Friday, January 30, 2009

ഒരു വിവാഹ പരസ്യം

ഇതൊരു വിവാഹ പരസ്യം ആണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഗുണഗണങ്ങള്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോ അവരുടെ ബന്ധുക്കളോ എനിക്ക് ഇ മെയില്‍ അയക്കുക.

മുടിയുടെ നീളം: 1.7 മീറ്റര്‍ (പനങ്കുല പോലെ ഭംഗി വേണം)
മുടിയുടെ നിറം: കറുപ്പ് അല്ലെങ്കില്‍ നീല
നീളം: 5 അടി 11 ഇഞ്ച് മുതല്‍ 5 അടി 8 ഇഞ്ചുവരെ
വണ്ണം: ആനുപാതികം
തൂക്കം: 58 കിലോയില്‍ കൂടരുത്
കണ്ണുകള്‍: ഉണ്ടക്കണ്ണായിരിക്കണം, നീല നിറം അത്യാവശ്യം, ആ കണ്ണുകള്‍ എപ്പോഴും അവളുടെ നിത്യ കാമുകനായ എന്നെ തിരയുന്നതു പോലെ ചലിച്ചുകൊണ്ടിരിക്കണം.
മൂക്ക്: ചാമ്പക്കായ പോലെ നീണ്ടു ചുവന്ന മൂക്കുകള്‍
ചുണ്ടുകള്‍: ചെന്തൊണ്ടിപ്പഴം പോലുള്ള മനോഹരമായ ചുണ്ടുകള്‍
നെറ്റി: വിസ്തൃതമായ നടുഭാഗം അല്പം ഉയര്‍ന്ന് മുടിയിഴകള്‍ പാറിപ്പറക്കുന്ന നെറ്റി.
കവിളുകള്‍: അല്പം ചുവന്ന് കാളിമ മങ്ങിയ രോമരാജികള്‍ ചെവിയുടെ മുകളില്‍ നിന്നും ഒഴുകിയിറങ്ങിയ, ആ മുടിയിഴകളുടെ ചുംബനമേറ്റു ലജ്ജയാല്‍ തുടുത്ത കവിളുകള്‍. കണ്ടാല്‍ ഒരു കൊച്ചു കുട്ടിയുടെ കവിളുകള്‍ പോലെ തോന്നിക്കണം.
താടി: ഇടക്കിടെ താടിയില്‍ പിടിച്ചു കൊഞ്ചിക്കാന്‍ പറ്റിയ അധികം നീണ്ടു പോകാത്ത താടി. (പക്ഷേ മറ്റാരും കൊഞ്ചിച്ചിട്ടില്ലാത്ത താടി ആയിരിക്കണം)
ചെവി: ഇട തൂര്‍ന്ന കാര്‍കുന്തളത്തിന്‍റെ ഇടയിലൂടെ എന്‍റെ പരിലാളനങ്ങള്‍ക്കു ചെവി കൊടുക്കാനെന്ന വണ്ണം അല്പം മാത്രം വെളിയില്‍ കാണുന്ന എന്‍റെ മധുരമന്ത്രണത്തിനു മാത്രമായി കാത്തിരിക്കുന്ന ചെവികള്‍.
കഴുത്ത്: വലം പിരി ശംഖു പോലെയുള്ള കഴുത്ത് (അധികം നീണ്ട്‌ ജിറാഫിനെപ്പോലെയാകാന്‍ പാടില്ല)

അവളുടെ കണ്ണുകള്‍ എപ്പോഴും തന്‍റെ നിത്യകാമുകനായ എന്നെ തിരയുന്നവയായിരിക്കണം, പേടിച്ച പേടമാനിനെപ്പോലെ വശ്യതയുള്ളവയായിരിക്കണം. എപ്പോഴും അവളുടെ ചുണ്ടുകളില്‍ വശ്യമായ ഒരു മന്ദഹാസം ഉണ്ടാവണം. എന്നും തുളസിപ്പൂ ചൂടുന്നവളാകണം. എല്ലാദിവസവും എന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്നവളാകണം (കാലേല്‍ പിടിച്ചു വലിക്കരുത്) എല്ലാവരോടും സഹാനുഭൂതിയും ദയയും ഉണ്ടാവണം. തികഞ്ഞ ഗുരുഭക്തിയുള്ളവളായിരിക്കണം, മുതിര്‍ന്നവരോട്‌ എപ്പോഴും ബഹുമാനത്തോടെയും സ്വരം താഴ്ത്തിയും സംസാരിക്കുന്നവളാകണം.

അടുക്കളയില്‍ അമ്മയെപ്പോലെയും, പൂമുഖത്തു നെയ്‌വിളക്കു പോലെയും, പൂന്തോട്ടത്തില്‍ രാജകന്യയെപ്പോലെയും, സ്വീകരണ മുറിയില്‍ മഹാലക്ഷ്മിയെപ്പോലെയും, സംഗീതത്തില്‍ സരസ്വതിയെപ്പോലെയും പരിശോഭിക്കുന്നവളും, പതിവ്രതയും ആവണം. ദുഃഖത്താല്‍ മനം നൊന്ത് ഓടിയണയുമ്പോള്‍ അവളുടെ മടിയിണകള്‍ എനിക്ക് അമ്മയുടെ മടിയിണകളാവണം, സന്തോഷം വരുമ്പോള്‍ അവളെനിക്കു മകളോ കുഞ്ഞനുജത്തിയോ ആകണം, തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വല്യേച്ചിയാകണം, പുറത്തിറങ്ങിയാല്‍ അവള്‍ അടക്കവും, ഒതുക്കവും, കുലീനത്വവും ,ആഢ്യത്വവും ഉള്ള ധര്‍മ്മ പത്നിയാവണം.

പാട്ടു പാടുന്നവളും, നൃ്ത്തം അഭ്യസിച്ചവളും എല്ലാ കലകളേയും സ്വാഗതം ചെയ്യുന്നവളും, കലാകാരന്മാരെയും, കലാകാരികളെയും ആദരിക്കുന്നവളും ആയിരിക്കണം

മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളോട്‌ വെറുപ്പുള്ളവളാകണം.

അവളുടെ മനസ്സ് ഒരു കവിത പോലെയായിരിക്കണം, അവള്‍ നടന്നു പോകുന്നതു കണ്ടാല്‍ ഒരു അരയന്നമാണോ ആ നടന്നു പോകുന്നത്‌ എന്ന് (താറാവല്ല) സംശയം തോന്നണം. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാത്തവളും പാരമ്പര്യ വസ്ത്രധാരണ രീതികളോട്‌ എന്നും ആദരവുള്ളവളും ആയിരിക്കണം.

സൌമ്യമായ മന്ദഹാസത്തിന്‍റെ നിലാവെളിച്ചത്തില്‍ ആരുടെ ദുഃഖങ്ങളേയും നിമിഷ നേരം കൊണ്ട്‌ തുടച്ചു മാറ്റാന്‍ കഴിവുള്ളവളും, സത്സ്വഭാവിയും, നിഷ്കളങ്കയും, വിദ്യാസമ്പന്നയുമായിരിക്കണം.

സ്ത്രീധനം വേണ്ട (സ്ത്രീയാണു ധനം)
അച്ഛന്‍ തരികിടയാണെങ്കിലും കുഴപ്പമില്ല, അമ്മയുടെ സ്വഭാവമാണ് പെണ്‍കുട്ടികള്‍ക്കു കിട്ടുന്നത്
അമ്മ സത്സ്വഭാവിയായിരിക്കണം
പൂമ്പാറ്റകളേപ്പോലെ പാറി നടക്കുന്ന കുഞ്ഞനുജത്തിമാര്‍ ഉണ്ടെങ്കില്‍ നല്ലത്
വീടിന്‍റെയടുത്ത് കായല്‍, നെല്‍പ്പാടം, തെങ്ങിന്‍ തോപ്പ്, പൂന്തോട്ടം എന്നിവയുണ്ടെങ്കില്‍ നല്ലത്. (ഇതൊന്നും സ്വന്തം ആയിരിക്കണമെന്നു നിര്‍ബന്ധമില്ല. പഞ്ചായത്തിന്‍റെയായാലും മതി)
വീടിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ ഉണ്ടാവാന്‍ പാടുള്ളതല്ല
വീട്ടില്‍ മണ്മറഞ്ഞതോ, ജീവിച്ചിരിക്കുന്നതോ ആയ കലാകാരന്മാര്‍ ഉണ്ടെങ്കില്‍ നല്ലത്
കാമുകനാല്‍ വഞ്ചിക്കപ്പെട്ടവരെയും പരിഗണിക്കും പക്ഷേ എക്സ്-കാമുകന്‍ തിരിച്ചു വന്നു വിളിച്ചാല്‍ ചാടിപ്പോകാന്‍ പാടില്ല
ഭരതനാട്യം, മോഹിനിയാട്ടം, വീണ തുടങ്ങിയവ അഭ്യസിച്ചിട്ടുള്ളവര്‍ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രണയിച്ചു കാമുകനെ വഞ്ചിച്ചിട്ടു കൊള്ളാവുന്നവനെ കാണുമ്പോള്‍ കൂടെ വരുന്നവള്‍ ആകാന്‍ പാടില്ല
സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ളവളാണെങ്കില്‍ നല്ലത്. പക്ഷേ ആ അഭിപ്രായങ്ങള്‍ അവകാശങ്ങളും അധികാരങ്ങളും ആയി എനിക്കിട്ടോ എന്‍റെ മാതാപിതാക്കള്‍ക്കിട്ടോ പ്രയോഗിക്കാന്‍ ശ്രമിക്കുന്നവള്‍ ആയിരിക്കരുത്.
ദിവസവും പല്ലു തേക്കുന്നവളും കുളിക്കുന്നവളും ആയിരിക്കണം

മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍ ഉള്ളവര്‍ക്കു ബന്ധപ്പെടാം. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ഒരാള്‍ അയക്കുന്നതു പരിഗണിക്കുന്നതല്ല. എന്‍റെ അടുത്ത ബന്ധുക്കളോ അവരുടെ ബന്ധുക്കളോ അപേക്ഷ അയക്കലില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന്‌ അപേക്ഷിക്കുന്നു.

© ജയകൃഷ്ണന്‍ കാവാലം

22 comments:

krish | കൃഷ് said...

മുടിയുടെ നീളം: 1.7 മീറ്റര്‍. (ഇത്തിരി കുറഞ്ഞ്പോയില്ലേ)
പെണ്ണിന്റെ ഉയരം: 5 അടി 11 ഇഞ്ച്.
പിന്നെ തൊണ്ടിപ്പഴം, ചാമ്പക്കാ, വലമ്പിരി ശംഖ്, തുടങ്ങിയവ.

ഹഹ.. അന്വേഷണം നടക്കട്ടെ. (അവസാനം ഊളമ്പാറയില്‍ നിന്നോ കുതിരവട്ടത്തുനിന്നോ മറുപടി വന്നാല്‍ അത്ഭുതപ്പെടാനില്ല)
:)

ശ്രീക്കുട്ടന്‍ | Sreekuttan said...

കൊച്ചി എരമല്ലൂര്‍ ഭാഗത്ത് മേല്പറഞ്ഞ ടൈപ്പ് ഒരു പെണ്‍കുട്ടി കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. കെട്ടുകഴിഞ്ഞോ എന്ന് അന്വേഷിച്ചാലേ പറയാന്‍ പറ്റൂ..

ഭീകരം... അതാണ് ഈ അവസ്ഥയ്ക്ക് പറ്റിയ പേര്.ഹോ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനീപ്പോ കിട്ട്യാല്‍ തന്നെ അതിന്റെ കൊണ്ടുനടക്കാനുള്ള യോഗ്യതയുണ്ടോന്നറിയണ്ടേ

Anonymous said...

alla aavashyangal ethrayume ullo?vere allathum veeno? onnu aloochichu nookku.... oru 5 paragraph koodi adichu parathi idaamaayirunnu..... ethokke aanu demands enkil kalayanam adutha janmathikekku mattivekkunnathaanu nallathu.. he he he he he

Anonymous said...

ജയകൃഷ്ണന്‍ കാവാലം ചേട്ടനു

ഇമെയില്‍ അയക്കുന്നില്ല കമന്റ്‌ ആയി തന്നെ ഇട്ടെക്കാം അപ്ലിക്കേഷന്‍ എന്താ സ്വീകരിക്കില്ലേ?

മുടിയുടെ നീളം: അളന്നു നോക്കിയപ്പോ 1.6and half ഉള്ളു ഇനി എന്തു ചെയ്യും?(tension tension)
മുടിയുടെ നിറം:നീല(കല്ലിയങ്കാട്ടു നീലിയേ പോലെ)
നീളം: പൊക്കം ആണൊ ഉദ്ദേശിച്ചേ? അഞ്ചു അടി .5 ഇഞ്ച്‌
കണ്ണുകള്‍...വളരേ ഉണ്ട തന്നെ ...കാമുകന്‍ ആകാന്‍ പോകുന്ന ആളെ തേടാന്‍ ട്രെയിനിംഗ്‌ കൊടുക്കുന്നുണ്ട്‌ കണ്ണിനു
മൂക്ക്‌:പേരയ്ക്കടെ ചാമ്പയ്ക്കടെ mix
ചുണ്ട്‌:ലിപ്സ്റ്റിച്‌ ഒക്കെ വെച്ചു adjust ചെയ്യാം
നെറ്റി:ചേട്ടന്‍ എഴുതിയിരിക്കുന്നതു വായിച്ചിട്ടു മനസിലായില്ല(ഞാന്‍ 10ത്‌ ഫെയില്‍ ആണ്‌)
കവിളുകള്‍: ചേട്ടന്‍ നല്ല പൈങ്കിളി നോവെലുകള്‍ വായിക്കുന്ന കൂട്ടതില്‍ ആണല്ലെ?
താടി:underline ചെയ്തെക്കുന്ന point noted
ചെവി:ആന ചെവിയാ.but its lucky എനിക്കു ചേട്ടനും ഭാഗ്യത്തിന്റെ ഒരു കളി ആകും...
കഴുത്ത്‌: ജിറാഫിന്റെ ആ ഒരു ലുക്ക്‌ ഇല്ല

ഞാന്‍ എപ്പൊഴും 32 പല്ലും കാണിച്ചു മന്ദഹസിക്കാറുണ്ട്‌
എന്നും ജമന്തി പൂ ആണ്‌ ചൂടുന്നെ ചേട്ടനു വേണ്ടി നാളെ മുതല്‍ തുളസി ചൂടാം
എല്ലാ ദിവസവും അതിരാവിലെ അങ്ങയുടെ കാലുകള്‍ പിടിച്ചു വലിച്ചൊളാം
ഞാന്‍ ISS ഇല്‍ എല്ലാ വര്‍ഷവും പാട്ടു പാടാന്‍ പോകാറുണ്ട്‌ ഇതു വരെ അവര്‍ qualify ചെയ്തിട്ടില്ല
നല്ല ഡാന്‍സ്‌ കാരി ആണു..സ്കൂളില്‍ നാടോടി narthaത്തതിന്നു ഞാന്‍ ആയിരുന്നു first ഇപ്പോള്‍ ചകിട്ടു നാടകം അഭ്യസിക്കുന്നുണ്ട്‌
ദിവസവും പല്ലു തേയ്ക്കാറുണ്ട്‌ രണ്ട്‌ ദിവസത്തില്‍ ഒരിക്കല്‍ കുളിക്കാറും ഉണ്ട്‌

ജയകൃഷ്ണന്‍ കാവാലം ചേട്ടന്‍ കെട്ടി രണ്ടു പിള്ളേര്‍ടെ അച്ഛന്‍ ആകാന്‍ പ്രായം ഉണ്ടെന്നാ കരുതിയതു എന്തായലും സന്തോഷം ആയി...ഞാന്‍ ഐഷ്വര്യത്തോടെ ആപ്ലികേഷന്‍ ഇട്ടിട്ടുണ്ട്‌

ചാണക്യന്‍ said...

കിട്ടുകയാണെങ്കില്‍ ഒരെണ്ണത്തിനെ എനിക്കും താ:):):)

Anonymous said...

അയ്യോ ജയകൃഷ്ണന്‍ കാവാലം ചേട്ടാ ഞാന്‍ പേരു വെയ്ക്കാന്‍ മറന്നു.ചേട്ടന്‍ YEs മൂളും എന്ന ഉറച്ച വിശ്വാസത്തോടെ...
ചേട്ടനേ മാത്രം തേടുന്ന കണ്ണുകളുടെ ഉടമ

:P

ശ്രീവല്ലഭന്‍. said...

ചങ്ങനാശ്ശേരി ചന്തയില്‍ കിട്ടാന്‍ സാദ്ധ്യതയുണ്ട്. അല്ലെങ്കില്‍ ആലപ്പുഴയില്‍ തീര്‍ച്ചയായും കിട്ടും. :-)

Ampily said...

chakka anel thunnichu nokkam, pathivratha anoo ennu engine thunichu nokkum...ikkalath inganeyum alukale kitumoo...

കാവാലം ജയകൃഷ്ണന്‍ said...

കൃഷ്: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം, ഊളമ്പാറയില്‍നിന്നോ, കുതിരവട്ടത്തു നിന്നോ ആയാലും കുഴപ്പമില്ല. പക്ഷേ അപേക്ഷക്കു പകരം അവിടെ ആശുപത്രിയില്‍ നിന്ന് എനിക്കുള്ള ഓഫര്‍ ലെറ്റര്‍ ആകാതിരുന്നാല്‍ മതി.

ശ്രീക്കുട്ടന്‍: സ്വാഗതം, ‘കറങ്ങി നടക്കുന്ന‘ താണെങ്കില്‍ വേണ്ട. എന്‍റെ അവസ്ഥയുടെ കാര്യമാണോ ഭീകരം എന്നു ഉദ്ദേശിച്ചത്? അതെ... കെട്ടു പ്രായമായെന്നു വീട്ടുകാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ എന്നാല്‍ പിന്നെ ഒരു ലിസ്റ്റ് നേരത്തേ ഉണ്ടാക്കി വച്ചേക്കാമെന്നു കരുതി.

പ്രിയ ഉണ്ണികൃഷ്ണന്‍: അങ്ങനെ പറയല്ലേ... എന്തു യോഗ്യതയാ ഇല്ലാത്തതെന്നു ചോദിക്കൂ.

അനോണിമസ്: ഇത്രയുമൊക്കെ മതിയെന്നേ. കൂടുതലായാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാവും. ആ അഞ്ചു പാരഗ്രാഫുകള്‍ ഞാന്‍ ഇന്‍റര്‍വ്യൂവിനു ചോദിക്കാന്‍ വച്ചേക്കുവാ.

രണ്ടാമത്തെ അനോണിക്ക്: മുടിയുടെ അര മീറ്റര്‍ ഞാന്‍ പിടിച്ചു വലിച്ചു നീട്ടിക്കോളാം. നിറം കുഴപ്പമില്ല. (ഞാനും നീലിയും പണ്ടേ പരിചയക്കാരാ.) പൊക്കവും കുഴപ്പമില്ല, കണ്ണുകള്‍, പരിഗണിച്ചിരിക്കുന്നു. പക്ഷേ പ്രാക്റ്റീസ് ചെയ്ത് കോങ്കണ്ണാക്കിയാല്‍ അപേക്ഷ തള്ളും. മൂക്ക്: നേരില്‍ കണ്ടു വിലയിരുത്തേണ്ടിയിരിക്കുന്നു (അഞ്ചു മാര്‍ക്ക് പെന്‍ഡിംഗില്‍) ചുണ്ട്‌: ലിപ്സ്റ്റിക്ക് പരിഗണിക്കുന്നതല്ല, നെറ്റിയുടെ കാര്യം മനസ്സിലാകണമെങ്കില്‍ കോടാങ്കി ശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, നാട്യശാസ്ത്രം ഇവ വായിച്ചു നോക്കിയാല്‍ മതി. പൈങ്കിളി നോവലുകള്‍ പോയിട്ട് ക്ലാസ്സിക് നോവലുകള്‍ പോലും ഞാന്‍ വായിക്കാറില്ല. ഐ എസ് എസ്സില്‍ സെലക്ഷന്‍ കിട്ടിയില്ലെങ്കില്‍ പരിഗണിക്കാം. ചവിട്ടു നാടകം കുഴപ്പമൊന്നുമില്ല, നാടകക്കളരിയില്‍ ക്ലാസ്സെടുക്കാം. ദിവസവും കുളിച്ച് നാമം ജപിക്കാതെ വീട്ടിലെ ചാണകപ്പുരയില്‍ പോലും കയറിപ്പോകരുത്. രണ്ടു പിള്ളേരടെ അച്ഛന്‍ പോയിട്ട് ഒരു കൊച്ചച്ചനാകാനുള്ള പ്രായം പോലും എനിക്കായിട്ടില്ല എന്ന സത്യം സന്തോഷസമേതം അറിയിച്ചു കൊള്ളുന്നു. ആപ്ലിക്കേഷന്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നു.

ചാണക്യന്‍: പിന്നെന്താ ഒന്നിലധികം പേര്‍ ഇന്‍റര്‍വ്യൂ പാസാവുകയാണെങ്കില്‍ ഒരെണ്ണത്തിനെ എടുത്തിട്ടു ബാക്കിയെല്ലാ പ്രൊഫൈലുകളും ഞാന്‍ ചാണക്യനു മെയില്‍ ചെയ്തേക്കാം.(അറിയിപ്പ്‌: ഇരുവശത്തുമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല)

അനോണി.P: പിന്നെന്താ പരിഗണിച്ചേക്കാം.

ശ്രീവല്ലഭന്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം, ഈ രണ്ടു ചന്തയിലും കിട്ടില്ല എന്നുറപ്പ്. ഞാന്‍ ഈ രണ്ടിടത്തും പോയിട്ടുണ്ട്‌.

അമ്പിളി: അമ്പിളി പറഞ്ഞത്‌ സത്യം. പക്ഷേ കിട്ടുമോ എന്നുള്ള അന്വേഷണത്തിലാണ്. ഭാരതമല്ലേ, ഇവിടെ സ്ത്രീകളുമുണ്ടല്ലോ, ഭാവശുദ്ധിയുള്ള ഒരെണ്ണത്തിനെയെങ്കിലും കിട്ടുമായിരിക്കും.

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

kavutty said...

thamasha anu ennu thonnunnu alley.....ethokkey swpnam kanan mathramey kazhiyuuuuu.....enganokkey anu agraham engil jayakrishnan kavalam kavalathu ninnu pokathey ullu...he he....

Anonymous said...

ജയക്രിഷ്ണൻ, നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു കുട്ടിയെ എനിക്കറിയാം,,,പക്ഷെ താ‍ങ്കൾ വളരെ അധികം താമസിച്ചാണു ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഇനിയിപ്പോൾ ഒരു രക്ഷയുമില്ലാ കാരണം ആ കുട്ടിയെ വിവാഹം ചെയ്ത് അയച്ചു.
ഈ എഴുതുന്ന ആൾ തന്നെയാണ് അതിനെ കഷ്ടപ്പെട്ട് സ്വന്തമക്കിയതും.
ഇനി ഇപ്പോൾ എന്തിനാ ഹേ അതു പറയുന്നത് എന്ന ചോദ്യമായിരിക്കാം ജയന്.
പറയാൻ കാരണമുണ്ട് എന്തെന്നാൽ ഞാനാദ്യമായി വായിച്ച മലയാളം ബ്ലോഗ് താങ്കളുടെതാണ്. അതിനാൽ തന്നെ സവിശേഷമായ ഒരു സ്നേഹം താങ്കളോട് എനിക്കുണ്ട്. ഇപ്പറഞ്ഞ ഗുണഗണങ്ങളെല്ലാം തികഞ്ഞ ഒരു പെൺകുട്ടിയെ എന്തു കൊണ്ട് ജയന് കിട്ടിക്കൂടാ????
അതിനൊരേ ഒരു വഴിയേ ഈയുള്ളവൻ കാണൂന്നുള്ളൂ. ഇതേ ആവശ്യങ്ങളെല്ലാം പറഞ്ഞു കൊണ്ട് അന്ന് ഞാൻ സമീപിച്ച ഒരു വ്യക്തിയുണ്ട്.
ആ കുട്ടിയെ കാണാൻ പ്പോകുന്നതിനു മുൻപു അദ്ദേഹത്തിന്റെ കൂടെ വേറെ രണ്ട് മൂന്ന് കുട്ടികളെ ഞാൻ കണ്ടു, തരക്കേറ്റില്ലാത്തവ, പക്ഷെ എന്തു ചെയ്യാം, ഞാനും ജയനും ഒക്കെ വ്യത്യസ്തരാണല്ലൊ....
അവസാനം എന്റെ ഭാര്യയെ പെണ്ണ് കണാനായി പോകുന്നതിനു മുൻപു ഇദ്ദേഹം എന്നോട് പറഞ്ഞു
“ഈ കുട്ടിയെ മോന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇന്ന് ഞാനീപ്പണി നിർത്തും”
ശരിക്കും പറഞ്ഞാൽ ആ പെണ്ണുകാണലിനു ശേഷം ഞാൻ നിശബ്ദനായിപ്പോയി.
കാരണം അഴകളവുകൾ അത്ര കിറു ക്രിത്യമായിരുന്നു.
ഞാനിതൊക്കെ എന്തിനണെന്ന്നു പറഞ്ഞതെന്നു വെച്ചാൽ, ജയൻ സീരിയസ്സ് ആണെങ്കിൽ ആ പഴയ ദല്ലാളിന്റെ നമ്പർ ഞാൻ ജയന് തരാം,,,,കാര്യം നടക്കും തീർച്ച.
താൽ‌പ്പര്യമുണ്ടെങ്കിൽ അറിയിക്കുക.
സ്നേഹത്തോടെ വിജയ് കാര്യാടി

അനീഷ് രവീന്ദ്രൻ said...

“പണ്ടാരം അടങ്ങാൻ അവളുടെ ഒരു മുടി. ഒന്നങ്ങോട്ട് മാറ്റിയിട്ടേ. മനുഷ്യന്റെ മൂക്കിലോട്ട് തന്നെ കുത്തിക്കേറ്റിക്കോണം”

ഇത് ഞാൻ പറയാറുള്ളത് പാതിരാത്രിക്കോ വെളുപ്പിനെയോ അങ്ങനെ നിശ്ചയമില്ലാത്ത സമയങ്ങളിലാണ്.

1.7 മീറ്റർ എന്നൊക്കെ പറയുമ്പോൾ...ഉം...
പാടുപെടും.

ഈ സ്ലേറ്റ് മോൻ മായിക്കും. ഇല്ലെങ്കിൽ പൊട്ടിപ്പോകും. ഉറപ്പല്ലേ!

ഉപഭോക്തൃ സമൂഹത്തിന്റെ പ്രതീക്ഷകൾ എന്നൊക്കെയോ മറ്റോ ആയിരുന്നു തലേക്കെട്ടെങ്കിൽ വളരെ നന്നായിരുന്നു.
എങ്ങിലും അവസാനം സോണി വേഗ തന്നെ വാങ്ങാൻ ജയകൃഷ്ണന് കാശു തെകയട്ടെ എന്നാശംസിക്കുന്നു!

എഴുത്തിന് കൊടു കൈ!

യൂനുസ് വെളളികുളങ്ങര said...

ഇത്രവലിയ അചോചന കിട്ടണമെങ്കില്‍ ഒരു വഴിയേഉളളൂ. മോന്‍ മലയാള മനോരമയില്‍ പരസ്യം ചെയ്യ്‌ ഇന്ത്യയിലെഎാറ്റവും വിപുലമായ വെവാഹിക പംക്തി എന്നാണ്‌ അവുടെ വാദം

Thaikaden said...

Padam 2.
Klee..klee.., kloo...kloo, Suresh thirinju nokki, athaa muttathoru...samsayamilla, chadiponnathu thanne.

അനില്‍@ബ്ലോഗ് // anil said...

ഹോ ! കിടിലം.

മുടി നീളം കൂടിയാല്‍ ഭയങ്കര പ്രശ്നമാ കേട്ടോ.
:)

കാവാലം ജയകൃഷ്ണന്‍ said...

അഞ്ജലി: സ്വാഗതം, തമാശയൊന്നുമല്ല, നമ്മുടെ നാട്ടിലെ ഏതൊരാളിന്‍റെയും സങ്കല്‍പ്പം ഇതിലെ അതിഭാവുകത്വങ്ങള്‍ ഒഴിവാക്കിയാല്‍ ഇതു തന്നെയാവും. പിന്നെ ഇപ്പറഞ്ഞപോലെ ആയുസ്സില്‍ പെണ്ണു കിട്ടില്ല എന്നുള്ളതു കൊണ്ട്‌ പലരും വിട്ടുവീഴ്ചക്കു തയ്യാറാവുന്നതാണ്.

വിജയ് കാര്യാടി: ഹൃദയത്തുടിപ്പുകളീലേക്കു സ്വാഗതം. ഇവന്‍റെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ ബ്ലോഗ്‌ വായന ആരംഭിച്ചതിന് ആദ്യം തന്നെ നന്ദി അറിയിക്കട്ടെ. താങ്കള്‍ പറഞ്ഞതു പോലെ ഒരു ധര്‍മ്മപത്നിയെ ലഭിച്ച താങ്കള്‍ തീര്‍ച്ചയായും ഭാഗ്യവാന്‍ തന്നെ. ഇത്‌ ഒരു പോസ്റ്റ് മാത്രമായിരുന്നു സുഹൃത്തേ. എന്നാല്‍ തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ ഫോണ്‍ നമ്പര്‍ ഭാവിയില്‍ ആവശ്യമായി വരാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്‌. ഈ ലിസ്റ്റും കൊണ്ട്‌ വീട്ടുകാര്‍ ആയുധം വച്ചു കീഴടങ്ങുമ്പോള്‍ തീര്‍ചയായും ആ ദല്ലാളിനെ തേടിയിറങ്ങേണ്ടി വരും. എന്തായാലും താങ്കളുടെ സ്നേഹത്തിനും, സന്മനസ്സിനും അളവില്ലാത്ത നന്ദി അറിയിക്കുന്നു.

മുണ്ഡിതശിരസ്കന്‍: മുടി അത്രക്കു കുഴപ്പം പിടിച്ചതാണോ? എന്നാല്‍ പിന്നെ മുടിയുടെ നീളം മൂന്നിഞ്ചാക്കി ബാക്കി വിഗ്ഗ് വച്ച് അഡ്‌ജസ്റ്റ് ചെയ്യാം. അതാകുമ്പോള്‍ ആവശ്യമില്ലാത്തപ്പോള്‍ മാറ്റി വയ്ക്കാമല്ലോ. പിന്നെ സ്ത്രീ ഒരു ഉപഭോഗവസ്തു അല്ലല്ലോ സുഹൃത്തേ. നമ്മള്‍ ഉപഭോക്താക്കളും. ഭാരതീയന് സ്ത്രീ അമ്മയാണ്, ദേവിയുമാണ് സര്‍വ്വോപരി കര്‍മ്മങ്ങള്‍ക്കും, കര്‍മ്മഫലങ്ങള്‍ക്കും തുല്യപങ്കാളിത്തം നല്‍കി നമ്മള്‍ പൂജിക്കുന്ന സാക്ഷാല്‍ മഹാലക്ഷ്മിയല്ലേ സ്ത്രീ... (യക്ഷീ സങ്കല്‍പ്പം മറക്കുന്നില്ല) സ്ലേറ്റ് മായാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കാം

യൂനൂസ്‌ വെള്ളിക്കുളങ്ങര: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം. മലയാളമനോരമയില്‍ ഈ ഒരു പരസ്യം കൊടുക്കണമെങ്കില്‍ എന്‍റെ തറവാടു വിറ്റാലും തികയുമെന്നു തോന്നുന്നില്ല. മാത്രവുമല്ല മനോരമപ്പെണ്ണുങ്ങളെല്ലാം പരിഷ്കാരികളാ. അവരുടെ ക്ലാസ്സിഫൈഡിന്‍റെ മുകളില്‍ ‘ദേ ഇവിടുണ്ടല്ലോ‘ എന്നു പറഞ്ഞ് എത്തി നോക്കുന്ന ഒരു പെണ്ണിനെ കണ്ടിട്ടില്ലേ മുടിയൊക്കെ വെട്ടിയിട്ട് ഒരു പരിഷ്കാരി. മാത്രവുമല്ല ഈ എത്തിനോട്ടം വീട്ടില്‍ വന്നും തുടര്‍ന്നാല്‍ ശരിയാവില്ല.

തൈക്കാടന്‍: ഹൃദയത്തുടിപ്പുകളിലേക്കു സ്വാഗതം, ചാടിപ്പോന്നവര്‍ക്ക് എന്തായാലും പരിഗണനയില്ല. അല്ല, ആരാ ഈ സുരേഷ്???

അനില്‍@ബ്ലോഗ്‌: പൊതുജനാഭിപ്രായത്തെയും, അനുഭവസാക്ഷ്യങ്ങളെയും പരിഗണിച്ച് മുടി വെട്ടിക്കളഞ്ഞിരിക്കുന്നു. സുന്ദരിമാരായ പെണ്‍കുട്ടികളുടെ കാര്‍കുന്ദളം കാറ്റില്‍ അലകള്‍ തീര്‍ത്ത് കണ്മുന്‍പിലൂടെ മിന്നി മായുമ്പോള്‍ ഇത് ഇത്രയും പുലി വാലു പിടിച്ച സാധനമാണെന്ന്‌ അറിയില്ലായിരുന്നു.

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

അനീഷ് രവീന്ദ്രൻ said...

“ഭാരതീയന് സ്ത്രീ അമ്മയാണ്, ദേവിയുമാണ് സര്‍വ്വോപരി കര്‍മ്മങ്ങള്‍ക്കും, കര്‍മ്മഫലങ്ങള്‍ക്കും തുല്യപങ്കാളിത്തം നല്‍കി നമ്മള്‍ പൂജിക്കുന്ന സാക്ഷാല്‍ മഹാലക്ഷ്മിയല്ലേ സ്ത്രീ“

ശരിയാണോ ജയകൃഷ്ണാ?
മൊബൈൽ വാങ്ങാൻ പോകുന്ന ഒരുത്തന്റെ ആകാക്ഷയാണല്ലോ സ്ത്രീയെക്കുറിച്ച് വർണ്ണിച്ചപ്പോൾ കണ്ടത്.

ചുമ്മാ പറഞ്ഞതാ. ആക്ച്വലി എനിക്ക് കണ്ടമാനം വിവരമൊന്നുമില്ല. ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നന്നേയുള്ളൂ. അതുകൊണ്ട് കമന്റ് കാര്യമായെടുക്കേണ്ട.

കാവാലം ജയകൃഷ്ണന്‍ said...

മുണ്ഡിതശിരസ്കന്‍: അതു താങ്കള്‍ക്കു വെറുതേ തോന്നിയതാണ്. അതില്‍ ഒരു ഉപഭോക്താവിന്‍റെ കണ്ണില്ലായിരുന്നു.

Mr. X said...

കിട്ടും, കേട്ടാ... ഇപ്പത്തന്നെ കിട്ടും...
മിനിമം ഒരു അഞ്ചെണ്ണത്തിനെ എങ്കിലും കിട്ടും...
ഒന്നിനെ ജയകൃഷ്ണന്‍ കെട്ടിയിട്ട് ബാക്കി നാലെണ്ണത്തിനെ എനിക്ക് തന്നേര്...

ruSeL said...

..കഴുത്ത് വരെയുള്ള ഡിമാന്‍റുകള്‍ പറഞ്ഞിട്ടുണ്ട്... ന്താ ബാക്കി ശരീരഭാഗങ്ങളൊന്നും വേണ്ടേ?

ഒരു തംശയം...ദതാണ്...

കാവാലം ജയകൃഷ്ണന്‍ said...

വാസു: സംശയം അല്‍‍പ്പം കടുത്തതു തന്നെ. ആരെയും ഭാവഗായകനാക്കുന്ന ‘ആത്മസൌന്ദര്യം’ ആണ് ഒരു പെണ്‍‍കുട്ടിയുടെ ഏറ്റവും മഹനീയമായ ഗുണവും, സൌന്ദര്യവും. അല്ലാതെ കാണാന്‍ ഐശ്വര്യ റോയിയെപ്പോലെയും കയ്യിലിരുപ്പു കുട്ടിത്തേവാങ്കിന്‍റെയുമാണെങ്കില്‍ എന്താവും നമ്മുടെ അവസ്ഥ? അതിലും ഭേദം കാഴ്ചയില്‍ അല്‍‍പ്പം മോശമാണെങ്കിലും നല്ല മനസ്സുള്ള ഒരു പെണ്‍‍കുട്ടിയാണെങ്കില്‍ വയസ്സു കാലത്ത് നമ്മുടെ മാതാപിതാക്കള്‍ക്ക് വൃദ്ധസദനത്തില്‍ പോകാതെ കഴിച്ചു കൂട്ടാം.

എന്തായാലും ഈ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചക്ക് സാദ്ധ്യത കാണുന്നില്ല. ഞാന്‍ സന്യാസിയാവാന്‍ തീരുമാനിച്ചു കൊണ്ടിരിക്കുവാണ്.

 
Site Meter