Saturday, January 17, 2009

താമ്രപര്‍ണ്ണിക്കരയിലെ പെണ്‍കൊടി

ജയകൃഷ്ണന്‍ തപസ്സനുഷ്ഠിച്ചിരുന്ന കാലം. ഇവന്‍റെ പര്‍ണ്ണശാലക്കപ്പുറത്ത് ഒരു ഗള്‍ഫ്കാരന്‍ ഒരു പലചരക്ക് കട തുടങ്ങി. മലയാളിയായ രമേഷ്. എണ്ണ, കര്‍പ്പൂരം തുടങ്ങിയ പൂജാ ദ്രവ്യങ്ങള്‍ വാങ്ങുവാന്‍ ചെന്നുണ്ടായ ആ പരിചയം ഒരു നല്ല സൌഹൃദമായി മാറി. അങ്ങനെ ആശ്രമത്തില്‍ ഒഴിവുള്ള സമയങ്ങളില്‍ ഇവന്‍ അവിടെ പോയി സംസാരിച്ചിരിക്കുക പതിവായി. അങ്ങു ദൂരെ തലയെടുപ്പോടെ നില്‍ക്കുന്ന കൂറ്റന്‍ കരിമ്പാറയും, തൊട്ടപ്പുറത്തു കൂടി വന്യമായ സൌന്ദര്യത്തോടെ കൂലം കുത്തിയൊഴുകുന്ന താമ്രപര്‍ണ്ണി നദിയും അവിടവിടെ ഏകാന്ത തപസ്വികളായി കാളീസ്തവം ജപിച്ചു നില്‍ക്കുന്ന കരിമ്പനകളും, മലയാളവും, തമിഴും ഇട കലര്‍ന്ന വൃത്തികെട്ട ഭാഷ സംസാരിക്കുന്ന മനുഷ്യരും, എല്ലാം നിറഞ്ഞ ആ പ്രദേശം ഇവന്‍റെ ജീവിതത്തില്‍ അത്ര വലിയ മുദ്രകളൊന്നും ചാര്‍ത്തിയിട്ടില്ലെങ്കിലും രമേഷേട്ടന്‍റെ കടയിലെ സല്ലാപവേളകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആ സംഭവം ഒരു സംഭവം തന്നെയായിരുന്നു.

തൊട്ടപ്പുറത്തെ സ്കൂള്‍ വിട്ടു പോകുന്ന സുന്ദരിമാരുടെയും, അവരെ പഠിപ്പിക്കുന്ന അവിവാഹിതരായ അപൂര്‍വം ചില സുന്ദരി ടീച്ചര്‍മാരുടെയും കടാക്ഷങ്ങളില്‍ ഇവന്‍ പ്രസാദിച്ചിട്ടേയില്ല. അവരുടെയൊക്കെ മുന്‍പില്‍ ഒരു സന്യാസിയുടെ ആഢ്യതയോടെ തന്നെ ഇവന്‍ നിലയുറപ്പിച്ചു. അവര്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ച തുളസിമാലകള്‍ ഇവന്‍ അണിഞ്ഞില്ല, പാല്‍പ്പായസത്തേക്കാള്‍ മാധുര്യമൂറുന്ന പുഞ്ചിരികള്‍ നുകര്‍ന്നില്ല, പ്രേമപൂര്‍വ്വം വിടര്‍ന്ന കണ്ണുകളില്‍ ഇവന്‍റെ രൂപം പ്രതിഫലിച്ചുമില്ല, അവരുടെ സ്വപ്നങ്ങളില്‍ ഒരു നിഴലായി പോലും ഇവനണഞ്ഞുമില്ല.

അങ്ങനെയിരിക്കെയാണ് അതുവഴി ഒരു പെണ്‍കുട്ടി കടന്നുപോകുന്നത്. അവളെ കണ്ടതും രമേഷേട്ടനുമായി ഹിമാലയത്തിലെ മഞ്ഞില്‍ സന്യാസിമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഇവന്‍ പൊടുന്നനെ സംസാരം നിര്‍ത്തി. ഇവനെ ആവരണം ചെയ്തു നിന്നിരുന്ന യോഗപ്രഭ അത്യന്തം ദീപ്തമായി ജ്വലിക്കുവാന്‍ തുടങ്ങി. കാളീസ്തവം ജപിച്ചു നിന്ന കരിമ്പനകള്‍ കാറ്റില്ലാതിരുന്നിട്ടും ആടിയുലഞ്ഞു, കരിമ്പാറയില്‍നിന്നും കന്മദങ്ങള്‍ ഉരുകി വീണുകൊണ്ടിരുന്നു, താമ്രപര്‍ണ്ണിയുടെ ഗതിവേഗം കൂടി, കലങ്ങി മറിഞ്ഞും, കരയെ വന്യമായി തലോടിയും, അവളിലേക്കു ചെന്നെത്തുന്നതെല്ലാം സ്വാര്‍ത്ഥതയോടെ തന്‍റെ ആഴങ്ങളിലേക്ക് വലിച്ചടുപ്പിച്ചും ഒഴുകിയിരുന്ന അവള്‍ കൂടുതല്‍ രൌദ്രമായി സീല്‍ക്കാര നാദത്തോടെ ഒഴുകുവാന്‍ തുടങ്ങി. എന്‍റെ ജീവിതം അജ്ഞാതമായ എന്തോ ഒരു മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുവാണെന്നെനിക്കു തോന്നി.

സൌന്ദര്യം എന്ന പദത്തിന്‍റെ സൌന്ദര്യം പോലും അവളായിരുന്നു. കയ്യില്‍ ഒരു കുടയുമായി നടന്നു പോയ അവളെ പുണരുവാന്‍ ചാറ്റല്‍ മഴ കാറ്റിന്‍റെ ചിറകിലേറി അവളിലേക്കു പറന്നണഞ്ഞു കൊണ്ടിരുന്നു. കുഞ്ഞിലകളില്‍ തങ്ങി നിന്നിരുന്ന ഓരോ മഴത്തുള്ളികളിലും അവളുടെ മുഖം പ്രതിഫലിച്ചു, മഴയെ അതിജീവിച്ച് ആ തുള്ളികളില്‍ പതിച്ചു തിരിച്ചു വന്ന സൂര്യകിരണങ്ങള്‍ അവളെ ആയിരം പ്രകാശരേണുക്കളായി എന്‍റെ കണ്ണീല്‍ ആരതി തീര്‍ത്തു... കറുത്ത മുടിച്ചുരുളുകള്‍ പാറിക്കളിക്കുന്ന മുഖം ചരിച്ച് അവള്‍ കടയിലേക്കു നോക്കി രമേഷേട്ടനെ നോക്കി ഒരു പുഞ്ചിരിയും സമ്മാനിച്ചവള്‍ നടന്നു പോയി. അന്നാണ് ‘കണ്ണു കണ്ണില്‍ കൊണ്ട നിമിഷം മുതല്‍ കളിയാടി തോല്‍ക്കുകയാണെന്‍ നെഞ്ചം’ എന്ന ശ്രീനിവാസന്‍ അഭിനയിച്ച ഗാനത്തിന്‍റെ അര്‍ത്ഥം എനിക്കു മനസ്സിലാകുന്നത്. സ്വപ്നലോകത്തില്‍ നിന്നും രമേഷേട്ടന്‍റെ വിളി കേട്ടു ഞാന്‍ ഭൂമിയിലേക്കിറങ്ങി വന്നു. ഞാന്‍ ചോദിച്ചു രമേഷേട്ടാ ആരാണവള്‍? ഇതിനോടകം തന്നെ എന്‍റെ ആശ്രമത്തിന്‍റെ മണ്ണൊലിച്ചു പോകുന്നതു ശ്രദ്ധിച്ചിരുന്ന രമേഷേട്ടന്‍ പറഞ്ഞു, അവള്‍ ആ നദിക്കരയില്‍ താമസിക്കുന്ന കുട്ടിയാണ്.

അന്നു മുതല്‍ ഇവന്‍റെ തപസ്സ് അവള്‍ക്കു വേണ്ടിയായി, ഇവന്‍റെ ധ്യാനങ്ങളില്‍ സാക്ഷാല്‍ വിശ്വമോഹിനീരൂപമാര്‍ന്ന് അവള്‍ നിറഞ്ഞു നിന്നു. രമേഷേട്ടന്‍റെ കടയിലെ പതിവു സന്ദര്‍ശനം ഇവന്‍റെ തപശ്ചര്യകളില്‍ പ്രധാനമായി. അവളോടുള്ള പ്രണയം മനസ്സില്‍ വല്ലാതെ അധികരിച്ചു വരുന്നെങ്കിലും നേരില്‍ ഒരു വാക്കു പോലും സംസാരിക്കാനുള്ള ധൈര്യം ഇവനില്ലായിരുന്നു. എനിക്കു വേണ്ടി രമേഷേട്ടന്‍ അവളോട്‌ എന്നും സംസാരിച്ചു തുടങ്ങി. അവള്‍ അതു വഴി കടന്നു പോകുമ്പോള്‍ എവിടെ പോകുന്നു മോളേ, അച്ഛനുണ്ടോ വീട്ടില്‍ തുടങ്ങി നിര്‍ദ്ദോഷങ്ങളായ സംസാരത്തിലൂടെ അവളുടെ സ്വരസൌഭാഗ്യം എന്നിലേക്കെത്തിക്കാന്‍ രമേഷേട്ടന്‍ ആവതും ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ അമ്മൂമ്മ സ്ഥിരമായി കടയില്‍ വരാറുണ്ടായിരുന്നു. അമ്മൂമ്മയുമായി ഇവന്‍ സൌഹൃദത്തിലായി. പക്ഷേ ഒരിക്കല്‍ പോലും അമ്മൂമ്മ ഇവനെ വീട്ടിലേക്കു ക്ഷണിച്ചില്ല. അവളുടെ അച്ഛനെയും, അമ്മാവന്മാരെയുമെല്ലാം പരിചയപ്പെട്ടു. സ്ഥിരമായി അമ്പലത്തില്‍ പോയി കുളിച്ചു തൊഴുതു പ്രാര്‍ത്ഥിച്ചു. പുതുതായി ഒരു അമ്പലം തന്നെ പണികഴിപ്പിക്കാനുള്ള പണം കാണിക്കയിട്ടു. ഒരു രക്ഷയുമില്ല. ഇതു കൊണ്ടൊന്നും സ്ഥിരമായി കാണാറുള്ള ഇവന്‍റെ മുഖത്തേക്ക് ഒന്നു നോക്കാനുള്ള സന്മനസ്സു പോലും അവള്‍ കാണിച്ചില്ല. എത്ര ആലോചിച്ചിട്ടും അതിന്‍റെ കാരണം ഇവനൊട്ടു മനസ്സിലാകുന്നുമില്ല.

അങ്ങനെയിരിക്കെയാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം ഇവനറിയുന്നത്. അവളുടെ അച്ഛന്‍ ഒരു മഹാ മന്ത്രവാദിയാണെന്ന സത്യം. വശ്യം, മാരണം, കൂടോത്രം തുടങ്ങിയവയില്‍ സ്പെഷ്യലിസ്റ്റ്!. കുട്ടിച്ചാത്തന്‍ സേവയും, യക്ഷി, ഗന്ധര്‍വ്വാദി സേവയുമൊക്കെയുള്ള മന്ത്രവാദത്തിന്‍റെ ഈറ്റില്ലമാണത്രേ അവളുടെ വീട്‌. ഇവന്‍ ഞെട്ടിപ്പോയി. എത്ര കുട്ടിച്ചാത്തന്മാര്‍ ഇവള്‍ക്ക് അകമ്പടി പോകുന്നുണ്ടാവാം? എത്ര ഭൂത പ്രേത പിശാചുക്കള്‍ ഇവള്‍ക്ക് ചുറ്റും കോട്ട തീര്‍ത്തിട്ടുണ്ടാവാം? ഈശ്വരാ ചുമ്മാതല്ല ഇവന്‍റെ കുളിച്ചു തൊഴീലില്‍ ഒരുത്തര്‍ക്കും തീരെ താല്പര്യമില്ലാതായത്. അങ്ങേരു കൂടോത്രം ചെയ്തു കൊന്നിട്ടുള്ള ആത്മാക്കള്‍ പോലും എന്നെ വെറുതെ വിടില്ല. അന്നു മുതല്‍ ആ കൂടോത്ര ചിന്താമണിയെ കാണുമ്പോള്‍ ഞാന്‍ ആദിത്യഹൃദയവും, ബഗളാമുഖീമന്ത്രവുമൊക്കെ ജപിച്ചു സ്ഥലം കാലിയാക്കും. ചുമ്മാതല്ല അന്ന് ആദ്യമായി അവളെ കണ്ടപ്പോള്‍ കരിമ്പനകള്‍ ആടിയതും, കല്ലില്‍ കന്മദം പൊടിഞ്ഞതും, താമ്രപര്‍ണ്ണി കലങ്ങിയതും.

കൂടോത്രത്തിലൊന്നും തീരെ വിശ്വാസമില്ലെങ്കിലും, അത്തരക്കാരെ എന്നും വിമര്‍ശിച്ചിട്ടു മാത്രമേയുള്ളെങ്കിലും സ്വന്തം കാര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാന്‍ മറ്റു പലരേയും പോലെ ഇവനും തയ്യാറല്ലായിരുന്നു.

അങ്ങനെ ഹ്രസ്വകാലമെങ്കിലും മധുരമയമായ ആ പ്രണയത്തിനു തിരശ്ശീല വീണു. എങ്കിലും ആകാശത്ത് നക്ഷത്രങ്ങളും, നിലാവുമുള്ള രാത്രികളില്‍, നിശാഗന്ധിപ്പൂക്കള്‍ വിടരാറുള്ള യാമങ്ങളില്‍, മണ്ണിലും മനസ്സിലും ചാറ്റല്‍ മഴ പൊഴിയുന്ന നിമിഷങ്ങളില്‍... ഞാന്‍ അവളേക്കുറിച്ചോര്‍ക്കാറുണ്ട്‌... നഷ്ടസ്വപ്നത്തിന്‍റെ നൊമ്പരങ്ങളൊന്നും തന്നെയില്ലാതെ... കണ്ണനു നേദിച്ച ത്രിമധുരം നുണയുന്ന മാനസികാഹ്ലാദത്തോടെ...

© ജയകൃഷ്ണന്‍ കാവാലം

13 comments:

...പകല്‍കിനാവന്‍...daYdreamEr... said...

((ഠേ))

...അങ്ങനെ ഹ്രസ്വകാലമെങ്കിലും മധുരമയമായ ആ പ്രണയത്തിനു തിരശ്ശീല വീണു. എങ്കിലും ആകാശത്ത് നക്ഷത്രങ്ങളും, നിലാവുമുള്ള രാത്രികളില്‍,
നിശാഗന്ധിപ്പൂക്കള്‍ വിടരാറുള്ള യാമങ്ങളില്‍, മണ്ണിലും മനസ്സിലും ചാറ്റല്‍ മഴ പൊഴിയുന്ന നിമിഷങ്ങളില്‍... ഞാന്‍ അവളേക്കുറിച്ചോര്‍ക്കാറുണ്ട്‌... നഷ്ടസ്വപ്നത്തിന്‍റെ നൊമ്പരങ്ങളൊന്നും തന്നെയില്ലാതെ... കണ്ണനു നേദിച്ച ത്രിമധുരം നുണയുന്ന മാനസികാഹ്ലാദത്തോടെ...


ഈ സുഖമുള്ള വായനയ്ക്ക് നന്ദി... ആശംസകള്‍...വാക്കുകളിലൂടെ നന്നായി വരച്ചിരിക്കുന്നു ഈ പ്രണയ ചിത്രം ...

mayilppeeli said...

കൂടോത്രം കലക്കിയ പ്രണയം...........

എന്തായാലുമാ പെണ്‍കുട്ടിയുടെ കടാക്ഷമൊന്നുമേല്‍ക്കാതിരുന്നതു നന്നായി...കടാക്ഷത്തോടൊപ്പം വല്ല ഭൂതപ്രേതങ്ങള്‍കൂടി പ്രവേശിച്ചിരുന്നെങ്കില്‍ മനോഹരമായ കഥകളും കവിതകളും ഓര്‍മ്മക്കുറിപ്പുകളുമൊക്കെ വായിയ്ക്കാനായി കാവാലത്തു ഞങ്ങള്‍ അലഞ്ഞുതിരിയേണ്‌ടി വന്നേനെ.....

രസകരമായ പോസ്റ്റ്‌.....ആശംസകള്‍......

ചാണക്യന്‍ said...

ജയകൃഷണന്‍,
താമ്രപര്‍ണ്ണിക്കരയിലെ ആശ്രമ ജീവിതം താങ്കള്‍ക്ക് ജീവിതത്തില്‍ ഓര്‍മ്മിക്കാനുള്ള സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്......

ഓര്‍മ്മകള്‍ ഭംഗിയായി ഇവിടെ പങ്കു വെച്ചതിന് നന്ദി......

ഓടോ: ആ പെണ്‍‌കുട്ടിയും തമിഴും മലയാളവും ഇട കലര്‍ന്ന വൃത്തികെട്ട ഭാഷയിലാണോ സംസാരിച്ചിരുന്നത്?:)

[Shaf] said...

കൂടോത്രം കലക്കിയ പ്രണയം...........

കാന്താരിക്കുട്ടി said...

രസകരമായ ഒരു വായനാനുഭവം.ഓർമ്മകൾക്കെത്ര സുഗന്ധമാ ! നന്നായി ഈ എഴുത്ത്

ampily said...

nannayittund...karimparakalum thamraparnii nadiyum ulla aa parnasala evidanavoo....enthayalum kavalm akan vaziyilla....

ജയകൃഷ്ണന്‍ കാവാലം said...

പകല്‍ക്കിനാവന്‍: നന്ദി. (ആത്മകഥ അല്ല കേട്ടോ...)

മയില്‍പ്പീലി: രക്ഷപ്പെട്ടെന്നു പറയുന്നതാവും ശരി...

ചാണക്യന്‍: അറിയുമോ താമ്രപര്‍ണ്ണിയെ... അവളുടെ തീരത്തിരുന്ന് രാജന്‍ തോമസ് സാറിന്‍റെ പാട്ടുകള്‍ ആസ്വദിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.

സ്വപ്നമായിരുന്നില്ലേ... അതുകൊണ്ട്‌ അവളുടെ മുഖമല്ലാതെ, സംസാരശൈലി അത്ര ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. സത്യം

ഷാഫ്: സത്യം. കൂടോത്രം ചെയ്തു കൊന്നാല്‍ ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ വകുപ്പില്ലാത്തതു കൊണ്ട്‌ ജീവനും കൊണ്ടു രക്ഷപ്പെടുകയായിരുന്നു.

കാന്താരിക്കുട്ടി: ‘എന്നാത്മാവിന്‍ നഷ്ടസുഗന്ധം’ ഇതു കൂടി ചേരുമ്പൊഴാ ആ വരികളുടെ ജീവന്‍ നമ്മുടെ ആത്മാവില്‍ വിലയം പ്രാപിക്കുന്നത്.

അമ്പിളി: സ്വാഗതം. കരിമ്പനകളും, താമ്രപര്‍ണ്ണി നദിയുമൊക്കെയുള്ള ആ ഗ്രാമം കന്യാകുമാരി ജില്ലയിലാണ്. കൃത്യമായി പറഞ്ഞാല്‍ പാറശ്ശാല കഴിഞ്ഞ് നാഗര്‍കോവിലില്‍ പോകുന്ന വഴി ഏകദേശം പത്തു കിലോമീറ്റര്‍ നാഷണല്‍ ഹൈവേയില്‍ക്കൂടി പോകുമ്പോള്‍ ഒരു പാലം വരും. മാര്‍ത്താണ്ഡം എന്ന സ്ഥലമാണ് അത്. ആ പാലം താമ്രപര്‍ണ്ണിയുടെ മുകളിലൂടെയാണ് പോകുന്നത്. കാവാലത്ത് ഒരേയൊരു കരിമ്പന മാത്രമെയുള്ളൂ. അതു കാവാലം പള്ളിയറക്കാവു ക്ഷേത്രത്തിലെ ഭദ്രകാളീക്ഷേത്രത്തിനു സമീപമാണ്. കാവാലത്തെ ആറിന്‍റെ പേര്‍ ‘പൂക്കൈത’ എന്നാണ്. അവള്‍ ഒരു പാവം ഗ്രാമീണ സുന്ദരിയാണ്.

എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ...

ആചാര്യന്‍... said...

ജയന്‍ എഴുതുന്നതുപോലെ എഴുതാന്‍ കൊതി തോന്നുന്നു

മുരളിക... said...

ഞാന്‍ അവളേക്കുറിച്ചോര്‍ക്കാറുണ്ട്‌... നഷ്ടസ്വപ്നത്തിന്‍റെ നൊമ്പരങ്ങളൊന്നും തന്നെയില്ലാതെ... കണ്ണനു നേദിച്ച ത്രിമധുരം നുണയുന്ന മാനസികാഹ്ലാദത്തോടെ...


അതെനിക്കിഷ്ട്ടായി ജയെട്ടാ,, :)

ആര്യന്‍ said...

"സൌന്ദര്യം എന്ന പദത്തിന്‍റെ സൌന്ദര്യം പോലും അവളായിരുന്നു..."

Beautiful, Jayakrishnan...

lakshmy said...

കുറ്റം പറ്യാനാവില്ല. കൂടോത്രത്തിനെ ആരായാലും പേടിച്ചു പോകും :)

രസകരമായി എഴുതിയിരിക്കുന്നു, പ്രേമതാപസാ..

മുണ്ഡിത ശിരസ്കൻ said...

ഇതിനോടകം തന്നെ എന്‍റെ ആശ്രമത്തിന്‍റെ മണ്ണൊലിച്ചു പോകുന്നതു...

കൊള്ളാം...സംഭവം കിടു!

ജയകൃഷ്ണന്‍ കാവാലം said...

ആചാര്യന്‍: അതത്ര പാടുള്ള കാര്യമൊന്നുമല്ല മാഷേ. നേരേയങ്ങ് ആത്മാര്‍ത്ഥമായിട്ട് എഴുതിയാല്‍ മതി...

മുരളി: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം

ആര്യന്‍: ബ്യൂട്ടിഫുള്‍ എന്ന പദം കൊണ്ട്‌ എന്നെയാണോ ഉദ്ദേശിച്ചത്? നന്ദി

ലക്ഷ്മി: ‘പ്രേമതാപസാ’ എന്ന് എന്‍റെ കവിതക്ക് ലക്ഷ്മി ഇട്ട കമന്‍റാണ് എന്നെക്കൊണ്ടിതെഴുതിച്ചത്. അപ്പൊഴാണ് ഞാന്‍ ആലോചിച്ചത്, ആശ്രമജീവിതത്തെ കുറിച്ച് ചിലതു പറയാനുണ്ടല്ലോ എന്ന്... നന്ദി അറിയിക്കട്ടെ...

മുണ്ഡിതശിരസ്കന്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം. മറ്റു പോസ്റ്റുകളിലെ കമന്‍റുകളും കണ്ടിരുന്നു. വിശദമായ വായനക്ക്‌ നന്ദി അറിയിക്കുന്നു.

 
Site Meter