Tuesday, November 3, 2015

ആത്മകഥയിൽ നിന്നും ഒരു ഭാഗം ( part of ആമുഖം Unedited)

ഗൾഫിലായിരിക്കുമ്പോൾ മാത്രം എന്നെ അളവില്ലാതെ സ്നേഹിക്കുന്ന കുറേ ഉറ്റ ബന്ധുക്കളും ഒന്നു രണ്ടു സുഹൃത്തുക്കളും എനിക്കുമുണ്ട്. ഐ എസ് ഡി വരെ വിളിച്ചുകളയും. നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടന്നാലോ, ചാകാൻ കിടന്നാലോ തിരിഞ്ഞു നോക്കുക പോലുമില്ല. പറ്റുമെങ്കിൽ ഒന്നു കാണാൻ വരുന്ന മറ്റുള്ളവരെക്കൂടി മുടക്കും. ആവതു കുറ്റവും പറയും. പരമപുച്ഛമാണ്‌ എനിക്ക് ഈ വർഗ്ഗത്തിനോട്.

കാവാലത്ത് വലിയൊരു വീട്ടിൽ ഞാനും എന്റെ അമ്മയും ഒറ്റക്കാണ്‌ താമസിച്ചിരുന്നത്. ദുഃഖവും, കഷ്ടതകളും, ദാരിദ്ര്യവുമുള്ള ബാല്യം. അടുത്ത ബന്ധുക്കൾ ആ വീടിന്റെ മുറ്റത്തു കൂടി നടന്ന് വാതുക്കൽ നിൽക്കുന്ന ഞങ്ങളെ നോക്കി ഒരു വിഡ്ഢിച്ചിരിയും ചിരിച്ച് അടുത്ത വീട്ടിലെ സമൃദ്ധിയിലേക്കു വിരുന്നു പോകുന്ന എത്രയോ സന്ദർഭങ്ങൾ. ആ വേദനയിൽ നെഞ്ചുപൊട്ടിക്കരഞ്ഞിട്ടുള്ള എന്റെ അമ്മയുടെ സങ്കടങ്ങൾ. എന്നാൽ ഒരിക്കൽ പോലും അങ്ങനെയൊരു പ്രവർത്തി കാണിച്ചിട്ടില്ലാത്തത് മഹാനായ അയ്യപ്പപണിക്കരും അദ്ദേഹത്തിന്റെ ഭാര്യ ശ്രീപാർവ്വതിയും മാത്രമായിരുന്നു. എത്ര തിരക്കിലാണെങ്കിലും ഇരിക്കാൻ നേരമില്ലെങ്കിലും വീട്ടിലൊന്നു കയറും. 'ചായയൊന്നും എടുക്കണ്ട കുഞ്ഞേ, ഇവിടെ വരെ വന്നിട്ട് ഇവിടെയൊന്നു കേറാതെ പോകാൻ പറ്റില്ല' എന്നു പറഞ്ഞ് ചിലപ്പോൾ ഉടനേയിറങ്ങും. ചിലപ്പോൾ അവിടെ കിടക്കുന്ന ഇവന്റെ വികൃതികളിൽ പരതും, ചിലവ കൈക്കലാക്കും, ചിലവ ഉറക്കെ വായിച്ച് കയ്യടിക്കും... ആ സന്ദർശനവും, പണിക്കരുടെ വാക്കുകൾ പോലെ പലവഴി മുനയുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയും, നിറഞ്ഞ സ്നേഹവാൽസല്യങ്ങൾ നിറച്ച ഒന്നോ രണ്ടോ വാക്കുകളും, പലപ്പൊഴും പൂർത്തീകരിക്കാത്ത വാക്കുകളുടെ അർത്ഥോക്തിയും നൽകിയ സാന്ത്വനം വളരെ വിശാലമാണ്‌. എനിക്ക് ആ ചെറിയ വലിയ മനുഷ്യനോട് നന്ദിയും വിധേയത്വവുമുണ്ടെങ്കിൽ അത്, ആ കാരുണ്യത്തിന്റെയും, ഇവന്റെ നാവിൽ വച്ചുതന്ന അക്ഷരമെന്ന അക്ഷയമായ മഹാഭിക്ഷയുടെയും പേരിലാണ്‌. ‘മോളേ... നീ ദുഃഖിക്കുന്നവരുടെ ജീവിതത്തിലേക്കു നോക്കൂ... അപ്പോൾ നമ്മുടെ ദുഃഖം എത്ര ചെറുതാണെന്നു നമുക്കു ബോദ്ധ്യമാവും’ എന്ന് സ്വന്തം അനുഭവത്തിന്റെ തീക്ഷ്ണമായ ചൂളയിൽ പാകപ്പെടുത്തിയ വാക്കുകൾ കൊണ്ട് എന്റെ അമ്മയെ ഉപദേശിച്ച സന്യാസിയാണദ്ദേഹം.

വിദ്യാഭ്യാസത്തിന്റെ നാൾവഴികളിൽ അതിന്റെ കടയ്ക്കൽ കത്തി വയ്ക്കാൻ നോക്കിയവർ, ജീവിതം തകർത്തു കളയാൻ നിരന്തരം പരിശ്രമിച്ചവർ ഇവരുടെ കൺവെട്ടത്തിൽ അവരുടെ ഒടുങ്ങാത്ത പകയുടെയും അസൂയയുടെയും ജ്വാലാമുഖത്തുനിന്നും തണലേകി സംരക്ഷിച്ച കാരുണ്യം ഈശ്വരന്റേതാണ്‌. തകർക്കാൻ നോക്കിയിട്ടു തകർന്നില്ല. ഊതിക്കെടുത്താൻ നോക്കിയപ്പോൾ ആളിക്കത്തി. യൗവ്വനത്തിന്റെ ജ്വാലാവേഗങ്ങളെ പക്വത നിയന്ത്രിച്ചപ്പോൾ അഗ്നിയൊരു കനൽരൂപമാർന്ന് ഉള്ളിലുറഞ്ഞു. ശാന്തതയുടെ ചാരം മൂടിയ കനൽമനസ്സിൽ ഇന്നും, ഇനിയൊരിക്കലും താപക്ഷയം സംഭവിക്കുകയില്ല. ഓർമ്മകൾ ഉണ്ടായിരിക്കും. ഓർത്തുകൊണ്ടേയിരിക്കും... സ്നേഹിച്ചവരെയും... നോവിച്ചവരെയും...

ജീവിതം തിരുവനന്തപുരത്തായി. വിദ്യാഭ്യാസത്തിനു ശേഷം ചെറിയൊരു ജോലി ചങ്ങനാശ്ശേരിയിൽ കിട്ടി. വാടകയ്ക്കു താമസിച്ചു ജോലി ചെയ്യാൻ ശമ്പളം തികയില്ല. തറവാട്ടു വീട്ടിൽ അന്തിയുറങ്ങാൻ അനുവാദം ചോദിച്ചപ്പോൾ പറ്റില്ലെന്നു തീർത്തു പറഞ്ഞ അമ്മാവൻ പിന്നീടു പറഞ്ഞുണ്ടാക്കി ചങ്ങനാശ്ശേരിയിൽ നല്ല ജോലി കിട്ടിയിട്ട് അവൻ അതു സ്വീകരിക്കാതെ കറങ്ങി നടന്നുവെന്ന്. ഇതേ അമ്മാവൻ ഇവൻ പിന്നീടു ഗൾഫിലായപ്പോൾ ‘ലൈംഗികോത്തേജക സ്പ്രേ’ യും സൗന്ദര്യ സംവർദ്ധക വസ്തുക്കളും ആവശ്യപ്പെട്ടുകൊണ്ടയച്ച ഇ മെയിൽ ഇന്നും പരതിയാൽ ഇവന്റെ ആർക്കൈവുകളിൽ ലഭ്യമാണ്‌. അയാൾക്ക് ഇവൻ പരമ്പരയായി കൊടുത്ത മറുപടി അയാൾക്കും കുറഞ്ഞതൊരു നൂറു വർഷത്തേക്കെങ്കിലും മറക്കാൻ കഴിയില്ല. ജയകൃഷ്ണാ ഇങ്ങനെ ചീത്ത വിളിക്കാതെയെന്ന യാചനയിൽ അയാൾ ചെയ്ത കുറേ ദ്രോഹങ്ങളൊക്കെ ഔദാര്യപൂർവ്വം ജയകൃഷ്ണൻ പൊറുത്തെങ്കിൽ, അതും ജീവിതാനുഭവങ്ങൾ പകർന്നു തന്ന പക്വതയുടെ ഫലമാണ്‌. അപ്പോൾ നിഷേധിയായ ജയകൃഷ്ണൻ അമ്മാവനെ ചീത്ത വിളിച്ചവനായി.

ജീവിതത്തിന്റെ തീക്ഷ്ണമായ കനൽവഴികൾ ധാരാളം പരിക്ഷീണതകൾ പകർന്നെങ്കിലും ഉള്ളിലുള്ളത് ഉറച്ചു പറയുവാനുള്ള ആർജ്ജവം പകരം ലഭിച്ചതിൽ ഇവൻ സംതൃപ്തനാണ്‌. അതിന്റെ പേരിൽ പിന്നെയും, തുടർന്നും, ഇന്നും വേട്ടയാടപ്പെടുമ്പൊഴും നോവുകളിൽ സമരവീര്യം മാത്രം ഉണരുന്നത് തോൽക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടു മാത്രമല്ല. അങ്ങനെയാവാനേ ഇവനു കഴിയൂ... ചില സത്യങ്ങൾ ഉറ്റവർ പോലും അവിശ്വസിച്ചപ്പൊഴും ഉരുകിയടിഞ്ഞ മനസ്സ് ഇവന്റേതു മാത്രമാണ്‌. മരിച്ചു വീണേക്കാം പക്ഷേ അതു യുദ്ധക്കളത്തിൽ... പിൻതിരിഞ്ഞോടിയപ്പോഴേറ്റ ഒരു മുറിപ്പാടു പോലും ഇവന്റെ മൃതശരീരത്തിലുണ്ടാവില്ല.

പ്രവാസത്തിനു പുറപ്പെട്ടത് ആരുമറിഞ്ഞില്ല. പോയി കുറേ കഴിഞ്ഞാണു പലരുമറിയുന്നത്. അപ്പോൾ തുടങ്ങി ഇ മെയിലുകൾ, അന്വേഷണങ്ങൾ, അന്വേഷിച്ചു പിടിച്ചെടുത്ത ഫോൺനമ്പർ വഴി സുഖാന്വേഷണങ്ങൾ. ഒന്നു കാണാൻ കൊതിയായെന്ന ആർദ്രമന്ത്രണങ്ങൾ. പാവം ഇവന്റെ അമ്മ, അമ്മയതു വിശ്വസിച്ചു. നമ്മുടെ സമയദോഷം കൊണ്ട് അന്നൊക്കെ എല്ലാവരും അകന്നിരുന്നെങ്കിലും ഇപ്പോൾ നോക്കൂ എല്ലാവർക്കും നമ്മളെ എന്തു സ്നേഹമെന്ന് അമ്മയിവനെ സമാധാനിപ്പിച്ചു. ക്ഷാത്രവീര്യവും, ആസുരബുദ്ധിയും സമ്മേളിച്ച കുശാഗ്രബുദ്ധിയായ ഒരച്ഛന്റെ മകനായ ഇവൻ പക്ഷേ അന്നും അതു വിശ്വസിച്ചില്ല. പകരം കൂടുതൽ സംശയാലുവായി ഓരോരുത്തരെയും വീക്ഷിച്ചു. മന്ദഹസിക്കുന്ന ഓരോ ചുണ്ടുകൾക്കിടയിലും മറഞ്ഞിരുന്ന ദംഷ്ട്രകൾ കണ്ടിവൻ രസിച്ചു. അതു പക്ഷേ ഇവൻ പ്രവാസമവസാനിപ്പിച്ച് തിരികെയെത്തിയപ്പോൾ അമ്മയ്ക്കു ബോദ്ധ്യമായി. ഇടയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ കാണാനായി പുറപ്പെട്ട ഒരു ബന്ധുവിനെ പോകരുതെന്നു തടഞ്ഞ മറ്റൊരു ബന്ധു കൂടിയുണ്ട് ലിസ്റ്റിൽ. അതാണു ലോകം. അതു തിരിച്ചറിയാൻ എന്റെ അമ്മയ്ക്കിനിയും കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ ആധുനികപ്രത്യയസാസ്ത്രങ്ങളിലേക്കും, സ്വാർത്ഥതയുടെ സൂത്രവാക്യങ്ങളിലേക്കും വളർന്നുയരുവാൻ കരയാനും സ്നേഹിക്കാനും മാത്രമറിയുന്ന ആ പാവം പഠിച്ചില്ല.ഇതുങ്ങളെയൊന്നും തോൽപ്പിക്കണമെന്ന് അന്നും ഇന്നും എനിക്കാഗ്രഹമേയില്ല. നമുക്ക് ചേരാത്തവരോട് നമുക്കെന്തു മത്സരം... പക്ഷേ, ചിന്തയുടെ, ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ, സ്വകാര്യതയുടെ, സൗഹൃദങ്ങളുടെയൊക്കെ ഇവൻ പഞ്ചാഗ്നിബന്ധനം തീർത്തു സംരക്ഷിക്കുന്ന പൂജാസങ്കേതങ്ങളിൽ നിന്ന് തീണ്ടാപ്പാടകലെ കഴിഞ്ഞു കൊള്ളണം ബന്ധുവായും, സ്വന്തമായും, മിത്രഭാവത്തിലും വർത്തിച്ചിരുന്ന തകർക്കണമെന്ന നീചബുദ്ധി ഉള്ളിൽ കരുതിയിരുന്ന ചിലരൊക്കെ. ഗുരുതിതർപ്പണം നടക്കുന്നിടത്തൊളിഞ്ഞു നോക്കി നീചശക്തികളെ ആവാഹിക്കുന്നതിൽ പെട്ടു കളത്തിൽ കയറിയാൽ പിന്നെ ക്ഷമായാചനമോ, ശുപാർശകളോ സ്വീകരിക്കുന്നതല്ല.

പ്രവാസമെന്നത് കടം വീട്ടലായും, ത്യാഗമായുമൊക്കെ പറഞ്ഞും, പ്രകീർത്തിച്ചും, പരിതപിച്ചും കാണാറുണ്ട്. എന്നാൽ പ്രവാസമെന്നത് സ്വസ്ഥവാസമാണെന്നതും മറ്റൊരു പരമാർത്ഥമാണ്‌. ഒരു ദിവസം നമ്മെ തീണ്ടിയും, അസ്വസ്ഥപ്പെടുത്തിയും, ശല്യം ചെയ്തും പോകുന്ന ഒട്ടേറെ നെഗറ്റീവുകളിൽ നിന്നും അതു നമ്മെ അകറ്റി നിർത്തും. പ്രിയപ്പെട്ടവർ എന്നും പ്രവാസിയുടെ ഉള്ളിലൊരു വേദനയായി നീറുമെങ്കിലും അതിലേറെ മനസ്സും ശരീരവും ഊർജ്ജവത്തായി നിലനിർത്താൻ ഈ ഏകാന്തവാസം സഹായിക്കും. കൂടുതൽ ഉത്പാദനക്ഷമമാവുക, അത് സ്വന്തം ആവശ്യത്തിനുള്ള ധനസമ്പാദനത്തിനു മാത്രമല്ല. സഹജീവികൾക്കു വേണ്ടി, സമൂഹത്തിനു വേണ്ടി, രാഷ്ട്രത്തിനു വേണ്ടി, ലോകത്തിനു വേണ്ടിയൊക്കെ അദ്ധ്വാനവും, ചിന്തയും, വാക്കും, പ്രവർത്തിയും, എഴുത്തും അങ്ങനെ പലതും സംഭാവന ചെയ്യാൻ സ്വദേശവാസത്തേക്കാൾ പ്രവാസം അവസരം നൽകുന്നുണ്ട്. ജീവിതത്തിന്റെ വേദനകളും തിരിച്ചടികളും ഉള്ളിൽ എന്നും ഓർമ്മിച്ചിരിക്കാമെങ്കിൽ അത് നമ്മുടെ ജീവിതത്തിന്‌ കൂടുതൽ വ്യക്തതയും നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും നൽകും.

ആദ്യമായി ഒരു കവിതാസമാഹാരം എന്ന ചിന്ത വന്നപ്പോൾ മനഃശ്ശാസ്ത്രജ്ഞൻ കൂടിയായ സുഹൃത്തിന്റെ ഉപദേശം, ‘നിന്റെ പുസ്തകത്തിന്‌ പറ്റിയ പേര്‌ ’അഗ്നിവർഷങ്ങൾ‘ എന്നാണെന്നായിരുന്നു. ഇവനു മേൽ പെയ്തിറങ്ങിയ അഗ്നിപാതങ്ങളെന്നോ, ഇവൻ കടന്നു വന്ന അഗ്നി വർഷങ്ങളെന്നോ ചിന്തിച്ചാലും ആ സുഹൃത്തിന്റെ ഇവനെക്കുറിച്ചുള്ള തിരിച്ചറിവിൽ അളവില്ലാത്ത ആദരവും, സ്നേഹവും നന്ദിയും...

© കാവാലം ജയകൃഷ്ണൻ

No comments:

 
Site Meter