രണ്ടാം ഭാഗം പാരാകാണ്ഡം ഇവിടെ വായിക്കുക
മൂന്നാം ഭാഗം പരിതാപകാണ്ഡം ഇവിടെ വായിക്കുക
ഒന്നാം ഭാഗം യാത്രാ കാണ്ഡം ഇവിടെ വായിക്കുക
ജോയിന്‍ ചെയ്ത ദിവസം തന്നെ വിജയിനെ ഞാന്‍ ശ്രദ്ധിച്ചു. ഒരു അനാവശ്യ ബഹുമാനത്തിന്‍റെ അസ്ഥാനത്തുള്ള പ്രകടനം. അന്നെന്നെ ഇന്‍റര്‍വ്യൂ ചെയ്തത് മുതലാളിയുടെ പത്നിയും കമ്പനിയുടെ ഓപ്പറേഷന്‍സ് ഹെഡുമായ ഞങ്ങളെല്ലാവരും മാം എന്നു വിളിക്കുന്ന വളരെ നല്ല ഒരു സ്ത്രീയായിരുന്നു. അവരാണ് ഇവനെ ഒരു ഓഫീസിനുള്ളില്‍ നിര്‍വ്വഹിക്കേണ്ടതായ പലവിധ കാര്യങ്ങളും പഠിപ്പിച്ചു തന്നത്. ക്ലയന്‍റ് മീറ്റിംഗ്, എക്സിക്യൂഷന്‍, ഇവന്‍റ് കോര്‍ഡിനേഷന്‍ തുടങ്ങി മറ്റുള്ളവരെ ചീത്ത വിളിക്കാന്‍ വരെ എന്നെ പഠിപ്പിച്ചത് മാഡമാണ്. മാഡം ഓഫീസില്‍ വരുമ്പോള്‍ എന്‍റെ കൈ കൊണ്ട് ഒരു കപ്പ് കാപ്പി ഉണ്ടാക്കി കൊടുക്കണമെന്നത് ഇടക്കെപ്പൊഴോ തുടങ്ങിയ ഒരു പതിവാണ്. എന്നെ മകനേപ്പോലെ കരുതിയിരുന്ന അവരോടുള്ള കടമയും, അവകാശവുമായി ഇവനതു തുടര്‍ന്നു പോന്നു. വിജയ് വന്നു മൂന്നാം ദിവസം എന്‍റെ ഈ അവകാശത്തില്‍ അവന്‍ കൈ വച്ചു. വന്നതിന്‍റെ മൂന്നാം ദിവസം തന്നെ അങ്ങനെ മാഡത്തിന്‍റെ ചീത്തവിളി കേള്‍ക്കുവാനുള്ള ഭാഗ്യം അവനു സിദ്ധിച്ചു. ‘നീ ഇങ്കെ അക്കൌണ്ടന്‍റായി വന്തതോ അതോ ഓഫീസ് ബോയ് വേല പാക്കിറുതുക്കു വന്തതാ? അപ്പടിയാനാല്‍ ഉനക്കു ഓഫീസ് ബോയ് സാലറി പോതുമാ?’ കാപ്പിയുമായി ചെന്ന പാടേ മാഡം അവനോട് അലറി. അവന്‍ പരുങ്ങലിലായി. നാന്‍ അന്തമാതിരിയൊന്നുമേ നിനക്കലേ മാഡം, ഇങ്കെ ജേ കേ സാര്‍ ഉങ്കളുക്ക് കോഫി പോട്ട് തരുവത് പാര്‍ത്തേന്‍ ആനാ ഇപ്പൊ അവങ്കള്‍ ബിസിയെന്നു നിനച്ച് താന്‍ നാനേ പോട്ട് വന്തത്... അവന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു... ആ സ്ഥാപനത്തിലും, അവരുടെ മനസ്സിലും ഇവന്‍റെ വിലയെന്തെന്ന് ആദ്യമായി തിരിച്ചറിഞ്ഞ മറുപടിയായിരുന്നു അവര്‍ പറഞ്ഞത്. അവന്‍ എനക്ക് എന്നുടെ വിഗ്‌നേഷ് മാതിരി, നീ യാരപ്പാ? അവന്‍ എന്ന പണ്ണിയാലും നീയും അപ്പടി പണ്ണുമാ?... വിഗ്‌നേഷ് അവരുടെ ഏക മകനാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, നല്ല പെരുമാറ്റമുള്ള, ചുറുചുറുക്കുള്ള മിടുക്കന്‍ അഞ്ചു വയസ്സുകാരന്‍. ഇപ്പുറത്ത് കാബിനിലിരുന്ന് മാഡത്തിന്‍റെ ഈ വാക്കുകള്‍ കേട്ട് ഇവന്‍ കരഞ്ഞു പോയി. വിജയ് ഒരു ദിവസത്തേക്ക് ഫ്യൂസ് പോയതു പോലെ ഇരിപ്പിടത്തില്‍ നിന്നും അനങ്ങാതെ ഇരുന്നു.
അടുത്ത ദിവസം മുതല്‍ പിന്നെയും തുടങ്ങി പരാക്രമം. ഓഫീസിലെ ശിവകുടുംബത്തിന്‍റെ ചിത്രത്തില്‍ ദിവസവും മുല്ലപ്പൂ മാല വാങ്ങി ചാര്‍ത്തിയിരുന്നത് ഇവനായിരുന്നു. അതു കക്ഷി ഏറ്റെടുത്തു. ആരു ചാര്‍ത്തിയാലും ഭഗവാനു മാല കിട്ടണം. അതായിരുന്നു എന്‍റെ നിര്‍ബന്ധം. കക്ഷി ഇതേറ്റെടുത്തതോടെ പ്രതിമാസം തൊണ്ണൂറു രൂപയില്‍ കവിയാത്ത ഈ ഇടപാട് നൂറു രൂപയ്ക്കു മുകളിലായി കമ്പനി അക്കൌണ്ടിലേക്ക് ഗതി മാറി. ഇവനിതെല്ലാം ഒരു നല്ല ആസ്വാദകനെപ്പോലെ കണ്ടു മിണ്ടാതിരുന്നു.
ഒരാഴ്ച്ചക്കുള്ളില്‍ പുതിയ ആവശ്യവുമായി വിജയ് ഇവന്‍റെ മുന്‍പില്‍. അവനു ശമ്പളം നാലായിരമേ ഉള്ളൂ. അതില്‍ രണ്ടായിരം വീട്ടില്‍ അയച്ചു കൊടുക്കണം, ബാക്കി രണ്ടായിരം രൂപ കൊണ്ട് ഒന്നിനും തികയില്ല, താമസം ഭക്ഷണം എല്ലാത്തിനും കൂടി ഇതു തികയില്ല എങ്ങനെയെങ്കിലും സഹായിക്കണം, അവനെ എന്‍റെ കൂടെ താമസിപ്പിക്കണം തുടങ്ങി രാവിലെ മുതല്‍ വൈകുന്നേരം വരെ പുഷ്പാഞ്ജലി. വൈകുന്നേരമായപ്പോള്‍ ഞാന്‍ മാഡത്തിനോടു ചോദിച്ചു ഇവനെക്കൂടെ എന്‍റെ കൂടെ കൂട്ടട്ടെ എന്ന്. മാഡം പറഞ്ഞു, നന്നായി ആലോചിച്ചു മാത്രം തീരുമാനിക്കുക, കൂടെ കൂട്ടിയാലും ഭക്ഷണം, താമസം തുടങ്ങിയവയുടെ എല്ലാം നേര്‍ പകുതി അവന്‍റെ കയ്യില്‍ നിന്നു നിര്‍ബന്ധമായും വാങ്ങിയിരിക്കണം എന്ന്. അവിടെ ഇവനൊരു കള്ളത്തരം ചെയ്തു. അവനോട് പറഞ്ഞു, മാഡം ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നാല്‍ നീ വാടകയുടെ പകുതിയൊന്നും തരണ്ട എനിക്ക് അഞ്ഞൂറു രൂപ മാത്രം വാടക തന്നാല്‍ മതി. രണ്ടായിരത്തി എണ്ണൂറു രൂപയാണ് വാടക ഭക്ഷണം പുറത്തു നിന്നാണ് കഴിക്കുന്നത്. അവന്‍ സമ്മതിച്ചു. അവന്‍ പറഞ്ഞു ഈ മാസം എന്‍റെ കയ്യില്‍ പണമില്ല അടുത്ത മാസം മുതല്‍ ഞാന്‍ പണം തരാമെന്ന്. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ താമസം തുടങ്ങി. അവനു കിടക്കാനും, പുതക്കാനും വരെ വാങ്ങിക്കൊടുത്ത് ഞാനവനെ കൂടെ കൂട്ടി. അന്നു മുതല്‍ കക്ഷി എന്‍റെ ചിലവിലായി ഭക്ഷണവും മറ്റു ചിലവുകളും. അവനു വീട്ടില്‍ കൊടുക്കാനല്ലേ എന്നു കരുതി ഞാന്‍ ഒന്നും കാര്യമായെടുത്തില്ല.
വീട്ടുടമ ഞങ്ങളുടെ മുറ്റത്തു തന്നെയാണ് താമസം. ഒരു ദിവസം രാത്രി അവര്‍ നോക്കിയപ്പോള്‍ വിജയ് അവരുടെ അടുക്കളയില്‍ നില്‍ക്കുന്നു! അവര്‍ കയ്യോടെ പിടി കൂടി. ചോദിച്ചപ്പോള്‍ ചന്ദനത്തിരി കത്തിക്കാന്‍ തീപ്പെട്ടി ചോദിക്കാന്‍ ചെന്നതാണെന്ന് അവന്‍ പറഞ്ഞു. രണ്ടോ മൂന്നോ തീപ്പെട്ടി ഉണ്ടായിരുന്നിട്ടും ഇവനെന്തിനാണ് അവിടെ പോയതെന്നു മാത്രം എനിക്കു മനസ്സിലായില്ല. അവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും വീട്ടുടമ അവകാശപ്പെടുന്നു. എന്നാല്‍ എനിക്കതനുഭവപ്പെട്ടുമില്ല. കണ്ടാല്‍ ഗുസ്തിക്കാരനെപ്പോലെ തോന്നുന്ന അയാള്‍ ഡല്‍ഹിയില്‍ നിന്നും ബാംഗ്ലൂരില്‍ വന്നു സ്ഥിരതാമസമാക്കിയിരിക്കുന്ന ഒരു മാര്‍വാഡിയാണ്. സുഖമില്ലാതിരുന്ന ഞാന്‍ നേരത്തെ ഉറങ്ങുകയും ചെയ്തു. ഇവനെ പൊക്കിയെടുത്ത് അവര്‍ എന്‍റെയടുത്തു വന്നു. ഇവനെ ഇവിടുന്നു പറഞ്ഞു വിട്ടില്ലെങ്കില്‍ നിന്നെയും കൂടി ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തി. ഞാന്‍ അവരുടെ കാലു പിടിച്ചു. ഇവന് മറ്റൊരു താമസസ്ഥലം കിട്ടുന്നതുവരെയെങ്കിലും അവനെ അവിടെ താമസിക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ് അപേക്ഷിച്ചു. ഒടുവില്‍ ഞാനില്ലാത്തപ്പോള്‍ അവനിവിടെ കാണാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ അവര്‍ സമ്മതിച്ചു.
പിറ്റേ ദിവസം ഞാന്‍ ലീവായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിയും, പ്രാര്‍ത്ഥനയും, ഭക്ഷണവുമെല്ലാം കഴിഞ്ഞ് മരുന്നും കഴിച്ച് ഞാന്‍ കിടന്നുറങ്ങി. അപ്പോഴുണ്ട് ഓഫീസില്‍ നിന്നു ഫോണ്‍ വിളി. എത്രയും പെട്ടെന്ന് ഓഫീസില്‍ എത്തണം. ഞാന്‍ ഒരു ഓട്ടോ വിളിച്ച് ഓഫീസിലെത്തിയപ്പോള്‍ ബോസിന്‍റെ കാബിനില്‍ ബോസ്, പ്രൊഡക്ഷന്‍ മാനേജര്‍, വിജയ് തുടങ്ങിയവര്‍ അക്ഷമരായി കാത്തു നില്‍ക്കുന്നു. ബോസിന്‍റെ മുഖം കോപം കൊണ്ട് ജ്വലിക്കുന്നു. കാര്യമറിയാതെ നിന്ന എന്നോട് ആ കാബിന്‍ അകത്തു നിന്നു പൂട്ടാന്‍ ബോസ് പറഞ്ഞു...
© ജയകൃഷ്ണന് കാവാലം
© ജയകൃഷ്ണന് കാവാലം