Friday, January 30, 2009

ഒരു വിവാഹ പരസ്യം

ഇതൊരു വിവാഹ പരസ്യം ആണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഗുണഗണങ്ങള്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോ അവരുടെ ബന്ധുക്കളോ എനിക്ക് ഇ മെയില്‍ അയക്കുക.

മുടിയുടെ നീളം: 1.7 മീറ്റര്‍ (പനങ്കുല പോലെ ഭംഗി വേണം)
മുടിയുടെ നിറം: കറുപ്പ് അല്ലെങ്കില്‍ നീല
നീളം: 5 അടി 11 ഇഞ്ച് മുതല്‍ 5 അടി 8 ഇഞ്ചുവരെ
വണ്ണം: ആനുപാതികം
തൂക്കം: 58 കിലോയില്‍ കൂടരുത്
കണ്ണുകള്‍: ഉണ്ടക്കണ്ണായിരിക്കണം, നീല നിറം അത്യാവശ്യം, ആ കണ്ണുകള്‍ എപ്പോഴും അവളുടെ നിത്യ കാമുകനായ എന്നെ തിരയുന്നതു പോലെ ചലിച്ചുകൊണ്ടിരിക്കണം.
മൂക്ക്: ചാമ്പക്കായ പോലെ നീണ്ടു ചുവന്ന മൂക്കുകള്‍
ചുണ്ടുകള്‍: ചെന്തൊണ്ടിപ്പഴം പോലുള്ള മനോഹരമായ ചുണ്ടുകള്‍
നെറ്റി: വിസ്തൃതമായ നടുഭാഗം അല്പം ഉയര്‍ന്ന് മുടിയിഴകള്‍ പാറിപ്പറക്കുന്ന നെറ്റി.
കവിളുകള്‍: അല്പം ചുവന്ന് കാളിമ മങ്ങിയ രോമരാജികള്‍ ചെവിയുടെ മുകളില്‍ നിന്നും ഒഴുകിയിറങ്ങിയ, ആ മുടിയിഴകളുടെ ചുംബനമേറ്റു ലജ്ജയാല്‍ തുടുത്ത കവിളുകള്‍. കണ്ടാല്‍ ഒരു കൊച്ചു കുട്ടിയുടെ കവിളുകള്‍ പോലെ തോന്നിക്കണം.
താടി: ഇടക്കിടെ താടിയില്‍ പിടിച്ചു കൊഞ്ചിക്കാന്‍ പറ്റിയ അധികം നീണ്ടു പോകാത്ത താടി. (പക്ഷേ മറ്റാരും കൊഞ്ചിച്ചിട്ടില്ലാത്ത താടി ആയിരിക്കണം)
ചെവി: ഇട തൂര്‍ന്ന കാര്‍കുന്തളത്തിന്‍റെ ഇടയിലൂടെ എന്‍റെ പരിലാളനങ്ങള്‍ക്കു ചെവി കൊടുക്കാനെന്ന വണ്ണം അല്പം മാത്രം വെളിയില്‍ കാണുന്ന എന്‍റെ മധുരമന്ത്രണത്തിനു മാത്രമായി കാത്തിരിക്കുന്ന ചെവികള്‍.
കഴുത്ത്: വലം പിരി ശംഖു പോലെയുള്ള കഴുത്ത് (അധികം നീണ്ട്‌ ജിറാഫിനെപ്പോലെയാകാന്‍ പാടില്ല)

അവളുടെ കണ്ണുകള്‍ എപ്പോഴും തന്‍റെ നിത്യകാമുകനായ എന്നെ തിരയുന്നവയായിരിക്കണം, പേടിച്ച പേടമാനിനെപ്പോലെ വശ്യതയുള്ളവയായിരിക്കണം. എപ്പോഴും അവളുടെ ചുണ്ടുകളില്‍ വശ്യമായ ഒരു മന്ദഹാസം ഉണ്ടാവണം. എന്നും തുളസിപ്പൂ ചൂടുന്നവളാകണം. എല്ലാദിവസവും എന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്നവളാകണം (കാലേല്‍ പിടിച്ചു വലിക്കരുത്) എല്ലാവരോടും സഹാനുഭൂതിയും ദയയും ഉണ്ടാവണം. തികഞ്ഞ ഗുരുഭക്തിയുള്ളവളായിരിക്കണം, മുതിര്‍ന്നവരോട്‌ എപ്പോഴും ബഹുമാനത്തോടെയും സ്വരം താഴ്ത്തിയും സംസാരിക്കുന്നവളാകണം.

അടുക്കളയില്‍ അമ്മയെപ്പോലെയും, പൂമുഖത്തു നെയ്‌വിളക്കു പോലെയും, പൂന്തോട്ടത്തില്‍ രാജകന്യയെപ്പോലെയും, സ്വീകരണ മുറിയില്‍ മഹാലക്ഷ്മിയെപ്പോലെയും, സംഗീതത്തില്‍ സരസ്വതിയെപ്പോലെയും പരിശോഭിക്കുന്നവളും, പതിവ്രതയും ആവണം. ദുഃഖത്താല്‍ മനം നൊന്ത് ഓടിയണയുമ്പോള്‍ അവളുടെ മടിയിണകള്‍ എനിക്ക് അമ്മയുടെ മടിയിണകളാവണം, സന്തോഷം വരുമ്പോള്‍ അവളെനിക്കു മകളോ കുഞ്ഞനുജത്തിയോ ആകണം, തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വല്യേച്ചിയാകണം, പുറത്തിറങ്ങിയാല്‍ അവള്‍ അടക്കവും, ഒതുക്കവും, കുലീനത്വവും ,ആഢ്യത്വവും ഉള്ള ധര്‍മ്മ പത്നിയാവണം.

പാട്ടു പാടുന്നവളും, നൃ്ത്തം അഭ്യസിച്ചവളും എല്ലാ കലകളേയും സ്വാഗതം ചെയ്യുന്നവളും, കലാകാരന്മാരെയും, കലാകാരികളെയും ആദരിക്കുന്നവളും ആയിരിക്കണം

മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളോട്‌ വെറുപ്പുള്ളവളാകണം.

അവളുടെ മനസ്സ് ഒരു കവിത പോലെയായിരിക്കണം, അവള്‍ നടന്നു പോകുന്നതു കണ്ടാല്‍ ഒരു അരയന്നമാണോ ആ നടന്നു പോകുന്നത്‌ എന്ന് (താറാവല്ല) സംശയം തോന്നണം. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാത്തവളും പാരമ്പര്യ വസ്ത്രധാരണ രീതികളോട്‌ എന്നും ആദരവുള്ളവളും ആയിരിക്കണം.

സൌമ്യമായ മന്ദഹാസത്തിന്‍റെ നിലാവെളിച്ചത്തില്‍ ആരുടെ ദുഃഖങ്ങളേയും നിമിഷ നേരം കൊണ്ട്‌ തുടച്ചു മാറ്റാന്‍ കഴിവുള്ളവളും, സത്സ്വഭാവിയും, നിഷ്കളങ്കയും, വിദ്യാസമ്പന്നയുമായിരിക്കണം.

സ്ത്രീധനം വേണ്ട (സ്ത്രീയാണു ധനം)
അച്ഛന്‍ തരികിടയാണെങ്കിലും കുഴപ്പമില്ല, അമ്മയുടെ സ്വഭാവമാണ് പെണ്‍കുട്ടികള്‍ക്കു കിട്ടുന്നത്
അമ്മ സത്സ്വഭാവിയായിരിക്കണം
പൂമ്പാറ്റകളേപ്പോലെ പാറി നടക്കുന്ന കുഞ്ഞനുജത്തിമാര്‍ ഉണ്ടെങ്കില്‍ നല്ലത്
വീടിന്‍റെയടുത്ത് കായല്‍, നെല്‍പ്പാടം, തെങ്ങിന്‍ തോപ്പ്, പൂന്തോട്ടം എന്നിവയുണ്ടെങ്കില്‍ നല്ലത്. (ഇതൊന്നും സ്വന്തം ആയിരിക്കണമെന്നു നിര്‍ബന്ധമില്ല. പഞ്ചായത്തിന്‍റെയായാലും മതി)
വീടിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ ഉണ്ടാവാന്‍ പാടുള്ളതല്ല
വീട്ടില്‍ മണ്മറഞ്ഞതോ, ജീവിച്ചിരിക്കുന്നതോ ആയ കലാകാരന്മാര്‍ ഉണ്ടെങ്കില്‍ നല്ലത്
കാമുകനാല്‍ വഞ്ചിക്കപ്പെട്ടവരെയും പരിഗണിക്കും പക്ഷേ എക്സ്-കാമുകന്‍ തിരിച്ചു വന്നു വിളിച്ചാല്‍ ചാടിപ്പോകാന്‍ പാടില്ല
ഭരതനാട്യം, മോഹിനിയാട്ടം, വീണ തുടങ്ങിയവ അഭ്യസിച്ചിട്ടുള്ളവര്‍ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രണയിച്ചു കാമുകനെ വഞ്ചിച്ചിട്ടു കൊള്ളാവുന്നവനെ കാണുമ്പോള്‍ കൂടെ വരുന്നവള്‍ ആകാന്‍ പാടില്ല
സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ളവളാണെങ്കില്‍ നല്ലത്. പക്ഷേ ആ അഭിപ്രായങ്ങള്‍ അവകാശങ്ങളും അധികാരങ്ങളും ആയി എനിക്കിട്ടോ എന്‍റെ മാതാപിതാക്കള്‍ക്കിട്ടോ പ്രയോഗിക്കാന്‍ ശ്രമിക്കുന്നവള്‍ ആയിരിക്കരുത്.
ദിവസവും പല്ലു തേക്കുന്നവളും കുളിക്കുന്നവളും ആയിരിക്കണം

മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍ ഉള്ളവര്‍ക്കു ബന്ധപ്പെടാം. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ഒരാള്‍ അയക്കുന്നതു പരിഗണിക്കുന്നതല്ല. എന്‍റെ അടുത്ത ബന്ധുക്കളോ അവരുടെ ബന്ധുക്കളോ അപേക്ഷ അയക്കലില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന്‌ അപേക്ഷിക്കുന്നു.

© ജയകൃഷ്ണന്‍ കാവാലം

Monday, January 26, 2009

കള്ളന് ഒരു തുറന്ന കത്ത്

എത്രയും സ്നേഹം നിറഞ്ഞ ശ്രീ കള്ളന്‍ വായിച്ചറിയുന്നതിന്,

താങ്കള്‍ ഇന്നലെ എന്‍റെ വീട്ടില്‍ വന്നിരുന്നതായി അറിഞ്ഞു. താങ്കളുടെ കര്‍മ്മമേഖലയായി എന്‍റെ വീടു തന്നെ തിരഞ്ഞെടുത്തതില്‍ അളവില്ലാത്ത നന്ദി അറിയിച്ചു കൊള്ളുന്നു. എന്നാല്‍ അങ്ങയെ വേണ്ട വിധം സല്‍ക്കരിക്കുവാന്‍ കഴിയാതെ പോയി. ആ പെരുമഴയില്‍ താങ്കള്‍ അവിടെ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു ആതിഥേയന്‍റെ മാന്യത കൈവെടിഞ്ഞ് കിടന്നുറങ്ങിപ്പോയതില്‍ ഇവന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

വെളുപ്പാന്‍ കാലമായപ്പോള്‍ അമ്മയാണ് താങ്കള്‍ ജനലഴികള്‍ മുറിച്ചിട്ടിരിക്കുന്നത് കണ്ടത്. വൈകിയെങ്കിലും അപ്പോള്‍ തന്നെ താങ്കളെ വന്നു കാണുവാനും, സ്വീകരിക്കുവാനും ഇവന്‍ തയ്യാറായതാണ്. എന്നാല്‍ എന്നെ കാണുന്ന സന്തോഷത്തില്‍ താങ്കള്‍ എന്നെ ഉപദ്രവിച്ചേക്കുമോ എന്ന് അമ്മ ഭയന്നു. യാതൊരു വിധത്തിലും അങ്ങോട്ടു കടന്നു വരുവാന്‍ അമ്മ എന്നെ അനുവദിച്ചില്ല. ഒരു പക്ഷേ താങ്കളേക്കാളും പ്രായം കൂടുതല്‍ കണ്ടേക്കാവുന്ന അബലയായ ഒരു സ്ത്രീയെന്ന നിലയില്‍ ആ മര്യാദകേടിനു കൂടി ഇവന്‍ ക്ഷമ ചോദിക്കുകയാണ്.

ഇത്രയും ബലമുള്ള ആ ജനലഴികള്‍ ഒരു ശബ്ദം പോലുമുണ്ടാക്കാതെ അറുത്തു മാറ്റിയ അങ്ങയുടെ പാടവം അങ്ങേയറ്റം ശ്ലാഖനീയമാണ്. തന്‍റെ തൊഴിലില്‍ അങ്ങു നേടിയെടുത്ത വൈദഗ്ധ്യം എന്നെ അത്ഭുതപ്പെടുത്തുകയും അങ്ങയെക്കുറിച്ച് ബഹുമാനം ഉണര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അത്രയേറെ കഷ്ടപ്പെട്ടിട്ടും അങ്ങേയ്ക്ക് ഇവിടെ നിന്നും ഒന്നും തന്നെ ലഭിക്കാതെ പോയതില്‍ ഇവന് അതിയായ ഖേദമുണ്ട്‌. താങ്കളുടെ പണിക്കൂലി പോലും നഷ്ടമായതോര്‍ത്ത് ഇവന്‍ സ്വയം കുറ്റപ്പെടുത്തുകയാണ്. പുതുതായി വന്ന ബാങ്ക് മാനേജരുടെ പ്രലോഭനത്തില്‍ അകപ്പെട്ടതു കൊണ്ടാണ് ഇവന്‍ സ്വര്‍ണ്ണവും പണവുമെല്ലാം അവിടെ കൊണ്ടു വച്ചത്. അത് താങ്കളെ ഇങ്ങനെയൊരു വെട്ടില്‍ കൊണ്ടു ചാടിക്കുമെന്ന്‌ ഇവന്‍ സ്വപ്നേപി വിചാരിച്ചില്ല.

പണിയെടുത്ത് താങ്കള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുമെന്ന്‌ ഇവന്‍ ശങ്കിക്കുന്നു. ഇടക്കു ക്ഷീണം വരുമ്പോള്‍ കഴിക്കാന്‍ ലഘുഭക്ഷണമോ പാനീയങ്ങളോ മറ്റോ അങ്ങു കരുതിയിരുന്നോ? ഇനിയെങ്കിലും ഗ്ലൂക്കോസ് പോലെ കയ്യില്‍ കരുതാവുന്ന എന്തെങ്കിലും എപ്പോഴും കയ്യിലുണ്ടാവണം. ഇനിയെങ്കിലും ഇതു വഴി വരുവാന്‍ തരപ്പെട്ടാല്‍ ഒരു എസ് എം എസ് അയക്കുകയാണെങ്കില്‍ ഞാന്‍ ബാങ്കിലുള്ള ഉരുപ്പടികള്‍ വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിക്കാം. അതുമല്ലെങ്കില്‍ ഒരു മിസ്സ്‌ഡ്‌ കോള്‍ തന്നാലും മതി ഞാന്‍ തിരിച്ചു വിളിച്ചോളാം.

ഇന്നലെ താങ്കള്‍ വന്നു പോയതില്‍ പിന്നെ ഒരു പോള കണ്ണടക്കാന്‍ കഴിഞ്ഞില്ല. താങ്കളോടു കാണിച്ച മര്യാദകേടിനെയോര്‍ത്ത് എന്‍റെ മനസ്സു വല്ലാതെ വേദനിച്ചിരുന്നു. ഫ്രിഡ്‌ജില്‍ കഴിഞ്ഞ ദിവസം വാങ്ങിയ തണ്ണിമത്തങ്ങ അതേപടി ഇരിപ്പുണ്ടായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അതെങ്കിലും എടുത്ത് താങ്കള്‍ക്ക് എടുക്കാവുന്ന സ്ഥലത്തു ഞാന്‍ വച്ചേനെ. മാത്രവുമല്ല വന്ന സ്ഥിതിക്ക് കുറഞ്ഞ പക്ഷം അങ്ങേയ്ക്ക് അല്പം വിശ്രമിച്ചിട്ടെങ്കിലും പോകാമായിരുന്നു. ഞങ്ങളെ അന്യരെപ്പോലെ കരുതിയതില്‍ ഇവന് അതിയായ സങ്കടമുണ്ട്‌.

ഇതൊക്കെയാണെങ്കിലും അങ്ങു വന്നപ്പോള്‍ മദ്യപിച്ചിരുന്നതായി ഞാനറിഞ്ഞു. വേലിയിറമ്പില്‍ നിന്നും ഒരു ഒഴിഞ്ഞ ത്രിബിള്‍ എക്സ് റമ്മിന്‍റെ കുപ്പി ലഭിച്ചിരുന്നു. അതു മോശമായിപ്പോയി എന്നാണ് എനിക്കു പറയാനുള്ളത്. ഒരു വീട്ടില്‍ ആദ്യമായിട്ടു വരുമ്പോള്‍ കുറഞ്ഞ പക്ഷം സ്ത്രീകള്‍ ഒക്കെയുള്ള വീടാണെന്നെങ്കിലും ആലോചിക്കേണ്ടതല്ലേ? മാത്രവുമല്ല മദ്യപിച്ചുകൊണ്ട്‌ ഒരു തൊഴില്‍ ചെയ്യുന്നത് മാന്യതയല്ലല്ലോ. ഇനിയൊന്നു കൂടി ഓര്‍മ്മിപ്പിക്കുവാനുള്ളത് ഇത്തരം കൂതറ മദ്യം വാങ്ങി ഉപയോഗിക്കരുത്. താങ്കളേപ്പോലെ കഠിനാദ്ധ്വാനിയും, ബഹുമാന്യനുമായ ഒരു വ്യക്തി അല്പം കൂടി നിലവാരമുള്ള മദ്യം കഴിക്കുന്നതാവും അഭികാമ്യം. താങ്കളുടെ ആരോഗ്യത്തെക്കൂടി കരുതിയാണ് ഞാനിതു പറയുന്നത്.

താങ്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കുമെല്ലാം സുഖമെന്നു കരുതുന്നു. സമയം കിട്ടുമ്പോള്‍ ഇടക്കിടെ ഇറങ്ങണം. ഇനി വരും കാലങ്ങളില്‍ ധാരാളം കുടുംബങ്ങള്‍ കട്ടുമുടിക്കുവാനുള്ള ത്രാണിയും കെല്‍പ്പും സര്‍വ്വേശ്വരന്‍ തന്ന്‌ താങ്കളെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

താങ്കളെ സല്‍ക്കരിക്കാന്‍ കഴിയാതെ പോയതില്‍ ഒരിക്കല്‍ക്കൂടി ക്ഷമ ചോദിച്ചു കൊണ്ട്‌

അളവില്ലാത്ത സ്നേഹത്തോടെ
ജയകൃഷ്ണന്‍ പണിക്കര്‍

© ജയകൃഷ്ണന്‍ കാവാലം

Saturday, January 17, 2009

താമ്രപര്‍ണ്ണിക്കരയിലെ പെണ്‍കൊടി

ജയകൃഷ്ണന്‍ തപസ്സനുഷ്ഠിച്ചിരുന്ന കാലം. ഇവന്‍റെ പര്‍ണ്ണശാലക്കപ്പുറത്ത് ഒരു ഗള്‍ഫ്കാരന്‍ ഒരു പലചരക്ക് കട തുടങ്ങി. മലയാളിയായ രമേഷ്. എണ്ണ, കര്‍പ്പൂരം തുടങ്ങിയ പൂജാ ദ്രവ്യങ്ങള്‍ വാങ്ങുവാന്‍ ചെന്നുണ്ടായ ആ പരിചയം ഒരു നല്ല സൌഹൃദമായി മാറി. അങ്ങനെ ആശ്രമത്തില്‍ ഒഴിവുള്ള സമയങ്ങളില്‍ ഇവന്‍ അവിടെ പോയി സംസാരിച്ചിരിക്കുക പതിവായി. അങ്ങു ദൂരെ തലയെടുപ്പോടെ നില്‍ക്കുന്ന കൂറ്റന്‍ കരിമ്പാറയും, തൊട്ടപ്പുറത്തു കൂടി വന്യമായ സൌന്ദര്യത്തോടെ കൂലം കുത്തിയൊഴുകുന്ന താമ്രപര്‍ണ്ണി നദിയും അവിടവിടെ ഏകാന്ത തപസ്വികളായി കാളീസ്തവം ജപിച്ചു നില്‍ക്കുന്ന കരിമ്പനകളും, മലയാളവും, തമിഴും ഇട കലര്‍ന്ന വൃത്തികെട്ട ഭാഷ സംസാരിക്കുന്ന മനുഷ്യരും, എല്ലാം നിറഞ്ഞ ആ പ്രദേശം ഇവന്‍റെ ജീവിതത്തില്‍ അത്ര വലിയ മുദ്രകളൊന്നും ചാര്‍ത്തിയിട്ടില്ലെങ്കിലും രമേഷേട്ടന്‍റെ കടയിലെ സല്ലാപവേളകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആ സംഭവം ഒരു സംഭവം തന്നെയായിരുന്നു.

തൊട്ടപ്പുറത്തെ സ്കൂള്‍ വിട്ടു പോകുന്ന സുന്ദരിമാരുടെയും, അവരെ പഠിപ്പിക്കുന്ന അവിവാഹിതരായ അപൂര്‍വം ചില സുന്ദരി ടീച്ചര്‍മാരുടെയും കടാക്ഷങ്ങളില്‍ ഇവന്‍ പ്രസാദിച്ചിട്ടേയില്ല. അവരുടെയൊക്കെ മുന്‍പില്‍ ഒരു സന്യാസിയുടെ ആഢ്യതയോടെ തന്നെ ഇവന്‍ നിലയുറപ്പിച്ചു. അവര്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ച തുളസിമാലകള്‍ ഇവന്‍ അണിഞ്ഞില്ല, പാല്‍പ്പായസത്തേക്കാള്‍ മാധുര്യമൂറുന്ന പുഞ്ചിരികള്‍ നുകര്‍ന്നില്ല, പ്രേമപൂര്‍വ്വം വിടര്‍ന്ന കണ്ണുകളില്‍ ഇവന്‍റെ രൂപം പ്രതിഫലിച്ചുമില്ല, അവരുടെ സ്വപ്നങ്ങളില്‍ ഒരു നിഴലായി പോലും ഇവനണഞ്ഞുമില്ല.

അങ്ങനെയിരിക്കെയാണ് അതുവഴി ഒരു പെണ്‍കുട്ടി കടന്നുപോകുന്നത്. അവളെ കണ്ടതും രമേഷേട്ടനുമായി ഹിമാലയത്തിലെ മഞ്ഞില്‍ സന്യാസിമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഇവന്‍ പൊടുന്നനെ സംസാരം നിര്‍ത്തി. ഇവനെ ആവരണം ചെയ്തു നിന്നിരുന്ന യോഗപ്രഭ അത്യന്തം ദീപ്തമായി ജ്വലിക്കുവാന്‍ തുടങ്ങി. കാളീസ്തവം ജപിച്ചു നിന്ന കരിമ്പനകള്‍ കാറ്റില്ലാതിരുന്നിട്ടും ആടിയുലഞ്ഞു, കരിമ്പാറയില്‍നിന്നും കന്മദങ്ങള്‍ ഉരുകി വീണുകൊണ്ടിരുന്നു, താമ്രപര്‍ണ്ണിയുടെ ഗതിവേഗം കൂടി, കലങ്ങി മറിഞ്ഞും, കരയെ വന്യമായി തലോടിയും, അവളിലേക്കു ചെന്നെത്തുന്നതെല്ലാം സ്വാര്‍ത്ഥതയോടെ തന്‍റെ ആഴങ്ങളിലേക്ക് വലിച്ചടുപ്പിച്ചും ഒഴുകിയിരുന്ന അവള്‍ കൂടുതല്‍ രൌദ്രമായി സീല്‍ക്കാര നാദത്തോടെ ഒഴുകുവാന്‍ തുടങ്ങി. എന്‍റെ ജീവിതം അജ്ഞാതമായ എന്തോ ഒരു മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുവാണെന്നെനിക്കു തോന്നി.

സൌന്ദര്യം എന്ന പദത്തിന്‍റെ സൌന്ദര്യം പോലും അവളായിരുന്നു. കയ്യില്‍ ഒരു കുടയുമായി നടന്നു പോയ അവളെ പുണരുവാന്‍ ചാറ്റല്‍ മഴ കാറ്റിന്‍റെ ചിറകിലേറി അവളിലേക്കു പറന്നണഞ്ഞു കൊണ്ടിരുന്നു. കുഞ്ഞിലകളില്‍ തങ്ങി നിന്നിരുന്ന ഓരോ മഴത്തുള്ളികളിലും അവളുടെ മുഖം പ്രതിഫലിച്ചു, മഴയെ അതിജീവിച്ച് ആ തുള്ളികളില്‍ പതിച്ചു തിരിച്ചു വന്ന സൂര്യകിരണങ്ങള്‍ അവളെ ആയിരം പ്രകാശരേണുക്കളായി എന്‍റെ കണ്ണീല്‍ ആരതി തീര്‍ത്തു... കറുത്ത മുടിച്ചുരുളുകള്‍ പാറിക്കളിക്കുന്ന മുഖം ചരിച്ച് അവള്‍ കടയിലേക്കു നോക്കി രമേഷേട്ടനെ നോക്കി ഒരു പുഞ്ചിരിയും സമ്മാനിച്ചവള്‍ നടന്നു പോയി. അന്നാണ് ‘കണ്ണു കണ്ണില്‍ കൊണ്ട നിമിഷം മുതല്‍ കളിയാടി തോല്‍ക്കുകയാണെന്‍ നെഞ്ചം’ എന്ന ശ്രീനിവാസന്‍ അഭിനയിച്ച ഗാനത്തിന്‍റെ അര്‍ത്ഥം എനിക്കു മനസ്സിലാകുന്നത്. സ്വപ്നലോകത്തില്‍ നിന്നും രമേഷേട്ടന്‍റെ വിളി കേട്ടു ഞാന്‍ ഭൂമിയിലേക്കിറങ്ങി വന്നു. ഞാന്‍ ചോദിച്ചു രമേഷേട്ടാ ആരാണവള്‍? ഇതിനോടകം തന്നെ എന്‍റെ ആശ്രമത്തിന്‍റെ മണ്ണൊലിച്ചു പോകുന്നതു ശ്രദ്ധിച്ചിരുന്ന രമേഷേട്ടന്‍ പറഞ്ഞു, അവള്‍ ആ നദിക്കരയില്‍ താമസിക്കുന്ന കുട്ടിയാണ്.

അന്നു മുതല്‍ ഇവന്‍റെ തപസ്സ് അവള്‍ക്കു വേണ്ടിയായി, ഇവന്‍റെ ധ്യാനങ്ങളില്‍ സാക്ഷാല്‍ വിശ്വമോഹിനീരൂപമാര്‍ന്ന് അവള്‍ നിറഞ്ഞു നിന്നു. രമേഷേട്ടന്‍റെ കടയിലെ പതിവു സന്ദര്‍ശനം ഇവന്‍റെ തപശ്ചര്യകളില്‍ പ്രധാനമായി. അവളോടുള്ള പ്രണയം മനസ്സില്‍ വല്ലാതെ അധികരിച്ചു വരുന്നെങ്കിലും നേരില്‍ ഒരു വാക്കു പോലും സംസാരിക്കാനുള്ള ധൈര്യം ഇവനില്ലായിരുന്നു. എനിക്കു വേണ്ടി രമേഷേട്ടന്‍ അവളോട്‌ എന്നും സംസാരിച്ചു തുടങ്ങി. അവള്‍ അതു വഴി കടന്നു പോകുമ്പോള്‍ എവിടെ പോകുന്നു മോളേ, അച്ഛനുണ്ടോ വീട്ടില്‍ തുടങ്ങി നിര്‍ദ്ദോഷങ്ങളായ സംസാരത്തിലൂടെ അവളുടെ സ്വരസൌഭാഗ്യം എന്നിലേക്കെത്തിക്കാന്‍ രമേഷേട്ടന്‍ ആവതും ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ അമ്മൂമ്മ സ്ഥിരമായി കടയില്‍ വരാറുണ്ടായിരുന്നു. അമ്മൂമ്മയുമായി ഇവന്‍ സൌഹൃദത്തിലായി. പക്ഷേ ഒരിക്കല്‍ പോലും അമ്മൂമ്മ ഇവനെ വീട്ടിലേക്കു ക്ഷണിച്ചില്ല. അവളുടെ അച്ഛനെയും, അമ്മാവന്മാരെയുമെല്ലാം പരിചയപ്പെട്ടു. സ്ഥിരമായി അമ്പലത്തില്‍ പോയി കുളിച്ചു തൊഴുതു പ്രാര്‍ത്ഥിച്ചു. പുതുതായി ഒരു അമ്പലം തന്നെ പണികഴിപ്പിക്കാനുള്ള പണം കാണിക്കയിട്ടു. ഒരു രക്ഷയുമില്ല. ഇതു കൊണ്ടൊന്നും സ്ഥിരമായി കാണാറുള്ള ഇവന്‍റെ മുഖത്തേക്ക് ഒന്നു നോക്കാനുള്ള സന്മനസ്സു പോലും അവള്‍ കാണിച്ചില്ല. എത്ര ആലോചിച്ചിട്ടും അതിന്‍റെ കാരണം ഇവനൊട്ടു മനസ്സിലാകുന്നുമില്ല.

അങ്ങനെയിരിക്കെയാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം ഇവനറിയുന്നത്. അവളുടെ അച്ഛന്‍ ഒരു മഹാ മന്ത്രവാദിയാണെന്ന സത്യം. വശ്യം, മാരണം, കൂടോത്രം തുടങ്ങിയവയില്‍ സ്പെഷ്യലിസ്റ്റ്!. കുട്ടിച്ചാത്തന്‍ സേവയും, യക്ഷി, ഗന്ധര്‍വ്വാദി സേവയുമൊക്കെയുള്ള മന്ത്രവാദത്തിന്‍റെ ഈറ്റില്ലമാണത്രേ അവളുടെ വീട്‌. ഇവന്‍ ഞെട്ടിപ്പോയി. എത്ര കുട്ടിച്ചാത്തന്മാര്‍ ഇവള്‍ക്ക് അകമ്പടി പോകുന്നുണ്ടാവാം? എത്ര ഭൂത പ്രേത പിശാചുക്കള്‍ ഇവള്‍ക്ക് ചുറ്റും കോട്ട തീര്‍ത്തിട്ടുണ്ടാവാം? ഈശ്വരാ ചുമ്മാതല്ല ഇവന്‍റെ കുളിച്ചു തൊഴീലില്‍ ഒരുത്തര്‍ക്കും തീരെ താല്പര്യമില്ലാതായത്. അങ്ങേരു കൂടോത്രം ചെയ്തു കൊന്നിട്ടുള്ള ആത്മാക്കള്‍ പോലും എന്നെ വെറുതെ വിടില്ല. അന്നു മുതല്‍ ആ കൂടോത്ര ചിന്താമണിയെ കാണുമ്പോള്‍ ഞാന്‍ ആദിത്യഹൃദയവും, ബഗളാമുഖീമന്ത്രവുമൊക്കെ ജപിച്ചു സ്ഥലം കാലിയാക്കും. ചുമ്മാതല്ല അന്ന് ആദ്യമായി അവളെ കണ്ടപ്പോള്‍ കരിമ്പനകള്‍ ആടിയതും, കല്ലില്‍ കന്മദം പൊടിഞ്ഞതും, താമ്രപര്‍ണ്ണി കലങ്ങിയതും.

കൂടോത്രത്തിലൊന്നും തീരെ വിശ്വാസമില്ലെങ്കിലും, അത്തരക്കാരെ എന്നും വിമര്‍ശിച്ചിട്ടു മാത്രമേയുള്ളെങ്കിലും സ്വന്തം കാര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാന്‍ മറ്റു പലരേയും പോലെ ഇവനും തയ്യാറല്ലായിരുന്നു.

അങ്ങനെ ഹ്രസ്വകാലമെങ്കിലും മധുരമയമായ ആ പ്രണയത്തിനു തിരശ്ശീല വീണു. എങ്കിലും ആകാശത്ത് നക്ഷത്രങ്ങളും, നിലാവുമുള്ള രാത്രികളില്‍, നിശാഗന്ധിപ്പൂക്കള്‍ വിടരാറുള്ള യാമങ്ങളില്‍, മണ്ണിലും മനസ്സിലും ചാറ്റല്‍ മഴ പൊഴിയുന്ന നിമിഷങ്ങളില്‍... ഞാന്‍ അവളേക്കുറിച്ചോര്‍ക്കാറുണ്ട്‌... നഷ്ടസ്വപ്നത്തിന്‍റെ നൊമ്പരങ്ങളൊന്നും തന്നെയില്ലാതെ... കണ്ണനു നേദിച്ച ത്രിമധുരം നുണയുന്ന മാനസികാഹ്ലാദത്തോടെ...

© ജയകൃഷ്ണന്‍ കാവാലം

Tuesday, January 13, 2009

പ്രണയത്തിന്‍റെ രസതന്ത്രം (കൂടെ ഒരു പ്രണയ ലേഖനവും)

കാമുകന്‍ എന്നു പറയുന്നവന്‍ ഒരു ഭയങ്കരന്‍ തന്നെയാണ്. ആരും കാമുകനായി ജനിക്കുന്നില്ല. സാഹചര്യവും അവനെ കാമുകനാക്കുന്നില്ല. എന്നാല്‍ മഹാശക്തനായ സാക്ഷാല്‍ കാമദേവന്‍റെ കൃപാകടാക്ഷം ഒന്നു കൊണ്ടു മാത്രമാണ് ഒരുവന്‍ കാമുകനായിത്തീരുന്നത്.

കൃപാകടാക്ഷം എങ്ങനെ, ഏതു രീതിയില്‍ ഒരാളില്‍ വന്നു പതിക്കുമെന്നു പ്രവചിക്കുവാന്‍ കഴിയില്ല. ഈ വ്യത്യസ്തതയാണ് ഓരോ പ്രണയത്തെയും വ്യത്യസ്തമാക്കുന്നതും, പ്രണയം എന്ന കലാപരിപാടിയുടെ പുതുമ നഷ്ടമാവാതെയിരിക്കുന്നതിന്‍റെ രഹസ്യവും.

പണ്ടു കാലത്തു പ്രണയം മരച്ചുവട്ടിലും, കടത്തു വള്ളത്തിലും, ഒറ്റത്തടിപ്പാലത്തിന്‍റെ നടുക്കും അങ്ങനെ വളരെ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം പൂവിട്ടിരുന്നെങ്കില്‍ ഇന്ന്‌ അതിനു കൂടുതല്‍ വിശാലത കൈവന്നിരിക്കുന്നു. നമ്മുടെ നാടു വികസിക്കുന്നില്ലെന്നു മുറവിളി കൂട്ടുന്നവര്‍ ഈ ‘വികാസങ്ങളൊന്നും’ അറിയുന്നില്ലായിരിക്കുമോ?

ഇന്നു തരാതരത്തിലുള്ള ഐസ്ക്രീം പാര്‍ലര്‍, കോഫി ഷോപ്പുകള്‍, തുടങ്ങി ഷോപ്പിംഗ് മാളുകളും, മള്‍ട്ടിപ്ലക്സുകളും വരെ പ്രണയിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. മരം ചുറ്റി നടന്നു പ്രേമിച്ച് തലയില്‍ കാക്കയുടെ ‘കടാക്ഷം’ ഏറ്റു വാങ്ങാതെ. എയര്‍കണ്ടീഷണറിന്‍റെ തണലിലും, മുണ്ടകന്‍ പാടത്തിന്‍റെ വരമ്പില്‍ നിന്നും സൈബര്‍ പാര്‍ക്കുകളുടെ ഇടനാഴികളിലേക്കും, റെഡിമേഡ് പൂന്തോട്ടങ്ങളിലേക്കുമൊക്കെ അവര്‍ തങ്ങളുടെ പ്രണയത്തെ വ്യാപരിപ്പിച്ചിരിക്കുന്നു.

പ്രേമലേഖനങ്ങള്‍ക്കും ഒട്ടേറെ മാറ്റങ്ങള്‍ കൈവന്നിരിക്കുന്നു. പണ്ടു കാലത്ത് ശകുന്തള മുതല്‍ എഴുതിയും, അതിനേക്കുറിച്ചു കവികളും കലാകാരന്മാരും വര്‍ണ്ണിച്ചും മനോഹരമാക്കിത്തീര്‍ത്ത ഒന്നാണല്ലോ പ്രേമലേഖനങ്ങള്‍. ഒരു കാലഘട്ടത്തില്‍ മലയാളഭാഷയെ ധന്യമാക്കിയ ഒട്ടേറെ പ്രേമലേഖനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിവുള്ളവര്‍ പറയുന്നത്‌. എന്നാല്‍ ഇന്ന്‌ റഫറന്‍സിനു പോലും ഒരെണ്ണം കിട്ടാനില്ലാത്ത അവസ്ഥയാണ്.

ചില നാടന്‍ പ്രേമലേഖനക്കൈമാറ്റങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. കഥാപാത്രങ്ങള്‍ രണ്ടുപേരും എതിര്‍ ദിശയില്‍ നടന്നു വരും. രണ്ടു പേരും കണ്ട ഭാവം നടിക്കില്ല. കടന്നു പോകുന്ന സമയം കയ്യില്‍ നിന്നും ഓരോ കടലാസ്സ് താഴെ വീഴും രണ്ടു പേരും അതു കുനിഞ്ഞെടുത്ത് വന്ന പോലെ നടന്നു പോവുകയും ചെയ്യും. എന്നാല്‍ എടുക്കുന്ന കടലാസ്സുകള്‍ പരസ്പരം മാറിയിട്ടുണ്ടാവും. അതുപോലെ തന്നെ വേലി, മതില്‍, പുസ്തകം തുടങ്ങി പാമ്പിന്‍റെ പൊത്തു വരെ കമിതാക്കളുടെ പോസ്റ്റ്ബോക്സ് ആകാറുണ്ട്‌. ഒരു പക്ഷേ ലോകത്തെ ആദ്യത്തെ തപാല്‍ സര്‍വീസ് ഇങ്ങനെയായിരിക്കാം തുടങ്ങിയിട്ടുണ്ടാവുക. ഇക്കൂട്ടത്തില്‍ ഹംസം തുടങ്ങിയ സന്ദേശവാഹകരുടെ കാര്യം അവിസ്മരണീയമാണ്. എന്നാല്‍ ഇന്നു കഥ മാറി ഇ മെയിലുകളായി, എസ് എം എസ്സുകളായി, എം എം എസ്സുകളായി ഇങ്ങനെ പല പല മാധ്യമങ്ങളിലൂടെ പ്രണയം തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. എങ്കിലും പരമ്പരാഗത പ്രേമലേഖനങ്ങളുടെ ഊര്‍ജ്ജവും ഊഷ്മാവും ഇപ്പൊഴത്തെ ഇലക്ട്രോണിക് പ്രേമലേഖനങ്ങള്‍ക്കുണ്ടോ എന്നു സംശയമാണ്.

പ്രേമലേഖനങ്ങളുടെ എഴുത്തില്‍ തന്നെയുണ്ടായിരുന്നു പല പല ‘വെറൈറ്റികള്‍‘. ഇലച്ചാറുകൊണ്ടെഴുതുക, പഴച്ചാറുകൊണ്ടെഴുതുക തൂവല്‍ കൊണ്ടെഴുതുക. സ്വന്തം ശരീരം കീറി മുറിച്ച്‌ (ചില കള്ളക്കാമുകന്മാര്‍ വീട്ടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികളുടെ ചോര കൊണ്ടും) ‘ഇതെന്‍റെ ഹൃദയരക്തമാണ്’ തുടങ്ങി പ്രസ്തുത ലേഖനം വായിക്കുന്നയാളിന്‍റെ അലിയാത്ത ഹൃദയത്തെ മഞ്ഞു പോലെ അലിയിപ്പിക്കുന്ന ഡയലോഗുകളോടെയുള്ള എഴുത്ത്, ലേഖനം വായിക്കുന്നയാളിന്‍റെ ഇഷ്ടപ്പെട്ട നിറത്തിലുള്ള കത്തുകള്‍... തുടങ്ങി എത്രയെത്ര വ്യത്യസ്തമായ രീതികള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ എത്ര വര്‍ണ്ണിച്ചാലും തീരാത്ത വര്‍ണ്ണവിന്യാസങ്ങളുള്ള പ്രണയം ഭയങ്കര ഒരു സംഭവം തന്നെയാണ്. നൂറ്റാണ്ടുകളായി കവികള്‍ എഴുതിയിട്ടും തീരുന്നില്ല, നാട്ടിലുള്ളവരൊക്കെ പ്രേമിച്ചിട്ടും പ്രേമിച്ചിട്ടും തീരുന്നില്ല. പ്രേമിച്ചു തീരാഞ്ഞിട്ട് ഒന്നിച്ചു കെട്ടിത്തൂങ്ങിച്ചത്ത എത്രയോ പ്രേമരക്തസാക്ഷികള്‍ നമുക്കുണ്ട്‌.

‘കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ’ എന്ന് എത്ര ആത്മാര്‍ത്ഥതയോടെയാവും ഒരു കാലത്തെ (ഇപ്പൊഴും) കമിതാക്കളുടെ ഊര്‍ജ്ജകേന്ദ്രമായിരുന്ന കാല്പനികപ്രണയത്തിന്‍റെ ഭാവഗായകന്‍ വയലാര്‍ എഴുതിയിട്ടുണ്ടാവുക. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കൊണ്ടു തന്നെ പ്രേമസായൂജ്യം നേടിയ എത്രയോ കമിതാക്കള്‍ നമുക്കുണ്ട്‌. ഇനി അഥവാ സായൂജ്യം കിട്ടിയില്ലെങ്കിലോ?... മാനസ മൈനയും, സന്യാസിനിയും, സുമംഗലീ നീ യും തുടങ്ങി എത്രയോ വിരഹ ഗാനങ്ങള്‍ നമുക്ക് ആശ്വാസം വാഗ്ദാനം ചെയ്തു കാത്തു നില്‍ക്കുന്നു. സ്വന്തമായി വാക്കുകള്‍ ചിന്തിച്ചെടുത്ത് വിലപിക്കുവാന്‍ വിരഹ കാമുകീകാമുകന്മാര്‍ക്ക് ആ സമയത്തു സാധിച്ചില്ലെന്നു വരാം. അവിടെയും നമ്മുടെ കവികള്‍ എത്ര ഉദാരമതികളായിരിക്കുന്നു.

ഒരു വ്യക്തിയെ സ്വാര്‍ത്ഥനാക്കുന്നതും, ഉദാരനാക്കുന്നതും, കൊലപാതകിയാക്കുന്നതും വരെ ചിലയവസരങ്ങളില്‍ പ്രണയമാണെന്നു പറയാം. കണ്ണില്ലാത്ത പ്രസ്തുത കലാപരിപാടി തുടങ്ങിയാല്‍ പിന്നെ ഊണും വേണ്ട ഉറക്കവും വേണ്ട. പകല്‍ സമയം കിട്ടാത്ത ചില കള്ളക്കമിതാക്കളെ എനിക്കു നേരില്‍ പരിചയമുണ്ട്‌. പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനവും നട്ടപ്പാതിരായ്ക്ക് കൊടുമ്പിരിക്കൊണ്ട പ്രേമവുമായി കഷ്ടപ്പെടുന്നവര്‍. നമ്മുടെ നോട്ടത്തില്‍ ഇതൊരു കഷ്ടപ്പാടാണെങ്കിലും അവര്‍ക്ക് അതു ജീവിത ലക്ഷ്യം തന്നെയാണ്. ജന്മസാഫല്യമാണ്. നോക്കെത്താ ദൂരത്തിരിക്കുന്ന രണ്ടും കൂടി പാതിരാത്രിയില്‍ മൊബൈല്‍ കമ്പനിക്ക്‌ കാശും കൊടുത്ത് പ്രണയിക്കുമ്പോള്‍ ഇതു കമ്പനിയുടെ കോള്‍സെന്‍ററില്‍ ഉറക്കം തൂങിയിരിക്കുന്ന വല്ല കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനും ഒളിഞ്ഞു കേള്‍ക്കാന്‍ പറ്റുന്നുണ്ടോ എന്നാര്‍ക്കറിയാം. പിന്നെ, പ്രണയത്തിന്‍റെ ഭാഷയും, വ്യാകരണവുമൊക്കെ ഓരോരുത്തര്‍ക്കും ഓരോന്നായതുകൊണ്ട്‌ ചിലപ്പോള്‍ മനസ്സിലായില്ലെന്നു വരാം.

ഭാഷയും, ശാസ്ത്രവും സാങ്കേതികത്വവുമൊക്കെ ഇതുപോലെ ഒത്തു ചേരുന്ന വേറേ ഒരു ഇടപാടും ഈ ഭൂലോകത്തില്‍ ഇല്ലെന്നു തന്നെ പറയാം. പ്രണയത്തിന്‍റെ ഭാഷ വേറെയാണ്.ചിലരില്‍ അതു മധുരോദാരമായിരിക്കും, മറ്റുചിലരില്‍ ദൈന്യത നിറഞ്ഞതും, ഇനിയും ചിലരില്‍ കഠിനവും ആയിരിക്കാം. ഇനിയൊരു കൂട്ടരില്‍ കറ കളഞ്ഞ സാഹിത്യമായിരിക്കാം മാധ്യമം, മറ്റു ചിലരില്‍ നെടുവീര്‍പ്പുകളും ദീര്‍ഘനിശ്വാസങ്ങളും വരെ സം‌വദിച്ചുവെന്നിരിക്കാം. ഏതായാലും ഇതിനൊരു മാന്ത്രികതയുണ്ടെന്നതില്‍ സംശയമില്ല. ചുമ്മാതല്ലല്ലോ കാമദേവന്‍ അമ്പുകള്‍ നാലഞ്ചെണ്ണം* ആവനാഴിയില്‍ ഇട്ടോണ്ടു നടക്കുന്നത്.

ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിവയാണത്രേ അവയേറ്റു കഴിഞ്ഞാല്‍ സംഭവിക്കുക. നോക്കണേ മനുഷ്യന്‍ കടന്നു പോകുന്ന ഓരോരോ അവസ്ഥകള്‍! ഇതു വല്ലതും ഈ പ്രേമിക്കുന്നവര്‍ തിരിച്ചറിയുന്നുണ്ടോ ആവോ!!!

ജീവിതം പോലെ തന്നെ വലിയ കണക്കുകള്‍ നിറഞ്ഞതാണ് ഈ ഇടപാടും. കൂട്ടലുകളും കിഴിക്കലുകളും ധാരാളം നടക്കും. (ശിഷ്ടം, വല്ലതും കിട്ടിയാല്‍ ഭാഗ്യമെന്നേ പറയേണ്ടൂ.)

അതു പോലെ തന്നെയാണ് കെമിസ്‌ട്രിയുടെ കാര്യവും. പ്രണയത്തിന്‍റെ രസതന്ത്രം അതു വേറെയാണ്. അതറിയണമെങ്കില്‍ പ്രണയിക്കുക തന്നെ വേണം. എന്നാല്‍ പ്രണയത്തില്‍ ബയോളജി കടന്നു വരികയും, അതു നാലു പേരറിയുകയും ചെയ്യുമ്പോഴാണ് ഫിസിക്‌സിന്‍റെ ആപ്ലിക്കേഷന്‍ ഉണ്ടാവുക. (എന്നു വച്ചാല്‍ നാട്ടുകാരു തല്ലി കാലൊടിക്കും അന്നര്‍ത്ഥം. ‘തല്ലി കാലൊടിക്കുക’ എന്ന പ്രക്രിയ ഒരു ഭൌതിക പ്രവര്‍ത്തനമാണല്ലോ.)

പയ്യന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരെണ്ണത്തിനെ വളച്ചെടുക്കുക’ എന്നു പറയുന്നത്‌ മാനേജ്‌മന്‍റ്‌ സയന്‍സിന്‍റെ ഒരു ഭാഗമാണെന്നു പറയാം.

ഇങ്ങനെ എല്ലാ മേഖലകളിലും നാളിതു വരെ നാട്ടുകാരു കണ്ടുപിടിച്ചിട്ടുള്ള എല്ലാ ശാസ്ത്രസാങ്കേതിക വിദ്യയും സമ്മേളിക്കുന്ന വേറെ ഒരു ഇടപാടും മനുഷ്യര്‍ക്കിടയില്‍ ഇല്ല.

എനിക്ക്‌ ഒരു കാലത്ത് പ്രണയിച്ചാല്‍ കൊള്ളാമെന്നു തോന്നിയതായിരുന്നു. പക്ഷേ ആ തോന്നല്‍ മുന്‍ കൂട്ടി തിരിച്ചറിഞ്ഞതുകൊണ്ടാവാം വാവക്കുട്ടന്‍ അമ്മാവന്‍ എന്നെ സയന്‍സ്‌ പഠിക്കാന്‍ പ്രേരിപ്പിച്ചത്. അതോടെ ആ ആഗ്രഹം ഞാന്‍ വേണ്ടെന്നു വച്ചു. കാരണം സയന്‍സ് പഠിച്ചു മിടുക്കനായിക്കൊണ്ടിരുന്നപ്പോഴല്ലേ ഫിസിക്സ്‌ ഇത്ര വലിയ ഒരു ശാസ്ത്രമാണെന്നു തിരിച്ചറിയുന്നത്. അതു കൊണ്ട്‌ മനസ്സിലെ കാമുകനെ അവിടെക്കിടത്തിയുറക്കി.

ഇതൊക്കെയാണെങ്കിലും ഈ ലോകത്തിലെ സര്‍വ്വ കാമുകീകാമുകന്മാരോടും എനിക്കു ബഹുമാനവും, ആരാധനയും, സ്നേഹവും, സാഹോദര്യവും മാത്രമെയുള്ളൂ. കാരണം അവരാണ് ലോകം കാണുന്നവര്‍. അവരാണ് ഈ മനോഹരിയായ പ്രകൃതിയെ ആസ്വദിക്കുന്നവര്‍. ഇനിയൊരര്‍ത്ഥത്തില്‍ അവരാണ് ഈ പ്രകൃതിയുടെ മനോഹാരിത കൂട്ടുന്നതും. അവര്‍ക്കു വേണ്ടിയാണ് ഇവിടെ കിളികള്‍ പാടുന്നതും, പൂക്കള്‍ വിരിയുന്നതും, കായലും, കുഞ്ഞോളങ്ങളും, ആറും ആറ്റുതീരവുമെല്ലാം അവര്‍ക്കുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്‌. പ്രണയമില്ലെങ്കില്‍, പ്രണയസങ്കല്പങ്ങളില്ലെങ്കില്‍ ഇവിടെ കവിതയുണ്ടാകുമായിരുന്നില്ല, കവികളുണ്ടാകുമായിരുന്നില്ല, വസന്തവും മഴക്കാലവും വരുമായിരുന്നില്ല. പ്രണയം തന്‍റെ അഭൌമമായ ഇന്ദ്രജലത്താല്‍ ഇവയെയെല്ലാം മനുഷ്യനുമായി ഇണക്കി നിര്‍ത്തുന്നു. അതെ, പ്രണയം ആത്മീയവും, അചഞ്ചലവും, അനാദിയും, അനന്തവും, മധുരവും, മനോഹരവുമായ ഒന്നു തന്നെ. (ഇതൊന്നുമല്ലാതെ തല്ലിപ്പൊളി പ്രണയങ്ങളും നിലവിലുണ്ട്‌)


ഇനിയും തീരാഞ്ഞിട്ട്‌...

എന്‍റെ കരളില്‍ കിളിര്‍ത്ത പയര്‍മണി വിത്തേ, നിനക്കു വെള്ളം കോരി വെള്ളം കോരി എന്‍റെ നടുവൊടിഞ്ഞെടീ... നീയെന്നാണെന്‍റെ ജീവിതമാകുന്ന ഉണങ്ങിയ വെലിക്കമ്പില്‍ പടര്‍ന്നു കയറുന്നത്? നീ വരുന്ന നിമിഷത്തിനായി ഞാന്‍ കാത്തു കാത്തിരിക്കുന്നു. വീടിനു മുന്‍പിലെ പെരുവഴിയിലൂടെ ആന നടന്നു പോകുന്ന ചങ്ങലനാദം കേട്ട് എത്രയോ തവണ, അതു നിന്‍റെ നൂപുരനാദമെന്നു തെറ്റിദ്ധരിച്ച് ഞാന്‍ പുറത്തിറങ്ങി നോക്കുന്നു. നട്ടപ്പാതിരാത്രിയില്‍, കില്ലപ്പട്ടികള്‍ രണ്ടു കാലില്‍ കുത്തിയിരുന്ന്‌ നാല്പ്പത്തിയഞ്ചു ഡിഗ്രി ആംഗിളില്‍ മുകളിലേക്കു നോക്കിയിരുന്ന്‌ ഓരിയിടുന്ന നിലാവുള്ള രാത്രിയില്‍, നാട്ടിലെ നാനാവര്‍ണ്ണപ്പാര്‍ട്ടികളുടെ മുദ്രാവാക്യം വിളികളും, തൊട്ടപ്പുറത്തെ വീട്ടിലെ കുടിയന്‍ പപ്പനാവന്‍റെ പൂരപ്പാട്ടും ഉറങ്ങിയിട്ടും, ഞാന്‍ നിനക്കു വേണ്ടി... നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു സഖീ...

നിന്നെ കെട്ടി പെരയ്ക്കകത്താക്കുവാന്‍ ഞാന്‍ എന്‍റെ മനസ്സില്‍ കെട്ടിപ്പൊക്കിയ മുല്ലപ്പന്തലിലെ മുല്ലമൊട്ടുകളെല്ലാം വിടര്‍ന്നിട്ടും, മണിയനീച്ചകള്‍ തലങ്ങും വിലങ്ങും പറന്ന്‌ ആ പന്തലിലാകെ വഴിവക്കിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നു വരുന്നതു പോലെയുള്ള സ്വരം സൃഷ്ടിച്ചിട്ടും, അവിടെയും ഞാന്‍ നിന്‍റെ കാലൊച്ച തിരയുകയാണു പ്രിയേ... തോട്ടില്‍ നീന്തി നടക്കുന്ന വാല്‍ മാക്രികളെ കാണുമ്പോഴെല്ലാം ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കുന്നു പ്രിയേ... ഒരു പക്ഷേ ഈ വാല്‍ മാക്രികളാവും കവികള്‍ വാഴ്ത്തിപ്പാടാറുള്ള ജലകന്യകകള്‍. നീ എന്‍റെ മുന്നില്‍ ഒരു വാല്‍ മാക്രിയായി നീന്തിത്തുടിച്ചെത്തുമെന്നു ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്‌.

നിന്‍റെ വരവിനായി, സ്മാര്‍ട്ട് സിറ്റി വരുന്നതും നോക്കി നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഇരിക്കുന്നതു പോലെ ഞാന്‍ കാത്തു കാത്തിരിക്കുന്നു... പെരുവഴിക്കണ്ണുമായി...

എന്ന്

പ്രണയ്പൂര്‍വ്വം

നിന്‍റെ മാത്രം സ്വന്തം
ഞാന്‍ !


* കാമദേവന്‍റെ അഞ്ച് അമ്പുകള്‍: അരവിന്ദം, അശോകം, നീലോല്പലം, നവമാലിക, ചൂതം.

© ജയകൃഷ്ണന്‍ കാവാലം

Wednesday, January 7, 2009

ലക്ഷണ (മുത്തു പൊഴിയുന്ന കാവാലം 8)



കാവാലത്തെ ഒരു സാധാരണ പ്രഭാതം. ആ പ്രഭാതത്തിന് അസാധാരണത്വം നല്‍കിയ ഒരു പെണ്‍കുട്ടിയായിരുന്നു ലക്ഷണ. രാവിലെ ഉറക്കമുണര്‍ന്ന് പൂക്കൈതയാറ്റില്‍ മുങ്ങിക്കുളിച്ച് പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞ് വെറുതേ വെളിയിലേക്ക് വായീനോക്കി നിന്ന സമയമാണ് അവള്‍ രണ്ടു മൂന്നു പുസ്തകവും മാറോട് ചേര്‍ത്ത് ഗേറ്റിനു മുന്‍പിലൂടെ കടന്നു പോയത്. ഒന്നേ നോക്കിയുള്ളൂ, കാഴ്ചയുടെ വര്‍ണ്ണവസന്തം എനിക്കു തന്ന അവളുടെ മാറില്‍ ചാഞ്ഞ ആ പുസ്തകങ്ങളോട്‌ എനിക്കടങ്ങാത്ത അസൂയ തോന്നി. നേരേ കിഴക്കോട്ടു നോക്കി കണ്ണില്‍ക്കണ്ട ആദിത്യഭഗവാനോട്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവാനേ എന്‍റെ ഈ ജീവിതം ഇപ്പോള്‍ ഈ നിമിഷം അവസാനിപ്പിച്ച്, അവളുടെ പുസ്തകത്തിന്‍റെ പുറംചട്ടയായി എന്നെ പുനര്‍ജനിപ്പിക്കണേ... ആദിത്യഭഗവാന്‍ കേട്ടില്ല പക്ഷേ കിഴക്കേ വീടിന്‍റെ തെങ്ങില്‍ ചെത്താന്‍ കേറിയിരുന്ന ചെത്തുകാരനതു കേട്ടു. അയാള്‍ എന്നെ നോക്കി ഇളിച്ചു കാട്ടി. ഞാനും.

അന്നുമുതല്‍ ജയകൃഷ്ണന്‍ വീണ്ടും സുന്ദരനാവാനും നാട്ടുകാരുടെ കണ്ണിലുണ്ണിയാവാനും തീരുമാനിച്ചു. മോന്തക്കു പൊടിച്ചു വന്നിരുന്ന പൊടിമീശ (അന്നതിനെ മീശയെന്നു വിളിച്ചാല്‍ മീശക്കു നാണക്കേടാകുന്ന സമയം.)പലവിധ അലങ്കാരപ്പണികളും ഐ ലൈനറും ഒക്കെ ഉപയോഗിച്ചു സമ്പന്നമാക്കി. വാവക്കുട്ടനമ്മാവനെ മനസ്സില്‍ ധ്യാനിച്ച് മുടി ചീകി, പല വിധ പുഞ്ചിരികളേക്കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തി, സ്ഥലത്തെ മാന്യന്മാരുമായി ദിവസവും മുടങ്ങാതെ സംസാരിച്ചു, കരാട്ടേ പഠനം അവസാനിപ്പിച്ച് പെണ്ണമ്മടീച്ചറിന്‍റെ ഭരതനാട്യം ക്ലാസ്സില്‍ ചേര്‍ന്നു, ക്ഷേത്രദര്‍ശനം ഒരു നേരമെന്നുള്ളത് രണ്ടാക്കി, മുല്ലശ്ശേരി പീടികയില്‍ പൌഡറിനും, ഫെയര്‍ ആന്‍റ് ലൌവ്‌ലിക്കുമായി ഒരു പ്രത്യേക അക്കൌണ്ട് തന്നെ തുറന്നു, പ്രത്യേകിച്ച് ഒരു കാര്യവുമില്ലെങ്കിലും ദിവസവും സ്റ്റേറ്റ് ബാങ്കില്‍ പോയി കറങ്ങിത്തിരിഞ്ഞ് നിന്ന് അവിടെ നിന്നും ഗംഭീരമായി തിരിച്ചിറങ്ങി പോന്നു അങ്ങനെ ജീവിതം അടിമുടി പൊളിച്ചെഴുതി. അവാര്‍ഡ് പടം പോലെയായിരുന്ന ജയകൃഷ്ണന്‍റെ ജീവിതം ലക്ഷണ കാരണം ഒരു സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ത്രില്ലറിന്‍റെ നിലവാരത്തിലേക്കു ഗതി മാറി.

ലക്ഷണയെ അതിനു മുന്‍പു ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും എനിക്കു തോന്നാഞ്ഞ ഈ ഒരു ഇത് ആ പ്രത്യേകസാഹചര്യത്തില്‍ തോന്നിയതിന്‍റെ പൊരുള്‍ എനിക്കിപ്പൊഴും അറിയില്ല. സാക്ഷാല്‍ കാമദേവന്‍ അവളുടെ പിന്നില്‍ നിന്ന് അമ്പുകളഞ്ചും ഒന്നിച്ച് എന്‍റെ നെഞ്ചത്തേക്ക് എയ്തു പിടിപ്പിക്കുകയായിരുന്നു. എനിക്ക് ഊണില്ലാതായി, ഉറക്കമില്ലാതായി, മനസ്സു പിടഞ്ഞു പിടഞ്ഞ് ഇനി പിടക്കാന്‍ കഴിയാത്ത അവസ്ഥയിലായി അങ്ങനെ ഒരു ദിവസം അലങ്കാരങ്ങളൊന്നുമില്ലാതെ, മുഖവുരകളൊന്നുമില്ലാതെ ഞാന്‍ അവളോടു പറഞ്ഞു.

ലക്ഷണാ, എനിക്കു നിന്നെ വേണം. ഞാന്‍ നിന്നെ കഠിനമായി പ്രണയിക്കുന്നു, നിന്‍റെ സ്നേഹം എനിക്കു തരൂ... ഇല്ലെങ്കില്‍ യുഗങ്ങളോളം ഞാന്‍ നിന്നെ ധ്യാനിച്ചു ധ്യാനിച്ച് മോക്ഷം തേടിയലയും.

അവള്‍ അതു കേട്ട് ഒരു നിമിഷം പകച്ചു നിന്നു, പിന്നെ പൊട്ടിക്കരഞ്ഞു. ഞാന്‍ അന്തം വിട്ടു, ഞാന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ചിന്തിച്ചു നോക്കി. അതിലൊന്നും അവളെ കരയിക്കാന്‍ പോന്ന ഒരു വാക്കും കണ്ടെടുക്കാന്‍ കഴിയാതെ ഞാന്‍ വലഞ്ഞു. കരച്ചിലിനിടയില്‍ അവളെന്നോടു പറഞ്ഞു.

എന്തിനാ എന്നോടിതു പറയാന്‍ ഇത്ര നാള്‍ കാത്തിരുന്നത്?

ഈശ്വരാ... ഇവള്‍ എന്നെയും സ്നേഹിക്കുന്നു!. എനിക്കും വന്നു കരച്ചില്‍. ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം കൈവന്നവന്‍റെ കരച്ചില്‍. അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു.

അന്നു മുതല്‍ കാവാലത്തിന്‍റെ ഗ്രാമഭംഗി കളര്‍ കറക്ഷന്‍ ചെയ്ത സിനിമാസ്കോപ്പ് ചിത്രം പോലെ മനോഹരമായി. കല്പ്പടവുകളില്‍ വന്നു തട്ടി കുണുങ്ങിപ്പോകുന്ന പൂക്കൈതയാറിന്‍റെ കുഞ്ഞോളങ്ങള്‍ കിലുകിലാന്നു മന്ത്രിക്കുന്നത് ഞങ്ങളുടെ കഥകളായി, കിഴക്കുപുറം പാടത്തെ നെല്ലോലകളും, കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടാശ്ശേരി ജംഗ്ഷനില്‍ കെട്ടിയിരുന്ന ചെങ്കൊടിയും, മധുച്ചേട്ടന്‍റെ ചായക്കടയില്‍ ഈച്ചയെ പിടിക്കാന്‍ എണ്ണയില്‍ മുക്കി കെട്ടിത്തൂക്കിയിരുന്ന ദേശാഭിമാനിപ്പത്രവും, തേങ്ങാവെട്ടുന്ന കുട്ടപ്പായിച്ചേട്ടന്‍ കാക്കയെ ഓടിക്കാന്‍ കയറില്‍ കെട്ടിത്തൂക്കിയ കാക്കത്തൂവല്‍ പോലും ഒരേ പോലെ ഞങ്ങളെ തലയാട്ടി അഭിവാദ്യം ചെയ്തു. പതിവിലും കൂടുതല്‍ ഭക്ഷണം കഴിച്ചു, കൂടുതല്‍ നന്നായി പഠിച്ചു, അതിലും കൂടുതലായി സ്വപ്നങ്ങള്‍ കണ്ടു അങ്ങനെ ജീവിതം ഒരു മഹാകാവ്യമായി മാറി. പക്ഷേ തേന്മാവിന്‍റെ ചുവട്ടില്‍ കെട്ടിയ കടിയന്‍പട്ടിയെപ്പോലെ അവളുടെ അച്ഛന്‍ ഈ മാധുര്യം നിറഞ്ഞ ജീവിതത്തില്‍ അകലം തീര്‍ത്തു. ആ മഹാപാപി പറഞ്ഞത്, നേരേ ചൊവ്വേ ആയിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനേ ഇത് എന്നോടു ചോദിക്കാതെ പ്രണയിച്ചതു കൊണ്ട്‌ എന്തായാലും ഞാനിതു സമ്മതിക്കില്ലെനാണ്. ഇതെന്തൊരു തന്ത? ലോകത്തിലാരെങ്കിലും സ്വന്തം അച്ഛനോട്‌ ചോദിച്ചിട്ട് പ്രേമിക്കാന്‍ പോകുമോ?

അയാള്‍ ലക്ഷണയെ വീട്ടിലിട്ടു പൂട്ടി. വൈകുന്നേരങ്ങളില്‍ പറയനടി ഷാപ്പില്‍ സഹകുടിയന്മാരോട് എന്നെ കൊല്ലുമെന്നു പറഞ്ഞു. (പുറത്തു വന്നു പറഞ്ഞില്ല) എന്നെ കാണുമ്പോള്‍ പതിഞ്ഞ ഒരു മുരളലോടെ എന്നെ നോക്കി കൊന്നു. അനശ്വരപ്രണയത്തിന്‍റെ ഉത്തുംഗശൃംഗത്തില്‍ ജയകൃഷ്ണന്‍ ഒരു സാമ്രാജ്യത്തിന്‍റെ അധിപനായി വിരാജിച്ചു. അല്പകാലമായി ‘മാന്യന്‍‘ ആയി നടന്നിരുന്ന ജയകൃഷ്ണനും ഉണ്ടായി അനുയായികള്‍. ചില മധ്യസ്ഥന്മാര്‍ ഒത്തു തീര്‍പ്പിനു ശ്രമിച്ചു. ആസിഡ്‌ ഒഴിച്ചു ചെവി കഴുകിയാലും പോകാത്ത തെറി കൊണ്ടയാള്‍ അവരെ ഒളിമ്പിക്സിനുള്ള ട്രെയിനിംഗ് കൊടുത്തു വിട്ടു. ഇനി മുതല്‍ ഇവള്‍ക്കു ഭക്ഷണം കൊടുക്കണ്ട എന്നയാള്‍ ഭാര്യയോടും, ജോലിക്കാരിയോടും ആജ്ഞാപിച്ചു.

ജോലിക്കാരി ശാന്തമ്മച്ചേച്ചി ഞങ്ങളുടെ ഇടയിലെ ഹംസമായി. ഞങ്ങളുടെ നെടുവീര്‍പ്പുകള്‍ വഹിക്കുവാനുള്ള പളുങ്കുപാത്രമായി ആ ഹൃദയം രൂപാന്തരപ്പെട്ടു. ഒരു ദിവസം ആരുമറിയാതെ ശാന്തമ്മച്ചേച്ചി ലക്ഷണക്കു ഭക്ഷണം കൊടുത്തത് അവളുടെ അലവലാതി അച്ഛന്‍ തട്ടി തെറിപ്പിച്ചുവത്രേ. തറയില്‍ വീണ ചോറ് വാരി അവള്‍ കഴിച്ചു. അയാള്‍ പോയിക്കഴിഞ്ഞ് ശാന്തമ്മച്ചേച്ചി അവളോടു ചോദിച്ചു,

എന്തിനാ മോളേ ഈ മണ്ണു പറ്റിയ ചോറ്‌ നീ കഴിക്കുന്നത്, അച്ഛന്‍ പോയിക്കഴിഞ്ഞ് ഞാന്‍ വേറേ തരാം

അവള്‍ പറഞ്ഞു, എനിക്ക് ജീവിക്കണം, എന്‍റെ ജീവന്‍ എന്നെ ജീവനു തുല്യം സ്നേഹിക്കുന്നവനുള്ളതാണ്. അതു കാത്തു സൂക്ഷിക്കുകയാണ്‌ ഞാന്‍.

ഇത് അതേപടി ശാന്തമ്മച്ചേച്ചി എന്നെ ബോധിപ്പിച്ചു. ഞാന്‍ തകര്‍ന്നു പോയി. ഇങ്ങനെ എന്നെ സ്നേഹിക്കാന്‍ ഇവളാരാണ്. ജീവന്‍ പോയാലും ഞാന്‍ ഇവളെ മറ്റൊരാള്‍ക്കു വിട്ടു കൊടുക്കില്ല. ഗുരുവായൂരപ്പന് അസംഖ്യം ശയനപ്രദക്ഷിണങ്ങള്‍ നേര്‍ന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഈ പ്രണയ വ്യഥകള്‍ മുഴുവന്‍ ഞാന്‍ പങ്കുവച്ചിരുന്നത് അടുത്ത സുഹൃത്തായ ശ്രീകുമാറിനോടായിരുന്നു. ശ്രീകുമാര്‍ ആളൊരു പാവമാണ്. മാന്യന്‍, മിതഭാഷി, സര്‍വ്വോപരി സുന്ദരന്‍. ഞാന്‍ കരഞ്ഞപ്പോഴെല്ലാം അവനും കരഞ്ഞു. എന്‍റെ ദുഃഖങ്ങള്‍  ആയിരം മടങ്ങായി ഞാന്‍ അവന്‍റെ മുഖത്ത് കണ്ടു. അതെന്നെ പിന്നെയും ദുഃഖിതനാക്കി. ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ആ വീടിന്‍റെ ഏഴയലത്തു ചെന്നാല്‍ അവളുടെ അച്ഛന്‍ എന്നെ പൊക്കും. അതും പോരാഞ്ഞ് അയാളേക്കാള്‍ ആമ്പിയറുള്ള ഒരു പട്ടിയും. ആ പട്ടിക്കാണെങ്കില്‍ എന്നെ കാണുന്നതേ ചതുര്‍ത്ഥിയാണ്. എങ്ങനെ ശരിയാകും അയാളുടെയല്ലേ മൊതല്. ശ്രീകുമാറിനെ ഈ ദൌത്യം ഏല്‍പ്പിച്ചു. ശാന്തമ്മച്ചേച്ചി വഴി വിവരങ്ങളെല്ലാം അവിടെ അറിയിച്ചു. അവളും കാത്തിരുന്നു. അന്നു രാത്രി ഞാന്‍ കൃഷ്ണപുരം ജംഗ്ഷനില്‍ കാറുമായി കാത്തു നിന്നു. അവന്‍ അവളെ അവിടെയെത്തിക്കുന്നു, ഞങ്ങള്‍ ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. ഇതിനെല്ലാം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. കോഴിച്ചാല്‍ പാടത്തിലെ ഇളംകാറ്റ്‌ ഉരുകുന്ന മനസ്സിലേക്ക് ഒരു കുമ്പിള്‍ കുളിരുമായി ചൂളമടിച്ചെത്തി. അങ്ങു ദൂരെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ആ ദിവ്യസമാഗമത്തിന് സാക്ഷ്യം വഹിക്കുവാന്‍ അക്ഷമരായി കാത്തു നിന്നു. നിമിഷങ്ങള്‍ മണിക്കൂറുകളായി, സമയം പാതിരാത്രിയായി. കാറിന്‍റെ ഡ്രൈവറിന്‍റെ കൂര്‍ക്കം വലി എന്നെ അലോസരപ്പെടുത്തി... എന്നിട്ടും അവള്‍ വന്നില്ല, അവനും.

അവിടെ കല്ലുപാലത്തില്‍ കിടന്നുറങ്ങിയ ഞാന്‍ രാവിലെ ഡ്രൈവര്‍ തട്ടി വിളിച്ചപ്പോഴാണുണര്‍ന്നത്. കാശും വാങ്ങി അയാള്‍ സ്ഥലം വിട്ടു. തിരിച്ചു വീട്ടില്‍ പോയി. വൈകുന്നേരം പുറത്തിറങ്ങിയപ്പോള്‍ എല്ലാവരുമെന്നെ അതീവ ബഹുമാനത്തോടെ നോക്കാന്‍ തുടങ്ങി. സമയം മുന്നോട്ടു പോകവേ അവരറിഞ്ഞ കഥ ഞാനുമറിഞ്ഞു.

എന്‍റെ ആത്മ മിത്രം ശ്രീകുമാറും ലക്ഷണയുമായുള്ള ദിവ്യപ്രണയം നാട്ടുകാരറിയാതിരിക്കാന്‍ ഞാന്‍ എന്‍റെ പേരു പറയുകയായിരുന്നു. അങ്ങനെ അവര്‍ക്കു പ്രേമിക്കുവാനുള്ള എല്ലാ സഹായങ്ങളും ചെയ്ത് ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു മറയായി നില്ക്കുകയായിരുന്നുവത്രേ. അവസാനം അവര്‍ക്ക്  ഒളിച്ചോടാനുള്ള സഹായം വരെ ചെയ്തു കൊടുത്ത ജയകൃഷ്ണനെ ബഹുമാനിക്കണ്ടേ? അതു കൊണ്ടാണെല്ലാവരും എന്നെ ബഹുമാനിച്ചത്.

ചതി. കൊലച്ചതി. അവള്‍ ‘ഇതെന്നോട് പറയാന്‍ എന്തിനിത്ര വൈകി’ എന്നു ചോദിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടല്ലായിരുന്നു. ശ്രീകുമാറുമായുള്ള കമ്യൂണിക്കേഷന്‍ സുഗമം ആക്കാനായിരുന്നു. ഞാനും അങ്ങനെ മറ്റൊരു ഹംസം ആയി. കൃഷ്ണപുരത്ത് ഞാന്‍ കാത്തു നിന്ന സമയം അവന്‍ അവളേയും കൊണ്ട്‌ കൈനടി വഴിക്കു ചങ്ങനാശ്ശേരിയിലെത്തി. ദുഷ്ടന്‍.

ലക്ഷണ എന്നെ സ്നേഹിച്ചിട്ടേയില്ലായിരുന്നു. അവരെ പിന്നീടു ഞാന്‍ കണ്ടിട്ടേയില്ല.ദിവ്യമായ പ്രേമത്തിന്‍റെ അനശ്വരഗാനത്തിന്‍റെ ശീലുകള്‍ ഇന്നും കാവാലത്തിന്‍റെ ഗ്രാമ്യസംഗീതത്തില്‍ എവിടെയൊക്കെയോ ഉണ്ടാവും.

© ജയകൃഷ്ണന്‍ കാവാലം
 
Site Meter