവിടെയാണോ ആവോ? വീട്ടുകാരും, നാട്ടുകാരുമൊക്കെ അന്വേഷിച്ചു നടക്കുന്നുണ്ട്‌. വഴിയിലെങ്ങാനും കണ്ടാല്‍ അറിയിക്കണേ. സന്യാസം നല്ലതല്ലേ? പഴയ പല സന്യാസിമാരും കല്യാണമൊക്കെ കഴിച്ച് വെല്‍ സെറ്റില്‍ഡായിരുന്നില്ലേ? അതുകൊണ്ട്‌ സന്യാസത്തിനു ഭംഗം ഒന്നുമുണ്ടാവില്ല. ഇനിയും ഉണ്ട്‌ ധാരാളം ‘അനുഭവങ്ങള്‍‘ വഴിയേ ഓരോന്നായി ‘അനുഭവിപ്പിക്കാം’.

ശിവ: എന്തു പറ്റി ശിവ, വല്ലായ്മ വരാന്‍? ആ നല്ല മനസ്സു കൊണ്ട്‌ എന്‍റെ ഗ്രാമത്തെ സ്നേഹിക്കുന്നതിന് നന്ദി

ലക്ഷ്മി: കഥ കള്ളക്കഥയാണ്. (സത്യം പറഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ തെറ്റിധരിക്കും) ഓഫീസില്‍ വെറുതേയിരുന്നപ്പോള്‍ തോന്നിയ ഒരു ആശയമാണ്. അന്തവും കുന്തവുമില്ലാതെ എഴുതിത്തുടങ്ങിയതാണ് അതിങ്ങനെയായി എന്നു മാത്രം.

Anonymous said...

katha vayichu dukkichu jayanu oru support tharam ennu karuthi. comment vayichappol ellam manasil aayi. nannayitundu.
your friend

mayilppeeli said...

ഇതു വല്ലാത്തൊരു ചതിയായിപ്പോയല്ലോ അവര്‍ ചെയ്തത്‌.....ഈ കഥയുടെ ക്ലൈമാക്സ്‌ ഇങ്ങനെയാവുമെന്ന്‌ ഞാന്‍ വിചാരിച്ചതേയില്ല......ലക്ഷണ മിടുക്കിയാണല്ലോ.......

പാറുക്കുട്ടി said...

കൊള്ളാം. കലക്കി.

ലതി said...

ഹംസമേ,
കഥ കൊള്ളാം.

ജയകൃഷ്ണന്‍ കാവാലം said...

അനോണിമസ്‌: സന്ദര്‍ശനത്തിനും, കമന്‍റിനും നന്ദി അറിയിക്കട്ടെ. ദുഃഖൈച്ചിരിക്കുമ്പോള്‍ ഒരു വാക്കുകൊണ്ടെങ്കിലും, നോക്കു കൊണ്ടെങ്കിലും കൂടെയുള്ളവനാണ് യഥാര്‍ഥ കൂട്ടുകാരന്‍. താങ്കള്‍ എന്‍റെ നല്ല സ്നേഹിതന്‍ തന്നെ അജ്ഞാതനായ കൂട്ടുകാരാ.

മയില്‍പ്പീലി: വെറും ചതിയല്ല കൊലച്ചതി. എന്തു ചെയ്യാം മയില്‍പ്പീലി, പാവം ജയകൃഷ്ണന്‍. (ലക്ഷണ അത്ര മിടുക്കിയൊന്നുമല്ല - അപ്പൊ ജയകൃഷ്ണനോ?)

പാറുക്കുട്ടി: സ്വാഗതം. നന്ദി

ലതി: എന്നെ ‘ഹംസമേ’ എന്നു വിളിച്ചു അല്ലേ? ഹംസം ആളു ചില്ലറക്കാരനല്ല കേട്ടോ, നളചരിതം അറിയുമല്ലോ... ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്നും... നന്ദി (ഹംസമേ എന്നു വിളിച്ചതിന് ഒരു നന്ദി കൂടുതല്‍ ഇരിക്കട്ടെ)

ആര്യന്‍ said...

ഹ്ംംം... സംഗതി കൊള്ളാലോ...
fiction ആണല്ലേ... വായിച്ചപ്പോള്‍ തോന്നിയത് അനുഭവ കഥ ആയിരിക്കുമെന്ന്.
കൊള്ളാം, നടക്കട്ടെ...

ആര്യന്‍ said...

"മറക്കതെടുക്കുമെന്‍ പുസ്തകം പിന്നെയും
മറക്കാന്‍ കൊതിക്കുന്ന കാവ്യമുണ്ടെങ്കിലും"

ഇതാരുടെ വരികള്‍?

വായിക്കുമ്പോള്‍ മനസ്സില്‍ ചില നൊമ്പര സ്മൃതികള്‍ ഉണര്‍ത്തുന്നു...

ജീവിതത്തിന്റെ ഇത്രയും മനോഹരമായ ഒരു ഉപമ ഞാന്‍ വേറെ എവിടെയും കണ്ടിട്ടേ ഇല്ല.

ജയകൃഷ്ണന്‍ കാവാലം said...

ആര്യന്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം. ‘മറക്കാതെടുക്കുമെന്‍ പുസ്തകം പിന്നെയും...’ ഇത് എന്‍റെ വരികള്‍ തന്നെയാണ്. ഈ വരിയെക്കുറിച്ച് ആദ്യമായി അഭിപ്രായം പറഞ്ഞത് താങ്കളാണ്. നന്ദി അറിയിക്കട്ടെ.

ആര്യന്‍ said...

ജയകൃഷ്ണാ,
ഈ വരികള്‍ ഈ ബ്ലോഗില്‍ മാത്രമല്ല, എന്നെങ്കിലും ഒരിക്കല്‍ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ കുറിച്ചു വെക്കപ്പേടേണ്ടവയാണ്...

ജയകൃഷ്ണന്‍ ഒരു വളരെ നല്ല കവിയാണ്‌. (ആ കവിതകളില്‍ ചിലതിലൂടെ ഞാന്‍ ഇപ്പോള്‍ ഒന്നു കണ്ണോടിച്ചതേ ഉള്ളൂ - കൃഷ്ണേ ഞാനറിയുന്നു നിന്നെ, റോഷിനി, താണ്ഡവസ്തുതി - 'ജടാടവീഗളജ്ജ്വല... മലയാളം?', നേര്‍ രേഖ തേടി, കിളിപാടും പുലരി തന്‍ സൌന്ദര്യമേ, വെറുതെ ഒരു പാട്ട്, ചിരി ... - ഒന്നു ചോദിച്ചോട്ടെ, പ്രണയവും വിരഹവും ആണല്ലോ, കവിതകളില്‍ കൂടുതലും?) താങ്കളുടെ പ്രതിഭയെ, എത്രയും വേഗം, അത് അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തട്ടെ എന്നാശംസിക്കുന്നു.

ജയകൃഷ്ണന്‍ കാവാലം said...

ആര്യന്‍: താങ്കള്‍ക്ക് ആ വരിയോടു തോന്നിയ മമതയെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഉപയോഗിച്ചിരുന്ന നോട്ട് ബുക്കുകളുടെ ആദ്യ പേജില്‍ കുറിച്ചിടാറുണ്ടായിരുന്ന വരികളാണിത്. തുടര്‍ന്ന് സൈറ്റിലും, ബ്ലോഗിലും എല്ലാം അതു തുടര്‍ന്നെന്നേയുള്ളൂ.

കവിതകളെ വായിക്കാനും അംഗീകരിക്കാനും സന്മനസ്സു കാണിച്ചതില്‍ നന്ദി അറിയിക്കുന്നു. എന്നാല്‍ ഒരു ‘നല്ല’ കവി ആണെന്ന് സ്വയം വിശ്വസിക്കുക വയ്യ. ‘ജടാടവിഗളജ്ജ്വല‘ എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. ആ വരികളുടെ വൃത്തം ആയിരുന്നോ? അങ്ങനെ ഒരു വൃത്തം ഉണ്ടെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍ അതും എനിക്കറിവില്ല സുഹൃത്തേ. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ ഞാന്‍ ഒരു നല്ല കവി അല്ലെന്ന്.

പ്രണയവും വിരഹവും ശ്വാസവും നിശ്വാസവും പോലെ നമ്മോടു കൂടെ ഒഴുകുന്ന നദികളല്ലേ... അറിയാതെ കടന്നു വന്നതാണ്. നിരീക്ഷണത്തിന് നന്ദി അറിയിക്കട്ടെ...

ആര്യന്‍ said...

"ജടാടവീഗളജ്ജ്വലപ്രവാഹപാവിതസ്ഥലേ
ഗളേऽവലംബ്യലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഢമഡ്ഢമഡ്ഢമന്നിനാദവഡ്ഢമര്‍വയം
ചകാരചണ്ഡതാണ്ഡവം തനോതുനഃ ശിവഃ ശിവം!"
(ശിവതാണ്ഡവസ്തോത്രം)
ഇതിന് ഒരു ഏകദേശ മലയാള ഭാഷ്യം എന്ന പോലെ തോന്നിച്ചു എന്നാണു ഉദ്ദേശിച്ചത്.
കേട്ടിട്ടേ ഇല്ല?

ജയകൃഷ്ണന്‍ കാവാലം said...

ഇതു ഞാന്‍ കേട്ടിട്ടുണ്ട്‌... പക്ഷേ താണ്ഡവസ്തുതി അതിന്‍റെ ഭാഷ്യമല്ല. ഈ പ്രൌഢമായ വരികള്‍ക്ക് ഭാഷ്യമെഴുതുവാന്‍ കഴിവുള്ള ആരെങ്കിലും ഇന്നുണ്ടാവുമോ?. ഇന്നാണ് പാറശ്ശാല ശ്രീമഹാദേവ ക്ഷേത്രത്തില്‍ പത്താമത് മഹാരുദ്ര യജ്ഞം ആരംഭിച്ചത്. ഈ പുണ്യദിനത്തില്‍ തന്നെ ഈ വരികള്‍ വായിക്കുവാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമെന്നു കരുതട്ടെ. താണ്ഡവസ്തുതി പാറശ്ശാല മഹാദേവന് സമര്‍പ്പിച്ച ദക്ഷിണ മാത്രമാണ്.

ചാണക്യന്‍ said...

ജയകൃഷണന്‍,
തുടങ്ങിയത് ഒന്‍പതാമത്തെ യജ്ഞമാണ്,
പത്താമത്തെ അല്ല..

ജയകൃഷ്ണന്‍ കാവാലം said...

തെറ്റു പറ്റിയതാണ് ചാണക്യന്‍. ശരിയാണ് താങ്കള്‍ പറഞ്ഞത്. എട്ടാമത്തെ യജ്ഞത്തിന് ഞാനുണ്ടായിരുന്നു അവിടെ...

[Shaf] said...

കൊള്ളാം. കലക്കി.

ampily said...

kollam ...swantham anubhavam ingane oral perumatti parunnathu vayichittu rasam thonnunnu....
ellam kazinjilee... ippol kavalam vare vandi ethumaloo...alee...

മുണ്ഡിത ശിരസ്കൻ said...

മച്ചൂ..ചോദിക്കാതെ തന്നെ ഒരു ലിങ്ക് കോപ്പി ചെയ്തു. വട്ടം കറങ്ങി പാർപ്പിടം വഴി വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ്. കോപ്പി റൈറ്റിന്റെ പേരിൽ പോലീസിനെ വിളിക്കരുത്. താ‍ങ്ക്സ് ഇൻ അഡ്വാൻസ്.

മുണ്ഡിത ശിരസ്കൻ said...

അതു തകർത്തൂ...

ഇനിയുമെന്തെങ്കിലുമൊക്കെ എഴുതിയാൽ കൊള്ളാമെന്നുണ്ട്. ഒന്നും വരുന്നില്ല.

 
Site Meter