പ്രണയം എന്നത് വളരെ മനോഹരമായ ഒരു സംഭവം തന്നെയാണ്.
എന്റെ അയല്‍വാസിയായ സെഞ്ചോ എന്ന സെഞ്ചോമോന്‍ ജേക്കബ് പ്രണയിക്കുന്നതു കണ്ടപ്പോഴാണ് എനിക്കതു മനസ്സിലായത്. അവന് അന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. സുന്ദരനും, ചുരുണ്ട മുടിയുള്ളവനും, മധുരമായി സംസാരിക്കുന്നവനും, ഹൃത്വിക് റോഷനെ വെയിലത്തിട്ടെടുത്താലുള്ള പോലത്തെ ശരീരമുള്ളവനും (ആന മെലിഞ്ഞാല്‍ എന്ന പഴഞ്ചൊല്ല് കൂട്ടത്തില്‍ ഓര്‍ക്കണം) സഹപാഠികളേക്കാള്‍ പൊക്കമുള്ളവനുമായ അവനോട് പെണ്‍കുട്ടികള്‍ക്കെല്ലാം വലിയ കാര്യമായിരുന്നു. ആരെയും നിരാശനരാക്കാന് അവന്റെ വിശാല മനസ്സ് അനുവദിക്കാത്തതു കൊണ്ടാവണം 9ആം ക്ലാസ്സില്‍ വച്ച് തന്നെ അവനു താങ്ങാന്‍ കഴിയാത്തത്ര പ്രണയങ്ങള്‍ അവന് സ്വായത്തമാക്കി. അതു കണ്ടപ്പോള്‍ മുതല്‍ ഈയുള്ളവനും ഒരു മോഹം. ഒന്നു പ്രേമിച്ചാലെന്താ? പ്രേമം അത്ര മോശം കാര്യമൊന്നുമല്ല, വാവക്കുട്ടന് അമ്മാവന് വരെ പ്രേമിച്ചിരിക്കുന്നു. പിന്നെയാണോ ഈ ഞാന്‍.
സെഞ്ചോയില് ഞാന്‍ എന്റെ ഗുരുനാഥനെ കണ്ടെത്തി. ബുദ്ധിമാനും, സുന്ദരനും, സര്‍വ്വോപരി സകലവിധ തരികിടകള്‍ക്കും അത്യന്തം താല്പര്യമുള്ളവനുമായ എന്നെ ശിഷ്യനായി കിട്ടിയതില്‍ അവന് അഭിമാനിച്ചു. അങ്ങനെ കാവാലത്തെ ഒരുത്തിയെ തിരഞ്ഞെടുത്തു പ്രേമിക്കാന്‍ തുടങ്ങി.
സുന്ദരിയാണവള്‍. അതീവ സുന്ദരി. എന്റെ അതുവരെയുള്ള സ്ത്രീ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചവള്‍. അവളുടെ കണ്ണിണകളില്‍ ഭംഗിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന കണ്മഷി അവളുടെ കണ്ണുകള്‍ക്കല്ല, മറിച്ച് ആ കണ്ണുകള്‍ കണ്മഷിക്കൂട്ടിനാണ് ചന്തം പകരുന്നതെന്നു കരുതിപ്പോയി. ചെവിയുടെ മുകളിലൂടെ ആ തുടുത്ത കവിളുകളിലേയ്ക്ക് ഒഴുകിയിറങ്ങുന്ന രോമരാജികള്‍ കണ്ട് പലപ്പോഴും ഞാന്‍ അസൂയയോടെ നോക്കിയിട്ടുണ്ട്. കാരണം ഞാന്‍ ചുംബിക്കേണ്ടതായ അവളുടെ കവിളുകളില്‍ ആ മുടിയിഴകള്‍ ചുംബിക്കുന്നത് എനിക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എല്ലാ ദിവസവും കൃഷ്ണപുരം ബസ്റ്റോപ്പിലേയ്ക്ക് അവള് മന്ദം മന്ദം നടന്നു വരും. മരച്ചില്ലകള്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന ഇളവെയില് അവളുടെ മുഖത്ത് തട്ടി എത്രയോ തവണ എന്റെ കണ്ണുകളില്‍ പ്രതിഫലിച്ചിരിക്കുന്നു. ആ ഓര്‍മ്മകള്‍ മാത്രം മതി എനിക്ക് ഒരു പ്രണയസാമ്രാജ്യത്തിന്റെ ഒരിക്കലും സിംഹാസനം വെടിയാത്ത ചക്രവര്‍ത്തിയായി വിരാജിക്കുവാന്‍.
സെഞ്ചോ പല തരത്തിലുള്ള ഉപദേശങ്ങളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കിക്കൊണ്ടിരുന്നു. എന്നാല്‍ അതൊന്നും ആ ഗ്രാമീണസുന്ദരിയുടെ മനോമണ്ഡലത്തിലേയ്ക്കുള്ള ഗോപുരവാതില്‍ തുറക്കുവാന്‍ ഈയുള്ളവനെ പ്രാപ്തനാക്കിയില്ല.
സത്യത്തില്‍ അവളെ കണ്ടതു മുതലാണ് ഇവന് വീറും വൃത്തിയുമായി നടക്കാന്‍ തുടങ്ങിയതു തന്നെ. ദിവസവും രണ്ടോ മൂന്നോ നേരം കുളിക്കും. അതു വരെ ഏഴയലത്തടുപ്പിക്കാതിരുന്ന പൌഡര്‍ എന്ന ‘ആഡംബര വസ്തു’ വിനോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ തുടങ്ങിയതും അവള് കാരണമാണ്. ഇവന്റെ മനസ്സു പോലെ തന്നെ കാടുകയറി കാറ്റില്‍ പാറിപ്പറന്നും, നെറ്റിയിലേക്ക് പടര്‍ന്നും കിടന്നിരുന്ന മുടി ചീകിയൊതുക്കാന്‍ പഠിപ്പിച്ചതും അവള് തന്നെ. അന്നു മുതലാണ് എനിക്ക് കാവാലം എത്ര സുന്ദരിയാണെന്നു തോന്നി തുടങ്ങിയത്. മഹാലക്ഷ്മിയുടെ മണിയറ പോലെ സുന്ദരമായ ഭൂപ്രകൃതിയും, പൂക്കൈതയാറിന്റെ വശ്യതയും, കൊയ്ത്തു പാട്ടിന്റെ ശീലുകളും, വഞ്ചിപ്പാട്ടിന്റെ ആവേശമുണര്‍ത്തുന്ന താളവുമൊന്നും അതുവരെ ഈ മണ്ടന്‍ അറിഞ്ഞിരുന്നു തന്നെയില്ല. അവള് എനിക്കിതെല്ലാം അനുഭവവേദ്യമാക്കി. പൂക്കളോടും, കിളികളോടും സംസാരിക്കാന്‍ പഠിച്ചതും അവള് കാരണമാണ്. ഒറ്റക്കിരിക്കാന്‍ ഇഷപ്പെട്ടിരുന്ന എന്റെ നാലുവശത്തും, അകത്തും പുറത്തുമായി അവളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നിറഞ്ഞു നിന്നു. ഞാന്‍ ഏകാന്തതയെ ദൂരെ നിറുത്തി. എന്നും എന്റെ കൂടെ കഴിഞ്ഞിരുന്ന അവള് എന്നെ നോക്കി പല്ലിളിച്ചും, കൊഞ്ഞനം കുത്തിയും അവളുടെ പരിഭവം പ്രകടമാക്കി. എന്നിട്ടും ഞാന്‍ ഏകാന്തതയെ കണ്ട ഭാവം നടിച്ചില്ല.
സെഞ്ചോയുടെ ഉപദേശങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട ഞാന്‍ വേറെ വഴികള്‍ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് പത്രത്തില്‍ ഒരു പരസ്യം കണ്ടത്. ‘നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും സാധിച്ചു തരുന്ന അത്ഭുത ശക്തിയുള്ള ഒരു മോതിരം ആദ്യം അപേക്ഷിക്കുന്ന കുറച്ചു പേര്‍ക്കു മാത്രം അയച്ചു കൊടുക്കുന്നതാണ്’. പ്രണയ തടസ്സം, ഇഷ്ടമംഗല്യ സിദ്ധി, കാര്യസാധ്യം, വശ്യം, കൂടോത്രം ഇങ്ങനെ നീളുന്നു മോതിരത്തിന്റെ അത്ഭുത സിദ്ധികള്‍. ബോധിച്ചു. കൊള്ളാം, ഇതൊരുപക്ഷേ സെഞ്ചോയെക്കാള് ‘ഇഫക്ടീവ്‘ ആയിരിക്കും എന്ന് മനസ്സു പറഞ്ഞു. കേവലം വിദ്യാര്‍ത്ഥി മാത്രമായ ഇവന്റെ കയ്യില്‍ എവിടെ നിന്നാണ് പണം? ഒന്നും രണ്ടുമല്ല മുന്നൂറ്റിയന്പത് രൂപ കൊടുക്കണം. നമ്മുടെ പേരും നാളുമൊക്കെ മോതിരത്തില്‍ ആവാഹിച്ചു കേറ്റുന്നതിന്റെ പൂജാദ്രവ്യങ്ങളുടെ വിലയാണത്രേ. ലോകത്തിന്റെ ഏതോ മൂലയിലിരുന്ന് സര്‍വ്വ പ്രണയിതാക്കളെയും അനുഗ്രഹിക്കുന്ന ആ ദിവ്യ സന്യാസിയുടെ വിശാലമനസ്സിനെക്കുറിച്ചോര്ത്ത് വീണ്ടും വീണ്ടും കോരിത്തരിച്ചു. വീട്ടില്‍, ലോകത്തില്‍ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തിന്റെ പേരും പറഞ്ഞ് 350 രൂപ സംഘടിപ്പിച്ചു. നാട്ടുകാരറിയാതിരിക്കാന്‍ ദൂരെയുള്ള ഒരു പോസ്റ്റ് ഓഫീസില്‍ പോയി പണം അയച്ചു.
എല്ലാ ദിവസവും വഴിക്കണ്ണും കണ്ണില്‍ നിറയെ അടങ്ങാത്ത പ്രണയവുമായി ഇവന് കാത്തിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ അതാ കാവാലത്തിന്റെ സ്വന്തം പോസ്റ്റ്മാന് കുട്ടപ്പന് ചേട്ടന് ഒരു നീളന്‍ പൊതിയുമായി കയറി വരുന്നു. മഹാലക്ഷ്മി കാക്കി യൂണിഫോമും , കാലന് കുടയുമായി പടിവാതിലില്‍ വന്നതാണെന്നു തന്നെ ഇവന് വിശ്വസിച്ചു. എല്ലാവരും ഒരു കുടുംബാംഗത്തെപ്പോലെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് എന്റെ പ്രത്യേക സ്വീകരണത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. ഭയ ഭക്തി പുരസരം പൊതി വാങ്ങി പൂജാമുറിയില്‍ കൊണ്ടു വച്ചു.
കുളിച്ചീറനോടെ വന്ന് അറിയാവുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചും, പോസ്റ്റോഫീസുകള്‍ മാറിമറിഞ്ഞു വന്നപ്പോള്‍ എന്തെങ്കിലും അശുദ്ധിയുണ്ടായിട്ടുണ്ടെങ്കിലെന്നു കരുതി പുണ്യാഹം ജപിച്ചു തളിച്ചും, ശരീരത്തിന്റെ പതിനാറംഗങ്ങളില് സ്പര്ശിച്ചും, ചെവി തൊട്ടു നമസ്കരിച്ചും പദ്മാസനത്തിലിരുന്നു കൊണ്ട് പൊതിയഴിച്ചു. ശരീരത്തില്‍ ഉണ്ടായിരുന്ന സര്വ്വസകല രോമങ്ങളും എഴുന്നേറ്റു നിന്ന് ആ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിനു സാക്ഷ്യം വഹിച്ചു. മണ്ണും വിണ്ണും സമുദ്രവും തുടങ്ങി ഈ പ്രപഞ്ചം മുഴുവന്‍ പ്രഭാമയമായി നില്ക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍ ആ ദിവ്യമോതിരം കണ്ട് കണ്ണുകള്‍ ഈറനണിഞ്ഞു. ഈ ജന്മത്തില് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ഈയുള്ളവന് സ്വന്തമാക്കിയിരിക്കുന്നു. ആ മോതിരത്തോടൊപ്പം ഒരു കടലാസ്സും ഉണ്ടായിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘മഹാ ഭാഗ്യവാനായ ധന്യാത്മാവേ, താങ്കള്‍ക്കു കൈവന്നിരിക്കുന്ന ഈ മഹാ സൌഭാഗ്യത്തിന് നിമിത്തമാകുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അത്യന്തം സന്തോഷിക്കുന്നു. ഈ മോതിരത്തിന്റെ പൂര്‍ണ്ണ ഫലസിദ്ധിക്കായി ദിവസവും നിങ്ങളുടെ ഇഷ്ടദേവതയെ പൂജിക്കുകയും, അര മണിക്കൂറില്‍ കുറയാതെ ധ്യാനിക്കുകയും ചെയ്യണം’... അന്നുവരെ വലിയ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ലായിരുന്ന നിത്യകര്‍മ്മങ്ങളെല്ലാം ഇവന് അതീവ ശ്രദ്ധയോടും നിഷ്ഠയോടെയും ചെയ്യുവാന്‍ തുടങ്ങി. ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന് പൂക്കൈതയാറ്റില്‍ മുങ്ങിക്കുളിച്ച്, സൂര്യനമസ്കാരവും, പൂജയും, ഏത്തമിടീലുമൊക്കെ കണ്ട് ഇവന് ‘നന്നായതാണോ’ അതോ എന്തോ കുഴപ്പമാണോ എന്ന് അമ്മ സംശയിച്ചു. ഞാന്‍ പറഞ്ഞു അമ്മേ ഈ ലോകം നശ്വരമാണമ്മേ, അടിയുറച്ച ഈശ്വര’പ്രേമം’ ഇതൊന്നു മാത്രമാണമ്മേ ശാശ്വതം’. അമ്മ വിശ്വസിച്ചു. പാരമ്പര്യത്തിന്റെ വഴിയേ സഞ്ചരിക്കുന്ന പൊന്നുമോനെക്കുറിച്ചോര്ത്ത് അമ്മ അത്യന്തം സന്തോഷിച്ചു. മുജ്ജന്മ സുകൃതമെന്നല്ലാതെന്തു പറയാന്‍. ഇത്ര പരമ സാത്വികനായ ഇവന് ഈ കുടുംബത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തുമെന്ന് (വാവക്കുട്ടന് അമ്മാവന് ഒഴികെയുള്ള) അമ്മാവന്മാര് വിശ്വസിച്ചു. ഇങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. അവളുടെ മുഖത്ത് പതിവില്ലാതെ ചില കടാക്ഷങ്ങളൊക്കെ കാണുവാനും തുടങ്ങി. ഒറ്റയ്ക്കു കാണുമ്പോള്‍ അവള് കൂടുതല്‍ സൌമ്യമായും സ്നേഹത്തോടെയും സംസാരിക്കുന്നുവെന്ന് എനിക്കു തോന്നി. മോതിരത്തിന്റെ ദിവ്യശക്തിയില് എന്റെ വിശ്വാസം കൂടി കൂടി വന്നു. ഇതിനിടെ വിശ്വസനീയരായ ഒന്നുരണ്ടുപേര് ഈയുള്ളവന്റെ മനസ്സു വായിച്ചെടുത്തു എന്നതൊരു വലിയ സത്യമാണ്. അതൊരു ആശ്വാസവുമായി. അവരോടെങ്കിലും ഉള്ളിലെ ‘പ്രണയവ്യഥകള്‘ തുറന്നു പറയാമല്ലോ.
അങ്ങനെയൊരു ദിവസം ഉച്ചകഴിഞ്ഞ് അവളേക്കുറിച്ച് സ്വപ്നവും കണ്ടിരിക്കുന്ന എന്റെ മുന്നില്‍ അവള് പ്രത്യക്ഷപ്പെടുന്നു. യാത്രപറഞ്ഞു തിരിഞ്ഞു നടന്ന പോക്കുവെയില്‍ അവളെക്കണ്ട് ഒരു നിമിഷം എന്റെ വീടിന്റെ മുറ്റത്തു തിരിഞ്ഞു നിന്നു. ആ വെയിലിന്റെ ചിതറിയ വെട്ടത്തില്‍ അവള് അസ്തമയസൂര്യന്റെ ചുവപ്പുള്ള ചുരിദാറുമണിഞ്ഞ് നിന്ന് ചിരിച്ചു. അരുണകിരണങ്ങള് അവളെ ഒരു തങ്കവിഗ്രഹം പോലെ തേജോമയമാക്കി.
ഞാനുറപ്പിച്ചു. ഇന്നു ഞാനവളോട് എല്ലാം പറയും. എന്തും വരട്ടെ. ജന്മജന്മാന്തരങ്ങളായി ഞാന്‍ നിനക്കുവേണ്ടിയാണു പ്രിയേ തപസ്സിരിക്കുന്നതെന്നു ഞാന്‍ ഇന്നവളുടെ മുഖത്തു നോക്കു പ്രഘ്യാപിക്കും. ഞാന്‍ തീരുമാനിച്ചുറപ്പിച്ചു. പതിയെ അവളുടെ അരികിലേക്ക് നടന്നടുത്തു. ഞാന്‍ അടുത്തു ചെന്നതും ആ മനോഹരമായ കൈകള്‍ എന്റെ നേര്‍ക്കൊരു കവര്‍ നീട്ടി.
പ്രേമലേഖനം !
ഈയുള്ളവന്റെ മനസ്സ് അവര്‍ണ്ണനീയമായ ആനന്ദാനുഭൂതിയില് ആറാടി. മനസ്സിനുള്ളില്‍ ആയിരമായിരം കമ്പവിളക്കുകള്‍ തെളിഞ്ഞു കത്തി. നൂറു മേനി വിളവുള്ള ആയിരം കൊയ്ത്തുകാലത്തിന്റെ സമ്പന്നത ആ കത്ത് വാങ്ങുന്ന ഒരു നിമിഷം ഇവന് അനുഭവിച്ചറിഞ്ഞു. വിറയാര്‍ന്ന ശബ്ദത്തില്‍ ഇവന് ആരാഞ്ഞു.
എന്താണിത്?
എനിക്കറിയാം. എനിക്കെല്ലാമറിയാം. എന്നോടുള്ള അവളുടെ അനുരാഗം അവള് ആ കത്തില്‍ വാരിപ്പൊതിഞ്ഞു കൊണ്ടുവന്നിരിക്കുകയാണ്. നേരില്‍ പറയാന്‍ നാണമായിരിക്കും. ‘മലര്‍ശരമേറ്റു ഞാന്‍ തളരുകയാണ് ചേട്ടാ, തളരുകയാണ്’ ഈ വരി എന്തായാലും ഈ കത്തില്‍ കാണാതിരിക്കില്ല. അത്ര മഹത്തരമായ മോതിരമാണ് ഇവന് ധരിച്ചിരിക്കുന്നത്. അതിന്റെ ഉഗ്രപ്രഭാവത്തില് ഇവള്‍ക്ക് എന്നോടിതു പറയാതെ വേറെ വഴിയില്ല. എങ്കിലും ഇവള്‍ക്കു നാണമാണ്... പെണ്‍കുട്ടികള്‍ക്ക് ലജ്ജഒരു ഭൂഷണം തന്നെയാണ്. അവര്‍ക്കത് മറ്റെന്തിനേക്കാളും തിളക്കമാര്‍ന്ന ആഭരണമാണ്. ഈ ലജ്ജാ വിവശയെ എന്നും ഞാന്‍ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്നുണ്ട്. അവള് മധുര മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്റെ കല്യാണമാണ്. തന്നെ ക്ഷണിക്കാന്‍ വന്നതാ. അമ്മയും എല്ലാവരുമായി വരണം.
അവളുടെ ലാവണ്യം കണ്ടു മതിമറന്നു നിന്ന പൊന്‍ വെയില് പോയതും, പകരം അവിടെ നട്ടപ്പാതിര കടന്നു വന്നതും ഞാന്‍ ഞാന്‍ അറിഞ്ഞതേയില്ല. അതോ എന്റെ കണ്ണുകളിലായിരുന്നോ അന്ധകാരം വ്യാപിച്ചതെന്ന് ഇന്നും എനിക്കറിയില്ല. വെയിലിനു പുറകേ അവളും പോയി. മഹാപാപി !
എന്നിട്ടും ഇവന് തളര്‍ന്നില്ല. മോതിരമല്ലേ കയ്യില്‍ കിടക്കുന്നത്. എന്റെ ജീവിത സഖി ഇവള് തന്നെ. യാതൊരു സംശയവുമില്ല. എനിക്കുറപ്പുണ്ട്.
അങ്ങനെ വിവാഹ ദിവസം വന്നെത്തി. ആ ദിവസം ഇവന് കന്യാകുമാരി ജില്ലയില്‍. അവളുടെ വിവാഹത്തലേന്ന് എന്റെ വിലാസവും അന്വേഷിച്ചു പിടിച്ച് അതാ വരുന്നു പണ്ട് ഞാന്‍ പ്രേമഭാരം ഇറക്കി വച്ച ആ സ്നേഹിതന്. ദയനീയമായും. സഹതാപത്തോടെയും അയാള്‍ എന്നെ നോക്കി. ഒന്നും മനസ്സിലാവാതെ ഞാനും.
അയാള്‍ പറഞ്ഞു. ഞാന്‍ ഇന്നു തന്നോടൊപ്പമാണുറങ്ങുന്നത്.
അതിനേന്താ, സന്തോഷം. ഞാന്‍ പറഞ്ഞു
അങ്ങനെ ഞങ്ങള്‍ ഒരു മുറിയില്‍ കിടന്നു. ഉറക്കം വന്നില്ല എനിക്കും അയാള്‍ക്കും. പിന്നീടാണറിഞ്ഞത് പ്രേമനൈരാശ്യത്താല്‍ ഇവന് തൂങ്ങിച്ചാകാതിരിക്കാനാണ് അദ്ദേഹം എന്നെ തേടിപ്പിടിച്ച് അവിടെയെത്തി കാവല്‍ കിടന്നതെന്ന്.
പിറ്റേ ദിവസം ഞങ്ങള്‍ ഒരുമിച്ചു ക്ഷേത്രത്തില്‍ പോയി. അവളുടെ പേരില്‍ അര്‍ച്ചന നടത്തി. കണ്ണനുണ്ണിക്കു പാല്പായസം നിവേദിച്ചു. തിരികെയെത്തി. വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ താമ്രവര്ണ്ണീനദിയുടെ കരയില്‍ പോയി കുറച്ചു സമയമിരുന്നു. എന്തിനെക്കുറിച്ചൊക്കെയോ ഞങ്ങള്‍ സംസാരിച്ചു.
ഇളംകാറ്റു വീശാന്‍ മടിച്ചു നിന്ന ആ സന്ധ്യയില്‍, നിര്‍വ്വികാരനായി ഇവന് താമ്രവര്ണ്ണിക്കൊരു സമ്മാനം കൊടുത്തു. അതവളുടെ ആഴങ്ങളിലേയ്ക്ക് താഴ്ന്നു താഴ്ന്നു പോയി... മുന്നൂറ്റിയന്‍പതു രൂപ കൊടുത്തു വാങ്ങിയ ആ സൌഭാഗ്യം താമ്രവര്‍ണ്ണിയുടെ കയങ്ങളില്‍ വിലയം പ്രാപിക്കുന്നത് ഒന്നു നോക്കുക പോലും ചെയ്യാതെ ഇവന് അവിടെയിരുന്നു. മണലെടുത്തു കുഴിഞ്ഞ അവളുടെ മാറിടവും ഇവന്റെ ചിന്തകള്‍ പോലെ ശൂന്യമായിരുന്നു.
അവളോട് എനിക്കിന്നും പ്രേമമാണ്. ഒരിക്കലും ഞാന്‍ അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം ദേവതയെ പൂജിക്കുകയല്ലേ സാദ്ധ്യമാവൂ. വേളി കഴിക്കാന്‍ നിവൃത്തിയില്ലല്ലോ...
കാവാലം എന്നെ ഒരു പ്രേമഗായകനാക്കി. പ്രേമത്തിന്റെ അനശ്വര ഗായകന്.
© ജയകൃഷ്ണന് കാവാലം
Wednesday, September 3, 2008
Subscribe to:
Post Comments (Atom)
18 comments:
കഥ കലക്കീ.പക്ഷേ അവളെ കല്യാണം കഴിക്കാതിരുന്നതു നന്നായി.കഴിച്ചിരുന്നേല് ദേവതയെ പൂജിക്കുന്ന പോലെ പൂജിക്കുകയല്ലേ ചെയ്യൂ..
എന്നെ ഒന്നും ചെയ്യണ്ടായേ..ഞാന്‍ ഇവിടെ എങ്ങും വന്നില്ലേ !
വളരെ നന്നായിട്ടുണ്ട്..ഒരു നഷ്ടസ്വപ്നത്തിന്റെ ബാക്കിപത്രം വളരെ ഒഴുക്കോടെ..മനോഹരമായി വിവരിച്ചിരിയ്ക്കുന്നു..
ugran ! nannayi vivarichirikkunnu. nalla ozhukkulla ezhuth.
adipoli.
( apologies for the comments in manglish. )
പോസ്റ്റ് കലക്കി...ഈശര"പ്രേമം" നന്നായി..
വളരെ മനോഹരം...
ആശംസകൾ...
അപ്പോള്‍ ഈ താറ്റി അതിനുശേഷമാണോ???
ഒരിക്കലും ഞാനവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല’. സത്യം?
കാന്താരിക്കുട്ടി: വന്നില്ല അല്ലേ? വന്നതു പോലെ എനിക്കു തോന്നിയതായിരിക്കും. പറഞ്ഞതു ശരിയാണ്. അവളുടെ കണ്ണുകളില്‍ നോക്കി യുഗങ്ങളോളം ഞാനിരുന്നേനെ. ഒരു പ്രേമ സന്യാസിയായി...
കേരള ഇന്‍സൈഡ്: സന്ദര്‍ശനത്തിനും താങ്കളുടെ ഈ നിസ്വാര്‍ത്ഥ സേവനത്തിനും നന്ദി.
മയില്‍പീലി: നഷ്ടസ്വപ്നം എന്ന വാക്കിനു മറുപടി പറയാന്‍ കഴിയുന്നില്ല. എങ്കിലും ഒന്നു പറയാം. ഈ കഥയിലെ സെഞ്ചോമോന്‍, വാവക്കുട്ടന് അമ്മാവന്, പോസ്റ്റ്മാന് കുട്ടപ്പന് ചേട്ടന്, എന്റെ അമ്മ, ബാക്കിയുള്ള അമ്മാവന്മാര്, ഇവരെയെല്ലാം കാവാലത്ത് വന്നാല്‍ കാണുവാന്‍ സാധിക്കും. അവരെല്ലാം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ്. പക്ഷേ ഈ കഥയിലെ നായിക...
ഇസാദ്: സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു.
സ്മിത ആദര്‍ശ്: ഈശ്വര പ്രേമം ഒന്നു മാത്രമല്ലേ ഈ ഭൂമിയില്‍ ശാശ്വതമായുള്ളൂ എന്ന് പണ്ട് കമുകറ പുരുഷോത്തമന് എന്ന അനശ്വര ഗായകന്, പിന്നെ ഇപ്പോള്‍ നമ്മുടെ തൃക്കൊടിത്താനം സച്ചിദാനന്ദനും പാടിയിട്ടില്ലേ...
പിന്: മനോഹരമായതെന്താ? ഞാനോ അതോ അവളോ? സന്ദര്‍ശനത്തിനു നന്ദി
പ്രിയ ഉണ്ണികൃഷ്ണന്: താടി അതിനുശേഷമല്ല. അന്നു താടി കിളിര്‍ക്കാന്‍ തുടങ്ങിയിരുന്നില്ല. എന്നിലെ ‘മടിയന്റെ’ പ്രതീകമാണാ താടി. അതു മാത്രമല്ല തമോഗര്‍ത്തം എന്ന പേ|രില്‍ ആധുനിക ശാസ്ത്രം വിളിക്കുന്ന അന്ധകാരമയമായിരുന്ന മൂല പ്രകൃതിയുടെ പ്രതീകം കൂടിയാണിത്.
ലതി: സത്യം. ദിവ്യപ്രേമത്തിന് ബന്ധനങ്ങളില്ല. സമര്‍പ്പണം മാത്രം. പരിപൂര്‍ണ്ണമായ സമര്‍പ്പണം.
കൊള്ളാം ചേട്ടാ; ലളിതവും സുന്ദരവുമായ എഴുത്ത്..ആശംസകള്‍
എങ്കിലും എവിടെയോ ഒരു നഷ്ടബോധം തോന്നുന്നു...നേരത്തെ പറയാമായിരുന്നില്ലേ ആ കുട്ടിയോട്...എങ്കിലീകഥ മറിച്ചാവുമായിരുന്നില്ലേ
എനിക്കും ഒരു ദേവിയുണ്ടായിരുന്നു ഒരു നാള്...ഇന്ന് അതൊക്കെ പോയി...
താമ്രപര്ണ്ണി നമ്മുടെ കുഴിത്തുറയിലെ ആ നദി തന്നെയാണോ...ഞാന്‍ എല്ലാ ദിവസവും അതിലേ പോകാറുണ്ട്....മാര്ത്താണ്ടത്തിലേയ്ക്ക്....
കലക്കീട്ടുണ്ട്.. :) വായിക്കാന്‍ സുഖമുള്ള എഴുത്തു. ആശംസകള്‍.
നന്നായി എഴുതിയിരിക്കുന്നു....
പോയാല്‍ പോട്ടെന്നേ. ഇതല്ലെങ്കില്‍ വേറൊന്നു്.
ഹരീഷ് തൊടുപുഴ: സ്വാഗതം, നഷ്ടബോധം തോന്നേണ്ട കാര്യമൊന്നുമില്ല. കാരണം ഇതിനു തൊട്ടു മുമ്പത്തെ പോസ്റ്റില്‍ ‘ആത്മാവു നേടുന്ന ലാഭമാണ് സ്നേഹം’ എന്നൊരു വരിയുണ്ട്. ആ ലാഭം നമുക്കുള്ളപ്പോള്‍ മറ്റേതു നഷ്ടമാണ് അതിനുപരിയായി ഉള്ളത്?
ശിവ: താമ്രപര്ണ്ണി കുഴിത്തുറയിലുള്ളതു തന്നെ. കുഴിത്തുറയ്ക്കും വെട്ടുമണിക്കും ഇടയിലൂടെ ഒഴുകുന്ന നദി.
റഫീക്, ശാരു, എഴുത്തുകാരി: എല്ലാവര്ക്കും സ്വാഗതം; ഒന്നും എവിടെയും പോയിട്ടില്ല എഴുത്തുകാരി, എല്ലാം എല്ലായ്പ്പോഴും നിലനില്‍ക്കില്ലെങ്കിലും സ്നേഹം അനശ്വരമത്രേ... അതെവിടെയും പോവില്ല.
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി... മുത്തു പൊഴിയുന്ന കാവാലം ഇനിയും തുടരും. ഇത് ഏഴാമത്തേതാണ്. 7,6,5,4, എന്നീ ക്രമത്തില്‍ പിന്‍പോട്ട് പോസ്റ്റ് ചെയ്യാമെന്നു കരുതി.
ഒരു പ്രണയം വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു അല്ലെ? എന്നാലും പ്രണയം അതെന്നും ഓര്‍മ്മകളില്‍ ജീവിയ്ക്കും
:)
തള്ളേ ...പൊളപ്പന്‍ പ്റേമം...കലക്കിയണ്ണാ....കൃഷ്ണപുരം ബസ്റ്റോപ്പിലും,ചങ്ങനാശ്ശേരി കാവാലം ബോട്ടിലും ഞാനും കുറെക്കാലം "വെരെകി" നടന്നതാ...ആരാ അണ്ണാ.. ഈ ഹീറോയിന്...
സരിജ: പ്രണയം വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു എന്നു പറയല്ലേ... ഇന്നും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടാണ് നമ്മളൊക്കെ നിലനിന്നു പോകുന്നതു തന്നെ.
അനൂപ് തിരുവല്ല: സ്വാഗതം ഈ മൌനത്തിനെത്ര ഭംഗി... വീണ്ടും സ്വാഗതം
മനു: സ്വാഗതം, ഉത്തരമില്ലാത്ത ചോദ്യങ്ങളൊന്നും ചോദിക്കല്ലേ. കൃഷ്ണപുരം ബസ്റ്റോപ്പിലും, ബോട്ടില്ലുമൊക്കെ വെരകി നടന്നപ്പോള്‍ കണ്ടിരുന്നുവോ ഒരു പണിക്കരുസാറിനെയും അനന്തിരവനെയും?
എല്ലാവര്ക്കും വീണ്ടും നന്ദി
Post a Comment