Tuesday, November 3, 2015

25 പൈസയുടെ വില!

ഓർക്കുകയായിരുന്നു ഒരു കാലം... ഇല്ല, ഓർക്കേണ്ടതില്ല എന്നും ജീവിതബോധത്തെ സമ്പന്നമാക്കുന്ന അനുഭവമാണത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലം. അഞ്ചു ഹൈ ടെക് സിറ്റികളിൽ ശാഖകളുള്ള സാമാന്യം വലിയ ഒരു പരസ്യക്കമ്പനിയുടെ സീനിയർ വിഷ്വലൈസർ / ആർട്ട് ഡയറക്ടറാണിവനന്ന്. കമ്പനിക്കു നേരിട്ട ഒരപ്രതീക്ഷിത തിരിച്ചടിയിൽ പെട്ട് ഞങ്ങൾ സ്റ്റാഫിന് അനിശ്ചിത കാലത്തേക്ക് ശമ്പളം ലഭിക്കാതെ വന്ന ഒരു ദുരന്തകാലം. അല്ല, തീക്ഷ്ണാനുഭവങ്ങളുടെ ഉലയിൽ മനസ്സ് പാകപ്പെട്ട അറിവിന്റെ - അനുഭവത്തിന്റെ പൂക്കാലം. ഈ വാക്കാവണം ആ സന്ദർഭത്തിനു യോജിക്കുക.

ഞാനൊഴികെ മറ്റെല്ലാവരും ബാംഗ്ലൂർ നിവാസികൾ. നിത്യചിലവിനും വാടക കൊടുക്കാനുമുള്ള അവസാനത്തെ പണവും തീർന്നപ്പോൾ പോക്കറ്റിൽ അവശേഷിച്ചത് 25 പൈസയുടെ ഒരു നാണയം. 25 പൈസ അന്ന് സർക്കാർ പിൻവലിച്ചിട്ടില്ലെങ്കിലും ബാംഗ്ലൂരിൽ അന്ന് 25 പൈസ എടുക്കില്ല. വീടൊഴിഞ്ഞ് തെരുവിൽ, കമ്മീഷണർ ഓഫീസിന്റെ ചാരുബഞ്ചിലേക്ക് താമസം മാറുന്നതിന്റെ തൊട്ടു മുൻപത്തെ സായന്തനങ്ങളിൽ, ജോലി കഴിഞ്ഞ് പരിക്ഷീണമായ ശരീരത്തോടും, അസ്വസ്ഥമായ മനസ്സോടെയും ഉറങ്ങാതെ കിടന്ന വേളകളിൽ ബാഗിന്റെ പോക്കറ്റിൽ നിധി പോലെ സൂക്ഷിച്ച ആ 25 പൈസ എടുത്ത് തിരിച്ചും മറിച്ചും നോക്കിയങ്ങനെ കിടന്നിട്ടുണ്ട്. നിശീഥിനിയുടെ നേർത്ത രേണുക്കൾ കൂരവിടവിലൂടെ ജീവിതദർശനമെന്ന പോലെ അതിൽ ദ്യുതിശോഭ പരത്തിയിട്ടുണ്ട്...

വിശപ്പ്, ദാഹം, പരിക്ഷീണത... ഇനിയെന്ന് ആഹാരം കഴിക്കാൻ കഴിയുമെന്ന് ഊഹിച്ചെടുക്കാൻ പോലും ഭയപ്പെട്ട രാവുകൾ.. ഇതൊന്നുമെന്റെ അമ്മ അറിയരുതെന്ന് കൊതിച്ച ദിനസന്ധികൾ... അങ്ങനെ ഒന്നല്ല രണ്ടല്ല നീണ്ട പതിനൊന്നു ദിവസം... അതേ പതിനൊന്നു ദിവസത്തെ ഉഗ്രനിരാഹാരം... അപ്പോഴും പത്താം നിലയുടെ മുകളിൽ നടന്നു കയറിയും, നടന്നു വലഞ്ഞും എത്തി അലങ്കരിച്ച ആർട്ട് ഡയറക്ടറുടെ സിംഹാസനം... ജെ. കെ. എന്ന സർവ്വസ്വീകാര്യമായ കീ നെയിം....

ഇന്നിപ്പോൾ ഇതിവിടെ കുറിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്... ബ്ലീഡിംഗ് ഉണ്ടായപ്പോൾ ഒരു ബാൻഡേജ് വാങ്ങാൻ പോയതാണ് മെഡിക്കൽ ഷോപ്പിൽ. ജോണ്‍സണ്‍ & ജോണ്‍സണ്‍  ബാൻഡേജിന് 2.50 രൂപ വില. ഞാൻ മൂന്നു രൂപ നൽകി. ശേഷം ബാക്കിക്കായി കാത്തപ്പോൾ മരുന്നു കടയിലെ സ്ത്രീരത്നത്തിന്റെ ചോദ്യം, അമ്പതു പൈസയ്ക്ക് വേണ്ടി നിൽക്കുവാണോ എന്ന്. ഞാൻ പറഞ്ഞു അതേ. പുച്ഛത്തിന്റെ സമസ്ത ഭാവങ്ങളും ഒന്നിച്ചാവാഹിച്ച മുഖം വക്രിച്ച മറുപടി, ഇവിടെ ചില്ലറയില്ല. ഞാൻ ചോദിച്ചു നിങ്ങൾക്കു ലഭിക്കുന്ന ലാഭത്തിൽ നിന്നും 50 പൈസ കുറയുന്നതാണോ അതോ ഞാൻ 50 പൈസ നഷ്ടപ്പെടുത്തുന്നതാണോ നല്ലതെന്ന്. അവർ ഒരു രൂപ തിരികെ തന്നു. മറ്റൊരു കടയിൽ പോയി ഒരു രൂപ കൊടുത്ത് രണ്ട് 50 പൈസ വാങ്ങി ഒന്നവർക്ക് കൊണ്ടു കൊടുത്ത് പറഞ്ഞു, സഹോദരി, അമ്പതു പൈസ പിന്നെ തരാമെന്നൊരു വാക്കായിരുന്നു സഹോദരി പറഞ്ഞിരുന്നതെങ്കിൽ ഞാൻ അത് ഉപേക്ഷിക്കുമായിരുന്നു. ഇതിപ്പോൾ അങ്ങനെയല്ല എന്ന്. അപ്പോഴും സർവ്വാംഗം പുച്ഛം.

അതേ സഹോദരി, എനിക്ക് 50 പൈസ വിലപ്പെട്ടതാണ്. ആ 50 പൈസയ്ക്ക് കിട്ടുന്ന ഏറ്റവും വിലകുറഞ്ഞ ഒരു മിഠായി വാങ്ങി എന്റെ അമ്മയ്ക്ക് കൊടുക്കുമ്പോൾ, മകന്റെ കർമ്മഫലം കൊണ്ടു വാങ്ങിയ ആ മധുരം കൈനീട്ടി വാങ്ങുന്നത് കാണുമ്പോൾ കിട്ടുന്ന തൃപ്തി, ഒരു 50 പൈസ പിടിക്കുവാൻ മാത്രം പോന്ന എന്റെ പൊന്നുമോളുടെ കയ്യിൽ അവളത് ഇറുക്കിപ്പിടിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ആർദ്രമായ അനുഭൂതി, അങ്ങനെ അനേകം അൻപതുപൈസകളുടെ ആകെത്തുകയാണ് ഇവന്റെ ശമ്പളം. അതിലോരോ 50 നും, ഇവന് നേടിത്തരുവാൻ കഴിയുന്ന സ്വകാര്യ സന്തോഷങ്ങളും, സംതൃപ്തിയുമുണ്ട്. അന്നിവൻ തിരിച്ചും മറിച്ചും നോക്കി നെടുവീർപ്പിട്ട 25 പൈസയുടെ ഗുണിതങ്ങളാണവകൾ... ഇവന്റെ ജീവിതയാത്രയിലെ അനുഭവാഗ്നികളിലൊന്നിന്റെ ചെറിയൊരു ജ്വാല, പ്രകാശം... സഹോദരിക്കതു മനസ്സിലാവില്ല... വിശപ്പറിഞ്ഞവനേ വിശക്കുന്നവനെയറിയൂ. കരഞ്ഞവനേ കണ്ണീരു കണ്ടാൽ കരച്ചിൽ വരൂ. കൊടുത്തിട്ടുണ്ട് 50 ന്റെ പല മടങ്ങ് ഗുണിതങ്ങൾ പലർക്കും... തിരികെ ലഭിക്കില്ലെന്നറിഞ്ഞു കൊണ്ടു തന്നെ... പക്ഷേ, ജീവൻ രക്ഷാ മരുന്നുകൾക്ക് പോലും നൂറും അഞ്ഞൂറുമൊക്കെ ഇരട്ടി ലാഭം നേടുന്ന ഒരു വ്യക്തിക്ക് വിയർപ്പിന്റെയും, കണ്ണീരിന്റെയും ചൂരുള്ള ഈ 50 പൈസ അർഹതപ്പെട്ടതല്ലല്ലോ...

നാളെ ഇവൻ മരിച്ചു പോയേക്കാം...  എങ്കിലും ജീവിതാനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും ഒന്നും ചെറുതല്ലെന്ന ബോദ്ധ്യവുമായി മണ്ണടിയുന്നവനാവണമെനിക്ക്... ചെറുതാവുന്നുവെങ്കിൽ, ഒന്നിനെ ചെറുതെന്ന് നിനയ്ക്കുന്ന മനസ്സിന്റെ ചെറുപ്പമാണതെന്ന്  തിരിച്ചറിയാൻ കഴിയുക ഒരു സാക്ഷാത്കാരമാണ്. നിത്യസത്യത്തെ അന്വേഷിക്കുന്നവന്റെ പ്രഥമകവാടം...

© കാവാലം ജയകൃഷ്ണൻ

No comments:

 
Site Meter