Tuesday, January 13, 2009

പ്രണയത്തിന്‍റെ രസതന്ത്രം (കൂടെ ഒരു പ്രണയ ലേഖനവും)

കാമുകന്‍ എന്നു പറയുന്നവന്‍ ഒരു ഭയങ്കരന്‍ തന്നെയാണ്. ആരും കാമുകനായി ജനിക്കുന്നില്ല. സാഹചര്യവും അവനെ കാമുകനാക്കുന്നില്ല. എന്നാല്‍ മഹാശക്തനായ സാക്ഷാല്‍ കാമദേവന്‍റെ കൃപാകടാക്ഷം ഒന്നു കൊണ്ടു മാത്രമാണ് ഒരുവന്‍ കാമുകനായിത്തീരുന്നത്.

കൃപാകടാക്ഷം എങ്ങനെ, ഏതു രീതിയില്‍ ഒരാളില്‍ വന്നു പതിക്കുമെന്നു പ്രവചിക്കുവാന്‍ കഴിയില്ല. ഈ വ്യത്യസ്തതയാണ് ഓരോ പ്രണയത്തെയും വ്യത്യസ്തമാക്കുന്നതും, പ്രണയം എന്ന കലാപരിപാടിയുടെ പുതുമ നഷ്ടമാവാതെയിരിക്കുന്നതിന്‍റെ രഹസ്യവും.

പണ്ടു കാലത്തു പ്രണയം മരച്ചുവട്ടിലും, കടത്തു വള്ളത്തിലും, ഒറ്റത്തടിപ്പാലത്തിന്‍റെ നടുക്കും അങ്ങനെ വളരെ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം പൂവിട്ടിരുന്നെങ്കില്‍ ഇന്ന്‌ അതിനു കൂടുതല്‍ വിശാലത കൈവന്നിരിക്കുന്നു. നമ്മുടെ നാടു വികസിക്കുന്നില്ലെന്നു മുറവിളി കൂട്ടുന്നവര്‍ ഈ ‘വികാസങ്ങളൊന്നും’ അറിയുന്നില്ലായിരിക്കുമോ?

ഇന്നു തരാതരത്തിലുള്ള ഐസ്ക്രീം പാര്‍ലര്‍, കോഫി ഷോപ്പുകള്‍, തുടങ്ങി ഷോപ്പിംഗ് മാളുകളും, മള്‍ട്ടിപ്ലക്സുകളും വരെ പ്രണയിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. മരം ചുറ്റി നടന്നു പ്രേമിച്ച് തലയില്‍ കാക്കയുടെ ‘കടാക്ഷം’ ഏറ്റു വാങ്ങാതെ. എയര്‍കണ്ടീഷണറിന്‍റെ തണലിലും, മുണ്ടകന്‍ പാടത്തിന്‍റെ വരമ്പില്‍ നിന്നും സൈബര്‍ പാര്‍ക്കുകളുടെ ഇടനാഴികളിലേക്കും, റെഡിമേഡ് പൂന്തോട്ടങ്ങളിലേക്കുമൊക്കെ അവര്‍ തങ്ങളുടെ പ്രണയത്തെ വ്യാപരിപ്പിച്ചിരിക്കുന്നു.

പ്രേമലേഖനങ്ങള്‍ക്കും ഒട്ടേറെ മാറ്റങ്ങള്‍ കൈവന്നിരിക്കുന്നു. പണ്ടു കാലത്ത് ശകുന്തള മുതല്‍ എഴുതിയും, അതിനേക്കുറിച്ചു കവികളും കലാകാരന്മാരും വര്‍ണ്ണിച്ചും മനോഹരമാക്കിത്തീര്‍ത്ത ഒന്നാണല്ലോ പ്രേമലേഖനങ്ങള്‍. ഒരു കാലഘട്ടത്തില്‍ മലയാളഭാഷയെ ധന്യമാക്കിയ ഒട്ടേറെ പ്രേമലേഖനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിവുള്ളവര്‍ പറയുന്നത്‌. എന്നാല്‍ ഇന്ന്‌ റഫറന്‍സിനു പോലും ഒരെണ്ണം കിട്ടാനില്ലാത്ത അവസ്ഥയാണ്.

ചില നാടന്‍ പ്രേമലേഖനക്കൈമാറ്റങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. കഥാപാത്രങ്ങള്‍ രണ്ടുപേരും എതിര്‍ ദിശയില്‍ നടന്നു വരും. രണ്ടു പേരും കണ്ട ഭാവം നടിക്കില്ല. കടന്നു പോകുന്ന സമയം കയ്യില്‍ നിന്നും ഓരോ കടലാസ്സ് താഴെ വീഴും രണ്ടു പേരും അതു കുനിഞ്ഞെടുത്ത് വന്ന പോലെ നടന്നു പോവുകയും ചെയ്യും. എന്നാല്‍ എടുക്കുന്ന കടലാസ്സുകള്‍ പരസ്പരം മാറിയിട്ടുണ്ടാവും. അതുപോലെ തന്നെ വേലി, മതില്‍, പുസ്തകം തുടങ്ങി പാമ്പിന്‍റെ പൊത്തു വരെ കമിതാക്കളുടെ പോസ്റ്റ്ബോക്സ് ആകാറുണ്ട്‌. ഒരു പക്ഷേ ലോകത്തെ ആദ്യത്തെ തപാല്‍ സര്‍വീസ് ഇങ്ങനെയായിരിക്കാം തുടങ്ങിയിട്ടുണ്ടാവുക. ഇക്കൂട്ടത്തില്‍ ഹംസം തുടങ്ങിയ സന്ദേശവാഹകരുടെ കാര്യം അവിസ്മരണീയമാണ്. എന്നാല്‍ ഇന്നു കഥ മാറി ഇ മെയിലുകളായി, എസ് എം എസ്സുകളായി, എം എം എസ്സുകളായി ഇങ്ങനെ പല പല മാധ്യമങ്ങളിലൂടെ പ്രണയം തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. എങ്കിലും പരമ്പരാഗത പ്രേമലേഖനങ്ങളുടെ ഊര്‍ജ്ജവും ഊഷ്മാവും ഇപ്പൊഴത്തെ ഇലക്ട്രോണിക് പ്രേമലേഖനങ്ങള്‍ക്കുണ്ടോ എന്നു സംശയമാണ്.

പ്രേമലേഖനങ്ങളുടെ എഴുത്തില്‍ തന്നെയുണ്ടായിരുന്നു പല പല ‘വെറൈറ്റികള്‍‘. ഇലച്ചാറുകൊണ്ടെഴുതുക, പഴച്ചാറുകൊണ്ടെഴുതുക തൂവല്‍ കൊണ്ടെഴുതുക. സ്വന്തം ശരീരം കീറി മുറിച്ച്‌ (ചില കള്ളക്കാമുകന്മാര്‍ വീട്ടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികളുടെ ചോര കൊണ്ടും) ‘ഇതെന്‍റെ ഹൃദയരക്തമാണ്’ തുടങ്ങി പ്രസ്തുത ലേഖനം വായിക്കുന്നയാളിന്‍റെ അലിയാത്ത ഹൃദയത്തെ മഞ്ഞു പോലെ അലിയിപ്പിക്കുന്ന ഡയലോഗുകളോടെയുള്ള എഴുത്ത്, ലേഖനം വായിക്കുന്നയാളിന്‍റെ ഇഷ്ടപ്പെട്ട നിറത്തിലുള്ള കത്തുകള്‍... തുടങ്ങി എത്രയെത്ര വ്യത്യസ്തമായ രീതികള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ എത്ര വര്‍ണ്ണിച്ചാലും തീരാത്ത വര്‍ണ്ണവിന്യാസങ്ങളുള്ള പ്രണയം ഭയങ്കര ഒരു സംഭവം തന്നെയാണ്. നൂറ്റാണ്ടുകളായി കവികള്‍ എഴുതിയിട്ടും തീരുന്നില്ല, നാട്ടിലുള്ളവരൊക്കെ പ്രേമിച്ചിട്ടും പ്രേമിച്ചിട്ടും തീരുന്നില്ല. പ്രേമിച്ചു തീരാഞ്ഞിട്ട് ഒന്നിച്ചു കെട്ടിത്തൂങ്ങിച്ചത്ത എത്രയോ പ്രേമരക്തസാക്ഷികള്‍ നമുക്കുണ്ട്‌.

‘കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ’ എന്ന് എത്ര ആത്മാര്‍ത്ഥതയോടെയാവും ഒരു കാലത്തെ (ഇപ്പൊഴും) കമിതാക്കളുടെ ഊര്‍ജ്ജകേന്ദ്രമായിരുന്ന കാല്പനികപ്രണയത്തിന്‍റെ ഭാവഗായകന്‍ വയലാര്‍ എഴുതിയിട്ടുണ്ടാവുക. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കൊണ്ടു തന്നെ പ്രേമസായൂജ്യം നേടിയ എത്രയോ കമിതാക്കള്‍ നമുക്കുണ്ട്‌. ഇനി അഥവാ സായൂജ്യം കിട്ടിയില്ലെങ്കിലോ?... മാനസ മൈനയും, സന്യാസിനിയും, സുമംഗലീ നീ യും തുടങ്ങി എത്രയോ വിരഹ ഗാനങ്ങള്‍ നമുക്ക് ആശ്വാസം വാഗ്ദാനം ചെയ്തു കാത്തു നില്‍ക്കുന്നു. സ്വന്തമായി വാക്കുകള്‍ ചിന്തിച്ചെടുത്ത് വിലപിക്കുവാന്‍ വിരഹ കാമുകീകാമുകന്മാര്‍ക്ക് ആ സമയത്തു സാധിച്ചില്ലെന്നു വരാം. അവിടെയും നമ്മുടെ കവികള്‍ എത്ര ഉദാരമതികളായിരിക്കുന്നു.

ഒരു വ്യക്തിയെ സ്വാര്‍ത്ഥനാക്കുന്നതും, ഉദാരനാക്കുന്നതും, കൊലപാതകിയാക്കുന്നതും വരെ ചിലയവസരങ്ങളില്‍ പ്രണയമാണെന്നു പറയാം. കണ്ണില്ലാത്ത പ്രസ്തുത കലാപരിപാടി തുടങ്ങിയാല്‍ പിന്നെ ഊണും വേണ്ട ഉറക്കവും വേണ്ട. പകല്‍ സമയം കിട്ടാത്ത ചില കള്ളക്കമിതാക്കളെ എനിക്കു നേരില്‍ പരിചയമുണ്ട്‌. പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനവും നട്ടപ്പാതിരായ്ക്ക് കൊടുമ്പിരിക്കൊണ്ട പ്രേമവുമായി കഷ്ടപ്പെടുന്നവര്‍. നമ്മുടെ നോട്ടത്തില്‍ ഇതൊരു കഷ്ടപ്പാടാണെങ്കിലും അവര്‍ക്ക് അതു ജീവിത ലക്ഷ്യം തന്നെയാണ്. ജന്മസാഫല്യമാണ്. നോക്കെത്താ ദൂരത്തിരിക്കുന്ന രണ്ടും കൂടി പാതിരാത്രിയില്‍ മൊബൈല്‍ കമ്പനിക്ക്‌ കാശും കൊടുത്ത് പ്രണയിക്കുമ്പോള്‍ ഇതു കമ്പനിയുടെ കോള്‍സെന്‍ററില്‍ ഉറക്കം തൂങിയിരിക്കുന്ന വല്ല കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനും ഒളിഞ്ഞു കേള്‍ക്കാന്‍ പറ്റുന്നുണ്ടോ എന്നാര്‍ക്കറിയാം. പിന്നെ, പ്രണയത്തിന്‍റെ ഭാഷയും, വ്യാകരണവുമൊക്കെ ഓരോരുത്തര്‍ക്കും ഓരോന്നായതുകൊണ്ട്‌ ചിലപ്പോള്‍ മനസ്സിലായില്ലെന്നു വരാം.

ഭാഷയും, ശാസ്ത്രവും സാങ്കേതികത്വവുമൊക്കെ ഇതുപോലെ ഒത്തു ചേരുന്ന വേറേ ഒരു ഇടപാടും ഈ ഭൂലോകത്തില്‍ ഇല്ലെന്നു തന്നെ പറയാം. പ്രണയത്തിന്‍റെ ഭാഷ വേറെയാണ്.ചിലരില്‍ അതു മധുരോദാരമായിരിക്കും, മറ്റുചിലരില്‍ ദൈന്യത നിറഞ്ഞതും, ഇനിയും ചിലരില്‍ കഠിനവും ആയിരിക്കാം. ഇനിയൊരു കൂട്ടരില്‍ കറ കളഞ്ഞ സാഹിത്യമായിരിക്കാം മാധ്യമം, മറ്റു ചിലരില്‍ നെടുവീര്‍പ്പുകളും ദീര്‍ഘനിശ്വാസങ്ങളും വരെ സം‌വദിച്ചുവെന്നിരിക്കാം. ഏതായാലും ഇതിനൊരു മാന്ത്രികതയുണ്ടെന്നതില്‍ സംശയമില്ല. ചുമ്മാതല്ലല്ലോ കാമദേവന്‍ അമ്പുകള്‍ നാലഞ്ചെണ്ണം* ആവനാഴിയില്‍ ഇട്ടോണ്ടു നടക്കുന്നത്.

ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിവയാണത്രേ അവയേറ്റു കഴിഞ്ഞാല്‍ സംഭവിക്കുക. നോക്കണേ മനുഷ്യന്‍ കടന്നു പോകുന്ന ഓരോരോ അവസ്ഥകള്‍! ഇതു വല്ലതും ഈ പ്രേമിക്കുന്നവര്‍ തിരിച്ചറിയുന്നുണ്ടോ ആവോ!!!

ജീവിതം പോലെ തന്നെ വലിയ കണക്കുകള്‍ നിറഞ്ഞതാണ് ഈ ഇടപാടും. കൂട്ടലുകളും കിഴിക്കലുകളും ധാരാളം നടക്കും. (ശിഷ്ടം, വല്ലതും കിട്ടിയാല്‍ ഭാഗ്യമെന്നേ പറയേണ്ടൂ.)

അതു പോലെ തന്നെയാണ് കെമിസ്‌ട്രിയുടെ കാര്യവും. പ്രണയത്തിന്‍റെ രസതന്ത്രം അതു വേറെയാണ്. അതറിയണമെങ്കില്‍ പ്രണയിക്കുക തന്നെ വേണം. എന്നാല്‍ പ്രണയത്തില്‍ ബയോളജി കടന്നു വരികയും, അതു നാലു പേരറിയുകയും ചെയ്യുമ്പോഴാണ് ഫിസിക്‌സിന്‍റെ ആപ്ലിക്കേഷന്‍ ഉണ്ടാവുക. (എന്നു വച്ചാല്‍ നാട്ടുകാരു തല്ലി കാലൊടിക്കും അന്നര്‍ത്ഥം. ‘തല്ലി കാലൊടിക്കുക’ എന്ന പ്രക്രിയ ഒരു ഭൌതിക പ്രവര്‍ത്തനമാണല്ലോ.)

പയ്യന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരെണ്ണത്തിനെ വളച്ചെടുക്കുക’ എന്നു പറയുന്നത്‌ മാനേജ്‌മന്‍റ്‌ സയന്‍സിന്‍റെ ഒരു ഭാഗമാണെന്നു പറയാം.

ഇങ്ങനെ എല്ലാ മേഖലകളിലും നാളിതു വരെ നാട്ടുകാരു കണ്ടുപിടിച്ചിട്ടുള്ള എല്ലാ ശാസ്ത്രസാങ്കേതിക വിദ്യയും സമ്മേളിക്കുന്ന വേറെ ഒരു ഇടപാടും മനുഷ്യര്‍ക്കിടയില്‍ ഇല്ല.

എനിക്ക്‌ ഒരു കാലത്ത് പ്രണയിച്ചാല്‍ കൊള്ളാമെന്നു തോന്നിയതായിരുന്നു. പക്ഷേ ആ തോന്നല്‍ മുന്‍ കൂട്ടി തിരിച്ചറിഞ്ഞതുകൊണ്ടാവാം വാവക്കുട്ടന്‍ അമ്മാവന്‍ എന്നെ സയന്‍സ്‌ പഠിക്കാന്‍ പ്രേരിപ്പിച്ചത്. അതോടെ ആ ആഗ്രഹം ഞാന്‍ വേണ്ടെന്നു വച്ചു. കാരണം സയന്‍സ് പഠിച്ചു മിടുക്കനായിക്കൊണ്ടിരുന്നപ്പോഴല്ലേ ഫിസിക്സ്‌ ഇത്ര വലിയ ഒരു ശാസ്ത്രമാണെന്നു തിരിച്ചറിയുന്നത്. അതു കൊണ്ട്‌ മനസ്സിലെ കാമുകനെ അവിടെക്കിടത്തിയുറക്കി.

ഇതൊക്കെയാണെങ്കിലും ഈ ലോകത്തിലെ സര്‍വ്വ കാമുകീകാമുകന്മാരോടും എനിക്കു ബഹുമാനവും, ആരാധനയും, സ്നേഹവും, സാഹോദര്യവും മാത്രമെയുള്ളൂ. കാരണം അവരാണ് ലോകം കാണുന്നവര്‍. അവരാണ് ഈ മനോഹരിയായ പ്രകൃതിയെ ആസ്വദിക്കുന്നവര്‍. ഇനിയൊരര്‍ത്ഥത്തില്‍ അവരാണ് ഈ പ്രകൃതിയുടെ മനോഹാരിത കൂട്ടുന്നതും. അവര്‍ക്കു വേണ്ടിയാണ് ഇവിടെ കിളികള്‍ പാടുന്നതും, പൂക്കള്‍ വിരിയുന്നതും, കായലും, കുഞ്ഞോളങ്ങളും, ആറും ആറ്റുതീരവുമെല്ലാം അവര്‍ക്കുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്‌. പ്രണയമില്ലെങ്കില്‍, പ്രണയസങ്കല്പങ്ങളില്ലെങ്കില്‍ ഇവിടെ കവിതയുണ്ടാകുമായിരുന്നില്ല, കവികളുണ്ടാകുമായിരുന്നില്ല, വസന്തവും മഴക്കാലവും വരുമായിരുന്നില്ല. പ്രണയം തന്‍റെ അഭൌമമായ ഇന്ദ്രജലത്താല്‍ ഇവയെയെല്ലാം മനുഷ്യനുമായി ഇണക്കി നിര്‍ത്തുന്നു. അതെ, പ്രണയം ആത്മീയവും, അചഞ്ചലവും, അനാദിയും, അനന്തവും, മധുരവും, മനോഹരവുമായ ഒന്നു തന്നെ. (ഇതൊന്നുമല്ലാതെ തല്ലിപ്പൊളി പ്രണയങ്ങളും നിലവിലുണ്ട്‌)


ഇനിയും തീരാഞ്ഞിട്ട്‌...

എന്‍റെ കരളില്‍ കിളിര്‍ത്ത പയര്‍മണി വിത്തേ, നിനക്കു വെള്ളം കോരി വെള്ളം കോരി എന്‍റെ നടുവൊടിഞ്ഞെടീ... നീയെന്നാണെന്‍റെ ജീവിതമാകുന്ന ഉണങ്ങിയ വെലിക്കമ്പില്‍ പടര്‍ന്നു കയറുന്നത്? നീ വരുന്ന നിമിഷത്തിനായി ഞാന്‍ കാത്തു കാത്തിരിക്കുന്നു. വീടിനു മുന്‍പിലെ പെരുവഴിയിലൂടെ ആന നടന്നു പോകുന്ന ചങ്ങലനാദം കേട്ട് എത്രയോ തവണ, അതു നിന്‍റെ നൂപുരനാദമെന്നു തെറ്റിദ്ധരിച്ച് ഞാന്‍ പുറത്തിറങ്ങി നോക്കുന്നു. നട്ടപ്പാതിരാത്രിയില്‍, കില്ലപ്പട്ടികള്‍ രണ്ടു കാലില്‍ കുത്തിയിരുന്ന്‌ നാല്പ്പത്തിയഞ്ചു ഡിഗ്രി ആംഗിളില്‍ മുകളിലേക്കു നോക്കിയിരുന്ന്‌ ഓരിയിടുന്ന നിലാവുള്ള രാത്രിയില്‍, നാട്ടിലെ നാനാവര്‍ണ്ണപ്പാര്‍ട്ടികളുടെ മുദ്രാവാക്യം വിളികളും, തൊട്ടപ്പുറത്തെ വീട്ടിലെ കുടിയന്‍ പപ്പനാവന്‍റെ പൂരപ്പാട്ടും ഉറങ്ങിയിട്ടും, ഞാന്‍ നിനക്കു വേണ്ടി... നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു സഖീ...

നിന്നെ കെട്ടി പെരയ്ക്കകത്താക്കുവാന്‍ ഞാന്‍ എന്‍റെ മനസ്സില്‍ കെട്ടിപ്പൊക്കിയ മുല്ലപ്പന്തലിലെ മുല്ലമൊട്ടുകളെല്ലാം വിടര്‍ന്നിട്ടും, മണിയനീച്ചകള്‍ തലങ്ങും വിലങ്ങും പറന്ന്‌ ആ പന്തലിലാകെ വഴിവക്കിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നു വരുന്നതു പോലെയുള്ള സ്വരം സൃഷ്ടിച്ചിട്ടും, അവിടെയും ഞാന്‍ നിന്‍റെ കാലൊച്ച തിരയുകയാണു പ്രിയേ... തോട്ടില്‍ നീന്തി നടക്കുന്ന വാല്‍ മാക്രികളെ കാണുമ്പോഴെല്ലാം ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കുന്നു പ്രിയേ... ഒരു പക്ഷേ ഈ വാല്‍ മാക്രികളാവും കവികള്‍ വാഴ്ത്തിപ്പാടാറുള്ള ജലകന്യകകള്‍. നീ എന്‍റെ മുന്നില്‍ ഒരു വാല്‍ മാക്രിയായി നീന്തിത്തുടിച്ചെത്തുമെന്നു ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്‌.

നിന്‍റെ വരവിനായി, സ്മാര്‍ട്ട് സിറ്റി വരുന്നതും നോക്കി നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഇരിക്കുന്നതു പോലെ ഞാന്‍ കാത്തു കാത്തിരിക്കുന്നു... പെരുവഴിക്കണ്ണുമായി...

എന്ന്

പ്രണയ്പൂര്‍വ്വം

നിന്‍റെ മാത്രം സ്വന്തം
ഞാന്‍ !


* കാമദേവന്‍റെ അഞ്ച് അമ്പുകള്‍: അരവിന്ദം, അശോകം, നീലോല്പലം, നവമാലിക, ചൂതം.

© ജയകൃഷ്ണന്‍ കാവാലം

10 comments:

ചാണക്യന്‍ said...

പ്രണയത്തെ കുറിച്ചുള്ള ഈ ഗവേഷണം ഇഷ്ടായി...

mayilppeeli said...

പ്രണയത്തേപ്പറ്റി ഒരു പ്രബന്ധം തന്നെ രചിച്ചിരിയ്ക്കുകയാണല്ലോ.......ഡോക്റ്ററേറ്റ്‌ കിട്ടുവാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.....

പ്രണയലേഖനം ഉഗ്രനായി.....ഈ എഴുത്തുകൊടുത്താല്‍ പെണ്‍കുട്ടി പ്രേമിയ്ക്കുമോ...തല്ലി കാലൊടിയ്ക്കുമോ.....പ്രണയിനിയെ ഉപമിയ്ക്കാന്‍ വാല്‍മാക്രിയെ തന്നെ തിരഞ്ഞെടുത്തതു നന്നായി...കാരണം രൂപാന്തരം പ്രാപിച്ച്‌ പിന്നെ വല്ലവരുടേയും ഭാര്യയായി മാറുമല്ലോ.....

Shaf said...

ഇതിരു ഒന്നൊന്നര പ്രബന്ധമാണ്... ഇത്ര വിശദമായും ഇത്ര ഏരിയകളില്‍ ബന്ദപെടുത്തിയും മുന്‍പെവിടെയും വായിച്ചിട്ടില്ല..
“യൌവ്വനകാലത്ത് പ്രണയിക്കാത്തതാണെന്റെ ജീവിതത്തിലെ വലിയ നഷ്ടം“ എന്നു പറഞ്ഞത് ചങ്ങമ്പുഴയാണെന്ന് തോന്നുന്നു...
അത് അനുഭവിക്കേണ്ടത് തന്നെയാണ്..അല്ലെ..:)

കുറെ കാലമായി രാവിലെ തോട്ടംകിളക്കാര്‍ ഉപയോഗിക്കുന്ന ഷൂസും മിട്ട് ജോഗിങ്ങിനിറങ്ങുന്ന സിന്ധിപെണ്‍കുട്ടിക്ക് ഒരു പ്രണയ ലേഖനംകൊടുക്കണമെന്ന് വിചാരിക്കുന്നു ..
ഇത് കൊള്ളാം..!! എന്തെങ്കിലുമൊക്കെ നടക്കും ..

ഇത് ഒന്നു ആഗലേയത്തിലേക്ക് മൊഴിമാറ്റം നടത്താമോ..?

:)

കാവാലം ജയകൃഷ്ണന്‍ said...

ചാണക്യന്‍: നന്ദി

മയില്‍പ്പീലി: ഡോക്ടറേറ്റ് കിട്ടട്ടെ. വാല്‍മാക്രികള്‍ക്ക് ഇങ്ങനെയൊരു സാദ്ധ്യതയുള്ളത് ഞാന്‍ നേരത്തെ ചിന്തിച്ചിരുന്നില്ല. ഇങ്ങനെയൊരു സത്യം വാല്‍മാക്രിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടല്ലേ... കൊള്ളാം. ഈ പുതിയ അറിവിന് നന്ദി അറിയിക്കട്ടെ.

ഷാഫ്: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം. യൌവ്വനകാലത്തല്ല ജനനം മുതല്‍ മരണം വരെയും പ്രണയിക്കാത്ത ഓരോ നിമിഷവും നഷ്ടം തന്നെയാണ്. പ്രണയം പ്രകൃതിയോടാവാം, വിദ്യയോടാവാം, കായലിനോടും കിളികളോടും വരെയാകാമല്ലൊ.

സിന്ധിപ്പെണ്‍കുട്ടികളെ സൂക്ഷിക്കണം കേട്ടോ. ഹൈ ഹീല്‍ഡ്‌ ചെരുപ്പാണവര്‍ ഇടാറുള്ളത്.

പിന്നെന്താ ഇതു ആംഗലേയത്തിലേക്ക്‌ മൊഴിമാറ്റം നടത്തുക വളരെ എളുപ്പമല്ലേ ദാ പിടിച്ചോ. (പ്രതികരണം അറിയിക്കുമല്ലോ അല്ലേ?)

My dear peas seed of liver. my back born is broken by serving water for you. When you are climbers on my barrier stake? I am waiting for the moment that you are coming in to my life. When ever I am listening to the voice of chain of the Aana I am running to my doorstep. I expect that is the sound of your anklet. In the midnight, when the moon light is spreading over the world, when the killappatties are looking 45 degree upwards and yelping, after even finishing the multi color party’s catchwords and my neighbor cum drunkard Mr. Pappanaavan’s folk song; I am keep waiting for your lovely entry to me.

You know, I have made a tent with jasmine buds for you. now all that buds are blossomed. And maniyan midges are flying around it. And they are grunting as like the sound of transformer on the street. But there also I am searching for the sound of your foot. When ever I am watching the vaal maakkrees inside the stream, I am thinking of you. in a meaning, this vaal maakkrees must be the nereids which is described in the poetries. Every day I am dreaming that you are coming to me by swimming as a vaalmaakkri.

I am waiting with the eyes on the main road as like a well educated job seeker who is waiting for the launch of smart city projects; for your arrival.

With love

Only owned by you

me

യൂനുസ് വെളളികുളങ്ങര said...

സംഗതി കിടിലന്‍...........................

..................... മഴ പെയ്‌ത കഴിഞ്ഞാല്‍ ചെറുക്കന്‍ മാര്‍ കൈവിടുമോ..... .

Unknown said...

ഉഗ്രനായി

BS Madai said...

മാഷെ, ഇതുവരെ പ്രേമിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം! എഴുത്തിലെ details കണ്ടാല്‍ അറിയാം, ഇത് ഒരു expert-ന്റേതാണെന്ന്. ങും നടക്കട്ടെ...എന്തായാലും വിശദ ലേഖനത്തിനു നന്ദി.

അയല്‍ക്കാരന്‍ said...

പഴേ ഓര്‍മ്മകള്‍ ഓടിവരുന്നു. ഞാന്‍ നാലഞ്ച് പാറ്റയെ (മലബാറിലെ കുട്ടിക്കൂറ) തല്ലിക്കൊന്ന് അതിന്‌റെ ചോര കൊണ്ടാണ് ആദ്യത്തെ പ്രേമലേഖനം എഴുതിയത്.
അവളെ സമ്മതിക്കണം. കണ്ടപ്പോളേ അവള്‍ക്ക് ഡൌട്ടടിച്ചു. ഇതു വല്ല കോഴീടെ ചോരയാണോ അതോ നിന്‍‌റെ മുഖക്കുരു പൊട്ടിച്ചെഴൂതിയതാണോ എന്ന് അവടെ ഒരു ശോദ്യം

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

അയല്‍ക്കാരനോട് ഒരു സംശയം ചോദിച്ചോട്ടെ.. പാറ്റയ്ക്ക് ചോരയുണ്ടോ ????
പ്രണയത്തിന്റെ രസതന്ത്രങ്ങള്‍ ഇവിടെക്കൂടി ഒന്നു പോയി വായിക്കൂ.....

http://shibu1.blogspot.com/2008/05/1.html

http://shibu1.blogspot.com/2008/05/2.html

http://shibu1.blogspot.com/2008/05/3.html

http://shibu1.blogspot.com/2008/05/4.html

കാവാലം ജയകൃഷ്ണന്‍ said...

യൂനൂസ് വെള്ളിക്കുളങ്ങരെ, മുന്നൂറാന്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം...

ബി എസ് മടായി: സ്വാഗതം. പ്രേമിക്കാന്‍ പറ്റിയ ഒരാളെ കിട്ടിയിട്ടില്ല. അതു കൊണ്ടാണ് പ്രേമിച്ചിട്ടില്ലാത്തത്‌. പിന്നെ ആത്മാര്‍ത്ഥമായി എഴുതുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നതാ. പട്ടാളക്കാരന്‍റെ മകന്‍ വായിച്ചിട്ട് ചുരുങ്ങിയതു പത്തു പേരെങ്കിലും ചോദിച്ചിട്ടുണ്ട്‌ ഞാന്‍ പട്ടാളക്കാരന്‍ ആണോ എന്ന്...

അയല്‍ക്കാരന്‍: സ്വാഗതം. പാറ്റയുടെ രക്തം ചുവന്നിട്ടല്ലല്ലോ മാഷേ സുവോളജി പഠിക്കുന്ന കുട്ടികള്‍ പാറ്റക്കു പാരയാകുന്നത് ഇക്കാരണത്താലല്ലേ??? ഏതായാലും അതു പഠിപ്പിച്ച അന്ന് ഞാന്‍ പോയിട്ടില്ലായിരുന്നു. അതു കൊണ്ട്‌ ഉറപ്പില്ല കേട്ടോ...

തെക്കേടന്‍: സ്വാഗതം. ഞാന്‍ ദാ ഇപ്പോള്‍ വന്നു വായിച്ചു മടങ്ങിയതേയുള്ളൂ...

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു...

 
Site Meter