Monday, February 9, 2009

ജയകൃഷ്ണന്‍റെ വനവാസം (൧) യാത്രാകാണ്ഡം

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോള്‍ മനസ്സു ശൂന്യമായിരുന്നു. അന്നു ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഇവന് അയ്യായിരം രൂപ ശമ്പളം. യാത്രാ ചിലവുകളും മറ്റു ചിലവുകളും കഴിച്ച് വലിയ മിച്ചമൊന്നുമില്ലെങ്കിലും വലിയ പ്രവൃത്തി പരിചയമൊന്നുമില്ലാത്ത ഇരുപത്തിയൊന്നു വയസ്സുകാരന് അത് തികച്ചും യോജ്യമായ തുകയെങ്കിലും, സ്ഥാപനവുമായി ചേര്‍ന്നു പോകാന്‍ മനസ്സനുവദിച്ചില്ല. അതിന്‍റെ ഉടമയായ ആ വലിയ മനുഷ്യനോട്‌ യാത്ര ചോദിച്ചിറങ്ങുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമൊന്നും എന്‍റെ മനഃസ്സാക്ഷി എന്നോടു ചോദിച്ചില്ല...


ബാംഗ്ലൂര്‍ എന്നൊരു സ്വപ്നഭൂമിയെക്കുറിച്ച് പെട്ടെന്നാണൊരു ഉള്‍വിളിയുണ്ടായത്. നേരേ അങ്ങോട്ടു വിട്ടു. തിരുവനന്തപുരം - എറണാകുളം വഴി പ്രകൃതി മാടി വിളിക്കുന്ന സത്യമംഗലം കാടും താണ്ടി ഒരു യാത്ര. പ്രപഞ്ചം കണ്ണടച്ചു തുറന്നത് അന്നു വരെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഉദ്യാനഭൂമിയിലെ മായക്കാഴ്ചകളിലേക്ക്. ആകെ കേട്ടറിവുള്ളത് ഇലക്ട്രോണിക് സിറ്റി എന്ന പേരു മാത്രമാണ്. ആരോടൊക്കെയോ ചോദിച്ച് അവിടെയെത്തിയപ്പോള്‍ പല കമ്പനികളുടെയും വാതില്‍ക്കല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍ മീശ പിരിച്ചു കാട്ടി ഓടിച്ചു. വന്ന വഴിയെ തിരിച്ചു നടന്നപ്പോഴാണ് അവിടെ എ സി മെക്കാനിക്കായി ജോലി ചെയ്യുന്ന ആന്‍റണിയെ പരിചയപ്പെടൂന്നത്. അവനും മറ്റു മൂന്നു പേരും കൂടി അവിടെയൊരു മുറിയെടുത്തു താമസിക്കുകയാണ്. വാടക പങ്കിടാമെന്ന ആശ്വാസത്തില്‍ ഹൊസാ റോഡ് എന്ന സ്ഥലത്ത് എനിക്കും ഒരിടമവര്‍ തന്നു.


അവിടെ ചെന്നപ്പോഴാണറിയുന്നത് പ്രതിമാസം കിട്ടുന്ന ആയിരത്തിയഞ്ഞൂറു രൂപ ബസ്‌ കൂലിക്കും വാടകയ്ക്കും മാത്രം തികയുന്ന അവര്‍ മുഴുപ്പട്ടിണിയാണെന്ന സത്യം. കയ്യില്‍ ഏഴായിരത്തോളം രൂപ കരുതിയിരുന്നതില്‍ കുറേയൊക്കെ ചിലവായി. ബാക്കി പണം കൊണ്ട്‌ ഞങള്‍ നാലു പേരും കുറച്ചു ദിവസങ്ങള്‍ തള്ളി നീക്കി. എത്ര നിര്‍ബന്ധിച്ചാലും കഴിക്കാന്‍ കൂട്ടാക്കാത്ത അവരെ അടിയല്ലാത്തതെല്ലാം നടത്തിയാണ് ഒന്നെഴുന്നേല്‍പ്പിക്കുക വരെ ചെയ്യുന്നത്. ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. മൂന്നാം ദിവസം വഴിയില്‍ നിന്നു വാങ്ങിയ ഒരു ക്ലാസ്സിഫൈഡ്‌ പരസ്യത്തില്‍ കണ്ട കമ്പനിയില്‍ നേരേ കേറി ചെന്നു.


ആഢ്യയായ ഒരു സ്ത്രീ എം ഡിയുടെ കസേരയില്‍ പുറം തിരിഞ്ഞിരിക്കുന്നു. ഇന്‍റര്‍വ്യൂവിനു വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു. പത്തില്‍ കവിയാത്ത കുറേ ചോദ്യങ്ങള്‍, അവരുടെ പുതിയ ബ്രാന്‍ഡിന് ഒരു ലോഗോ ഉണ്ടാക്കാന്‍ പറഞ്ഞു ഇത്രയും കഴിഞ്ഞപ്പോള്‍ അവസാനമായി ഒരു ചോദ്യം. എത്ര ശമ്പളം പ്രതീക്ഷിക്കുന്നു. അയ്യായിരം രൂപ ശമ്പളം വാങ്ങിയിരുന്നവന്‍ കണ്ണു പൂട്ടി ഒരു തട്ടു തട്ടി ടെന്‍ തൌസന്‍ഡ്‌ റുപ്പീസ് പെര്‍ മന്ത്... പോയി രണ്ടു ദിവസം കഴിഞ്ഞ് വിളിക്കൂ വിവരമറിയിക്കാം എന്ന് ഉത്തരവും കിട്ടി.


പത്താം നിലയിറങ്ങുമ്പോള്‍ മനഃസ്സാക്ഷി എന്നെ ചീത്ത വിളിച്ചു. വല്ല കാര്യവുമുണ്ടോ പതിനായിരം രൂപ ചോദിച്ചിട്ട്? ഈ പണി പോയതു തന്നെ. പട്ടിണി കിടക്കാന്‍ നേരമാ അവന്‍റെയൊരു അത്യാഗ്രഹം... വേണ്ടിയീരുന്നില്ലെന്ന് എനിക്കും തോന്നി. രണ്ടു ദിവസം തികയുന്ന നിമിഷം വിളിച്ചു. തല്‍ക്കാലം എണ്ണായിരം രൂപ തരാം. രണ്ടു മാസം കഴിഞ്ഞ് കൂട്ടിത്തരാമെന്ന് മറുതലയ്ക്കല്‍ നിന്നു കേട്ടതും, മനസ്സൊന്നു കുളിര്‍ത്തു. ഇന്ന് തീയതി പത്ത്. പതിനഞ്ചാം തീയതി ജോയിന്‍ ചെയ്യാം. പന്ത്രണ്ടാം തീയതി ആയപ്പൊഴേക്കും ഇവന്‍റെ പോക്കറ്റ് കാലി. തുടര്‍ന്നു വന്ന മൂന്നു ദിവസം ആ സഹജീവികള്‍ എവിടെ നിന്നു ഭക്ഷണം കൊണ്ടു വന്നു എന്നു ചോദിക്കാന്‍ ഇവനു ധൈര്യമുണ്ടായില്ല. ഉള്ളതു ഞങ്ങള്‍ പങ്കിട്ടു കഴിച്ചു. പതിനഞ്ചാം തീയതി രാവിലെ പോകാനൊരുങ്ങിയപ്പോള്‍ എങ്ങനെ അവിടെ വരെയെത്തുമെന്നതിന് യാതൊരു രൂപവുമില്ലായിരുന്നു. എങ്കിലും ഒരുങ്ങി. പക്ഷേ അപ്പോള്‍ ആന്‍റണിയും കൂട്ടരും മുപ്പതു രൂപ ഇവന്‍റെ പോക്കറ്റില്‍ ഇട്ടു തന്നു. എന്നിട്ടു ചോദിച്ചു എം ജി റോഡ്‌ വരെ ഇതെങ്കിലുമില്ലാതെ നീ എങ്ങനെ പോകും? അവര്‍ ഈ പണം എങ്ങനെയുണ്ടാക്കിയെന്ന്‌ ഇന്നും എനിക്കറിയില്ല. പീന്നീട്‌ ഓഫീസിനടുത്ത് ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിലേക്കു ഞാന്‍ സൌകര്യാര്‍ത്ഥം മാറി. അതിനു ശേഷം രണ്ടു പ്രാവശ്യം ഞാന്‍ അവിടെ പോയെങ്കിലും അവരെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. ഇടക്കൊരു ദിവസം ആന്‍റണി എന്നെ വിളീച്ച് വാടക കൊടുക്കാന്‍ കുറച്ചു പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അന്നെന്‍റെ കയ്യില്‍ അതുണ്ടായിരുന്നില്ല. ആ ദുഃഖം ഇന്നും എന്‍റെ മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കുന്നു. അവര്‍ തന്നയച്ച മുപ്പതു രൂപയില്ലായിരുന്നെങ്കില്‍ എനിക്കന്ന്‌ ആ ജോലിക്കു കയറാന്‍ തന്നെ സാധിക്കുമായിരുന്നില്ല. എന്നിട്ടും ഒരു ആപദ്‌ഘട്ടത്തില്‍ എനിക്ക് ആ സഹജീവികളോട്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞിന്നോളം എനിക്കവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളത്ത് ചിറ്റൂര്‍ എന്ന സ്ഥലത്ത് ഏതോ ഒരു പുഴയുടെ അക്കരെയാണ് ആന്‍റണിയുടെ വീട്‌. മനസ്സു നിറയെ ഡെയ്സി എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി എന്നോടൊപ്പം പട്ടിണി കിടന്ന ആ കൂട്ടുകാരനെ കണ്ടെത്താന്‍ ഈ അക്ഷരങ്ങള്‍ എന്നെ സഹായിച്ചെങ്കില്‍ എന്ന്‌ വെറുതേ ആശിച്ചു പോകുന്നു.


രണ്ടു മാസം കഴിഞ്ഞ്‌ പതിനായിരം രൂപയാക്കി ശമ്പളം തരാമെന്നു പറഞ്ഞെങ്കിലും, രണ്ടു മാസം കഴിഞ്ഞും അവര്‍ അനങ്ങിയില്ല. എന്നാല്‍ മൂന്നാം മാസം അവര്‍ എനിക്ക് പന്ത്രണ്ടായിരം രൂപയായി അതുയര്‍ത്തി തന്നു. ഇവനവിടെ ഒരു കൊച്ചു മുറിയെടുത്തു താമസമാരംഭിച്ചു. ജീവിത രീതികള്‍ മെച്ചപ്പെട്ടു. കമ്പനി വളര്‍ന്നതോടൊപ്പം ഇവന് ജൂനിയേഴ്സുണ്ടായി, സീനിയര്‍ വിഷ്വലൈസര്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വന്തമായി കാബിനും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഒപ്പം കൂടുതല്‍ പണവും അവര്‍ എനിക്കു തന്നു. ജെ.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞാന്‍ സ്ഥാപനത്തിന്‍റെ കീ പേഴ്സണ്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നും ഇടക്കിടെ വിശന്നു തളര്‍ന്ന ആ കൂട്ടുകാരുടെ വാടിയ മുഖം എന്നെ കീറിമുറിച്ചു കൊണ്ടിരുന്നു. എല്ലാ മാസവും ശമ്പളം വാങ്ങുമ്പോള്‍ എന്‍റെ മനസ്സ്‌ എന്തിനെന്നറിയാതെ പിടഞ്ഞു... മനഃപൂര്‍വ്വമല്ലെങ്കിലും അവരോട്‌ ചെയ്യേണ്ടി വന്ന അനീതിയെ ചൊല്ലി എന്‍റെ മനഃസ്സാക്ഷി എന്നോടു നിരന്തരം കലഹിച്ചു കൊണ്ടിരുന്നു


ഒരു ദിവസം കമ്പനിയില്‍ പുതിയ ഒരു അക്കൌണ്ടന്‍റ് ജോയിന്‍ ചെയ്തു. വിജയ് എന്നു പേരുള്ള ഒരു തമിഴന്‍. ഇവന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്ത പല സംഭവങ്ങള്‍ക്കും കാരണമാകാനായിരുന്നു അവന്‍റെ ആഗമം എന്ന് പിന്നീടാണ് ഇവനു മനസ്സിലാകുന്നത്‌... ഇവന്‍റെ മനഃസ്സാക്ഷിയുടെ ശാപം പോലെ...


തുടര്‍ന്നു വായിക്കുക...(ഇതിലേ പോവുക)

© ജയകൃഷ്ണന്‍ കാവാലം

7 comments:

ശ്രീ said...

പോസ്റ്റ് വായിച്ചു തീര്‍ന്നതറിഞ്ഞില്ല മാഷേ... തുടര്‍ന്നെഴുതൂ... എന്തായി എന്നറിയാന്‍ ഒരു ആകാംക്ഷ.

നല്ല സുഹൃത്തുക്കളെ കിട്ടുക എന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. ആന്റണിയേയും മറ്റുള്ളവരെയും കണ്ടെത്താന്‍ മാഷിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായും ആശംസിയ്ക്കുന്നു.

ചാണക്യന്‍ said...

മാഷെ,
വനവാസത്തിന്റെ ബാക്കിപത്രത്തിനായി കാത്തിരിക്കുന്നു...

കാപ്പിലാന്‍ said...

kollaam , baakki poratte

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു ഈ മനസുതുറന്നുള്ള എഴുത്ത് ഒപ്പം നന്ദി(അറിയാവുന്നതിന്നാല്‍ വിശദമാക്കുന്നില്ല)

നിലാവ് said...

ഇനിയെന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംഷ...
നന്നായി എഴിതിയിരിക്കുന്നു...

mayilppeeli said...

വായിച്ചു നല്ല രസം പിടിച്ചു വന്നപ്പോള്‍ തുടരും എന്നു കണ്ടിട്ട്‌ വല്ലാത്ത നിരാശ തോന്നി....രണ്ടാം ഭാഗം വേഗം എഴുതൂ.........

കാവാലം ജയകൃഷ്ണന്‍ said...

ശ്രീ: ശ്രീയുടെ ഓര്‍മ്മക്കുറിപ്പു വായിച്ചപ്പോഴാണ്, എനിക്കുമുണ്ടല്ലോ കുറച്ച് ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ എന്നു കരുതിയത്. അതു കൊണ്ട്‌ ശ്രീയോട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ചാണക്യന്‍: വന്‍പര്‍വം വരുന്നതേയുള്ളൂ

കാപ്പിലാന്‍: സസ്പെന്‍സിട്ടെഴുതാമെന്നു വിചാരിച്ചു. അല്ലെങ്കില്‍ വലിയ പോസ്റ്റ് ആയിപ്പോകില്ലേ

സഗീര്‍: വിശദമാക്കാതെ തന്നെ അറിയാം

നിലാവ്‌: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം. ദേ ഇപ്പോള്‍ തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യുന്നു

മയില്‍പ്പീലി: രണ്ടാം ഭാഗം വന്നു കഴിഞ്ഞു.

സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

 
Site Meter