Friday, September 19, 2008

മുത്തു പൊഴിയുന്ന കാവാലം 1 (നോക്കൂ ഇവളെ ഞാന്‍ യുഗങ്ങളോളം പ്രണയിക്കും)


പ്രായം പതിനേഴ് കഴിഞ്ഞു.
മുഖത്തു പൊടി മീശ കിളിര്‍ത്തു. പതിനാലില്‍ തുടങ്ങിയ മാക്രിശബ്ദം പതിയെ പതിയെ പുരുഷത്വത്തിന്‍റെ ഗാംഭീര്യം ആര്‍ജ്ജിച്ചു. ഊണിലും, ഉറക്കത്തിലും, എടുപ്പിലും, നടപ്പിലുമെല്ലാം ഒരു പക്വന്റെ ലുക്ക് വരുത്തുവാന്‍ നിരന്തരം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലം. ആയിടക്കാണ് പഴയ രണ്ടു ചങ്ങാതിമാരെ കണ്ടു മുട്ടിയത്‌. വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്ന സമയത്താണ് അതിലൊരുത്തന്‍ ചോദിക്കുന്നത്‌. ജയകൃഷ്ണനു പ്രണയമൊന്നുമില്ലേ എന്ന്‌. വീട്ടിലെ പത്തായത്തോടും, വീട്ടുമുറ്റത്തെ പനിനീര്‍പ്പൂവുകളോടും മാത്രം പ്രണയമുണ്ടായിരുന്ന ഞാന്‍ എന്തു പറയാന്‍? ഇല്ലെന്നു പറഞ്ഞു. പക്ഷേ അവരുടെ ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരി എന്നില്‍ അപകര്‍ഷതാ ബോധമുണ്ടാക്കി.

അവര്‍ ചോദിച്ചു. ഇത്രേം പ്രായമായിട്ടും നീ പ്രണയിക്കാന്‍ തുടങ്ങിയില്ലേ എന്ന്. രാവിലെ എഴുന്നേറ്റു പത്തു മണിയായിട്ടും പല്ലു തേച്ചില്ലേ എന്നു കേള്‍ക്കുന്നതു പോലെ ഒരു ജാള്യത എന്നില്‍ നിറഞ്ഞു. ഇനിയിപ്പോള്‍ പ്രണയിക്കാത്ത കാരണം എന്നിലെ വളര്‍ച്ചയെ ജനം അംഗീകരിച്ചില്ലെങ്കിലോ?!!

ആ കുറവു നികത്താന്‍ തന്നെ തീരുമാനിച്ചു. ഉറക്കമിളച്ചു കുത്തിയിരുന്നാലോചിച്ചു. ആരെയാ ഒന്നു പ്രേമിക്കാനുള്ളത്? ഇപ്പോള്‍ തന്നെ നാട്ടിലുള്ള ഏറെക്കുറെ എല്ലാവരും പലരാലും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. അയല്‍വാസിയും, പതിനാലു വയസ്സുകാരനും, പ്രണയ കലയില്‍ അഗ്രഗണ്യനുമായ സെഞ്ചോ എന്ന സെഞ്ചോമോന്‍ ജേക്കബിനെ ഗുരുവായി സ്വീകരിച്ചു. അവന്‍ പ്രാഥമിക ഉപദേശങ്ങള്‍ തന്നു. ഞങ്ങള്‍ രണ്ടു പേരും കൂടി പൂക്കൈതയാറിന്‍റെ തീരത്തും, പള്ളിക്കൂടത്തിണ്ണയിലും, തെങ്ങിന്‍ ചുവട്ടിലും കുത്തിയിരുന്ന് തല പുകഞ്ഞാലോചിച്ചു. അവസാനം ഒരാളെ ഓര്‍മ്മ കിട്ടി. നാട്ടിലെ ഏകദേശം എല്ലാ പ്രണയിതാക്കളെയും പരിചയമുള്ളയാളാണു സെഞ്ചോ.

ഈ പെണ്‍കുട്ടിക്ക് എന്‍റെ സമപ്രായമാണ്. ഞാന്‍ ചോദിച്ചു, ഈ പ്രായം ഒരു പ്രശ്നമാണോ? പ്രേമത്തിനു കണ്ണില്ലെന്ന് ജയകൃഷ്ണന്‍ ആദ്യം മനസ്സിലാക്കണം. അവന്‍ പറഞ്ഞു. അങ്ങനെ ‘തിരഞ്ഞെടുക്കപ്പെട്ട പ്രണയം’ ആരംഭിച്ചു. ഇതിനി എങ്ങനെ മുന്‍പോട്ടു കൊണ്ടു പോകും? ഇവിടെയൊരുത്തന്‍ പ്രേമിച്ചോണ്ടു നടക്കുന്ന വിവരം അവളും കൂടെ അറിയണ്ടേ? ഇതായി അടുത്ത ആലോചന.

ഒരാളെ തിരഞ്ഞെടുക്കാന്‍ മാത്രേയുള്ളൂ പ്രയാസം. അതു കഴിഞ്ഞാല്‍ ബാക്കിയെല്ലാം എളുപ്പമാണ്. ഞാന്‍ പറയുന്നത്‌ അപ്പാടെ അനുസരിച്ചാല്‍ മതി. പ്രണയാചാര്യന്‍ പ്രതിവചിച്ചു.

ഇനി മുതല്‍ അവള്‍ പോകുന്ന വഴികളിലെല്ലാം ജയകൃഷ്ണനുണ്ടാവണം. എവിടെ നോക്കിയാലും അവള്‍ ജയകൃഷ്ണനെ തന്നെ കാണണം. വല്ലപ്പോഴും ഓരോ പുഞ്ചിരി സമ്മാനിക്കണം. അപ്പോള്‍ അവളും പുഞ്ചിരിക്കും. ആ പുഞ്ചിരി കടാക്ഷമായി മാറുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പുഞ്ചിരിയില്‍ നിന്നും കടാക്ഷത്തിലേക്കുള്ള ചുവടുമാറ്റത്തില്‍ എവിടെയോ ആണ് പ്രണയത്തിന്‍റെ മനഃശാസ്ത്രം ഇരിക്കുന്നത്.

അവന്‍റെ ഉപദേശം എനിക്കു ബോധിച്ചു. എന്നാലും പെണ്ണുങ്ങള്‍ പോകുന്ന വഴിയില്‍ പോയി നില്‍ക്കുന്നതിനോട്‌ അത്ര താത്പര്യം തോന്നിയില്ല. ‘ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകു’മെന്ന അവന്‍റെ ഭീഷണിയില്‍ ഞാന്‍ വീണു. ഒരു വായീനോക്കിയാകാന്‍ തന്നെ തീരുമാനിച്ചു.

കാവാലം പ്രണയിക്കാന്‍ പറ്റിയ നാടാണ്. മനുഷ്യനേക്കാള്‍ പ്രകൃതിയോടാണ് നമുക്ക് പ്രണയം തോന്നുക. കുലീനയാണ് പൂക്കൈതയാറ്‌. വലിയ ഇളക്കവും, കുണുക്കവും ഒന്നുമില്ലാത്ത ശാന്തമായ അവളുടെ പ്രകൃതം അവളുടെ തറവാട്ടുമഹിമ വിളിച്ചോതുന്നു. അനാവശ്യമായി ആരെയും മുക്കിക്കൊന്ന ചരിത്രവും അവള്‍ക്കില്ല. അവളുടെ കുഞ്ഞോളങ്ങള്‍ക്ക് ഇക്കിളിപ്പെടുത്തുന്ന കൌമാരഭാവങ്ങളൊന്നും തന്നെയില്ല. എന്നാലും ആ ശാലീനതയെ നമ്മള്‍ പ്രണയിച്ചു പോകും. അതു പോലെ നിരന്ന തെങ്ങിന്‍ തലപ്പുകളും, ഇളംകാറ്റില്‍ പുളകിതയായി മനസ്സിലെ സ്വപ്നസഞ്ചാരങ്ങള്‍ പോലെ ഇളകുന്ന വയലുകളും, കൈത്തോടുകളും എല്ലാം പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ അനുഭൂതി ദായകങ്ങളാണ്. പാടവരമ്പിലെ കള്ളുഷാപ്പുകളില്‍ നിന്നും ‘സന്തോഷവും’ ദുഃഖങ്ങള്‍ക്ക്‌ ‘മരുന്നും’ പണിയെടുത്തു തളരുന്ന മെയ്യുകള്‍ക്ക് ‘ഉന്മേഷവും’, കലാ ഹൃദയങ്ങള്‍ക്ക് ‘പ്രചോദനവും’ ഒരേ കുപ്പിയില്‍ നിന്നും സ്വീകരിച്ച് കായലിന്‍റെ മധുരകല്ലോലിനികളോട് സല്ലപിച്ചിരിക്കുന്ന കുടിയന്മാരുടെ മുഖത്തു പോലും ഒരു കാമുകഭാവം പ്രകടമാണ്.

ഇതൊക്കെയാണെങ്കിലും പ്രകൃതിയോടുള്ള ഈ ആത്മീയ പ്രണയത്തില്‍ നിന്നും ഈ തലമുറ ചപലമായ ‘അടിപൊളി’ പ്രണയത്തിലേക്ക് മുഖം തിരിച്ചിട്ട് കുറച്ചു കാലമായിരിക്കുന്നു. എനിക്ക് പ്രകൃതിയെ പ്രണയിക്കാനായിരുന്നു ഇഷ്ടം. പ്രകൃതിയെ പ്രണയിച്ചാല്‍ നേട്ടങ്ങള്‍ ഏറെയാണ്. ഒന്നാമതായി പ്രകൃതിയുടെ അച്ഛനും, ആങ്ങളമാരും തല്ലാനിട്ടോടിക്കില്ല. അവള്‍ക്ക് മാലയും കുപ്പിവളയും വാങ്ങിക്കൊടുക്കേണ്ടതില്ല. രാപകല്‍ ഭേദമില്ലാതെ അവള്‍ സദാ പ്രേമവതിയായി നമ്മുടെ സ്നേഹ സാമീപ്യം കാത്ത് അവിടെത്തന്നെയുണ്ടാവും.

എന്നാല്‍ മനുഷ്യനെ പ്രേമിച്ചാല്‍ കുഴപ്പങ്ങള്‍ പലതാണ്. തടി കേടാകാന്‍ സാധ്യതയുണ്ട്. കയ്യില്‍ നിന്നു കാശു പോകും. നാലാളറിഞ്ഞാല്‍ നാണക്കേടാണ്. തുടങ്ങി കുഴപ്പങ്ങളുടെ പൊടി പൂരം.

എന്നാലും കൂട്ടുകാരെ ബോധിപ്പിക്കാന്‍ ഒന്നു പ്രേമിക്കാതിരിക്കാന്‍ പറ്റുമോ? അതു കൊണ്ടാണിങ്ങനെയൊരു സാഹസത്തിനൊരുങ്ങിയത്‌. പക്ഷേ വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു ഇത്‌.

അവള്‍ വരുന്ന വഴിയിലെ ബാലകൃഷ്ണന്‍ ചേട്ടന്‍റെ സ്റ്റുഡിയോയില്‍ രണ്ടു മൂന്നു ദിവസം ഒരേ സമയത്തുള്ള എന്‍റെ സന്ദര്‍ശനം കണ്ടപ്പോള്‍ “ഡാ... നീ ലവളെ കാണാനല്ലേടാ ദിവസവും കറങ്ങി നടക്കുന്നത്‌“ എന്നദ്ദേഹം ചോദിച്ചപ്പോള്‍ നട്ടാല്‍ കിളിര്‍ക്കാത്ത കള്ളങ്ങളുടെ പൂച്ചെണ്ടു നല്‍കി ഞാന്‍ അദ്ദേഹത്തെ മയക്കി.

സെഞ്ചോയുടെ ഉപദേശങ്ങള്‍ പര്യാപ്തമല്ലെന്നു തോന്നിയപ്പോള്‍ ചില പുസ്തകങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നാലു തരം സ്ത്രീകളെക്കുറിച്ചും അവരുടെ സ്നേഹം പിടിച്ചു പറ്റാനുള്ള വഴികളെക്കുറിച്ചും ഒരു പുസ്തകം പറഞ്ഞു തന്നു. അതെഴുതിയ മഹാനുഭാവന്‍റെ അപാരമായ വൈഭവത്തില്‍ അസൂയ തോന്നി. ആ പുസ്തകത്തില്‍ പറഞ്ഞ പ്രകാരം ഇവളുടെ ടൈപ്പ് പെണ്ണുങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ കുട്ടികളെ എടുത്തോണ്ട്‌ വഴിയില്‍ നിന്നാല്‍ മതിയത്രേ!!! കുട്ടികളെ ഇഷ്ടപ്പെടുന്ന ആ ‘ടൈപ്പ്’ പെണ്‍കുട്ടികള്‍ കുട്ടിയെ നോക്കുന്ന കൂട്ടത്തില്‍ നമ്മളെയും നോക്കും എന്നതാണ് ആചാര്യന്‍റെ കണ്ടുപിടുത്തം. വാവക്കുട്ടനമ്മാവന്‍റെ കൃപാകടാക്ഷത്താല്‍ എനിക്കൊരു കുട്ടിയെ കിട്ടി. അനന്തകൃഷ്ണപ്പണിക്കര്‍ എന്ന അമ്മാവന്‍റെ മകന്‍.

കാര്യം പറഞ്ഞപ്പോള്‍ അല്പം ഒന്നു കളിയാക്കിയെങ്കിലും, ‘പിന്‍ ഗാമി’യുടെ മനോവികാരങ്ങള്‍ക്കും, ‘അവകാശങ്ങള്‍ക്കും’ വില കല്പിക്കുന്ന അമ്മാവന്‍ സസന്തോഷം അതു സമ്മതിച്ചു. അല്ലാതിപ്പോള്‍ ഞാനെവിടെപ്പോയി കുട്ടിയെ കൊണ്ടുവരാനാ???

അനന്തുവിന്‍റെ പ്രകൃതം ആരെയും ആകര്‍ഷിക്കുന്നതാണ്. വശ്യമായ പുഞ്ചിരിയും, ആരോടും ഇണങ്ങുന്ന സ്വഭാവവും ആരുടെയും ശ്രദ്ധയെ പിടിച്ചു പറ്റും. ടോമി ഹില്‍ഫിഗറിന്‍റെ ചുവപ്പില്‍ വരയുള്ള ടി-ഷര്‍ട്ടും മോന്തക്ക് മൂന്നിഞ്ചു കനത്തില്‍ പൌഡറുമിട്ട് ഇരു നിറമുള്ള ഞാന്‍ തൂവെള്ളയായി വഴിയില്‍ നിന്നു. അനന്തുവിനെ കളിപ്പിക്കാനെന്ന ഭാവേന ഒരു കുല പനിനീര്‍പ്പൂക്കളും കയ്യില്‍ കരുതി. ഓരോ പൂക്കളും, അതിലെ ഓരോ ഇതളുകളും (മുള്ളുകള്‍ ഒഴിച്ച്) കാമിനീ നിനക്കായി എന്നു ഹൃദയത്തിനെക്കൊണ്ട്‌ മന്ത്രിപ്പിച്ച് അവിടെ കാത്തു നിന്നു.

ഇളവെയില്‍ പുള്ളി കുത്തിയ ചെമ്മണ്‍ പാതയിലൂടെ അവളും കൂട്ടുകാരികളും അരയന്നങ്ങളെപ്പോലെ നടന്നു വരുന്നു. ദൂരെ നിന്നെ എന്നെക്കണ്ട്‌ അവര്‍ പുഞ്ചിരിച്ചു. എല്ലാവരും പരിചയക്കാരാണ്. ഞാന്‍ സൂക്ഷിച്ചു നോക്കി. ഇല്ല, ഇപ്പൊഴും കടാക്ഷം ഇല്ല. അവര്‍ നടന്നടുത്തു വന്നതും അനന്തു അവരെ നോക്കി ചിരിച്ചു. കൈ പൊക്കി കാണിച്ചു. അതു കണ്ട്‌ അവര്‍ നടന്നടുത്തു വന്നു അവന്‍റെ കവിളുകളില്‍ തലോടി. എന്നിട്ടു തിരിഞ്ഞു നിന്നെന്നെ നോക്കി ആ മഹാപാപികള്‍ ചോദിച്ചു,

ജയകൃഷ്ണനെന്താ കടുവാകളിക്കു പോകാന്‍ നിക്കുവാണോ? മുഖത്ത് ഒരു ടിന്‍ പൌഡര്‍ ഉണ്ടല്ലോ എന്ന്.

എന്നിലെ കാമുകഹൃദയം കലാമൂല്യമില്ലാത്ത അവാര്‍ഡ് പടം പോലെ പൊട്ടി. മനസ്സ് അവാര്‍ഡ് പടം കാണാന്‍ വരുന്ന ബുദ്ധിജീവിയുടെ കുളിക്കാത്ത തല പോലെ കാടു കയറി. അപ്പൊഴും അനന്തു ചിരിച്ചു കൊണ്ടു തന്നെയിരുന്നു.

ചെറുവയല്‍ക്കിളിപാടുമരയാല്‍ മരത്തിന്‍റെ
ചലനത്തിനൊത്തു നീ വന്നണഞ്ഞീടുമ്പോള്‍
അറിയാതെ തന്നെ ഞാനെന്നെ മറക്കുമെ-
ന്നരുമയാം തോഴി നീയെന്നെയറിഞ്ഞുവോ

എന്നു ചോദിക്കാന്‍ കാത്തു നിന്ന എന്‍റെ മനസ്സു പിടഞ്ഞു. ആ മനസ്സില്‍ തോഴിയുടെ വാക്കുകള്‍ ‘തൊഴി’യേല്പിച്ചു.

ഇളവെയില്‍ ചൂടേറ്റു നിന്‍ മുഖം വാടുമെ
ന്നറിയാതെയെപ്പൊഴോ സൂര്യനെ പ്‌രാകി ഞാ
നരുമയാം ചെറു നിഴല്‍ നല്‍കിടും വഴിയിലെ
ചെറുമരക്കൂട്ടത്തെ സ്നേഹമായ് നോക്കുന്നു

എന്ന് അവളെക്കുറിച്ച്, അവളെക്കുറിച്ചു മാത്രം എഴുതിയ എന്നില്‍ പരിഹാസത്തിന്‍റെ പൊരിവെയില്‍ പകര്‍ന്ന് അവള്‍ നടന്നു പോയി.

എങ്കിലും എന്‍റെ മനോഗതം അവളുമാരറിഞ്ഞില്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ തിരിച്ചു നടന്നു. ആ കാലങ്ങളില്‍ അവളുടെ പിന്നാലെ നടന്ന ദൂരം നേരേ നടന്നിരുന്നെങ്കില്‍ എന്നേ അമേരിക്കയില്‍ എത്താമായിരുന്നു. പക്ഷേ ഇപ്പൊഴും ആ സൌഹൃദത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല.

അന്നു വൈകുന്നേരം പ്രണയപുരോഗതി അന്വേഷിച്ചറിയാന്‍. പള്ളിക്കൂടം വിട്ടു വന്ന പാടേ, ഓടി വന്ന സെഞ്ചോയെ സാക്ഷി നിര്‍ത്തി, പരക്കാട്ടെ രാഘവന്‍ പിള്ളാച്ചന്‍റെ ഉണങ്ങിയ പ്ലാവില്‍ ചാരി നിന്ന് നാൽപ്പത്തിയഞ്ചു ഡിഗ്രി ആംഗിളില്‍ മുകളിലേക്കു നോക്കി ഞാന്‍ പാടി...

വരാത്തതെന്തു നീ സഖീ
പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ
ചവിട്ടി നീ നടക്കയോ...

ആ ശോകഗാനം അവള്‍ കേട്ടിട്ടില്ല എന്നുറപ്പാണ്. ചക്കയില്ലാത്ത പ്ലാവായിരുന്നതിനാല്‍ എന്നെ ആശ്വസിപ്പിക്കാന്‍ ഒരു ചക്ക പോലുമില്ലായിരുന്നു. എന്‍റെ ഏകാന്തതയുടെ കണ്ണീര്‍ക്കടലോരങ്ങളില്‍ കപ്പലണ്ടി വിറ്റു നടന്നിരുന്ന അവളേക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആ വിരഹ ഗാനത്തിന്‍റെ ഈണങ്ങളിലെവിടെയോ അലിഞ്ഞു പോയിരുന്നു.

അന്നാണ് ചുമ്മാ ‘പ്രണയിച്ചേക്കാം’ എന്നു വിചാരിച്ചാലൊന്നും പ്രണയം വരില്ല എന്നു മനസ്സിലായത്. വാസ്തവത്തില്‍ പ്രണയമൊന്നും എനിക്കു തോന്നിയിരുന്നുമില്ല. പക്ഷേ അവിടെ മാത്രമേ വേക്കന്‍സിയുള്ളൂ എന്ന അറിവിലുണ്ടായ പ്രണയമായിരുന്നു അത്.

ആങ്ങളമാരുണ്ടായിരിക്കരുത്, അച്ഛന്‍റെ അടി കിട്ടാനുള്ള സാദ്ധ്യതകള്‍ ഉണ്ടാവരുത്, വീടിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ ഉണ്ടായിരിക്കരുത്, തുടങ്ങി കണ്ണ്, മൂക്ക്, പുരികം ഇവയുടെയൊക്കെ ലക്ഷണങ്ങള്‍ നോക്കി ഒരാളെയങ്ങു തിരഞ്ഞെടുത്തെന്നേയുള്ളൂ. ഇനിയിപ്പോള്‍ ഇതു പറഞ്ഞാല്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നേ ജനം പറയുകയുള്ളൂ, എങ്കിലും ഇതായിരുന്നു സത്യം.

അതു കഴിഞ്ഞ് വണ്‍ വേ, റ്റു വേ തുടങ്ങിയ കാറ്റഗറികളില്‍ ധാരാളം പ്രണയങ്ങളും, പ്രണയ നൈരാശ്യങ്ങളും എന്‍റെ ജീവിതത്തില്‍ വിരുന്നു വന്നെങ്കിലും എന്‍റെ കാവാലത്തെ ആദ്യ പ്രണയമാണ് ഇപ്പൊഴും മനസ്സില്‍ ഏറ്റവും മാധുര്യം വിളമ്പുന്നത്‌. ആ പ്രണയ രഹസ്യം ഇന്നും ആ പെണ്‍കുട്ടി അറിഞ്ഞിട്ടു പോലുമില്ല. ഒരു സംശയം പോലുമില്ല. അമ്മാവന്‍ ഇപ്പൊഴും ഇടക്കിടെ എന്നെ കളിയാക്കാറുണ്ട്‌. അമ്മാവന്‍റെ ഉപദേശങ്ങള്‍ വിജയം കാണാതിരിക്കില്ല എന്ന ഉറച്ച വിശ്വാസമാകാം ഇപ്പൊഴും അമ്മാവന്‍റെ മനസ്സില്‍ എന്‍റെ ആദ്യപ്രണയത്തിന് ഇത്രയധികം സ്ഥാനം നല്‍കിയിരിക്കുന്നത്‌.

ഇതും കാവാലം എനിക്കു സമ്മാനിച്ച മനോഹരമായ ഓര്‍മ്മ തന്നെ. പരസ്പരമറിഞ്ഞും നാലാളറിഞ്ഞും കളങ്കപ്പെട്ടു പോകാത്ത എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിവ്യമായ ഒരു പ്രണയത്തിന്‍റെ ഓര്‍മ്മ...

© ജയകൃഷ്ണന്‍ കാവാലം

11 comments:

കാവാലം ജയകൃഷ്ണന്‍ said...

2008 ഫെബ്രുവരി 14 ന് ആകാശവാണി സം പ്രേക്ഷണം ചെയ്തത്

Jithan said...

കാവാലം ചേട്ടാ.. നന്നായിട്ടുണ്ട്

ആദ്യത്തേത് ഇത്രയെങ്കില്‍ പിന്നീട് എത്ര ജോറായിരിക്കും?????

Unknown said...

very good post.

ഹരീഷ് തൊടുപുഴ said...

വീണ്ടും നല്ലൊരു പോസ്റ്റ് കൂടി, അഭിനന്ദനങ്ങള്‍.....

siva // ശിവ said...

കാവാലം ഇപ്പോള്‍ എന്റെ ചിന്തകളില്‍ ഉണ്ട്...

അപരിചിത said...

നന്നായിരിക്കുന്നു
:)

ജിജ സുബ്രഹ്മണ്യൻ said...

പറയാനാവാത്ത പ്രണയം മനസ്സില്‍ സൂക്ഷിച്ച ജയകൃഷ്ണാ.അങ്ങനെ ഇങ്ങനെ ഒന്നും പ്രണയം വരില്ല..അതിനൊക്കെ ഓരോ നേരവും കാലവും ഒക്കെ ഉണ്ട്..സൌഹൃദങ്ങളില്‍ തുടങ്ങി പ്രണയിക്കുന്നവര്‍ ഇല്ലേ..

എന്തായാലും ഒരു പ്രണയിനിയെ അധികം വൈകാതെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.പൂക്കൈതയാറിനെ കുറിച്ചുള്ള വര്‍ണ്ണന നല്ല ഇഷ്ടപ്പെട്ടൂട്ടോ.

കാവാലം ജയകൃഷ്ണന്‍ said...

ജിത്തുമോന്‍: സ്വാഗതം. ഭൂമിയിലെ എല്ലാ ചരാചരങ്ങളും പ്രണയിക്കുവാനുള്ളതല്ലേ...

ബാബ: സ്വാഗതം. സന്ദര്‍ശനത്തിന് നന്ദി

ഹരീഷ് തൊടുപുഴ: നന്ദി

ശിവ: എന്‍റെ നാടിനെ താങ്കളുടെ ചിന്തകളില്‍ ഒന്നാക്കിത്തീര്‍ത്ത താങ്കളോട് എന്‍റെ കടപ്പാട് അറിയിക്കട്ടെ

അപരിചിത: സ്വാഗതം. സന്ദര്‍ശനത്തിന് നന്ദി

കാന്താരിക്കുട്ടി: ചതിക്കല്ലേ... എന്‍റെ പ്രണയിനി പ്രകൃതിയാണ്. മാത്രവുമല്ല പൂക്കൈതയെ പ്രണയിച്ചു കൊതി തീര്‍ന്നിട്ടില്ല. അതു പോരേ? വെറുതേ മനുഷ്യനെ പ്രണയിച്ച് പുലിവാലു പിടിക്കണോ? ഈ കഥയിലെ ‘അവള്‍‘ ആരെന്ന കാര്യം (സത്യമോ സങ്കല്പമോ എന്നു പോലും) അജ്ഞാതമായിരിക്കട്ടെ. ഇതിലെ നായിക ഒഴികെ ബാക്കി എല്ലാവരും ഇപ്പൊഴും കാവാലത്തിന്‍റെ ഭാഗമാണ്. ഈ കഥ ആകാശവാണിയില്‍ വന്നപ്പോള്‍ പലരും ഇതിലെ നായികയെ അന്വേഷിച്ച് നടന്നതാണ്. സെഞ്ചോയെ പലരും വഴിയില്‍ പിടിച്ചു നിര്‍ത്തി ചോദിച്ചു, ആരാ പണിക്കരുടെ കഥയിലെ നായിക എന്ന്!!! (സെഞ്ചോ പോലും എന്നോടു ചോദിച്ചു) കാരണം ഈ കഥാപാത്രം ഒഴികെ ബാക്കി എല്ലാവരെയും കാവാലത്തുകാര്‍ക്ക് അറിയാം.

എങ്കിലും ഇങ്ങനെ ഒത്തിരിയൊത്തിരി നായികമാര്‍ എന്‍റെ സ്വപ്നലോകത്തില്‍ ജീവിക്കുന്നു. ഞങ്ങള്‍ പരസ്പരം പ്രണയിക്കുന്നു. അതാണ് സത്യം.

കുറ്റ്യാടിക്കാരന്‍|Suhair said...

കഥ ഇഷ്ടമായി.

കാവാലം ജയകൃഷ്ണന്‍ said...

കുറ്റ്യാടിക്കാരന്‍: സ്വാഗതം. താങ്കളുടെ എല്ലാ കമന്‍റുകളും കണ്ടു. നന്ദി അറിയിക്കുന്നു.

Unknown said...

ജയേട്ടാ മനോഹരം

 
Site Meter