Monday, September 8, 2008

നാടകത്തിലെ നാടകങ്ങള്‍ (മുത്തു പൊഴിയുന്ന കാവാലം 6)

ബഹുമാനപ്പെട്ട അദ്ധ്യാപകരേ, കലാസ്നേഹികളായ പ്രിയ സഹപാഠികളേ... ജയകൃഷ്ണന്‍ പണിക്കര്‍ ഏഴ് ബി യും സംഘവും അവതരിപ്പിക്കുന്ന നാടകം ആരംഭിക്കുകയായി. ഈ നാടകത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ കണ്ടെത്തിയാല്‍ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.

കാവാലം സ്കൂളിന്‍റെ വാര്‍ഷിക മീറ്റിംഗാണ് വേദി. ഏഴാം ക്ലാസ്സുകാരായ ഞങ്ങള്‍ കുറേ കലാകൊലപാതകികളായ (എന്നാണ് മറ്റുള്ളവര്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നത്‌) നാടകം തുടങ്ങാന്‍ പോകുന്നു...

ദിലീപ്, പ്രതീഷ്, പ്രദീപ്, രതീഷ് തുടങ്ങി ജീവിതത്തിന്‍റെ ഓരോ നിമിഷവും മനസ്സില്‍ കരുതി വയ്ക്കാന്‍ പോന്ന ഒരുപിടി കൂട്ടുകാരുണ്ടെനിക്കവിടെ. കുഞ്ഞു മനസ്സുകളുടെ വലിയ സ്വപ്നസാക്ഷാത്കാരമായ ആ നാടകത്തിനുവേണ്ടി ഒന്നു ചേര്‍ന്നു പ്രവര്‍ത്തിച്ച ആത്മസുഹൃത്തുക്കള്‍...

വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെല്ലാവരും ഈ നാടകത്തിനായി തയ്യാറെടുത്തത്‌. മൂന്നു വര്‍ഷം കഴിഞ്ഞു വരാന്‍ പോകുന്ന പത്താം ക്ലാസ്സ് പരീക്ഷയുടെ പേരു പറഞ്ഞ് സാറന്മാരും, വീട്ടുകാരും പീഡിപ്പിക്കുന്ന കാലമാണ്. നന്നാകാന്‍ വലിയ ഉദ്ദേശ്യമൊന്നുമില്ലായിരുന്ന ഞങ്ങള്‍ ആ പീഡനങ്ങളെ വകവയ്ക്കാതെ തട്ടിക്കൂട്ടിയ നാടകമാണ്. നാടകത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ സ്കൂളില്‍ ചോദ്യം ചോദിക്കലും, അടി തരീലും കൂടുതലായി. കൂട്ടത്തില്‍ “നാടകോം കളിച്ച് കണ്ടവന്‍റെ മാവേലും എറിഞ്ഞ് നടന്നോളും” എന്നുള്ള ടീച്ചറന്മാരുടെ വഴക്ക് വേറെയും. അപ്പൊഴും കലാസ്നേഹവും, വിദ്യാര്‍ത്ഥികളോട്‌ പുത്രനിര്‍വിശേഷമായ വാത്സല്യവുമുള്ള മഹേശ്വരിദേവി ടീച്ചറും, പറവേലി ശാന്തമ്മ ടീച്ചറും മാത്രം എല്ലാ സഹായങ്ങളും ഞങ്ങള്‍ക്കു ചെയ്തു തന്നു പ്രോത്സാഹിപ്പിച്ചു. ബാക്കിയുള്ളവര്‍ അടിയും തന്നു പ്രോത്സാഹിപ്പിച്ചു. അടി ഞങ്ങള്‍ക്കു പ്രോത്സാഹനം തന്നെയായിരുന്നു. അങ്ങനെ തല്ലിനെ തലോടലാക്കി ഞങ്ങളുടെ പരിശീലനം മുന്നേറി.

സ്കൂളിനടുത്തുള്ള എന്‍റെ വീട്ടിലെ വിറകുപുരയായിരുന്നു ഞങ്ങളുടെ പരിശീലന കേന്ദ്രം. എല്ലാ ദിവസവും ഫുള്‍ മേയ്ക്കപ്പിട്ടു മാത്രമേ ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്യൂ. റിഹേഴ്സലിനു മുന്‍പേ എല്ലാ ദിവസവും ഓരോ തേങ്ങാ ഗണപതിക്കടിക്കും. പേരു ഗണപതിക്കും, തേങ്ങാ ഞങ്ങള്‍ക്കും. പിള്ളേരുടെ ഈ കളികളൊക്കെ കണ്ട്‌ അമ്മയും, അപ്പൂപ്പനും ചിരിക്കും. ബഹളം കൂടിക്കൂടി വരുമ്പോള്‍ ഇടക്കിടെ വന്നു ഭീഷണിപ്പെടുത്താനും അവര്‍ മറന്നില്ല. വാവക്കുട്ടനമ്മാവന്‍ കോളേജ് വിട്ട് അതു വഴി പോകുമ്പോള്‍ ഞങ്ങളെല്ലാവരും നിശ്ശബ്ദരാകും. വാവക്കുട്ടനമ്മാവന്‍ ഞങ്ങള്‍ക്കൊരു പേടിസ്വപ്നമായിരുന്നു. ഞങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ അമ്മാവന് എന്തോ വലിയ ഒരു താത്പര്യമായിരുന്നു. ഗണപതിയുടെ പേരില്‍ പൊട്ടിച്ച് നാടകക്ഷീണം വരുമ്പോള്‍ തിന്നാന്‍ സൂക്ഷിച്ചു വയ്ക്കുന്ന തേങ്ങ അടിച്ചു മാറ്റുക, കഷ്ടപ്പെട്ടുണ്ടാക്കുന്ന മുഖം മൂടികള്‍, ആയുധങ്ങള്‍ തുടങ്ങിയവ തല്ലിപ്പൊട്ടിക്കുക തുടങ്ങിയ ‘പാരപ്രവര്‍ത്തനങ്ങള്‍‘ അമ്മാവനു ഹരമായിരുന്നു. ചുമ്മാ ഞങ്ങളുടെ കൂടെ ഒരു ഗുസ്തി അത്രേയുള്ളായിരുന്നു അമ്മാവന്. അമ്മാവന് അന്നും മാവേല്‍ എറിയുന്ന പ്രായം തന്നെയായിരുന്നു. (അമ്മാവന്‍ ഇപ്പൊഴും മാവേല്‍ എറിയും അതു വേറേ കാര്യം). പ്രായം കൊണ്ട്‌ മൂത്തതാണെങ്കിലും, അദ്ധ്യാപകനാണെങ്കിലും മനസ്സുകൊണ്ട്‌ അമ്മാവനും ഏഴാംക്ലാസ്സുകാരനായിരുന്നു.

നാടക റിഹേഴ്സല്‍ കഴിഞ്ഞു. നാടകത്തിലെ കലാകാരന്മാര്‍ ഉറക്കത്തില്‍ സ്വപ്നം കണ്ട് നാടക ഡയലോഗുകള്‍ വിളിച്ചു പറയാന്‍ തുടങ്ങി. മനസ്സില്‍ പതിഞ്ഞു പോയ കഥാപാത്രങ്ങള്‍ അടുത്തു കിടന്നുറങ്ങുന്ന അച്ഛനേക്കേറി, “തല്ലരുതു സാറേ ഞാന്‍ സത്യമാ പറഞ്ഞേ” എന്നും “പ്രിയതമേ ഇങ്ങടുത്തു വരൂ” എന്നുമൊക്കെ നാടക ഡയലോഗുകള്‍ വിളിച്ചു കൂവാന്‍ തുടങ്ങി. എല്ലാവരിലും വളര്‍ന്നു വരുന്ന ആത്മവിശ്വാസത്തിന്‍റെ അടയാളങ്ങളായിരുന്നു അത്‌.

ആ നാടകമാണ് ഇപ്പോള്‍ നമ്മുടെ സ്റ്റേജില്‍ തയ്യാറായി നില്‍ക്കുന്നത്‌ !!

ആ സമയത്തു ഞങ്ങള്‍ക്കൊരു പ്രതിയോഗിയുണ്ടായി. ഏഴാംക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഹരികൃഷ്ണനും കൂട്ടരും ഞങ്ങളെ തോല്‍പ്പിക്കാന്‍ വേറെ ഒരു നാടകവുമായി രംഗത്തു വന്നു. അവരും റിഹേഴ്സല്‍ പൊടിപൊടിച്ചു നടത്തി.
അടി, പിടി, കൊലപാതകം, പോലീസ്‌ ഇതൊക്കെ ആ പ്രായത്തിലെ ഞങ്ങളുടെ നാടകസങ്കല്പങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്ത ചേരുവകളായിരുന്നു. ഞങ്ങളുടെ നാടകത്തിന്‍റെ പേരു തന്നെ ‘കലാപം‘ എന്നായിരുന്നു. ആ നാടകത്തില്‍ അഭിനയിച്ച മഹേഷ് എന്നൊരു സഹപാഠിയെ ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു. ആ പ്രായത്തില്‍ ഇത്ര തന്മയീഭാവത്തോടെ അഭിനയിക്കാന്‍ കഴിയുന്നത്‌ ഒരനുഗ്രഹം തന്നെയാണ്. അയാള്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും എനിക്കറിയില്ല. അവന്‍ വളര്‍ന്നൊരു കലാകാരനായോ? അതോ ജീവിതനാടകത്തില്‍ അര്‍ത്ഥമറിയാത്ത വേഷങ്ങളാടി....... അറിയില്ല.

ഞങ്ങള്‍ക്ക് സാങ്കേതിക പരിചയം തീരെയില്ലായിരുന്നു. അമ്പലപ്പറമ്പില്‍ പോലും ഞങ്ങളാരും നാടകം കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ കാവാലത്തുകാര്‍ക്ക് ഇതൊന്നും കണ്ടിട്ടു വേണ്ട ചെയ്യാന്‍. അതാ മണ്ണിന്‍റെ പ്രത്യേകതയാണ്. പ്രകൃതിയുടെ അനുഗ്രഹമാണ്. അവിടുത്തെ ഓരോ മണ്‍ തരിയിലും കലയുണ്ട്‌. ഇളംകാറ്റിന് കൊയ്ത്തുപാട്ടിന്‍റെ ശീലുണ്ട്‌. വള്ളം തുഴയുന്ന രാഘവനും, മരം വെട്ടുന്ന രാജപ്പനും, മെതിക്കാന്‍ വരുന്ന പെണ്ണാളിനുമെല്ലാം ഒരു താളമുണ്ട്‌. അതെന്‍റെ നാടിന്‍റെ താളമാണ്. തെക്കേവാര്‍ഡിലെ പെണ്ണുങ്ങള്‍ തമ്മില്‍ തമ്മില്‍ ചീത്തവിളിക്കുന്നതിനും, സഹി കെടുമ്പോള്‍ കെട്ടിയവന്മാര്‍ എടുത്തിട്ടു തല്ലുന്നതിനും, എന്തിന് അവരുടെ ഉച്ചത്തിലുള്ള നിലവിളിക്കു പോലും ഒരു പ്രത്യേക താളമാണുള്ളത്‌.

വീട്ടില്‍ മുറ്റം തൂക്കാന്‍ വരുന്ന ഭാര്‍ഗ്ഗവിയുടെ ഏമ്പക്കം വിടീലിനും, അച്ചാമ്മയുടെ തുണിയലക്കിനും, കടയിലെ ജോര്‍ജ്ജ്കുട്ടിച്ചായന്‍റെ മിഠായി എണ്ണലിനും കൊച്ചു വള്ളത്തില്‍ മീനും കൊണ്ടു പോകുന്ന മീന്‍ കാരന്‍റെ കൂവലിനും പോലും എന്‍റെ നാടിന്‍റെ ഈണവും, താളവുമുണ്ട്‌. ഇതൊന്നും കാവാലം കര വിട്ടു മറ്റൊരു നാട്ടിലും കണ്ടിട്ടില്ല. ഇതൊക്കെ ഓരോ കാവാലത്തുകാരനും സ്വന്തം.

ഞങ്ങള്‍ ഞങ്ങളുടേതായ സ്റ്റൈലില്‍ ചോര, തോക്ക് പിച്ചാത്തി, വേഷങ്ങള്‍, പ്രകാശസം‌വിധാനം എല്ലാം ഉണ്ടാക്കി. ഹരികൃഷ്ണന്‍റെ ഗ്രൂപ്പിലെ ശ്യാമിന്‍റെ അച്ഛന്‍ ക്ഷേത്രജീവനക്കാരനായിരുന്നു. അതിനാല്‍ അവന്‍ ഗുരുതിക്കു രക്തം ഉണ്ടാക്കുന്ന രീതിയില്‍ ചുണ്ണാമ്പും, കരിക്കിന്‍ വെള്ളവുമൊക്കെ ചേര്‍ത്തു ചോരയുണ്ടാക്കിയതു ഞങ്ങളില്‍ അസൂയയുണ്ടാക്കി. അവരുടെ ‘സാങ്കേതിക വിദ്യ’ ഞങ്ങളുടേതിനേക്കാള്‍ മെച്ചമാണെന്ന് മറ്റു കുട്ടികള്‍ വിധിയെഴുതി.

പിള്ളേരു നാടകങ്ങളിലെ ഏറ്റവും മുന്തിയ വേഷമായ പോലീസ്‌ വേഷം ഞാനും, കൂട്ടുകാരന്‍ പ്രദീപും ചെയ്തു. വില്ലനായി മഹേഷും, വില്ലന്‍റെ സഹായിയായി സണ്ണിച്ചനും വേഷമിട്ടു. അങ്ങനെ നാടകം വേദിയിലേറുകയായി...

ഞങ്ങള്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു ഭയാനകമായ കുറ്റാന്വേഷണ നാടകം കലാപം... രചന, സം‌വിധാനം, രംഗപടം, കത്തി നിര്‍മ്മാണം, തോക്കു നിര്‍മ്മാണം, സംഗീതം, അഭിനയം ജയകൃഷ്ണന്‍ പണിക്കര്‍ ഏഴ് ബി (കാഴ്ച്ചക്കാരന്‍???) മൈക്ക് വിളിച്ചു കൂവി. അതിനേക്കാളുച്ചത്തില്‍ വേദിയിലിരുന്ന പിള്ളേരും കൂവി. അതു കേട്ട് പൂക്കൈതയാറ്റിലെ പ്രതിധ്വനി കൂടെ കൂവി.

തിരശ്ശീല ഉയര്‍ന്നു.

മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള അര സെന്‍റീമീറ്റര്‍ സ്ഥലത്ത് നാലിഞ്ചു വീതിയുള്ള മീശയും, ടെക്നിക്കല്‍ സ്കൂളില്‍ പഠിക്കുന്ന പരിചയക്കാരോട്‌ കടം വാങ്ങിയ അവന്മാരുടെ വിയര്‍പ്പിന്‍റെ നാറ്റമുള്ള കാക്കി ഷര്‍ട്ടും, വാവക്കുട്ടനമ്മാവന്‍ കോളേജില്‍ പോയ സമയം നോക്കി അമ്മൂമ്മയെ ചാക്കിട്ട് അടിച്ചു മാറ്റിയ അമ്മാവന്‍ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടു പോകുന്ന തൊപ്പിയും, ആരാന്‍റേം പറമ്പിലെ വേലിപ്പത്തലൂരി ലാത്തിയുമായി ഞങ്ങള്‍ പോലീസുകാരും, വില്ലന്മാരും അതി ഭയങ്കര അഭിനയം തന്നെ കാഴ്ച വച്ചു.

നാടകം അതിന്‍റെ അവസാന രംഗത്തിലേക്കു കടന്നു. സണ്ണിച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പോലീസിന്‍റെ വെടി കൊണ്ടു മരിക്കുകയാണ്. ഞങ്ങള്‍ വെടി വച്ചു. സണ്ണിച്ചന്‍ വെടി കൊണ്ട്‌ താഴെ വീണു. വീണു കഴിഞ്ഞപ്പോഴാണറിഞ്ഞത്‌, ചോര കലക്കിയത്‌ ഒരു പ്ലാസ്റ്റിക്ക് കൂട്ടില്‍ കിഴി കെട്ടി അണിയറയിലെ മേശപ്പുറത്തു വച്ചിരിക്കുകയാണ്. അതെടുക്കാന്‍ സണ്ണിച്ചന്‍ മറന്നു പോയി.

“എടാ ചോര, എടാ ചോര...“ സണ്ണിച്ചന്‍ പതിഞ്ഞ സ്വരത്തില്‍ മഹേഷിനോടു പറഞ്ഞത്‌ സ്റ്റേജില്‍ വച്ചിരുന്ന മൈക്ക്‌ ഉറക്കെ നാട്ടുകാരെ കേള്‍പ്പിച്ചു. കുട്ടികള്‍ അതു കേട്ടെന്ന്‌ ഞങ്ങളെ കൂവി അറിയിച്ചു.

ഏതായാലും അണിയറയില്‍ നിന്നിരുന്ന ഞങ്ങളുടെ ഏതോ ഒരു സഹപാഠി പിന്‍ വശത്തെ കര്‍ട്ടന് അടിയിലൂടെ ചോരയെടുത്ത്‌ താഴെ വീണു കിടന്നിരുന്ന സണ്ണിച്ചനെ ഏല്പിച്ചു. സണ്ണിച്ചന്‍ വളരെ ഭംഗിയായി തന്നെ ആ രംഗം അഭിനയിക്കുകയും ചെയ്തു. സ്റ്റേജിന്‍റെ പിന്നിലോട്ടു മാറി ഒരരുകില്‍ അവന്‍ കണ്ണും തുറിച്ചു കിടന്നു. ചാകുമ്പോള്‍ കണ്ണടക്കരുതെന്ന്‌ അവനോടു പ്രത്യേകം പറഞ്ഞിരുന്നു.

സണ്ണിച്ചന്‍ അവിടെ കിടക്കുമ്പോള്‍ തന്നെ ഏതാനും ഡയലോഗുകള്‍ കൂടിയുണ്ട്‌. അതു കഴിഞ്ഞു ഞങ്ങള്‍ മഹേഷിനെയും അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതോടെ നാടകം തീരുകയാണ്. കാഴ്ചക്കാരില്‍ ആകാംക്ഷ വര്‍ദ്ധിച്ചതു പോലെ ഞങ്ങള്‍ക്കു തോന്നി. അവര്‍ ആഞ്ഞാഞ്ഞു ചിരിക്കുന്നതും, ആര്‍ത്തു വിളിക്കുന്നതും കണ്ടപ്പോള്‍ ഞങ്ങളുടെ അഭിനയത്തിന്‍റെ മികവിനെ ഓര്‍ത്തു ഞങ്ങള്‍ അഭിമാനിച്ചു. അഭിമാനം കൂടിയപ്പോള്‍ അഭിനയം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടുമിരുന്നു. ടീച്ചര്‍മാര്‍ ചിരിച്ചു ചിരിച്ചു ക്ഷീണിച്ചു. അപ്പൊഴും ഞങ്ങടെ അഭിനയം ഇത്രേം ഭയങ്കരമാണോ എന്നു ഞങ്ങള്‍ ചിന്തിച്ചു.

അവസാനം നാടകം കഴിഞ്ഞു. തിരശ്ശീല വീണു. ഞങ്ങള്‍ അണിയറയില്‍ ചെന്നപ്പോള്‍ അവിടെ ഓടിയണച്ചു വന്ന ദിലീപ് എന്ന സഹപാഠി പറഞ്ഞു ‘ആ ചത്തു കിടന്ന സണ്ണിച്ചന്‍ അവിടെ കിടന്നു ചിരിക്കുവാരുന്നെന്ന്‌‘

കണ്ണും തുറന്നു ചത്തു കിടന്ന സണ്ണിച്ചനെ വേദിയിലിരുന്ന ഏതോ ഒരുത്തന്‍ ഗോഷ്ഠി കാണിച്ചു, അതും അവിടെയിരുന്ന കാണികളെയും കണ്ടപ്പോള്‍ സണ്ണിച്ചന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. കണ്ണടക്കാനും പാടില്ലല്ലോ. അതാണ് ചത്തു കിടന്നവന്‍ ചിരിച്ചത്‌. അതു കണ്ടിട്ടായിരുന്നു, അല്ലാതെ ഞങ്ങളുടെ അഭിനയം കണ്ടിട്ടായിരുന്നില്ല എല്ലാവരും ചിരിച്ചത്‌.

അടുത്തത്‌ ഹരികൃഷ്ണന്‍റെയും കൂട്ടരുടെയും നാടകമാണ്. ഞങ്ങള്‍ക്കു പറ്റിയ ഈ മണ്ടത്തരങ്ങള്‍ കാരണം സമ്മാനം പോകുമോ എന്നു ഞങ്ങള്‍ ഭയന്നു. തോറ്റു പോയാല്‍ പിന്നെ ക്ലാസ്സിലേക്കു ചെല്ലണ്ട. കളിയാക്കി ഒരു വഴിക്കാക്കും. ഏതായാലും വരുന്നതു വരട്ടെ എന്നു കരുതി ഞങ്ങള്‍ വിളിച്ചു പറഞ്ഞു:

ഇത്രയും സമയം ഞങ്ങള്‍ അവതരിപ്പിച്ച ഈ ഹാസ്യ നാടകം ക്ഷമയോടെ കണ്ടാസ്വദിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു...

ആദ്യം വിളിച്ചു പറഞ്ഞിരുന്നത്‌ ‘അതിഭയങ്കര കുറ്റാന്വേഷണ നാടക‘മെന്നായിരുന്നു.
അവരുടെ നാടകവും വേറേ ഒരു നാടകമുണ്ടായിരുന്നതും കഴിഞ്ഞു. ഏതായാലും വേദിയില്‍ പുറം തിരിഞ്ഞു നിന്നു എന്നതിനാല്‍ ആ നാടകം ഫൌളായി. ഞങ്ങള്‍ക്കു ഫസ്റ്റ് കിട്ടി. നാണക്കേടില്‍ നിന്നും ഒഴിവാകുകയും ചെയ്തു.

എങ്കിലും കുറേ നാള്‍ കൂടി ആ നാടകത്തെക്കുറിച്ചോര്‍ത്ത് ചിരിക്കുവാന്‍ ഞങ്ങളുടെ ടീച്ചര്‍മാര്‍ മറന്നില്ല.

കാവാലത്തിന്‍റെ മായാത്ത ഓര്‍മ്മകള്‍...

© ജയകൃഷ്ണന്‍ കാവാലം

8 comments:

കാവാലം ജയകൃഷ്ണന്‍ said...

മുത്തു പൊഴിയുന്ന കാവാലം 6ആം ഭാഗം

ജിജ സുബ്രഹ്മണ്യൻ said...

അതി ഭയങ്കര കുറ്റാന്വേഷണ നാടകത്തിന്റെ ക്ലൈമാക്സ് കണ്ട് കണ്ണും പൂട്ടി ചിരിച്ചു പോയി.എന്നാലും സണ്ണിക്കുട്ടന്റെ ഒരു ചിരിയേ..മരിച്ചുകിടക്കുമ്പോളും ചിരിച്ചു കിടക്കണം എന്നു സണ്ണിക്കുട്ടനറിയാരുന്നു..


അപ്പോള്‍ നല്ല ഒരു നടനായിരുന്നു അല്ലേ..

അജ്ഞാതന്‍ said...

കൊള്ളാലോ..

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

riyaz ahamed said...

'വേദിയില്‍ പുറം തിരിഞ്ഞു നിന്നു എന്നതിനാല്‍ ആ നാടകം ഫൌളായി.'- ഇദാണു ഗ്രേറ്റ്!

ഹരീഷ് തൊടുപുഴ said...

മാഷെ,
വീണ്ടും, കാവാലത്തിന്റെ ഒരോര്‍മ്മക്കുറിപ്പ് കൂടി... വായിച്ചാസ്വദിച്ചു...അഭിനന്ദനങ്ങള്‍

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടി: ചത്തു കിടന്നാലും ചമഞ്ഞു കിടക്കുക എന്നു കേട്ടിട്ടില്ലേ? പക്ഷേ സണ്ണിച്ചന്‍റെ ചമയല്‍ ഞങ്ങള്‍ക്കു പാരയായി എന്നു മാത്രം. നല്ല നടനായിരുന്നു എന്നല്ല, ഇപ്പോഴാണ് ശരിക്കും അഭിനയിക്കുന്നത്‌... ജീവിതത്തില്‍ !
അജ്ഞാതന്‍: സ്വാഗതം
രിയാസ്‌ അഹമ്മദ്‌: അതൊരു ശരിയായ നിയമം ആണോ എന്നറിയില്ല. ഏതായാലും അന്നത്തെ നാടകമത്സരങ്ങളുടെ ഒരു പ്രധാന മാനദണ്ഡമായിരുന്നി ഇത്‌. മത്സരാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയും. സമ്മാനം കിട്ടില്ലെന്നു മാത്രമല്ല ഫൌള്‍ ആക്കിക്കളയും.
ഹരീഷ് തൊടുപുഴ: കാവാലം പകര്‍ന്നു നല്‍കിയ ഓര്‍മ്മകള്‍, അതു വളരെ വലിയ ഒരു സമ്പത്താണ്. മണ്ണും പ്രകൃതിയുമായി ഇണങ്ങി വളരെക്കുറച്ചു കാലം മാത്രമേ അവിടെ ജീവിച്ചുള്ളുവെങ്കിലും എന്നെ ഇന്നും ഒരു ഗ്രാമീണനായി നിലനിര്‍ത്തുന്നത് ആ കൊച്ചു ഗ്രാമമാണ്. ഒരിക്കല്‍ വരിക എന്‍റെ നാട്ടിലേക്ക്...

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

smitha adharsh said...

നാടകവും,പോസ്റ്റും കലക്കി കേട്ടോ..
ആ പൂക്കൈതയാറ്റിലെ പ്രതിധ്വനി കൂടെ കൂവിയത് ഇഷ്ടായി...ഒരുപാടു ഒരുപാട്..

കാവാലം ജയകൃഷ്ണന്‍ said...

ഹ ഹ അടുത്ത നാടകക്കഥ ഉടന്‍ തന്നെ വരുന്നുണ്ട്... പൂക്കൈത ഒരു കുസൃതിപ്പെണ്‍കൊടിയാണ്. അവളെപ്പോഴും അങ്ങനെയാണ്. എന്‍റെ സ്വപ്നങ്ങള്‍ക്കു കൂട്ടിരുന്ന എന്‍റെ നിത്യകാമുകി

നന്ദി സ്മിത ആദര്‍ശ്

 
Site Meter