Tuesday, November 3, 2015

ആത്മാവ് ആത്മാവിനാൽ ആത്മാവിനോട്...

എനിക്കു സംസാരിക്കണം, കാലത്തിന്റെ രഥചക്രങ്ങള്‍ ഞെരിച്ചുകളഞ്ഞ പുല്‍ നാമ്പുകളോട്‌, തുളുമ്പിപ്പോയ ഓര്‍മ്മകളുടെ ചൂടേറ്റ് ഇനിയും തണുപ്പാറിയിട്ടില്ലാത്ത പിന്‍‌വഴിത്താരകളോട്‌, ദൂരെ, ദൂരെ ദൂരേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ദര്‍ശനത്തിന്റെ ചക്രവാളത്തില്‍ ഇനിയുമസ്തമിക്കാത്ത സൂര്യനുണ്ട്, ആ സൂര്യന്റെ തീക്ഷ്ണജ്വാലകളേറ്റ്‌ നിറം മങ്ങിപ്പോയ എന്റെ ബാല്യ കൌമാരങ്ങളോട്‌... എനിക്കു സംസാരിക്കണം, എനിക്കു സംസാരിക്കണം...

വ്യഥകള്‍ക്ക് സന്തോഷങ്ങളേക്കാള്‍ ആയുസ്സുണ്ട്, ദുഃഖങ്ങള്‍ എന്നും സന്തോഷത്തോട്‌ ഒരു വയോവൃദ്ധന്റെ മനസ്സോടെ മാത്രമേ പെരുമാറുകയുള്ളൂ, അസംതൃപ്തിക്ക് സംതൃപ്തിയോട് വാത്സല്യമാണ്, ക്ലേശങ്ങള്‍ക്ക് സ്വാസ്ഥ്യത്തിന്റെ പിതൃസ്ഥാനമാണ്...

ഒരു കാലഘട്ടത്തിന്റെ നല്ല ഓര്‍മ്മകള്‍ ശൂന്യമാകുന്ന സമയങ്ങളിലാണ് അവിടെ ഈ വയോവൃദ്ധന്മാരെ നമുക്കു കണ്ടെത്താനാവുക! അവര്‍ പണ്ടേ ഇരുളില്‍ രമിച്ചിരുന്നവരല്ലോ, അവര്‍ക്ക് ഇരുട്ടിനെ തുരത്തുന്ന വെളിച്ചത്തെ ഊതിക്കെടുത്താനറിയാമായിരുന്നു. അങ്ങനെയാണവര്‍ കറുത്തവരായിത്തീര്‍ന്നത്. കറുപ്പില്‍ ഉള്‍ച്ചേരുന്ന വര്‍ണ്ണജാലങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയാണ്. കടല്‍ കരയെ വിഴുങ്ങുമ്പോലെ, ആ കറുത്തവരുടെ ഉള്ളിലെ കറുപ്പിലേക്ക് സ്വപ്നങ്ങളും, പ്രതീക്ഷകളുമെല്ലാം അലിഞ്ഞു ചേരുന്നു. അങ്ങനെ അവരും കറുപ്പാകുന്നു. കറുപ്പ്! ആദിപ്രപഞ്ചത്തിന്റെ നിറം! അന്ത്യത്തിന്റെയും! കറുപ്പ് ശുഭകരമായ ഒരു തുടക്കത്തിന്റെ കീഴ്‌വേരുകളാവുന്നത് അതുകൊണ്ടാണ്. അതുപോലെ തന്നെ ഭീതിദമായ അന്ത്യത്തിന്റെ യജമാനനും അവന്‍ തന്നെ.

ആ കറുപ്പിലേക്ക്, നിത്യനിതാന്തമായ ലയവിസ്തൃതിയിലേക്ക് എന്റെ മോഹങ്ങളെയും മോഹ ഭംഗങ്ങളെയും വിക്ഷേപിക്കട്ടെ. അനിവാര്യതയുടെ അലംഘനീയമായ നിയമസംഹിതകൾ തിരുത്തിക്കുറിച്ച ഇവന്റെ ജീവിതരേഖ, ആ കറുപ്പിന്റെ കറുത്ത ഭിത്തിയിൽ, വിഭ്രാന്തിയിലേക്ക് ലയിക്കുന്ന മനസ്സിന്റെ അവശേഷിക്കുന്ന പ്രകാശരേണുക്കളിലെവിടെയോ തെളിഞ്ഞു കണ്ട രൂപത്തിലെ കൺമഷിക്കറുപ്പിൽ തൊട്ട്, കറുത്ത വാക്കുകൾ കൊണ്ട് ഞാൻ കുറിച്ചിടട്ടെ. തമോഗർത്തങ്ങളുടെ സത്യം തിരഞ്ഞെത്തുന്ന ശാസ്ത്രസത്യാന്വേഷികളുടെ സത്യമാപിനിയിൽ എന്നെങ്കിലും തെളിയാതിരിക്കില്ല ഞാൻ...

© കാവാലം ജയകൃഷ്ണൻ

No comments:

 
Site Meter