Monday, January 26, 2009

കള്ളന് ഒരു തുറന്ന കത്ത്

എത്രയും സ്നേഹം നിറഞ്ഞ ശ്രീ കള്ളന്‍ വായിച്ചറിയുന്നതിന്,

താങ്കള്‍ ഇന്നലെ എന്‍റെ വീട്ടില്‍ വന്നിരുന്നതായി അറിഞ്ഞു. താങ്കളുടെ കര്‍മ്മമേഖലയായി എന്‍റെ വീടു തന്നെ തിരഞ്ഞെടുത്തതില്‍ അളവില്ലാത്ത നന്ദി അറിയിച്ചു കൊള്ളുന്നു. എന്നാല്‍ അങ്ങയെ വേണ്ട വിധം സല്‍ക്കരിക്കുവാന്‍ കഴിയാതെ പോയി. ആ പെരുമഴയില്‍ താങ്കള്‍ അവിടെ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു ആതിഥേയന്‍റെ മാന്യത കൈവെടിഞ്ഞ് കിടന്നുറങ്ങിപ്പോയതില്‍ ഇവന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

വെളുപ്പാന്‍ കാലമായപ്പോള്‍ അമ്മയാണ് താങ്കള്‍ ജനലഴികള്‍ മുറിച്ചിട്ടിരിക്കുന്നത് കണ്ടത്. വൈകിയെങ്കിലും അപ്പോള്‍ തന്നെ താങ്കളെ വന്നു കാണുവാനും, സ്വീകരിക്കുവാനും ഇവന്‍ തയ്യാറായതാണ്. എന്നാല്‍ എന്നെ കാണുന്ന സന്തോഷത്തില്‍ താങ്കള്‍ എന്നെ ഉപദ്രവിച്ചേക്കുമോ എന്ന് അമ്മ ഭയന്നു. യാതൊരു വിധത്തിലും അങ്ങോട്ടു കടന്നു വരുവാന്‍ അമ്മ എന്നെ അനുവദിച്ചില്ല. ഒരു പക്ഷേ താങ്കളേക്കാളും പ്രായം കൂടുതല്‍ കണ്ടേക്കാവുന്ന അബലയായ ഒരു സ്ത്രീയെന്ന നിലയില്‍ ആ മര്യാദകേടിനു കൂടി ഇവന്‍ ക്ഷമ ചോദിക്കുകയാണ്.

ഇത്രയും ബലമുള്ള ആ ജനലഴികള്‍ ഒരു ശബ്ദം പോലുമുണ്ടാക്കാതെ അറുത്തു മാറ്റിയ അങ്ങയുടെ പാടവം അങ്ങേയറ്റം ശ്ലാഖനീയമാണ്. തന്‍റെ തൊഴിലില്‍ അങ്ങു നേടിയെടുത്ത വൈദഗ്ധ്യം എന്നെ അത്ഭുതപ്പെടുത്തുകയും അങ്ങയെക്കുറിച്ച് ബഹുമാനം ഉണര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അത്രയേറെ കഷ്ടപ്പെട്ടിട്ടും അങ്ങേയ്ക്ക് ഇവിടെ നിന്നും ഒന്നും തന്നെ ലഭിക്കാതെ പോയതില്‍ ഇവന് അതിയായ ഖേദമുണ്ട്‌. താങ്കളുടെ പണിക്കൂലി പോലും നഷ്ടമായതോര്‍ത്ത് ഇവന്‍ സ്വയം കുറ്റപ്പെടുത്തുകയാണ്. പുതുതായി വന്ന ബാങ്ക് മാനേജരുടെ പ്രലോഭനത്തില്‍ അകപ്പെട്ടതു കൊണ്ടാണ് ഇവന്‍ സ്വര്‍ണ്ണവും പണവുമെല്ലാം അവിടെ കൊണ്ടു വച്ചത്. അത് താങ്കളെ ഇങ്ങനെയൊരു വെട്ടില്‍ കൊണ്ടു ചാടിക്കുമെന്ന്‌ ഇവന്‍ സ്വപ്നേപി വിചാരിച്ചില്ല.

പണിയെടുത്ത് താങ്കള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുമെന്ന്‌ ഇവന്‍ ശങ്കിക്കുന്നു. ഇടക്കു ക്ഷീണം വരുമ്പോള്‍ കഴിക്കാന്‍ ലഘുഭക്ഷണമോ പാനീയങ്ങളോ മറ്റോ അങ്ങു കരുതിയിരുന്നോ? ഇനിയെങ്കിലും ഗ്ലൂക്കോസ് പോലെ കയ്യില്‍ കരുതാവുന്ന എന്തെങ്കിലും എപ്പോഴും കയ്യിലുണ്ടാവണം. ഇനിയെങ്കിലും ഇതു വഴി വരുവാന്‍ തരപ്പെട്ടാല്‍ ഒരു എസ് എം എസ് അയക്കുകയാണെങ്കില്‍ ഞാന്‍ ബാങ്കിലുള്ള ഉരുപ്പടികള്‍ വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിക്കാം. അതുമല്ലെങ്കില്‍ ഒരു മിസ്സ്‌ഡ്‌ കോള്‍ തന്നാലും മതി ഞാന്‍ തിരിച്ചു വിളിച്ചോളാം.

ഇന്നലെ താങ്കള്‍ വന്നു പോയതില്‍ പിന്നെ ഒരു പോള കണ്ണടക്കാന്‍ കഴിഞ്ഞില്ല. താങ്കളോടു കാണിച്ച മര്യാദകേടിനെയോര്‍ത്ത് എന്‍റെ മനസ്സു വല്ലാതെ വേദനിച്ചിരുന്നു. ഫ്രിഡ്‌ജില്‍ കഴിഞ്ഞ ദിവസം വാങ്ങിയ തണ്ണിമത്തങ്ങ അതേപടി ഇരിപ്പുണ്ടായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അതെങ്കിലും എടുത്ത് താങ്കള്‍ക്ക് എടുക്കാവുന്ന സ്ഥലത്തു ഞാന്‍ വച്ചേനെ. മാത്രവുമല്ല വന്ന സ്ഥിതിക്ക് കുറഞ്ഞ പക്ഷം അങ്ങേയ്ക്ക് അല്പം വിശ്രമിച്ചിട്ടെങ്കിലും പോകാമായിരുന്നു. ഞങ്ങളെ അന്യരെപ്പോലെ കരുതിയതില്‍ ഇവന് അതിയായ സങ്കടമുണ്ട്‌.

ഇതൊക്കെയാണെങ്കിലും അങ്ങു വന്നപ്പോള്‍ മദ്യപിച്ചിരുന്നതായി ഞാനറിഞ്ഞു. വേലിയിറമ്പില്‍ നിന്നും ഒരു ഒഴിഞ്ഞ ത്രിബിള്‍ എക്സ് റമ്മിന്‍റെ കുപ്പി ലഭിച്ചിരുന്നു. അതു മോശമായിപ്പോയി എന്നാണ് എനിക്കു പറയാനുള്ളത്. ഒരു വീട്ടില്‍ ആദ്യമായിട്ടു വരുമ്പോള്‍ കുറഞ്ഞ പക്ഷം സ്ത്രീകള്‍ ഒക്കെയുള്ള വീടാണെന്നെങ്കിലും ആലോചിക്കേണ്ടതല്ലേ? മാത്രവുമല്ല മദ്യപിച്ചുകൊണ്ട്‌ ഒരു തൊഴില്‍ ചെയ്യുന്നത് മാന്യതയല്ലല്ലോ. ഇനിയൊന്നു കൂടി ഓര്‍മ്മിപ്പിക്കുവാനുള്ളത് ഇത്തരം കൂതറ മദ്യം വാങ്ങി ഉപയോഗിക്കരുത്. താങ്കളേപ്പോലെ കഠിനാദ്ധ്വാനിയും, ബഹുമാന്യനുമായ ഒരു വ്യക്തി അല്പം കൂടി നിലവാരമുള്ള മദ്യം കഴിക്കുന്നതാവും അഭികാമ്യം. താങ്കളുടെ ആരോഗ്യത്തെക്കൂടി കരുതിയാണ് ഞാനിതു പറയുന്നത്.

താങ്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കുമെല്ലാം സുഖമെന്നു കരുതുന്നു. സമയം കിട്ടുമ്പോള്‍ ഇടക്കിടെ ഇറങ്ങണം. ഇനി വരും കാലങ്ങളില്‍ ധാരാളം കുടുംബങ്ങള്‍ കട്ടുമുടിക്കുവാനുള്ള ത്രാണിയും കെല്‍പ്പും സര്‍വ്വേശ്വരന്‍ തന്ന്‌ താങ്കളെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

താങ്കളെ സല്‍ക്കരിക്കാന്‍ കഴിയാതെ പോയതില്‍ ഒരിക്കല്‍ക്കൂടി ക്ഷമ ചോദിച്ചു കൊണ്ട്‌

അളവില്ലാത്ത സ്നേഹത്തോടെ
ജയകൃഷ്ണന്‍ പണിക്കര്‍

© ജയകൃഷ്ണന്‍ കാവാലം

11 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇത്രേം സൽക്കാരം കിട്ടുമെങ്കിൽ ഉറപ്പാണേ ഇന്നു രാത്രീൽ ഞാൻ ജയകൃഷ്ണന്റെ വീട്ടിൽ കക്കാൻ കേറും.സ്വർണ്ണം,പണം എല്ലാം ഒരു ബാഗിലാക്കി കട്ടിലിനടീൽ തന്നെ വയ്ക്കണേ ! വേറെ എങ്ങും ഞാൻ തപ്പണ്ടല്ലോ.മീൻ പൊരിച്ച് വെച്ചിരിക്കുന്നതിൽ ഉറക്കഗുളിക പൊടിച്ചിടരുത് !പറഞ്ഞില്ലാന്ന് വേണ്ട.പട്ടിയെ കെട്ടിയിടുമല്ലോ അല്ലേ !

P R Reghunath said...

kollam

ശ്രീക്കുട്ടന്‍ | Sreekuttan said...

പ്രിയ സുഹ്രുത്തേ..
കുറ്റബോധം കൊണ്ട് വീര്‍പ്പുമുട്ടിയിട്ടാണ് ഞാനിതെഴുതുന്നത്. ഇത്രയും ആതിഥ്യമര്യാദ ഉള്ളവനും സല്‍ക്കാരപ്രിയനും ആണ് താങ്കള്‍ എന്നുള്ള കാര്യം ഇതു വായിക്കുമ്പോള്‍ മാത്രമാണ് എനിക്കു മനസിലാക്കാന്‍ കഴിഞ്ഞത്. താങ്കളെ ഒട്ടും ബുദ്ധിമുട്ടിക്കരുത് എന്ന് ഒരു സദുദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.പക്ഷേ.. ങും..
(പൊട്ടിക്കരയുന്നു..)
(സ്വര്‍ണ്ണവും പണവും ബാങ്കില്‍ ഇട്ടെങ്കില്‍ അതിന്റെ രേഖകള്‍ എവിടെ?.ചീഞ്ഞ തക്കാളിപ്പഴത്തെ തണ്ണിമത്തനാക്കി..)
വീടിന്റെ ആധാരം എന്റെ പേരിലാക്കി വച്ചിരുന്നാല്‍ മതി ഞാനിന്ന് അങ്ങോട്ട് വരാം..

mayilppeeli said...

ജീവിതത്തിലാദ്യമായാണ്‌ ഇത്രയും വിശാലമനസ്കതയും,ആതിഥ്യമര്യാദയും, ഹൃദയ വിശാലതയും, സൗമനസ്യവുമുള്ള ഒരാളേപ്പറ്റി അറിയുന്നത്‌....താങ്കളെ പരിചയപ്പെടാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.......

ഓ:ടോ: കള്ളന്‍ പൊളിച്ച ജനലൊക്കെ നേരേയാക്കിയോ......ഇല്ലെങ്കില്‍ പുതിയ കള്ളന്മാര്‍ ഒട്ടും അധ്വാനം കൂടാതെ അകത്തുകടക്കും.....

ശ്രദ്ധേയന്‍ | shradheyan said...

സര്‍വലോക കള്ളന്മാരെ,

എന്തോ കെണി ഒരുക്കി വെച്ചിട്ടാണ് കാവാലം കത്തെഴുതിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എന്നല്ല, ആ പ്രദേശത്തെ ഒരു വീട്ടിലേക്കും മോഷണത്തിനോ, എത്തിനോട്ടത്തിനോ പോലും ആരും പോകരുതെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
ജാഗ്രതൈ.

തൊരപ്പന്‍ തസ്കു (ഒപ്പ്)
മുഖ്യതസ്കരന്‍, അഖില കേരള തസ്കര യുനിയന്‍.

മുസാഫിര്‍ said...

കള്ളന്‍ സ്വന്തമായി ബ്ലോഗ് ഒക്കെ ഉള്ള ആളായിരിക്കും അല്ലെ ? എന്തായാലും ഇതു വായിച്ചാല്‍ കള്ളന്‍ കരഞ്ഞു പോകും എന്നു ഉറപ്പ്. :)

Mr. X said...

ഞാന്‍ പറയാന്‍ വെച്ചിരുന്നത് കാന്താരിയും ശ്രീക്കുട്ടനും പറഞ്ഞു പോയല്ലോ...
ഇതു വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു പോയി - എന്‍റെ പഴയ ID മാറ്റാതെ ഇരുന്നിരുന്നെന്കില്‍ എന്ന് (for the record, അത് മറ്റൊന്നുമല്ല, "തസ്കരവീരന്‍" എന്ന് തന്നെ ആയിരുന്നു!)
എങ്കിലും പറയട്ടെ...

എത്രയും സ്നേഹം നിറഞ്ഞ ജയകൃഷ്ണന്‍ അറിയുന്നതിന്,
താങ്കളുടെ കത്ത് വായിച്ചതില്‍ പിന്നെ രണ്ടു ദിവസമായി എനിക്ക് ഉറക്കമേ ഇല്ല. ഇത്രയും ആതിഥ്യമര്യാദക്കാരനായ താങ്കളെ അപമാനിച്ചല്ലോ എന്നോര്‍ത്താണ് അത്. താന്കളോട് മാപ്പ് ചോദിക്കാനും, ആ ആതിഥ്യമര്യാദയുടെ പങ്കു പറ്റാനും വേണ്ടി ഞാന്‍ കഴിഞ്ഞ രണ്ടു പാതിരാത്രികളിലും താങ്കളുടെ വീടിന്റെ മതില്‍ ചാടി വന്നിരുന്നു. ആ വിവരം, വീടിനു മുന്നില്‍ അഴിച്ചു വിട്ടിരുന്ന പുതിയ ലാബ്രഡോര്‍ നായയുടെ കുരയില്‍ നിന്നും താങ്കള്‍ മനസ്സിലാക്കി കാണുമല്ലോ. എന്‍റെ കാലിന്മേല്‍ അത് നല്ലൊരു കടി കടിച്ചത് കൊണ്ട് താന്കള്‍ക്ക് രണ്ടു ദിവസത്തേക്ക് പട്ടിക്ക് വേറെ തീറ്റ വാങ്ങേണ്ട ബുദ്ധിമുട്ടും ഒഴിവായിട്ടുണ്ടാവുമല്ലോ. പട്ടിയെ എന്നെ സ്വീകരിക്കാന്‍ വേണ്ടി വാങ്ങിയതാണെന്ന് ഞാന്‍ മനസ്സിലാക്കാന്‍ വൈകിപ്പോയി. പിന്നെ താങ്കളുടെ ബാങ്കില്‍ ഞാന്‍ കഴിഞ്ഞ ദിവസം പോയിരുന്നു. അവിടെ മാനേജര്‍ താങ്കളുടെ വീടിനുള്ള ജപ്തിനോടിസ് തയ്യാറാക്കുന്നതാണ് ഞാന്‍ കണ്ടത്. സ്വര്‍ണവും പണവും കൂടുതല്‍ ഉള്ളവര്‍ക്ക് ഇങ്ങനെയൊക്കെ ആയിരിക്കും, അല്ലെ? പിന്നെ, താങ്കളുടെ വീട്ടില്‍ കയറുമ്പോള്‍ എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിമ, പലയിടങ്ങളില്‍ നിന്നായി മോഷ്ടിച്ച ഇരുപതു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍, ഒരു ലക്ഷത്തില്‍പരം ഇന്ത്യന്‍ ഉറുപ്പിക, എന്നിവ അടങ്ങുന്ന ബാഗ് തിരികെ ഇറങ്ങാന്‍ നേരത്ത് ഞാന്‍ എവിടെയൊക്കെ നോക്കിയിട്ടും കാണുകയുണ്ടായില്ല. താങ്കള്‍ അത് മോഷ്ടിച്ചു എന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഞാന്‍ അത് എവിടെയെങ്കിലും മറന്നു വെച്ചതാവാനാണ് വഴി. അത് കണ്ടു കിട്ടുകയാണെങ്കില്‍, ഇന്നു രാത്രി പന്ത്രണ്ടു മണിക്ക് ആ മതിലിന്‍റെ മുകളില്‍ വെച്ചേക്കുമല്ലോ.
സ്നേഹപൂര്‍വ്വം,
സ്വന്തം കള്ളന്‍.
N.B: ദയവായി പട്ടിയെ അഴിച്ചു വിടരുത്.

Anil cheleri kumaran said...

കള്ളന്‍ കപ്പലില്‍ തന്നെ..

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടി: സല്‍ക്കാരം ഉറപ്പ്. സ്വര്‍ണ്ണോം പണോം ബാഗിലാക്കി വയ്ക്കാം. വീട്ടില്‍ മീന്‍ വയ്ക്കാറില്ല, പകരം പഴവര്‍ഗ്ഗങ്ങളില്‍ പഞ്ചസാരയും, ഗ്ലൂക്കോസും ചേര്‍ത്ത് വച്ചേക്കാം, പട്ടിയെ പൂട്ടിയിടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അവനെ പൂട്ടാന്‍ ചെന്നാല്‍ അവനെന്നെ ആദ്യം കടിക്കും.

പി.ആര്‍. രഘുനാഥ്: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം

ശ്രീക്കുട്ടന്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം, താങ്കള്‍ പൊട്ടിക്കരയുന്നതു കണ്ടു ഞാന്‍ തകര്‍ന്നു പോകുന്നു കൂട്ടുകാരാ. ദയവായി ഈ കരച്ചില്‍ നിര്‍ത്തൂ. ആധാരം താങ്കളുടെ പേരില്‍ ആക്കണമെന്നുണ്ട്‌. പക്ഷേ കുടികിടപ്പായതു കൊണ്ട്‌ വീടിന് പട്ടയമില്ല. എന്തു ചെയ്യാം

മയില്‍പ്പീലി: താങ്കളുടെ പ്രശംസ എന്നെ കോരിത്തരിപ്പിക്കുന്നു. താങ്കളെ പരിചയപ്പെടാന്‍ സാധിച്ചതില്‍ ഞാനും ആഞ്ഞാഞ്ഞ് അഭിമാനിക്കുന്നു. ജനല്‍ ശരിയാക്കിയില്ല. എന്തിനാ വെറുതെ ഇനി വരുന്നവരെക്കൂടി ബുദ്ധിമുട്ടിക്കുന്നത്? പകരം കള്ളന്മാര്‍ ഇതുവഴിയെ എന്നൊരു ബോര്‍ഡ് വച്ചിട്ടുണ്ട്.

ശ്രദ്ധേയന്‍: സ്വാഗതം. ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞാല്‍ എന്തു ചെയ്യും സുഹൃത്തേ? ഓരോ കള്ളന്‍റെയുള്ളിലും ഒരു വലിയ കലാകാരന്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ അന്നു മുതല്‍ ഞാന്‍ എന്‍റെ ഹൃദയത്തിന്‍റെ കിളിവാതിലുകള്‍ കള്ളന്മാര്‍ക്കായി മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് അറിയുമോ?

മുസാഫിര്‍: സ്വാഗതം. പിന്നില്ലേ കള്ളന്മാര്‍ നമ്മളേക്കാള്‍ അഡ്വാന്‍സ്‌ഡ് ആണ്. ബ്ലോഗ് വരെ അടിച്ചു മാറ്റി സ്വന്തം പേരില്‍ പോസ്റ്റ് ചെയ്യുന്ന അത്യന്താധുനിക അക്ഷരക്കള്ളന്മാര്‍ വരെയുള്ള കാലമാണ്. തീര്‍ച്ചയായും കള്ളന്മാരും ബ്ലോഗ്‌ വായിക്കും.

ആര്യന്‍: അയ്യോ അത് ലാബ്രഡോര്‍ അല്ല, എന്‍റെ വീട്ടിലെ സെക്യൂരിറ്റി കൂര്‍ക്കം വലിക്കുന്ന സ്വരമാ. പിന്നെ താങ്കളെ കടിച്ചത് വല്ല കില്ലപ്പട്ടിയുമായിരിക്കും. എന്‍റെ വീട്ടിലെ പട്ടിക്ക് രാത്രിയായാല്‍ വെളിയിലിറങ്ങാന്‍ പേടിയാ. പിന്നെ പഞ്ചലോഹപ്രതിമ കണ്ടപ്പോള്‍ എന്‍റെ മരിച്ചു പോയ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍റെ ഛായ തോന്നി അതു സ്മാരകമാക്കാന്‍ പഞ്ചായത്തിനു വിട്ടു കൊടുത്തു. സ്വര്‍ണ്ണം മുഴുവനും മുക്കുപണ്ടങ്ങളായിരുന്നു. അതുകൊണ്ട്‌ അത്‌ ആക്രിക്കാരന്‍ വന്നപ്പോള്‍ വേണോ എന്നു ചോദിച്ചു. അയാള്‍ എന്നെ തല്ലിയില്ലെന്നേയുള്ളൂ. പിന്നെ ഞാനതു പൂക്കൈതയാറ്റില്‍ കൊണ്ടുപോയി ഒഴുക്കിക്കളഞ്ഞു, ഒരു ലക്ഷം രൂപ ഞാന്‍ എനിക്കൊരു സ്മാരകം പണിയാന്‍ താങ്കളുടെ സംഭാവനയായി കരുതി സസന്തോഷം സ്വീകരിച്ചിരിക്കുന്നു.

കുമാരന്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം

Mr. X said...

വലിയ കള്ളന്‍ ആണെന്ന് അഹങ്കരിച്ച്‌ കള്ളന്മാരുടെ കുലഗുരുവിന്റെ വീട്ടില്‍ തന്നെ മോഷ്ടിക്കാന്‍ കയറിയാല്‍... ഇതേ ഗതി!

Jo said...

കളിയും കാര്യവുമൊക്കെ നിറഞ്ഞ താങ്കളുടെ രചനകള്‍ നേരത്തെ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോ ബ്ളോഗിലും കൂടെ കണ്ടതില്‍ സന്തോഷം :-)

 
Site Meter