Monday, February 2, 2009

നഗ്നന്‍റെ ദുഃഖം (മുത്തു പൊഴിയുന്ന കാവാലം 9)

ജയകൃഷ്ണന് ഭ്രാന്തായിരുന്ന കാലം.


കാവാലത്തെ വീട്ടില്‍ ഇവന്‍ ഒറ്റക്കുള്ള ഒരു പ്രഭാതം. അമ്മ സുഖമില്ലാതെയിരിക്കുന്ന അമ്മൂമ്മയെ കാണാനായി യാത്രയാവുകയാണ്. എന്നോടു പറഞ്ഞു മോനേ മറ്റന്നാള്‍ ചിങ്ങം ഒന്നാണ്. ആണ്ടുപിറപ്പും ഒന്നാംതീയതിയുമായിട്ട് വീടൊന്നും വൃത്തിയാക്കിയിട്ടില്ല നീ നിന്നെക്കൊണ്ടാവുന്ന പോലെ ഒന്നു വൃത്തിയാക്കിയിട്ടേക്കണം. മുന്‍ വശത്തെ മുറിയും വിളക്കു കത്തിക്കുന്ന മുറിയും മാത്രമെങ്കിലും ഒന്നു കഴുകിയിടണം, നിന്‍റെ തുണിയെല്ലാം നനച്ചുണങ്ങണം. ഞാന്‍ പറഞ്ഞു അതിനെന്താ അമ്മേ ചെയ്തേക്കാം. രണ്ടു മൂന്നു ദിവസം എന്തിന്‍റെയോ അവധിയാണ്. പുറത്തിറങ്ങുന്ന ശീലം പണ്ടേയില്ലാത്തതു കൊണ്ട്‌ ധാരാളം സമയമുണ്ട്‌. വൃത്തിയാക്കല്‍ പരിപാടി വിപുലമായി തെന്നെ ചെയ്തേക്കമെന്നു കരുതി.


അമ്മ വരുമ്പോള്‍ ഞെട്ടണം. ഇങ്ങനെ ഒരു മോനെ എവിടെ കിട്ടുമെടാ എവിടെ കിട്ടും എന്ന്‌ അമ്മയെക്കൊണ്ട്‌ പറയിപ്പിക്കണം. അടുത്ത വീട്ടിലെ സെഞ്ചോയോടും, രാജേഷിനോടുമൊക്കെ വീട്ടുകാര്‍ എടാ ആ ജയകൃഷ്ണനെ കണ്ടു പഠിക്ക് എന്നു പറയുന്നത് ഇവിടെ കേള്‍ക്കണം സ്വന്തം കഴിവു തെളിയിക്കാന്‍ കിട്ടിയ ഒരവസരമാണ് എന്നൊക്കെ തീരുമാനിച്ച് ഇവന്‍ പരിപാടി തുടങ്ങി. രണ്ടു മുറി എന്നു പറഞ്ഞിടത്ത് മുഴുവന്‍ മുറിയും സോപ്പും ഇഞ്ചയും ഉപയോഗിച്ചു കഴുകി വെടിപ്പാക്കി. കക്കൂസ് മുഖം നോക്കാന്‍ പരുവത്തിന് വൃത്തിയാക്കി, തട്ടിന്‍പുറം വരെ അടുക്കി, എന്നിട്ടും സമാധാനം വരാഞ്ഞ് പുറം ഭിത്തികള്‍ വരെ വെള്ളമൊഴിച്ചു കഴുകി (എന്നാലല്ലേ നാട്ടുകാര്‍ കാണൂ) എന്നിട്ടു കുറച്ചു നേരം ഞെളിഞ്ഞു നിന്ന്‌ ഓര്‍ത്തോര്‍ത്ത് അഭിമാനിച്ചു.


ഇനി അടുത്ത പടി തുണിയലക്കാണ്. അതും വിപുലമാക്കിക്കളയാമെന്നു തീരുമാനിച്ചു. കാവാലത്തുകാര്‍ ഈയടുത്ത കാലം വരെ തുണിയലക്കിക്കൊണ്ടിരുന്നത് തോട്ടിലും ആറ്റിലുമൊക്കെയാണ്. തോട്ടിലേക്കു താഴ്ത്തിക്കെട്ടിയിരിക്കുന്ന കല്‍പ്പടവുകളില്‍ ഒരു കരിങ്കല്‍ ഉണ്ടാവും അതിലടിച്ചാണ് നനക്കുന്നത്. ഈ കല്‍പ്പടവുകള്‍ക്ക് എന്‍റെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്‌. വീട്ടില്‍ വരെ വന്നെത്തുന്ന തോട്ടിലേക്ക് നാലു കടവുകള്‍ പണിതിട്ടുണ്ട്. ഒന്ന്‌ വീടിനു മുന്‍ വശത്ത് അല്‍ഫോന്‍സ മാവിന്‍റെ ചുവട്ടില്‍, മറ്റൊന്ന് വീടിനു പുറകുവശത്ത്, ഇനിയൊന്നും പുറകുവശത്തു തന്നെ ബോട്ടുപുരയിലേക്കുള്ള കടവ്‌, മറ്റത് മറുവശത്തു നിന്നും ബോട്ടുപുരയിലേക്കു കയറുവാനായി മാളികമുറ്റം മാവിന്‍റെ ചുവട്ടില്‍. മാളികമുറ്റം മാവിന് ആ പേരു വന്നത് ചാലയില്‍ മാളികയുടെ (ഞാന്‍ സല്‍പ്പേര് രാമന്‍ കുട്ടി, ആയിരപ്പറ, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ ഉള്ള അതേ മാളിക) ചുവട്ടില്‍ ഉണ്ടായിരുന്ന മാവാണത് അതുകൊണ്ടാണ്. ആ മാവിന് മറ്റെന്തോ പേരുണ്ട്‌ പക്ഷേ കാവാലത്തുകാര്‍ ആ മാങ്ങ ദുബായില്‍ ചെന്നു കണ്ടാലും പറയും നമ്മുടെ മാളികമുറ്റം മാങ്ങയല്ലേ ഇതെന്ന്‌.

എന്‍റെ സ്വപ്നങ്ങള്‍ ഏറെയും പൂത്തു വിടര്‍ന്നിട്ടുള്ളത് ഈ കടവുകളിലാണ്. ഈ കടവില്‍ ചെന്നു നിന്ന്‌ അപ്പുറത്തേക്ക്‌ വാവക്കുട്ടനമ്മാവനെക്കേറി മാവോ എന്നു വിളിച്ചു കൂവുന്നതു വളരെ സുഖമുള്ള ഒരു പരിപാടിയാണ്. എന്താടാ കഴുതേ എന്ന് അമ്മാവന്‍ വിളി കേള്‍ക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ അമ്മയുടെ തല്ലും കൊണ്ട്‌ കരയാനും ഇവിടെയാണ് ചെന്നിരിക്കാറുള്ളത്, മീനുകളെ കാണാനും, മാക്രിയെ കാണാനും, ചില അവസരങ്ങളില്‍ കുളിക്കാനും അങ്ങനെ ജീവിതത്തിന്‍റെ പല സുപ്രധാന നിമിഷങ്ങളും കഴിച്ചു കൂട്ടിയിരുന്നത് ആ കല്‍പ്പടവുകളിലായിരുന്നു.


വീടിനു പിന്നിലെ കടവിലാണ് തുണിയലക്കല്‍ കലാപരിപാടി അരങ്ങേറുന്നത്. ആ കടവില്‍ നിന്നാല്‍ വീടിനു മുന്‍പിലൂടെ പോകുന്ന വഴി കാണാം. സര്‍വ്വശക്തിയുമെടുത്ത് കല്ലിലടിച്ച് ഒച്ചയുണ്ടാക്കിയിട്ടും വഴിയേ പോകുന്ന ഒരുത്തന്‍ പോലും ഈ കഠിനാദ്ധ്വാനം ശ്രദ്ധിച്ചില്ല. ഷര്‍ട്ടിലെ ബട്ടണുകള്‍ പൊട്ടിയതു ബാക്കി. അമ്മ പറഞ്ഞതു കൂടാതെ നനച്ചിട്ടിരുന്ന തുണികള്‍ കൂടിയെടുത്ത് വീണ്ടുമലക്കി. ഇട്ടിരുന്ന ഷര്‍ട്ടും ഊരി അലക്കി. എന്നിട്ടും തീരാതായപ്പോള്‍ ഒരു തോര്‍ത്തിന്‍റെ പിന്‍ ബലത്തോടെ ശരീരത്തില്‍ ബാക്കി അവശേഷിച്ചിരുന്ന തുണികളും ഊരി അലക്കി. ഉള്ളിന്‍റെയുള്ളില്‍ സന്തോഷം തിര തല്ലി. നാളെയുടെ പ്രഭാതം ഇവനുള്ളതാണ്. എല്ലാവരും അഭിനന്ദിക്കുന്നു, പ്രശംസിക്കുന്നു ഹോ... ഓര്‍ക്കാന്‍ പോലും വയ്യ. കുളിരു കോരുന്നു...

തുണിയെല്ലാം അയയില്‍ വിരിച്ച് തിരിഞ്ഞു നടന്നപ്പോഴാണത് സംഭവിച്ചത് ദൈവം തമ്പുരാന്‍ അറിഞ്ഞു പരീക്ഷിച്ച സംഭവം. വഴിയില്‍ കിടന്നിരുന്ന ചാണകത്തില്‍ ചവിട്ടി അതേ ചാണകത്തിലോട്ടു തന്നെ വീണു. വീണ കിടപ്പില്‍ കിടന്നു കൊണ്ടു തന്നെ തൊഴുത്തില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കറുകപ്പുല്ലും ചവച്ചു നിന്ന പശുവിനെ കടുപ്പിച്ചൊരു നോട്ടം നോക്കി. വകതിരിവില്ലാത്ത ജന്തുവിന് വേറെ ഒരു ദിവസവും കണ്ടില്ലേ വഴിയില്‍ കൊണ്ടുവന്നു ചാണകമിടാന്‍. ഇവനുള്ള തുണി മുഴുവനും അതാ നനഞ്ഞപടി അയയില്‍ കിടക്കുന്നു. ഉടുത്തിരുന്ന തോര്‍ത്തിലാണെങ്കില്‍ മുഴുവന്‍ ചാണകം. എന്തു ചെയ്യും???


ചുറ്റും നോക്കി. ഇപ്പോള്‍ നടന്ന സംഭവം ആരും കണ്ടില്ല ഭാഗ്യം. വീടിന്‍റെ പുറകുവശം നല്ല അടവാണ് ഇടതൂര്‍ന്ന മരങ്ങളും, വേലിയില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചീരയുമൊക്കെയായി പുറത്തു നിന്നും അകത്തേക്കു കാണാന്‍ ഒരു മാര്‍ഗ്ഗവുമില്ല. വേറെ ആരറിയാന്‍ എന്നു കരുതി ഇവന്‍ ഉടുത്തിരുന്ന തോര്‍ത്തും നനച്ചു വിരിച്ച് അകത്തു കയറി ഒരു ബെഡ്‌ഷീറ്റും ഉടുത്ത് ഇരിപ്പായി. നല്ല വെയിലുണ്ട്‌ ഏറിയാല്‍ ഒരിരുപതു മിനിട്ടു മതി ഉണങ്ങാന്‍.


അപ്പൊഴാണ് വേലിയിറമ്പില്‍ ഒരു ആള്‍പ്പെരുമാറ്റം കേട്ടത്‌. ഇവന്‍ ഒളിഞ്ഞു നോക്കി. ഈശ്വരാ ഇതു നിന്‍റെ പരീക്ഷണം തന്നെ. പരക്കാട്ടെ രാഘവന്‍ പിള്ളാച്ചന്‍റെ ഞങ്ങളുടെ വേലിയരികില്‍ നില്‍ക്കുന്ന മഞ്ചാടിമരം മുറിക്കാന്‍ ആളു കൂടിയിരിക്കുകയാണ്. മരത്തിന്‍റെ മുകളില്‍ രണ്ടു പേര്‍. മരം വെട്ടു കാണാനും, അങ്ങോട്ടു പിടി ഇങ്ങോട്ടു പിടി എന്നൊക്കെ വെട്ടുകാര്‍ക്ക് ഉപദേശം കൊടുക്കാനുമൊക്കെയായി ബാക്കി നാട്ടുകാരും. ചിലര്‍ വേലിക്കിടയിലൂടെ നൂഴ്ന്നിറങ്ങി ശരിക്കു കാണാന്‍ വേണ്ടി ഇപ്പുറത്തും വന്നു നിലയുറപ്പിച്ചു. ഇവന്‍ എലിപ്പെട്ടിക്കകത്തു പോയ എലിയെപ്പൊലെ പാരവശ്യത്തോടെ ഓടാനും തുടങ്ങി. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ കാണും. ബെഡ്‌ ഷീറ്റും ഉടുത്ത് എത്ര സമയം അകത്തിരിക്കും?


അധികസമയം കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത പുലിയും നീളമുള്ള വാലുമായി ഓടിയെത്തി. അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ്. ജയകൃഷ്ണന്‍റമ്മേ ജയകൃഷ്ണന്‍റമ്മേ എന്നു വിളിച്ചു കൊണ്ട്‌ അവള്‍ വീടിന് മൂന്നു പ്രദക്ഷിണം വച്ചു, അതു കഴിഞ്ഞു ജയകൃഷ്ണാ എന്നായി വിളി. അതും പോരാഞ്ഞ് ജനലിലൂടെയും കതകിന്‍റെ ഇടയിലൂടെയുമൊക്കെ ഒളിഞ്ഞു നോക്കി എല്ലാരും ഇതെവിടെപ്പോയി എന്നു സ്വയം ചോദിക്കലും.


മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്നു പറയുന്നതു ശരിയാ. അന്നു ഞാന്‍ അവരെയെല്ലാം പേരെടുത്തു വിളിച്ചിരുന്നു. ആരാണ്ടൊക്കെ കേട്ടു, അല്ലായിരുന്നെങ്കില്‍ ശ്വാസം പോലും എടുക്കാന്‍ കഴിയാതെ അവിടെ അനങ്ങാതെ നിന്ന ഇവനെ ആ പെണ്‍കുട്ടി കണ്ടേനെ. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ജയകൃഷ്ണന്‍ ആദിമനുഷ്യനായി രൂപാന്തരം പ്രാപിച്ച വൃത്താന്തം നാട്ടുകാരെ ബോധിപ്പിച്ചേനെ. പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം.


ഏതായാലും ആ പെണ്‍കുട്ടി സ്ഥലം വിട്ടു. വീട്ടിലെ ഫോണ്‍ നിലയ്ക്കാതെ ബെല്ലടിച്ചുകൊണ്ടിരുന്നപ്പോഴും ഉണ്ടായി വാവക്കുട്ടനമ്മാവനടക്കമുള്ള മരം വെട്ടു പ്രോത്സാഹനക്കമ്മറ്റി അംഗങ്ങളുടെ വക ഒളിഞ്ഞു നോട്ടം. ഈ കൊരങ്ങന്‍ ഇതെവിടെ പോയിക്കിടക്കുവാണെന്ന അമ്മാവന്‍റെ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടതാണ്.


അങ്ങനെ സന്ധ്യയോടെ മരം വെട്ടും അവസാനിപ്പിച്ച് ആളുകള്‍ പിരിഞ്ഞു. എന്നിട്ടും ഇവനു പുറത്തിറങ്ങാന്‍ പേടി. എല്ലാവരും പോയോ? വേലിയുടെ അടവ്‌ മാറി അവിടെയൊക്കെ തെളിഞ്ഞു കാണുമോ? ദീപാരാധന തൊഴാന്‍ പോയ അടുത്ത വീടുകളിലെ സുന്ദരിമാര്‍ക്ക് ദര്‍ശനസൌഭാഗ്യമാകുമോ ഇവന്‍റെ ജീവിതം? തുടങ്ങിയ ആകുലതകള്‍ ഇവനെ വേട്ടയാടി... അവസാനം രാത്രി പത്തുമണിയോടെ ഒറ്റച്ചാട്ടത്തിനു പുറത്തിറങ്ങി ജയകൃഷ്ണന്‍ വീണ്ടും ജയകൃഷ്ണനായി.


അതിനു ശേഷം ഞാന്‍ ഒരിക്കലും പറയാത്ത പണികള്‍ ചെയ്തിട്ടില്ല, നാട്ടുകാരെക്കൊണ്ട്‌ പ്രശംസിപ്പിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടില്ല, ഒരിക്കലും ഒരിക്കലും അഴുക്കു പറ്റിയതാണെങ്കിലും മുഴുവന്‍ തുണിയും ഒരുമിച്ചെടുത്തു നനച്ചിട്ടുമില്ല. കാവാലത്തെ ആ ‘നഗ്നമായ‘ പകലിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നു മായുവോളം ഇവനതൊക്കെ എങ്ങനെ ചെയ്യാന്‍ കഴിയും?


© ജയകൃഷ്ണന്‍ കാവാലം

5 comments:

അനീഷ് രവീന്ദ്രൻ said...

ഹ ഹ...ആരെങ്കിലും കാണനമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിതാ.
നിരാശപ്പെടുത്തി. വിവരണം കൊള്ളാം.

കാവാലം എന്നൊക്കെ പറയുമ്പോൾ ചങ്ങനശ്ശേരിക്കാർക്കും ഷെയർ ഉള്ള സ്ഥലമാ.
അതു കൊണ്ട് ദേ ഒരു തേങ്ങ അങ്ങോട്ടടിക്കുവാ...
ഠോ...

കുഞ്ഞിക്കിളി said...

Ha ha ha.. good one

ജിജ സുബ്രഹ്മണ്യൻ said...

അതേതായാലും കലക്കി.ശ്യോ ! എന്നാലും ആ പശു ചാണകമിടാനും അതിൽ കേറി ചവിട്ടാനും,ബെഡ് ഷീറ്റുമുടുത്ത് സമയം നീക്കാനും ഒക്കെ ഭാഗ്യമുണ്ടായീല്ലേ !!വാവക്കുട്ടനമാവൻ ഇപ്പോഴും ജയകൃഷ്നനെ പഴേ ഓമനപ്പേരു തന്നെ ആണോ വിളിക്കുന്നത് ?

അരുണ്‍ കരിമുട്ടം said...

ജയകൃഷ്ണന്‍ ആദിമമനുഷ്യനായി രൂപാന്ത്രപെട്ട വിവരം നാലുപേര്‌ അറിയണമായിരുന്നു.കഷ്ടമായി പോയി

Mr. X said...

ഹാവൂ... "മേഘ"ത്തില്‍ മമ്മൂട്ടി ഇങ്ങനെ നില്ക്കുന്നത് പ്രിയ ഗില്‍ കാണുന്ന സീന്‍ ഓര്ത്തു പോയി... ഇതും അങ്ങനെ വന്നില്ലല്ലോ എന്ന് ഓര്‍ത്തിട്ടാ വിഷമം...

(ഇതൊന്നും ഒന്നുമല്ല മാഷേ... എനിക്ക് ഇതിന്റെ അപ്പുറം അക്കിടി പറ്റിയതാ.. അത് ഒരു പോസ്റ്റ് ആക്കുന്നുണ്ട്‌... ഇപ്പഴല്ല, പിന്നെ...)

 
Site Meter