Sunday, October 25, 2009

കൃഷ്ണനാശാന്‍

വിദ്യ എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉണ്മയുള്ള ഒരു അനുഭവമാണ്. അമ്മയുടെ ഗര്‍ഭത്തില്‍ അങ്കുരിക്കുന്ന നിമിഷം മുതല്‍ നാം അറിഞ്ഞു തുടങ്ങുന്ന ഈ അറിവുകള്‍ മരണസമയത്തും തുടരുന്നു എന്ന് അറിവുള്ളവര്‍ പറയുന്നത് എത്ര സത്യമാണ്.

എന്‍റെ കുട്ടിക്കാലം. എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു എന്ന് ഉള്‍പ്പുളകത്തോടെ ഞാന്‍ ഓര്‍ക്കുന്നു. കാവാലത്തെ വീട്ടിലെ ഓരോ മണ്‍‍തരികള്‍ക്കും സുപരിചിതമായിരുന്ന ബാല്യം. വീട്ടുമുറ്റത്തു കളിച്ചും, പൂക്കളോടും കിളികളോടും കഥ പറഞ്ഞും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ ആരും കാണാതെ പോയി നിന്ന് പരല്‍ മീനുകളെ കണ്ടും, തുമ്പിയും ചിത്രശലഭങ്ങളും, കുയിലും, കാക്കയെയുമൊക്കെപ്പോലെ പറന്നു കളിക്കാന്‍ മോഹിച്ചും, രാത്രികളില്‍ മൂങ്ങകളോട് മത്സരിച്ച് മൂളിയും ഈ മണ്ണില്‍ ജനിച്ച് വളരെ കുറച്ചു നാളത്തെ പരിചയം മാത്രമുള്ള കുഞ്ഞു ജയകൃഷ്ണന് എല്ലാമെല്ലാം അത്ഭുതവും കൌതുകവുമായിരുന്ന കാലം. മനുഷ്യരുടെ കാലുഷ്യം മനസ്സിനെ പൊള്ളിച്ചു തുടങ്ങിയിട്ടില്ലാതിരുന്ന എന്‍റെ കുട്ടിക്കാലം. പാട്ടുകളും, സ്വപ്നങ്ങളും, പരിലാളനങ്ങളും, പൂക്കളും, കിളികളും മാത്രം കൂട്ടുണ്ടായിരുന്ന ബാല്യകാലം...

അമ്മക്കു പേടിയായിരുന്നു എന്നും. ആരോടും ചോദിക്കാതെ വേലി ചാടി ഈ ഭൂമിയില്‍ എനിക്കും അവകാശമുണ്ടെന്ന ഭാവത്തില്‍ കറങ്ങി നടക്കുന്ന നാടന്‍ പട്ടികളോട്‌ എനിക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു എന്നതാണ് അമ്മയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നത്. അവരെ കാണുമ്പോള്‍ ഞാന്‍ ഓടി അടുത്തു ചെല്ലും. വലിയവരെ കണ്ടാല്‍ പറപറക്കുന്ന അവര്‍ കുഞ്ഞു ജയകൃഷ്ണനെ കണ്ടാല്‍ ഭയന്നോടിയിരുന്നില്ല. ചിലര്‍ വാലാട്ടി സ്നേഹം കാട്ടും, ചിലര്‍ മൈന്‍ഡ്‌ ചെയ്യാതെ തിരക്കിട്ടു സ്ഥലം വിടും, ഇനിയും ചിലര്‍ കൂടെ കളിക്കാന്‍ കൂടും. പക്ഷേ എന്‍റെ ശ്രദ്ധ മുഴുവനും അവരുടെ കറുത്ത മൂക്കില്‍ ആയിരുന്നു. വല്ലാത്ത കൌതുകമായിരുന്നു അവരുടെ മൂക്കില്‍ പിടിക്കാന്‍. മുന്‍‍പരിചയമില്ലാത്ത ശുനകവര്യന്മാരുടെ ഏറ്റവും വലിയ ജീവനോപാധി കൂടിയായ മൂക്കില്‍ പിടിച്ചാല്‍ അവര്‍ എന്നെ വെറുതേ വിടില്ല എന്ന് അമ്മ ഭയന്നു. പക്ഷേ എന്നെ ആരും ഒന്നും ചെയ്യുമായിരുന്നില്ല. എല്ലാവര്‍ക്കും സ്നേഹം. അവരോട്‌ എനിക്കും... പിന്നെയുള്ള പേടി മഞ്ഞച്ചേരകള്‍. എവിടെ മഞ്ഞച്ചേരയെ കണ്ടാലും ഞാന്‍ അവയോടു കൂട്ടുകൂടാന്‍ ഓടിച്ചെല്ലുമായിരുന്നു. ഏഴയലത്തടുക്കാന്‍ പോലും ഇതുവരെ കഴിയാത്തത് അമ്മയുടെ ബദ്ധശ്രദ്ധ ഒന്നുകൊണ്ടു മാത്രമാണ്. സാധുക്കളായ അവയില്‍ നിന്നും എന്നെ അകറ്റാന്‍ അമ്മ പറഞ്ഞുതന്നിട്ടുള്ള ഭീകരകഥകള്‍ ഒരു രാജവെമ്പാലയെക്കുറിച്ചു പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല. എന്നിട്ടും എനിക്കവയോടു പ്രണയമായിരുന്നു.

കാലം ഇങ്ങനെ കഴിയവേ ജയകൃഷ്ണനെ എഴുത്തിനിരുത്താന്‍ സമയമായി. നവരാത്രി വ്രതമെടുപ്പിച്ച് അക്ഷരത്തിന്‍റെ അവാച്യമായ ആനന്ദസാരസ്വതം നുകരുവാന്‍ ജയകൃഷ്ണനെ അമ്മ തയ്യാറാക്കി. വീടിന്‍റെ കന്നിക്കോണില്‍ പട്ടുകോണകവും കുഞ്ഞു നേര്യതുമുണ്ടും ഉടുത്ത് വല്യമ്മാവന്‍ അയ്യപ്പപ്പണിക്കരുടെ മടിയിലിരുന്ന് ആ സ്വര്‍ഗ്ഗീയമധുരം ആദ്യമായി എന്‍റെ ജിഹ്വകളെ ധന്യമാക്കി. ഒരു ജീവിതകാലത്തിന്‍റെ... അല്ല ശരീരം മരിച്ചാലും മരിക്കാതെ ജ്വലിച്ചു നില്‍ക്കുന്ന ശക്തിയായ അക്ഷരം. വ്യക്തിത്വവും, അസ്തിത്വവും, ആത്മബോധവും ഉണര്‍ത്തുന്ന നിത്യസത്യമായ ജ്ഞാനത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള അക്ഷരം. അമൃതിന്‍റെ മധുരമുണ്ടായിരുന്നു അമ്മാവന്‍റെ മോതിരം കൊണ്ട് ഇവന്‍റെ നാവിന്‍‍തുമ്പില്‍ ഹരി ശ്രീ എന്നെഴുതിയപ്പോള്‍.

എഴുത്തിനിരുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂക്കൈതയാറിന്‍റെ അക്കരെ നിന്നും കൃഷ്ണനാശാന്‍ വന്നെത്തി. കറുത്ത് കുറിയ ഒരു മനുഷ്യന്‍. ഷര്‍ട്ടിന്‍റെ എല്ലാ ബട്ടണ്‍സും പകുതി മാത്രമേ ആശാന്‍ ബട്ടണ്‍ഹോളില്‍ കയറ്റുമായിരുന്നുള്ളൂ. രണ്ടു ചെവിക്കടയിലും അമ്പലത്തിലെ പൂക്കള്‍ തിരുകി, നെറ്റിയില്‍ ചന്ദനം ചാര്‍ത്തി, കാലം മായ്ച്ചു കളയാതെ പഴമയുടെ തിരുശേഷിപ്പു പോലെ ചെവിയിലെ കടുക്കനിടുന്ന പാടുമായി ഒരു മനുഷ്യന്‍. ഒരു സന്ധ്യക്കാണ് ആശാന്‍ വീട്ടില്‍ വന്നത്. അപ്പൂപ്പനുമായി കുറച്ചു സമയം സംസാരിച്ച് ആശാന്‍ പിരിഞ്ഞു. ഇളംതിണ്ണയിലിരുന്ന് കൌതുകത്തോടെ ഞാന്‍ ആശാനെ നോക്കി. ആകെക്കൂടി അത്ഭുതം തോന്നിയിരുന്നു എനിക്ക് ആശാനെ കണ്ടപ്പോള്‍. അടിമുടി പ്രത്യേകതകളുള്ള ഒരു മനുഷ്യന്‍.

ആശാന്‍ പോയിക്കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു നാളെമുതല്‍ മോനെ അക്ഷരം പഠിപ്പിക്കാന്‍ വരുന്ന ആശാനാണതെന്ന്. രാജശ്രീക്കുഞ്ഞമ്മയെയും, ദീപച്ചേച്ചിയെയും, ദീപ്തിച്ചേച്ചിയെയും, സിന്ധുച്ചേച്ചിയെയും, ദീപു ചേട്ടനെയുമൊക്കെ അക്ഷരം പഠിപ്പിച്ചിട്ടുള്ള ആശാനാണതെന്ന്. ശരിയാണ് ആശാന്‍ വിളമ്പിയ അക്ഷരം അവരെ എല്ലാവരെയും ഉന്നതമായ നിലകളില്‍ തന്നെ എത്തിച്ചു എന്നത് പില്‍ക്കാലത്തെ അനുഭവം. രാജശ്രീച്ചേച്ചി കെമിസ്ട്രിയില്‍ പി എച്ച് ഡി ഇന്നു കോളേജ് അദ്ധ്യാപിക, ദീപച്ചേച്ചിയും ദീപ്തിച്ചേച്ചിയും അദ്ധ്യാപികമാര്‍, ദീപുച്ചേട്ടന്‍ എം ബി എ കഴിഞ്ഞ് നല്ല ജോലി അങ്ങനെ ആശാന്‍ പഠിപ്പിച്ചിട്ടുള്ള ആരും പാഴായിപ്പോയിട്ടില്ല.

പിറ്റേന്നു മുതല്‍ ആശാന്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തഴപ്പായ ആശാനും, സമചതുരാകൃതിയിലുള്ള ഒന്ന് എനിക്കും, അങ്ങനെ ഞങ്ങള്‍ വീട്ടിലെ മാവിന്‍ ചുവട്ടിലും, പടിഞ്ഞാറേ തോട്ടിറമ്പിലും, കമ്പിളിനാരകത്തിന്‍റെ ചുവട്ടിലും മഴയുള്ള സമയങ്ങളില്‍ നേരത്തേ വാരി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന മണ്ണുമായി വീടിന്‍റെ തിണ്ണയിലും, പൂജാമുറിയുടെ ഉള്ളിലും അങ്ങനെ ആ വീടിന്‍റെ ഓരോ കോണിലും, ഓരോ ബിന്ദുവിലുമിരുന്ന് അക്ഷരാമൃതമുണ്ടു. ഓരോ ദിവസവും പഠിക്കാനിരിക്കേണ്ട സ്ഥലം ഞങ്ങള്‍ ചേര്‍ന്നു തീരുമാനിക്കും. ചിലപ്പോള്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ കൊച്ചുകുഞ്ഞമ്മേ എന്നു വിളിച്ചിരുന്ന രാജശ്രീച്ചേച്ചിയും, ദീപ്തിച്ചേച്ചിയുമൊക്കെ ബോട്ടുപുരയുടെ അപ്പുറത്തെ അരമതിലില്‍ വന്നിരിക്കും. അവരെ കുഞ്ഞു കുഞ്ഞു കല്ലുകള്‍ പെറുക്കി വെള്ളത്തിലെറിഞ്ഞും മറ്റും ആശാന്‍ പറ്റിക്കുമായിരുന്നു.

ആശാന്‍റെ കൂടെ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഞാന്‍ സ്കൂളില്‍ പോകുന്നത്. വെള്ളപ്പൊക്കമാകുമ്പോള്‍ അയല്‍ വീടുകളിലെ ചേച്ചിമാര്‍ ഞങ്ങളുടെ വീട്ടിലൂടെ കയറിയാണ് സ്കൂളില്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. രഞ്ചി,രാജി,ഷീബ എന്നിങ്ങനെ മൂന്നു ചേച്ചിമാരും അവരുടെ ലീഡറെപ്പോലെ പ്രീതിച്ചേച്ചിയും. എല്ലാവരും നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രീതിച്ചേച്ചിയുടെ അച്ഛന്‍ ഗള്‍ഫിലാണ്. എന്നുവരുമ്പൊഴും കൈനിറയെ ചോക്ലേറ്റുമായി ഓടിവന്നുകൊണ്ടിരുന്ന പ്രീതിച്ചേച്ചിയെ എന്‍റെ ബാല്യകാലത്തിനു ശേഷം ഞാന്‍ കണ്ടിട്ടേയില്ല. കുഞ്ഞുന്നാളിലെ സ്നേഹം തീര്‍ത്ത സാഹോദര്യം കാലയവനികയ്ക്കുള്ളില്‍ എവിടെയോ ഇന്നും തുടരുന്നു. ഈ കുഞ്ഞനിയനെ പ്രീതിച്ചേച്ചി ഓര്‍ക്കുന്നുണ്ടാവുമോ എന്തോ...

ഈ ചേച്ചിമാരുടെ സ്കൂളില്‍ പോക്കു കാണുമ്പോള്‍ എനിക്കും കൊതിയായി. മുടി ഇരുവശത്തേക്കും പിന്നിയിട്ട്, ക്രീം കളര്‍ ബ്ലൌസും, മെറൂണ്‍ കളര്‍ പാവാടയും, കയ്യില്‍ പുസ്തകസഞ്ചിയുമായി അവര്‍ പോകുന്നതു കാണുമ്പോള്‍ എനിക്കും പോകണമെന്ന് അടങ്ങാത്ത ആശ. അവര്‍ അതിലേ കടന്നു പോകുമ്പോള്‍ എന്നും ഞാന്‍ കരച്ചില്‍ തുടങ്ങും. ഇതുകണ്ട് പ്രീതിച്ചേച്ചി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു, ജയകൃഷ്ണനെക്കൂടെ ഞങ്ങളോടൊപ്പം അയച്ചോളൂ. ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം. എന്‍റെ കുസൃതിയേക്കുറിച്ചറിയുന്ന അമ്മ എന്തൊക്കെ പറഞ്ഞിട്ടും അവരുടെ നിര്‍ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം തൊട്ടപ്പുറത്തു തന്നെയുള്ള സ്കൂളില്‍ ചെന്ന് രാധാമണിടീച്ചറിനോട് അനുവാദം വാങ്ങി. സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. അതുകൊണ്ട് അടുത്ത അദ്ധ്യയനവര്‍ഷമാകുന്നതു വരെ അവന്‍ ഇഷ്ടമുള്ള ക്ലാസ്സില്‍ പോയി ഇരുന്നോട്ടെ എന്ന് അനുവാദം കിട്ടി. അങ്ങനെ ആശാന്‍റെ വിദ്യാഭ്യാസത്തോടൊപ്പം ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സുവരെ മാറിമാറി പഠിക്കാനും തുടങ്ങി.

ആശാന്‍റെ ഒപ്പമുള്ള വിദ്യാഭ്യാസം അവസാനിച്ചതിനു ശേഷവും അതുവഴി പോകുമ്പോഴെല്ലാം ആശാന്‍ മധുരപലഹാരങ്ങളുമായി എന്നെ കാണാന്‍ വരുമായിരുന്നു. ആശാന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ കൊച്ചുകുഞ്ഞമ്മയും, മറ്റു ചേച്ചിമാരുമെല്ലാം ആശാനോട് ഇതു പറഞ്ഞു വഴക്കുണ്ടാക്കും. ആശാന്‍ ഞങ്ങളെയും പഠിപ്പിച്ചിട്ടുള്ളതല്ലേ പിന്നെന്താ ഇവനുമാത്രം ഇതെല്ലാം കൊണ്ടു കൊടുക്കുന്നത് ഇതു പറ്റില്ല എന്നു പറഞ്ഞ്. പല്ലുകള്‍ പലതും കൊഴിഞ്ഞു പോയ ആ മുഖത്ത് സദാ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി ഇതിനു മറുപടിയായി ഒന്നു കൂടി ശോഭിക്കുക മാത്രം ചെയ്തിരുന്നു. എന്നൊക്കെ വരുമ്പൊഴും പൂക്കേക്കും, മിഠായികളും, പഴവും തുടങ്ങി എന്തെങ്കിലുമൊരു സമ്മാനം കരുതാതെ ആശാന്‍ വരുമായിരുന്നില്ല. ഞങ്ങള്‍ക്ക് പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത ഒരു അടുപ്പമുണ്ടായിരുന്നു.

ഒരു ഓണത്തിന് ആശാന് ഞാന്‍ പറഞ്ഞിട്ട് ഒരു ഓണക്കോടി വാങ്ങിക്കൊടുത്തു. അന്ന്‌ ആശാന്‍ കുറേ വഴക്കുണ്ടാക്കി. കുഞ്ഞിനു വേറേ പണിയൊന്നുമില്ലേ എന്നൊക്കെ ചോദിച്ച്. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഇനി കുഞ്ഞിനെ കാണാന്‍ വരില്ല എന്നുവരെ ആശാന്‍ പറഞ്ഞു. ആശാന്‍റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു എന്‍റെ അമ്മയുടെ അനിയത്തിയുടെ കല്യാണത്തിന്‌ പങ്കെടുക്കണമെന്ന്. എന്നു വരുമ്പൊഴും ചോദിക്കും, കുഞ്ഞമ്മയുടെ കല്യാണമായില്ലേ എന്ന്. വര്‍ഷം ഒന്നു കഴിഞ്ഞു. ആശാന്‍റെ വരവ്‌ വളരെ കുറഞ്ഞു. ആഴ്ച്ചയില്‍ ഒന്നെങ്കിലും വന്നിരുന്ന ആശാന്‍റെ സന്ദര്‍ശനം ക്രമമായി കുറഞ്ഞു വന്നു. നിരവധി കുട്ടികളെ പഠിപ്പിച്ചിരുന്ന ആശാന്‍ എന്നും നല്ല തിരക്കിലായിരുന്നു. കുഞ്ഞമ്മയുടെ വിവാഹാലോചനകളും, അപ്പൂപ്പന്‍റെ അസുഖവുമൊക്കെയായി ആശാനെക്കുറിച്ച് അന്വേഷിക്കാനും എല്ലാവരും വിട്ടു പോയി. തുള്ളല്‍ കലാകാരന്‍ കൂടിയാണ് ആശാന്‍. ആശാന് അതിന്‍റെയും തിരക്കുകള്‍ അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്.

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പൊഴായിരുന്നു കുഞ്ഞമ്മയുടെ കല്യാണം. അപ്പൊഴേക്കും ആശാനെ കല്യാണത്തിനു വിളിക്കുന്ന കാര്യം അമ്മ ഓര്‍മ്മിച്ചു. പൂക്കൈതയാറിന്‍റെ അപ്പുറത്താണ് ആശാന്‍റെ താമസം. പലരോടും ചോദിച്ചിട്ടും ആശാനെക്കുറിച്ചോ ആശാന്‍റെ വീടിനെക്കുറിച്ചോ ആര്‍ക്കും ഒരു പിടിയുമില്ല. ഒടുവില്‍ നിരവധി അന്വേഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അറിഞ്ഞു... ആശാന്‍ പോയി...

ആശാന്‍റെ വരവിനായി വീടിന്‍റെ പൂമുഖത്തെ അഴികളില്‍ തൂങ്ങി കാത്തു നിന്നിരുന്ന, ആശാന്‍റെ സമ്മാനപ്പൊതികള്‍ അവകാശബോധത്തോടെ തട്ടിപ്പറിച്ചിരുന്ന ജയകൃഷ്ണന്‍ അറിയാതെ, കാത്തുകാത്തിരുന്ന കുഞ്ഞമ്മയുടെ കല്യാണം കൂടാതെ, ആരും അറിയാതെ പോയി.... ഇന്നും എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന എന്‍റെ അക്ഷരം എന്നില്‍ പകര്‍ന്ന എന്‍റെ ആശാന്‍റെ കാല്‍ക്കല്‍ ഒരു പൂവിതള്‍ വയ്ക്കാന്‍ ഈ മഹാപാപിക്കു കഴിയാതെ പോയി. ഒരുപക്ഷേ ആശാന് മരണമില്ലായിരിക്കും. ആ കാഴ്ച്ച ഞാന്‍ കാണേണ്ടതല്ലായിരിക്കും. അതിനാലാവാം ബോട്ടുപുരയുടെ തൂണുകളില്‍ മറഞ്ഞിരുന്ന് കുഞ്ഞു വെള്ളാരം കല്ലുകള്‍ പെറുക്കിയെറിഞ്ഞ് കൊഞ്ചിക്കുന്ന ലാഘവത്തോടെ ആശാന്‍ പോയത്. ആശാന്‍റെ ഒരു ഫോട്ടോ പോലുമില്ല എന്‍റെ കയ്യില്‍. എനിക്കതിന്‍റെ ആവശ്യമില്ല. ഹൃദയശ്രീകോവിലില്‍ ലക്ഷദീപം തെളിയിച്ച്, കണ്ണുനീര്‍ നേദിച്ച്, ഈ ജീവിതം തന്നെ സമര്‍പ്പിച്ച് ഞാന്‍ പൂജിക്കുന്നുണ്ട്‌ പുഞ്ചിരി തൂകുന്ന ആ ദേവനെ. എന്‍റെ കൃഷ്ണനാശാനെ...

© ജയകൃഷ്ണന്‍ കാവാലം

18 comments:

Kvartha Test said...

വായിച്ചിരുന്നുപോയി, അവസാനം ഒരു നെടുമൂച്ച് മാത്രം കേട്ടു. ഈശ്വരനെക്കാലും വലിയവനത്രേ ഗുരു.

വികടശിരോമണി said...

ഇരുളുവീണ വഴികളിലെല്ലാം
പ്രകാശമായി കൂടെ നിന്ന ഏതെല്ലാമോ മുഖങ്ങൾ മനസ്സിലൂടെ പാഞ്ഞു പോയി.
നന്ദി.

Panicker said...

"ഒരു പക്ഷെ ആശാനു മരണമില്ലായിരിക്കാം..."

താങ്കള്‍ ഉള്‍പ്പടെയുള്ള ശിഷ്യരിലേക്ക് പകര്‍ന്നു നല്‍കിയ ചൈതന്യത്തില്‍ അദ്ദേഹമിന്നും ജീവിക്കുന്നു..


Lebo M - ഇന്റെ "He Lives in You" എന്ന പാട്ടാണ് ഇത് വായിച്ചപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത് ..

മാണിക്യം said...

എവിടെയോ വായിച്ചത് ഓര്‍ക്കുന്നു 'ദൈവത്തിനു എപ്പോഴും കുടെ വന്നിരുന്ന് പഠിപ്പിക്കാന്‍ ആവാത്തതു കൊണ്ടാണ്‍ ഗുരുക്കന്മാരെ ദൈവം നമുക്കായി തന്നത്'എന്ന് ആശാന്‍ ആ ഗണത്തില്‍ പെടുന്നു ..ഗുരുസ്മരണ നന്നായി ...

Sureshkumar Punjhayil said...

Snehapoorvvam, aa krishnanaashaanu...!

Manoharam, Ashamsakal...!!!

ശ്രീ said...

അവസാനം കണ്ണു നനച്ചല്ലോ മാഷേ.

ആശാനെ അനുഗ്രഹം എന്നും കൂടെക്കാണും... ഉറപ്പ്!

Mr. K# said...

അനോണിമാഷിന്റെ ബ്ലോഗില്‍‌‌‌‌ നിന്നാണ് ഇങ്ങോട്ടെത്തിയത്. വന്നത് നഷ്ടമായില്ല. നന്നായി എഴുതിയിരിക്കുന്നു. ആശാന്റെ അനുഗ്രഹം‌‌ കൂടെയുണ്ട്.

ചേച്ചിപ്പെണ്ണ്‍ said...

ഗുരുര്ബ്രഹ്മോ ഗുരുര്‍ വിഷ്ണു ,,,
....
തസ്മയ് ശ്രീ ഗുരുവേ നമ:

ഗുരു സ്മരണ ഹൃദ്യം ആയി ....
ആശംസകള്‍ ...

ഒരു യാത്രികന്‍ said...

വൈകി എത്തിയതാണീയാത്രികന്‍....വളരെ ഇഷ്ടമായി..ഭാവുകങ്ങള്‍.. സസ്നേഹം

Vijay Karyadi said...

mr. jayakrishnan kavalam my laptop formatted and now i moved to south africa, so i couldnt be a regular reader of you, but 2 day i saw a comment regarding my poem from you thank u...........keep in touch with u, sorry i cant type in malayalam....vijay

മഴത്തുള്ളികള്‍ said...

very matured language.....its interesting....i'm here recently..i think its excellent. i've read ur poems & i think u've an amazing talent

Jishad Cronic said...

ഗുരു സ്മരണ ഹൃദ്യം ആയി ....
ആശംസകള്‍ ...

Akbar said...

വള്ളിക്കുന്ന് ബ്ലോഗ്‌ വഴിയാണ് ഇവടെ എത്തിയത്. ആദ്യ വായന നല്ല ആസ്വാധനമായി. ഗുരു സ്മരണ എന്നിലും ഭൂതകാല സ്മരണകള്‍ ഉണര്‍ത്തി. ഇനി മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ വീണ്ടും വരാം. നല്ലത് വരട്ടെ. ആശംസകള്‍

Umesh Pilicode said...

:-)

ബഷീർ said...

ഹൃദയസ്പർശിയായ കുറിപ്പ്.

ഓ.ടോ:
ഇത് 2009 ൽ പോസ്റ്റ് ചെയ്തതാണല്ലോ. വീണ്ടും ജാലകത്തിൽ കണ്ടതിനാൽ ഇവിടെ എത്തി. വന്നതിൽ നിരാശനായില്ല
ആശംസകൾ

കാവാലം ജയകൃഷ്ണന്‍ said...

ശ്രീ: നന്ദി
വികടശിരോമണി: ഗുരുമുഖം എക്കാലത്തും മനസ്സിലുണ്ടാവട്ടെ. നന്ദി
പണിക്കര്‍ മാഷ്: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി
മാണിക്യം: നന്ദി ചേച്ചീ
സുരേഷ്കുമാര്‍: നന്ദി
ശ്രീ: മനസ്സില്‍ നന്മയുള്ളവര്‍ക്കേ കണ്ണു നിറയാന്‍ കഴിയുള്ളു ശ്രീ. നന്ദി
കുതിരവട്ടന്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി
ചേച്ചിപ്പെണ്ണ്: നന്ദി ചേച്ചീ
ഒരു യാത്രികന്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. താങ്കള്‍ വൈകിയിട്ടില്ല... പ്രിയമുള്ളവര്‍ എത്ര വൈകിയാലും കാത്തിരിക്കുന്നത് ഒരു സുഖമല്ലേ?
വിജയ് കാര്യാടി: സൌത്താഫ്രിക്കയില്‍ ജീവിതം എങ്ങനെ? സുഖം തന്നെയോ? സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ.
മഴത്തുള്ളികള്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. ടാലന്‍റ് എന്നു വിളിക്കുന്നതിലും, നിലവിളികള്‍ എന്നു വിശേഷിപ്പിച്ചാല്‍ ഒന്നു കൂടി ചേരും. നന്ദി.
ജിഷാദ് ക്രോണിക്: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി

കാവാലം ജയകൃഷ്ണന്‍ said...

അക്ബര്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി
ഉമേഷ് പിലിക്കൊട്: നന്ദി
ബഷീര്‍ പി.ബി. വെള്ളറക്കാട്‌: നന്ദി. ഇന്ന് ഇതെങ്ങനെ ജാലകത്തില്‍ വന്നെന്ന് ഒരു പിടിയുമില്ല മാഷേ. ഞാന്‍ ബ്ലോഗില്‍ കയറുന്നു തന്നെയില്ല കുറച്ചു നാളായി. അവര്‍ക്ക് സ്നേഹം തോന്നി ഒന്നുകൂടി ചേര്‍ത്തതാവും.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good memmories

 
Site Meter