Tuesday, November 3, 2015

ഇനിയും പറയാത്ത പ്രണയകഥ

ഇതിവന്റെ ജീവിതത്തിന്റെ യഥാർഥ പ്രണയകഥയാണ്‌. ഇവന്റെ കഥകളിലോ കവിതകളിലോ പരതിയാലൊന്നും ആ മുഖം തെളിഞ്ഞു കാണില്ല. കഥകൾ വായിച്ചിട്ടും, കവിതകൾ വായിച്ചിട്ടുമുള്ള പലരും തിരക്കിയിട്ടുണ്ട് ആരാണവൾ എന്ന്. ഈ അന്വേഷണങ്ങളിൽ ഏറ്റവും പ്രസക്തം, പണ്ടൊരു തൃശ്ശൂരുകാരൻ കൂട്ടുകാരൻ സുമേഷ്, തന്റെ തനതു ശൈലിയിൽ, സത്യം പറയെടോ തനിക്കു കാവാലത്തൊരു ക്ടാവില്ലേ എന്നു തിരക്കിയതായിരുന്നു. ആകാശവാണി കഥ സംപ്രേഷണം ചെയ്ത അവസരങ്ങളിലും കാവാലത്തുകാർ ഈ അന്വേഷണം നടത്തി... ആരാണവൾ...

ആ കഥകളിലും, കവിതയിലുമൊന്നും നിങ്ങൾക്കവളെ കാണാൻ കഴിയില്ല. എന്നാൽ അവളുടെ കണ്ണാടിക്കവിളിൽ തട്ടി പ്രതിഫലിച്ച വർണ്ണവിന്യാസങ്ങൾ അതിലെല്ലാം ഉണ്ടു താനും.

എന്നാൽ ആദ്യമായി പറയട്ടേ... ഉണ്ടെടോ സുമേഷേ... എനിക്കു കാവാലത്തൊരു ക്ടാവുണ്ട്... അല്ല, ഉണ്ടായിരുന്നു. അവളതറിഞ്ഞിട്ടുമില്ലായിരുന്നു... ഞാൻ പറഞ്ഞിട്ടില്ലായിരുന്നു...

അതു കേവലമൊരു പൈങ്കിളി ആരാധനയോ, അപക്വമായ മനസ്സിന്റെ പ്രേമചാപല്യമോ ആയിരുന്നില്ല... ഏതോ ഒരു അഭൗമശക്തിയുടെ മാസ്മരികതയിൽ ഇവൻ സ്വയമലിഞ്ഞു സ്നേഹിച്ചതായിരുന്നു അവളെ... അവളുടെ കൗമാരലാവണ്യത്തെ ഇവനോളം ആരാധിച്ച മറ്റൊരാളുമുണ്ടാവില്ല. മാംസനിബദ്ധമല്ല രാഗം എന്നൊരു വാക്ക് എന്നോ എവിടെയോ വായിച്ചു കടന്നു പോയത് ഓർക്കുന്നു. ശരിയാണത്. അവളുടെ ആത്മാവിനെയാണ്‌, മനസ്സിന്റെ ലാവണ്യത്തെയാണ്‌, ആർദ്രതയെയാണ്‌, നന്മയെയാണ്‌ ഇവൻ സ്നേഹിച്ചിരുന്നത്. എന്റെ ഗ്രാമത്തിന്റെ വശ്യസൗന്ദര്യം മുഴുവനും ആ പെൺകുട്ടിയുടെ മനസ്സിലിവൻ കണ്ടിരുന്നു. ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ എന്ന വരികളുടെ അനുപമസൗന്ദര്യം അനുഭവം കൊണ്ടു തിരിച്ചറിഞ്ഞത് അവളിലൂടെയാണ്‌.

എന്നിട്ടും, ഒരിക്കലും ഇവനിതു പറഞ്ഞില്ല അവളോട്. അതിന്‌ എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ഈയൊരു സ്നേഹം മുറിവേൽപ്പിച്ചേക്കാവുന്ന മനസ്സുകളെല്ലാം ഇവനു പ്രിയങ്കരങ്ങളായിരുന്നു. ആ മനസ്സുകളുടെ വേദനയേക്കാൾ എത്രയോ തുച്ഛമായിരുന്നു കടലോളം പോരുന്ന ഇവന്റെ കണ്ണുനീരെന്നതിൽ ഇന്നും സംശയമില്ല. അങ്ങനെ ഞാൻ എന്നെ എന്നിൽ കുഴിച്ചു മൂടി. നിനവിൽ വളകിലുക്കം കേൾക്കുന്ന ഗന്ധർവ്വയാമങ്ങളിൽ ഇവനിലെ പ്രണയാതുരൻ എഴുന്നേറ്റു കറങ്ങി നടക്കാതിരിക്കാൻ, ആ കുഴിമാടത്തിന്റെ മുകളിൽ ജീവിതപ്രാരാബ്ദ്ധത്തിന്റെ അണ്ഡകടാഹത്തോളം വലിപ്പമുള്ള കല്ലുമെടുത്തു വച്ചു.

കാലങ്ങൾ കടന്നു പോയി. ഇനിയൊരിക്കലും ആ സ്നേഹാഞ്ജലിയുടെ കണ്ണീർ പുഷ്പങ്ങൾ അവളിൽ ചലനങ്ങളുണ്ടാക്കാത്തത്രയും കാലം ചെന്നപ്പോൾ, ഒരു തമാശക്കഥ കേൾക്കുന്നതു പോലെ ചിരിച്ചു തള്ളാൻ പോന്ന സ്നേഹബന്ധനത്തിൽ അവൾ മറ്റൊരാളുടേതായിക്കഴിഞ്ഞെന്നുറപ്പു തോന്നിയ നിമിഷത്തിൽ, ഇവനാ കഥ അവളോടു പറയുകയുണ്ടായി... അപ്പൊഴും വേണമെന്നു വച്ചല്ല. അലംഘനീയമായ കാലത്തിന്റെ നിയോഗമെന്നോണം ഇവനതു പറയേണ്ടി വന്നു...

ഒരു പരിഹാസച്ചിരി പ്രതീക്ഷിച്ചിടത്ത്, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ അമൃതകണങ്ങൾ ഇവന്റെ പരഃശ്ശതം ജന്മദുഃഖങ്ങൾക്കു മേൽ സാന്ത്വനത്തിന്റെ അനുഗ്രഹവർഷമായി. അതൊരു കാരുണ്യമായിരുന്നു... അവൾക്കു മാത്രം ഈ പരമദരിദ്രനായ പ്രേമയാചകനോടു ചെയ്യാൻ കഴിയുന്ന അനന്തമായ കാരുണ്യം...

അവളൊരു ദേവതയാണ്‌. എന്റെ കണ്ണുനീർ, പൂക്കളായി പരിണമിച്ചെങ്കിൽ, എന്റെ ദീർഘനിശ്വാസങ്ങൾ, അവൾക്കുള്ള സഹസ്രനാമങ്ങളായെങ്കിൽ... മറ്റെന്തുണ്ട് ഇവന്റെ കയ്യിൽ ആ പാദങ്ങളിൽ അർച്ചന ചെയ്‌വാൻ...

© കാവാലം ജയകൃഷ്ണൻ

No comments:

 
Site Meter