എന്റെ അച്ഛന് ലോറി വാങ്ങിയതിനു പിന്നില്‍ ഒരു കാരണമുണ്ട്.
ഒരു വീട്ടില്‍ ഒന്നോ അതിലധികമോ എന്ന കണക്കിന് ലോറികളുള്ള ഒരു നാട്ടില്‍ അച്ഛന് ഒരു വീടു പണിയാന്‍ തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായി മണല്‍ ഇറക്കാന്‍ അടുത്തുള്ള ഒരു ലോറിക്കാരനെ ഏര്‍പ്പെടുത്തുകയും ചെയ്തു. ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും മണല്‍ കിട്ടിയില്ല. അങ്ങനെ രണ്ടു മൂന്നു ലോറിക്കാരെങ്കിലും അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചു. അവസാനം അദ്ദേഹം പുറകേ നടന്ന സകലമാന ലോറിക്കാരുടെയും വീട്ടില്‍ പോയി ഒരു പ്രഘ്യാപനം നടത്തി. താന്‍ ഇനി എനിക്കു മണല്‍ ഇറക്കി തരണ്ട. ഞാന്‍ എന്റെ സ്വന്തം ലോറിയില്‍ മണല്‍ ഇറക്കിക്കൊള്ളാം. ഈ പ്രഘ്യാപനം ചരിത്രത്തിലേക്കുള്ള ഒരു വാതിലാണ് അച്ഛന്റെ മുന്പില് (എന്റെയും) തുറന്നിട്ടത്.
അടുത്ത ദിവസം ലോറിയുടെ ലക്ഷണവും, മര്‍മ്മങ്ങളും ഒക്കെ അറിയാവുന്ന കുറേ കരപ്രമാണിമാരെയും കൂട്ടി പെരുമ്പാവൂര്‍ക്ക് വിട്ടു. അവിടെ നിന്നും ലോറിയും വാങ്ങി എല്ലാവരും കൂടി ആഘോഷമായി തിരിച്ചെത്തി. ആ വകയില്‍ എല്ലാ മാസവും സി സി അടക്കാന്‍ എറണാകുളത്ത് പോകാനുള്ള അവസരവും തരപ്പെട്ടു. സമീപവാസികളും സദ്ഗുണന്മാരുമായ ചില ലോറിയുടമകളുടെ ഭീഷണിയെ തുടര്‍ന്ന് ലോറിക്ക് കാവല്‍ ഏര്‍പ്പെടുത്തി. വീടു പണി നടക്കുന്നതിനാല്‍ അടുത്ത വീട്ടിലാണ് ലോറി കയറ്റിയിട്ടിരുന്നത്. വണ്ടിയുടെ ടോപ്പില്‍ സന്തോഷ് ചേട്ടന്, കാബിന്റെയകത്ത് ഉണ്ണിമാമന്, കാരിയറില്‍ മൊയിലി മാമന്, വണ്ടിയുടെ അടിയില്‍ പിള്ളേരു വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും ഇങ്ങനെയായിരുന്നു കാവല്‍. ഇതും പോരാഞ്ഞ് അച്ഛന് രാത്രിയുടെ ഓരോ യാമത്തിലും ഉണര്‍ന്ന് ആരെങ്കിലും വണ്ടി അടിച്ചോണ്ടു പോകുന്നുണ്ടോ എന്ന് ഒളിഞ്ഞു നോട്ടവും, ഇടക്കിടെ എന്റെ ആറര ലക്ഷം രൂപാ എന്ന് നെടുവീര്‍പ്പിടാനും തുടങ്ങി.
ഡ്രൈവര്‍മാരും കിളികളും പലര് മാറി മറിഞ്ഞു വന്നു. വന്നവരില്‍ ചിലര്‍ക്ക് സൌന്ദര്യം പോരാഞ്ഞിട്ടും, മറ്റു ചിലര്‍ മോഷ്ടിച്ചതു കൊണ്ടും അച്ഛന് പറഞ്ഞു വിട്ടു. അങ്ങനെ പോയ ഒരുത്തന് പിന്നീടൊരിക്കല്‍ വണ്ടിയുടെ റിയര്‍ വീലിന്റെ ടയര്‍ രാത്രിയില്‍ വന്ന് കീറി വിടുകയും ചെയ്തു. സത്യമുള്ള വസ്തുവില്‍ അതുകൊണ്ട് ഉപജീവനം ചെയ്യുന്നവന് ചെയ്ത ആ പ്രവൃത്തിക്ക് ശിക്ഷ കൊടുത്തത് ഈശ്വരന് ആയിരുന്നു. ഒരു ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തില്‍ വണ്ടി കൊണ്ടിടിച്ച് അയാള്‍...
അങ്ങനെ ഒരു ദിവസം വീടിന്റെ മുന്പില് മദ്ധ്യവയസ്സ് കഴിയാറായ ഒരാള്‍ വന്നു നിന്നു. ഇടത്തോട്ടു മുണ്ടുടുത്ത്, ചാര നിറമുള്ള ഷര്‍ട്ടും ധരിച്ച് കൈ കെട്ടി നിന്ന അയാളെ ഞാന്‍ വെറുതേ നോക്കി നിന്നു. അച്ഛനുമായി എന്തൊക്കെയോ സംസാരിച്ചയാള്‍ പോയി. ആ മനുഷ്യനാണ് പിന്നീട് ഒരു വര്‍ഷത്തോളം കാലം എന്നെ പ്രഭാതങ്ങളില്‍ കോളിംഗ് ബെല്‍ അടിച്ചുണര്‍ത്തിയിരുന്ന സ്നേഹനിധിയായ ഹസന് കുഞ്ഞ് ചേട്ടന്. വണ്ടിയിലെ ക്ലീനര്‍ എന്ന കിളി ആയിരുന്നു അദ്ദേഹം.
ചെയ്യുന്ന തൊഴിലിനോട് കൂറ് കാണിക്കാന്‍, സ്വന്തം പ്രവൃത്തിയിലൂടെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം പണ്ട് ലോറി ഡ്രൈവറായിരുന്നുവത്രേ. ഒരിക്കല്‍ വണ്ടിയില്‍ കരിങ്കല്ലുമായി ഇഞ്ചപ്പാറയിറങ്ങി വന്ന വഴി വണ്ടി കൊക്കയിലേക്കു മറിഞ്ഞു. വലിയ പരിക്കുകളൊന്നും കൂടാതെ അദ്ദേഹം ദൂരെ തെറിച്ചു വീണു. പക്ഷേ വണ്ടിയുടെ ടോപ്പിലിരുന്ന ഒരു ടയര്‍ വന്നു വീണത് അദ്ദേഹത്തിന്റെ നടുവില്‍. അതോടെ അദ്ദേഹം ഡ്രൈവിംഗ് ഉപേക്ഷിച്ചു ക്ലീനര്‍ ആയതാണ്. വണ്ടിയുടെ ഡ്രൈവര്‍ വരുമ്പോള്‍ അഞ്ചരയോളമാകും. ഇദ്ദേഹം വെളുപ്പിനെ നാലു മണിയാകുമ്പോഴേ വന്ന് വണ്ടിയൊക്കെ തുടച്ച് അകത്തു കയറി ഒരുറക്കവും കഴിയുമ്പൊഴേ ഡ്രൈവര്‍ എത്തുകയുള്ളൂ. സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നതു പോലെയാണ് അദ്ദേഹം വണ്ടി നോക്കിയിരുന്നത്. അന്ന് വണ്ടിയുടെ ടയര്‍ കീറിയിരിക്കുന്നത് കണ്ടു പിടിച്ചത് പാറമടയില്‍ കരിങ്കല്ല് കയറ്റാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഹസ്സന് കുഞ്ഞ് ചേട്ടനാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ് വലിയ ഒരു അപകടം ഒഴിവായത് വണ്ടിയില്‍ ലോഡ് കയറ്റിയിരുന്നെങ്കില്‍ തിരിച്ചിറങ്ങും വഴി ടയര്‍ വെടി തീരുകയും വലിയ അപകടം ഉണ്ടാവുകയും ചെയ്യുമായിരുന്നു.
എല്ലാ റംസാന് നാളിലും അച്ഛനോട് മുന്‍പേ അനുവാദം വാങ്ങി അദ്ദേഹം എന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോകുമായിരുനു.അരിപ്പത്തിരി തേങ്ങാപ്പാലും കൂട്ടി ആദ്യമായി കഴിക്കുന്നതും, ആദ്യമായി (വീട്ടില്‍ അറിയാതെ) കാര്‍ ഓടിച്ചതുമെല്ലാം ആ കൊച്ചു സ്നേഹവീട്ടിലെ ഓര്‍മ്മകളാണ്.
ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വലിയ തരക്കേടില്ലാത്ത തല്ലിപ്പൊളിയായിരുന്നു ഞാന്‍ എന്നാണ് എന്നെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍. ഒരിക്കല്‍ ഏകദേശം അച്ഛന്റെ പ്രായമുള്ള ഒരുത്തനുമായി വഴക്കായി. പ്രശ്നം വണ്ടിക്കാര്യം തന്നെ. വണ്ടിയുടെ ജാക്കി ലിവറെടുത്ത് അയാളുടെ തല തല്ലിപ്പൊട്ടിക്കാന്‍ നിന്ന എന്റെയടുത്ത് വന്ന് ഹസ്സന് കുഞ്ഞ് ചേട്ടന് പറഞ്ഞത്, ‘മോനേ എന്റെ വണ്ടിയുടെ ജാക്കിലിവറാണത്, അതു മോനെനിക്കു തിരിച്ചു തരണം’ എന്നാണ്. എന്നിട്ട് എന്നെ കൂട്ടിക്കൊണ്ടു പോയി. ഇപ്പൊഴും ആള്ക്കാര് പറയും, അന്ന്, ആ സമയത്ത് ഹസന് കുഞ്ഞല്ലാതെ മറ്റാരു വിചാരിച്ചിരുന്നെങ്കിലും ജയകൃഷ്ണന് അവന്റെ തലക്കിട്ടു കൊടുത്തേനെയെന്ന്. നിഷ്കളങ്കമായ സ്നേഹത്തിന്റെ മുന്പില് തോറ്റു പോകാത്ത മനസ്സുകളുണ്ടോ? അടങ്ങാത്ത പകയുണ്ടോ? സ്നേഹം കൊണ്ട് എന്നെ തോല്പിച്ച ചിലരില്‍ ഒരാളാണദ്ദേഹം. പക്ഷേ അദ്ദേഹത്തെയും ഒരു കാരണവുമില്ലാതെ അച്ഛന് ഒഴിവാക്കി. ഹസ്സന് കുഞ്ഞ് ചേട്ടന് പോയതില്‍ പിന്നെ ഞാന്‍ ഇന്നീ നിമിഷം വരെ ആ വണ്ടിയില്‍ കൈ കൊണ്ടു പോലും തൊട്ടിട്ടില്ല. ആ വണ്ടിയുടെ ഐശ്വര്യവും ജീവനും അദ്ദേഹമായിരുന്നു.
കാലമേറെ കഴിഞ്ഞു, ജയകൃഷ്ണന് എന്ന പയ്യന് വളര്‍ന്നു വലുതായി, മീശയും പത്രാസുമൊക്കെയായി, ഉപരി പഠനം, തൊഴില്‍, ദേശാടനമൊക്കെയായി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവിടെയെത്തി. യാദൃശ്ചികമായി സന്തോഷ് ചേട്ടനെ കണ്ടു. സന്തോഷ്, വണ്ടിയിലെ പാര്‍ട്ട് ടൈം കിളിയായിരുന്നു. സന്തോഷ് ചേട്ടനെയും കൂട്ടി, അച്ഛന്റെ സുഹൃത്തായ ഭരതന് മാമന്റെ സൈക്കിളും എടുത്ത് ഞങ്ങള്‍ ഹസ്സന് ചേട്ടന്റെ വീടു തപ്പി പോയി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞതിനാല്‍ വഴിയെല്ലാം മറന്നു. സന്തോഷ് ചേട്ടനും വഴി അത്ര പിടിയില്ല. അങ്ങനെ അവിടെയെത്തിയപ്പോള്‍ സമയം രാത്രി എട്ട് മണിയോളമായി. വീട്ടില്‍ ചോദിച്ചപ്പോള്‍ ഹസ്സന് ചേട്ടന് അടുത്ത വീട്ടിലിരുന്ന് ടി വി കാണുന്നെന്ന് അറിഞ്ഞു. സന്തോഷ് പോയി വിളിച്ചു കൊണ്ടു വന്നു.
കരി പോലെ കറുത്തിരുന്ന ആ മീശയില്‍ അവിടവിടെ വെള്ളി വരകള്‍ വീണിരിക്കുന്നു. മുടിയും അവിടവിടെ ചെമ്പിച്ചിരിക്കുന്നു. മുഖത്തെ ആ തെളിച്ചം ഇപ്പൊഴും പഴയതു പോലെ തന്നെയുണ്ട്. ഹസ്സന് കുഞ്ഞ് ചേട്ടന് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. എന്നെ കണ്ടിട്ട് മനസ്സിലായില്ല. എന്റെ രൂപഭാവാദികളിലെല്ലാം നല്ല മാറ്റം വന്നിട്ടുണ്ടാകും. സൂക്ഷിച്ചു നോക്കി. ഇതാരാടാ സന്തോഷേ എന്നു ചോദിച്ചു. സന്തോഷ് ചേട്ടന് ഒന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചു ഹസ്സന് കുഞ്ഞ് ചേട്ടന് എന്നെ മറന്നോ?
ഞാന്‍ എന്റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പേ, ‘ഈ വിളി എനിക്കു മറക്കാന്‍ പറ്റുമോ’ എന്നു ചോദിച്ചു കൊണ്ട് എന്നെ അദ്ദേഹം കെട്ടിപ്പിടിച്ചു. വാ തോരാതെ വിശേഷങ്ങള്‍ തിരക്കി. ഒത്തിരി വര്‍ത്തമാനം പറയുന്നതിനിടയില്‍ എനിക്കു കഴിക്കാന്‍ എന്തു തരുമെന്നു പരതി. ഞാന്‍ പറഞ്ഞു എനിക്കിവിടുന്ന് ഒരു സുലൈമാനി വേണം. അദ്ദേഹം ഭാര്യയെ വിളിച്ചു ചോദിച്ചു, നീ ഓര്‍ക്കുന്നുണ്ടോടീ ഇതാരാണെന്ന്?. ഇന്നലെ കണ്ടതു പോലെ അവര്‍ പറഞ്ഞു ഇതു നിങ്ങടെ മൊതലാളീടെ മോനല്ലേ?. ആ ഓര്‍മ്മശക്തി ചില സ്നേഹബന്ധങ്ങളുടെ ആഴങ്ങള്‍ നമുക്കു വെളിവാക്കിത്തരും.
അദ്ദേഹം എന്നെ ഒരു കസേരയിട്ട് ഇരുത്തി. അടുത്തു തന്നെ ഒരു ബഞ്ചില്‍ അദ്ദേഹവും ഇരുന്നു. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കൊച്ചു വീട്ടില്‍ ഇന്നും അവര്‍ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ രാത്രി കഴിക്കുന്നു. മണ്ണെണ്ണവിളക്കിന്റെ തിരി വലിച്ചുയര്‍ത്തി പന്തം പോലയാക്കി അതെന്റെ മുഖത്തോടു ചേര്‍ത്ത് അദ്ദേഹം കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. അവന്റെ മൂക്കിലെല്ലാം പുക കയറുമെന്നു സന്തോഷ് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, ഞാന്‍ എന്റെ മോനെ കണ്ണു നിറച്ചു കാണട്ടെ എന്നാണ്.
എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും ഊഷ്മളമായ, വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു അത്. പകരം നല്കുവാനില്ല ഇവന്റെ കയ്യില്‍ ഒന്നും. പരമകാരുണികനായ അള്ളാഹുവിലേക്ക് ഉയര്‍ന്നു നില്ക്കുന്ന മനസ്സുള്ളവന് ഭൂമിയില്‍ ചെയ്യാന്‍ കഴിയുന്ന മഹത്തായ ദാനം; അത് ചെയ്യുന്നവനാണ് അദ്ദേഹം. ആ ദാനമത്രേ സ്നേഹം.
© ജയകൃഷ്ണന് കാവാലം
Sunday, September 28, 2008
Subscribe to:
Post Comments (Atom)
11 comments:
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.
വലുതായിട്ടും അദ്ദേഹത്തെ ഓര്‍ത്തിരുന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയ ജയകൃഷ്ണന്റെ മനസ്സിനെ നമിക്കുന്നു..വല്ലാത്ത ഒരു നോവ് ..വായിച്ചു കഴിഞ്ഞപ്പോള്‍.
ചില ബന്ധങ്ങള്‍ ഒരിക്കലും അവസാനിക്കാറില്ല...
സ്നേഹം കൊടുക്കുന്നത് തന്നെ വലിയ കാര്യമല്ലേ?
നല്ല പോസ്റ്റ്..
ചില ബന്ധങ്ങള്‍ അങ്ങനെയാണ്. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. രക്തബന്ധങ്ങള്‍ക്കുമപ്പുറം പലപ്പോഴൂം കൂടുതലടുപ്പവും വിശ്വാസ്യതയും പുറമേ നിന്നുള്ള സ്നേഹബന്ധങ്ങള്‍ക്കാണ്.
അദ്ദേഹം സുഖമ്മായിരിക്കട്ടെ. ജയകൃഷ്ണന്റെ നല്ല മനസ്സിന് സ്തുതി
കാസിം തങ്ങള്‍: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു
കാന്താരിക്കുട്ടീ: എത്ര കാലം കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത സ്നേഹം, അതു പകര്‍ന്നു നല്കിയവരെയല്ലേ നമ്മള് നമിക്കേണ്ടത്? വീണ്ടും വീണ്ടും നമ്മെ തിരിച്ചു വിളിക്കുന്ന, മനസ്സിനെ ശക്തിപ്പെടുത്തുന്ന ലഹരിയത്രേ ‘സ്നേഹം‘.
വേദനിക്കാന്‍ എന്തിരിക്കുന്നു? ഒരര്‍ത്ഥത്തില്‍ സ്നേഹവും ഒരു വേദനയാണ്. മധുരമുള്ള വേദന.
ശിവ: അതെ, ചില ബന്ധങ്ങള്‍ ജന്മജന്മാന്തരങ്ങളായി തുടരും. മുജ്ജന്മം അറിയാന്‍ കഴിയാത്തവര്‍ക്കും ഒറ്റ നോട്ടത്തില്‍ ചിരകാലബന്ധം തോന്നിപ്പിക്കുന്നത് ഒരു പക്ഷേ ഈ പിന് തുടര്‍ച്ചയാവാം
സ്മിത ആദര്‍ശ്: സ്നേഹം കൊടുക്കാനല്ല വാങ്ങാനാണ് ഇന്നു പലര്‍ക്കും താല്പര്യം. പക്ഷേ നിര്‍ലോഭം അതു വാരിക്കോരി നല്‍കുന്നവരെ ഒരു കാലത്തും നമുക്കു മറക്കാന്‍ കഴിയില്ല.
പ്രിയ ഉണ്ണികൃഷ്ണന്: രക്തബന്ധങ്ങളേക്കാള്‍ ശക്തമാണ് ഹൃദയബന്ധം. എന്റെ അച്ഛന് അവര്‍ക്ക് ഭക്ഷണം കഴിക്കുവാനായി ദിവസവും 50 രൂപ വീതം നല്‍കിയിരുന്നു. അതില്‍ തന്റെ പാതിയില്‍ നിന്നും അദ്ദേഹം യാത്രക്കിടയിലെ ഏതൊക്കെയോ ഹോട്ടലുകളില്‍ നിന്നും എനിക്കു വാങ്ങി തന്നിരുന്ന പലഹാരങ്ങളുടെ രുചി, അതിനു ശേഷം എത്രയോ പഞ്ച നക്ഷത്ര, സപ്ത നക്ഷത്ര ഹോട്ടലുകളിലെ രാജകീയ വിരുന്നില്‍ പോലും ഞാന്‍ അനുഭവിച്ചിട്ടില്ല. അപ്പൊഴെല്ലാം മനസ്സു പറയും ഇല്ല ഇതിലേറെ രുചികരമായ ഭക്ഷണം എനിക്കു വിളമ്പിയവര്‍ എന്റെ ഗ്രാമത്തിലുണ്ടെന്ന്. കാരണം അവര്‍ വിളമ്പിയിരുന്നത് ഭക്ഷണമല്ലായിരുന്നു. സ്നേഹമായിരുന്നു. ആത്മാവ് ദാഹിക്കുന്ന, കൊതിക്കുന്ന നിസ്വാര്‍ത്ഥ സ്നേഹം.
എല്ലാവര്ക്കും ഈദ് ആശംസകള്‍
ഞാന്‍ ഇന്നും ലേറ്റായിപ്പോയല്ലോ ജെ.കെ,
ആദ്യത്തെ പന്തിയിലെ “നന്ദി” കിട്ടിയില്ലല്ലോ... ;)
As always, പോസ്റ്റ് വളരെ നന്നായി...
കുറ്റ്യാടിക്കാരന്‍: വിഷമിക്കണ്ട. ഇതാ താങ്കള്‍ക്കു മാത്രമായി എന്റെ സ്പെഷ്യല്‍ നന്ദി.
ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു
"എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും ഊഷ്മളമായ, വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു അത്. ...പരമകാരുണികനായ അള്ളാഹുവിലേക്ക് ഉയര്‍ന്നു നില്ക്കുന്ന മനസ്സുള്ളവന് ഭൂമിയില്‍ ചെയ്യാന്‍ കഴിയുന്ന മഹത്തായ ദാനം; അത് ചെയ്യുന്നവനാണ് അദ്ദേഹം. ആ ദാനമത്രേ സ്നേഹം."
തീര്‍ച്ചയായും സുഹൃത്തെ
സ്നേഹം പരിശുദ്ധമെങ്കില്
അതിന് പകരം വയ്ക്കാന്‍
മറ്റൊന്നിനും തന്നെ സാധിക്കില്ല...
താങ്കളുടെ ഹസ്സന്‍കുഞ്ഞ് ചേട്ടന്റെ
കാര്യം പോലെ തന്നെ...
Post a Comment