Sunday, September 14, 2008

തമ്പുരാട്ടിയുടെ മുഗ്ധസൌന്ദര്യം... അത്‌ മുഖത്തോ, കവിളിലോ, അതോ കയ്യിലോ... (മുത്തു പൊഴിയുന്ന കാവാലം 3)

കാവാലത്തെ ഒരു സുഹൃത്തിന്‍റെ കഥ.

ഈ കഥക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോടും, തട്ടിപ്പോയവരോടും ധാരാളം സാമ്യങ്ങള്‍ കണ്ടേക്കാമെങ്കിലും ആ സാമ്യങ്ങളെ ഓര്‍ത്തു ജീവിതം പാഴാക്കരുതെന്നപേക്ഷിക്കുന്നു... ഇതു വെറും സാങ്കല്പികമല്ലേ...


ഈ സുഹൃത്തിനൊരു സ്ഥാപനമുണ്ട്‌. ഈ സ്ഥാപനം എന്‍റെയൊരു അമ്മാവന്‍റെ പുരയിടത്തിലെ ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്‌. ആ വലിയ പുരയിടത്തിന്‍റെ ഏകദേശം നടുവിലായാണ് ഈ കെട്ടിടം ഇരിക്കുന്നത്‌.


ആളൊരു സാഹിത്യപ്രിയനും, കലാകാരനും, ഗായകനും, സര്‍വ്വോപരി തികഞ്ഞ ഒരു കാമുകനും കൂടിയാണ്. അദ്ദേഹം പറയുന്നത്, അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ക്ക് ജീവനുണ്ടാകണമെങ്കില്‍ ഏതെങ്കിലുമൊരു ‘മുഖം’ വേണമെന്നാണ്. അങ്ങനെ തന്‍റെ സൃഷ്ടികള്‍ക്ക് ജീവന്‍ നംകുവാനായി ചില ‘മുഖങ്ങള്‍‘ ചോദിച്ചതും, അവര്‍ തലയെടുക്കുമെന്നു പറഞ്ഞതും എനിക്കറിയാം.


ആശാന്‍റെ സൌമ്യമായ പെരുമാറ്റവും, വശ്യമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കും. കക്ഷിയുടെ സ്ഥാപനത്തില്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി രണ്ടു ദിവസം അടുപ്പിച്ചു ചെന്നിട്ടുണ്ടെങ്കില്‍ മൂന്നാം ദിവസം ഉറപ്പായും ആ പെണ്‍കുട്ടിയുടെ പേരില്‍ ഒരു കവിതയോ, കഥയോ ജനിക്കുകയായി. അത്രക്കും ഭാവനാ സമ്പന്നന്‍!!!


ചില സമയങ്ങളില്‍ ഞാന്‍ ഇദ്ദേഹത്തിന്‍റെ സ്ഥാപനത്തില്‍ പോവുകയും സംസാരിച്ചിരിക്കുകയും പതിവുണ്ടായിരുന്നു. ഞങ്ങളുടെ റൂമില്‍ നിന്നും നേരേ വെളിയിലേക്കു നോക്കിയാല്‍ അടുത്ത വീടിന്‍റെ പിന്‍ വശം കാണാം. അത് എന്‍റെയൊരു പഴയ സഹപാഠിനിയുടെ വീടാണ്. അവള്‍ക്കൊരു പട്ടിയുണ്ട്‌. ജനിച്ചു വീണതിനു ശേഷം മഴവെള്ളം പോലും ദേഹത്തു വീണിട്ടില്ലാത്ത ഒരു ജന്തു. വിശക്കുമ്പോള്‍ കിടന്നു കുരക്കാനല്ലാതെ യാതൊരു വിധ ഉത്തരവാദിത്വവും സ്വന്തം ‘വളര്‍ത്തമ്മയായ’ രാധയോടോ (രാധയെന്നാണ് ആ കുട്ടിയുടെ പേര്) സമൂഹത്തിനോടോ ആ പട്ടിക്കുണ്ടായിരുന്നില്ല. ആരെയെങ്കിലും കിട്ടിയാല്‍ ഒന്നു കടിക്കാന്‍ പോലും അദ്ദേഹം മിനക്കെടില്ല.


അവിടെയിരിക്കുമ്പൊഴെല്ലാം ആ പട്ടിയെ നോക്കിയിരിക്കുന്നത് ഞങ്ങള്‍ക്കൊരു രസമാണ്. പട്ടിയെ പരിചരിക്കാനെന്ന ഭാവേന തലോടല്‍ പട്ടിക്കും, കടാക്ഷം ഞങ്ങള്‍ക്കുമായി അവളും കാണും. എന്‍റെ കൂടെ പഠിച്ച കുട്ടിയായതു കൊണ്ട്‌ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടാണ്. ഉപരിപഠനകാലഘട്ടമായപ്പോള്‍ ഞാന്‍ നാടുവിട്ടു പോയെന്നു മാത്രം. വല്ലപ്പോഴും ഒന്നു മിണ്ടിയാല്‍ അതു പരസ്പരം കളിയാക്കാനായിരുന്നു. പക്ഷേ എന്‍റെ കൂടെയിരുന്ന പഞ്ചാരക്കുട്ടന്‍ അങ്ങനെയായിരുന്നില്ല. അവളിലും ആശാന്‍ ഒരു ‘കല’യൊക്കെ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യം എനിക്കു മാത്രേ അറിയുകയുള്ളൂ.


അവള്‍ വലിയ തെറ്റു പറയാനില്ലാത്ത ഒരു സുന്ദരിയാണ്. വിടര്‍ന്ന കണ്ണുകളും, നീണ്ട മുടിയും, പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും... ആകെക്കൂടി ഒരു ഗ്രാമീണ സുന്ദരി.


അങ്ങനെ ഈ ‘അയല്പക്ക സ്നേഹം’ നാളുകളായി തുടര്‍ന്നുകൊണ്ടുമിരുന്നു. അവള്‍ അദ്ദേഹത്തിന്‍റെ പല കവിതകളിലും നായികയായി. അയാളുടെ സൌന്ദര്യത്തിന്‍റെ ഏറിയ കൂറും അദ്ദേഹത്തിന്‍റെ സൃഷ്ടികളിലെ വാക്കുകളായി. കൂടെ പഠിച്ച കുട്ടിയുടെ സൌന്ദര്യത്തില്‍ എനിക്കു പങ്കൊന്നുമില്ലെങ്കിലും ഞാനും പരസ്പരമറിയാതെയുള്ള ഈ കലാ പ്രവര്‍ത്തനത്തിന്‍റെ മൂക സാക്ഷിയായി.
അന്നൊരിക്കല്‍ കൂട്ടുകാരന്‍റെ ഓഫീസിലേക്ക് ഒരു ഫോണ്‍ കാള്‍ വന്നു. ആ പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോണില്ലാത്തതിനാല്‍ അവിടേയ്ക്കുള്ള കാളുകളൊക്കെ ഇങ്ങോട്ടേയ്ക്കായിരുന്നു വന്നിരുന്നത്‌.


കാവാലം ധാരാളം കൈത്തോടുകളാലും, നാട്ടു തോടുകളാലും സമൃദ്ധമാണ്. ഓരോ പുരയിടത്തിനേയും ചുറ്റി ഓരോ തോടുകള്‍ ഉണ്ടാവും. പൊതുവേ നാട്ടുകാരെല്ലാം കുളിക്കുന്നതും ഈ നാട്ടു തോടുകളിലും, പിന്നെ പൂക്കൈതയാറ്റിലുമായിരിക്കും. റ്നീന്തിത്തുടിച്ചുള്ള കുളിയും, കൂട്ടുകാര്‍ തമ്മില്‍ കുളിക്കുമ്പോഴുള്ള കളിയും എല്ലാം ഒരു രസമാണ്. പൂക്കൈതയാറ്റില്‍ കുളിക്കാനിറങ്ങിയാല്‍ ഞങ്ങളൊക്കെ കയറുമ്പോള്‍ മണിക്കൂറുകള്‍ ചിലതു കഴിയും. അല്ലെങ്കില്‍ വാവക്കുട്ടനമ്മാവന്‍ ആറ്റുതീരത്ത് പ്രത്യക്ഷപ്പെടണം. അദ്ദേഹം പിന്നാലെയുണ്ടെങ്കില്‍ ഏത് ഒളിമ്പിക്സിലും എനിക്ക് സമ്മാനം ഉറപ്പാണ്.


നമ്മുടെ കഥാനായികയും കുളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക്, കൂട്ടുകാരന്‍റെ ഓഫീസിനപ്പുറത്തുള്ള വേലിപ്പുഴയിലൂടെ പോയിട്ടേയുണ്ടായിരുന്നുള്ളൂ. ഇവള്‍ കുളിക്കാന്‍ പോകുന്ന സമയമൊക്കെ അദ്ദേഹത്തിനു മനഃപ്പാഠമാണ്. ഈ പഠിത്തവും, ഓര്‍മ്മശക്തിയും പള്ളിക്കൂടത്തിലായിരുന്നെങ്കില്‍ ഒരു ഡോക്ടറേറ്റില്‍ കുറയാതെ നേടാമായിരുന്നെന്ന് ഞങ്ങള്‍ കളിയാക്കുകയും ചെയ്യുമായിരുന്നു.


ഫോണ്‍ വന്ന വിവരമറിയിക്കാനായി കൂട്ടുകാരന്‍ രാധയുടെ വീട്ടിലെത്തി. കുളികഴിഞ്ഞ് ഈറന്മാറുന്ന യുവസുന്ദരിയുടെ ഒറ്റമുറി വീടിനുള്ളില്‍ അനുവാദമില്ലാതെ കയറിയ കഥാനായകന്‍റെ കപോലങ്ങളില്‍ കഥാനായിക; കണ്ട കാഴ്ച മറക്കുവാനായി അതുവരെ കാണാത്ത ‘പൊന്നീച്ച‘യുടെ നിറമുള്ള മുദ്രണം ചാര്‍ത്തി.


വിശാല മനസ്കനായ കഥാനായകന്‍, പുളയുന്ന വേദനയിലും ‘അവളുടെ കരപല്ലവങ്ങള്‍ എന്‍റെ മുഖത്തെ ധന്യമാക്കി’ എന്ന ദൃഢവിശ്വാസത്തില്‍ ഏതോ ഒരു കവിയുടെ വാക്കുകള്‍ കടം കൊണ്ടു പാടി...


മുറ്റത്തു നിന്നു ഞാന്‍ തമ്പുരാട്ടീ
മുഗ്ധമിക്കാഴ്ച തന്നെയൊരോണം...

കഥാനായകന്‍ മുറ്റത്തല്ല, മുറിയിലായിരുന്നു നിന്നിരുന്നതെന്നറിഞ്ഞിട്ടും, കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യം പാടില്ല എന്നു കരുതി അതറിഞ്ഞവരാരും മറു ചോദ്യങ്ങള്‍ ഉന്നയിച്ചില്ല.


മധുരം കിനിയുന്ന കാവാലത്തിന്‍റെ മധുരോദാരമായ സ്മൃതികളില്‍ ഇനിയും എത്രയെത്ര സുന്ദര നിമിഷങ്ങള്‍...

© ജയകൃഷ്ണന്‍ കാവാലം

15 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ജിജ സുബ്രഹ്മണ്യൻ said...

ആശാന്‍റെ സൌമ്യമായ പെരുമാറ്റവും, വശ്യമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കും. കക്ഷിയുടെ സ്ഥാപനത്തില്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി രണ്ടു ദിവസം അടുപ്പിച്ചു ചെന്നിട്ടുണ്ടെങ്കില്‍ മൂന്നാം ദിവസം ഉറപ്പായും ആ പെണ്‍കുട്ടിയുടെ പേരില്‍ ഒരു കവിതയോ, കഥയോ ജനിക്കുകയായി. അത്രക്കും ഭാവനാ സമ്പന്നന്‍

ആ ആശാന്റെ ഗുണങ്ങള്‍ കുറച്ചൊക്കെ ഈ ശിഷ്യനു കിട്ടീട്ടുണ്ടോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ന്നൊരു തമിശയം !!

എന്തരു പറയാനിഷ്ടാ.. ആ പൊന്നീച്ച പറക്കുന്ന അടി ഒന്നു കാണാന്‍ പറ്റീല്ലല്ലോ..

PIN said...

നല്ല പോസ്റ്റ്‌.

കവിയും കലാകാരന്മാരും അങ്ങനെ അനുഭവങ്ങളിലൂടെ വളർന്ന് പന്തലിക്കുന്നു....

കാവാലം ജയകൃഷ്ണന്‍ said...

അനൂപ് തിരുവല്ല: ഈ മൌനത്തിനെന്തു ഭംഗി

കാന്താരിക്കുട്ടി: സംശയം കൊള്ളാം. പക്ഷേ ഞാനൊരു നൈഷ്ഠിക ബ്രഹ്മചാരിയായിപ്പോയില്ലേ... പെണ്‍കുട്ടികളെക്കുറിച്ച് കവിതയെഴുതാന്‍ പറ്റില്ലല്ലോ. അടിയുടെ കാര്യത്തില്‍ ഒരു രക്ഷേമില്ല. അതോടെ കക്ഷി ആ കേസ് വിട്ടു.

പിന്‍: കക്ഷിയുടെ കവിതകള്‍ പലതും കണ്ടാല്‍ ഒ എന്‍ വിയല്ലേ ഇതെഴുതിയതെന്നൊക്കെ സംശയം തോന്നും. പക്ഷേ മറക്കണ്ട, കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല.

എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

ഫസല്‍ ബിനാലി.. said...

കവിയും കവിതയുമൊക്കെ മാറ്റിവെച്ചിരിക്കുന്നു, പക്ഷെ, ഈയെഴുത്തെനിക്കിഷ്ടമായി.. ആശംസകള്‍

നരിക്കുന്നൻ said...

ഈ പോസ്റ്റ് വളരെ ഇഷ്ടമായി.

ഗീത said...

ഇത്രയും ഭാവനാസമ്പന്നനായിട്ടും അന്യവീട്ടില്‍ കയറും മുന്‍പ് കതകിലൊന്നു മുട്ടി സാന്നിദ്ധ്യമറിയിക്കണം എന്നതറിയില്ലായിരുന്നോ ആശാന്? ഇപ്പോഴാ പാഠം പഠിച്ചുകാണുമെന്നു വിശ്വസിക്കുന്നു.....

ഗീത said...
This comment has been removed by the author.
വേണു venu said...

ജയകൃഷ്ണന്‍ വായിക്കുന്നുണ്ട്.
കാവാലത്തെ ആദ്യ ബസ്സും പിന്നെ നഷ്ടമായ കാവാലത്തിന്‍റെ പഴമയുടെ സുഗന്ധവും ഒക്കെ.
എവിടെയും കല കണ്ട ആരേയും നായികയാക്കി പോകുന്ന മനസ്സുള്ള അദ്ദേഹത്തേയും മനസ്സിലാക്കി. കൈത്തോടുകളാലും നാട്ടു തോടുകളാലും സമൃദ്ധമായ കാവാലത്തിന്‍റെ കഥകള്‍ ഇനിയും എഴുതുക.:)

siva // ശിവ said...

വയിച്ചു പോകുമ്പോള്‍ അതൊക്കെ ഫീല്‍ ചെയ്യാന്‍ കഴിയുന്നു....

കാവാലത്തിന്റെ തനിമയുള്ള സംഭവങ്ങള്‍ ഇനിയും വായിക്കണം എന്ന് ആഗ്രഹിച്ചു പോകുന്നു...

കാപ്പിലാന്‍ said...

ഞാന്‍ വായിക്കുന്നു .അഭിപ്രായം ഇല്ല

ശ്രീജ എന്‍ എസ് said...
This comment has been removed by the author.
ശ്രീജ എന്‍ എസ് said...
This comment has been removed by the author.
ശ്രീജ എന്‍ എസ് said...

കഴിഞ്ഞതൊക്കെ ഓര്‍മ്മ വയ്ക്കാനും വളരെ നല്ല ഭാഷയില്‍ എഴുതാനും കഴിയുന്നതൊരു മഹാഭാഗ്യം തന്നെ..മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയനത് അത്ര എളുപ്പമല്ല..ഏതായാലും ജയകൃഷ്ണന് ആ കഴിവ് നന്നായുണ്ട്‌

കാവാലം ജയകൃഷ്ണന്‍ said...

ഫസല്‍, നരിക്കുന്നന്‍: സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു.

ഗീതാഗീതികള്‍: പാഠം പഠിക്കാനൊന്നുമില്ല, അതിനു ശേഷം വീണ്ടും ധാരാളം ഭാവനപ്പൂക്കള്‍ അദ്ദേഹം വിരിയിക്കുകയും അതെല്ലാം കൊഴിയുകയും ചെയ്തു. ഇപ്പൊഴും അതു തുടരുന്നു... പ്രണയിക്കാനായ് ജനിച്ചവനാണദ്ദേഹം.

വേണു: എത്ര പറഞ്ഞാലും തീരാത്ത അനുഭവമാണ് കാവാലം. എത്ര വര്‍ണ്ണിച്ചാലും തീരാത്ത സൌന്ദര്യവും.

ശിവ: സന്ദര്‍ശനത്തിനും ആസ്വാദനത്തിനും നന്ദി

കാപ്പിലാന്‍: സ്വാഗതം. അഭിപ്രായം ഇല്ലായ്മയും ഒരു അഭിപ്രായമല്ലേ?

ശ്രീദേവി: കുഞ്ഞുന്നാള്‍ മുതലുള്ള പല കാര്യങ്ങളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്‌. മധുരമുള്ളതും, കയ്പ്പുള്ളതും, നോവുള്ളതും, സുഖമുള്ളതുമായ ഓര്‍മ്മകള്‍... അതിനെല്ലാം കാവാലത്തിന്‍റെ മനോഹരമായ അന്തരീക്ഷമുള്ളതു കൊണ്ടാണ് ഇതെല്ലാം മറക്കാന്‍ കഴിയാത്തതെന്നു വിശ്വസിക്കുന്നു. ജീവിതത്തില്‍ കരയുന്നവര്‍ക്ക് വെള്ളിത്തിരയില്‍ ധാരാളം ചിരിപ്പിക്കാന്‍ കഴിയുമെന്ന് പണ്ട് ഏതോ ഒരു മഹാനായ നടന്‍ പറഞ്ഞതോര്‍മ്മ വരുന്നു... സന്ദര്‍ശനത്തിനും, ചിരിക്കും നന്ദി അറിയിക്കുന്നു.

എല്ലാവരോടും കൂടി: എല്ലാവരേയും ഐ ഡി നോക്കി പേരെടുത്തങ്ങു വിളിക്കുവാണ്. ആരെല്ലാം എന്നെക്കാള്‍ പ്രായമുള്ളവരാണെന്നോ, ഇളയവരാണെന്നോ ചിന്തിക്കാതെ. ബഹുമാനമില്ലായ്മയാണെന്നു കരുതരുതെന്നപേക്ഷിക്കുന്നു. ഈ ഭൂമിയില്‍ കേവലം രണ്ടു വ്യാഴ വട്ടം മാത്രം ജീവിച്ച പരിചയമേ എനിക്കുള്ളൂ... അതിന്‍റെ പിടിപ്പുകേട് ധാരാളമുണ്ടു താനും...

 
Site Meter